ഇഅ്ജാസ്
ടി എച്ച് ദാരിമി
പരിണാമവാദത്തെ കുറിച്ചുള്ള വായനകളിൽ നമ്മുടെ ശ്രദ്ധയെ ഏറെ ആകർഷിക്കുന്ന ഒന്നാണ് ജാഹിളിന്റെ പരിണാമവാദം. ഇങ്ങനെ പറയുമ്പോൾ ജാഹിളും ഡാർവിനെ പോലെ ഒരു പരിണാമ വാദി ആയിരുന്നു എന്നു കരുതരുത് എന്ന് ആദ്യമേ വായനക്കാരെ ഉണർത്തേണ്ടതുണ്ട്. ഈ വായനയിൽ അവർ ആദ്യമേ തെറ്റിദ്ധരിച്ച് തുടങ്ങാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ പറയുന്നത്. അബൂ ഉസ്മാൻ ബിൻ ബഹ്ർ അൽ-കിനാനി എന്നാണ് ജാഹിളിന്റെ യഥാർത്ഥ നാമം. ആഫ്രിക്കൻ വംശജനായിരുന്നു എങ്കിലും ജനിച്ചതും വളർന്നതും മരിച്ചതും എല്ലാം ഇറാഖിലെ ബസ്വറയിലാണ്. എ ഡി 776 ൽ ആയിരുന്നു ജനനം. വളരെ ദരിദ്രമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിത പശ്ചാത്തലങ്ങൾ. പക്ഷേ, ആ പശ്ചാത്തലങ്ങളുടെ ദാരിദ്ര്യമൊന്നും അദ്ദേഹത്തിൻ്റെ ബുദ്ധിയിലും ചിന്തയിലും ആവിഷ്കാരത്തിലും ഉണ്ടായിരുന്നില്ല. ഔപചാരികമായ വിദ്യാഭ്യാസങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. ഓരോരുത്തരും തനിക്ക് താല്പര്യമുള്ള വിഷയങ്ങളുടെ മുൻപിൽ ചമ്രംപടിഞ്ഞിരുന്ന് വിദ്യകൾ വശത്താക്കുന്ന കാലമായിരുന്നു അത്. സാഹിത്യമായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന വിഷയം. അറബി കവിതാലോകം, വ്യാകരണ ശാസ്ത്രം, തുടങ്ങിയവയിൽ അദ്ദേഹം വളരെ ചെറുപ്പത്തിലേ നല്ല അവഗാഹം നേടി. പ്രകൃതി-ജീവി നിരീക്ഷണങ്ങൾ അദ്ദേഹത്തിന് വളരെ കൗതുകമുള്ള ഒരു കാര്യമായിരുന്നു. അങ്ങനെ തൻ്റെ ഉള്ളിലെ അറിവുകളെയും അതിനുവേണ്ടിയുള്ള ത്വരകളെയും അനുഭവിച്ചും ആസ്വദിച്ചും അദ്ദേഹം വൈജ്ഞാനിക യാത്ര തുടർന്നു. ആ യാത്ര മരിക്കുവോളം തുടർന്ന അദ്ദേഹം വ്യത്യസ്ത വിഷയങ്ങളിലായി ഏതാണ്ട് 200-ഓളം ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. നിർഭാഗ്യവശാൽ, അതിൽ മുപ്പത് ഗ്രന്ഥങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളവയെ കാലം മണ്ണിട്ട് മൂടി എന്ന് വേണമെങ്കിൽ പറയാം. അദ്ദേഹത്തെക്കുറിച്ച് നന്നായി പഠിച്ച പണ്ഡിതന്മാർ ഇതിനെ ഒരു വലിയ നഷ്ടമായി എപ്പോഴും പറയുന്നുണ്ട്.
അദ്ദേഹത്തിൻ്റെ ലഭ്യമായ രചനകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രചന 'കിതാബുൽ ഹയവാൻ' (ജന്തുക്കളുടെ പുസ്തകം) എന്ന കൃതിയാണ്. ഏഴു വാല്യങ്ങളിലായി ബെെറൂത്തിലെ ദാറുൽ കുതുബിൽ ഇൽമിയ്യ ഈ ഗ്രന്ഥം അച്ചടിച്ചുവരുന്നുണ്ട്. ഇതിൽ അദ്ദേഹം 350 ഓളം വ്യത്യസ്ത ഇനം ജന്തു വർഗ്ഗങ്ങളെ പരിചയപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കത്തിലെ അധികഭാഗവും ഈ ആശയത്തിലുള്ളതായതിനാലാണ് ഇതിനെ ഒരു ജന്തുശാസ്ത്ര ഗ്രന്ഥമായി കാണുന്നത്. അതേസമയം ഇതിൽ തന്നെ തത്വപാഠങ്ങൾ മുതൽ ചില കഥകൾ വരെ അദ്ദേഹം ഇടയ്ക്കിടെ പറയുന്നുണ്ട്. ഒരുപാട് പുരുഷായുഷ്കാലങ്ങൾ കൊണ്ട് വായിച്ചു തീർക്കേണ്ട കൃതികൾ അദ്ദേഹം വായിച്ചുതീർത്ത തായിട്ടാണ് ആ കാലഘട്ടം സാക്ഷ്യപ്പെടുത്തുന്നത്. ഇബ്നു ഹഫ്ഫാൻ എന്ന സമകാലികൻ അദ്ദേഹത്തെക്കുറിച്ച് പറയുന്ന വാക്കുകൾ യാഖൂത്തുൽ ഹമവി ഇങ്ങനെ തൻ്റെ മുഅ്ജമിൽ ഉദ്ധരിക്കുന്നുണ്ട്: 'വായനയെ ഇത്രമേൽ ഇഷ്ടപ്പെട്ട ഒരാളെയും ഞാൻ എൻ്റെ ജീവിത കാലത്തിൽ കണ്ടിട്ടില്ല. കയ്യിൽ കിട്ടുന്ന ഏതു ഗ്രന്ഥവും അദ്ദേഹം ആർത്തിയോടെ വായിക്കും. വായിച്ചതെല്ലാം അദ്ദേഹത്തിൻ്റെ മനസ്സിൽ പതിഞ്ഞിരിക്കുകയും ചെയ്യും. ഇമാം ദഹബി പറയുന്നത്, ആ കാലം കണ്ട ഏറ്റവും വലിയ ബുദ്ധിമാനും വായനക്കാരനും നിരീക്ഷകനും എല്ലാമായിരുന്നു ജാഹിള് എന്നാണ്. (സിയറു അഅ്ലാമിന്നുബലാഅ്)
അദ്ദേഹത്തിൻ്റെ ജീവിത കാലം (ഹി. 159-255) പൊതുവേ ബൗദ്ധിക വ്യാപാരങ്ങളുടേതും വ്യവഹാരങ്ങളുടേതും ആയിരുന്നു. കാരണം അത് അബ്ബാസി കാലഘട്ടത്തിൽ ചിന്തകൾ തിളച്ചുമറിയുന്ന അവസരമായിരുന്നുവല്ലോ. അബ്ബാസി കാലഘട്ടം കണ്ട ഏറ്റവും വലിയ പ്രശ്നം മുഅ്തസിലി ചിന്താധാരയായിരുന്നു. ഭൗതികത ആവശ്യത്തിന് അധികം കലർന്ന ഒരു ചിന്താ പ്രസ്ഥാനം ആയിരുന്നു മുഅ്തസിലിസം. അമവി ഖിലാഫത്തിന്റെ അവസാന ദശകളിൽ രൂപം കൊള്ളുകയും അബ്ബാസി ഭരണഘട്ടത്തിൽ വളർന്നു വികസിക്കുകയും ചെയ്ത മുഅ്തസിലിയ്യത് എന്ന ചിന്താപ്രസ്ഥാനത്തിന് ബീജാവാപം നടത്തിയത് ഇമാം ഹസനുൽ ബസ്വരി(റ)(ഹി. 21- 110) യുടെ ശിഷ്യനായിരുന്ന വാസ്വിൽ ബിൻ അത്വാഇ(ഹി. 80–131) എന്നയാളായിരുന്നു. വൻദോഷം ചെയ്തവർ മുഅ്മിനോ കാഫിറോ അല്ല, അവർ സ്വർഗ്ഗവും നരകവും അല്ലാത്ത മൂന്നാമതൊരിടത്തായിരിക്കും എന്ന വാദത്തിൽ നിന്നായിരുന്നു തുടക്കം. ഇതിൻ്റെ പേരിൽ ഹസനുൽ ബസ്വരിയുടെ മജ്ലിസിൽ നിന്ന് ഇറങ്ങിപ്പോയതോടെ അവർ ഇറങ്ങിപ്പോയവർ എന്ന അർഥത്തിൽ 'മുഅ്തസിലികൾ' എന്നു വിളിക്കപ്പെട്ടു. അവർ അവരെ സ്വയം വിളിച്ചിരുന്നത് തൗഹീദിന്റെയും നീതിയുടെയും ആളുകൾ എന്നായിരുന്നു. പിന്നീട് മനുഷ്യന് തന്റെ ചെയ്തികൾക്ക് പൂർണ ഉത്തരവാദിത്തമുണ്ട്, അവന്റെ കർമങ്ങൾ അവന്റെ മാത്രം സൃഷ്ടിയാണ് എന്നുമവർ വാദിച്ചു. ഇതെല്ലാം സമർഥിക്കുവാൻ അവരുടെ ആശ്രയം തങ്ങളുടെ യുക്തി മാത്രമായിരുന്നു. അപ്പോൾ സ്വാഭാവികമായും പ്രമാണങ്ങൾ ഉണ്ടായിരിക്കെ യുക്തിക്കെന്താണ് പ്രാധാന്യം എന്ന എതിർചോദ്യം വന്നു. അതോടെ വീണിടത്ത് നിന്നെഴുനേൽക്കുവാൻ യുക്തി പ്രമാണമാണ് എന്നവർക്കു പറയേണ്ടിവന്നു. മുഅ്തസിലികളും നമ്മളും പേർപിരിയുന്നത് ഇവിടെ വെച്ചാണ്. നമുക്ക് പരിശുദ്ധ ഖുർആനും തിരുസുന്നത്തും അവയ്ക്ക് മഹാന്മാർ നൽകിയ വ്യാഖ്യാന വിശദീകരണങ്ങളും ആണ് പ്രമാണം. പക്ഷേ അവർ അവയൊക്കെ ഉപയോഗിക്കുന്നതോടൊപ്പം സ്വന്തം യുക്തി ഉപയോഗിച്ച് ഓരോ കാര്യങ്ങളെയും വിശദീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. മനുഷ്യന് പ്രമാദിത്വം കൽപ്പിക്കുന്ന ഗ്രീക്ക് - ഭാരതീയ - ജൂത - ക്രൈസ്തവ തത്വശാസ്ത്രങ്ങളുടെ സ്വാധീനഫലമായി, രൂപപ്പെട്ട ഒരു ആശയമാണ് മുഅ്തസിലി പ്രസ്ഥാനമെന്ന് പറയാവുന്നതാണ്.
അമവി യുഗത്തിൽ നിന്ന് വ്യത്യസ്തമായി അബ്ബാസി യുഗം മുഅ്തസിലികളുടെ സുവർണ്ണ കാലഘട്ടമായിരുന്നു. തന്ത്രപരമായും യുക്തിപരമായും ഖലീഫയെ സ്വാധീനിക്കുവാൻ മുഅ്തസിലികൾക്ക് ചില അവസരങ്ങൾ ഒത്തു കിട്ടി എന്നതായിരുന്നു അതിലേക്ക് നയിച്ച വഴി. ഇത് അവർ നന്നായി ഉപയോഗപ്പെടുത്തുകയും ഒരുകാലത്ത് അബ്ബാസി ഖിലാഫത്തിന്റെ ഔദ്യോഗിക മതമായി തന്നെ മുഅ്തസിലി ചിന്താഗതി വളരുകയും ചെയ്തു. അത് തുടങ്ങുന്നത് ഖലീഫ അബൂ ജഅ്ഫറിൽ മൻസൂറിൻ്റെ കാലത്താണ്. മുഅ്തസിലി നേതാവായിരുന്ന അംറുബിനു ഉബൈദ് ഖലീഫയുമായി എന്തൊക്കെയോ ബന്ധമുള്ള ആളായിരുന്നു. അബൂ മൻസൂറിനെതിരെ അബ്ദുല്ലാഹി ബിൻ ഹസൻ എന്ന നഫ്സുസ്സകിയ്യ രംഗത്തിറക്കിയപ്പോൾ അംറ് ബിൻ ഉബൈദിനോട് അയാളോടൊപ്പം കൂടരുത് എന്ന് പറയുകയും ഉറപ്പുവരുത്തുകയും ചെയ്തതായി ചരിത്രങ്ങളിൽ കാണാം. ഇത് അവർ തമ്മിലുള്ള ഹൃദയബന്ധത്തെ കുറിക്കുന്നു. തുടർന്നുവന്ന ഖലീഫമാരായ മഹദിയുടെയും ഹാദിയുടെയും കാലത്ത് ഈ വിഷയത്തിൽ കാര്യമായ നീക്കങ്ങൾ ഒന്നും കാണുന്നില്ല. എങ്കിലും രാജ്യത്തിൻ്റെ ഏതൊക്കെയോ കോണുകളിൽ അവർ തങ്ങളുടെ ബൗദ്ധിക ലോകത്ത് വളരുന്നുണ്ടായിരുന്നു. എന്നാൽ ഹാറൂൺ റഷീദിന്റെ കാലം അവർക്ക് കൈപ്പേറിയതായിരുന്നു. ആ വിശ്വാസം പുലർത്തുന്നവരെ ഹാറൂൺ റഷീദ് പിന്നാലെ കൂടി വേട്ടയാടി. അവരുടെ പ്രധാനപ്പെട്ട നേതാവായിരുന്ന സുമാമ ബിൻ അഷ്റസ്, അത്താബീ എന്ന കവി തുടങ്ങിയവരെയെല്ലാം തടവിലിടുക വരെ ചെയ്തു റഷീദ്. ഖുർആൻ സൃഷ്ടിയാണ് എന്ന വാദം മറ നീക്കി പുറത്തിറങ്ങുന്നത് ഈ കാലത്താണ്. ഇത്തരം ഒരു വാദം ഉന്നയിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ കൊല്ലാൻ വരെ ഹാറൂൺ റഷീദ് കൽപ്പിച്ചിരുന്നു. കഠിനമായ ഈ നിലപാടിന് മുമ്പിൽ അവരുടെ പ്രധാന നേതാക്കന്മാർ വരെ ഭയപ്പെട്ടുപോയി. ബിഷ്റുൽ മിരീസി അവരിൽ ഒരാളായിരുന്നു. ഹാറൂൺ റഷീദിൻ്റെ കാലം കഴിയുന്നതുവരെയും അദ്ദേഹം ഭയന്ന് ഒളിവിൽ കഴിഞ്ഞു എന്നാണ് ചരിത്രം. ഹാറൂൺ റഷീദിന് ശേഷം കുറച്ചുകാലം മകൻ അമീൻ ബാഗ്ദാദിൽ ഖലീഫയായിരുന്നു. മതകാര്യങ്ങളിൽ അമീൻ പൊതുവേ തല്പരനായിരുന്നില്ല. അമീനിന്റെ ഭരണകാലം ഹൃസ്വവും ആയിരുന്നു. അതിനാൽ പിന്നീട് മുഅ്തസിലികളുടെ വിഷയം പുറത്ത് വരുന്നതും അത്ഭുതകരമായി വളരുന്നതും ഖലീഫ മഅ്മൂനിന്റെ കാലത്താണ്.
തൻ്റെ പിതാവിൽ നിന്ന് അഭയം തേടി ഓടിപ്പോയ ബിഷ്റുൽ മിരീസി തന്നെയായിരുന്നു ഖലീഫ മഅ്മൂനിനെ സ്വാധീനിച്ചത്. അതിൽ മഅ്മൂൻ വീണു. അവർ തമ്മിലുള്ള അടുപ്പം നാൾക്കുനാൾ വർദ്ധിച്ചുവന്ന് മുഅ്തസിലീ നേതാവായ തുമാമ ബിൻ അഷ്റസ് ഖലീഫയുടെ ഏറ്റവും അടുത്ത ആളായിത്തീരുകയും അയാളോട് ചോദിക്കാതെ ഖലീഫ മഅ്മൂൻ ഒന്നും തീരുമാനിക്കാത്ത അത്ര അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ തത്വത്തിൽ മുഅ്ത്തസിലീ ചിന്ത അബ്ബാസി ഖിലാഫത്തിന്റെ ഔദ്യോഗിക മതമായി മാറി. ഈ കാലത്തായിരുന്നു നാം സംസാരിച്ചു വരുന്ന ജാഹിള് ജീവിച്ചിരുന്നത്. തൻ്റെ ചുറ്റുമുള്ള ജനത രണ്ടു വിഭാഗമായിരുന്നു. ഒന്ന്, പരമ്പരാഗത പ്രമാണബന്ധിതമായ അറിവുകളിൽ അഭിരമിച്ച് ജീവിക്കുന്നവർ. മറ്റൊരു വിഭാഗം തങ്ങളുടെ മുമ്പിൽ വരുന്ന എല്ലാ കാര്യത്തെയും യുക്തിയുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നവർ. രണ്ടാമത്തെ കക്ഷികൾ മുഅ്തസിലികൾ ആയിരുന്നു. ജന്മനാ അറിവിനെയും ചിന്തയെയും അന്വേഷണത്തെയും ജീവിതത്തോട് ചേർത്തു പിടിച്ച് ജീവിക്കുന്ന ജാഹിളിനെ പോലെ ഒരാൾക്ക് മുഅ്തസിലിസം എന്ന ചിന്താ പ്രസ്ഥാനത്തിലേക്ക് എത്തിച്ചേരുവാൻ അതിനാൽ തന്നെ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. അതൊരു സ്വാഭാവിക ഒഴുക്ക് മാത്രമായിരുന്നു. അദ്ദേഹം വളരെ പെട്ടെന്ന് അവരുടെ നേതാവും കവിയും എല്ലാമായി വളർന്നു. പക്ഷേ അത് ഒരു ചിന്താപ്രസ്ഥാനമായിരുന്നു. മനുഷ്യൻ്റെ ചിന്തയുടെ ഏറ്റവും വലിയ പ്രത്യേകത, അത് കടിഞ്ഞാണില്ലാത്ത ഒരു കുതിരയെ പോലെയാണ് എന്നതാണ്. അതിനെ ഏതെങ്കിലും ഒരു അടിസ്ഥാനത്തിൽ തളച്ചോ നിയന്ത്രിച്ചോ അല്ലാതെ മുന്നോട്ടുപോയാൽ അതിരുകൾ ചാടിക്കടന്ന് അവ പോയെന്ന് വരും. മനുഷ്യ ജീവിതത്തിന് ഒരു മതത്തിൻ്റെയോ വീക്ഷണത്തിന്റെയോ അനിവാര്യത കുറിക്കുന്ന ഒരു വസ്തുത കൂടിയാണ് ഇത്. അറ്റമില്ലാത്ത ചിന്തയുമായി സഞ്ചരിക്കുമ്പോൾ തൻ്റെ കൂടെ സമാന ചിന്തയുമായി ഒപ്പം നടന്നു തുടങ്ങിയവരുമായി മുന്നോട്ടു പോകുന്തോറും വിഭിന്നമാവുകയും വിയോചിക്കുകയും വേർപിരിയുകയും ഒക്കെ ചെയ്യുന്ന സാഹചര്യം സ്വാഭാവികമായും ഉണ്ടാകും. കാരണം, എല്ലാ മനുഷ്യരും ചിന്തയുമായി മുന്നോട്ടുപോകുന്നത് ഒരേപോലെ ആയിക്കൊള്ളണമെന്നില്ല. ഇക്കാരണത്താലാണ് ജാഹിള് ജീവിതകാലം മുഴുവനും മുഅ്തസിലിയായി ജീവിച്ചു എങ്കിലും അവസാനം അദ്ദേഹം അവരിലെ ഒരു കക്ഷിയുടെ നേതാവായി അറിയപ്പെട്ടത്. അദ്ദേഹം പരിണാമ വാദത്തിന്റെ ചിന്തയിലേക്ക് ഒക്കെ കടന്നുചെന്നു എന്നു പറയുമ്പോൾ അതിന്റെ സാംഗത്യം തിരിച്ചറിയാൻ വേണ്ടിയാണ് ഈ കാര്യങ്ങൾ പറഞ്ഞത്.
അതുകൊണ്ടുതന്നെ അരിസ്റ്റോട്ടിലിന്റെ ചിന്തയുടെ സ്വാധീനം ജാഹിളിന്റെ നിരീക്ഷണങ്ങളിലൊക്കെ കാണാവുന്നതാണ്. പ്രശസ്തമായ തന്റെ കിതാബുൽ ഹയവാനിലാണ് പരിണാമ സിദ്ധാന്തത്തിന്റെ ആദിമ രൂപം ജാഹിള് പറഞ്ഞുവെക്കുന്നത്. നിരവധി മൃഗങ്ങളെയും ഷഡ്പദങ്ങളെയും നിരീക്ഷണ വിധേയമാക്കിയതിന്റെ വെളിച്ചത്തിൽ ഇവ കാലാന്തരത്തിൽ രൂപമാറ്റം വന്ന് ഉണ്ടായവയായിരിക്കാം എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഇതിങ്ങനെ വെറുതെ പറഞ്ഞു തള്ളുകയല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. ഈ പറഞ്ഞ പരിണാമവുമായി ബന്ധപ്പെട്ട് മൂന്ന് പ്രക്രിയകളെ കുറിച്ച് ജാഹിള് തന്റെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടം, ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള ജീവിവർഗ്ഗങ്ങളുടെ പരിണാമം, പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനം എന്നിവയാണവ. അദ്ദേഹം പറയുന്നു: 'സ്വയം ഭക്ഷിക്കപ്പെടാതിരിക്കാനും നിലനിൽപ്പിനു വേണ്ട ഭക്ഷണം ലഭിക്കാനും ജീവികൾ പരസ്പരം അതിജീവനത്തിനായി മത്സരിക്കുന്നു. പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനത്താൽ അതിജീവനത്തിന് ശക്തിയേകുന്ന പുതിയ പല സവിശേഷതകളും ജീവികളിൽ ഉൽഭവിക്കുന്നു. അത് മെച്ചപ്പെട്ട മറ്റൊരു ജീവിവർഗ്ഗത്തിന്റെ പിറവിക്ക് കാരണമായേക്കാം. മത്സരത്തെ അതിജിവിച്ച് നിലനിൽക്കുന്ന ജീവികളുടെ സവിശേഷതകൾ അവയുടെ വരുംതലമുറക്കും പകർന്നു കിട്ടും'. ഈ പറഞ്ഞതിൽ ഡാർവിന്റെ Natural Selection (പ്രകൃതിനിർദ്ധാരണം) എന്ന സിദ്ധാന്തവുമായി ജാഹിളിന്റെ ചിന്തകൾ വളരെയധികം സാമ്യം പുലർത്തുന്നതായി കാണാനാകും.
ഇങ്ങനെ തികച്ചും ഭൗതികം എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രക്രിയയെ ഒരു സിദ്ധാന്തം പോലെ അവതരിപ്പിക്കുന്നുണ്ട് എങ്കിലും ജാഹിളിന് ഡാർവിനുമായി അടിസ്ഥാനതലത്തിൽ വലിയ ഒരു വ്യതിരിക്തതയുണ്ട്. അത് അദ്ദേഹം തൻ്റെ ഉള്ളിലെ ദൈവവിശ്വാസം മറച്ചുവെക്കുന്നില്ല എന്നതാണ്. ഡാർവ്വിൻ്റെ പരിണാമസിദ്ധാന്തം പ്രധാമായും ലക്ഷ്യമാക്കുന്നത് ദൈവനിഷേധം സ്ഥാപിക്കുവാനാണ്. അദ്ദേഹത്തിൻ്റെ വാദഗതികൾക്കെതിരെ വളരെ പ്രാഥമികമായ ശാസ്ത്ര ബോധത്തിൽ നിന്നു പോലും നിരവധി ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നിട്ടും നാസ്തികലോകം അതിനെ ഒരു നൂറ്റാണ്ടിലധികം കാലം താങ്ങിപ്പിടിച്ചു നടക്കുന്നത് എങ്ങനെയെങ്കിലും ദൈവനിഷേധം ചെലവാക്കുവാൻ വേണ്ടിയാണ്. ജാഹിള് പക്ഷെ അങ്ങനെയല്ല. അദ്ദേഹം ഇലാഹിൻ്റെ ഇടപെടലിനെയും വേണ്ടുകയെയും അവസാനം ചേർത്തുവെക്കുന്നുണ്ട്. തന്റെ ഗ്രന്ഥത്തിൽ ജാഹിള് പറയുന്നു: 'എലി തന്റെ ഭക്ഷണം ശേഖരിക്കുന്നതിനായി പുറപ്പെടുന്നു, അത് തിരഞ്ഞ് കണ്ടുപിടിക്കുകയും ചെയ്യുന്നു. ചെറിയ മൃഗങ്ങളെയും പക്ഷികളെയും പോലെ മറ്റ് ചില ചെറിയ ജീവികളെയും അത് ഭക്ഷിക്കാറുണ്ട്. പാമ്പുകളുടെയും പക്ഷികളുടെയും ആക്രമണത്തിൽ നിന്ന് തന്നെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിനായി ഭൂമിക്കടിയിലെ മാളങ്ങളിലാണ് അത് വീടൊരുക്കുന്നത്. പാമ്പുകൾ എലികളെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. പാമ്പുകൾക്കാവട്ടെ ബീവറുകളിൽ നിന്നും കഴുതപ്പുലികളിൽ നിന്നും സ്വയം പ്രതിരോധിക്കേണ്ടതുണ്ട്; അവ പാമ്പിനേക്കാൾ ശക്തരാണ്. കഴുതപ്പുലിക്ക് കുറുക്കനെ ഭയപ്പെടുത്താൻ കഴിയും, കുറുക്കനാവട്ടെ അതിനെക്കാൾ ചെറിയ എല്ലാ മൃഗങ്ങളെയും ഭയപ്പെടുത്തുന്നു. ചിലത് മറ്റു ചിലതിന് ഭക്ഷണമാണെന്ന പ്രകൃതി നിയമമാണിത്. എല്ലാ ചെറിയ മൃഗങ്ങളും ചെറിയവയെ തന്നെ ഭക്ഷിക്കുന്നു, എന്നാൽ എല്ലാ വലിയ മൃഗങ്ങൾക്കും അതിനേക്കാൾ വലിയവയെ തിന്നാൻ കഴിയില്ല. മനുഷ്യർ പരസ്പരം മൃഗങ്ങളെപ്പോലെയാണ്. ദൈവമാണ് ശരീരങ്ങൾക്ക് ജീവനേകുന്നത്'.
കിതാബുൽ ഹയവാൻ മാത്രമല്ല, ജാഹിളിന്റെ അതുല്യ സൃഷ്ടികളായി കണക്കാക്കപ്പെടുന്ന വേറെയും ഗ്രന്ഥങ്ങളുണ്ട്. എല്ലാം ആശയത്തിലും ഇതിവൃത്തത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. പാവപ്പെട്ട ഒരു മുക്കുവന്റെ മകനായി ബസ്വറയിൽ ജനിച്ച ജാഹിള് ഏ.ഡി 868-ൽ (ഹി. 255) അവിടെ വെച്ച് തന്നെയാണ് മരണപ്പെട്ടത്.
0
Thoughts & Arts
ജാഹിളും പരിണാമവാദവും
2025-11-22
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso