Thoughts & Arts
Image

കുടുംബത്തെ കൂട്ടിപ്പിടിക്കാം

2025-11-22

വെളളിത്തെളിച്ചം
ടി എച്ച് ദാരിമി


പെങ്ങളുടെ തോളിൽ കൈവച്ചുകൊണ്ട് ആങ്ങള ചോദിച്ചു, ആരാണ് ഏറ്റവും ശക്തൻ എന്ന്. അവൾ തിരിഞ്ഞുനോക്കി അവനോട് പറഞ്ഞു, ഞാൻ ഞാനാണ് ഏറ്റവും ശക്ത എന്ന്. ഉദ്ദേശിച്ച മറുപടി അല്ല കിട്ടിയത് എന്നതു കൊണ്ടായിരിക്കാം വീണ്ടും വീണ്ടും ആങ്ങള അതേ ചോദ്യം ആവർത്തിച്ചു, മൂന്നു വട്ടം. അപ്പോഴെല്ലാം പെങ്ങൾ തൻ്റെ ഉത്തരത്തിൽ തന്നെ പിടിച്ചുനിന്നു. ദേഷ്യപ്പെട്ട്, നിരാശയോടെ മടങ്ങി വാതിൽ പടിയിൽ എത്തുമ്പോൾ അവിടെ നിന്നുകൊണ്ട് ഒരിക്കൽ കൂടി തെല്ലുച്ചത്തിൽ തന്നെ ആങ്ങള അതേ ചോദ്യം ആവർത്തിച്ചു, ആരാണ് ശക്തൻ എന്ന ചോദ്യം. അവൾ പറഞ്ഞു: 'അതെന്താ ഇത്ര ചോദിക്കാൻ? നീ തന്നെ!' അപ്പോൾ ആങ്ങളക്ക് തോന്നി, തന്റെ ചോദ്യത്തിന്റെ ചൂടു കൊണ്ടായിരിക്കാം അവൾ മറുപടി മാറ്റി പറഞ്ഞത് എന്ന്. അവൻ അടുത്ത് വന്ന്, എന്താ നീ അങ്ങനെ ഇപ്പോൾ മാറ്റി പറയാൻ എന്ന് ആരാഞ്ഞു. അവൾ പറഞ്ഞു: 'നീ തൊട്ടുപിന്നിൽ വന്നുനിന്നു തോളിൽ കൈവെച്ചുകൊണ്ട് ചോദിക്കുമ്പോൾ ഞാൻ തന്നെയായിരുന്നു ഏറ്റവും ശക്ത. കാരണം നീ എന്നെ തൊട്ട് തൊട്ടുപിന്നിലായി ഒരു പർവ്വതം കണക്ക് മാറുവിരിച്ച് നിൽക്കുമ്പോൾ നീ എൻ്റെ ശക്തിയുടെ സ്രോതസ്സായി മാറുകയാണ്. നീ എന്നെ വിട്ടു അകന്നു നിൽക്കുമ്പോൾ എൻറെ ശക്തി അകന്നു നിൽക്കുകയാണ് അപ്പോൾ ഞാനല്ല നീയാണ് ശക്തി'. ആരോ കൽപ്പിച്ചുണ്ടാക്കിയ ഒരു ഒരു കഥ മാത്രമാണ് ഇത്. പക്ഷേ ഈ കഥ പറഞ്ഞു തരുന്നത് കഥയല്ല, കാര്യമാണ്. പ്രശസ്തനായ ഒരു എഴുത്തുകാരൻ മെനഞ്ഞ മറ്റൊരു കഥ കൂടി ഒപ്പം ചേർത്തുവെക്കാൻ ഉണ്ട്. അത് ആറു വയസ്സെങ്കിലും പ്രായമുള്ള സ്വന്തം അനുജനെ ഒക്കത്തു വെച്ച് നടന്നു പോകുന്ന ഒരു പത്തു വയസ്സുകാരി നാടോടി പെൺകുട്ടിയുടേതാണ്. 'ഇവൻ നടക്കാൻ ഒക്കെ പ്രായമായിട്ടുണ്ടല്ലോ പിന്നെ എന്തിനാണ് നീ ഇവനെ പ്രയാസപ്പെട്ട് ചുമന്നു നടക്കുന്നത്?' എന്ന് എതിരെ വന്ന ഒരാൾ ചോദിച്ചു. ആശ്ചര്യത്തോടെ കണ്ണുകൾ ഉയർത്തി അവൾ ചോദിച്ചു: 'ഇവൻ എൻ്റെ അനുജനല്ലേ, പിന്നെ എങ്ങനെയാണ് അവനെ ചുമക്കുമ്പോൾ ഭാരമുണ്ടാവുക!, എങ്ങനെയാണ് അവനെ എടുത്തു നടക്കുമ്പോൾ പ്രയാസം ഉണ്ടാവുക!' ഈ കഥയും നമുക്ക് ഒരു കാര്യം പറഞ്ഞു തരികയാണ്.


മേൽപ്പറഞ്ഞ കഥകളിലെ കാര്യം മനസ്സിലാക്കുവാൻ നാം കുറച്ചു കൂടി പിന്നിൽ നിന്ന് നടന്നു തുടങ്ങേണ്ടിയിരിക്കുന്നു. സാമൂഹ്യ ജീവിയായ മനുഷ്യന് പരസ്പരം കൊണ്ടും കൊടുത്തും സ്നേഹിച്ചും സഹായിച്ചും സ്വീകരിച്ചും സമർപ്പിച്ചും അല്ലാതെ ജീവിക്കുവാൻ കഴിയുകയില്ല. അങ്ങനെയല്ലാതെ ജീവിച്ചാൽ മാത്രമല്ല, ജീവിക്കാൻ ശ്രമിച്ചാൽ തന്നെ അവൻ എത്തിച്ചേരുക അപരിഹാര്യമായ കുരുക്കുകളിലേക്കായിരിക്കും. അത് അവൻ മനസ്സിലാക്കിയിരിക്കേണ്ട ആദ്യ സാമൂഹ്യ പാഠങ്ങളിൽ പെട്ടതാണ്. പക്ഷേ എല്ലാവർക്കും എല്ലാം മനസ്സിലാകണമെന്നില്ല. ജീവിത സാഹചര്യങ്ങൾ പ്രതികൂലമാകയാൽ ചിന്ത വളരാതെ പോയ ചിലരെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ ചിന്തിക്കാൻ കൂട്ടാക്കാതെ അഹങ്കരിച്ച് നടക്കുന്നവരും ഉണ്ടാകും. അത്തരക്കാർ ഈ കുരുക്കുകളിൽ സ്വാഭാവികമായും കുരുങ്ങിപ്പോയേക്കും. പക്ഷേ, മനുഷ്യൻ്റെ സൃഷ്ടാവും വിധാതാവും അവരുടെ കൂടെ റബ്ബാണ്. അതിനാൽ, അവൻ അത്തരക്കാരെ പോലും പരിഗണിച്ചുകൊണ്ട് ഒരിക്കലും അവഗണിക്കാത്ത വിധത്തിൽ നിർബന്ധ വൽകൃതമായ മനുഷ്യ ബന്ധങ്ങളെ ചേർത്തു കെട്ടി മനുഷ്യരെ പരസ്പരം ബന്ധിപ്പിച്ചു വെച്ചിരിക്കുന്നു. അത് അവൻ നിർവഹിച്ചിരിക്കുന്നത് മനുഷ്യ ഉൺമയുടെ അടിസ്ഥാന ഘടകമായ രക്തം വഴിയാണ്. രക്തബന്ധം വഴി കൂട്ടിച്ചേർക്കപ്പെട്ട ബന്ധങ്ങൾ മുറിക്കണമെന്ന് വിചാരിച്ചാൽ പോലും ഒരളവോളം മാത്രമേ മുറിക്കുവാൻ കഴിയൂ. ആ ബന്ധം ഏതു കാറ്റിനെയും കോളിനേയും പോലും അതിജയിക്കും. ഉപ്പയും ഉമ്മയും മകനും മകളും സഹോദരനും സഹോദരിയും അതേ അർത്ഥത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന തൊട്ടടുത്ത കുടുംബ ശൃംഖലയും ഇതിന് ഉദാഹരണമാണ്. ആര് അവഗണിച്ചാലും അവസാനം വന്ന് കൈ പിടിക്കാൻ ഈ ബന്ധങ്ങളാണ് ഉണ്ടാവുക. ഏതു തെറ്റിനെയും മറക്കുവാൻ ഈ ബന്ധങ്ങളിൽ ഉള്ളവർക്കാണ് കഴിയുക. സ്വന്തങ്ങളെ സഹായിക്കുവാൻ എന്തും നൽകാൻ ഇവർക്കാണ് മനസ്സുണ്ടാവുക. ഇവരുടെ മനസ്സിൽ നിന്നും ഉയരുന്ന പ്രാർത്ഥനകൾക്ക് തെളിച്ചം കൂടുതലായിരിക്കും. ഇവരുടെ സ്നേഹങ്ങൾക്ക് മധുരം കൂടുതലായിരിക്കും. സ്വന്തങ്ങൾക്ക് വേണ്ടിയുള്ള ഏത് ഭാരവും നാടോടി പെൺകുട്ടിയുടെ ഒക്കത്തിരിക്കുന്ന കനമില്ലാത്ത ആ ആറു വയസ്സുകാരനെ പോലെ ആയിരിക്കും.


വിശുദ്ധ ഖുർആനിലുമുണ്ട് സമാനമായ ഒരു ചരിത്രം. അത് നൂഹ് നബിയുടേതാണ്. അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം കപ്പൽ ഉണ്ടാക്കുമ്പോൾ തന്നെ വരാനിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം മുൻകൂറായി സ്വന്തം കുടുംബത്തെക്കുറിച്ച് ആലോചിച്ചു. ആ ആലോചന അള്ളാഹു അദ്ദേഹത്തിൻ്റെ മനസ്സിൽ നിന്ന് വായിച്ചെടുത്തു. വ്യാകുലപ്പെടേണ്ട താങ്കളുടെ കുടുംബത്തെ നാം രക്ഷപ്പെടുത്തും എന്ന് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു. രക്ഷപ്പെടാനുള്ള ഭാഗ്യം വിധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അങ്ങയുടെ കുടുംബത്തെയും കപ്പലിൽ കയറ്റിയേക്കൂ എന്ന് അല്ലാഹു പറഞ്ഞു. (ഹൂദ്: 40). പിന്നെ മഹാപ്രളയം തുടങ്ങി. ഒരു അടുപ്പിൽ നിന്നായിരുന്നു ജലം തിളച്ചു വന്ന് പ്രതലമാകെ നിറഞ്ഞത്. 'താൻ വല്ല മലയിലും കയറി രക്ഷപ്പെട്ടു കൊള്ളാം രക്ഷപ്പെട്ടു കൊള്ളാം' എന്നു അഹങ്കരിച്ച മകൻ്റെ കണക്കുകൂട്ടലുകൾക്ക് കാലിടറി. മകൻ മുങ്ങുകയും പൊങ്ങുകയും ശ്വാസത്തിനു വേണ്ടി പോരാടിക്കുകയും ചെയ്യുന്നത് ആ പിതാവ് നേരിൽ കണ്ടു. അപ്പോൾ അദ്ദേഹത്തിലെ പിതൃത്വം സടകുടഞ്ഞ എഴുന്നേറ്റു. അവിശ്വാസികളെയും ദുർമാർഗികളെയും താങ്കളെയും കപ്പൽ നിർമ്മാണത്തെയും പരിഹസിച്ചവരെയും ഞാൻ വെറുതെ വിടില്ല എന്ന് അള്ളാഹു പറഞ്ഞിരുന്നതാണ്. അദ്ദേഹത്തിൻ്റെ മകൻ അത്തരം ആൾക്കാരിൽ പെട്ട ആളുമാണ്. എന്നിട്ടും ആ പിതാവിൻ്റെ മനസ്സ് പിടഞ്ഞു പോയി. അദ്ദേഹം തന്റെ നാഥനെ വിളിച്ചു കേണു: 'രക്ഷിതാവേ, എന്റെ പുത്രന്‍ സ്വകുടുംബാംഗം തന്നെയാണല്ലോ; നിന്റെ വാഗ്ദാനമാകട്ടെ സത്യവും, നീയാകട്ടെ ഏറ്റവും ഉത്തമനായ വിധികര്‍ത്താവും'. തന്റെ കുടുംബത്തെ രക്ഷിക്കാം എന്ന വാഗ്ദാനത്തിൽ തന്റെ മകനെ കൂടി ചേർക്കുമോ എന്ന് ഓർമ്മിപ്പിക്കുകയായിരുന്നു നൂഹ് നബി(അ).


രക്തബന്ധം ഇത്രമേൽ പ്രധാനമായതുകൊണ്ടാണ് ഇസ്ലാം അത് വലിയ വികാരത്തോടു കൂടെ അവതരിപ്പിക്കുന്നത്. അനിവാര്യമായും നിലനിർത്തേണ്ട ബന്ധമാണ് കുടുംബ ബന്ധം. അത് സത്യവിശ്വാസികളുടെ വിശേഷണമായിരിക്കും എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധ ഖുർആൻ തന്നെ കുടുംബബന്ധം കാത്തുസൂക്ഷിക്കുന്നതിനെ ഓർമ്മപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു: 'കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍' (ഖുര്‍ആന്‍ 13: 21). ഹദീസുകളിൽ ഈ ആശയത്തിന് നബി തങ്ങൾ വലിയ പ്രാധാന്യം നൽകിയതു കാണാം. നബി(സ്വ) പറയുന്നു: ‘ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവര്‍ കുടുംബബന്ധം നിലനിര്‍ത്തട്ടെ’ (ബുഖാരി), മറ്റൊരു ഹദീസ് ഇങ്ങനെയാണ്: ’കുടുംബ ബന്ധം തകര്‍ത്തവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’. ഒരിക്കല്‍ ഒരു യുവാവ് പതിവു പോലെ താന്‍ പങ്കെടുക്കാറുണ്ടായിരുന്ന അബൂഹുറൈറ(റ)വിന്റെ ഹദീസ് മജ്ലിസിൽ പങ്കെടുക്കാന്‍ പോയി. അന്ന് അവിടെ കൂടിയ വരോട് അബൂ ഹുറൈറ (റ)പറഞ്ഞു. ‘കുടുംബ ബന്ധം മുറിച്ചവര്‍ ആരെങ്കിലും ഈ സദസ്സിലുണ്ടെങ്കില്‍ അവര്‍ ഇവിടെ നിന്നും പോകണം.’ ഇത് ക്ലാസിലെത്തിയ ആ യുവാവിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അദ്ദേഹം ഉടന്‍ തന്നെ അവിടെ നിന്നിറങ്ങി നഗരത്തില്‍ താമസിക്കുന്ന തന്റെ അമ്മായിയെ തിരിച്ചുവിളിക്കാന്‍ പോയി. തനിക്ക് പൊറുത്തു തരാന്‍ യുവാവ് അവരോട് ആവശ്യപ്പെട്ടു. തന്റെ മുന്‍കാല ചെയ്തികളെക്കുറിച്ചും പെരുമാറ്റത്തിലും അവരോട് മാപ്പു നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ മനംമാറ്റത്തിന്റെ കാരണം അന്വേഷിച്ച അമ്മായിയോട് യുവാവ് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അവര്‍ പശ്ചാതാപം സ്വീകരിച്ചു. എന്നിട്ട് യുവാവിനോട് പറഞ്ഞു നീ അബൂഹുറൈറയോട് ചോദിക്കണം, പതിവില്‍ നിന്നും വിപരീതമായി എന്തുകൊണ്ടാണ് ഇപ്പോള്‍ കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തതെന്ന്. ഇതു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അബൂഹുറൈറ(റ) മറുപടി പറഞ്ഞു: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ‘ആര് കുടുംബബന്ധം വിഛേദിച്ചുവോ പിന്നീട് അവന്റെ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുകയില്ല’. ഇതു കേട്ടതോടെയാണ് അത്തരത്തില്‍ ഒരാളും തന്റെ ക്ലാസില്‍ ഇരിക്കേണ്ട എന്നു ഞാന്‍ തീരുമാനിച്ചത്'.


കുടുംബ ബന്ധങ്ങളിൽ വീഴുന്ന വിള്ളലുകൾ പരിഹരിക്കുവാൻ പ്രത്യേകം കോടതികൾ വരെ പ്രവർത്തിക്കുന്ന, സ്വാർത്ഥത മൂത്തുമൂത്ത് സ്വന്തം മാതാവിനെ പോലും ആട്ടിയും ചവിട്ടിയും പുറത്താക്കുന്ന ഈ കാലത്ത് ഇതെല്ലാം വീണ്ടും ഉണർത്തേണ്ടി വന്നിരിക്കുകയാണ്. കുടുംബബന്ധം നിലനിൽക്കണമെങ്കിൽ ഓരോ അംഗത്തിനും നല്ല ക്ഷമ ഉണ്ടായിരിക്കണം. ഒപ്പം വിട്ടുവീഴ്ചയ്ക്ക് കഴിയുന്ന വിശാലമനസ്സും ഉണ്ടായിരിക്കണം. ഒരു നോട്ടമോ, സംസാരമോ, പ്രവൃത്തിയോ കാരണത്താൽ പോലും ബന്ധങ്ങള്‍ തകരുന്ന കാഴ്ച വ്യാപകമാണ്. ഇതിനാണ് വിട്ടുവീഴ്ച വേണ്ടി വരുന്നത്. അതും നബി തങ്ങളിൽ നിന്ന് തന്നെ നമുക്ക് പഠിക്കാൻ കഴിയും. ഒരു വ്യക്തി വന്നുകൊണ്ട് ഒരിക്കൽ നബി(സ്വ)യോട് പരിഭവപ്പെട്ടു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം പുലർത്തുവാൻ ശ്രമിക്കുമ്പോൾ അവര്‍ എന്നോടുള്ള ബന്ധം മുറിക്കുന്നു. ഞാന്‍ അവരോട് നന്മ ചെയ്യുമ്പോൾ അവര്‍ തിരിച്ച് എന്നോട് മോശമായി പെരുമാറുന്നു. ഞാൻ അവരോട് വിവേകം കാണിക്കുമ്പോൾ അവർ തിരിച്ച് എന്നോട് വിവരക്കേട് കാണിക്കുന്നു'. നബി(സ്വ) പറഞ്ഞു: 'നീ പറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീറു തീറ്റിക്കുകയാണ്. നീ ഈ അവസ്ഥ തുടരുന്നിടത്തോളം അല്ലാഹുവിന്റെ സഹായം നിന്നോടൊപ്പമുണ്ടായിക്കൊണ്ടിരിക്കും'.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso