Thoughts & Arts
Image

നിരാശയിലമരുന്ന പ്രവാസജീവിതങ്ങൾ

2025-11-22

വെള്ളിപ്രഭാതം


മുഹമ്മദ് തയ്യിൽ സെഞ്ചരി




എഴുപതുകളിലാണ് അറേബ്യൻ ഗൾഫിലേക്കുള്ള നമ്മുടെ നാട്ടിൻ്റെ ഒഴുക്ക് തുടങ്ങുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും അതു വളർന്നു. അവിടെയും ഇവിടെയും അതിനു ന്യായം ഉണ്ടായിരുന്നു. ഇവിടെ ദാരിദ്ര്യം തന്നെ. അവിടെ എണ്ണ കണ്ടെത്തിയതിന്റെ ഊറ്റത്തിനനുസരിച്ച് ജീവിക്കാനുള്ള അവിടത്തുകാരുടെ ത്വരയും. പുതിയ നൂറ്റാണ്ടിലേക്ക് കടന്നതും വിദേശികളുടെ വിയർപ്പിൽ സ്വന്തം നാട് തഴച്ചുവളർന്നത് അവിടത്തുകാർ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഭാഗത്ത് നമ്മളും വളരേണ്ടേ? എന്ന ചിന്തയും മറുഭാഗത്ത് നമ്മുടെ പണവും അവസരവും നമുക്ക് തന്നെ വേണം എന്ന സ്വാർഥതയും ഒപ്പത്തിനൊപ്പം വളർന്നു. ഒപ്പം തൊഴിലില്ലായ്മ വളർന്ന് വന്യമായി ഭീഷണി മുഴക്കുന്നത് തന്നാട്ടുകാരായ ഭരണാധികാരികൾ ഉൾക്കിടിലത്തോടെ കാണുകയും കൂടി ചെയ്തതോടെ സ്വദേശിവൽക്കരണം തുടങ്ങി. ഏറ്റവും വലിയ അവസരങ്ങൾ കാലിക മികവോടെ കയ്യാളുവാൻ തദ്ദേശീയർ പഠിച്ച് വിട്ടുക്കരാകുവാൻ തുടങ്ങി. എണ്ണപണം കൊണ്ട് അവരുടെ രാജ്യങ്ങൾ പൗരൻമാരെ പഠിപ്പിച്ചു വളർത്തി. പുതിയ നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തോട് അടുക്കും തോറും മടക്കം എന്ന ചിന്ത നമ്മുടെ ആൾക്കാരുടെ മനോമുകരത്തിൽ കൂടുകൂട്ടി. അങ്ങനെ തുടങ്ങിയ പ്രവാസത്തിൻ്റെ തിരിച്ചൊഴുക്ക് കൂടിക്കൂടി വരികയാണ്. ഇതിനെയൊക്കെ ഒരു സ്വഭാവിക സാമൂഹ്യ ഒഴുക്കായി കാണാം. ഗൾഫിൽ തദ്ദേശീയത വന്നില്ലെങ്കിലും വളർന്നില്ലെങ്കിലും മടങ്ങേണ്ടിവരും. കാരണം, പ്രായം, ശേഷിയുടെ പഴമ, പുതിയ ശേഷികൾ നേടാനുള്ള അപ്രായോഗികത തുടങ്ങിയ യാഥാർഥ്യങ്ങൾ മുമ്പിലുണ്ടല്ലോ. അതിനാൽ ഈ മടക്കങ്ങൾക്ക് ഒട്ടും അസ്വാഭാവികത കൽപ്പിക്കേണ്ടതില്ല. പക്ഷേ, ഈ മടക്കങ്ങൾ ഉണർത്തുന്ന മറ്റു ചില ചിന്തകൾ അവഗണിക്കാനാവില്ല. മടങ്ങിയെത്തുന്നവരുടെ ദുരവസ്ഥകളാണ് അത്. അവർ പലർക്കും തങ്ങളുടെ സ്വന്തം ജീവിതത്തിൻ്റെ അനിവാര്യമായ ട്രാക്കുകളിലേക്ക് തിരിച്ചുകയറാനാവുന്നില്ല എന്നതാണത്, ഒറ്റവാക്കിൽ പറഞ്ഞാൽ.


തിരിച്ച് വീടുകളിൽ വന്നു കയറുന്ന പ്രവാസികൾ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നു എന്നതാണല്ലോ പ്രശ്നം. മഹാഭൂരിപക്ഷം പ്രവാസികളും ഇതനുഭവിക്കുന്നുണ്ട്. അതിന് ആഴത്തിൽ ഇറങ്ങിയ വേരുകളുള്ള കാരണങ്ങൾ ഉണ്ട്. അത് തർബിയത്തിൽ അഥവാ ശിക്ഷണത്തിൽ പറ്റിയ പാളിച്ചകളാണ്. മക്കളും ഭാര്യയും അടങ്ങുന്ന നമ്മുടെ കുടുംബത്തെ പ്രവാസിയാണെങ്കിലും അല്ലെങ്കിലും തർബിയത്ത് എന്ന ശിക്ഷണം ചെയ്യേണ്ടത് ഓരോ കുടുംബനാഥന്റെയും ബാധ്യതയാണ്. നമ്മുടെ ആശ്രിതർക്ക് നമ്മൾ ഇല്ലാത്ത ഒരു സ്ഥലത്തും കാലത്തും നമ്മുടെ ആശ്രയമില്ലാതെ സംതൃപ്തമായി ജീവിക്കുവാൻ ഉതകുന്ന തരത്തിൽ അവരെ വളർത്തുക എന്നതാണ് തർബിയത്ത് എന്നതിൻ്റെ അർത്ഥവും ആശയവും. ഇതിനു വേണ്ട സുരക്ഷിതമായ മാർഗം രക്ഷാകർത്താക്കൾ തന്നെ ആലോചിച്ചു കണ്ടെത്തണം. അങ്ങനെ അതിനനുസരിച്ച് മാത്രം അവരെ വളർത്തിക്കൊണ്ടു വരണം. ഭാവിയെ കുറിച്ച് ചിന്തിച്ചു മാത്രമാണ് കുടുംബത്തെ മുന്നോട്ട് നയിക്കേണ്ടിയിരുന്നത് എന്ന് ചുരുക്കം. ഇതിന് ഇത്തരം ഒരു ചിന്തയും അതിനുവേണ്ട പദ്ധതി ആവിഷ്കരണവും എല്ലാം വേണം. അപൂർവമാണെങ്കിലും അങ്ങനെ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നവർ ഉണ്ട്. അവർ മേൽപ്പറഞ്ഞ ദുരിതങ്ങൾ ഒട്ടും അനുഭവിക്കുന്നുമില്ല. അവരുടെ കുടുംബം അവർ കരുതിയത് പോലെ തന്നെ ഈ ഘട്ടത്തിലും ഒപ്പമുണ്ട്. എന്നാൽ മഹാഭൂരിപക്ഷം പ്രവാസികളും ആ കാലത്ത് അവിദഗ്ധരോ വേണ്ടത്ര പൊതുവിദ്യാഭ്യാസമോ സാമൂഹ്യ വിദ്യാഭ്യാസമോ നേടിയിട്ടില്ലാത്തവരായിരുന്നു. അതിനാൽ അവർക്ക് വേണ്ടത്ര ചിന്തിക്കാൻ കഴിഞ്ഞില്ല. ചിന്തയും ആലോചനയും കുറയുമ്പോൾ മേൽ കൈ ലഭിക്കുക വികാരത്തിനായിരിക്കും എന്നത് ഒരു പൊതു നിയമമാണ്. ഈ പ്രവാസികൾക്കും ഇതുതന്നെയാണ് പറ്റിയത്. പണം കയ്യിൽ വന്നപ്പോൾ അത് വന്ന വഴി പോലും മറന്ന അവർ സ്വന്തം ഭാര്യയെയും മക്കളെയും മതിമറക്കുവാൻ പഠിപ്പിക്കുകയായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ഭക്ഷണങ്ങളും പാർപിടങ്ങളും ആഘോഷങ്ങളും അവരെ ശീലിപ്പിക്കുകയായിരുന്നു. ഇതൊക്കെ എവിടെ നിന്ന് എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കുവാനോ, ഇത് എന്നെങ്കിലും നിലച്ചുപോകുമോ എന്ന് ആലോചിക്കുവാനോ സുഖങ്ങളിലും സൗഖ്യങ്ങളും കണ്ണുചിമ്മി കിടന്ന് ആസ്വദിക്കുന്ന അവർക്ക് ഒട്ടും കഴിയാതെ പോയി. സ്വന്തം ഭാവി ഒപ്പുവരുത്തുവാൻ വേണ്ടി നല്ല വിദ്യാഭ്യാസം നേടുവാനോ അടിച്ചുപൊളിക്കുന്നതിൽ ഒരല്പം നിയന്ത്രണം പാലിച്ച് എന്തെങ്കിലും പിന്നേക്ക് വേണ്ടി സ്വരുക്കൂട്ടിവെക്കുവാൻ അവർ മിനക്കെട്ടില്ല. അതുകൊണ്ട് ചിത്രം വരയ്ക്കേണ്ടി വന്നപ്പോൾ ചുമര് ഇല്ലാതെയായി, അവർക്കും അവരുടെ മക്കൾക്കും.


തിരിച്ചെത്തുന്ന പ്രവാസികളുടെ ദുരിതങ്ങൾക്ക് വിവിധ മാനങ്ങളുണ്ട്. അവയിൽ മുന്നിൽ നിൽക്കുന്നത് അവരുടെ നിസ്സഹായാവസ്ഥ തന്നെയാണ്. കുടുംബത്തിൻ്റെ അടിച്ചുപൊളി കഴിഞ്ഞ പൂരപ്പറമ്പിലേക്ക് തിരിച്ചെത്തുന്ന പ്രവാസിയെ രണ്ടു ശൂന്യതകളാണ് എതിരേൽക്കുന്നത്. ഒന്ന് ആരോഗ്യവും മറ്റൊന്ന് സമ്പാദ്യവും. സാരമില്ല എന്നു കരുതി ആശ്വാസത്തിന്റെ ചാരു കസേരയിലേക്ക് ചായാവുന്ന ഒരു അവസ്ഥയല്ല ഈ ശൂന്യത പ്രദാനം ചെയ്യുന്നത്. ഇതു രണ്ടിനെയും ഒപ്പത്തിനൊപ്പം വെല്ലുവിളിക്കുന്ന രോഗങ്ങൾ അപ്പോഴേക്കും ശരീരത്തിൽ കുടി കെട്ടിയിട്ടുണ്ടാവും. കുടുംബനാഥന്റെ പണത്തിനുപരി മനസ്സിനെ സ്നേഹിക്കുന്ന ശീലം വശപ്പെട്ടിട്ടില്ലാത്ത കുടുംബാംഗങ്ങൾ അതുകൊണ്ടുതന്നെ മടങ്ങിയെത്തുന്ന ഒന്നാമത്തെ ദിനത്തിൽ തന്നെ ഇദ്ദേഹത്തെ ഒരു ഭാരമായി കണ്ടുതുടങ്ങും. അത് പിന്നെ അവരുടെ സ്വരത്തിലും സമീപനത്തിലും പ്രതിഫലിച്ചു കൊണ്ടേയിരിക്കും. ഇതിലുള്ള വേദന അസഹ്യമാകുന്നത് അതേ മനസ്സിൽ ഇതേ കുടുംബത്തിന് വേണ്ടി താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർക്കുമ്പോഴായിരിക്കും. ഇത് വീട്ടിലെ കാര്യം. എന്നാൽ നാട്ടിലെ അവസ്ഥയും മറ്റൊന്നല്ല. അവിടെ പ്രവാസി ആയിരുന്നപ്പോൾ തനിക്ക് ലഭിച്ചിരുന്ന സ്വീകാരങ്ങളൊക്കെ തീർച്ചയായും മങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുള്ളവരെ സഹായിക്കുവാൻ വേണ്ടി താൻ നടത്തിയ ശ്രമങ്ങൾക്ക് പോലും പുതിയ ഏട്ടിൽ സ്ഥാനമില്ലാത്ത അവസ്ഥ. എന്നാൽ എന്തെങ്കിലും തൊഴിൽ തട്ടിക്കൂട്ടി കഴിയാം എന്നു കരുതിയാൽ മൂലധനം മുതൽ നാട്ടിലെ നിയമങ്ങൾ വരെ അയാളെ ക്രൂരമായി കൊത്തിവലിക്കും. എല്ലാറ്റിനും ഇടയിൽ സത്യത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ വേദനകൾ അനുഭവിക്കുകയായിരിക്കും പ്രവാസി.


ഇതിനെ ഒരു കാലത്തിന്റെയോ ഒരു തലമുറയുടെയോ പ്രശ്നമായി ചുരുക്കിക്കെട്ടാൻ ചിന്തിക്കുന്നവർക്ക് കഴിയില്ല. കാരണം അതേ പ്രക്രിയ ഇപ്പോഴും തുടർന്നുവരികയാണ്. സ്വദേശിവൽക്കരണവും അവസരങ്ങളുടെ ബാഹ്യവൽക്കരണവും പുതിയ മേഖലകളിൽ പുതിയ രീതിയിൽ ഭീഷണിയായി നിൽക്കുക തന്നെയാണ്. അതിൻ്റെ ഏറ്റവും വ്യക്തമായ സൂചന ഗൾഫിലെ സാധാരണക്കാരുടെ എക്കാലത്തെയും നല്ല പ്രതീക്ഷയായ സൗദി അറേബ്യയിൽ നിന്നും കഴിഞ്ഞ ദിവസം കേൾക്കുകയുണ്ടായി. അഹങ്കാരത്തിന്റെയും അഹന്തയുടെയോ പേരിൽ ആ രാജ്യത്ത് ആരെങ്കിലും പറഞ്ഞതല്ല. മറിച്ച്, സൗദിയെ സാക്ഷാൽ ഭരിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തിൻ്റെ ഔദ്യോഗിക പാർലമെൻ്റായ ശൂറാ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് നിരത്തിയ തികച്ചും ശാസ്ത്രീയമായ കണക്കുകളാണ് അവ. രാജ്യത്തെ ചുച്ചൂടും മാറ്റിയെടുക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള 2030 എന്ന വിഷൻ ഇതിനകം തന്നെ അതിന്റെ വലിയ രണ്ട് ലക്ഷ്യങ്ങൾ നേടി കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. നിക്ഷേപവും സാങ്കേതിക വിദ്യയുമാണ് അവ. അതേ കണക്കിനൊപ്പം അദ്ദേഹം നിരത്തിയ മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയുണ്ട്. രാജ്യത്തെ 70 ശതമാനത്തിലധികം പൗരന്മാരും 35 വയസ്സിൽ താഴെയുള്ളവരാണ് എന്നതാണ് അത്. അതുകൊണ്ട് ഒരു വിദേശിയുടെയും സഹായമില്ലാതെ തന്നെ നമുക്ക് നമ്മുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയും എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഏതു മേഖലയിലുള്ള ഏത് വിദഗ്ധനും ഭീതിയുടെയും ഭീഷണിയുടെയും മുമ്പിൽ തന്നെയാണ്. ഏതു സമയവും മടങ്ങേണ്ടി വന്നേക്കാം എന്നതാണ് അവസ്ഥ എന്ന് ഇതിൽനിന്ന് ആർക്കെങ്കിലും മനസ്സിലായിട്ടുണ്ടെങ്കിൽ അവർ ഇപ്പോഴെങ്കിലും ഉണർന്ന് ചിന്തിക്കുകയാണ് വേണ്ടത്.


വിശ്വാസിക്ക് ഈ കാര്യത്തിൽ പ്രയാസമൊന്നുമില്ല. ഈ പ്രപഞ്ചത്തിന്റെ മഹാതത്വം മാത്രം മതി അവനിലെ ചിന്തകളെ ഉണർത്തുവാൻ. വരാനിരിക്കുന്ന ജീവിതത്തിൻ്റെ സൗഖ്യത്തിനു വേണ്ടി കയ്യിൽ കിട്ടിയ ജീവിതം എന്ന അവസരത്തെ ത്യാഗം ചെയ്യുക എന്നതാണല്ലോ ഈ ദുനിയാവിന്റെ ആകെത്തുക. ഖാറൂനിനെ തൻ്റെ ജനത ഉപദേശിക്കുന്ന രംഗത്തിതിനിടയിലൂടെയാണ് അല്ലാഹു അത് സൂചിപ്പിക്കുന്നത്. അത് ഇപ്രകാരമാണ്: 'തന്റെ ജനത അവനോട് പറഞ്ഞ ഘട്ടം സ്മരണീയമത്രേ: നീ ഹര്‍ഷപുളകിതനാകേണ്ട കേട്ടോ, മതിമറക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല. അല്ലാഹു കനിഞ്ഞേകിയിട്ടുള്ള ഭൗതിക വിഭവങ്ങളിലൂടെ നീ പാരത്രിക മോക്ഷം കാംക്ഷിക്കുക. ഐഹികജീവിതത്തിലുള്ള വിഹിതം നീ വിസ്മരിക്കരുത്. അല്ലാഹു നിനക്ക് നന്മ കനിഞ്ഞതുപോലെ ലോകര്‍ക്ക് നീയും പുണ്യം ചെയ്യുക' (ഖസ്വസ് 76-77). സുരക്ഷിതമായ ഭാവിയെ കുറിച്ചുള്ള വീണ്ടുവിചാരം നബി(സ്വ) പല ക്രമത്തിലും ഉത്ബോധിപ്പിച്ചിട്ടുള്ളതാണ്. അവയിൽ ഒന്ന് ഇമാം ഹാക്കിം ഇങ്ങനെ ഉദ്ധരിക്കുന്നു: അഞ്ച് കാര്യങ്ങൾക്ക് മുമ്പുള്ള അഞ്ചു കാര്യങ്ങളെ നീ ഉപയോഗപ്പെടുത്തുക. വാർദ്ധക്യത്തിനു മുമ്പുള്ള നിൻ്റെ യുവത്വം, രോഗത്തിനു മുമ്പുള്ള നിൻ്റെ ആരോഗ്യം, ദാരിദ്ര്യത്തിനു മുമ്പുള്ള നിൻ്റെ സമ്പന്നത, തിരക്കാകുന്നതിനു മുമ്പുള്ള നിൻ്റെ ഒഴിവുസമയം,
മരണത്തിനു മുമ്പുള്ള നിൻ്റെ ജീവിതം എന്നിവയെ. ഇല്ലെങ്കിൽ 'അവനു ഞാൻ അമ്പെയ്ത്ത് വിദ്യ പഠിപ്പിച്ചു. പഠിച്ചുപഠിച്ച് അവൻ്റെ കൈ ഉറച്ചപ്പോൾ അവൻ എനിക്ക് എതിരെ അമ്പു തൊടുത്തു..., അവനു ഞാൻ കാവ്യവും പ്രാസവും പഠിപ്പിച്ചു; എല്ലാം പരിശീലിച്ചു കഴിഞ്ഞപ്പോൾ ആദ്യമായി അവൻ എനിക്കെതിരെ തെറിപ്പാട്ട് പാടി..'; എന്നു പറഞ്ഞ നിരാശാ കവിയെ പ്പോലെ നാം കൂനിക്കൂടിയിരുന്ന് സങ്കടങ്ങളോട് സമരസപ്പെടേണ്ടി വരും.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso