ഖുർആൻ പഠനം
ടി എച്ച് ദാരിമി
(തഹ് രീം 11, 12)
11 സത്യവിശ്വാസികള്‍ക്ക് ഉപമയായി ഫറോവയുടെ പത്‌നിയെയാണവന്‍ ഉപമിക്കുന്നത്. നാഥാ, നിന്റെ സന്നിധിയില്‍ എനിക്കൊരു സ്വര്‍ഗീയ സദനം പണിതുതരികയും ഫിര്‍ഔനിലും അവന്റെ ക്രൂരചെയ്തികളിലും അതിക്രമികളായ കൂട്ടരിലും നിന്നു എനിക്ക് സുരക്ഷയേകുകയും ചെയ്യേണമേ എന്ന് അവര്‍ കേണുപ്രാര്‍ത്ഥിച്ച സന്ദര്‍ഭം.
വിശ്വാസം എന്നത് അടിസ്ഥാനപരമായി ഉറപ്പിച്ചു നിർത്തേണ്ടിവരുന്ന ഒരു മനോവ്യാപാരമാണ്. ഊഹം, ധാരണ, തോന്നൽ തുടങ്ങിയവയെ തെളിവുകൾ, ന്യായങ്ങൾ, സൂചനകൾ മുതലായവ കൊണ്ട് ഉറപ്പിച്ച് നിർത്തുന്നതാണ് വിശ്വാസമായി രൂപാന്തരപ്പെടുന്നത്. വിശ്വാസിയായി ത്തീരുവാൻ സൃഷ്ടാവിന്റെ തൗഫീഖ് ലഭിക്കുന്ന വ്യക്തിക്ക് മുമ്പിൽ അല്ലാഹു ഒരുപാട് ദൃഷ്ടാന്തങ്ങൾ സമർപ്പിക്കുന്നത് ഇങ്ങനെ ഉള്ളിലെത്തിയ വിശ്വാസത്തെ ബലപ്പെടുത്തിയെടുക്കാൻ വേണ്ടിയാണ്. വിശ്വാസം ഫലവത്താകണമെങ്കിൽ അതിന് മനുഷ്യൻ്റെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയണം. അതിനു കഴിയണമെന്നുണ്ടെങ്കിൽ ശക്തമായ പ്രഭാവത്തോടുകൂടി തന്നെ മനസ്സിൽ അത് സ്ഥാപിക്കപ്പെടേണ്ടതുണ്ട്. തെളിവുകളുടെ സഹായത്തോടെ വളർന്നു ശക്തിപ്പെടുകയും അതിൻ്റെ അഭാവത്തിൽ തളർന്നു ക്ഷയിക്കുകയും ചെയ്യുന്ന കാര്യമാണ് വിശ്വാസം എന്നത്. ഇത്തരം വിശ്വാസത്തെ ഉറപ്പിക്കുവാനുള്ള തെളിവുകളുടെ അനുബന്ധമാണ് അത് ഉറപ്പിച്ചവരുടെ നിലപാടുകളും അവ ഉൾക്കൊള്ളുന്ന ചരിത്രങ്ങളും. വിശുദ്ധ ഖുർആൻ ഈ അർത്ഥത്തിലാണ് ഇത്തരം ചരിത്രങ്ങൾ പറയുന്നത്. ഇവിടെ ഈ ആയത്തിൽ അല്ലാഹു വിശ്വാസത്തിൻ്റെ ബലം ഉദാഹരിക്കുന്നത് ഫറോവയുടെ പത്നിയിലൂടെയാണ്. ഫറോവയുടെ വിശ്വാസിനിയായ പത്നിയെക്കുറിച്ച് വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലും സൂചനയുണ്ട്. പക്ഷേ അവിടങ്ങളിൽ ഒന്നും അവരുടെ പേര് പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവരുടെ പേര് ആസിയ ബിൻതു മുസാഹിം എന്നായിരുന്നു. ഈ പേര് നമുക്ക് കിട്ടിയത് നബി തിരുമേനി (സ്വ) യിൽ നിന്നാണ്. അത്തരം ഒരു ഹദീസിൽ തിരുനബി(സ്വ) പ്രസ്താവിച്ചു: 'പുരുഷന്മാരില്‍ നിരവധി പേര്‍ സമ്പൂര്‍ണരായിട്ടുണ്ട്; എന്നാല്‍ സ്ത്രീകളില്‍ നിന്ന് സമ്പൂര്‍ണത കൈവരിച്ചവര്‍ മര്‍യം ബീവിയും ആസിയ ബീവിയും മാത്രമത്രേ' എന്ന്. (ബുഖാരി, മുസ്‌ലിം). ഇത്തരം ഹദീസുകൾ വേറെയുമുണ്ട്. വിശുദ്ധ ഖുർആനിൽ പരാമർശം ഇല്ലാതെ ഹദീസിൽ നിന്ന് പേര് കണ്ടെത്തുന്നതിൽ അസാംഗത്യം ഒന്നുമില്ല. കാരണം, വിശുദ്ധ ഖുർആനിൻ്റെ ഉള്ളടക്കങ്ങളെ വ്യാഖ്യാനിക്കുകയും വിശദീകരിച്ചുതരികയും ചെയ്യുക എന്നത് പ്രവാചകൻ്റെ ബാധ്യതയാണ്.
മൂസാ നബിയുടെ പ്രബോധനത്തിലൂടെ തൗഹീദിന്റെ വെളിച്ചം കടന്ന് ചെന്നപ്പോൾ ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന ഫറോവ പൊട്ടിത്തെറിക്കുകയും അതിനെതിരെ രംഗത്തിറങ്ങുകയും ചെയ്യുകയായിരുന്നു. അത് ചരിത്രം പ്രതീക്ഷിച്ചത് തന്നെയായിരുന്നു. കാരണം ഈജിപ്തിലെ ഭരണാധികാരി ദൈവമാണ് എന്ന് വിശ്വസിക്കുന്നവരായിരുന്നു അന്നാട്ടുകാർ. ഒരു ദൈവത്തിൻ്റെ പ്രഭാവവും പ്രകൃതവും എപ്പോഴും പുലർത്തുന്നവരായിരുന്നു ഫറവോന്മാർ. ഭരണീയർ അവരെ അനുസരിച്ചിരുന്നത് ഈ ദിവ്യത്വത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ടാണ്. ദൈവതുല്യനായ ആ ഫറോവയുടെ മുമ്പിലേക്കാണ് ഇസ്രയേൽ സന്തതികളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് മൂസാ നബി കടന്നു ചെല്ലുന്നത്. അവർ തമ്മിലുള്ള സംവാദം ഒരു വെല്ലുവിളിയിലേക്ക് കടന്നു. അക്കാലത്തെ ഏറ്റവും വലിയ വിദ്യയായിരുന്ന മാരണ വിദ്യ വെച്ചുള്ളതായിരുന്നു വെല്ലുവിളി. ഫറോവ തന്റെ നാട്ടിലെ ഏറ്റവും മിടുക്കരായ മാരണവിദ്യക്കാരെ മുഴുവനും കൊട്ടാരത്തിൽ വിളിച്ചുവരുത്തി. അവരുടെ ജാല പ്രവർത്തനങ്ങൾ വഴി മൂസാ നബിയുടെ പുതിയ അരങ്ങേറ്റത്തെ തടയുക, തന്റെ മേൽകൈ സ്ഥാപിക്കുക എന്നിവയെല്ലാമായിരുന്നു ഫറോവയുടെ ലക്ഷ്യം. അങ്ങനെ രണ്ടു വിഭാഗവും നേർക്കുനേർ നിന്ന് ആഭിചാര പ്രകടനങ്ങൾ ആരംഭിച്ചു. മാരണവിദ്യക്കാർ തങ്ങളുടെ കൈകളിൽ ഉള്ളതിനെ എല്ലാം ആദ്യ റൗണ്ടിൽ തന്നെ വികാരത്തോടെ കളത്തിലിറക്കി. മൂസാനബിക്ക് പക്ഷേ ഒരുപാട് ക്ലേശേണ്ടി വന്നില്ല. കയ്യിലുള്ള വടി നിലത്തിട്ടതും അത് പാമ്പായി മാറുകയും ആ പാമ്പ് അവർ പടച്ചുവിട്ട എല്ലാ പാമ്പിൻ കുഞ്ഞുങ്ങളെയും വിഴുങ്ങുകയും ചെയ്തതോടെ ഫറോവയുടെ ടീം അതിവേഗം കാര്യം തിരിച്ചറിഞ്ഞു. ഇത് തങ്ങളുടെ കയ്യിലുള്ളത് പോലെയുള്ള ഒരു വിദ്യയേ അല്ല എന്നത് അവർക്ക് ഉറപ്പായിരുന്നു. അതിനാൽ അവരിൽ പലരും മൂസാ നബിയിൽ അപ്പോഴേ വിശ്വാസം രേഖപ്പെടുത്തി. ഈ രംഗം തന്നെയായിരുന്നു അതേ കൊട്ടാരത്തിന്റെ അന്തപുരത്തിൽ ഉണ്ടായിരുന്ന ആസിയാ ബീവിയെയും സ്വാധീനിച്ചത് എന്നാണ് ചരിത്രം. ഇത്തരം തിരിച്ചറിവുകളിൽ മനുഷ്യൻ എത്തിച്ചേരുന്ന വിശ്വാസത്തിന് ബലം കൂടുതലായിരിക്കും. അത്തരം ഒരു ശക്തി ആസിയാ ബീവിയുടെ ഹൃദയത്തിലേക്ക് കടന്നു. അങ്ങനെ കടന്നാൽ പിന്നെ ഭയം, ആശങ്ക തുടങ്ങിയവക്കൊന്നും സ്ഥാനം ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ അവർ തൻ്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു എന്ന് മാത്രമല്ല ഭർത്താവിൽ നിന്ന് ഉണ്ടായ എല്ലാ പീഡനങ്ങളെയും സസന്തോഷം ഏറ്റുവാങ്ങുകയും അതുകൂടെ വരവ് വെച്ചുകൊണ്ട് തൻ്റെ ഈമാനിനെ വർധിപ്പിക്കുകയും ചെയ്തു.
അവർ ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകൾ അവരുടെ പ്രാർത്ഥനയിൽ തെളിഞ്ഞു കാണുന്നുണ്ട്. നിന്റെ സന്നിധിയില്‍ എനിക്കൊരു സ്വര്‍ഗീയ സദനം പണിതുതരികയും ഫിര്‍ഔനിലും അവന്റെ ക്രൂരചെയ്തികളിലും അതിക്രമികളായ കൂട്ടരിലും നിന്നു എനിക്ക് സുരക്ഷയേകുകയും ചെയ്യേണമേ എന്നാണ് അവർ പ്രാർത്ഥിക്കുന്നത്. താനിപ്പോൾ കഴിയുന്ന ഈ കൊട്ടാരം ഞാൻ ഈ വിശ്വാസത്തിന് വേണ്ടി ത്യാഗം ചെയ്യുകയാണ്, അതിനാൽ പകരം ഇതിനേക്കാൾ നല്ല ഒരു കൊട്ടാരം എനിക്ക് സ്വർഗ്ഗത്തിൽ നൽകേണമേ എന്നാണ് അവർ ഒന്നാമതായി പ്രാർത്ഥിക്കുന്നത്. അതോടൊപ്പം ഫറോവയിൽ നിന്നും അവൻ്റെ കൂട്ടാളികളിൽ നിന്നും അവർ അഭയം തേടുന്നുണ്ട്. അത് സൂചിപ്പിക്കുന്നത് ഭർത്താവ് മാത്രമല്ല ഭർത്താവിൻ്റെ കിങ്കരന്മാരും പാവപ്പെട്ട ആ വിശ്വാസിനിയെ ക്രൂരമായി വേട്ടയാടുന്നുണ്ടായിരുന്നു എന്നാണ്. ഇവരെ വിശ്വാസിനികൾക്കും വിശ്വാസികൾക്കും ഉള്ള ഒരു മാതൃകയായി അവതരിപ്പിക്കുകയാണ് വിശുദ്ധ ഖുർആൻ ചെയ്യുന്നത്. ഖുർആൻ അങ്ങനെ അവതരിപ്പിച്ചു എന്നു പറയുമ്പോൾ അതിൻ്റെ അർത്ഥം അന്ത്യനാൾ വരേക്കും അവരുടേതിനെ കവച്ചുവെക്കുന്ന ഒരു സഹനമോ ത്യാഗമോ ഇനി ഉണ്ടാകില്ല എന്നാണ്. കാരണം അന്ത്യനാൾ വരേക്കും മനുഷ്യകുലത്തെ നയിക്കാനുള്ള ഗ്രന്ഥമാണല്ലോ ഇത്. അത് കൊണ്ടു തന്നെയാണ്, എക്കാലത്തെയും ഏറ്റവും ഉത്തമ വിശ്വാസികളിലൊരാളായി, പ്രവാചകന്‍ (സ) അവരെ വിശേഷിപ്പിച്ചത്. ഒരു ദിവസം, നിലത്ത് നാലു വരകള്‍ വരച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു: ഇതെന്താണെന്ന് അറിയാമോ? ‘അല്ലാഹുവും ദൂതരുമാണ് കൂടുതലറിയുക’ എന്ന് സഹാബികള്‍ പ്രതിവചിച്ചു. അപ്പോൾ നബി തങ്ങൾ ഇങ്ങനെ വിവരിച്ചു കൊടുത്തു: 'ഖുവൈലിദിന്റെ മകള്‍ ഖദീജ, മുഹമ്മദിന്റെ മകള്‍ ഫാത്വിമ, മുസാഹിമിന്റെ മകളും ഫിര്‍ഔന്റെ ഭാര്യയുമായ ആസ്യ, ഇമ്രാന്റെ മകള്‍ മര്‍യം – ഇവരാണ് സ്വര്‍ഗത്തിലെ ഏറ്റവും ഉത്തമ വനിതകള്‍'. (അഹ്മദ്)
12 തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച-തത്സമയം നമ്മുടെ ആത്മാവ് അതില്‍ നാം ഊതിനിക്ഷേപിച്ചു- മര്‍യം ബിന്‍ത് ഇംറാനെയും ഉപമയാക്കി. അവള്‍ തന്റെ നാഥന്റെ വചനങ്ങളും വേദങ്ങളും വിശ്വസിക്കുകയും ഭയഭക്തിയുള്ളവരുടെ ഗണത്തിലുള്‍പെടുകയും ചെയ്തു.
വീണ്ടും ഇതേ അർത്ഥത്തിലുള്ള മറ്റൊരു ഉപമ അവതരിപ്പിക്കുകയാണ് അല്ലാഹു. ഒരു ഉപമ കൂടി ഒപ്പം പറയുന്നതിൽ നിന്നും ഇങ്ങനെ വിശ്വാസം കൊണ്ട് അത്ഭുതം കാണിച്ച വിശ്വാസികൾ അപൂർവ്വമല്ല, പലരുമുണ്ട് എന്നതു കൂടി അടങ്ങിയിട്ടുണ്ട്. ഈ ഉപമ ഇമ്രാനിന്റെ മകളും ഈസാ നബിയുടെ മാതാവുമായ മറിയം ബീവിയെ കുറിച്ചാണ്. അത്യപൂർവ്വമായ ജീവിതഘട്ടങ്ങളിലൂടെ കടന്നുപോയ ഒരു സ്ത്രീ വ്യക്തിത്വമായിരുന്നു മറിയം ബീവി. ഇസ്രായീലി പുരോഹിതനായ ഇംറാനും ഭാര്യയും ഒരു കുഞ്ഞിന് വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നെങ്കിലും അവരുടെ ആഗ്രഹം പൂവണിഞ്ഞിരുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളെ കാണുമ്പോള്‍ ഹന്നയുടെ ഹൃദയം വാത്സല്യം കൊണ്ട് വീര്‍പ്പുമുട്ടുമായിരുന്നു. അവർ നല്ല വിശ്വാസികളായിരുന്നു. അതുകൊണ്ട് പ്രാർത്ഥനയിൽ തന്നെ അവർ അഭയം കണ്ടു. ആ പ്രാർത്ഥനയുടെ വിധേയത്വത്തിൽ 'നീ എനിക്കൊരു കുഞ്ഞിനെ തരികയാണെങ്കില്‍ ഞാന്‍ ആ കുഞ്ഞിനെ നിന്റെ പരിശുദ്ധ ഭവനമായ ബൈത്തുല്‍ മുഖദ്ദിസിലേക്ക് സമര്‍പ്പിക്കാം' എന്നുവരെ അവർ പ്രാർത്ഥിച്ചു. ഒടുവില്‍ ഹന്നയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ദിവസങ്ങള്‍ക്കകം വാര്‍ധക്യകാലത്ത് ഹന്ന ഗര്‍ഭവതിയായി. പത്ത് മാസം തികഞ്ഞ് ഹന്ന ഒരു പിഞ്ചുകുഞ്ഞിന് ജന്മം നല്‍കി. പക്ഷെ, അവര്‍ പ്രസവിച്ചത് ഒരു പെണ്‍കുഞ്ഞിനെയായിരുന്നു. പൂര്‍ണ്ണ സന്തുഷ്ടയാകാതെ അവര്‍ അല്ലാഹുവിനേട് വീണ്ടും പ്രാര്‍ഥിച്ചു. 'ആണ്‍ കുഞ്ഞ് ജനിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, പിറന്നത് പെണ്ണായിപ്പോയല്ലോ. കുട്ടിയെ പള്ളി പരിപാലനത്തിനായി സമര്‍പ്പിക്കാമെന്ന് ഞാന്‍ വാക്ക് തന്നിരുന്നതാണല്ലോ. ഇത് പെണ്ണായതുകൊണ്ട് എനിക്ക് വാക്ക് പാലിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ഇവള്‍ക്ക് ഞാന്‍ മര്‍യം എന്ന് നാമകരണം ചെയ്തിരിക്കുന്നു. മര്‍യമിനെയും അവളുടെ സന്താന പരമ്പരയെയും നീ പിശാചില്‍ നിന്നും കാത്തുകൊള്ളേണമേ' കുഞ്ഞിനെ നേർച്ചയാക്കിയത് പോലെ പള്ളിയിലേക്ക് കൊടുക്കുവാൻ തന്നെയായിരുന്നു അല്ലാഹുവിൻ്റെ താല്പര്യം. മുലകുടി മാറ്റിയ ഉടനെ ഹന്ന കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദിസിൽ ഏല്‍പ്പിച്ചു. ആ ശിശുവിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ പള്ളിയധികാരികള്‍ മുന്നോട്ടുവന്നു. അവരുടെ കൂട്ടത്തില്‍ സകരിയ്യാ നബിയും ഉണ്ടായിരുന്നു. കുഞ്ഞിന്റെ ഉമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ താനാണ് അതിന് കൂടുതല്‍ അര്‍ഹനെന്ന് സകരിയ്യാ നബി വാദിച്ചു. പക്ഷേ മറ്റു പുരോഹിതന്മാർക്കും കുട്ടിയെ സംരക്ഷിക്കണം എന്നുണ്ടായിരുന്നു. അവർ അത്രമേൽ ബഹുമാനിക്കുന്ന പുരോഹിതനായിരുന്നു ഇമ്രാൻ. കുട്ടിയെ തനിക്ക് വേണമെന്ന് ഓരോരുത്തരും വാശിപിടിച്ചു. തര്‍ക്കം മൂത്ത സന്ദര്‍ഭത്തില്‍ സകരിയ്യാ നബിയോട് അല്ലാഹു കല്‍പിച്ചു. 'മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോരുത്തരും തൗറാത്ത് എഴുതാനുപയോഗിക്കുന്ന പേനകള്‍ ജോര്‍ദാന്‍ നദിയില്‍ ഇട്ടേക്കുക. ആരുടെ പേനയാണോ നദിയില്‍ പൊങ്ങി നില്‍ക്കുന്നത് ആ വ്യക്തിക്കാണ് മര്‍യമിനെ വളര്‍ത്താനുള്ള ചുമതല'.
സകരിയ്യാ നബി ബന്ധപ്പെട്ടവരെ ഈ വിവരം അറിയിച്ചു. അതനുസരിച്ച് ഇളകിമറിയുന്ന ജോര്‍ദാന്‍ നദിയില്‍ അവരെല്ലാം സ്വന്തം പേനകള്‍ വലിച്ചെറിഞ്ഞു. എന്നാല്‍ സകരിയ്യയുടെ പേന മാത്രമാണ് പുഴയില്‍ പൊങ്ങിക്കിടന്നത്. അങ്ങനെ മറിയം എന്ന കുഞ്ഞിൻ്റെ സംരക്ഷണ സൗഭാഗ്യം സക്കറിയ നബിക്ക് ലഭിച്ചു.
സകരിയ്യാ നബി മര്‍യമിനെ ബൈത്തുല്‍ മുഖദ്ദിസ് പള്ളിയിലെത്തിച്ചു. പിന്നീട് അവളുടെ താവളം പള്ളിയായിരുന്നു. മര്‍യമിന് വേണ്ടി പള്ളിയുടെ ചാരത്ത് ഒരു പ്രത്യേക മുറി തന്നെ അദ്ദേഹം സജ്ജീകരിച്ചു. അവിടെ ഇരുന്ന് ആരാധന കൊണ്ട് മഹതി തന്റെ ജീവിതം ധന്യമാക്കി. പള്ളിയുടെ പരിചരണം കഴിഞ്ഞു കിട്ടുന്ന മുഴുവന്‍ സമയവും അവര്‍ ആരാധനകളുടെ ലോകത്ത് വിരാജിച്ചു. സാധാരണ പെണ്‍കുട്ടികളുടെ സിരകളില്‍ യൗവനം നാമ്പിടുമ്പോള്‍ ഉണ്ടാകുന്ന ചിന്തകളും വികാരങ്ങളും ഒന്നും ഈ പെൺകുട്ടിയുടെ മനസ്സിൽ ഉണ്ടായില്ല. മാത്രമല്ല, ചെറുപ്പത്തില്‍ തന്നെ മറിയമില്‍ പല അത്ഭുത സിദ്ധികളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാലദേശ വ്യത്യാസമില്ലാതെ പലതരം കായ്കനികളും ഫലവര്‍ഗങ്ങളും മര്‍യമിന്റെ മുമ്പില്‍ കാണാമായിരുന്നു. അതുകണ്ട് അത്ഭുത പരതന്ത്രനായി സകരിയ്യാ നബി മര്‍യമിനോട് ചോദിച്ചു: 'എവിടെ നിന്ന് കിട്ടി നിനക്കീ കായ്കനികള്‍?', 'ഇതെല്ലാം എനിക്കെന്റെ നാഥന്‍ നല്‍കിയതാണ്', മഹതി പ്രത്യുത്തരം നല്‍കി (ഖുര്‍ആന്‍: 3:37). മര്‍യം ബീവി പുഷ്പിണിയായി. മതഭക്തയായ ആ യുവതി അല്ലാഹുവിനെ ആരാധിച്ചുകൊണ്ട് പള്ളിയില്‍ തന്നെ കഴിയുന്നതിനിടെ ഒരിക്കല്‍ സുന്ദരനായ ഒരു യുവാവ് അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മനസ്സില്‍ ഭയത്തോടെ ധൈര്യം സംഭരിച്ചുകൊണ്ട് മര്‍യം ചോദിച്ചു. 'നിങ്ങളെന്തുമാത്രം നീചമായ പ്രവൃത്തിയാണ് കാണിക്കുന്നത്. നിങ്ങളുടെ മുഖഭാവം കണ്ടാല്‍ ഭക്തി സ്ഫുരിക്കുന്നുവല്ലോ. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നിങ്ങളില്‍ നിന്ന് ഞാന്‍ എന്റെ രക്ഷിതാവില്‍ അഭയം തേടുന്നു'. നിഷ്കളങ്കമായ ആ യുവതിയോട് ആഗതൻ ഇങ്ങനെ പറഞ്ഞു, ഞാന്‍ അല്ലാഹു നിയോഗിച്ച മാലാഖയാണ്. കന്യാമര്‍യമിന് ഒരു കുഞ്ഞ് ജനിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കാനാണ് ഞാന്‍ വന്നത്. അത് കേട്ട് മറിയം സ്തബ്ദയായിപ്പോയി. 'എന്ത്? അവിവാഹിതയായ ഞാന്‍ പ്രസവിക്കുകയോ? എന്നെ ഒരു പുരുഷന്‍ സ്പര്‍ശിച്ചിട്ടുപോലുമില്ലല്ലോ. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല'. അതിന് മലക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അതിന്റെ ആവശ്യമില്ല. അല്ലാഹു ഉദ്ദേശിക്കുന്നത് സംഭവിക്കുക തന്നെ ചെയ്യും'.
ഇത്രയും പറഞ്ഞ് ജിബ്‌രീല്‍ മര്‍യമിന്റെ കുപ്പായമാറില്‍ ഊതിയ ശേഷം അപ്രത്യക്ഷനായി. മര്‍യമിന് അന്ന് പത്തോ പതിമൂന്നോ മാത്രമായിരുന്നു പ്രായം എന്ന് ചില വായനകളിൽ കാണാം. അധികനാള്‍ കഴിയും മുമ്പേ മര്‍യമിന്റെ ഉദരത്തില്‍ ഒരു പുതുജീവന്‍ നാമ്പെടുക്കാന്‍ തുടങ്ങി. കുഞ്ഞ് വളര്‍ന്ന് വരവെ അവളുടെ ഹൃദയത്തില്‍ ഭയം ഉടലെടുത്തു. അവിവാഹിതയായ താന്‍ പ്രസവിച്ചാൽ ജനം തന്നെ അധിക്ഷേപിക്കുകയില്ലേ എന്നാലോചിച്ച് മറിയം വ്യാകുലപ്പെട്ടു. എങ്കിലും ഇതെല്ലാം അല്ലാഹുവിന്റെ ഹിതമാണെന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു. ഇവിടെയെല്ലാം മറിയം ബീവിയുടെ ശക്തിയുള്ള വിശ്വാസത്തെ നമുക്ക് കാണാൻ കഴിയും. ഗര്‍ഭിണിയായ മര്‍യം ബീവി വീട് വിട്ട് അകന്നു കഴിയാന്‍ സാമൂഹ്യമായി നിര്‍ബന്ധിതയായി. ഗര്‍ഭസ്ഥ ശിശുവിനെയും കൊണ്ട് ജനങ്ങളില്‍ നിന്നുള്ള അപമാനം ഭയന്ന് മര്‍യം ബീവി ബൈതു ലഹ്മില്‍ (ബത്‌ലഹേം) എത്തിച്ചേര്‍ന്നു. ബൈത്തുല്‍ മുഖദ്ദിസ്സില്‍ നിന്ന് എട്ട് മൈല്‍ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അവിടെ വച്ചായിരുന്നു പ്രസംഗം. പ്രസവവേദന തുടങ്ങിയപ്പോള്‍ അവള്‍ ഒരു ഈത്തപ്പനയുടെ ചുവട്ടിലെത്തി. അവിടെ ആരും കൂട്ടിനില്ലാതെ പ്രസവം നടന്നു. ഇത്രയും കാലം വിശുദ്ധയായി ജീവിച്ച താന്‍ ജനങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ആധിയാണ് കടിഞ്ഞൂല്‍ പ്രസവ വേദനയേക്കള്‍ മഹതിയെ നൊമ്പരപ്പെടുത്തിയത്. പിതാവില്ലാത്ത കുഞ്ഞിന് ജന്മം നല്‍കിയവള്‍ എന്ന് വിളിച്ച് അവര്‍ തന്നെ അധിക്ഷേപിക്കുകയില്ലേ എന്ന ചോദ്യം ഒരു ഭീഷണിയായി അവരുടെ മനസ്സിൽ നിന്ന് ഉയർന്നുകൊണ്ടേയിരുന്നു. ജീവിതത്തിന്റെ ഈ ഘട്ടങ്ങളിലെല്ലാം അവരെ ഭീതി വേട്ടയാടുന്നുണ്ടായിരുന്നു. പക്ഷേ അവിടെയെല്ലാം അവർ ധൈര്യത്തോടെ ഉറച്ചുനിന്നു. അത്തരം ഒരു ഉറപ്പ് വിശ്വാസികൾക്ക് വിശ്വാസത്തിൻ്റെ പിൻബലത്തിലൂടെ ലഭിക്കുന്നതാണ്.
വിശ്വാസത്തിൻ്റെ ഈ ശക്തിക്ക് അല്ലാഹു പ്രതിഫലം നൽകുകയും ചെയ്തു. അവർ ജനങ്ങളുടെ കൂരമ്പുകൾ പോലുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ മൗനിയായി നിന്നപ്പോൾ അവരുടെ തൊട്ടിലിൽ കിടക്കുന്ന കുട്ടി അവർക്കെല്ലാം മറുപടി നൽകിക്കൊണ്ട് സംസാരിച്ചു തുടങ്ങി. ഈസാ നബി(അ) ആയിരുന്നു ആ കുട്ടി. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞ് പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. എനിക്ക് അവന്‍ ഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ജീവനുള്ള കാലത്തോളം നമസ്‌കാരവും സകാത്തും അനുഷ്ഠിക്കാന്‍ എന്നോടവന്‍ ആജ്ഞാപിച്ചിരിക്കുന്നു. എന്റെ മാതാവിന് നന്മചെയ്യാനും നിര്‍ദ്ദേശിച്ചിരിക്കുന്നു' (ഖുര്‍ആന്‍: 19: 30-32). ശിശുവിന്റെ അത്ഭുത സംസാരം കേട്ട ജനം വിസ്മയഭരിതരായി. മര്‍യമിന്റെ പരിശുദ്ധിയെക്കുറിച്ച് പിന്നെ അവര്‍ സംശയിച്ചില്ല. ഇവിടെ മറിയം ബീവിയെ വിശ്വാസികൾക്ക് മുഴുവൻ മുമ്പിൽ മാതൃകയും ഉപമയുമായി അവതരിപ്പിക്കുന്നതിനാൽ അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ എന്തൊക്കെയാണെന്ന് മൊത്തത്തിൽ കാണുന്നത് ഉപമ ഗ്രാഹ്യമാകുവാൻ ഏറെ സഹായകമാകും. അവയിൽ ഒന്നാമത്തേത് അവരുടെ അചഞ്ചലമായ വിശ്വാസവും ഭക്തിയും തന്നെയാണ്. വിജനതയിൽ ഒരു കടിഞ്ഞൂൽ പ്രസവത്തിന്റെ മുമ്പിൽ ജീവിതം കൊണ്ടും അനുഭവം കൊണ്ടും എത്തിച്ചേർന്നപ്പോൾ അവർ അനുഭവിച്ച മാനസികവും ശാരീരികവുമായ വേദനകൾ എത്രയുണ്ടായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഞാൻ ഇതിനുമുമ്പ് മരിച്ചുപോയിരുന്നുവെങ്കിൽ എന്ന് അവർ പറയുന്നതായി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അപ്പോൾ അവിടെ അല്ലാഹു ഈന്തപ്പനയും ഈന്തപ്പഴവും ആയി വിളിപ്പുറത്ത് എത്തുന്നുണ്ട്. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും വിശ്വാസം കൈവിടാതിരിക്കുവാൻ ഈ ചരിത്രം വിശ്വാസികളുടെ ലോകത്തെ പ്രചോദിപ്പിക്കുന്നു. രണ്ടാമത്തേത്, പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള മറിയം ബീവിയുടെ കരുത്താണ്. കുഞ്ഞായ ഈസാ നബിയുമായി തിരിച്ചെത്തിയപ്പോൾ മറിയം ബീവി സമൂഹത്തിന്റെ സൂക്ഷ്മപരിശോധനയും കുറ്റപ്പെടുത്തലുകളും നേരിട്ടു. ഈ വെല്ലുവിളികളിൽ പരാജയപ്പെടുന്നതിനുപകരം, അവർ ശക്തിയോടെയും സഹിഷ്ണുതയോടെയും പ്രതികരിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ പ്രതിരോധശേഷിയുള്ളവരായിരിക്കാനും, പ്രതിബന്ധങ്ങളെ മറികടക്കാനും നമ്മുടെ വിശ്വാസത്തിൽ ആശ്രയിക്കാനും നമ്മുടെ സമഗ്രത നിലനിർത്താനും മറിയം ബീവിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
0
(അവസാനിച്ചു)
(അടുത്ത ലക്കം മുതൽ: സൂറത്തുൽ മുൽക്ക്)
Thoughts & Arts
വിശ്വാസ ദൃഢതയുടെ രണ്ടു ഉപമകൾ
2025-11-22
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso