Thoughts & Arts
Image

കാഷായമണിയുന്ന കഷായ സൂഫിമതം..

2025-11-22

മുഹമ്മദ് തയ്യിൽ സെഞ്ചരി





മണ്ണാർക്കാട് പ്രസ് ക്ലബ്ബിൽ വെച്ചു നടന്ന പത്രസമ്മേളനവും പിറ്റേന്ന് ഒമ്പതാം തിയ്യതി ബീരാൻ ഔലിയ(റ)യുടെ ചാരത്ത് അമ്പംകുന്നിൽ നടന്ന ഓഫീസ് ഉൽഘാടന ചടങ്ങും കണ്ടു തുടങ്ങിയതും തീർത്തതും അൽഭുതവും ആശങ്കയും നിറഞ്ഞ വികാരത്തോടെയായിരുന്നു. അൽഭുതം തോന്നിയത്, ഒരു സന്ദേഹം പോലും ബാക്കി വെക്കാതെ അല്ലാഹു സമ്പൂർണ്ണമാക്കിത്തരികയും നബി തങ്ങൾ സ്വന്തം ജീവിതം കൊണ്ട് ജീവിച്ചു വ്യാഖ്യാനിക്കുകയും 1500 കൊല്ലമായി ഒരു വിള്ളലും ഇല്ലാതെ നിലനിൽക്കുകയും ചെയ്തുവരുന്ന ഇസ്ലാമിക ആദർശത്തെ എത്ര സരളമായിട്ടാണ് ഇങ്ങനെയെല്ലാം ദുർവ്യാഖ്യാനം നടത്തുന്നത് എന്ന് ആലോചിച്ചപ്പോഴാണ്. ആശങ്കപ്പെട്ടതാവട്ടെ സ്വഹാബിമാരും താബിഉകളും കൊണ്ടുവന്ന നല്ല തറയിട്ട് ഉറപ്പിച്ച നമ്മുടെ സമുദായം എന്തിനും ഏതിനും പാകപ്പെട്ടു വരികയാണല്ലോ എന്ന് ആലോചിച്ചപ്പോഴാണ്. പക്ഷേ, അതിനിടയിൽ ഭാഗ്യം പോലെ സംഗതിയുടെ കിടപ്പുവശം മനസ്സിലാക്കാൻ ഭാഗ്യമുണ്ടായി. അത് ബോർഡിൻ്റെ ഒരു ഭാരവാഹിയുടെ പേരും ചിത്രവും ശ്രദ്ധിച്ചപ്പോഴാണ്. അത് ഏതാനും വർഷം മുമ്പുള്ള ഒരു രംഗത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയുണ്ടായി. വീടിൻ്റെ ഏതാണ്ട് മുൻപിൽ എന്ന് പറയാവുന്ന ഒരു സ്ഥലത്ത് നടക്കുന്ന ചെറിയ ഒരു ചടങ്ങ് ഓർമ്മ വന്നു. നഗരങ്ങളെ സംബന്ധിച്ചിടത്തോളം ചെറുത് എന്നാണ് ഉദ്ദേശിച്ചത്. ഞങ്ങളുടെ ഗ്രാമത്തിൽ അത് വലുത് തന്നെയായിരുന്നു. കാരണം, ഗ്രാമമുഖ്യൻ പഞ്ചായത്ത് പ്രസിഡൻറ് മുതൽ വിനീതനായ എന്നെപ്പോലുള്ള പ്രധാന ഭരണിയർ വരെയുള്ളവരെല്ലാം അതിഥികളായി അവിടെ നിറഞ്ഞിരുന്നു. സംഗതി ഒരു ക്ലിനിക്കിന്റെ ഉദ്ഘാടനമാണ്. ഉഴിച്ചിലും പിഴിച്ചിലും മുതൽ സർവ്വ ലോകത്തെയും ചികിത്സിക്കാനുള്ള ചങ്കൂറ്റത്തോടെ ഒരു വിദ്വാൻ തുടങ്ങുകയാണ്. പല പേരിലും ഉള്ള ജോലിക്കാർ അധികവും പെൺകുട്ടികളാണ്. പള്ളിയിലെ ഉസ്താദ് തന്നെയായിരുന്നു പ്രാർത്ഥന നടത്തി സംഗതി വെഞ്ചരിച്ചുകൊടുത്തത് എന്നാണ് ഓർമ്മ. പ്രധാനപ്പെട്ടവരൊക്കെ മഹൽ സംരംഭം എന്ന് പ്രകീർത്തിച്ച് പ്രസംഗിക്കുകയും ചെയ്തു. എന്തെങ്കിലുമാവട്ടെ!


നല്ല തിരക്ക് ഉണ്ടായിരുന്നു ആദ്യ ദിവസങ്ങളിൽ എന്ന് ഇപ്പോഴും ഓർമ്മയുണ്ട്. ഓട്ടോ കാരിയർ ഡ്രൈവറായ സ്നേഹിതനാണ് ചികിത്സയുടെ പുരോഗതി പലപ്പോഴും വലിയ വായിൽ പറയാറുള്ളത്. ഇത് ഒരു ബ്രാഞ്ച് മാത്രമാണ് നിരവധി ബ്രാഞ്ചുകൾ വേറെയുമുണ്ട്. അവിടെയെല്ലാം കഷായ കുപ്പികളും തൈല കുപ്പികളും എത്തിക്കുന്നത് സ്നേഹിതനാണ്. അപ്പോൾ അവനെ അതിനെക്കുറിച്ച് ആധികാരികമായി വിവരിക്കാൻ കഴിയുമല്ലോ. മാനേജർ എന്നോ ഡയറക്ടർ എന്നോ അറിയപ്പെടുന്ന ക്ലിനിക്കിന്റെ പ്രധാന കഥാപാത്രത്തെ പരിചയപ്പെടണം എന്നൊക്കെ കരുതിയതാണ്. ഭാഗ്യം കൊണ്ട് അതൊന്നും ഉണ്ടായില്ല. ഒരു മാസം തികയുന്നതിന് മുമ്പ് അവിടത്തെ അനക്കം നിലച്ചു. പിന്നെ സ്നേഹിതനാണ് സങ്കടത്തോടെ അതും പറഞ്ഞുതന്നത്. 'അയാള് ലോക തട്ടിപ്പാണ്. ഇരകൾ വന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ കക്ഷി മുങ്ങിയതാണ്. ഒപ്പം വേറെയും ചില കേസുകൾ ഉണ്ട്. രോഗികൾ വേണ്ടവിധത്തിൽ വരാത്തതുകൊണ്ട് കക്ഷി ജോലിക്കാരി പെൺകുട്ടികളെ തന്നെ ഉഴിയാനും പിഴിയാനും തുടങ്ങിയ കേസ്'. പലരും തന്നെ തേടി അന്വേഷിച്ചു വരാറുണ്ട് എന്നും അവൻ പറഞ്ഞു. കക്ഷി എവിടെയാണ് എന്നറിയുവാൻ. പക്ഷേ, അവനു പോലും പിടികൊടുക്കാതെയാണ് സമർത്ഥനായ വൈദ്യൻ മുങ്ങിയത്. ഏതായാലും അവനു കിട്ടാനുള്ള ഓട്ടോ കാശ് എല്ലാം കിട്ടിയിട്ടുണ്ട്. ഭാഗ്യവാൻ! പിന്നെ കക്ഷിയെ എൻ്റെ സ്നേഹിതൻ കാണുന്നത് ഞാൻ സൂഫീ ബോർഡിൻ്റെ പത്രസമ്മേളനവും ഓഫീസ് ഉദ്ഘാടനവും യൂട്യൂബിൽ കാണിച്ചു കൊടുക്കുമ്പോഴാണ്.


വലിയ ബിസിനസ് ആയിരുന്നു കക്ഷിയുടേത്. നല്ല വാചാലനാണ്. ആരുടെ ഏത് ലോക്കറിലും സൂക്ഷിച്ച പണം തന്റെ നാവുകൊണ്ട് നക്കിയെടുക്കുവാൻ കഴിവുള്ള സമർത്ഥൻ. ആ നാവുകൊണ്ട് പറഞ്ഞുപറഞ്ഞ് അദ്ദേഹം ഒരുപാട് പേരുടെ കരങ്ങളിൽ നിന്നും പണം വാങ്ങി. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷമാണ് വാങ്ങിക്കുക. ലാഭവിഹിതം ഇരുപതിനായിരം വീതം കൃത്യമായി കിട്ടും എന്ന് പറയുക മാത്രമല്ല ഒരു ലക്ഷം വാങ്ങിയ ഉടനെ തന്നെ അതിൽ നിന്ന് ആദ്യഘടി ലാഭവിഹിതം 20,000 റൊക്കം നൽകുകയും ചെയ്യും. പാവങ്ങൾ വലയിൽ വീഴാൻ പിന്നെ എന്തു വേണം ! ആ ഒരു വിഹിതം അല്ലാതെ മറ്റൊരു വിഹിതവും ആർക്കും കിട്ടാറില്ല. അങ്ങനെയാണ് രീതി. ഇപ്പോഴുള്ള കേന്ദ്രത്തിൽ കഷായത്തിനും എണ്ണക്കും തൈലത്തിനും നൽകുന്നതിനേക്കാൾ ഒരു പണത്തൂക്കം പ്രാധാന്യം ആത്മീയതക്കാണ് എന്ന് കേട്ടിരുന്നു. അവിടെ എന്തോ കാര്യമായ തടസ്സം കണ്ടുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടായിരിക്കണം പുതിയ വേഷം എന്ന് മനസ്സിലായപ്പോൾ മൊത്തത്തിൽ സൂഫി ബോർഡിൻ്റെ കാര്യം പിടികിട്ടി. അതിലെ ഒരാളെ പറ്റി മാത്രമാണ് ഇതുവരെ നാം പറഞ്ഞത്. അദ്ദേഹം കൂടി ഉൾപ്പെട്ട ഒരു സംഘം അയാളിൽ നിന്ന് ഏറെ ആശയ തലത്തിൽ അകലെയാവാൻ സാധ്യതയില്ല. ഉദ്ദേശങ്ങൾ ലക്ഷ്യങ്ങൾ തുടങ്ങിയവയുടെ വിവരണങ്ങളിലും വ്യാഖ്യാനങ്ങളിലും ദേശീയ ഗവൺമെൻ്റ് ആവശ്യത്തിലധികം കടന്നുവരുന്നത് കണ്ടപ്പോൾ മനസ്സിലായി, ഒരുപക്ഷേ ഭരണീയരെ കിട്ടാതെ വരുമ്പോൾ ഭരണാധികാരിയെ കിട്ടുമോ എന്ന് നോക്കുകയായിരിക്കാം എന്ന്. അതെന്തെങ്കിലുമാവട്ടെ, ഒരു കാര്യം ഉറപ്പാണ്. എങ്ങനെയെങ്കിലും മതമേഖലയിൽ പിടിച്ചുനിൽക്കാനുള്ള ഒരു ശ്രമമാണ് ഇത്. അതിന് ഇടം ഒന്നു കൂടി വിശാലമാക്കുന്നു എന്നു മാത്രം. ഭാരതം, ഇസ്ലാമിൽ ഒതുങ്ങാത്ത സൂഫിസം, സ്നേഹം കൊണ്ടുള്ള തേൻ പുരട്ടൽ തുടങ്ങിയവയെല്ലാം അതിൻറെ ലക്ഷണങ്ങളാണ്.


പുതിയ കേരള ഘടകം സൂഫി ബോർഡിൻ്റെ ഉദ്ദേശങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ ഏറെ വിചിത്രമാണ്. നല്ല ഒരു പ്രമേയം അവർ തട്ടിക്കൂട്ടിയിട്ടുണ്ട്. 'മതം വെടിയുക, മനുഷ്യനെ സ്നേഹിക്കുക' എന്നതാണ് അത്. കേൾക്കുമ്പോൾ ഒരുതരം സുഖമൊക്കെ തോന്നുമെങ്കിലും വിശദീകരിക്കുമ്പോൾ എല്ലായിടത്തും തട്ടുകയും മുട്ടുകയും ചെയ്യുന്ന ഒന്നാണ് അത്. ആ തട്ടലും മുട്ടലും വൈരുദ്ധ്യങ്ങളായി ധാരാളം കടന്നുവരുന്നുണ്ട്. ഇസ്ലാമിനും സൂഫിസത്തിനും ഔലിയാക്കൾക്കും എല്ലാം പുതിയ നിർവചനങ്ങൾ ചമയ്ക്കേണ്ടി വന്നിരിക്കുന്നത് ആ വൈരുദ്ധ്യങ്ങൾ കാരണമാണ്. ഇസ്ലാം എന്നാൽ ഒരു മതത്തിൻ്റെ പേര് അല്ല സ്നേഹത്തിൻ്റെ പേരാണ്. മതത്തിന് പേരോ ചടങ്ങുകളോ ഒന്നും ഇല്ല, ഇപ്പോൾ കാണുന്നതെല്ലാം 120 കൊല്ലം മുമ്പ് സംഘടനക്കാർ ഉണ്ടാക്കിയതാണ്. നബി തങ്ങൾ ഇസ്ലാം എന്ന മതം ഒരിക്കലും പ്രചരിപ്പിച്ചിട്ടില്ല. നബി തങ്ങൾ പ്രചരിപ്പിച്ചത് സ്നേഹം മാത്രമാണ്. സൂഫിസം എന്നത് ശുദ്ധ ഭാരതീയതയാണ്. എല്ലാ നല്ല മനുഷ്യരും സൂഫികളാണ്. ഇസ്ലാമിന്റെയും മുസ്ലിമിന്റെയും മാത്രം അതിർത്തികളിൽ അത് ഒതുങ്ങി നിൽക്കുന്നില്ല. സൂഫിസവും ഇസ്ലാമും തമ്മിലുള്ള ബന്ധം കേവലം ഭാഷാപരമാണ്. നബിയുടെ ഭാഷ അറബി ആയിരുന്നതുകൊണ്ടാണ് അറബിയിൽ ഇങ്ങനെ ഒരു പേരുണ്ടായത്. ഇങ്ങനെയൊക്കെ പറഞ്ഞു പോകുക മാത്രമല്ല സൂഫി മതക്കാർ ചെയ്യുന്നത്. മറിച്ച്, വ്യക്തമായ ഉദാഹരണം ലോകത്തിന്റെ മുൻപിലേക്ക് വലിച്ചിട്ട് കൊടുക്കുന്നുണ്ട്. മണ്ണാർക്കാട് ആരുടെയോ പിൻവാതിൽ സഹായം ലഭിച്ചതിതിനാലും അമ്പൻകുന്നിൽ റൂമും വേദിയും ഒത്തു കിട്ടിയതിനാലും ഉദാഹരണം ബീരാൻ ഔലിയ(റ) തന്നെയാണ്. ബീരാൻ ഔലിയ ഒരു മതത്തിൻ്റെ ആളുമായിരുന്നില്ല ഒരു മതക്കാരുടെ ആളുമായിരുന്നില്ല (നഊദുബില്ലാഹ്) എന്നതാണ് തെളിവ്. തെളിവിന്റെ ന്യായം എല്ലാ മതക്കാരും അദ്ദേഹത്തെ കാണാൻ വന്നിരുന്നു എന്നതാണ്.


അവർ ഇതിനകം എഴുന്നള്ളിച്ച ഓരോ വിഡ്ഢിത്തങ്ങളെയും എണ്ണിയെണ്ണി പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ല. അതിനുമാത്രം നിലവാരമുള്ള, ബുദ്ധി ഉപയോഗിക്കേണ്ട ഒന്നും അവർ പറഞ്ഞിട്ടില്ല. അവരുടെ ശരീരഭാഷ കണ്ടാൽ തന്നെ ഏതോ ഒരു മോഹം ചുട്ടെടുക്കാനുള്ള വ്യഗ്രത മാത്രമാണ് അവരുടെ നീക്കത്തിന്റെ പിന്നിൽ എന്നത് വ്യക്തമാണ്. ഒന്നു തെറ്റിയാൽ പിന്നെ പറഞ്ഞുപറഞ്ഞു വലിയ അബദ്ധത്തിൽ ആയിരിക്കുമല്ലോ ചെന്നുചാടുക. അങ്ങനെ ഒരുപാട് അബദ്ധങ്ങളുടെ മാലപ്പടക്കത്തിന് തീകൊടുത്ത വേദിയായിരുന്നു ഉദ്ഘാടന വേദി. മേൽ പറഞ്ഞ ദേശീയ-നവോത്ഥാന ഇംഗിതങ്ങളും അതിമോഹങ്ങളും ചുട്ടെടുക്കാനുള്ള തീവ്രമായ താൽപര്യവും അവരുടെ സ്വാഭാവിക വെളിവ് തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നതു പോലെയാണ്. അതിനുദാഹരണമാണ്, പ്രവാചകൻ, സൂഫികൾ തുടങ്ങിയവർക്കൊക്കെ പുതിയ നിർവചനം ചമച്ചതോടെ പത്രക്കാർ ആരോ ദൈവത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഓരോരുത്തരുടെയും ദൈവം അയാളുടെ ഉള്ളിലുള്ളത് തന്നെയാണ്, അല്ലാത്ത ആകാശത്തിലുള്ള ഒരു ദൈവത്തെ നാം ആരാധിക്കേണ്ടതില്ല എന്നൊക്കെ പറഞ്ഞ് ദൈവ നിഷേധം തന്നെ നടത്തിയത്. എന്നിട്ട് കക്ഷി ഒരു വലിയ സംഗതി ചെയ്തതുപോലെ, വലിയ ഊറ്റത്തോടു കൂടെ ഒരു ചിരി പാസാക്കുന്നുണ്ട്. എല്ലാ മതങ്ങളെയും നിരാകരിക്കുന്നു എന്നു പറയുന്ന പുതിയ ഈ ബോർഡ് മതം, നമ്മുടെ രവിചന്ദ്രനെ പോലുള്ള യുക്തിവാദികൾ കടന്നാക്രമിക്കുന്നത് പോലെ, ഇസ്ലാമിനെ മാത്രമാണ് കടന്നാക്രമിക്കുന്നത് എന്നത് നാം നോട്ട് ചെയ്യേണ്ട കാര്യമാണ്. ഇസ്ലാമിൻ്റെ രണ്ട് അടിസ്ഥാനങ്ങളെയും, അതായത് അല്ലാഹുവല്ലാതെ ഇലാഹില്ല, മുഹമ്മദ് നബി(സ്വ) അല്ലാഹുവിൻ്റെ ദൂതനാണ് എന്നീ തത്വങ്ങളെ രണ്ടിനെയും ഇവർ വ്യക്തമായും നിഷേധിക്കുന്നു.


അല്ലാഹു അല്ലാതെ ഇലാഹില്ല എന്ന അടിസ്ഥാന തൗഹീദ് തത്വം ഇവർ നിഷേധിച്ചിരിക്കുന്നു. അത് അല്പം കൂടി ഗുരുതരമാണ്. എന്നല്ല, അത് ഏറ്റവും ഗുരുതരം തന്നെയാണ്. എന്നാൽ നേരെ ചൊവ്വേ യുക്തിവാദത്തിലേക്കോ മറ്റൊരു മത ദർശനത്തിലേക്കോ അവർ മാറുന്നില്ല. അവർ ചെയ്യുന്നത് നമ്മുടെ വിശ്വാസ സംഹിതയിലെ ഇലാഹ് എന്ന സങ്കല്പത്തെ വികലമായി വിശ്വസിച്ചിരിക്കുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഇലാഹ് നമുക്ക് അരൂപിയാണ്. കാണാനോ കേൾക്കാനോ കഴിയാത്ത അരൂപിയായ ഇലാഹിനെ വണങ്ങാനും ആരാധിക്കാനും നിർബന്ധിതരായ നാം അതിനുവേണ്ടി ആശ്രയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് അവന്റെ സ്വിഫത്തുകൾ എന്ന വിശേഷണങ്ങൾ. ആ വിശേഷണങ്ങൾ വഴി അല്ലാഹു എന്ന മഹാശക്തിയെ സങ്കൽപ്പിച്ചു കൊണ്ടാണ് നാം ആരാധന നിർവഹിക്കേണ്ടത്. വിശ്വസിക്കേണ്ടതും അങ്ങനെയാണ്. നാം കാണുന്നില്ല എങ്കിലും കൃത്യമായി ഉള്ളവനാണ് - മൗജൂദാണ് - അല്ലാഹു. സ്ഥല കാലങ്ങൾ അവന് വേണ്ടതില്ല. പക്ഷേ എന്നാലും അവൻ ഒരു ഉൺമ തന്നെയാണ്. എല്ലാ കാര്യങ്ങളെയും പടക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇലാഹ് അങ്ങനെയുള്ളതായിരിക്കണം. ഇവർ പറയുന്നത്, അങ്ങനെ അഭൗമവും സ്വിഫത്തുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതുമായ ഒരു ദൈവം തന്നെ ഇല്ല എന്നതാണ്. മറിച്ച് ദൈവം തന്നെയാണ് ഈ കാണുന്നതെല്ലാം. നിങ്ങൾ തന്നെയാണ് ദൈവം, നിങ്ങൾ ആരാധിക്കേണ്ടത് നിങ്ങളെ തന്നെയാണ്, എന്നൊക്കെ പറയുമ്പോൾ അവരുടെ ആശയം എല്ലാം മായയാണ് എന്നതായിത്തീരുന്നു. ഇത് കൃത്യമായും പറഞ്ഞാൽ അദ്വൈത സിദ്ധാന്തമാണ്. അദ്വൈത സിദ്ധാന്തം ഹൈന്ദവ ധർമ്മത്തിന് മാത്രമേ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും വിശ്വസിക്കുവാനും കഴിയുകയുള്ളൂ. ശ്രീ ശങ്കരന്റെ അദ്വൈതത്തെ തങ്ങളുടെ ബോർഡ് മതത്തിനു വേണ്ടി കടമെടുക്കുന്നത് കാണുമ്പോൾ ആമുഖത്തിൽ തന്നെ പ്രസിഡണ്ട് തങ്ങൾ ഭാരതീയ ഭരണകൂടത്തിനു വേണ്ടി വിധേയരായി പ്രവർത്തിക്കുന്നവരാണ് എന്ന പ്രയോഗത്തിന്റെ ആശയം പിടികിട്ടുന്നു. ഹൈന്ദവ വിശ്വാസികൾ പുലർത്തുന്ന വിശ്വാസമാണ് ജഗദ് എന്ന ഇഹം മിഥ്യയാണ്, ബ്രഹ്മമാണ് സത്യം എന്ന ധാരണ. അവരുടെ ദൈവം തൂണിലും തുരുമ്പിലും കുടികൊള്ളുന്നത് ഇങ്ങനെയാണ്. ഒരു ധർമ്മത്തിൽ വിശ്വസിക്കുന്നവർ എന്ന നിലക്ക് അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കുന്നതിൽ ഇസ്ലാമിന് വിരോധമൊന്നുമില്ല. പക്ഷേ അത് ശരിയല്ല എന്ന് നാം മാന്യമായി അവരെ അറിയിക്കേണ്ടതുണ്ട്. കാരണം ദൈവം എന്ന ഒരു കേന്ദ്ര ആശയം ഇല്ലാതെ വന്നാൽ പിന്നെ ഓരോരുത്തരും തന്നെത്തന്നെ ദൈവമായി കാണുകയും തൻ്റെ ഇഷ്ടാനിഷ്ടങ്ങളെയും താല്പര്യങ്ങളെയും ദൈവ താൽപര്യമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന സാഹചര്യം വരും. അത് വലിയ കൂട്ടിമുട്ടലുകൾക്കും സ്തംഭനങ്ങൾക്കും വഴി തുറക്കും. മനുഷ്യകുലത്തിനും അവരുടെ ലോകത്തിനും പ്രകൃതിദത്തമായ ഒഴുക്ക് നഷ്ടപ്പെടും.


നബി തങ്ങളെ കുറിച്ച് പറയുന്നത്, നബി(സ്വ) ഇസ്ലാം പ്രബോധനം ചെയ്തിട്ടില്ല, മറിച്ച് എല്ലാവരെയും സ്നേഹിക്കുക മാത്രമായിരുന്നു എന്നൊക്കെയാണ്. ഇതിന് ഉത്തരം പറയാൻ അല്ലാഹുവിൻ്റെ തൗഫീഖിൻ്റെ ഒരു കണികയെങ്കിലും ഉള്ള ഏതു കുട്ടിക്കും ഇസ്ലാമിൽ കഴിയും. കാരണം നബി തങ്ങളുടെ പ്രബോധന ജീവിതം മുഴുവനും കലുഷിതമായിരുന്നു. ശത്രുക്കൾ രാവും പകലും മറന്ന് നബിയെ വേട്ടയാടി. ഇതെല്ലാം 'നിങ്ങളെ എല്ലാവരെയും സ്നേഹിക്കണം' എന്നു പറഞ്ഞതു കൊണ്ടായിരുന്നു എന്നാണ് ബോർഡ് മതത്തിൻ്റെ നിലപാട്. നബി തങ്ങൾ യുദ്ധങ്ങൾ ചെയ്തത്, സന്ധികൾ ചെയ്തത്, സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നത്, ചർച്ചകൾക്ക് വേണ്ടി ദൂതന്മാരെ നിയോഗിച്ചത്, രാജാക്കന്മാരെ ക്ഷണിച്ചത്.. ഇതൊക്കെ സ്നേഹപ്രകടനം മാത്രമായിരുന്നോ എന്ന് ചോദിച്ചാൽ അവർ വേറെ എന്തെങ്കിലും പറഞ്ഞ് അതിനു മുകളിൽ ഒരു ചിരി പാസാക്കി രക്ഷപ്പെടുന്നത് കാണാം. നബി തങ്ങൾക്ക് നേരെ നടന്ന ഒന്നിലധികം വധശ്രമങ്ങൾ, തിരുമുൻപല്ല് തകർന്നുപോയ അനുഭവങ്ങൾ, തീർഥാടനത്തിന് പുറപ്പെടവെ വഴിയിൽനിന്ന് മടങ്ങേണ്ടി വന്ന സാഹചര്യങ്ങൾ, കല്യാണം കഴിച്ചതിന്റെ സദ്യ ഒരുക്കാൻ പോലും അനുവദിക്കാതെ സ്വന്തം മണ്ണിൽ നിന്ന് മാറി ആഘോഷിക്കേണ്ടി വന്ന സന്ദർഭങ്ങൾ... ഇതെല്ലാം ചരിത്രത്തിൽ ചൂണ്ടിക്കാണിച്ചു കൊടുത്താൽ അവരെ പിന്നെയും ചിരിക്കും. പിന്നെ എന്തെങ്കിലും ഒന്ന് പറഞ്ഞു വഴിതിരിച്ചുവിടും. സൂത്രശാലികളായ കപട വിരുതന്മാരുടെ പതിവ് പണികൾ തന്നെയാണ് ഇതെല്ലാം. ഏതായാലും നബി തങ്ങൾ ഇസ്ലാം എന്ന ആദർശത്തിന്റെ അവസാനത്തെ പ്രവാചകനായിരുന്നു എന്നത് അവർ നിഷേധിച്ച നിലക്ക് ഉള്ളിൽ അവരെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല എന്നു വന്നിരിക്കുന്നു.


നിലപാടുകൾ ഇവിടെയൊന്നും ഒതുങ്ങുന്നില്ല. ഭാരതീയ പൈതൃകത്തിനാണ് ഇവർ മഹത്വം നൽകുന്നത്. പിന്നെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും റിക്രൂട്ട് ചെയ്യുവാൻ ആർക്കും കഴിയില്ല എന്ന് ആദ്യമേ ഇവർ പറഞ്ഞുവെക്കുന്നുണ്ട്. അത് പുരോഹിതന്മാരുടെയും പണ്ഡിതന്മാരുടെയും ഇടപെടലുകളെ തടയാൻ വേണ്ടിയുള്ള ഒരു മുൻകൂർ ശ്രമമാണ്. നൃത്തവും സംഗീതവും കണ്ണിലും മനസ്സിലും കണ്ട എന്തും ഇവരുടെ മതത്തിൽ ഹലാലാണ്. അതിനു പറയുന്ന ന്യായം ബഹുരസമാണ്. സൂഫിക്ക് എന്തും ചെയ്യാം, കാരണം സൂഫി നിയന്ത്രണ വിധേയനാണ് എന്നതാണ് ആ ന്യായം. ഹറാമുകൾ എന്ന ഒന്ന് ഒരിക്കലും ഒട്ടും ഇല്ല എന്ന് ഇടക്ക് ജനറൽ സെക്രട്ടറി ഔദ്യോഗികമായി തന്നെ പ്രസ്താവിക്കുന്നുമുണ്ട്. ഇവരുടെ ആദർശത്തിലേക്കും മതത്തിലേക്കും പ്രവേശനം മെമ്പർഷിപ്പ് വഴിയാണ്. മേൽപ്പറഞ്ഞ യോഗത്തിൽ ഒരു മസ്താനും ഒരു സ്വാമിക്കും മെമ്പർഷിപ്പ് നൽകുകയുണ്ടായി. ഒരാളുടെ തലപ്പാവ് മഞ്ഞയും മറ്റെയാളുടെ തലപ്പാവ് കാവിയുമാണ്. ഹല്ലാജ് മുതൽ പ്രേം നസീർ വരെയുള്ളവർക്ക് ഹോണററി അംഗത്വം കൊടുത്തത് പോലെയാണ് വർത്തമാനം. ഇങ്ങനെയിങ്ങനെ ഏതാനും പേർ പത്രസമ്മേളനത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു എന്നതാണ് ചുരുക്കം.


ഇത് യുക്തിവാദികളുടെയും തീവ്രവാദികളുടെയും ആശയമാണ് എന്നതിൽ സംശയമില്ല. അങ്ങനെ ഒരു പ്രത്യേക ബ്ലോക്കായി ഒരു കൂട്ടം ആൾക്കാർ നിലനിൽക്കുകയാണ് എങ്കിൽ നമുക്ക് അതിൽ പ്രത്യേകിച്ചും ഒരു മതേതര രാജ്യത്ത് ഒന്നും പറയാനുമില്ല. എല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണ്. പക്ഷേ അവരുടെ നീക്കം അങ്ങനെ സ്വന്തമായി നിന്ന് പുതിയ ഒരു മതമായി വികസിക്കാനൊന്നുമല്ല. കാരണം, ഇങ്ങനെയൊക്കെ പറയുമ്പോഴും ഉദ്ഘാടനയോഗം ദുആ കൊണ്ടാണ് അവർ ആരംഭിക്കുന്നത്. ദുആയിലെ ആദ്യ വാചകം നേരത്തെ അവർ നിഷേധിച്ച ദൈവത്തിന് സ്തോത്രം നേരുന്നതാണ്. രണ്ടാമത്തെ വാചകം മുഹമ്മദ് നബി എന്ന ഇസ്ലാമിക പ്രവാചകനു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. സൂഫിസത്തെ പുതുതായി നിർവചിച്ച ഇവർ അജ്മീർ ഖാജാ തങ്ങളെയും അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയെയും എല്ലാം ശ്ലാഖിക്കുന്നുണ്ട് എന്നത് മറ്റൊരു വൈരുദ്ധ്യം. ഖാജാ തങ്ങളുടെ ഒപ്പു കിട്ടാതെ ഒരാൾക്കും ഔലിയ ആകാൻ കഴിയില്ല എന്നൊക്കെ വിദ്വാൻ തട്ടിവിടുന്നുണ്ട്. മഅ് രിഫത്തിനും വന്നിട്ടുണ്ട് പുതിയ നിർവചനം. അതിന് മുസ്ലിം ലോകം ഇതുവരെയും നൽകിയ അർത്ഥം ആത്മജ്ഞാനം എന്നതാണല്ലോ. വികാരങ്ങളെ മറികടന്നും ആത്മീയതയിൽ ലയിച്ചമർന്നും സൂഫികൾ ഒരു പ്രത്യേക പദവിയിൽ എത്തുമ്പോൾ അവരുടെ മനസ്സുകൾക്കും ബോധമണ്ഡലങ്ങൾക്കും ലഭിക്കുന്ന തെളിച്ചമാണ് ആത്മജ്ഞാനം എന്ന് ഇസ്ലാമിക സംഹിതയിൽ കാലം ഇതുവരെയും നിർവചിക്കപ്പെട്ടിട്ടുള്ളത്. ഇവർ പറയുന്നത് അത് ആത്മജ്ഞാനം അല്ല ബ്രഹ്മജ്ഞാനമാണ് എന്നാണ്. അങ്ങനെ പറയേണ്ടി വരുന്നത് അദ്വൈതം നേരത്തെ പറഞ്ഞതു കൊണ്ടാണ്. മാത്രമല്ല, നിങ്ങളീ പറയുന്നതിനെല്ലാം എന്താണ് തെളിവ് എന്ന് ആരെങ്കിലും നിരൂപണം ചെയ്താൽ അതിനുള്ള ഒരു മുൻകൂർ മറുപടിയും എന്ന നിലക്കാണ്. കാരണം അവർക്ക് അപ്പോൾ പറയാമല്ലോ, ഞങ്ങൾ പറയുന്നതെല്ലാം തെളിവിന്റെ അടിസ്ഥാനത്തിലോ ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിലോ അല്ല, മറിച്ച് ഞങ്ങൾക്ക് ലഭ്യമായിട്ടുള്ള ബ്രഹ്മജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന്. അപ്പോൾ പിന്നെ സംഗതി തപ്പി നോക്കാനോ പരിശോധിക്കാനോ കഴിയാതെ വരുമല്ലോ.


ഒരു കുമിള എന്നതിലപ്പുറം ബോർഡ് മതത്തിന് കേരളത്തിൽ നിലനിൽപ്പുണ്ടാകും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവർക്ക് വളരുവാൻ കഴിയുന്ന മണ്ണല്ല ഇപ്പോൾ കേരളം. അതുകൊണ്ട് അമ്പംകുന്നിൽ നിന്ന് കിട്ടിയ പിൻവാതിൽ സഹായം, ആ സഹായി മനസ്സുമുട്ടിയോ അദ്ദേഹത്തിൻ്റെ സംഘടനയുടെ മുകളിൽ നിന്നുള്ള സമ്മർദ്ദത്തിന് വിധേയമായോ പിൻവലിക്കുന്നതോടെ കാര്യാലയത്തിന് വാടക കൊടുക്കാൻ പോലും കഴിയാതെ ബോർഡ് മതം ചക്രശ്വാസം വലിക്കുമെന്നത് എല്ലാവർക്കും പ്രതീക്ഷിക്കാവുന്ന ഒരു കാര്യം തന്നെയാണ്. അതിനാൽ ഇവരെക്കുറിച്ച് ഒരുപാടൊന്നും തലപുകക്കേണ്ട ആവശ്യമില്ല എന്നാണ് തോന്നുന്നത്. പക്ഷേ, നാം ജാഗ്രതയോടെ കാണേണ്ട മറ്റൊരു വശം തീർച്ചയായും ഉണ്ട്. അത്, ഇത്തരം നീക്കങ്ങളുടെ പിന്നാമ്പുറ ശക്തികളെ കുറിച്ചാണ്. പിന്നാമ്പുറത്ത് ഹൈന്ദവ ഫാഷിസവും അവരുടെ രാഷ്ട്രീയ അജണ്ടകളും ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം ഇത്തരക്കാർക്ക് പേടിയില്ലാതെ രംഗത്തിറങ്ങുവാൻ മാത്രം കേരളീയ മുസ്ലിം സമൂഹത്തിൻ്റെ സാമുദായിക പശ്ചാത്തലം മാറി വരുന്നുണ്ട് എന്നതുമാണ്. ഇതിനകം തന്നെ കേരളത്തിലെ രണ്ടു പ്രധാന കക്ഷികൾ ഇവർക്ക് ചെല്ലും ചെലവും കൊടുക്കുന്നതും ഇവരെ പ്രചോദിപ്പിക്കുന്നതും നിങ്ങളാണ് എന്ന് പരസ്പരം ആക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിട്ടുണ്ട്. അതിന് എതിർകക്ഷിയെ എല്ലൊടിച്ച് മുക്കിലിടാവുന്ന തരത്തിലുള്ള തെളിവുകൾ രണ്ട് വിഭാഗവും എടുത്തിടുന്നുമുണ്ട്. അതിൻ്റെ പിന്നാമ്പുറങ്ങളെല്ലാം രഹസ്യമായതുകൊണ്ട് നമുക്ക് അത് തെളിയിക്കാൻ പ്രയാസമുണ്ട്. പക്ഷേ എന്നാലും എന്തൊക്കെയോ അവിശുദ്ധ ബാന്ധവങ്ങൾ ഇവിടെയോ അവിടെയോ അല്ലെങ്കിൽ രണ്ടിടത്തുമോ ഉണ്ട് എന്നത് മനസ്സിലാക്കാൻ വെറും ബുദ്ധി മാത്രം മതി. ആ രണ്ടു വിഭാഗവും തങ്ങളുടെ കൈ കഴുകി, കാൽ കഴുകി കയറിയാൽ തന്നെ, ലോകം ഇനി മതങ്ങളെ മലർത്തിയടിക്കുവാൻ ഉപയോഗിക്കുവാൻ ലക്ഷ്യമിടുന്ന സർവ്വ മത സത്യവാദം എന്ന വൈറസിൻ്റെ ആക്രമണം നമ്മുടെ കേരളത്തിലും തുടങ്ങിയിരിക്കുകയാണ് എന്ന് നമുക്ക് തീർച്ചയായും പറയാം. അത് മേൽപ്പറഞ്ഞ ഏതിനേക്കാളും വലിയ ആശങ്ക തന്നെയാണല്ലോ.
0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso