Thoughts & Arts
Image

പറവകൾ പറയുന്ന ഉറുദികൾ

2025-10-24

ഇഅ്ജാസ്
ടി എച്ച് ദാരിമി





വിശുദ്ധ ഖുർആനിലെ പറവകളെ നാം മനുഷ്യകുലത്തിൻ്റെ വളർച്ചയോടൊപ്പം ചിന്തയുമായി പിന്തുടരുകയാണ് എങ്കിൽ ആദ്യം കാണുന്ന പക്ഷി കാക്കയായിരിക്കും. നമ്മുടെ കനിഷ്ട സഹോദരൻ ഖാബീൽ സ്വന്തം കൂടെപ്പിറപ്പായ ഹാബീലിനെ വധിച്ച രംഗത്തിൽ. ഭൂമിയിൽ ഉണ്ടായ ആദ്യത്തെ മനുഷ്യൻ്റെ മനസ്സകലം അതായിരുന്നു. അതിൻ്റെ കാരണങ്ങളെക്കുറിച്ച് ചരിത്ര ഗ്രന്ഥങ്ങൾ വിവിധ രൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. എന്തായിരുന്നാലും സംഗതി അവസാനം കൊലപാതകത്തിൽ എത്തിച്ചേർന്നു. ശക്തമായ നിരാശയും അതിൽ നിന്ന് ഉദ്ഭുതമായ കോപവും തലക്കുപിടിച്ചപ്പോൾ ഖാബീൽ ഒരു വലിയ കല്ലെടുത്ത് സ്വന്തം സഹോദരനെ എറിയുകയായിരുന്നു. ഏറുകൊണ്ട സ്വന്തം സഹോദരൻ നിലത്തുവീണു. കുറച്ചു കഴിഞ്ഞപ്പോൾ ജേഷ്ഠന്റെ മനസ്സിൽ വീണ്ടുവിചാരം ഉണർന്നു. 'എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈ നീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ കൈ നീട്ടുകയില്ല' എന്ന അവൻ്റെ മറുപടി ഓർത്തപ്പോൾ ജേഷ്ഠന്റെ മനസ്സിൽ വേദന ഉണ്ടായി. എത്ര കുലുക്കി വിളിച്ചിട്ടും പിന്നെ അവൻ എഴുന്നേൽക്കുന്നില്ല. എന്താണിത് എന്ന ഒരു സംഭ്രമം മനസ്സിൽ പടർന്നപ്പോഴേക്കും ആദിയായി. അത് പ്രപഞ്ചത്തിലെ ആദ്യ അനുഭവമായിരുന്നു. ഒരാൾ ആദ്യമായിട്ടായിരുന്നു ഈ പ്രപഞ്ചത്തിൽ മരിക്കുന്നത്. അപ്പോഴേക്കും ഖാബീലിന്റെ മനസ്സ് പതറിപ്പോയിരുന്നു. ഇനി എന്തു ചെയ്യും എന്ന് അയാൾ ആലോചിച്ചു കൊണ്ടേയിരുന്നു. പ്രവാചകനായ പിതാവിനോട് ചോദിച്ചാൽ മതി. പക്ഷേ, അതിന് പിതാവ് ഈ രംഗത്ത് ഇല്ല. സമയം വൈകുംതോറും ആധി വിവിധ രൂപങ്ങളായി പരിണമിച്ചു കൊണ്ടേയിരുന്നു. പിന്നെ പ്രശ്നം മരിച്ച ആളെ ഇനി എന്ത് ചെയ്യണം എന്നതായിരുന്നു. മൃഗങ്ങളും പറവകളും ഒക്കെ അവരുടെ ചുറ്റുഭാഗങ്ങളിൽ മരിക്കുന്നുണ്ടായിരിക്കും. മരിക്കുമ്പോൾ അവയോട് പക്ഷേ സഹ ജീവികൾ ഒരു പ്രത്യേക വികാരവും കാണിക്കുന്നതായി തോന്നുന്നില്ല. അതിനാൽ ലോകത്ത് മുൻ മാതൃക ഇല്ല. ഉള്ള മാതൃകയാണെങ്കിലോ മരിച്ചവർ അങ്ങനെയങ്ങോട്ട് ഉണങ്ങിയും ദ്രവിച്ചും തീരുക എന്നതാണ്. പക്ഷേ, ഈ രംഗത്തെ അങ്ങനെ വിടാൻ പറ്റില്ല. ഒന്നാമതായി, ഇത് ഒരു മനുഷ്യനാണ്. മനുഷ്യൻ സ്വയമായി ചിന്തിക്കുവാനും കണ്ടെത്തുവാനും ഈ ലോകത്തിൻ്റെ ഗതിവിഗതികളിൽ ഇടപെടുവാനും കഴിവുള്ള സൃഷ്ടിയാണ്. മറ്റു മൃഗങ്ങൾക്കും ജീവികൾക്കും ഒന്നും ഇത്തരത്തിലുള്ള ഒരു പ്രത്യേകതയില്ല. അതിനാൽ തന്നെ അവൻ ഒരു സവിശേഷ സൃഷ്ടിയാണ്. ആ സൃഷ്ടിയുടെ തുടക്കം തന്റെ പിതാവിൽ നിന്നാണ്. പിതാവിനെ ഈ അറിവിന്റെയും അവബോധത്തെയും പേരിൽ മലക്കുകൾ അടക്കമുള്ളവരുടെ മുമ്പിൽ അല്ലാഹു ആദരിച്ചതുമാണ്. അതിനാൽ പിതാവിന്റെ ശൃംഖലയിൽ വരുന്ന ചലനമറ്റു കിടക്കുന്ന അനുജനെ അങ്ങനെ ഉണങ്ങാനും ദ്രവിക്കാനും വിട്ടുകൊടുക്കുന്നത് ശരിയല്ല. മറുഭാഗത്താവട്ടെ, ഖാബീലിന് വിഷമമുണ്ട്. സംഗതി എങ്ങനെയൊക്കെയാണെങ്കിലും സംഭവിക്കേണ്ടത് സംഭവിച്ചു പോയി. ഇനി അവൻ്റെ മയ്യത്തിനോട് ആദരവ് കാണിച്ചെങ്കിലും ആ വേദനയെ ലഘൂകരിക്കണം എന്ന് ത്വര ഖാബീലിന്റെ മനസ്സിലും ഉണ്ടായിരുന്നു.


തുടർന്നുണ്ടായ സംഭവങ്ങൾ വിശുദ്ധ ഖുർആൻ ഇങ്ങനെ കഥനം ചെയ്യുന്നു: 'പിന്നീട് അവന്‍, തന്റെ സഹോദരന്റെ ഭൗതിക ശരീരം മറവു ചെയ്യേണ്ടതെങ്ങനെയെന്ന് (അറിയാതെ പകച്ചുനിന്നപ്പോള്‍ അത്) കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചുകൊടുത്തു. ഇതു കണ്ട അയാള്‍ വിലപിച്ചു: 'കഷ്ടം! എന്റെ സഹോദരനെ മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെ പോലെയാവാന്‍ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ' അങ്ങനെ അവന്‍ കൊടും ഖേദത്തിലകപ്പെട്ടു'' (അല്‍ മാഇദ: 27-31). ഇവിടെയാണ് മനുഷ്യകുലത്തിന്റെ ചരിത്രക്രമണികളിൽ ആദ്യമായി നാം പറവയെ കാണുന്നത്. ഈ രംഗത്ത് അള്ളാഹു കാക്കയെ ഉപയോഗിക്കുവാൻ ഉണ്ടായ ന്യായങ്ങളെ പ്രധാനമായും രണ്ട് രീതിയിലാണ് പണ്ഡിതലോകം കാണുന്നത്. ഒന്ന്: ഖാബീലിന് ഒരു മനുഷ്യ മൃതദേഹം എങ്ങനെ സംസ്‌കരിക്കണമെന്ന് അറിയില്ലായിരുന്നു. അത് പഠിപ്പിക്കാന്‍ ഒരു കാക്ക വേണ്ടിവന്നു. രണ്ട്: ഖാബീലിന് അറിയാത്തതായിരുന്നില്ല പ്രശ്‌നം. തന്റെ ക്രൂരതയുടെ രക്തസാക്ഷിയായ സഹോദരന്റെ ഭൗതിക ശരീരത്തോടു പോലും നീതി കാണിക്കാന്‍ തോന്നാത്ത വിധം ആ ഹൃദയം കടുത്തുപോയിരുന്നു. ഒരു കാക്ക മറ്റൊരു കാക്കയെ സംസ്‌കരിക്കുന്ന കാഴ്ച ഖാബീലിനെ പിടിച്ചുലക്കുവാൻ പോന്നതായിരുന്നു. ഇവിടെ കാക്ക ഒരു മനുഷ്യനെ മാനവികത പഠിപ്പിക്കുകയായിരുന്നു. ഈ രണ്ടാമത്തെ കാര്യം സ്ഥാപിക്കുന്ന മറ്റൊരു സൂചന കൂടിയുണ്ട്. ഇസ്രാഈല്യരെ മുന്‍നിര്‍ത്തിയാണ് ഖുര്‍ആന്‍ ഈ കഥ പറയുന്നത് എന്നതാണത്. മാനവികതയുടെ കാര്യത്തിൽ ഏറെ എക്കാലവും അകലം പാലിക്കുന്ന ഒരു ജനവിഭാഗമാണല്ലോ അവർ. അതുകൊണ്ട് കൂടിയാണ് ഈ ചരിത്രം അവരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പശ്ചാത്തലത്തിൽ പരാമർശിക്കപ്പെട്ടത്.


പിന്നെ നാം പറവയുടെ സാന്നിധ്യം അറിയുന്നത് സുലൈമാൻ നബിയുടെ ഹുദ്ഹുദിനെ കാണുമ്പോഴാണ്. പക്ഷികളുടെയും ഉറുമ്പുകളുടെയുമൊക്കെ ആശയവിനിമയം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നല്ലോ സുലൈമാന്‍ നബിക്ക്. ഹുദ്ഹുദുമായി നടത്തിയ ഒരു സംഭാഷണ ശകലം ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: 'സുലൈമാന്‍ പക്ഷികളെ പരിശോധിച്ചു, അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇതെന്തു പറ്റി? ഹുദ്ഹുദിനെ കാണാനില്ലല്ലോ. അതെവിടെയെങ്കിലും അപ്രത്യക്ഷമായോ? അതിനെ ഞാന്‍ കഠിനമായി ശിക്ഷിക്കും, അല്ലെങ്കില്‍ അറുത്തുകളയും. അതുമല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്ക് സമര്‍പ്പിക്കണം.' എന്നാല്‍ ഏറെ വൈകാതെ അത് തിരികെ വന്നു പറഞ്ഞു: താങ്കള്‍ക്കറിയാത്ത ചില കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞിരിക്കുന്നു. സബഇല്‍നിന്ന് വ്യക്തമായ ചില വിവരങ്ങളുമായാണ് ഞാന്‍ വരുന്നത്'' (അന്നംല്: 20-22). തുടര്‍ന്ന് സബഇല്‍ കണ്ട ആ കാഴ്ച ഹുദ്ഹുദ് വിവരിക്കാന്‍ തുടങ്ങി. സബഇലെ ഭരണ സംവിധാനത്തെ സംബന്ധിച്ചാണ് ഹുദ്ഹുദ് ആദ്യം സംസാരിച്ചത്. 'സബഇലെ ആളുകളെ ഭരിക്കുന്ന ഒരു റാണിയെ ഞാന്‍ കാണുകയുണ്ടായി. അവള്‍ക്ക് അവിടെ ഭരണം നടത്താനുള്ള എല്ലാ സൗകര്യങ്ങളും നല്‍കപ്പെട്ടിട്ടുമുണ്ട്. മാത്രവുമല്ല, അവള്‍ക്ക് വമ്പിച്ച ഒരു സിംഹാസനവും ഉണ്ട്.' തുടര്‍ന്ന് അവളുടെയും അവളുടെ ജനതയുടെയും വിശ്വാസ സംബന്ധമായ കാര്യങ്ങളും സുലൈമാൻ നബിയെ അറിയിച്ചു. 'അല്ലാഹുവിനെ കൂടാതെ സൂര്യനെ നമിക്കുന്ന ബഹുദൈവ വിശ്വാസികളാണ് അവര്‍. അവരുടെ ചെയ്തികളെ പിശാച് അവര്‍ക്ക് അലങ്കാരമാക്കിയിരിക്കുന്നു, അവരെ അവന്‍ വഴികേടിലാക്കിയിരിക്കുന്നു.'
ഇവിടെ ഹുദ്ഹുദിലൂടെ ദൈവം സുലൈമാന്‍ നബിയെയും അതുമുഖേന മനുഷ്യലോകത്തെയും ചിലത് പഠിപ്പിക്കുന്നുണ്ട്. നിസ്സാരമായ ഒരു ജീവിക്ക് പോലും മനുഷ്യനറിയാന്‍ കഴിയാത്ത പലതും അറിയാന്‍ കഴിയുന്നുണ്ടെന്നും അക്കാര്യത്തില്‍ മനുഷ്യന് അഹംഭാവം പാടില്ലെന്നുമാണ് ആ പാഠം. ഇമാം റാസി(റ) അത്തഫ്‌സീറുല്‍ കബീറിൽ ഇങ്ങനെ പറയുന്നുണ്ട്. മുന്‍വിധികള്‍ എപ്പോഴും ശരിയാവണമെന്നില്ല എന്ന പാഠവും ഹുദ്ഹുദ് നല്‍കുന്നു. ഒരേസമയം പ്രവാചകനും രാജാവുമായ സുലൈമാന്‍ നബിയുടെ മുന്നില്‍ പോലും സ്വന്തം അറിവിലുള്ള ആത്മവിശ്വാസം തുറന്നു പ്രകടിപ്പിക്കാന്‍ ആ കൊച്ചു പക്ഷി കാണിച്ച ധൈര്യം നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. ഇവിടെ ചെറിയ ജീവിയാണെങ്കിൽ പോലും തനിക്ക് ലഭിച്ച വിവരം തന്നെ ദൗത്യത്തിന് നിയമിച്ച പ്രവാചകനെ അറിയിക്കാനുള്ള ദൗത്യബോധം ഹുദ്ഹുദ് കാണിച്ചു. ഈ സംഭവത്തിൽ സത്യം വെളിപ്പെടുത്താൻ ഹുദ്ഹുദ് കാണിച്ച ധൈര്യം മാതൃകായോഗ്യമാണ്. അതിനെല്ലാം പുറമെ അല്ലാഹു അവൻ്റെ ഉദ്ദേശ്യങ്ങൾ പൂർത്തീകരിക്കാൻ നിസ്സാരമെന്ന് തോന്നുന്ന സൃഷ്ടികളെ പോലും എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് ഉദാഹരണമാണിത്. ഒരു സാധാരണ മരം കൊത്തി ഒരു വലിയ ജനതയുടെ മാർഗ്ഗദർശനത്തിന് കാരണമായതാണല്ലോ ഈ സംഭവം.


പിന്നീട് നാം കാണുന്ന പറവ ഈസാ നബിയുടെ കയ്യിലെ കളിമൺ പക്ഷിയാണ്. ഇത് യഥാർത്ഥ പക്ഷി അല്ലാത്തതിനാൽ ഈ സൂക്തത്തിൽ പ്രയോഗിച്ചിരിക്കുന്നത് ഒരു ഉപമാലങ്കാരമാണ് എന്ന് ഗ്രഹിക്കാം. അല്ലാഹു പറയുന്നു: 'ഇസ്രാഈല്‍ മക്കളിലേക്കുള്ള ദൈവദൂതന്‍(ഈസാ) അവരോട് പറയും: ഞാന്‍ നിങ്ങള്‍ക്ക് കളിമണ്ണില്‍നിന്ന് പക്ഷിയുടെ രൂപമുണ്ടാക്കിത്തരാം. ശേഷം ഞാനതില്‍ ഊതിയാല്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പറവയായിത്തീരുന്നതാണ്. ജന്മനാ അന്ധത ബാധിച്ചവരെയും വെള്ളപാണ്ഡു രോഗികളെയും ഞാന്‍ അല്ലാഹുവിന്റെ അനുവാദത്താല്‍ സുഖപ്പെടുത്തുകയും മരിച്ചു കിടക്കുന്നവരെ ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യും'(ആലുഇംറാന്‍: 49). ഈസാ നബിയുടെ ഈ പ്രയോഗത്തെ അക്ഷരാര്‍ഥത്തിലെടുത്ത പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഉണ്ട്. എന്നല്ല അങ്ങനെ വ്യാഖ്യാനിച്ചവരാണ് കൂടുതലും. പക്ഷേ ഇതിലെ പ്രയോഗങ്ങളെ ഉപമാലങ്കാരങ്ങളായി വായിക്കുമ്പോള്‍ ആശയത്തിന് ആഴവും സൗന്ദര്യവും വർദ്ധിക്കുന്നു എന്നത് ഒരു സത്യമാണ്. ഇവിടെ പക്ഷി എന്ന രൂപകത്തിലൂടെ ഇസ്രാഈല്യര്‍ക്ക് മനോഹരമായ ഒരു ജീവിതവീക്ഷണ മാതൃക സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്‍. 'ത്വീനി'ല്‍നിന്ന് ആദ്യമുണ്ടാക്കിയത് ചലനമറ്റ പക്ഷിരൂപത്തെ മാത്രമായിരുന്നു. അതിലേക്ക് ദിവ്യപ്രചോദനം കടത്തിവിട്ടപ്പോഴാണ് അത് ചിറകു മുളച്ച് പറക്കാന്‍ തുടങ്ങുന്നത്. ഇവിടെ 'ത്വീന്‍'(കളിമണ്ണ്) എന്നത് നിശ്ചലാവസ്ഥയെ കുറിക്കുന്നു. ആ അവസ്ഥയില്‍ പക്ഷിയുടെ ചിറകുകള്‍ക്ക് പറക്കാനും കൊക്കുകള്‍ക്ക് പാടാനും കാലുകള്‍ക്ക് നടക്കാനും കഴിയില്ല. കളിമണ്‍ പക്ഷിയിലേക്ക് ജീവൻ സന്നിവേശിപ്പിക്കുന്ന ദൗത്യമാണ് ഈസാ നബി പറയുന്നത്. ഒരു പ്രവാചകന് തൻ്റെ സമൂഹത്തില്‍ ചെയ്യാനുള്ള ദൗത്യവും ഇതുതന്നെയാണ്. അഥവാ നിശ്ചലമായി കിടക്കുന്ന മനുഷ്യ മനസ്സുകളിലേക്ക് വിശ്വാസത്തിൻറെ ജീവൻ പകരുകയും ഒരു ദൈവങ്ങളിൽ അവ വെളിച്ചമാക്കി സ്ഥാപിക്കുകയും ചെയ്യുകയാണ് പ്രവാചകന്മാരുടെ ദൗത്യം. കളിമൺ പക്ഷി എന്ന പ്രയോഗത്തെ ഉപമയായി കാണുമ്പോൾ ശേഷം പറയുന്ന അന്ധതയും കുഷ്ഠരോഗവും എല്ലാം ഈമാൻ ഇല്ലാത്തവരുടെ ദുർബലമായ നിലപാടുകൾ ആയി വായിക്കാം.


ശേഷം പക്ഷികൾ പറന്നിറങ്ങുന്നത് ശാപത്തിന്റെയും കോപത്തിന്റെയും ശിക്ഷയുടെയും ചുടുകല്ലുകളും ആയിട്ടാണ്. നബി(സ)യുടെ ജനനത്തിനു അല്പം മുമ്പ് നടന്ന സംഭവമാണ് ആനക്കലഹം. അന്ന് യമന്‍ ഭരിച്ചിരുന്നത് എത്യോപ്യക്കാരനായ അബ്രഹത്തു ആയിരുന്നു. അദ്ദേഹം അവിടെ മനോഹരമായ ഒരു ആരാധനാലയം പണിതു. മക്കയിലെ പുണ്യ ഭവനം കാരണം എല്ലാവരും അങ്ങോട്ട്‌ പോകുന്നതും മക്കക്കാര്‍ എവിടെ ചെന്നാലും ആദരിക്കപ്പെടുന്നതും മനസ്സിലാക്കിയ അദ്ദേഹം ആ ആദരവ് മക്കയില്‍ നിന്നും മാറ്റി തന്‍റെ നാട്ടിലാക്കി മാറ്റാനായിരുന്നു പ്ലാന്‍. ഇതറിഞ്ഞ കിനാനക്കരനായ ഒരാള്‍ (അദ്ദേഹം അപ്പോള്‍ യമനില്‍ ഉണ്ടായിരുന്നു) രാത്രി ആ ആരാധനാലയത്തിൽ കയറി വിസര്‍ജ്ജനം നടത്തി. ഇതില്‍ കുപിതനായ അബ്രഹത്ത് മക്കയിലെ കഅ്ബാ ഭവനം പൊളിക്കാന്‍ തീരുമാനിക്കുകയും സൈന്യ സമേതം പുറപ്പെടുകയും ചെയ്തു. അവര്‍ ത്വാഇഫില്‍ എത്തിയപ്പോള്‍ അബ്റഹത്ത് ഒരു കൂട്ടരെ മക്കയിലേക്ക് വിട്ടു മക്കക്കാരുടെ സമ്പത്ത് എല്ലാം കണ്ടു കെട്ടാന്‍ പറഞ്ഞു. ഒരു പ്രകോപനം ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശം. അദ്ദേഹം അവിടെ ചെന്ന് അവരുടെ ആടുമാടുകളെയും മറ്റും പിടിച്ചു കൊണ്ട് വന്നു. അതില്‍ അബ്ദുല്‍ മുത്തലിബിന്റെ ഇരുനൂര്‍ ഒട്ടകവും ഉണ്ടായിരുന്നു.ശേഷം "തങ്ങള്‍ യുദ്ദത്തിനു വന്നതല്ല എന്നും കഅബ പൊളിക്കല്‍ മാത്രമേ ലക്ഷ്യമുള്ളൂ "എന്നും അറിയിക്കാന്‍ ഹനാത്വ എന്നാ വ്യക്തിയെ മക്കയിലേക്ക് വിട്ടു,അദ്ദേഹം മക്കയില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു."ഞങ്ങളും യുദ്ധത്തിനില്ല, ഞങ്ങള്‍ക്ക് അതിനുള്ള ശക്തിയും ഇല്ല, ഈ ഭവനം അതിന്റെ ഉടമ നോക്കി കൊള്ളും". ശേഷം അബ്ദുല്‍ മുത്തലിബിനെ അബ്രഹത്തിന്റെ അടുക്കലേക്കു കൊണ്ട് വന്നു. അബ്ദുല്‍ മുത്തലിബിന്റെ ഗാംഭീര്യം കണ്ട അബ്രഹത് അദ്ദേഹത്തെ സ്വീകരിച്ചിരുത്തി നിങ്ങളുടെ ആവശ്യം എന്താണ് എന്ന് ചോദിച്ചു,അപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു: "എനിക്ക് എന്റെ ഒട്ടകങ്ങളെ വിട്ടു തരണം"ഇത് കേട്ട അബ്രഹത്തു അബ്ദുല്‍ മുത്തലിബിനെ പരിഹസിച്ചു."നിങ്ങളെ ഒരു ഗാംഭീര്യമുള്ള നേതാവായാണ് ഞാന്‍ വിചാരിച്ചത്, എല്ലാമെല്ലാമായ പുണ്യ ഭവനം പൊളിക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങളുടെ ഒട്ടകങ്ങള്‍".അപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു."ഈ ഒട്ടകങ്ങളുടെ ഉടമ ഞാനാണ്, കഅ്ബയുടെ ഉടമ അതിന്റെ കാര്യം നോക്കി കൊള്ളും".ശേഷം അബ്രഹത്തു അബ്ദുല്‍ മുത്തലിബിന്റെ ഒട്ടകങ്ങള്‍ വിട്ടു കൊടുത്തു. അവിടെ നിന്ന് മടങ്ങി വന്ന അബ്ദുല്‍ മുത്തലിബ് എല്ലാ ഖുറൈഷികളോടും മക്ക വിട്ടു പോകാനും മലയുടെ മുകളില്‍ അഭയം തേടാനും ആവശ്യപ്പെട്ടു, ശേഷം അദ്ദേഹം കഅ്ബയില്‍ വന്നു അതിൻ്റെ റബ്ബിനോട് ഈ ഭവനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചു.


മക്കയിലേക്ക് തിരിക്കാനായി സൈന്യത്തെ ആനകളെയും തയ്യാറാക്കുമ്പോള്‍ നേതൃസ്ഥാനത്ത് ഉള്ള വലിയ ആന മക്കയുടെ ദിശയിലേക്കു പോകാതെ നിന്നു. വേറെ ഏതു ദിശയില്‍ തിരിച്ചാലും അത് പോകുന്നുമുണ്ടായിരുന്നു. ആ സമയം തന്നെ ആകാശത്തിൽ ഒരു പ്രത്യേക രൂപത്തിലുള്ള പക്ഷികള്‍ വന്ന് ചുട്ടു പഴുത്ത കല്ലുകള്‍ സൈന്യത്തിന്റെ മേല്‍ എറിയാന്‍ തുടങ്ങി. ഒന്ന് ചുണ്ടിലും,രണ്ടെണ്ണം കാലുകലിലുമായി ഓരോ പക്ഷിയുടെയും അടുക്കല്‍ മൂന്നു വീതം കല്ലുകള്‍ ഉണ്ടായിരുന്നു. ആ കല്ല്‌ ശരീരത്തില്‍ തട്ടിയവരെല്ലാം മരിച്ചു വീഴുകയും മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവം ഖുര്‍ആന്‍ അൽ ഫീല്‍ എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. 'ആനപ്പടയെ നിന്റെ രക്ഷിതാവ് എന്തു ചെയ്‌തെന്ന് നീ കണ്ടതല്ലേ? അവരുടെ കുതന്ത്രങ്ങളെ അവന്‍ പാഴാക്കിയില്ലേ? അവരുടെ നേരെ അവന്‍ അബാബീല്‍ പക്ഷികളെ അയച്ചു. ചുട്ടെടുത്ത കല്ലുകള്‍ കൊണ്ട് അവ അവരെ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പു പോലെയാക്കി'' (അല്‍ഫീല്‍: 1-5) ഇവിടെ ഈ പറവകൾ ധിക്കാരിയായ ഒരു ഭരണാധികാരിയുടെ ധിക്കാരത്തിനുള്ള പ്രതിരോധം തീർക്കുമ്പോൾ നിഷ്കളങ്കരായ മനുഷ്യരുടെയും വിശുദ്ധ കഅ്ബയുടെയും നിലനിൽപ്പിനു വേണ്ടി ധീരമായി ഇടപെടുന്നു. സവിശേഷമായ പ്രത്യേകതകൾ ഉള്ള മനുഷ്യനോട് അള്ളാഹു ഈ പക്ഷികളിലൂടെ പറയുന്നത് എങ്കിലും ഞാൻ കഴിവ് നൽകിയാൽ ഒരു പക്ഷിക്ക് പോലും നിങ്ങളെ മലർത്തിയടിക്കാം എന്നാണ്. എങ്ങനെ മനുഷ്യകുലത്തിന് വലിയ സന്ദേശങ്ങൾ നൽകുവാനും അല്ലാഹു ചെറിയ പക്ഷികളെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതെല്ലാം കാണുമ്പോൾ ഏത് വിശ്വാസിയുടെയും അന്തരംഗം പറയുക, നമ്മുടെ മുന്നിലൂടെ ഒട്ടും ശ്രദ്ധയർഹിക്കാതെ കടന്നുപോകുന്ന പക്ഷികളും പറവകളും സത്യത്തിൽ നമുക്കുള്ള വലിയ സന്ദേശങ്ങളാണ് എന്നതാണ്.


പക്ഷികളിലൂടെയും പറവകളിലൂടെയും സൃഷ്ടാവ് ചില വലിയ കാര്യങ്ങളെല്ലാം പറയുന്നുണ്ട് എന്നതിനാൽ പക്ഷികളെ മനുഷ്യൻ നിരീക്ഷിക്കണം എന്ന് അല്ലാഹു താല്പര്യപ്പെടുന്നുണ്ട്. പക്ഷികളെ നിരീക്ഷിക്കാനാവശ്യപ്പെടുന്ന രണ്ടിടങ്ങള്‍ ഖുര്‍ആനിലുണ്ട്. ഒന്നിൽ അല്ലാഹു പറയുന്നു: 'ആകാശമണ്ഡലത്തില്‍ ദൈവകല്‍പനക്കു കീഴ്‌പെടുത്തപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു മാത്രമാണ് അവയെ താങ്ങിനിറുത്തുന്നത്. വിശ്വാസമുള്ള ജനങ്ങള്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച. (അന്നഹ്ല്‍: 79). മറ്റൊന്നിൽ അല്ലാഹു പറയുന്നു: 'ചിറകുവിടര്‍ത്തിയും ചേര്‍ത്തും തങ്ങള്‍ക്കുമീതെ പറക്കുന്ന പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ? കരുണാമയനായ അല്ലാഹു മാത്രമാണവയെ താങ്ങിനിറുത്തുന്നത് ' (മുൽക്ക് -19) ഇങ്ങനെ വായുമണ്ഡലത്തില്‍ പറക്കുന്ന പക്ഷികളിലേക്ക് പലപ്പോഴും ഖുര്‍ആന്‍ ശ്രദ്ധ ക്ഷണിച്ചതായി കാണാം. ഇങ്ങനെ പറക്കാന്‍ ആവശ്യമായ വിധം സ്രഷ്ടാവ് അവയെ പ്രത്യേകം രൂപകല്‍പനചെയ്ത് സൃഷ്ടിച്ചിരിക്കയാണ്. പറക്കുന്ന പക്ഷിയെ കണ്ടുപഠിച്ച് വിലയിരുത്തി അതിന്റെ ശാരീരികാവസ്ഥയും ചിറകുകളും മറ്റും അനുധാവനംചെയ്താണ് ആധുനിക മനുഷ്യന്‍ വിമാനമുണ്ടാക്കിയത്. ചിന്തിക്കുന്നയാളുകള്‍ക്ക് മഹത്തായ പാഠങ്ങള്‍ ഇതിലെല്ലാമുണ്ട്. അതിനാൽ ഇവിടെ പക്ഷികളെ നിരീക്ഷിക്കാന്‍ പറയുന്നത്, അറിവിന്റെയും അന്വേഷണത്തിന്റെയും ലോകത്ത് പറന്നുയരാനുള്ള പ്രചോദനമായിട്ടാണ്. മറ്റൊരിടത്ത് അല്ലാഹു പറയുന്നത് ഇങ്ങനെയാണ്: 'ഭൂമിയില്‍ നടക്കുന്ന ഏതുജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെ പോലുള്ള ചില സമൂഹങ്ങള്‍ തന്നെയാണ്. അവയുടെ വിധിപ്രമാണത്തില്‍ നാമൊന്നും വിട്ടു കളഞ്ഞിട്ടില്ല. പിന്നീട് അവരെല്ലാം തങ്ങളുടെ നാഥങ്കല്‍ ഒരുമിച്ചു ചേര്‍ക്കപ്പെടും' (അല്‍ അന്‍ആം: 38). ഇവിടെ പറവകളുടെ ലോകത്തെ മനുഷ്യന് സമാനമായ ചില ദൗത്യങ്ങൾ വഹിക്കുന്ന സമൂഹമായി അവതരിപ്പിക്കുന്നു. അപ്പോൾ അവ നമുക്ക് പല ജീവിതപാഠങ്ങളും പഠിപ്പിച്ചു തരുന്ന അല്ലാഹുവിൻ്റെ മാധ്യമങ്ങളായി മാറുന്നു.


വിഹായസ്സിൽ വട്ടമിട്ട് പറക്കുന്ന പക്ഷികൾ മനുഷ്യൻ്റെ ദൃഷ്ടിക്കു മുമ്പിൽ അറ്റമില്ലാത്ത സാധ്യതകൾ കൂടിയാണ് വരയ്ക്കുന്നത്. അവനെ അവ അവനിൽ ഉള്ള അടങ്ങിയിരിക്കുന്ന സാധ്യതകൾ തര്യപ്പെടുത്തുന്നു. ഒരു മരക്കൊമ്പില്‍ ഇരിക്കുമ്പോള്‍ പക്ഷിയുടെ വിശ്വാസം ആ കൊമ്പിന്റെ ശക്തിയിലല്ല; തന്റെ ചിറകുകളുടെ കഴിവിലാണ് എന്നു പറയുന്നത് പോലെ തൻ്റെ ഉള്ളിൽ നിക്ഷിപ്തമായിരിക്കുന്ന കഴിവുകൾ തന്നെയാണ് തന്റെ ജീവിതവും എന്ന പാഠം അവ പകരുന്നു. ഇങ്ങനെ സ്വന്തം കഴിവുകളിലും യോഗ്യതകളിലും ആത്മവിശ്വാസമില്ലാത്തവര്‍ ചിറകിന്റെ ശക്തിയറിയാത്ത പക്ഷികളെ പോലെയാണ് എന്നത് ഈ സന്ദേശത്തിന്റെ ബാക്കിപത്രം. ചിറകുകൾ എന്ന കഴിവുകൾ വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ അത് കേവലം ഒരു ഭാരം മാത്രമായി അനുഭവപ്പെടും. 'നീയെന്തിന് ഇഴഞ്ഞു നടക്കുന്നതിഷ്ടപ്പെടുന്നു? ജനിക്കുമ്പോള്‍ തന്നെ നിനക്ക് ചിറകുകളുണ്ടല്ലോ?' എന്ന് റൂമി.


0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso