Thoughts & Arts
Image

മനസ്സിനുമുണ്ട് ധർമ്മസമരം

2025-10-24

വെള്ളി പ്രഭാതം
മുഹമ്മദ് നിസാമി തയ്യിൽ





ഇസ്ലാം ഒരു ബലപ്രയോഗവും അംഗീകരിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. അതിനർത്ഥം ഭൂമിയിൽ എന്തുണ്ടായാലും എന്തുണ്ടായില്ലെങ്കിലും തനിക്കൊന്നുമില്ല എന്ന മട്ടിലും ഭാവത്തിലും ആയിരിക്കണം വിശ്വാസി ജീവിക്കേണ്ടത് എന്നല്ല. മറിച്ച് താൻ സ്വാംശീകരിച്ചിരിക്കുന്ന ആദർശത്തിന്റെ വഴി പിന്തുടരുന്നവർക്ക് അതനുസരിച്ച് തന്നെ ജീവിക്കുവാനുള്ള പരമാവധി സാഹചര്യം ഒരുക്കുവാൻ അവൻ ശ്രമിക്കേണ്ടതുണ്ട്. കാരണം ഇസ്ലാം മനുഷ്യനും അവൻ്റെ ഭൂമിക്കും അതിനുള്ള സകല ഉള്ളടക്കങ്ങൾക്കും വേണ്ടിയുള്ളതാണ്. അത് നടപ്പിലാക്കുന്നതോടെ ആയിരിക്കും പ്രപഞ്ചത്തിലെ ഭൂമിയും അതിലെ അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യൻറെ സ്വൈര്യ വിഹാരവും ശരിയായ താളത്തിൽ എത്തുക. ഇസ്ലാം ചെയ്തിട്ടുള്ളതും അനുവദിച്ചിട്ടുള്ളതുമായ യുദ്ധങ്ങൾ മുതൽ സംവാദങ്ങൾ വരെയുള്ളവരുടെ സാംഗത്യവും ന്യായവും ഇതാണ്. പക്ഷേ അതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ രീതി എങ്ങനെയായിരിക്കണം എന്നതിലും ഇസ്ലാമിനു നിഷ്കർഷയുണ്ട്. അത് പൊതുവെ പറഞ്ഞാൽ അത്തരം ശ്രമങ്ങളെല്ലാം ആത്മാർത്ഥവും അപകടരഹിതവും മറ്റുള്ളവർക്ക് മാനസികമായി പോലുമുള്ള വിഷമങ്ങൾ ഉണ്ടാകാത്തതും ആയിരിക്കണം എന്നാണ്. ആ രീതിയിൽ ഭൂമിയിൽ ശരിയും നീതിയും നിലനിർത്തുവാൻ ശ്രമിക്കുന്നതിന് പക്ഷേ ഇസ്ലാം അതിർത്തി നിശ്ചയിക്കുന്നില്ല എന്നത് സത്യമാണ്. ന്യായവും ശരിയും ആണെങ്കിൽ ഏതറ്റം വരെയും പോകാൻ ഇസ്ലാം അനുവദിക്കുന്നുണ്ട്. അങ്ങനെയാണ് ചിലതെല്ലാം യുദ്ധങ്ങൾ വരെ ആയി പരിണമിച്ചത്. നന്മയും നീതിയും പുലരുകയും നിലനിർത്തുകയും ചെയ്യുവാൻ വേണ്ടി യത്നിക്കുക എന്നത് സമുദായത്തിൻ്റെ പൊതുവായ ബാധ്യതയും കടമയുമാണ്. അല്ലാഹു അത് ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു: 'നിങ്ങള്‍ മാനവതക്കു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ ജനവിഭാഗമത്രേ. നന്മ കല്‍പിക്കുകയും തിന്മനിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും വേണം നിങ്ങള്‍' (ആലു ഇംറാൻ: 110). നന്മ സ്ഥാപിക്കുവാൻ പലപ്പോഴും തിന്മകളെ നേരിടേണ്ടതായി വരും. കാരണം ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാന താളം നന്മയാണ്. അത് മനുഷ്യരിൽ ചിലരുടെ സ്വാർത്ഥമായ താല്പര്യങ്ങൾ കാരണം ദുരുപയോഗം ചെയ്യപ്പെടുകയും അങ്ങനെ തിന്മയായി മാറുകയും ചെയ്യുകയാണ്. അതുകൊണ്ട് നന്മ കൽപ്പിക്കുക എന്നതിനേക്കാൾ ഒന്നുകൂടി ഊന്നൽ നൽകി പറയേണ്ട കാര്യമാണ് തിന്മയെ തടയുക എന്നത്. ഇസ്ലാമിൽ രണ്ടും ഒപ്പം ക്രമമായിട്ടാണ് പറയുന്നത്.


തിന്മയെ തടയുന്നതിൽ ഇസ്ലാം ഒരേസമയം ജാഗ്രതയും സൂക്ഷ്മതയും പുലർത്തുന്നുണ്ട്. അത് നബി(സ്വ) തങ്ങൾ വളരെ കൃത്യമായി പറഞ്ഞു വിവരിക്കുകയും ചെയ്തിട്ടുണ്ട്. ഹസ്രത്ത് അബൂസഈദിൽ ഖുദ്‌രി(റ)യിൽ നിന്ന് ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ നബി തങ്ങൾ പറയുന്നു: ‘നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ കൈകൊണ്ട് അതിനെ നീക്കണം, അതിന് സാധ്യമല്ലെങ്കില്‍ നാവുകൊണ്ട്, അതിനും സാധ്യമല്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും, അതാണ് ഏറ്റവും ദുര്‍ബലമായ വിശ്വാസം’. മേൽപ്പറഞ്ഞ ജാഗ്രതയും സൂക്ഷ്മതയും ഈ ഹദീസിൽ വ്യക്തമാണ്. തിന്മ കണ്ടാൽ അതിനോട് ഒരിക്കലും രാജിയാവരുത് എന്ന് പറഞ്ഞു കൊണ്ടാണ് ഹദീസ് തുടങ്ങുന്നത്. അതിനെ തീർച്ചയായും തടയുക തന്നെ വേണം. തിന്മയെ തടയുക എന്ന വികാരം പക്ഷേ ശ്രദ്ധിക്കാതെ പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് അപകടം വരുത്തിവെച്ചേക്കും. കാരണം തിന്മ ചെയ്യുന്ന വ്യക്തികൾ അതിൽ വൈകാരികമായി അഭിരമിക്കുന്നവരായിരിക്കും. അവരെ അതിൽ നിന്ന് പിടിച്ചു വലിക്കുമ്പോൾ അവർ കുടയുകയും കുതറുകയും ചെയ്യും അത് ചിലപ്പോഴെങ്കിലും സമൂഹത്തിൽ കശപിശ ഉണ്ടാക്കും. അതിനാൽ നേർക്കുനേർ കൈകൊണ്ട് പിടിച്ചും വലിച്ചും മാറ്റാൻ കഴിയില്ലെങ്കിൽ നാവുകൊണ്ട് പറഞ്ഞുകൊണ്ടെങ്കിലും അത് തിരുത്താൻ ശ്രമിക്കണം എന്നതാണ് രണ്ടാമത്തെ ഘട്ടം. അതിനും കഴിയാത്ത സാഹചര്യം ഉണ്ടാവാം. അങ്ങനെ പരസ്യമായി വിളിച്ചു പറയാൻ പറ്റാത്ത സാഹചര്യമോ വിഷയമോ മറ്റോ ഉണ്ടെങ്കിൽ മനസ്സുകൊണ്ടെങ്കിലും ഇടപെടേണ്ടതുണ്ട് എന്നിടത്താണ് ആ ഘട്ടങ്ങൾ അവസാനിക്കുന്നത്. മനസ്സുകൊണ്ടുള്ള ഈ ഇടപെടലിനെ തിന്മ ചെയ്യുന്നവനെ വെറുക്കുക എന്നുമാത്രം വ്യാഖ്യാനിച്ചാൽ ആ ആശയം ചെറുതായി പോകും. കാരണം ചിലർ ചെയ്യുന്ന തിന്മകൾ കാരണം അപലരും ദുർബലരുമായ ചിലർ വേദന അനുഭവിക്കുകയും വില കൊടുക്കേണ്ടിവരികയുമൊക്കെ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാവാം. അത്തരം സാഹചര്യങ്ങളിൽ മേൽപ്പറഞ്ഞ വെറുത്തോടൊപ്പം ഇരകളോട് മാനസികമായി ചേർന്നു നിൽക്കലും അവരോട് ഐക്യദാർഢ്യപ്പെടലും കൂടി അതിൻ്റെ പരിധിയിൽ വരുന്നതുതന്നെയാണ്. ഇങ്ങനെ മാനസികമായി പിന്തുണക്കുന്നതിന് ഈമാനിന്റെ ഏറ്റവും ദുർബലമായ രൂപമായി മേൽ ഹദീസ് പറഞ്ഞുവെക്കുന്നു. അതിൻ്റെ അർത്ഥം അതെങ്കിലും ചെയ്യാത്തവൻ വിശ്വാസിയാണ് എന്ന് അവകാശവാദം ഉന്നയിക്കുന്നത് നിരർത്ഥകമാണ് എന്നാണ്.


ദുർബല-പീഢിത ജനവിഭാഗങ്ങളോടുള്ള ഈ മാനസികമായ ഐക്യദാർഢ്യം ജിഹാദിന്റെ ഒരു ഇനമായി ഇസ്ലാമിക സംസ്കാരം കാണുന്നുണ്ട്. അലി(റ) അങ്ങനെ പറഞ്ഞതായി കാണാം. ഇത്തരം വിഭാഗങ്ങൾക്കു വേണ്ടി എന്തുകൊണ്ട് നിങ്ങൾ പരിശ്രമിക്കുന്നില്ല എന്ന് ഗൗരവത്തോടെ അല്ലാഹു മറ്റു വിശ്വാസികളോട് വിശുദ്ധ ഖുർആനിലൂടെ ചോദിക്കുന്നത് ഇതിൻ്റെ പ്രസക്തിയും പ്രാധാന്യവും കുറിക്കുന്ന മറ്റൊരു കാര്യമാണ്. അല്ലാഹു പറയുന്നു: 'ഞങ്ങളുടെ നാഥാ, അക്രമികളുള്ള ഈ നാട്ടില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും നിന്റെ പക്കല്‍ നിന്നു ഒരു രക്ഷകനെയും സഹായിയെയും ഞങ്ങള്‍ക്കു നിശ്ചയിച്ചു തരികയും ചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുന്ന ദുര്‍ബലരായ സ്ത്രീ പുരുഷന്മാരുടെയും കുട്ടികളുടെയും വിമോചനകാര്യത്തിലും അല്ലാഹുവിന്റെ മാര്‍ഗത്തിലും നിങ്ങളെന്തുകൊണ്ട് യുദ്ധം ചെയ്യുന്നില്ല'? (നിസാഅ്: 75). മക്കയിൽ ക്രൂരമായി വേട്ടയാടപ്പെടുന്ന വിശ്വാസികൾ ഉണ്ടായിരുന്നു. അവരിൽ പലരും അബ്സീനിയയിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും പലായനം ചെയ്യേണ്ടി വന്നു. അതിനും കഴിയാത്ത സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും അവിടെ പിന്നെയും ഉണ്ടായിരുന്നു. അവർ വിശ്വാസത്തിൻ്റെ പേരിൽ കഠിനമായ യാതനകളെ നേരിടുന്നുണ്ടായിരുന്നു. അവർക്ക് വേണ്ടി എന്തുകൊണ്ടാണ് നിങ്ങൾ പരിശ്രമിക്കാത്തത് എന്നാണ് ഈ ആയത്തിലൂടെ അല്ലാഹു ചോദിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മേൽപ്പറഞ്ഞ സൂക്തം അവതരിച്ചത് എങ്കിലും നാനാവിധ ദുര്‍ബലവിഭാഗങ്ങളുടെയും വിമോചനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാകുന്നു. വർത്തമാനകാലത്ത് ലോകം പ്രകടിപ്പിക്കുന്ന പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തെ കൃത്യമായി മേൽപ്പറഞ്ഞ സൂക്തം ഉൾക്കൊള്ളുന്നുണ്ട് എന്നത് നമ്മുടെ സജീവ ശ്രദ്ധ പതിയേണ്ട വിഷയമാണ്. കാരണം വർത്തമാനകാല ഫലസ്തീനിലെയും ഗസ്സയിലെയും സ്ത്രീകളും കുഞ്ഞുങ്ങളും അവശരും ക്രൂരമായും അന്യായമായും തങ്ങളെ വേട്ടയാടുന്ന അക്രമികളുടെ കരങ്ങളിൽ നിന്നും തങ്ങളെ രക്ഷപ്പെടുത്തുന്ന ഒരു കരത്തിനു വേണ്ടി കൈനീട്ടി കേഴുന്ന കാഴ്ചയാണ് കാണാനുള്ളത്. തങ്ങൾ നേരിടുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷിക്കുവാൻ പരസ്യമായോ ശക്തമായോ ആരുമില്ലാത്ത ലോക സാഹചര്യമാണ് നിലവിലുള്ളത്. മതപരമായും വംശീയമായും മാനുഷികമായും അവരെ സഹായിക്കുവാൻ ബാധ്യതപ്പെട്ട ഭരണാധികാരികൾ പോലും പലതരം കാരണങ്ങളിലും ന്യായങ്ങളിലും ചാരി നിൽക്കുന്ന കാഴ്ചയാണ്. ഇത്തരം സാഹചര്യത്തിൽ നിരാശമായ അവരുടെ കണ്ണുകൾ പരതുന്നത് അവരെ നയിക്കാൻ വേണ്ട ഒരു കരുത്തുറ്റ നായകനെ തന്നെയാണ്. ഈ വസ്തുതകളെല്ലാം മേൽസൂക്തം ഉൾക്കൊള്ളുന്നുണ്ട്.


മറ്റുള്ളവരുടെ വേദനയും വേപഥുവും വിഷമങ്ങളും ഏറ്റെടുക്കുക എന്നത് സത്യവിശ്വാസിയുടെ ലക്ഷണവും കടമയുമാണ്. അതു പഠിപ്പിക്കുവാൻ മഹാനായ നബി(സ്വ) തങ്ങൾ മനോഹരമായ ഒരു ഉദാഹരണം പറഞ്ഞതു കാണാം. വിശ്വാസികളുടെ ഉദാഹരണം ഒരു ശരീരം പോലെയാണ് എന്നാണ് നബി തങ്ങൾ പറഞ്ഞത്. ഏതെങ്കിലും ഒരു അവയവത്തിന് പരിക്കോ രോഗമോ സംഭവിച്ചാൽ മറ്റുള്ള അവയവങ്ങളെല്ലാം ആ വേദന പനിച്ചു ഉറക്കൊഴിച്ചും പങ്കിട്ടെടുക്കുന്നത് ആണ് നബി ചൂണ്ടിക്കാണിച്ചത്. മറ്റൊരു തിരുവചനത്തിൽ വിശ്വാസികളെ ഒരു കെട്ടിടത്തോടാണ് നബി തങ്ങൾ ഉപമിച്ചിരിക്കുന്നത്. നിർമ്മിതിയുടെ ഓരോ ഘടകങ്ങളും മറ്റു ഘടകങ്ങളെ ബലപ്പെടുത്തുന്നു. ഇത്തരം ഒരു വികാരം ഉൾക്കൊള്ളുന്നത് കൊണ്ടാണ് ഇസ്ലാമിൻ്റെ ഐഹികമായ ലക്ഷ്യം ഒരു ഉമ്മത്തിനെ സ്ഥാപിക്കുക എന്നതു കൂടിയാണ് എന്നു പറയുന്നത്. ഓരോ വ്യക്തിയെയും സ്ഫുടം ചെയ്തെടുത്ത് അവരെ പരസ്പരം ചേർത്തുവെച്ചാണ് ഉമ്മത്ത് രൂപപ്പെടേണ്ടത് എന്നതാണ് അല്ലാഹുവിൻ്റെ അഭിലാഷം. അങ്ങനെ വരുമ്പോൾ അവർക്കിടയിൽ അനിവാര്യമായും ഉണ്ടാകുന്ന പതിതരും പീഡിതരും ദരിദ്രരും രോഗികളും എല്ലാം അടങ്ങുന്ന ദുർബലരെ ചേർത്ത് നിർത്തേണ്ടിവരും. അതിനാൽ ഉമ്മത്ത് എന്ന സങ്കല്പത്തിനും ഈ പാവങ്ങളോടുള്ള അനുതാപം അനിവാര്യമാണ്. എല്ലാവരെയും ഇങ്ങനെ ചേർത്തു പിടിക്കാനുള്ള മനസ്സും മനസ്ഥിതിയും ഉള്ളവർക്ക് മാത്രമേ ജനങ്ങൾക്കിടയിൽ നീതിയെക്കുറിച്ച് സംസാരിക്കാൻ കഴിയൂ. കാരണം നീതി എന്നത് ശേഷിയുള്ളവർക്ക് അവർ നേടുന്നതിനെ എല്ലാം അനുവദിച്ചു കൊടുക്കുക എന്നതല്ല, മറിച്ച് കഴിവും ശേഷിയും ഇല്ലാത്തവർക്കും ഉള്ളവർക്കും ഇടയിലുള്ള അന്തരം രൂപപ്പെടാൻ അനുവദിക്കാതിരിക്കുക എന്നതാണ്. അതിന് ഉദാഹരണങ്ങൾ ഇസ്ലാമിൽ ധാരാളമാണ്. മക്കാ വിജയത്തിന്റെ അന്ന് കഅ്ബാലയത്തിന്റെ മുകളിൽ കയറി ഇനി ലോകാവസാനം വരേക്കും എന്ന അർത്ഥത്തിൽ വാങ്ക് കൊടുക്കുവാനുള്ള ഭാഗ്യം നീഗ്രോ അടിമയായിരുന്ന ബിലാൽ (റ)വിനാണ് കൈവന്നത്. അതിൽ ആർക്കും നുറുമുറുപ്പ് ഉണ്ടായിരുന്നില്ല. ഖുറൈശി വംശത്തിലെ ബനു ഉദയ് എന്ന പ്രമാണി കുടുംബാംഗമായിരുന്ന ഉമർ (റ) ഇതേ ബിലാലിനെ തന്നെ 'സയ്യിദ്' എന്ന് വിളിക്കുന്നതും ഈ സംസ്കാരം കേട്ടിട്ടുള്ളതാണ്. ഇതേ ബിലാലിനെ 'കറുത്തവളുടെ മകനേ..' എന്നു വിളിച്ചതിന് വളരെ പ്രമുഖനായ ഒരു സ്വഹാബിയുടെ മുഖത്തുനോക്കി 'നിന്നിൽ ഇപ്പോഴും ജാഹിലിയ്യത്ത് അവശേഷിക്കുന്നുണ്ട്' എന്ന് നബി തങ്ങൾ നിരൂപിക്കുന്നത് ഈ അന്തരം ഇല്ലാതെയാക്കുവാനുള്ള ഉൾക്കടമായ താൽപര്യം കൊണ്ടാണ്.
നബി തിരുമേനിയുടെ ജീവിതത്തിലെ അവസാന സൈനിക നിയോഗത്തിൽ നേതൃസ്ഥാനം നൽകിയിരുന്നത് കേവലം 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഉസാമ ബിൻ സൈദ്(റ) എന്നവരെയായിരുന്നു. അദ്ദേഹത്തേക്കാൾ പ്രായം കൊണ്ടും യുദ്ധപാഠവം കൊണ്ടും സാമൂഹ്യ സ്ഥാനം കൊണ്ടും ഉന്നതരായ ഒരുപാട് ആൾക്കാർ ഉണ്ടായിരിക്കെ ആയിരുന്നു ഈ നിയോഗം. എന്നിട്ടും ഒരു അപശബ്ദവും ഉണ്ടായില്ല.


പതിതരോടും പീഡിതരോടും ഐക്യദാർഢ്യപ്പെടാതിരുന്നാൽ വിശ്വാസികളുടെ ഉത്തരവാദിത്വത്തിൽ വീഴ്ച വരും എന്നതു മാത്രമല്ല പ്രശ്നം. മറിച്ച്, അങ്ങനെ നാം മൗനം പാലിച്ച് വിഷയങ്ങളിൽ നിന്ന് പുറംതിരിഞ്ഞ് നിൽക്കുമ്പോൾ അത് അക്രമികൾക്കും പീഡകർക്കും പ്രചോദനവും പിന്തുണയും ആയി മാറും എന്നതാണ്. അത് തിന്മയുടെയും അക്രമത്തിന്റെയും വഴി തുറക്കും. കയ്യൂക്കുള്ളവന്റെ വികാരം ആണ് എന്നതിനാൽ അത് അതിവേഗം വളർന്നുവരികയും ചെയ്യും. ഇക്കാര്യവും പ്രവാചകൻ തിരുമേനി(സ്വ) മനോഹരമായ ഒരു ഉദാഹരണത്തിലൂടെ പഠിപ്പിച്ചു തന്നിട്ടുണ്ട്. രണ്ട് തട്ടുകളുള്ള ഒരു കപ്പലിനെ ഉദാഹരിച്ചു കൊണ്ടായിരുന്നു അത്. ആ കപ്പലിൻ്റെ മുകളിലെ തട്ടിൽ യാത്ര ചെയ്യുന്നവർക്ക് വെള്ളം ആവശ്യമായി വരുമ്പോൾ ഒരു പ്രയാസവും ഇല്ലാതെ കടലിൽ നിന്ന് കോരിയെടുക്കാൻ കഴിയും. അതേസമയം താഴെത്തട്ടിലുള്ളവരുടെ തട്ട് വെള്ളത്തിൻ്റെ ഉള്ളിലൂടെയാണ് പോകുന്നത് എങ്കിൽ പോലും വെള്ളം ആവശ്യമായി വരുമ്പോൾ അവർക്ക് മുകളിലേക്ക് കയറുകയും വെള്ളം എടുത്ത് തൂക്കിപ്പിടിച്ച് താഴേക്ക് ഇറങ്ങിവരികയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇതിൽ ശാരീരികമായും മാനസികമായും പ്രയാസം കണ്ട ചിലർ 'നമുക്ക് എന്തുകൊണ്ട് നമ്മുടെ തട്ടിൽ തന്നെ ഒരു തുളയുണ്ടാക്കി അതുവഴി വെള്ളം എടുത്തു കൂടാ?' എന്ന് ചിന്തിക്കുകയും അങ്ങനെ ചെയ്യുവാൻ മുതിരുകയും ചെയ്തു. ഈ രംഗം ഇപ്രകാരം അവതരിപ്പിച്ച നബി(സ്വ) തങ്ങൾ പിന്നെ ചോദിക്കുന്നുണ്ട്: 'അപ്രകാരം അവരെ അതിനു വിടുകയോ അനുവദിക്കുകയോ ചെയ്താൽ എന്തായിരിക്കും അനന്തര ഫലം?' എന്ന്. അവരും മറ്റുള്ള നിരപരാധികളും തങ്ങളുടെ ജീവനുകൾ വിലയായി നൽകേണ്ടിവരില്ലേ എന്നു ചോദിച്ചുകൊണ്ടാണ് നബി തങ്ങൾ ഈ ആശയം അവതരിപ്പിച്ചത്. അതിനാൽ പീഡനവും പ്രയാസവും അനുഭവിക്കുന്നവർ അവർ അത് അനുഭവിക്കട്ടെ എന്നു കരുതിയോ അവരുടെ അടിസ്ഥാന വിഷയങ്ങളെ പരിഗണിക്കാതെ മറ്റു സഹായങ്ങളിൽ മാത്രം പിന്തുണ ഒതുക്കുകയോ ചെയ്യുന്നതെല്ലാം മതപരമായി ന്യായീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ്.
0











0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso