മുഹമ്മദ് ടി എച്ച് ഭാരിമി
ഈ അന്വേഷണത്തിൽ ഏറ്റവും ആദ്യം എന്താണ് പരിണാമ വാദം എന്നത് ഹ്രസ്വമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. 1809-ൽ ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയറിലെ ഷ്രൂസ്ബറിയിൽ ജനിച്ച ചാൾസ് റോബർട്ട് ഡാർവിൻ തൻ്റെ ജീവിതകാലത്ത് നടത്തിയ ചില യാത്രകളിൽ കണ്ട ചില കാഴ്ചകളിൽ നിന്ന് അദ്ദേഹത്തിന് തോന്നുകയോ അദ്ദേഹം പറയുന്നതുപോലെ നിർദ്ധാരണം ചെയ്യുകയോ ചെയ്തെടുത്തു അവതരിപ്പിച്ച ഒരു വാദമാണ് പരിണാമ വാദം. ഡാർവിൻ ചെറുപ്പം മുതലേ പ്രകൃതി ശാസ്ത്രത്തിൽ ആകൃഷ്ടനായിരുന്നു. വളർന്നപ്പോൾ അദ്ദേഹം പ്രകൃതി പുസ്തകങ്ങളുടെ ഒരു നല്ല വായനക്കാരനായിത്തീർന്നു. വീടിനു ചുറ്റുമുള്ള വയലുകളും വനപ്രദേശങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിലും സസ്യങ്ങളും പ്രാണികളും ശേഖരിക്കുന്നതിനും അദ്ദേഹം തന്റെ ഒഴിവു സമയം ചെലവഴിച്ചു. 1825-ൽ ഡാർവിൻ എഡിൻബർഗ് സർവകലാശാലയിലെ മെഡിക്കൽ സ്കൂളിൽ ചേർന്നു, അവിടെ ഒരു കുട്ടിയുടെ ശസ്ത്രക്രിയ അദ്ദേഹം കണ്ടു. അക്കാലത്ത് ശസ്ത്രക്രിയകൾ അനസ്തെറ്റിക്സോ ആന്റിസെപ്റ്റിക്സോ ഉപയോഗിക്കാതെയായിരുന്നു നടത്തിയിരുന്നത്, മരണങ്ങൾ സാധാരണമായിരുന്നു. ഈ ശസ്ത്രക്രിയ കണ്ടപ്പോൾ ഡാർവിന് അത്യധികം ആഘാതം അനുഭവപ്പെട്ടു, കോഴ്‌സ് പൂർത്തിയാക്കാതെ അദ്ദേഹം പഠനം ഉപേക്ഷിച്ചു. സ്കോട്ട്ലൻഡിലെ അൽപ്പകാല ജീവിതത്തിനു ശേഷം, ഡാർവിൻ ദൈവശാസ്ത്രം പഠിക്കാൻ കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്നു. ദൈവശാസ്ത്രത്തിൽ നല്ല മാർക്കോടെ വിജയം നേടിയ ഡാർവിനെ പക്ഷേ ഒരു പാതിരി ആകുവാൻ അല്ല വിധി കാത്തുനിന്നത്. നൈസർഗികമായി അദ്ദേഹത്തിൽ അലിഞ്ഞു കിടക്കുന്ന പ്രകൃതി നിരീക്ഷണ പാഠവം തന്നെയായിരുന്നു അത്. അത് ലോകവുമായി പങ്കുവെക്കാൻ മാത്രം വളർന്നത് തൻ്റെ 22-ാം വയസ്സിൽ 1831 ൽ നാവികസേനയുടെ പര്യവേക്ഷണ കപ്പലായ എച്ച് എം എസ് ബീഗിൾ എന്ന കപ്പലിൽ പ്രകൃതി ശാസ്ത്രജ്ഞനായി നിയമിക്കപ്പെട്ടതോടു കൂടെയാണ്. ആ യാത്ര അഞ്ചുവർഷം നീണ്ടു. അതിലെ നിരീക്ഷണങ്ങളാണ് പരിണാമം എന്ന വാദം അദ്ദേഹത്തിൻ്റെ മനസ്സിൽ ഉയർത്തിയത്. 1831 ഡിസംബർ 27 ന് ഇംഗ്ലണ്ടിലെ പ്ലിമൗത്തിൽ നിന്നായിരുന്നു ഡാർവിൻ ബീഗിളിൽ യാത്ര തിരിച്ചത്. യാത്രയുടെ ഭൂരിഭാഗവും തെക്കേ അമേരിക്കയിൽ ചുറ്റി സഞ്ചരിച്ചു. സഹയാത്രക്കാരെല്ലാം പ്രകൃതിയെ ആസ്വദിക്കുവാൻ തങ്ങളുടെ യാത്രയെ ഉപയോഗപ്പെടുത്തിയപ്പോൾ ഡാർവിൻ കരയിൽ സസ്യങ്ങളും ജന്തുക്കളും നിരീക്ഷിക്കുവാനും ശേഖരിക്കാനുമാണ് ഗണ്യമായ സമയം ചെലവഴിച്ചത്. സസ്യങ്ങൾ, ജന്തുക്കൾ, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ ഡാർവിൻ നോട്ട്ബുക്കുകളിൽ അപ്പപ്പോൾ തന്നെ കുറിച്ചു വെച്ചു. അഞ്ച് വർഷത്തെ സാഹസിക യാത്ര, 1836 ഒക്ടോബർ 2 ന് അവരുടെ കപ്പൽ ഇംഗ്ലണ്ടിലെ ഫാൽമൗത്തിൽ തിരിച്ചെത്തി.
തെക്കേ അമേരിക്കയിലുടനീളം, ഡാർവിൻ വൈവിധ്യമാർന്ന പക്ഷി മാതൃകകൾ ശേഖരിച്ചു. ഗാലപ്പഗോസ് ദ്വീപുകളിൽ നിന്നുള്ള പക്ഷി മാതൃകകളെക്കുറിച്ച് പഠിക്കുന്നതിനിടയിലാണ് ഡാർവിൻ ഒരു പ്രധാന നിരീക്ഷണം നടത്തിയത്. തെക്കേ അമേരിക്കയിലെ എക്വഡോറിൽനിന്ന് 600 കിലോമീറ്റർ മാറി പടിഞ്ഞാറുഭാഗത്തുള്ള 13 ചെറിയ ദ്വീപുകളും ധാരാളം കുഞ്ഞുദ്വീപുകളും അടങ്ങിയതാണ് ഗലാപ്പഗസ്. ഈ ദ്വീപിലെ ഫിഞ്ചുകൾ പ്രധാന ഭൂപ്രദേശത്തെ ഫിഞ്ചുകളുമായി സാമ്യമുള്ളതായി അദ്ദേഹം ശ്രദ്ധിച്ചു, പക്ഷേ ഓരോന്നിനും അവയുടെ പ്രത്യേക ആവാസ വ്യവസ്ഥയിൽ കൂടുതൽ എളുപ്പത്തിൽ ഭക്ഷണം ശേഖരിക്കാൻ സഹായിക്കുന്ന ചില സവിശേഷതകൾ ഉണ്ടായിരുന്നു. ഫിഞ്ചുകൾ എന്നാൽ ഫീനിക്സ് പക്ഷികളാണ്. അതിൻ്റെ ഏറ്റവും വലിയ പ്രത്യേകത, അത് തീയിൽ കത്തിയെരിഞ്ഞ ശേഷം ചാരത്തിൽ നിന്ന് വീണ്ടും ജനിക്കുന്നു എന്നതാണ്. ഈ കഴിവ് കാരണം, ഇത് പുനർജന്മം, പുതിയ തുടക്കം, അനശ്വരത എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ ഐതിഹ്യം പുരാതന ഈജിപ്ഷ്യൻ, ഗ്രീക്ക്, പേർഷ്യൻ, ചൈനീസ് പുരാണങ്ങളിൽ കാണപ്പെടുന്നു. ഗാലപ്പഗോസ് ദ്വീപുകളിലെ ഫിഞ്ചുകളുടെ നിരവധി മാതൃകകൾ അദ്ദേഹം ശേഖരിച്ചു. ഇവിടത്തെ കുരുവികളുടെ കൊക്കിന്റെ വൈവിധ്യവും ആമകളുടെ തോടിന്റെയും കഴുത്തിന്റെയും വ്യത്യസ്തതയും ഡാർവിന്റെ ശ്രദ്ധയാകർഷിച്ചു. ജീവികളിലും പ്രകൃതിയിൽ പോലും അനസ്യൂതമായ ചില മാറ്റങ്ങൾ നടക്കുന്നുണ്ട് എന്നതായിരുന്നു അദ്ദേഹം പ്രാഥമികമായി കണ്ടുപിടിച്ചത്. അതിലൂടെ പിന്നിലേക്ക് നടന്നാൽ ഒരു ആരംഭത്തിൽ എത്തിച്ചേരും എന്ന് അദ്ദേഹത്തിന് തോന്നി. അതിനാൽ ശൂന്യമായ അത്തരം ഒരു ആരംഭത്തിൽ നിന്ന് ഈ വിധത്തിൽ പരിണമിച്ചാണ് ലോകത്തെ എല്ലാ ജീവജാലങ്ങളും വസ്തുവകകളും ഉണ്ടായത് എന്നത് യാത്രക്കൊടുവിൽ അദ്ദേഹത്തിന് തോന്നി. ജീവികളുടെ കാര്യത്തിൽ അദ്ദേഹത്തിന് സമ്പൂർണ്ണ ശൂന്യതയിൽ നിന്ന് സ്വയം ഉണ്ടായി എന്ന് തെളിയിക്കുവാനോ വാദിക്കുവാനോ കഴിഞ്ഞിട്ടില്ല. ഭൂമുഖത്തെ സകല ജീവികളും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു ഏകകോശ ജീവിയില്‍ നിന്ന് യാദൃച്ഛികമായി പരിണമിച്ചതാണെന്നാണ് ഡാര്‍വിന്‍ വാദിച്ചത്. ആ ഏക കോശ ജീവിയെ ആരാണ്, എങ്ങനെയാണ് സൃഷ്ടിച്ചത് എന്ന ചോദ്യത്തിന് ഡാർവിനിസ്റ്റുകൾക്ക് അന്നും ഇന്നും ഉത്തരമില്ല.
സത്യത്തിൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തന്നെ അദ്ദേഹം തൻ്റെ ഈ വാദം അവതരിപ്പിച്ചിട്ടില്ല. അതിനുമാത്രമുള്ള ശാസ്ത്രീയ നിഗമനങ്ങളിലേക്ക് അദ്ദേഹം എത്തിയിരുന്നില്ല എന്നത് തന്നെയാണ് അതിൻ്റെ കാരണം. യാത്ര കഴിഞ്ഞപ്പോൾ പോലും പരിണാമ സിദ്ധാന്തത്തോട് മാനസികമായ താല്പര്യമൊന്നും ഡാർവിന് തോന്നിയിരുന്നില്ല. അത് പിന്നെ അദ്ദേഹത്തിൻ്റെ മനസ്സിൽ ജ്വലിച്ചത് തോമസ് മാൽത്യൂസ് എഴുതിയ “എസ്സേ ഓൺ ദ പ്രിൻസിപ്പൽ ഓഫ് പോപ്പുലേഷൻ” എന്ന പുസ്തകം വായിച്ചപ്പോഴാണ്. ജനസംഖ്യാ നിരക്ക് അതിവേഗം വർദ്ധിക്കുമെന്നും എന്നാൽ, ഭക്ഷണമുൾപ്പടെയുള്ളവ അതിനനുസരിച്ചു പെരുകില്ലെന്നുമായിരുന്നു മാൽത്യൂസ് തന്റെ കൃതിയിലൂടെ പറയാൻ ശ്രമിച്ചത്. എന്നാൽ ഓരോ ജീവികളും തങ്ങളുടെ അന്നത്തിനും നിലനിൽപ്പിനും വേണ്ടി ശ്രമിക്കുകയും അതിലേക്ക് നിരന്തരമായി വളർന്നു കൊണ്ടിരിക്കുകയും ചെയ്യും എന്ന് ആ കൃതി സൂചിപ്പിക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും ഡാർവിൻ ജീവിതമൊരു പോരാട്ടമാണെന്ന ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിൽ ചില ജീവിവർഗ്ഗങ്ങൾ വിജയിക്കുന്നതും പരാജയപ്പെടുന്നതും പ്രകൃതിനിർദ്ധാരണം (Natural Selection) എന്ന പ്രക്രിയ വഴിയാണെന്നും അദ്ദേഹം തുടർന്ന് വ്യാഖ്യാനിച്ചു. അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിൽ, നൈസർഗികമായി മുൻകൈയുള്ളവ നേട്ടം സ്വന്തമാക്കുമെന്നും, അവ പിന്നീട് ഈ സ്വാഭാവഗുണം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്തു കൊണ്ട് മുന്നോട്ടു പോവുമെന്നും ഡാർവിൻ മനസ്സിലാക്കി. ഇത് തന്നെയാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ ഡാർവിന്റെ പരിണാമസിദ്ധാന്തം. ഈ സങ്കല്പത്തിൽ ഡാർവിൻ എത്തിച്ചേർന്നുവെങ്കിലും അത് പറയുവാനോ പ്രസിദ്ധീകരിക്കുവാനോ മാത്രമുള്ള ധൈര്യം അദ്ദേഹം ഉണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം ഈ നിഗമനം തൻ്റെ മനസ്സിലും ബുദ്ധിയിലും ഇട്ട് കുറേക്കാലം നടന്നു. 1859 ൽ “ഓൺ ദ ഒറിജിൻ ഓഫ് സ്പീഷീസ്” എന്ന കൃതിയിലാണ് ഇത് അദ്ദേഹം അവതരിപ്പിക്കുന്നത്. 1844ലാണ് അദ്ദേഹം ഈ കൃതി എഴുതാൻ തുടങ്ങിയത് എന്ന് ചില വായനകളിൽ കാണാം. അതായത് ജനങ്ങളോട് പറയാൻ പറ്റുന്ന വിധത്തിലേക്ക് ഈ നിഗമനത്തെ മാറ്റിയെടുക്കാൻ ഡാർവിന് തന്നെ നീണ്ട 15 കൊല്ലം വേണ്ടിവന്നു എന്ന് ചുരുക്കം. ഈ സമയമാകട്ടെ അദ്ദേഹം ഉപയോഗപ്പെടുത്തിയത് തന്റെ ആശയത്തെ ക്രോഡീകരിക്കുമ്പോൾ തുടരെത്തുടരെ ഉണ്ടായ വൈരുദ്ധ്യങ്ങളെ പരിഹരിക്കുവാൻ വേണ്ടിയായിരുന്നു. 1836 ൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡാർവിന് 1844 ൽ മാത്രമാണ് തന്റെ നിരീക്ഷണങ്ങളെ ക്രോഡീകരിച്ച് ഒരു ആശയമെന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ തുടങ്ങാൻ കഴിഞ്ഞത് എന്നു പറയുമ്പോൾ വളരെ സരളമായി പ്രകൃതിയിൽ നിന്ന് സത്യസന്ധമായി വായിച്ചെടുത്ത ഒരാശയമായിരുന്നില്ല അദ്ദേഹത്തിൻ്റെ പരിണാമവാദം എന്നത് വ്യക്തമാണ്.
പ്രകൃതിനിർദ്ധാരണ സിദ്ധാന്തം
ഭൂമിയിലെ ജീവന്റെ വൈവിധ്യത്തിനും സങ്കീർണ്ണതയ്ക്കും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച വിശദീകരണമായി ശാസ്ത്ര സമൂഹം ഇന്നും അംഗീകരിച്ചിരിക്കുന്നത് പ്രകൃതിനിർദ്ധാരണം വഴിയുള്ള പരിണാമ സിദ്ധാന്തമാണ്. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ സ്വഭാവസവിശേഷതകളുള്ള 'ഏറ്റവും അനുയോജ്യരായ' വ്യക്തിഗത ജീവികൾക്ക് അതിജീവിക്കാനും പുനരുൽപ്പാദിപ്പിക്കാനും കൂടുതൽ സാധ്യതയുണ്ടെന്ന് ഈ സിദ്ധാന്തം നിർദ്ദേശിക്കുന്നു. അവ ഈ അഭികാമ്യമായ സ്വഭാവ സവിശേഷതകൾ അവയുടെ സന്തതികൾക്ക് കൈമാറുന്നു. ക്രമേണ ഈ സവിശേഷതകൾ ഒരു ജനസംഖ്യയിൽ കൂടുതൽ സാധാരണമായിത്തീർന്നേക്കാം, അതിനാൽ കാലക്രമേണ ജീവിവർഗങ്ങൾ മാറുന്നു. മാറ്റങ്ങൾ വളരെ വലുതാണെങ്കിൽ, അവയ്ക്ക് ഒരു പുതിയ ജീവിവർഗത്തെ മൊത്തത്തിൽ ഉത്പാദിപ്പിക്കാൻ കഴിയും. ഇതൊക്കെയാണ് ചുരുക്കി പറഞ്ഞാൽ പരിണാമവാദം. ഈ വാദം ഉന്നയിക്കുവാനും ഒരു സിദ്ധാന്തം എന്ന രൂപത്തിൽ അവതരിപ്പിക്കുവാനും ഡാർവിൻ ഒരുപാട് വർഷങ്ങളുടെ അധ്വാനവും നിരീക്ഷണവും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എങ്കിലും അത് അതിനേക്കാൾ എത്രയോ നൂറ്റാണ്ടുകളായി മനുഷ്യകുലത്തിൽ ആഴത്തിലുള്ള വേരുകൾ ഇറക്കി നിൽക്കുന്ന മതവിശ്വാസത്തിന് പ്രത്യക്ഷത്തിൽ തന്നെ എതിരായിരുന്നു. അതിനാൽ തന്നെ ലോകത്തെ ഏറ്റവും വലിയ മതവിഭാഗമായ ക്രൈസ്തവ സമൂഹം ഈ കാഴ്ചപ്പാടുകളോട് തുടക്കം മുതൽ തന്നെ ശക്തമായ നിസ്സംഗത പുലർത്തിയതായി കാണാം. 1859-ൽ ഡാർവിൻ തന്റെ സിദ്ധാന്തം പ്രസിദ്ധീകരിച്ചതിനുശേഷം ആദ്യത്തെ ശ്രദ്ധേയമായ പ്രസ്താവന തൊട്ടടുത്ത വർഷമായ 1860-ൽ ജർമ്മൻ ബിഷപ്പുമാരുടെ ഒരു കൗൺസിലിൽ നിന്ന് വന്നു, അവർ ഇങ്ങനെയാണ് പ്രതികരിച്ചത്: 'നമ്മുടെ ആദ്യമാതാപിതാക്കളെ ദൈവം ഉടനടി സൃഷ്ടിച്ചു. അതിനാൽ, ഈ മനുഷ്യൻ, തന്റെ ശരീരത്തെ സംബന്ധിച്ചിടത്തോളം, അപൂർണ്ണ സ്വഭാവത്തിന്റെ സ്വതസിദ്ധമായ തുടർച്ചയായ മാറ്റത്തിൽ നിന്ന് കൂടുതൽ പൂർണ്ണതയിലേക്ക് ഒടുവിൽ ഉയർന്നുവന്നുവെന്ന് വാദിക്കാൻ ഭയപ്പെടാത്തവരുടെ അഭിപ്രായം വിശുദ്ധ തിരുവെഴുത്തുകൾക്കും വിശ്വാസത്തിനും വ്യക്തമായും വിരുദ്ധമാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു' (വിക്കിപീഡിയ / പരിണാമവാദവും കത്തോലിക്കാ സഭയും). അവിടെ നിന്ന് തുടങ്ങി ഈ അടുത്ത് അഥവാ 2014 ഒക്ടോബർ 27-ന്, ഫ്രാൻസിസ് മാർപാപ്പ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചതിൽ വരെ ക്രൈസ്തവ ആത്മീയ ലോകം പരിണാമവാദത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. "പ്രകൃതിയിലെ പരിണാമം സൃഷ്ടിയുടെ സങ്കൽപ്പവുമായി പൊരുത്തപ്പെടുന്നില്ല" എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പ തുടക്കത്തിൽ പറഞ്ഞത് (NPR.org ഒക്ടോബർ 2014). എന്നാല്‍, പരിണാമ ചിന്താധാരയും ജീവോൽപത്തി സംബന്ധിയായ മത പ്രമാണങ്ങളെയും യോജിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അതിനിശിതമായി വിമര്‍ശിച്ചു പോന്ന ക്രൈസ്ത്രവ സഭയില്‍ പോലും പിന്നീട് അഭിപ്രായാന്തരങ്ങളുണ്ടായി എന്നത് കൗതുകകരമാണ്. പോപ്പ് പയസ്സ് പന്ത്രണ്ടാമന്‍ (1939-1958) പരിണാമ ചിന്തയെ ശരിവച്ച് സംസാരിച്ചത് വിവാദമായെങ്കിലും മേൽ പറഞ്ഞ പരിപാടിയിൽ പ്രപഞ്ചത്തെക്കുറിച്ച വികസിത സങ്കൽപങ്ങളെക്കുറിച്ച് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പാപ്പയും പരിണാമവാദത്തെ എങ്ങും തൊടാതെ അനുകൂലിച്ചു. പരിണാമ സിദ്ധാന്തത്തില്‍ ദൈവസങ്കൽപത്തെ എതിര്‍ക്കുന്ന യാതൊന്നുമില്ലെന്നും ജീവോൽപത്തി സംബന്ധിയായ ദൈവികവചനങ്ങളെ വിശദീകരിക്കാന്‍ ഈ സിദ്ധാന്തം ആവശ്യമാണെന്നും വരെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ മതങ്ങളുടെ അഭിപ്രായങ്ങളിലേക്ക് വരുന്നതിലേറെ പ്രസക്തമാണ് ശാസ്ത്ര ലോകത്തിൻ്റെ അഭിപ്രായങ്ങൾ പരിശോധിക്കുന്നത്. പരിണാമവാദത്തിനെതിരെ ശാസ്ത്രലോകത്തുനിന്ന് തന്നെ നിരവധി വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഒന്നാമത്തേത് പ്രവിശാലമായ മനുഷ്യ കുടുംബത്തിൻ്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നാം ജീവിക്കുന്നത് ലക്ഷക്കണക്കിന് ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയിലാണ്, ഇവയിലൊന്നും തന്നെ ഏതെങ്കിലും ഒരു ജീവി വർഗ്ഗം മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കുന്നത് നാം കാണുന്നില്ല എന്നതാണ് ആ അനുഭവം. ഇത് ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു വിമർശനം തന്നെയാണ്. പരിണാമം എന്നത് ശരിക്കും ജീവ ലോകത്തിൻ്റെ താളമാണ് എങ്കിൽ അങ്ങനെയൊന്ന് ആരെങ്കിലും എവിടെയെങ്കിലും നിരീക്ഷിച്ചതായി അനുഭവം ഉണ്ടാകേണ്ടതായിരുന്നു. അങ്ങനെയൊന്നില്ല. രണ്ടാമത്തേതും അനുഭവം തന്നെയാണ് അത് പക്ഷേ ശാസ്ത്രലോകത്തിന്റെ നിരാശയുള്ള അനുഭവമാണ്. അതായത്, ഒന്നര നൂറ്റാണ്ട് കാലമായി ഡാർവിന്റെ ഈ സിദ്ധാന്തവും വാദവും ശാസ്ത്ര ലോകം വളരെ പ്രാധാന്യത്തോടെ കൊണ്ടുനടക്കുമ്പോഴും അതിൽ നടത്തിയ പഠനങ്ങളോ പര്യവേഷണങ്ങളോ ആ വിഷയത്തിൽ പ്രത്യേകിച്ച് ഒരു അനുകൂല ഫലവും തന്നതായി അറിവില്ല. എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയോടെ നടത്തപ്പെട്ട ഫോസിൽ പഠന-പരീക്ഷണങ്ങളിൽ ഭൂമിയിൽ നിലനില്‍ക്കുന്നതായി കണക്കാക്കപ്പെടുന്ന 87 ലക്ഷം ജീവിവര്‍ഗങ്ങളില്‍ ഏതെങ്കിലും രണ്ട് ജീവി വര്‍ഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന കണ്ണിയെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഈ ആശയം സ്ഥാപിച്ചക്കുവാൻ ശാസ്ത്രജ്ഞന്മാർ ഫോസിൽ പഠനങ്ങളെയാണ് അവലംബിച്ചിട്ടുള്ളത്. അവ വഴി, ജീവിവർഗങ്ങൾക്കിടയിൽ പ്രകടമായ വ്യത്യാസമുണ്ടെങ്കിലും അത് ഒരു പ്രത്യേക കാലത്ത്, ഒരു പ്രത്യേക കാര്യത്തെ തുടർന്ന് സംഭവിച്ചതല്ല അതെല്ലാ കാലത്തും ഉണ്ടായിരുന്നു എന്നതായിരുന്നു. ഇതിനെക്കുറിച്ച് അവർ എത്തിച്ചേർന്ന ന്യായീകരണം ജീവിവർഗ്ഗങ്ങൾ പെട്ടെന്ന് മാറ്റത്തിന് വിധേയമാകുകയായിരുന്നു എന്നാണ്. അതങ്ങനെ അവർ രക്ഷപ്പെടാൻ വേണ്ടി പറയുന്നു എന്നു മാത്രം. ഓരോ ജീവിവർഗ്ഗവും പ്രത്യേകമായി സൃഷ്ടിക്കപ്പെടുകയാണുണ്ടായത് എന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. അത് അവർക്ക് തുറന്നു പറയാൻ എന്തോ മടിയുണ്ട് എന്ന് മാത്രം.
പരിണാമ വാദത്തിന്റെയും അതിനെ പിന്തുടക്കുന്ന നാസ്തികളുടെയും ലക്ഷ്യം ജീവൻ്റെ ഉല്പത്തിയെ കുറിച്ച് അവകാശവാദം ഉന്നയിക്കുക എന്നത് തന്നെയായിരുന്നു. അതിന് അവർക്ക് ഇതുവരെയും സാധിച്ചിട്ടില്ല എന്നത് ഒരു സത്യമാണ്. ഡാർവിനു തന്നെ പരിണാമം പിന്നോട്ട് പിന്നോട്ട് പോകുമ്പോൾ ഒരു ഏകകോശ ജീവിയിൽ എത്തുവാൻ അല്ലാതെ ആ ജീവിയുടെ ഉല്പത്തിയിൽ എത്തിച്ചേരുവാൻ കഴിഞ്ഞിട്ടില്ല. ജീവൻ്റെ ഉല്പത്തി ഇപ്പോഴും ഒരു പ്രഹേളികയായി തുടരുകയാണ്. നക്ഷത്രാന്തരപടലത്തിലെവിടെയോ നിലനിന്നിരുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ അവിടെ രൂപം കൊള്ളുകയും പിന്നീട് ഭൂമിയോട് അടുത്തു വന്ന ഏതോ ധൂമകേതു വഴി ഭൂമിയിലെത്തുകയും ചെയ്ത പ്രതിഭാസമാണ് ജീവനെന്ന വിശദീകരണത്തില്‍ അഭയം തേടുകയാണ് പരിണാമവാദികള്‍ ഇപ്പോള്‍ ചെയ്യുന്നത്. (Sir Fred Hoyle& Chandra Wickramasinghe: Evolution from Space, New York, 1984). പരിണാമത്തിന് അനുകൂലമായി അവതരിപ്പിക്കപ്പെട്ടിരുന്ന തെളിവുകളൊന്നും തന്നെ ജീവപരിണാമത്തെ സാധൂകരിക്കുന്നില്ലെന്ന വസ്തുതയാണ് മറ്റൊന്ന്. ‘പ്രകൃതി തെരഞ്ഞെടുപ്പ്’ എന്ന വിചിത്രമായ ഒരു അടിത്തറയാണ് ഡാർവിന്റെ വാദഗതിക്കുള്ളത്. അതിനെ സരളമായ ഉദാഹരണങ്ങൾ ചിന്തകൾ എന്നിവ വഴി ചോദ്യം ചെയ്ത ശാസ്ത്രജ്ഞന്മാർ തന്നെ നിരവധിയാണ്. ‘പ്ലാങ്ക്ടണ്‍ വിരോധാഭാസം’ (Plankton Paradox) അവയിൽ ഒന്നാണ്. ഡാര്‍വിനിയന്‍ ആശയത്തിനെതിരായ പ്രത്യക്ഷ തെളിവുമാണിത്. ജലാശയങ്ങളില്‍ കാണുന്ന ചില ജീവികളാണ് പ്ലാങ്ക്ടണ്‍. പ്ലാങ്ക്ടണ്‍ വര്‍ഗങ്ങളെല്ലാം ഒരേ വിഭവങ്ങളെ ആശ്രയിച്ചു കഴിയുന്നവയാണ്. എല്ലാ പ്ലാങ്ക്ടണ്‍ ആല്‍ഗ(Alga)കളും സൗരോര്‍ജവും വെള്ളത്തില്‍ ലയിച്ചിരിക്കുന്ന ധാതുക്കളുമാണ് ഉപയോഗിക്കുന്നത്. പ്ലാങ്ക്ടണ്‍ ആല്‍ഗ വര്‍ഗങ്ങളിലെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്. പക്ഷേ അവർ ഉപയോഗിക്കുന്ന ജലാശയങ്ങളിലെ ധാതുഘടകങ്ങളില്‍ പറയത്തക്ക വ്യത്യാസങ്ങൾ ഒന്നും ഇല്ലതാനും. അതായത് ജീവിക്കാന്‍ ഒരേ വിഭവങ്ങള്‍ വേണ്ട വൈവിധ്യമാര്‍ന്ന ആല്‍ഗ വര്‍ഗങ്ങള്‍ മത്സരമോ പരസ്പര ബഹിഷ്‌കരണമോ ഇല്ലാതെ സഹകരണത്തോടെ ജീവിക്കുന്ന കാഴ്ചയാണ് നാം പ്രകൃതിയില്‍ കാണുന്നത്. ഡാർവിൻ പറയുന്നതുപോലെ അവ നിലനിൽപ്പിനു വേണ്ടി പോരടിക്കുന്നില്ല.
പരിണാമത്തിനു കാരണമായി പറയുന്നത് ജീവികളില്‍ ആകസ്മികമായുണ്ടാകുന്ന പൈതൃകമാറ്റങ്ങളെയാണ്. ഡാര്‍വിന്‍ പറയുന്നു: 'എത്ര ചെറിയ ഹാനികരമായ മാറ്റവും നശിക്കപ്പെടുമെന്നു നമുക്ക് തീര്‍ച്ചയായും തോന്നാം. പ്രയോജനകരമായ വ്യതിയാനങ്ങളുടെ സംരക്ഷണവും, ഹാനികരമായവയുടെ നാശവുമാണ് ‘പ്രകൃതി തെരഞ്ഞെടുപ്പ്’ എന്ന് ഞാന്‍ വിളിക്കുന്നത്' (ഒറിജിൻ ഓഫ് സ്പീഷീസ്, പേജ്, 69). ജീവികളിലുണ്ടാകുന്ന പൈതൃക വ്യതിയാനങ്ങളാണ് കാരണമെന്ന് ഡാര്‍വിന്‍ പറയുന്നുണ്ടെങ്കിലും അതെങ്ങനെ ഉണ്ടാകുന്നുവെന്ന അറിവ് അക്കാലത്തില്ലായിരുന്നു. ആകസ്മികമായുണ്ടാകുന്ന ജീന്‍ വ്യതിയാനങ്ങളാണ് (Spontaneous Gene Mutation) ജനിതക പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രവീക്ഷണം. ഇതും ശാസ്ത്രലോകം തന്നെ ചോദ്യം ചെയ്ത വസ്തുതയാണ്. മനുഷ്യനടക്കം ഓരോ ജീവിവർഗ്ഗത്തിന്റെയും സവിശേഷതകൾ വിലയിരുത്തുമ്പോൾ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയും വിപുലവും വൈവിധ്യവുമാര്‍ന്ന ശരീരഘടനകള്‍ സൃഷ്ടിക്കാന്‍ ആകസ്മിക ജീന്‍ പരിവര്‍ത്തന നിരക്ക് ഒട്ടും പര്യാപ്തമല്ല എന്നത് ചിന്തിച്ചാൽ മനസ്സിലാക്കാവുന്ന കാര്യമാണ്. പരിണാമവാദത്തിലെ ‘പ്രകൃതി തെരഞ്ഞെടുപ്പ്’ എന്ന ആശയം ഡാര്‍വിന്റെ മറ്റൊരു സാങ്കല്‍പിക ആശയമാണ്. ‘പ്രകൃതി തെരഞ്ഞെടുപ്പി’നെ ഡാര്‍വിന്‍ ഇങ്ങനെയാണ് വിവരിക്കുന്നത്: 'ജീവനു വേണ്ടിയുള്ള പോരാട്ടത്തില്‍, ഏത് വ്യതിയാനവും, എത്ര ചെറുതായാലും എന്തു കാരണത്താലായാലും, മറ്റു ജീവികളുമായും ബാഹ്യ പ്രകൃതിയോടുമുള്ള അനന്ത സങ്കീര്‍ണമായ ബന്ധങ്ങളില്‍ അത് ഒരു സ്പീഷിസിലെ അംഗത്തിനു ഏത് തോതിലെങ്കിലും പ്രയോജനപ്പെടുമെങ്കില്‍, ആ അംഗത്തെ സംരക്ഷിക്കുകയും ആ വ്യതിയാനം സന്തതികളിലേക്ക് സാധാരണ ഗതിയില്‍ എത്തിച്ചേരുകയും ചെയ്യും. പ്രയോജനകരമായ ഓരോ നിസ്സാര വ്യതിയാനത്തെയും കാത്തുസൂക്ഷിക്കുന്ന ഈ തത്ത്വത്തെ ഞാന്‍ ‘പ്രകൃതി തെരഞ്ഞെടുപ്പ്'(Natural Selection) എന്നു വിളിക്കുന്നു”(പേജ്, 53). കേൾക്കുമ്പോൾ തന്നെ അത് ഏതോ ആശയം കെട്ടിപ്പടച്ച് ഉണ്ടാക്കുകയാണ് എന്ന് ആർക്കും തോന്നിപ്പോകും.
പരിണാമവാദം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടാത്ത ഒരു സിദ്ധാന്തമായി മാത്രം നില നിൽക്കുന്നിടത്തോളം അതേക്കുറിച്ച് ഇസ്ലാമികനിലപാടെന്ത് എന്ന ചോദ്യം അപ്രസക്തമാണ്. മനുഷ്യൻ പടച്ചവന്റെ ഒരു സവിശേഷസൃഷ്ടിയാണെന്ന് ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ജീവികൾക്കിടയിൽ നടന്നേക്കാവുന്ന മാറ്റങ്ങളെ ഇസ്‌ലാം നിഷേധിക്കുന്നില്ല. പല കാലങ്ങളിലെയും മനുഷ്യർ ജൈവികമായിത്തന്നെ പല ശാരീരിക ഏറ്റ വ്യത്യാസങ്ങളും ഉള്ളവരായിരുന്നു എന്നു കാണാം. നമ്മുടെ മുമ്പ് കഴിഞ്ഞുപോയ ആദ്, തമൂദ് തുടങ്ങിയ സമൂഹങ്ങൾ നമ്മെക്കാൾ വലിയ ശാരീരിക അവസ്ഥകൾ ഉള്ളവരായിരുന്നു എന്നത് വിശുദ്ധ ഖുർആൻ പഠനങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. പക്ഷെ, പ്രസ്തുത മാറ്റങ്ങൾക്കു പിന്നിൽ അന്ധമായ യാദൃച്ഛികതയാണെന്നോ നിലനിൽക്കാനുള്ള മാത്സ്യത്തിന് വേണ്ടി അവ നടത്തിയ തെരഞ്ഞെടുപ്പുകളെ തുടർന്നുണ്ടായ മാറ്റങ്ങളെ തുടർന്ന് ഉണ്ടായതാണെന്നോ ഉള്ള വാദം ഇസ്‌ലാം നിരാകരിക്കുന്നു. ആ മാറ്റങ്ങൾ അടക്കം അല്ലാഹുവിന്റെ വിശാലമായ ആസൂത്രണത്തിന്റെ ഭാഗമായി നടന്നതായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. അതിനാൽ, ഏകകോശജീവിയിൽ നിന്ന് പ്രകൃതിനിർദ്ധാരണത്തിലൂടെ പരിണമിച്ചാണ് ജീവികളെല്ലാം ഉണ്ടായത് എന്നും ജൈവപ്രപഞ്ചത്തിന്റെ നിലനിൽപിന് പിന്നിൽ പ്രകൃത്യാതീതമായ യാതൊന്നുമില്ലെന്നും പറയുന്ന പരിണാമവാദത്തെ ഖുർആൻ അംഗീകരിക്കുന്നില്ല. ജീവികളിലെ ഏതുതരം മാറ്റവും സ്രഷ്ടാവിന്റെ സൃഷ്ടി തന്നെയാണ്. ജീവവർഗ്ഗങ്ങളുടെ സൃഷ്ടിക്കും നിലനിൽപ്പിനും പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് ഖുർആനും ഹദീസുകളും പഠിപ്പിക്കുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു: 'എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.' (ഖുർആൻ 24: 45)
നാലു രീതികളില്‍ പരിണാമസിദ്ധാന്തത്തെ മുസ്ലിം ലോകം സ്വീകരിച്ചതിനെ കുറിച്ച് ഡോ. ശുഐബ് അഹ്മദ് മാലിക് തന്റെ ‘ഇസ്ലാം ആന്‍ഡ് എവൊലൂഷന്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഒന്ന്: എല്ലാ ജീവി വര്‍ഗ്ഗങ്ങളെയും അല്ലാഹു വേറെ വേറെയാണ് സൃഷ്ടിച്ചത്. ഒരു ജീവി വര്‍ഗ്ഗവും മറ്റൊരു ജീവിവര്‍ഗത്തില്‍ നിന്നും പരിണമിച്ചുണ്ടാകുന്നില്ല (Creationism). രണ്ട്: മനുഷ്യകുലം മുഴുവനും ആദം നബിയുടെ മക്കളാണ്. ആദം നബിയെ അല്ലാഹു സവിശേഷമായി സൃഷ്ടിച്ചതാണ്. ഇതര ജീവികള്‍ പരിണാമത്തിലൂടെ ഉണ്ടായി വരുന്നതിനെ നിഷേധിക്കേണ്ടതില്ല. കാരണം ആദം നബിയുടേത് പോലെ ഇതരജീവിവര്‍ഗങ്ങളെയും സവിശേഷമയാണ് സൃഷ്ടിച്ചത് എന്നതിന് ഖണ്ഡിതമായ തെളിവില്ല (Human Exceptionalism). മൂന്ന്: പൊതുപൂര്‍വീകനില്‍ നിന്നും പരിണമിച്ചുണ്ടായ ജീവിവര്‍ഗങ്ങളില്‍ മനുഷ്യരും ഉണ്ടായേക്കാം. എന്നാല്‍ ആദം നബി അല്ലാഹുവിന്റെ സവിശേഷ സൃഷ്ടിയാണ്. പാറയില്‍ നിന്ന് ഒട്ടകത്തെ സൃഷ്ടിച്ച അല്ലാഹുവിന് ഇത് അസാധ്യമല്ലല്ലോ. ചിന്തയില്‍ സാധ്യമായ എന്തും അവന് കഴിയും. ആദം നബിയുടെ ശരീരത്തെ മണ്ണില്‍ നിന്നും സൃഷ്ടിച്ച ശേഷം സവിശേഷമായ റൂഹിനെ അല്ലാഹു അതിലേക്ക് സന്നിവേശിപ്പിച്ചു. നാല്: ആദം നബിയും മനുഷ്യ വര്‍ഗം മുഴുവനും ഇതര ജീവിവര്‍ഗങ്ങളൊക്കെയും പൊതുപൂര്‍വികരില്‍ നിന്നും ഘട്ടം ഘട്ടമായി പരിണമിച്ചുണ്ടായതാണ് (No Exceptionism). മുകളില്‍ നാം എത്തിച്ചേര്‍ന്ന നിഗമനം അനുസരിച്ച്, ആദ്യത്തെ മൂന്ന് നിലപാടുകളും ഇസ്ലാമിക വിശ്വാസ ശാസ്ത്ര പ്രകാരം സാധ്യമാണ്. അതില്‍ ഏതാണ് ശരിയെന്നു കണ്ടെത്തുക പ്രയാസവുമാണ്. കാരണം പ്രമാണങ്ങളില്‍ നിന്നും ഖണ്ഡിതമായി ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇതില്‍ എത് സാധ്യതയാണ് ശരിയെന്നു കണ്ടെത്താന്‍ കഴിയില്ല.
Thoughts & Arts
പരിണാമ വാദവും മതവിശ്വാസവും
2025-11-22
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso