കുരുന്നുകൾ
ടി എച്ച് ദാരിമി
സമസ്ത കേരള ജംഇയ്യത്തൽ ഉലമാ നൂറാം വാർഷികം ആഘോഷിക്കുകയാണല്ലോ. നൂറാം വാർഷികമാണ് ആഘോഷിക്കുന്നത് എന്നിരുന്നിട്ടും അതിൻ്റെ പ്രമേയം 'ആദർശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ..' എന്നാണ് എന്നത് കൂട്ടുകാർ ശ്രദ്ധിച്ചിട്ടുണ്ടോ. 'ആദർശവിശുദ്ധി പതിറ്റാണ്ടുകളിലൂടെ..' എന്നല്ലേ ശരിക്കും പറയേണ്ടത് എന്ന് എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സ് ചോദിച്ചിട്ടുണ്ടോ?. ഉണ്ടെങ്കിൽ ശരിക്കും നാം ആഘോഷിക്കുന്നത് നമ്മുടെ ആദർശത്തിൻ്റെ നൂറ്റാണ്ടുകൾ തന്നെയാണ് എന്നാണ് അതിനുള്ള മറുപടി. എങ്ങനെയെന്നല്ലേ ! , പറയാം.
നബി(സ്വ) തങ്ങൾ നമ്മെ ഏൽപ്പിച്ചു പോയ സമ്പൂർണ്ണ ദീനിനെ തന്നെയാണ് ആദർശം എന്നു വിളിക്കുന്നത്. അത് നബി തങ്ങൾ നമ്മെ ഏൽപ്പിച്ചത് എല്ലാ അർത്ഥത്തിലും പരിപൂർണ്ണമായി കൊണ്ടാണ്. അതുകൊണ്ടാണ് ഇനി ഒരു പ്രവാചകൻ വരില്ല, വരേണ്ടതില്ല എന്നു പറഞ്ഞിട്ടുള്ളത്. പക്ഷേ, ഒന്നുണ്ട്. നബി തങ്ങൾ അപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് പിന്നീട് നമ്മുടെ സമുദായത്തിൽ പല അഭിപ്രായവ്യത്യാസങ്ങളും വിഭിന്ന വീക്ഷണങ്ങളും തലപൊക്കും എന്ന്. എന്നാൽ ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങൾ വന്നുവന്ന് ഈ ആദർശം ഒരുനാൾ ഇല്ലാതെയാകും എന്നു ഭയപ്പെടാനില്ല. കാരണം അന്ത്യനാൾ വരെയും സത്യത്തിന്റെ ആദർശ പാതയിൽ അടിയുറച്ചു നിൽക്കുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ടായിരിക്കും എന്നും നബി തങ്ങൾ പഠിപ്പിച്ചിട്ടുള്ളതാണ്. ഒരു അഭിപ്രായവ്യത്യാസങ്ങളിലും പെടാതെ ശരിയായ ആദർശത്തിൽ അടിയുറച്ചു നിൽക്കുന്ന ആ ഒരു വിഭാഗം അൽഹംദുലില്ലാ ഇപ്പോൾ നമ്മളാണ്. അതെന്തുകൊണ്ട് എന്നല്ലേ, പറയാം.
ഒന്നാം ഖലീഫ അബൂബക്കർ(റ) രണ്ടാം ഖലീഫ ഉമർ(റ) എന്നിവരുടെ കാലത്തൊന്നും ഇത്തരം ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായില്ല. എന്നാൽ മൂന്നാം ഖലീഫ ഉസ്മാൻ(റ)വിൻ്റെ കാലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായി. അവ പ്രധാനമായും രാഷ്ട്രീയപരമായിരുന്നു. അന്ന് നാം പറഞ്ഞ ശരിയായ ആദർശ വഴിയിലുള്ളവർ ഉസ്മാൻ(റ)വിന്റെ പിന്നിൽ പതറാതെ അടിയുറച്ചു നിന്നു. പിന്നെ നാലാം ഖലീഫ അലി(റിൻ്റെ കാലത്ത് പ്രശ്നമുണ്ടായി. അലി(റ), മുആവിയ(റ), അംറുബിനുൽ ആസ്(റ), അബു മൂസ അൽ അശ്അരി(റ) എന്നിവരടക്കം പ്രധാന സ്വഹാബിമാർക്കെതിരെ ഇറാഖിൽ ഒരു കൂട്ടക്കാർ രംഗത്ത് ഇറങ്ങി. ഖവാരിജിയ്യാക്കൾ എന്നു കേട്ടിട്ടില്ലേ, അവരായിരുന്നു അത്. അന്ന് നാം പറഞ്ഞ ശരിയായ ആദർശ വഴിയിൽ ഉള്ളവർ സ്വഹാബിമാരുടെ ഒപ്പം അടിയുറച്ചു നിന്നു. ഒരു ഭിന്ന സ്വരത്തിന്റെയും കൂടെ നാം പോയില്ല.
പിന്നെ ഉണ്ടായ പ്രശ്നം മുഅ്ത്തസിലീ ചിന്താപ്രസ്ഥാനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായതായിരുന്നു. എല്ലാം യുക്തികൊണ്ട് തീരുമാനിക്കാം എന്ന് കരുതുന്നവരും വിശ്വസിക്കുന്നവരും ആയിരുന്നു അവർ. ഹിജ്റ ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകൾ അവർ വിളയാടിയ കാലങ്ങളായിരുന്നു. നിരവധി പേർ അവരുടെ വലയിൽ വീണു എങ്കിലും യഥാർത്ഥ ആദർശ പാതയിൽ നിൽക്കുന്നവർ അവരുടെ ഒരു കെണിയിലും വീണില്ല. പരിശുദ്ധ ഖുർആനും തിരുസുന്നത്തും അവ രണ്ടിനും മഹാന്മാരായ ഇമാമുകൾ നൽകിയ വ്യാഖ്യാന വിശദീകരണങ്ങളും തന്നെയാണ് മതത്തിൻ്റെ അടിസ്ഥാനം, മറിച്ച് യുക്തിയോ സ്വന്തം ചിന്തയോ ഒന്നുമല്ല എന്ന് നമ്മുടെ ആദർശ പാതയിൽ നിൽക്കുന്നവർ ഉറച്ചു വിശ്വസിച്ചു. ഇതേ കാലങ്ങളിലായി തന്നെ ഖദരിയ്യാക്കൾ, ജബരിയാകൾ തുടങ്ങി പലരും തലപൊക്കി. ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങൾ വളർന്നുവന്നാൽ ഒരുനാൾ ഈ ആദർശത്തിന്റെ അടിക്കല്ലുകൾ ഇളകി പോകും എന്നു കരുതിയത് കൊണ്ടാകും അല്ലാഹു ഈ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ തന്നെ നമുക്ക് നാല് കർമ്മ ശാസ്ത്ര മദ്ഹബുകൾ തന്ന് അനുഗ്രഹിച്ചു. ഹനഫി, ശാഫി, മാലികി, ഹമ്പലി എന്നീ നാലു മദ്ഹബുകളും വ്യവസ്ഥാപിതമായി സ്ഥാപിക്കപ്പെട്ടത് ഈ മൂന്ന് നൂറ്റാണ്ടുകളിൽ ആയിട്ടായിരുന്നു. ഇതോടെ നമ്മുടെ വഴിയിൽ നിൽക്കുന്നവർ ഈ നാലിൽ ഒരു മദ്ഹബ് പിന്തുടർന്ന് ജീവിക്കുവാൻ തുടങ്ങി. ധാരാളം കക്ഷികൾ ഇസ്ലാമിൻ്റെ പേരിൽ രംഗത്തുണ്ടായിരുന്നതിനാൽ നമ്മെ വേർതിരിച്ചറിയുവാൻ ഒരു പേരും വേണ്ടിവന്നു. നമ്മുടെ ആ പേരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ.
പിന്നെ പലരും കയറി മേയുവാൻ സാധ്യതയുള്ള മേഖല നമ്മുടെ വിശ്വാസമായിരുന്നു. യുക്തി ചിന്തകൾ വിശ്വാസത്തെ ബാധിച്ചേക്കാം എന്ന അവസ്ഥ പ്രകടമായി തുടങ്ങിയത് ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും നാലാം നൂറ്റാണ്ടിലും ആയിരുന്നു. ഈ അവസരത്തിൽ സത്യമായ ആദർശ പാതയിൽ അടിയുറച്ചു നിൽക്കുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅക്ക് ഉണ്ടായ ഒരു തൗഫീഖ് ആണ് വിശ്വാസപരമായ രണ്ടു മദ്ഹബുകൾ. മാത്തുരീദി, അശ്അരീ എന്നിവയാണ് ആ രണ്ടു മദ്ഹബുകൾ. അപ്പോൾ ശരിയായ ആദർശ പാതയിൽ അടിയുറച്ചു നിൽക്കുന്നവർ സ്വഹാബത്തിനെയും ഫിഖ്ഹിലെ നാലിൽ ഒരു മദ്ഹബിനെയും വിശ്വാസത്തിൽ രണ്ടിൽ ഒരു മദ്ഹബിനെയും പിൻപറ്റുന്നവരാണ് എന്നു മനസ്സിലായല്ലോ.
ഹിജ്റ അഞ്ചാം നൂറ്റാണ്ട് ആയപ്പോഴേക്കും മുസ്ലിം ലോകം ഒരുപാട് വികസിക്കുകയും സാമ്പത്തികമായി വളരുകയും ചെയ്തിരുന്നു. അതോടെ മുസ്ലിം ജനത പൊതുവേ രണ്ടിലൊരു പ്രകൃതത്തിലേക്ക് മാറി. ദീനും ദീനിന്റെ കൽപ്പനകളും പരിഗണിക്കാതെ സുഖലോലുപന്മാരായി ജീവിക്കുന്ന ഒരു വിഭാഗം, വിശ്വാസത്തിന്റെയോ മറ്റോ പേരിൽ ഇസ്ലാമിനെ ഒരു തീവ്രവാദമായി മാത്രം കാണുന്ന മറ്റൊരു വിഭാഗം എന്നിങ്ങനെ. ഭൂരിപക്ഷം ആൾക്കാരും ഒന്നാമത് പറഞ്ഞ വിഭാഗത്തിൽ പെട്ടവരായിരുന്നു. അങ്ങനെ വന്നത് അവരുടെ ഉള്ളിലെ ആത്മീയതക്ക് മങ്ങലേറ്റതു കൊണ്ടായിരുന്നു. അതിനാൽ ഹിജ്റ അഞ്ചാം നൂറ്റാണ്ട് ആയപ്പോഴേക്കും ആദർശത്തിന്റെ വിശ്വാസ സംഹിതയെ ഉത്തേജിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. ആ സമയത്താണ് അതിൻ്റെ ആമുഖമെന്നോണം പല പ്രമുഖ പണ്ഡിതന്മാരെയും അല്ലാഹു നമുക്ക് തന്നത്. ഇമാം ബാഖില്ലാനി, ഇമാം ഹറമൈനി, ഇമാം ഗസ്സാലി തുടങ്ങിയവരെല്ലാമാണ് ആത്മീയതയുടെ അടിത്തറ പാകിയത്. അതുകഴിഞ്ഞ് മുഹിയുദ്ദീൻ ശൈഖ്(റ) അടക്കം 4 ആത്മീയ ഗുരുക്കന്മാരെ അല്ലാഹു നമുക്ക് തന്നു. അവരിലൂടെ തസവ്വുഫ് എന്ന ഇസ്ലാമിക ആത്മീയതയും സ്ഥാപിതമായി. അതോടെ, സ്വഹാബത്തിന്റെ പിന്തുടർച്ചയും നാലാൽ ഒരു ഫിഖ്ഹ് മദ്ഹബും രണ്ടാൽ ഒരു വിശ്വാസ മദ്ഹബും ഒപ്പം തസ്വവ്വുഫും ചേർത്തുപിടിക്കുന്നവർ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അനുയായികൾ മാത്രമാണ് എന്നു വന്നു. ഇനി നമ്മളുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ! നമ്മളും ഇതേ വഴിയിൽ ആണല്ലോ ജീവിച്ചു പോയിക്കൊണ്ടിരിക്കുന്നത്.
ഈ പറഞ്ഞ നാലു ഖുത്ബുകളുടെ കാലം കഴിഞ്ഞതിന്റെ ഉടനെയായി അഥവാ ഹിജ്റ 670 ല്‍ അബൂ അബ്ദില്ലാഹില്‍ ഹള്റമി എന്ന പണ്ഡിതൻ നമ്മുടെ താനൂരിലെ വലിയകുളങ്ങര പള്ളിയില്‍ ദർസ് നടത്തിയിരുന്നതിന് രേഖയുണ്ട്. പള്ളിദർസുകൾ എന്നത് കേരളത്തിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ മാത്രം സവിശേഷത ആണല്ലോ. അന്ന് മുതൽ ഇന്നുവരെയും അത് നിലനിൽക്കുന്നു. അപ്പോൾ കേരളത്തിലെ സുന്നികളായ നാം സ്വഹാബത്തിലൂടെയും മദ്ഹബുകളിലൂടെയും തസവ്വുഫിലൂടെയും വന്നുവന്ന് പള്ളി ദറസിൽ എത്തിനിൽക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഇതേ പള്ളി ദറസിനെ ആധാരമാക്കി കൊണ്ടാണ് അന്നുമുതൽ ഇന്നുവരെയും നാം മുന്നോട്ട് പോകുന്നത്. അതിനിടയിൽ ബുഖാറയിൽ നിന്നും ഹളർ മൗത്തിൽ നിന്നും തങ്ങന്മാർ വന്നു. പൊന്നാനി കേന്ദ്രീകരിച്ച് മഖ്ദൂമുമാർ വന്നു. വെളിയങ്കോട്ട് ഉമ്മർ ഖാദി തുടങ്ങിയ മഹാപണ്ഡിതന്മാർ വന്നു. ഇതെല്ലാം ആദർശത്തിന്റെ ഈ വഴിയിൽ വന്നവരും നിലനിന്നവരുമാണ്. ഇതേ വഴിയിലാണ് നമ്മുടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിറവിയെടുത്തത്. അപ്പോൾ സമസ്ത നൂറാം വാർഷികം ആഘോഷിക്കുമ്പോൾ അത് വെറും 100 കൊല്ലത്തിന്റെ ആഘോഷമല്ല, 15 നൂറ്റാണ്ടുകളുടെ ആഘോഷമാണ് എന്ന് മനസ്സിലായില്ലേ.
ടി എച്ച് ദാരിമി
ഒളിച്ചോടിയവരുടെ ഒളിപ്പോരുകൾ
1921 ലെ മലബാർ കലാപം എന്ന് കേട്ടിട്ടില്ലേ. അക്കാലത്ത് നമ്മുടെ നാട് ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് മുസ്ലിം മാപ്പിളമാരോട് ഉണ്ടായിരുന്ന കഠിനമായ വെറുപ്പിനും വിദ്വേഷത്തിനും എതിരെ നമ്മുടെ പൂർവികന്മാർ നടത്തിയ ചെറുത്തുനിൽപ്പായിരുന്നു മലബാർ കലാപം. മുസ്ലിംകളോട് പ്രത്യേകമായ വിദ്വേഷം പുലർത്തിയിരുന്നു വെള്ളക്കാർ. നമ്മൾ മതപരമായ കെട്ടുറപ്പുള്ള ഒരു സമുദായമായി ജീവിക്കുന്നതും നമ്മുടെ പ്രദേശങ്ങളിൽ നാം സാമ്പത്തികമായി പുരോഗതി നേടുന്നതും ഒന്നും അവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. പിന്നെ അവർ ചെയ്യുന്ന ചതികളും കൊള്ളകളും നാം കണ്ടു നിൽക്കുകയും ഇല്ല, ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും. ഇതൊക്കെയായിരുന്നു അവർക്ക് മാപ്പിളമാരോട് ഇത്ര വിദ്വേഷം ഉണ്ടാക്കാൻ പ്രധാന കാരണം.
നമ്മുടെ ചെറുത്തുനിൽപ്പുകൾക്ക് നമ്മുടെ നേതാക്കന്മാർ ധീരമായ നേതൃത്വം നൽകി. ആലി മുസ്ലിയാർ മുതൽ കെ എം മൗലവി വരെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുതൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വരെയും ഉള്ള നേതാക്കന്മാർ വിവിധ രൂപത്തിൽ മലബാറിലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകി. കലാപം കഴിഞ്ഞപ്പോൾ അവരിൽ ചിലരെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ ഒരുങ്ങി. പൊതുജനങ്ങളെ ബ്രിട്ടീഷ് ഗവൺമെന്റിന് എതിരെ സംഘടിപ്പിച്ചു എന്നതായിരുന്നു അവർക്കുമേൽ ചാർത്തിയിരുന്ന കുറ്റം. അവരിൽ പലരും ധീരതയോടെ രംഗത്ത് ഉറച്ചുനിന്നു. അവരിൽ പലരെയും വെള്ളക്കാർ കൊന്നു നശിപ്പിച്ചു. കൂട്ടത്തിൽ വേണ്ടത്ര ധൈര്യമില്ലാത്ത ചിലരുണ്ടായിരുന്നു. അവർ മലബാറിൽ നിന്ന് ആരും കാണാതെ ഒളിച്ചോടി. അവർ തമ്പടിച്ചത് കൊടുങ്ങല്ലൂരായിരുന്നു.
ഇങ്ങനെ ഒളിച്ചോടിയവർക്ക് ഒരു വ്യതിരിക്തത ഉണ്ട്. എന്താണെന്നല്ലേ, ഒരു ഭാഗത്ത് ശരീരം കൊണ്ട് ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യത്തിനു വേണ്ടി പോരടിക്കുമ്പോഴും അവരുടെ മനസ്സ് നാട്ടിലെ പാവപ്പെട്ട മാപ്പിള മുസ്ലിംങ്ങളോട് പോരടിക്കുകയായിരുന്നു. അവർ കലാകാലങ്ങളായി ചെയ്തുവരുന്ന മരിച്ചവർക്ക് വേണ്ടിയുള്ള ദുആ, മഹാന്മാരുടെ ഖബർ സിയാറത്ത്, നബി തങ്ങളുടെ മൗലിദ്, മഹാന്മാരുടെ അപദാനങ്ങൾ പറയുന്ന മാലകൾ തുടങ്ങിയവയൊക്കെ ചെയ്യുന്നവരെല്ലാം യഥാർത്ഥ ആശയത്തിന്റെ പുറത്തും പിഴച്ചവരും ആണ് എന്ന് പ്രചരിപ്പിക്കുകയായിരുന്നു ഈ ഒളിച്ചോടിയ ആൾക്കാർ. പക്ഷേ മലബാറിൽ അത് ഇന്നത്തേത് പോലെ അന്നും നടന്നില്ല. അതിൽ നിരാശരായിരുന്നു അവർ. അതുകൊണ്ടാണ് കൊടുങ്ങല്ലൂർ ഒരു മാപ്പിള കേന്ദ്രമായിരുന്നില്ല എന്നിട്ടും അവിടെ ചിലർ അവർക്ക് ഒളിത്താവളം ഒരുക്കിയത്. അവരുടെ അതേ ആശയക്കാരായ ചിലർ അവിടെയുണ്ടായിരുന്നു.
അവിടെ ഒളിവിൽ കഴിയുന്നതിനിടയിൽ മലബാര്‍ കലാപത്തിൽ നിന്നും തെക്കോട്ട് ഓടിരക്ഷപ്പെട്ട കെ എം മൗലവി, ഇ കെ മൗലവി, മാഹിന്‍ ഹമദാനി തുടങ്ങിയവർ അവിടെ തങ്ങളുടെ ആശയങ്ങളെ പൊടിതട്ടിയെടുക്കുവാൻ ശ്രമിച്ചു. അവർക്ക് പുറത്തിറങ്ങി കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. അതിനുവേണ്ട ധൈര്യവും ഉണ്ടായിരുന്നില്ല. ഈ സമയത്ത് അവർക്ക് അവിടെ നിന്ന് ചില കൂട്ടാളികളെയും കിട്ടി. ചില മുൻഷിമാരെയും മറ്റും. മധ്യപൗരസ്ത്യ ദേശങ്ങളില്‍ വഹാബിസം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച റശീദ് രിളയുടെ അല്‍മനാറിന്റെയും മറ്റും സ്ഥിരം വായനക്കാരായിരുന്നു ഇവരെല്ലാം. അക്കാലത്ത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വഴി തങ്ങളുടെ ആശയത്തിലേക്ക് ജനങ്ങളെ പിടിച്ചു കൊണ്ടുവരുവാൻ ശ്രമിച്ചിരുന്നത് ഈജിപ്തിലെ ഇത്തരം ചില പുത്തൻ വാദക്കാരായിരുന്നു. പരമ്പരാഗതമായി പിന്തുടർന്ന് പോരുന്ന എല്ലാ കാര്യങ്ങളെയും തള്ളിക്കളയുക എന്നതാണ് അവരുടെ പൊതുവായ നയം. എന്നിട്ട് അവർ അതിനെ സ്വയം നവോത്ഥാനം എന്ന് വിളിച്ച് ആത്മസുഖം അനുഭവിക്കുകയും ചെയ്യും.
ഇങ്ങനെ കിട്ടിയ ആശയങ്ങൾ നേരെ ചൊവ്വേ സമുദായത്തോട് പറയാൻ പറ്റിയ സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല. ജനങ്ങൾ അത്രമാത്രം സത്യസന്ധമായി പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറപോലെ കൊണ്ടുനടക്കുന്നവരായിരുന്നു. അതിനാൽ തങ്ങളുടെ ആശയങ്ങൾ എങ്ങനെ ചിലവാക്കും എന്ന് ചിന്തിച്ചു നടക്കുന്നതിനിടയിലാണ് അവർക്ക് ഒരു വഴി വീണു കിട്ടിയത്. അത് അവിടെയുള്ള ചില വലിയ മാപ്പിള കുടുംബങ്ങൾ തമ്മിൽ ഉണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങൾ ആയിരുന്നു. ആ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനുള്ള മാധ്യസ്ഥന്മാർ എന്ന നിലക്ക് ഇവരിൽ ചിലർ അതിൽ കയറിക്കൂടി. അത് അതിവേഗം പറഞ്ഞു തീർക്കാവുന്ന നിസ്സാരമായ പ്രശ്നങ്ങൾ ആയിരുന്നു. അതു പറഞ്ഞു തീർന്നിട്ടും ഈ കക്ഷികൾ പിരിഞ്ഞു പോവാതെ അവരോട് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ നമുക്കൊരു ഐക്യസംഘം ഉണ്ടാക്കാം എന്ന് പറഞ്ഞുപറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെ വളഞ്ഞ വഴിയിലൂടെ ഉണ്ടായ ഒരു അവിശുദ്ധ സന്തതിയായിരുന്നു 1922 ൽ തട്ടിക്കൂട്ടിയ ഐക്യ സംഘം.
സംഘം ഉണ്ടാക്കാനുള്ള കുറുക്കുവഴി ഉപയോഗപ്പെടുത്തി സംഘം രൂപീകരിച്ച് അധികം കഴിയുന്നതിന് മുമ്പ് അവർ കക്ഷത്തു നിന്നും അവരുടെ കൃതികൾ എടുത്ത് അത് പ്രചരിപ്പിക്കാൻ തുടങ്ങി. ആദ്യമൊന്നും ഐക്യസംഘത്തിന്റെ നയനിലപാടുകളെ കുറിച്ച് പൊതുസമൂഹത്തിന്, അഭിപ്രായങ്ങള്‍ പറഞ്ഞു തീര്‍ക്കുന്ന ഒരു വേദി എന്നതിനപ്പുറം യാതൊന്നുമറിയില്ലായിരുന്നു. 1923-ല്‍ ഏറിയാട്ടു വെച്ചു നടന്ന പ്രഥമ വാര്‍ഷിക സമ്മേളനത്തോടെയാണ് അതിന്റെ തനിനിറം പുറത്തുവരാന്‍ തുടങ്ങിയത്. മാത്രമല്ല നാട്ടുമധ്യസ്ഥതക്ക് വേണ്ടി ഉണ്ടാക്കിയ സംഘത്തിനു കീഴില്‍ ‘മുസ്‌ലിം ഐക്യം’, ‘അല്‍ ഇര്‍ശാദ്’ എന്നീ മാസികകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോഴും അവയിൽ വഹാബീ ആശയങ്ങള്‍ പുറത്തു വന്നപ്പോഴും ജനങ്ങളുടെ സംശയം വർദ്ധിച്ചുവന്നു.
എതിര്‍പ്പുകള്‍ വർദ്ധിച്ചു വന്നതോടെ മൗലവിമാർ അങ്കലാപ്പിലായി. ഈ എതിർപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി കേരള മുസ്‌ലിംകള്‍ക്കിടയില്‍ പൊതു സമ്മതനായ ഒരു പണ്ഡിതന്റെ നേതൃത്വത്തില്‍ മറ്റൊരു സമ്മേളനം സംഘടിപ്പിക്കുകയാണെന്ന് അവരുടെ ബുദ്ധിയിൽ ഉദിച്ചു. അതനുസരിച്ച് അവർ വേലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പ്രിന്‍സിപ്പളായിരുന്ന ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്തിനെ കൊണ്ടുവന്ന് 1924 മെയ് 10,11,12 തിയ്യതികളില്‍ ആലുവായില്‍ സമ്മേളനമൊക്കെ നടത്തി നോക്കി. കേരളത്തിലുടനീളം സഞ്ചരിച്ച് ജനങ്ങളെ വശീകരിക്കാൻ ശ്രമിച്ചു. ഒന്നും ഫലം ചെയ്തില്ല. സമുദായത്തെ സമുദ്ധരിക്കാൻ ഒരുപാട് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തും എന്ന് അവർ പറഞ്ഞിരുന്നു. ഒരു ഓത്തു പള്ളി പോലും അവർ സ്ഥാപിച്ചില്ല. ആകെ അവർ ഉണ്ടാക്കിയതായി ചരിത്രം രേഖപ്പെടുത്തിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഒന്നോ രണ്ടോ സമ്മേളനങ്ങൾ നടത്തി. മറ്റൊന്ന്, അവർ എറണാകുളത്ത് ഒരു മുസ്‌ലിം ബാങ്ക് സ്ഥാപിച്ചു. മിതമായ പലിശ വാങ്ങുന്നത് ഹറാം അല്ല എന്ന് ഐക്യസംഘത്തിലെ ചില മൗലവിമാര്‍ ഫത്‌വയിറക്കിയതോടെ അതിനെയും കാറ്റുപോയി. (കേരള മുസ്‌ലിം നവോത്ഥാന ചരിത്രം: 58). മാധ്യസ്ഥൻമാരായി അണിഞ്ഞ മുഖംമൂടി പിന്നെ അഴിച്ചിട്ട് അവർക്ക് കേരള ജംഇയ്യത്തുൽ ഉലമയും പിന്നീട് നദ് വത്തുൽ മുജാഹിദീനും ഉണ്ടാക്കേണ്ടി വന്നു. ഇപ്പോൾ ചെയ്തതും ചെയ്യാത്തതും ഒക്കെ നവോത്ഥാനമാണ് എന്നും പറഞ്ഞ് ആത്മ രതി പൂണ്ട് അവർ അങ്ങനെ പോവുകയാണ്.
0
Thoughts & Arts
വെറും നൂറല്ല, നൂറ്റാണ്ടുകളുടെ നൂറാണ്
2025-11-22
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso