അൽ മുനീർ
മുഹമ്മദ് ടി എച്ച് ദാരിമി
അബ്ബാസീ യുഗം ഒറ്റനോട്ടത്തിൽ
നബി(സ്വ) തങ്ങളുടെ ശേഷം ഇസ്ലാമിക സാമ്രാജ്യത്തെ രാഷ്ട്രീയപരമായും ആത്മീയമായും നയിച്ചത് ഖുലഫാഉ റാഷിദുകളായിരുന്നു. നബി(സ്വ)യുടെ ശേഷം ഇസ്‌ലാമിക സമൂഹത്തെ ഭരിച്ച ആദ്യത്തെ നാല് ഖലീഫമാരെയാണ് റാഷീദുകൾ എന്നു പറയുന്നത്. എ ഡി 632-661 (ഹിജ്റ 11-40) ആയിരുന്നു ഇവരുടെ ഭരണകാലം. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ) എന്നിവരാണ് ഈ നാല് ഖലീഫമാർ. ഇവരുടെ ഭരണത്തിൻ കീഴിൽ ഇസ്‌ലാമിക സാമ്രാജ്യം അറേബ്യൻ ഉപദ്വീപ് മുതൽ വടക്ക് കോക്കസസ് വരെയും പടിഞ്ഞാറ് വടക്കൻ ആഫ്രിക്ക വരെയും കിഴക്ക് മധ്യേഷ്യ വരെയും വ്യാപിച്ചു. തുടർന്ന് ഇസ്ലാമിക രാജ്യത്തിൻ്റെ ഭരണം കയ്യാളിയത് ബനു ഉമയ്യ കുടുംബക്കാരായിരുന്നു. ഇവരെ ചരിത്രത്തിൽ ഉമവികൾ, അമകൾ എന്നെല്ലാം പ്രയോഗിക്കപ്പെടുന്നു. സിറിയയിലെ ഡമാസ്കസ് ആയിരുന്നു അവരുടെ തലസ്ഥാനം. അവിടെ ഗവർണർ ആയിരുന്ന മുആവിയ ബിൻ അബീസുഫിയാൻ മുതലാണ് അവരുടെ ഭരണം ആരംഭിക്കുന്നത്. അതുകൊണ്ടാണ് അവരുടെ തലസ്ഥാനം അവിടെ ആയത്. 661 മുതൽ 750 (ഹി. 40 മുതൽ 132) വരെ ഇത് നിലനിന്നു. മുആവിയയില്‍ തുടങ്ങി അബ്ബാസികളാല്‍ വധിക്കപ്പെട്ട മര്‍വാന്‍ ഇബ്‌നുമുഹമ്മതോടുകൂടി ഉമവി ഖിലാഫത്തിനു സമാപനമായി. എ ഡി 750-ൽ അബ്ബാസികൾ അധികാരത്തിൽ വന്നു. എന്നാൽ, ഒരു ഭാഗം പിന്നീട് സ്പെയിനിലെ കോർഡോവയിൽ പിന്നെയും ഭരണത്തിൽ തുടർന്നിരുന്നു. അമവി ഖിലാഫത്തിനെ താഴെയിറക്കി മുസ്‌ലിംലോകത്ത് അധികാരത്തില്‍ വന്ന ഭരണകൂടമാണ് അബ്ബാസി ഭരണകൂടം. പ്രവാചകരുടെ പിതൃവ്യനായ അബ്ബാസ് ബിന്‍ അബ്ദില്‍ മുത്വലിബിലേക്കു ചേര്‍ത്തിയാണ് ഇവര്‍ അബ്ബാസികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഹിബ്‌നു മുഹമ്മദാണ് ഇതിന്റെ സ്ഥാപകന്‍. അദ്ദേഹം തന്നെയായിരുന്നു പ്രഥമ ഭരണാധികാരിയും. അമവികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയായിരുന്നു അദ്ദേഹം അധികാരം പിടിച്ചെടുത്തത്. അനവധിയാളുകളുടെ രക്തം ചിന്തിയതിനാല്‍ അസ്സഫ്ഫാഹ് (രക്തം ചിന്തുന്നവന്‍) എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു. എഡി. 749 (ഹി. 132) ൽ അബുല്‍ അബ്ബാസ് കൂഫയിലെ പള്ളിയില്‍ വെച്ചാണ് ഖലീഫയായി സ്ഥാനാരോഹണം നടത്തുന്നത്. ഇതാണ് അബ്ബാസി ഖിലാഫത്തിന്റെ തുടക്കം. ഇതേ വര്‍ഷം തന്നെ ഖുറാസാന്റെ തലസ്ഥാനമായ മര്‍വ് പട്ടണം അബൂ മുസ്‌ലിം കീഴടക്കുന്നതോടെയാണ് അബ്ബാസി ഖിലാഫത്ത് ഭരണത്തിലേക്ക് കടക്കുന്നത്. ശേഷം കൂഫയും കൂടി അധീനത്തില്‍ വന്നതോടെ അബുല്‍ അബ്ബാസ് ഭരണത്തിലേറുകയായിരുന്നു. അധികാരമേറ്റെടുത്തതിന്റെ അടുത്ത വര്‍ഷം തന്നെ അമവികളുടെ ഭരണ തലസ്ഥാനമായ ഡമസ്‌കസും അദ്ദേഹത്തിന്റെ കീഴില്‍ വന്നു. ഇതോടെ ഭരണം ഏറെ സുഭദ്രമാവുകയും അമവികളുടെ പതനത്തിന് ആക്കം കൂടുകയുമായിരുന്നു.
ഏകദേശം അഞ്ചു നൂറ്റാണ്ടു കാലം നീണ്ടു നില്‍ക്കുന്നതായിരുന്നു അബ്ബാസി ഭരണകൂടം. എഡി. 749 ല്‍ തുടങ്ങിയ ഇത് 1258 വരെ നീണ്ടുനിന്നു. ബഗ്ദാദായിരുന്നു ഭരണത്തിന്റെ ആസ്ഥാനം. ഈ കാലയളവില്‍ നിപുണരും അല്ലാത്തവരുമായ മുപ്പത്തിയേഴോളം ഖലീഫമാര്‍ ഭരണം നടത്തിയിട്ടുണ്ട്. ബഗ്ദാദിലെ അബ്ബാസി ഭരണകൂടത്തിന്റെ തകര്‍ച്ചക്കുശേഷവും രണ്ടര നൂറ്റാണ്ടു കാലം ഈജിപ്തില്‍ മംലൂക് സുല്‍ത്വാന്‍മാരുടെ കീഴിലായി ഈ ഭരണകൂടം നിലനിന്നു. 1517 ലാണ് ഈജിപ്തില്‍ അബ്ബാസി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്നത്. അബൂ ജഅഫര്‍ അല്‍ മന്‍സൂര്‍ (എഡി. 754-775), അല്‍ മഹ്ദി (775-785), മൂസാ അല്‍ ഹാദി (785-786), ഹാറൂന്‍ റശീദ് (786-809), അല്‍ അമീന്‍ (809-813), മഅ്മൂന്‍ (813-833), അല്‍ മുഅ്തസിം (833-842), വാസിഖ് (842-847), മുതവക്കില്‍ (847-861) തുടങ്ങിയവരാണ് അബ്ബാസി ഭരണകൂടത്തിലെ പ്രധാന ഖലീഫമാര്‍. ഇതില്‍ അബൂ ജഅഫര്‍ മന്‍സൂറും ഹാറൂന്‍ റശീദും ഏറെ പ്രസിദ്ധരാണ്. ബഗ്ദാദ് നഗരം പണികഴിപ്പിച്ചത് മന്‍സൂറായിരുന്നു. മുസ്‌ലിംലോകത്തെ വിദ്യാഭ്യാസ പരമായ പുരോഗതിയില്‍ ഹാറൂന്‍ റശീദും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പോലീസും പോസ്റ്റല്‍ സമ്പ്രദായവും ഇക്കാലത്താണ് ഇസ്ലാമിക സാമ്രാജ്യത്തിൽ വ്യവസ്ഥാപിതമായി നിലവില്‍ വന്നത്. നിയമ പരിപാലന ചുമതലയുള്ള പോലീസ് സേനയും ഖലീഫയുടെ അംഗരക്ഷകരും ഒരു പോലീസ് ഉദ്യോഗസ്ഥനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഖലീഫ മുആവിയയുടെ ഭാവനയില്‍ രൂപം കൊണ്ടതായിരുന്നു തപാൽ സംവിധാനം. ഹാറൂന്‍ റഷീദ് ഇത് വികസിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. വിപുലമായ ഒരു സാമ്രാജ്യമുണ്ടായിരുന്നുവെങ്കിലും അതിനെ വേണ്ടപോലെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ശക്തമായൊരു സൈന്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു അബ്ബാസികളുടെ ഏറ്റവും വലിയ ന്യൂനത. ഉള്ളത് വളരെ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ റോമിനോടും മറ്റുമുള്ള പല പോരാട്ടങ്ങളിലും അവര്‍ക്ക് പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും കാലാള്‍പടയും കുതിരപ്പടയും ഉള്‍കൊള്ളുന്ന വലിയൊരു സൈന്യം അവര്‍ക്കുണ്ടായിരുന്നു. ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ ഇത് വളരെ ശക്തമായിരുന്നുവെങ്കിലും അവസാനകാലമായപ്പോഴേക്കും ക്ഷയിച്ചുതുടങ്ങിയിരുന്നു. ഭരണ സൗകര്യാര്‍ത്ഥം അമവികളെപ്പോലെ സാമ്രാജ്യത്തെ വിവിധ പ്രവിശ്യകളാക്കി തിരിച്ചാണ് അബ്ബാസികളും ഭരണം നടത്തിയിരുന്നത്. ഭരണത്തിന്റെ തുടക്ക ഘട്ടത്തില്‍ 24 പ്രവിശ്യകളിലായിട്ടായിരുന്നു ഭരണം.
നേരത്തെ പറഞ്ഞതുപോലെ അബുല്‍അബ്ബാസ് സഫാഹ് എന്ന അബ്ദുല്ലാഹിബ്‌നു മുഹമ്മദായിരുന്നു ഒന്നാമത്തെ അബ്ബാസി ഖലീഫ. നാലുവര്‍ഷം മാത്രമേ അദ്ദേഹത്തിന് ഭരണം നടത്താന്‍ കഴിഞ്ഞുള്ളു. ബുദ്ധിയും, സാമര്‍ഥ്യവുമുള്ള ഭരണാധികാരിയായിരുന്നെങ്കിലും, അമവി ഭരണത്തിന് അന്ത്യംകുറിക്കാന്‍ അദ്ദേഹം വലിയ കൂട്ടക്കൊലകള്‍ നടത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. അത് ഒരു അനിഷ്ടമായി അദ്ദേഹത്തെ ജീവിതകാലം മുഴുവനും പിന്തുടർന്നു. തുര്‍ക്കി കൈയടക്കാന്‍ ശ്രമിച്ച ചൈനക്കാരെ’തലാസ് ‘എന്ന യുദ്ധത്തില്‍ തോല്‍പ്പിച്ചത് അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ മരണശേഷം സഹോദരന്‍ ജഅ്ഫര്‍ മന്‍സൂര്‍ അധികാരത്തിലെത്തി. ഒന്നാമത്തെ ഭരണാധികാരി സഫ്ഫാഹ് ആണെങ്കിലും അബ്ബാസി ഖിലാഫത്തില്‍ കീര്‍ത്തി നേടിയ ആദ്യ ഖലീഫ അദ്ദേഹത്തിന്റെ സഹോദരന്‍ ജഅ്ഫര്‍ മന്‍സൂര്‍ ആണ്. 22വര്‍ഷം ഭരണം നടത്തിയ മന്‍സൂര്‍ അബ്ബാസി ഖിലാഫത്തിന്റെ അടിത്തറ ഭദ്രമാക്കി. സമര്‍ഥനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. എതിരാളികള്‍ക്ക് കാര്‍ക്കശ്യക്കാരനും സാധാരണക്കാര്‍ക്ക് നീതിനിഷ്ഠനുമായിരുന്ന ഖലീഫ മന്‍സൂര്‍ ലളിതജീവിതത്തിനുടമയായിരുന്നു. അദ്ദേഹമാണ് ബഗ്ദാദ് നഗരം സ്ഥാപിച്ചത്. അത് അബ്ബാസികളുടെ തലസ്ഥാന നഗരമാക്കി മാറ്റി. ലോകത്തില്‍ അന്ന് അറിയപ്പെടുന്ന ഒരു നഗരമായി ബഗ്ദാദിനെ ഉയര്‍ത്തി. ഇതെല്ലാം ചെയ്തത് മന്‍സൂറാണ്. വൈജ്ഞാനിക പുരോഗതിയില്‍ സുപ്രധാന നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. പുസ്തക രചനാസമ്പ്രദായം നിലവിലില്ലാത്ത അന്ന് മന്‍സൂറാണ് അതിന് പ്രോത്സാഹനം നല്‍കിയത്. ആദ്യമായി സിറിയന്‍, പേര്‍ഷ്യന്‍, ഗ്രീക്ക്, സംസ്‌കൃത ഭാഷകളിലെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജമ ചെയ്യിച്ചതും ഇദ്ദേഹമാണ്. റോമന്‍ ഭരണാധികാരി കൈസറുമായി നടത്തിയ യുദ്ധത്തില്‍ അബ്ബാസികള്‍ വിജയിച്ചത് മന്‍സൂറിന്റെ മറ്റൊരു നേട്ടമാണ്. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ മഹ്ദിയാണ് അധികാരത്തില്‍ വന്നത്. പിതാവില്‍ നിന്ന് വ്യത്യസ്തനായിരുന്നു മഹ്ദി. ലോലഹൃദയന്‍, സുഖലോലുപന്‍, വിനോദപ്രിയന്‍ ഇതൊക്കെയായിരുന്നെങ്കിലും ഉത്തരവാദിത്തമുള്ള ഭരണാധികാരിയായിരുന്നു. മഹ്ദിയുടെ കാലത്താണ് ആദ്യമായി മൃഗങ്ങളെ ഉപയോഗിച്ച് മക്ക, മദീന, യമന്‍, ബഗ്ദാദ് തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ തപാല്‍സംവിധാനം ഏര്‍പ്പെടുത്തിയത്. കുഷ്ഠരോഗികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ ചികിത്സാസംവിധാനവും ഏര്‍പ്പെടുത്തി. റോമക്കാരുമായുള്ള യുദ്ധത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ അധീനതയില്‍ ആക്കിയതും മഹ്ദിയുടെ നേട്ടങ്ങളാണ്. മഹ്ദിയുടെ മരണശേഷം മകന്‍ ഹാദി അധികാരം ഏറ്റെടുത്തു. ഒരുവര്‍ഷമേ ഭരണത്തില്‍ തുടര്‍ന്നുള്ളു. ഹാദിയുടെ മരണത്തെ തുടര്‍ന്ന് മഹ്ദിയുടെ മറ്റൊരു മകനായ ഹാറൂണ്‍ അല്‍ റഷീദ് ഭരണം ഏറ്റെടുത്തു.
അബ്ബാസി ഖിലാഫത്തിലെ സുവര്‍ണകാലം എന്നാണ് ഹാറൂന്‍ റഷീദിന്റെ 23 വര്‍ഷത്തെ ഭരണം അറിയപ്പെടുന്നത്. ബഗ്ദാദ് നഗരം പുരോഗതിയുടെ പാരമ്യത്തില്‍ എത്തിയതും ഈ കാലത്തു തന്നെ. ആര്‍ഭാടം നിറഞ്ഞ ജീവിതമായിരുന്നെങ്കിലും ദൈവഭക്തിയുള്ള ആളായിരുന്നു ഹാറൂന്‍ റഷീദ്. ഉയര്‍ന്ന ശമ്പളം നല്‍കി പണ്ഡിതന്മാരെ നിയമിച്ച് മറ്റുഭാഷകളിലെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അദ്ദേഹം തുടങ്ങിയ സ്ഥാപനമാണ് ‘ബൈത്തുല്‍ ഹിക്മ’. ഖലീഫമാരില്‍ ആദ്യമായി മന്ത്രിമാരെ നിയമിച്ചത് അബ്ബാസി ഖലീഫമാരാണ്. 47 -ാം വയസില്‍ അദ്ദേഹം മരണപ്പെട്ടു. ഖലീഫയുടെ മരണശേഷം അടുത്ത ഖലീഫ സ്ഥാനമേല്‍ക്കുക എന്ന നിയമത്തിന് മാറ്റം വരുത്തി മക്കളായ അമീനും, മഅ്മൂനും അദ്ദേഹം രാജ്യം വീതിച്ചുനല്‍കി. ഇത് രാജ്യം ദുര്‍ബലമാകാനും മക്കള്‍ക്കിടയില്‍ കലഹമുണ്ടാകാനും കാരണമായി. ഹാറൂന്‍ അല്‍ റഷീദിന്റെ മരണശേഷം അമീനെ വധിച്ച് മഅ്മൂന്‍ രണ്ടുഭാഗങ്ങളായി കിടന്ന രാജ്യത്തെ ഏകീകരിച്ചു. ഹാറൂണ്‍ റഷീദിന് ശേഷം അദ്ദേഹത്തിന്റെ ഭരണത്തോട് കിടപിടിക്കുന്ന ഭരണം കാഴ്ചവച്ചത് മഅ്മൂന്‍ മാത്രമാണ്. അദ്ദേഹം മര്‍വ് കേന്ദ്രമാക്കി ഭരണത്തിന് തുടക്കം കുറിച്ചു. സഹോദരൻ അമീനിന്റെ നേതൃത്വത്തിൽ കലാപങ്ങള്‍ തലപൊക്കിയപ്പോള്‍ ബഗ്ദാദിലേക്ക് തിരിച്ചുവന്ന് കലാപങ്ങള്‍ അടിച്ചമര്‍ത്തി. പിതാവിന്റെ പാത പിന്തുടര്‍ന്ന മഅ്മൂന്‍ ലളിത ജീവിതത്തിനുടമയും പണ്ഡിതനുമായിരുന്നു. അന്യഭാഷാ ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കാലത്ത് പാരമ്യതയില്‍ എത്തി. 20 വര്‍ഷത്തെ ഭരണത്തിനുശേഷം മഅ്മൂന്‍ 45 -ാം വയസില്‍ അന്തരിച്ചു. ശേഷം സഹോദരന്‍ മുഅ്തസിം ബില്ലയാണ് അധികാരത്തില്‍ വന്നത്. സഹോദരന്റെ മരണശേഷം ഭരണമേറ്റ മുഅ്തസിം ബില്ലാഹി, രാജ്യത്തിന്റെ ആസ്ഥാനം ബഗ്ദാദില്‍ നിന്ന് ടൈഗ്രിസ് നദിക്കരയില്‍ പുതുതായി സ്ഥാപിച്ച സാമര്‍റാ നഗരത്തിലേക്ക് മാറ്റി. ശക്തമായൊരു നാവിക സൈന്യത്തെ നിലനിര്‍ത്തി റോമിനെ ആക്രമിച്ചു. 10 വര്‍ഷമാണ് അദ്ദേഹം ഭരണം നടത്തിയത്. മരണശേഷം പുത്രന്‍ വാസിഖ് ബില്ലാഹി ഭരണം ഏറ്റെടുത്തു. ചെറിയകാലയളവിനുള്ളില്‍ തന്നെ വാസിഖ് മരണപ്പെട്ടു. തുടര്‍ന്ന് സഹോദരന്‍ മുതവക്കില്‍ ഭരണത്തിലേക്കു വന്നു. അബ്ബാസികളുടെ ഉയര്‍ച്ചയുടെ അവസാനഘട്ടമായിരുന്നു മുതവക്കിലിന്റെ ഭരണകാലം. നാട്ടില്‍ ക്ഷേമവും സുസ്ഥിരതയും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരളവോളം അദ്ദേഹം സ്വേച്ഛാധിപതിയായിരുന്നു. അബ്ബാസി ഖലീഫമാരിലെ പ്രബലരില്‍ അവസാനത്തെ കണ്ണിയാണ് മുതവക്കില്‍. അബ്ബാസി ഖലീഫകളിൽ പലതരം രാജാക്കന്മാർ ഉണ്ടായിരുന്നു. അവരിലെ ചുരുക്കം ചിലരുടെ കർമ്മങ്ങളുടെ സുഗന്ധം ചരിത്രത്തിൻ്റെ പേജുകളിൽ ഇപ്പോഴും ആസ്വദിക്കാൻ കഴിയും. അവരിൽ പലരും ആ ഢംബര പൂർവ്വമായിരുന്നു ജീവിച്ചിരുന്നത് എന്നത് ശരിയാണ്. എന്നാൽ പൊങ്ങച്ചത്തെ തള്ളിക്കളഞ്ഞ് ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്ത ചിലരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. അബ്ബാസി ഖലീഫമാരുടെ പരമ്പരാഗത ആഡംബര ഭവനം ഒരു പരിവ്രാജക സന്യാസിയുടെ മഠത്തെ ഓർമിപ്പിക്കുന്ന തലയിലേക്ക് പരിവർത്തിപ്പിച്ച അബൂ ഇസ്ഹാഖ് മുഹമ്മദ് അൽ മുഹ്തദി ബില്ലാഹി ബിൻ വാസിഖ് അത്തരത്തിൽ ഒരാളാണ്. ഹി. 255 മുതൽ 256 വരെ ആകെ പതിനൊന്ന് മാസം നീണ്ടുനിന്ന മാതൃകാ ഭരണ കാലഘട്ടമായിരുന്നു മുഹ്തദിയുടേത്.
അദ്ദേഹത്തിന് ശേഷം അബ്ബാസിയ ഭരണകൂടം ക്ഷയിക്കാന്‍ തുടങ്ങി. ഇവരുടെ അധഃപതനത്തിനു പ്രധാന കാരണം ഭരണത്തില്‍ ഇറാനികളുടെയും, തുര്‍ക്കികളുടെയും സ്വാധീനം വര്‍ധിച്ചതാണ്. അതിജീവനത്തിന് അബ്ബാസി ഖിലാഫത്തിന്റെ അവസാന കാലഘട്ടത്തില്‍ ഖലീഫയായ മുഅതദിദ് ബില്ലാഹി പ്രയത്‌നിച്ചു എങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ഭരണത്തില്‍ വന്ന മൂന്നുമക്കളും ആഡംബരപ്രിയരോ അയോഗ്യരോ ആയിരുന്നു. തുര്‍ക്കി അമീറുമാരുടെ താന്‍പോരിമയും മൂല്യച്യുതിയും കാരണം ഖിലാഫത്തിന്റെ അതിരുകള്‍ വീണ്ടും വീണ്ടും ചുരുങ്ങാന്‍ തുടങ്ങി. ഒരു ഭക്തന്‍ മാത്രമായിരുന്ന ഖലീഫ മുത്തഖിബില്ലാഹിയുടെ കാലത്ത്, താറുമാറായിക്കിടന്ന രാജ്യം ദക്ഷിണ ഇറാനിലെ ബനൂ ബുവൈഹ് ഭരണത്തലവനായ മുഈസുദ്ദൗല ബഗ്ദാദ് കീഴടക്കി. ഒരു ചടങ്ങെന്ന രീതിയില്‍ ഖിലാഫത്ത് എന്ന സ്ഥാനം അവശേഷിച്ചു. ഖലീഫമാര്‍ സ്ഥാനമേറ്റുകൊണ്ടിരുന്നെങ്കിലും പിന്നീട് അധികാരം ഒന്നും ഉണ്ടായിരുന്നില്ല.
അറിവും അബ്ബാസികളും
അബ്ബാസി യുഗം, മുസ്‌ലിംകള്‍ സാംസ്‌കാരികമായും, വൈജ്ഞാനികമായും ഉന്നതിയിലെത്തിയ കാലഘട്ടമാണ്. പിടിച്ചടക്കുന്നതിനേക്കാള്‍, വിസ്തൃതമായ രാജ്യത്തെ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനാണ് അവര്‍ ശ്രദ്ധിച്ചത്. ഉമവികളെപ്പോലെതന്നെ അബ്ബാസികളും രാജവാഴ്ചയാണ് കാഴ്ചവച്ചത്. പക്ഷേ അബ്ബാസീ ഖലീഫമാർ അധികവും ഇസ്‌ലാമിക നിയമങ്ങളേക്കാള്‍, സ്വന്തം വ്യക്തി താല്‍പര്യത്തിനാണ് ഭരണത്തില്‍ മുന്‍തൂക്കം നല്‍കിയത്. രാജ്യത്ത് അടിമക്കച്ചവടം നിലനിന്നിരുന്നെങ്കിലും ഉന്നത പദവികള്‍ അടിമകള്‍ക്കു വരെ ലഭിച്ചിരുന്നു എന്നത് ഈ പഠനത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഒരു വസ്തുതയാണ് അറിവ്, കരവിരുത് തുടങ്ങിയ സവിശേഷതകൾ ഉള്ളവർക്ക് അടിമകൾ ആണെങ്കിൽ പോലും എത്ര ഉയരത്തിലും എത്തിച്ചേരാനുള്ള സാഹചര്യം അറിവിനെയും സംസ്കാരത്തെയും പരിപോഷിപ്പിക്കാൻ ഉള്ള ഭരണകൂടത്തിന്റെ താൽപര്യത്തെയാണ് ദ്യോതിപ്പിക്കുന്നത്. അമവി കാലത്തെ അപേക്ഷിച്ച് മുസ്ലിംകള്‍ സാംസ്‌കാരികമായും നാഗരികമായും ഉന്നതി പ്രാപിച്ചത് അബ്ബാസി കാലഘട്ടത്തിലാണ്. അമവികൾ തുടക്കം കുറിച്ച പല വിപ്ലവാത്മക മുന്നേറ്റങ്ങളും അതിന്റെ ഉച്ചിയിലെത്തിച്ചത് അബ്ബാസികളായിരുന്നു. അബ്ബാസിയ്യ ഭരണാധികാരികളുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ നാടിന്റെ സുസ്ഥിരത വര്‍ധിപ്പിക്കുകയും കലയും ശാസ്ത്രവും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തുവെന്നുള്ളത് തന്നെയാണ്. വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങൾ ഈ കാലത്ത് ഏറെ വളര്‍ച്ച പ്രാപിച്ചു. അടിമത്ത സമ്പ്രദായം അബ്ബാസിയ കാലത്തും നിലനിന്നിരുന്നു. അടിമക്കച്ചവടം പ്രധാനമായും ജൂതരാണു നടത്തിയിരുന്നത്. പിന്നീട് മുസ്ലിംകളും അതേറ്റടുത്തു. എന്നിരുന്നാലും അടിമകള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യത്തോടെയുള്ള ജീവിതമാണ് അബ്ബാസികള്‍ നൽകിയിരുന്നത്. ഉദ്യോഗങ്ങളും ഉന്നത പദവികളും അലങ്കരിക്കാന്‍ അടിമകള്‍ക്ക് അവസരം ലഭിച്ചുവെന്നതിന്റെ മഹത്തായ ഉദാഹരണങ്ങളുണ്ട്. മഅ്മൂന്‍, മുഅ്തസിം എന്നിവരടങ്ങിയ പ്രശസ്തരായ അബ്ബാസിയ്യാ ഭരണാധികാരികള്‍ക്ക് ജന്മം നല്‍കിയത് അടിമസ്ത്രീകളായിരുന്നു. മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴില്‍ സംഗീതവും ചിത്രകലയും അതിന്റെ പാരമ്യതയിലെത്തി. മുസ്ലിം കലാകാരന്മാര്‍ മതവിധികൾക്ക് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നുവെന്നതിന് തെളിവാണ് ചിത്രകലയില്‍ ജീവനുള്ളതിനെ ഒഴിവാക്കിക്കൊണ്ടുള്ള സമീപനം. കൊത്തുപണിയില്‍ എക്കാലത്തേയും ശ്രദ്ധേയരാകുവാൻ അവര്‍ക്ക് സാധിച്ചു.രാജാക്കന്മാരുടെ അകമഴിഞ്ഞ പിന്തുണ ഇതിനെല്ലാം ഉത്തേചിപ്പിച്ചു.
അറിവിനോടുള്ള ആ കാലത്തിൻ്റെ സമീപനം എത്രമേൽ നിഷ്കളങ്കവും ശക്തവുമായിരുന്നു എന്നത് ഗ്രഹിക്കുവാൻ ചെറിയ ആമുഖങ്ങൾ ആദ്യം ബോധ്യപ്പെടേണ്ടതുണ്ട്. അവയിൽ ആദ്യത്തേത് അമവി കാലത്ത് തുടക്കമിട്ട ഗ്രന്ഥരചനകള്‍ക്ക് വലിയ പ്രോത്സാഹനവും പരിഗണനയും നല്‍കി ഉയര്‍ത്തി കൊണ്ടുവന്നത് അബ്ബാസിയ്യാ രാജാക്കന്മാരായിരുന്നു എന്നതാണ്. ഗ്രീക്ക്, പേര്‍ഷ്യന്‍, സിറിയന്‍, സംസ്‌കൃതം എന്നീ ഭാഷകളിലെ നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്യിച്ചു. വിവിധ സംസ്കാരങ്ങളുടെ സമ്പന്നമായ അറിവുകൾ അങ്ങനെ അറബി ഭാഷയിൽ എത്തിച്ചേർന്നു. അതോടെ ആ അറിവുകൾ ജനകീയമായി മാറി. അറിവിന് ഇസ്ലാം നൽകുന്ന പ്രാധാന്യവും ആ കാലത്തെ പണ്ഡിതന്മാരുടെ ശക്തമായ സാമൂഹ്യ സ്വാധീനവും കൂടിച്ചേർന്നതോടെ അറിവിനെ ഒരു വികാരമായി അബ്ബാസി സാമ്രാജ്യത്തിലെ ഭരണീയർ ഉൾക്കൊണ്ടു. അതോടെ മുസ്ലിംകളുടെ വിജ്ഞാന രംഗം ശക്തിയാര്‍ജിച്ചു. ലോകത്ത് ധിഷണാശാലികളായി അവർ മാറി. ഇതിന് ഏറ്റവും വലിയ സഹായമായത് മുസ്ലിംകള്‍ കടലാസ് നിര്‍മ്മാണ വിദ്യ ആര്‍ജ്ജിച്ചെടുത്തതാണ്. അമവി കാലഘട്ടത്തില്‍ മുസ്ലിംകള്‍ സമര്‍ഖന്ത് കീഴടക്കിയപ്പോള്‍ അവിടെ നിന്ന് ബന്ദികളാക്കപ്പെട്ട ചൈനക്കാരില്‍ നിന്നാണ് മുസ്ലിംകള്‍ കടലാസ് നിര്‍മ്മാണ വിദ്യ പഠിക്കുന്നത്. വാമൊഴിയായി മാത്രം ഒതുങ്ങി നിന്നിരുന്ന മത നിയമങ്ങളും അറിവുകളും മറ്റും ലിഖിതരൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് അമവീ ഖിലാഫത്തിന്റെ അന്ത്യദശകത്തിലാണ് എങ്കിലും ആ മേഖലയിൽ വലിയ വളർച്ച സ്വായത്തമാക്കിയത് അബ്ബാസികൾ തന്നെയായിരുന്നു. അബ്ബാസികളുടെ ആദ്യത്തെ ഖലീഫമാർ വൈജ്ഞാനിക സംസ്കാരത്തെ ഏറ്റവും ഉന്നതമായി കാണുന്നവരായിരുന്നു എന്നതാണ് അതിന്റെ പ്രധാന കാരണം. ഗ്രന്ഥരചന സജീവമായത് അറിവിൻ്റെ വ്യാപനത്തെ അനുകൂലമായി സ്വാധീനിച്ചു. അറിവിൻ്റെ അത്യപൂർവ്വമായ ഈ വളർച്ചയെ സ്വാധീനിച്ച മറ്റൊരു ഘടകം ആ കാലഘട്ടത്തിലെ പണ്ഡിതന്മാർ തന്നെയായിരുന്നു. ലോകം എന്നും ബഹുമാനപൂർവ്വം പരിഗണിക്കുന്ന വലിയ പണ്ഡിതന്മാരിൽ നല്ലൊരു ഭാഗവും ജനിച്ചതും വളർന്നതും പഠിച്ചതും പഠിപ്പിച്ചതും ഉമ്മത്തിനെ സേവിച്ചതും അബ്ബാസികളുടെ കാലത്ത് തന്നെയായിരുന്നു.
അബ്ബാസിയാ കാലത്തെ മുസ്ലിം പണ്ഡിതന്മാര്‍ എക്കാലത്തെയും മുസ്ലിംകള്‍ക്ക് അഭിമാനമാണ്. അവരുടെ ഗ്രന്ഥങ്ങള്‍ ഇന്നും വായിക്കപ്പെടുന്നു. ഇമാം അബൂഹനീഫ(റ) ഇമാം മാലിക്ക്( റ), ഇമാം ശാഫീ(റ), ഇമാം ഹമ്പലീ(റ) എന്നീ നാലു മദ്ഹബിന്റെ ഇമാമുമാര്‍ അവരിൽ പ്രധാനികളാണ്. ബുഖാരി ഇമാമിനെപ്പോലുള്ള പണ്ഡിതര്‍ ഹദീസ് രംഗത്തും തിളങ്ങി നിന്നത് ഈ കാലത്ത് തന്നെയായിരുന്നു. വിശ്വാസ ശാസ്ത്രത്തിൻറെ ഇമാമുകൾ ആയ ഇമാം മാതുരീതീ, ഇമാം അശ്അരി(റ) തുടങ്ങിയവരും അബ്ബാസിയ്യാ കാലഘട്ടത്തിൻ്റെ സംഭാവനകൾ തന്നെയാണ്. ഈ കാലഘട്ടത്തില്‍ ചരിത്രം, ജീവചരിത്രം എന്നീ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. നമ്മുടെ പഠനത്തിന്റെയും പര്യവേഷണത്തിന്റെയും മേശപ്പുറങ്ങളിൽ ഇപ്പോഴും സജീവമാണ് അക്കാലത്ത് വിരചിതമായ പല കൃതികളും. അവയിൽ ഒന്നാണ് ഇബ്‌നു ഹിശാമിന്റെ സീറത്തുന്നബി. നബി(സ്വ)യുടെ ജീവിതത്തെ വളരെ വശ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ചരിത്രഗ്രന്ഥമാണ് ഇത്. ഇബ്‌നു സഅ്ദാണ് ഈ കാലഘട്ടത്തിലെ മറ്റൊരു വലിയ ജീവചരിത്രകാരന്‍. അദ്ദേഹത്തിൻ്റെ ത്വബഖാത്ത് ആധികാരിക മത ശൃംഖലകളുടെ റഫറൻസ് ഗ്രന്ഥമാണ്. മറ്റൊരു പ്രധാന ചരിത്രകാരനായിരുന്നു ഇമാം ത്വബരി. പതിനാല് വാള്യങ്ങളുള്ള വളരെ ബൃഹത്തായ ഒരു ചരിത്ര ഗ്രന്ഥം അദ്ദേഹം രചിക്കുകയുണ്ടായി. മുഹമ്മദ് നബി(സ്വ)യുടെ കാലം തൊട്ട് തന്റെ കാലം വരേയുള്ള ഏകദേശം 300 വര്‍ഷത്തെ ചരിത്രങ്ങളെ ക്രമീകരിച്ചു കൊണ്ടുള്ളതാണ് മഹാനവർകളുടെ താരീഖ്. ഇമാം അശ്അരി(റ), ഇമാം മാതുരീതി തുടങ്ങിയ ധിഷണാശാലികളായ പണ്ഡിതന്മാര്‍ അക്കാലത്തെ വലിയ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചവരായിരുന്നു. വിശ്വാസ മേഖലയിലുള്ള അക്കാലത്തെ വെല്ലുവിളികളെ ഖണ്ഡിച്ചുകൊണ്ട് പത്തോളം ഗ്രന്ഥങ്ങളാണ് ഇമാം മാതുരീതി രചിച്ചത്. വൈദ്യശാസ്ത്രം, ഗണിതം, ഗോള ശാസ്ത്രം, രസതന്ത്രം, തത്ത്വചിന്ത തുടങ്ങിയ വിജ്ഞാനശാഖകള്‍ക്കും അബ്ബാസിയ്യാ ഭരണ കാലഘട്ടം തുടക്കമിട്ടു. മുസ്ലിം പണ്ഡിതര്‍ രചിച്ച പല ഗ്രന്ഥങ്ങളും പിന്നീട് മൗലികമായിത്തീര്‍ന്നു. ഇതിനെല്ലാം രാജാക്കന്മാര്‍ പ്രത്യേകം അംഗീകാരവും പ്രോത്സാഹനവും നല്‍കി. ധൂര്‍ത്തിനും ആര്‍ഭാടത്തിനും പകരം പുസ്തകങ്ങളും അറിവും ആയുധമാക്കാന്‍ രാജാക്കന്മാര്‍ അണികളെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
മുഹമ്മദ് ബ്‌നു ഖവാരിസ്മി അക്കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഗണിത ശാസ്ത്രജ്ഞനായിരുന്നു. ഗണിതശാസ്ത്രം, ഗോള ശാസ്ത്രം, ആള്‍ജിബ്ര എന്നീ മേഖലകളിലേക്കും ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. യൂറോപ്യൻ ഗണിത ശാസ്ത്രജ്ഞർഅക്കങ്ങളുടേയും പൂജ്യത്തിന്റയും ഉപയോഗം പഠിച്ചത് ഈ ഗ്രന്ഥങ്ങളില്‍ നിന്നാണ്. ചുരുക്കത്തില്‍ അബ്ബാസിയ്യ കാലഘട്ടത്തില്‍ ചിന്താ ലോകത്തെ നിയന്ത്രിച്ചിരുന്നത് മുസ്ലിംകളായിരുന്നു. ഖലീഫാ ഹാറൂൺ റഷീദിന്റെ കാലത്ത് ജീവിച്ചിരുന്ന മൂസ ബ്‌നു ശാക്കിര്‍ എന്ന പ്രതിഭയും അദ്ദേഹത്തിൻ്റെ മക്കളും ഇത്തരം വിഗഹവീക്ഷണങ്ങളിൽ പോലും എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ്. ഗോള ശാസ്ത്രത്തിൽ അന്നുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത സത്യങ്ങൾ കണ്ടുപിടിച്ച മഹാ ശാസ്ത്ര പ്രതിഭയായിരുന്നു മൂസ ബിനു ശാക്കിർ. അദ്ദേഹത്തിന് അഹ്മദ്, ഹസൻ, മുഹമ്മദ് എന്നീ മൂന്ന് മക്കൾ ഉണ്ടായിരുന്നു. അവർ അക്ഷരാർത്ഥത്തിൽ പിതാവിനെ പ്രതിനിധീകരിക്കുന്ന മഹാ കണ്ടുപിടുത്തങ്ങളുടെ ഉടമകൾ ആയിരുന്നു. ഭൂഗോളത്തിന്റെ ചുറ്റളവിനെ കുറിച്ച് ഒരു ധാരണ പോലും രൂപപ്പെടുത്തുവാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ലാത്ത ആ കാലത്ത് ഖലീഫ മഅ്മൂനിൻ്റെ നിർദ്ദേശപ്രകാരം അത് ആദ്യമായി കണ്ടെത്തിയ പ്രതിഭകളാണ് മൂസ ബിൻ ശാക്കിറിൻ്റെ ഈ മൂന്ന് മക്കളും. ആധുനിക രസതന്ത്രത്തിൻ്റെ പിതാവ് ജാബിര്‍ ബ്‌നു ഹയ്യാനെയും സംഭാവന ചെയ്തത് ഈ കാലം തന്നെയായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ മുസ്ലിം തേജസ്സായിരുന്നു മുഹമ്മദ് ബ്‌നു സകരിയ്യാ റാസി(റ). ലോക ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യശാസ്ത്ര ഭിഷ്വഗ്വരനായിരുന്നദ്ദേഹം. ഈ കാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്നു ഇബ്‌നുൽ ഹൈസം (965- 1030). ക്യാമറ നിര്‍മാണത്തില്‍ അവലംബിക്കപ്പെടുന്ന തത്വം ആദ്യമായി അവതരിപ്പിച്ചത് ഇബ്‌നുൽ ഹൈസമാണ്. അദ്ദേഹത്തിൻ്റെ കിതാബുല്‍ മനാളിറില്‍ ഈ തത്വം അദ്ദേഹം പരാമർശിക്കുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഈ കൃതി ലാറ്റിനിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. ഈ കൃതിക്ക് ആയിരം വർഷം തികഞ്ഞത് കഴിഞ്ഞവർഷം ഐക്യരാഷ്ട്രസഭ തന്നെ ആചരിക്കുകയുണ്ടായി. ഇമാം ഗസ്സാലി (റ), ശൈഖ് ജീലാനി(റ) തുടങ്ങിയ ആത്മീയ വൈജ്ഞാനിക നേതാക്കള്‍ പിറവിയെടുത്തതും ഈ കാലത്തായിരുന്നു. ഉമര്‍ ഖയ്യൂം, റൂമി തുടങ്ങിയവരും ഈ കാലത്തിൻ്റെ ദാനങ്ങൾ തന്നെ.
മുഅ്തസിലികൾ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങൾ
അബ്ബാസീ കാലഘട്ടത്തിലെ സുന്നീ ഇസ്ലാമിൻ്റെ ഉത്ഥാന പതനങ്ങൾ വിലയിരുത്തുമ്പോൾ അത് മൊത്തത്തിൽ പ്രധാനമായും ഒറ്റ സംഗതിയെയാണ് വലംവെക്കുന്നത് എന്നു കാണാം. ഉമവി ഖിലാഫത്തിന്റെ അവസാന ദശകളിൽ രൂപം കൊള്ളുകയും അബ്ബാസി ഭരണഘട്ടത്തിൽ വളർന്നു വികസിക്കുകയും ചെയ്ത മുഅ്തസിലിയ്യത് എന്ന ചിന്താപ്രസ്ഥാനത്തിൻ്റെ ഇരച്ചു കയറ്റത്തെ. ഇമാം ഹസനുൽ ബസ്വരി(റ)(ഹി. 21- 110) യുടെ ശിഷ്യനായിരുന്ന വാസ്വിൽ ബിൻ അത്വാഇ(ഹി. 80–131)ൽ നിന്ന് പൊട്ടമുളച്ച ഗുരുവിനോടുള്ള ഒരു വിയോജിപ്പായിരുന്നു നൂറ്റാണ്ടുകളോളം ഒരു ചിന്താധാരയായി സുന്നീ വിശ്വാസ സൂഹത്തിൻ്റെ ഉറക്കം കെടുത്തിയ ഒരു ശല്യമായി വളർന്നത്. വൻദോഷം ചെയ്തവർ മുഅ്മിനോ കാഫിറോ അല്ല, അവർ സ്വർഗ്ഗവും നരകവും അല്ലാത്ത മൂന്നാമതൊരിടത്തായിരിക്കും എന്ന വാദത്തിൽ നിന്നായിരുന്നു തുടക്കം. ഇതിൻ്റെ പേരിൽ ഹസനുൽ ബസ്വരിയുടെ മജ്ലിസിൽ നിന്ന് ഇറങ്ങിപ്പോയതോടെ അവർ ഇറങ്ങിപ്പോയവർ എന്ന അർഥത്തിൽ 'മുഅ്തസിലികൾ' എന്നു വിളിക്കപ്പെട്ടു. പിന്നീട് മനുഷ്യന് തന്റെ ചെയ്തികൾക്ക് പൂർണ ഉത്തരവാദിത്തമുണ്ട്, അവന്റെ കർമങ്ങൾ അവന്റെ മാത്രം സൃഷ്ടിയാണ് എന്നുമവർ വാദിച്ചു. ഇതെല്ലാം സമർഥിക്കുവാൻ അവരുടെ ആശ്രയം തങ്ങളുടെ യുക്തി മാത്രമായിരുന്നു. അപ്പോൾ സ്വാഭാവികമായും പ്രമാണങ്ങൾ ഉണ്ടായിരിക്കെ യുക്തിക്കെന്താണ് പ്രാധാന്യം എന്ന എതിർചോദ്യം വന്നു. അതോടെ വീണിടത്ത് നിന്നെഴുനേൽക്കുവാൻ യുക്തി പ്രമാണമാണ് എന്നവർക്കു പറയേണ്ടിവന്നു. മുഅ്തസിലികളും നമ്മളും പേർപിരിയുന്നത് ഇവിടെ വെച്ചാണ്. നമുക്ക് പരിശുദ്ധ ഖുർആനും തിരുസുന്നത്തും അവയ്ക്ക് മഹാന്മാർ നൽകിയ വ്യാഖ്യാന വിശദീകരണങ്ങളും ആണ് പ്രമാണം. പക്ഷേ അവർ അവയൊക്കെ ഉപയോഗിക്കുന്നതോടൊപ്പം സ്വന്തം യുക്തി ഉപയോഗിച്ച് ഓരോ കാര്യങ്ങളെയും വിശദീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. മനുഷ്യനെ പ്രമാദിത്വം കൽപ്പിക്കുന്ന ഗ്രീക്ക് - ഭാരതീയ - ജൂത - ക്രൈസ്തവ തത്വശാസ്ത്രങ്ങളുടെ സ്വാധീനഫലമായി, രൂപപ്പെട്ട ഒരു ആശയമാണ് മുഅ്തസിലി പ്രസ്ഥാനമെന്ന് പറയാവുന്നതാണ്.
അമവികളുടെ കാലത്തായിരുന്നു ഇവരുടെ രംഗപ്രവേശനം. ഖലീഫ അബ്ദുൽ മലികിനെതിരെ രംഗത്തുവന്ന മഅ്ബദുൽ ജുഹനി ഇത്തരം ചില ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നു. അല്ലാഹുവിന് വിശേഷണങ്ങൾ (സ്വിഫാത്ത്) ഇല്ലെന്നും ഖുർആൻ അല്ലാഹുവിന്റെ കലാം അല്ലെന്നും അത് സൃഷ്ടിയാണെന്നും വാദിച്ച് രംഗത്ത് വന്ന ശൈലാൽ അദ്ദിമശ്ഖിയുടെ വാദങ്ങൾ മുഅ്തസിലികളുടെ ആശയമാണ്. ജഹ്മ് ഇബ്നു സഫ്‌വാൻ, ജഅ്ദ് ഇബ്നു ദിർഹം, സലം ഇബ്നു അഹ്‌വാസ് തുടങ്ങിയവരൊക്കെ മുഅ്തസിലി ചിന്താഗതിയുടെ ആദ്യകാല വക്താക്കളായിരുന്നു. വാസിൽ ഇബ്നു അതാഅ് (ഹി. 80-131)ന്റെ നേതൃത്വത്തിലാണ് ഇത് ഒരു പ്രസ്ഥാനമായി രൂപപ്പെട്ടത്. അബുൽ ഹുദൈൽ ഹംദാൻ അൽ അല്ലാഫ് (മരണം. 226), ഇബ്റാഹീം ബിൻ യസാർ അന്നള്ളാം (മരണം. 231), ബിശ്റ് ബിൻ അൽ മുഅ്തമിർ (മരണം. 226), മഅ്മർ ബിൻ ഉബ്ബാദ് അസ്സുലമി (മരണം. 220), അംറ് ബിൻ ഉബൈദ് (മരണം. 144), അബു അലി അൽ ജുബ്ബാഈ (മരണം. 303), ഖാദിർ അബ്ദുൽ ജബ്ബാർ അൽ ഹമദാനി (മരണം. 414) തുടങ്ങിയവർ മുഅ്തസിലി ചിന്താഗതി പ്രചരിപ്പിച്ചവരിൽ പ്രമുഖരാണ്. അമവികൾ ഇവരെ തിരിച്ചറിയുകയും ശക്തമായി നേരിടുകയും ചെയ്തു. ചില പ്രമുഖരെ അവർക്ക് വധിക്കേണ്ടി വരെ വരികയുണ്ടായി. പിന്നീട് അഞ്ച് തത്വങ്ങൾ അടങ്ങിയ വിശ്വാസധാരയെ അവർ രൂപപ്പെടുത്തി. 1. തൗഹീദ് (ഏകത്വം), 2. അദ്‌ല് (നീതി), 3. അൽവഅ്ദ് വൽ വഈദ് (മുന്നറിയിപ്പ്, താക്കീത്) 4. അൽമൻസിലത്തു ബൈനൽ മൻസിലത്തൈൻ (സ്വർഗം – നരകം എന്നിവക്കിടയിലുള്ള സ്ഥാനം) 5. അൽ അംറുബിൽ മഅ്റൂഫ് വന്നഹ്‌യു അനിൽ മുൻകർ (നന്മ കൽപിക്കൽ, തിന്മ വിലക്കൽ) എന്നിവയായിരുന്നു അവ. തൗഹീദ് എന്നതുകൊണ്ടുള്ള വിവക്ഷ അല്ലാഹു എല്ലാ തരത്തിലുള്ള സാദൃശ്യങ്ങളിൽ നിന്നും സമന്മാരിൽ നിന്നും മുക്തനാണ്. അവന്റെ അധികാരത്തിൽ അവനോട് മത്സരിക്കാൻ ആർക്കുമാവില്ല. സൃഷ്ടികൾക്കുണ്ടാകുന്നതൊന്നും അവന് ഉണ്ടാവുകയില്ല (വിശേഷണങ്ങൾ, കർമങ്ങൾ) ഇക്കാര്യങ്ങൾ സ്ഥാപിക്കാൻ അവർ തെറ്റായ പല സിദ്ധാന്തങ്ങളും മെനഞ്ഞെടുത്തു. അല്ലാഹുവിനെ പരലോകത്ത് വെച്ച് കാണുകയില്ല. കാരണം അല്ലാഹുവിന് ഒരു വിശേഷണവും ഇല്ല. അല്ലാഹുവിന് വിശേഷണങ്ങൾ ഉണ്ടാവൽ അവന് സമന്മാർ ഉണ്ടാക്കലാണ്. അത് തൗഹീദിന് വിരുദ്ധമാണ്. അല്ലാഹുവിന് കലാം(സംസാരം) ഇല്ല. അതുകൊണ്ട് ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് തുടങ്ങിയതെല്ലാം അതിനുദാഹരണമാണ്. അദ്‌ല് എന്നാൽ അല്ലാഹു നീതിമാനാണ്, അതിനാൽ സൃഷ്ടികളുടെ കർമ്മങ്ങൾ അവരുടെ മാത്രം സൃഷ്ടിയാണ് എന്നാണ്. അപ്പോൾ അവരുടെ തെറ്റുകൾ അവർ ചെയ്യുന്നതാണ്. അല്ലാഹു നൽകിയ കഴിവുകൾ ഉപയോഗിച്ച് അവൻ കൽപിച്ചത് അനുഷ്ഠിക്കുകയും അവൻ വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. അവൻ കൽപിച്ച എല്ലാ നന്മകളുടെയും ഉത്തരവാദി അവനാണ്. എന്നാൽ അവൻ വിലക്കിയ തിന്മകളുടെ ഉത്തരവാദി അവനല്ല. അവർക്ക് സാധിക്കാത്ത കാര്യങ്ങൾ അവൻ അവരോട് വിലക്കുകയോ കഴിക്കുകയോ ചെയ്തിട്ടില്ല. അൽ വഅ്ദുവൽ വഈദ് – എന്നാൽ നന്മ ചെയ്തവന് നന്മക്ക് പ്രതിഫലം ലഭിക്കുകയും തിന്മ ചെയ്തവന് തിന്മക്ക് ശിക്ഷ ലഭിക്കുകയും ചെയ്യും എന്നാണ്. വൻ പാപങ്ങൾ ചെയ്തവന് പശ്ചാത്തപിച്ചില്ലെങ്കിൽ പൊറുത്ത് കൊടുക്കുകയില്ല. അൽ മൻസിലതു ബൈനൽ മൻസിലതൈൻ എന്നാൽ വൻപാപം ചെയ്തവൻ ഈമാനിന്റെയും കുഫ്റിന്റെയും ഇടയിലാണ് അയാൾ വിശ്വാസിയോ അവിശ്വാസിയോ അല്ല. അൽ അംറ്ബിൻ മഅ്റൂഫ് വന്നഹ്‌യു അനിൽമുൻകർ എന്നാൽ ഇസ്ലാമിക സന്ദേശം എത്തിക്കാനും വഴിപിഴച്ചവർക്ക് സന്മാർഗം കാണിക്കാനും കഴിയുന്ന രീതിയിൽ തടയലും വിശ്വാസികൾക്ക് നിർബന്ധ ബാധ്യതയാണ് എന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണാധികാരിക്ക് തെറ്റ് പറ്റിയാൽ അയാൾക്കെതിരിൽ രംഗത്തുവരൽ നിർബന്ധമാണെന്ന് അവർ വിശ്വസിക്കുന്നു.
അബ്ബാസി യുഗത്തിൽ
അമവി യുഗത്തിൽ നിന്ന് വ്യത്യസ്തമായി അബ്ബാസി യുഗം മുഅ്തസിലികളുടെ സുവർണ്ണ കാലഘട്ടമായിരുന്നു. തന്ത്രപരമായും യുക്തിപരമായും ഖലീഫയെ സ്വാധീനിക്കുവാൻ മുഅ്തസിലികൾക്ക് ചില അവസരങ്ങൾ ഒത്തു കിട്ടി എന്നതായിരുന്നു അതിലേക്ക് നയിച്ച വഴി. ഇത് അവർ നന്നായി ഉപയോഗപ്പെടുത്തുകയും ഒരുകാലത്ത് അബ്ബാസി ഖിലാഫത്തിന്റെ ഔദ്യോഗിക മതമായി തന്നെ മുഅ്തസിലി ചിന്താഗതി വളരുകയും ചെയ്തു. അത് തുടങ്ങുന്നത് ഖലീഫ അബൂ ജഅ്ഫറിൽ മൻസൂറിൻ്റെ കാലത്താണ്. മുഅ്തസിലി നേതാവായിരുന്ന അംറുബിനു ഉബൈദ് ഖലീഫയുമായി എന്തൊക്കെയോ ബന്ധമുള്ള ആളായിരുന്നു. അബൂ മൻസൂറിനെതിരെ അബ്ദുല്ലാഹി ബിൻ ഹസൻ എന്ന നഫ്സുസ്സകിയ്യ രംഗത്തിറക്കിയപ്പോൾ അംറ് ബിൻ ഉബൈദിനോട് അയാളോടൊപ്പം കൂടരുത് എന്ന് പറയുകയും ഉറപ്പുവരുത്തുകയും ചെയ്തതായി ചരിത്രങ്ങളിൽ കാണാം. ഇത് അവർ തമ്മിലുള്ള ഹൃദയബന്ധത്തെ കുറിക്കുന്നു. തുടർന്നുവന്ന ഖലീഫമാരായ മഹദിയുടെയും ഹാദിയുടെയും കാലത്ത് ഈ വിഷയത്തിൽ കാര്യമായ നീക്കങ്ങൾ ഒന്നും കാണുന്നില്ല. എങ്കിലും രാജ്യത്തിൻ്റെ ഏതൊക്കെയോ കോണുകളിൽ അവർ തങ്ങളുടെ ബൗദ്ധിക ലോകത്ത് വളരുന്നുണ്ടായിരുന്നു. എന്നാൽ ഹാറൂൺ റഷീദിന്റെ കാലം അവർക്ക് കൈപ്പേറിയതായിരുന്നു. ആ വിശ്വാസം പുലർത്തുന്നവരെ ഹാറൂൺ റഷീദ് പിന്നാലെ കൂടി വേട്ടയാടി. അവരുടെ പ്രധാനപ്പെട്ട നേതാവായിരുന്ന സുമാമ ബിൻ അഷ്റസ്, അത്താബീ എന്ന കവി തുടങ്ങിയവരെയെല്ലാം തടവിലിടുക വരെ ചെയ്തു റഷീദ്. ഖുർആൻ സൃഷ്ടിയാണ് എന്ന വാദം മറ നീക്കി പുറത്തിറങ്ങുന്നത് ഈ കാലത്താണ്. ഇത്തരം ഒരു വാദം ഉന്നയിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ കൊല്ലാൻ വരെ ഹാറൂൺ റഷീദ് കൽപ്പിച്ചിരുന്നു. കഠിനമായ ഈ നിലപാടിന് മുമ്പിൽ അവരുടെ പ്രധാന നേതാക്കന്മാർ വരെ ഭയപ്പെട്ടുപോയി. ബിഷ്റുൽ മിരീസി അവരിൽ ഒരാളായിരുന്നു. ഹാറൂൺ റഷീദിൻ്റെ കാലം കഴിയുന്നതുവരെയും അദ്ദേഹം ഭയന്ന് ഒളിവിൽ കഴിഞ്ഞു എന്നാണ് ചരിത്രം. ഹാറൂൺ റഷീദിന് ശേഷം കുറച്ചുകാലം മകൻ അമീൻ ബാഗ്ദാദിൽ ഖലീഫയായിരുന്നു. മതകാര്യങ്ങളിൽ അമീൻ പൊതുവേ തല്പരനായിരുന്നില്ല. അമീനിന്റെ ഭരണകാലം ഹൃസ്വവും ആയിരുന്നു. അതിനാൽ പിന്നീട് മുഅ്തസിലികളുടെ വിഷയം പുറത്ത് വരുന്നതും അത്ഭുതകരമായി വളരുന്നതും ഖലീഫ മഅ്മൂനിന്റെ കാലത്താണ്.
തൻ്റെ പിതാവിൽ നിന്ന് അഭയം തേടി ഓടിപ്പോയ ബിഷ്റുൽ മിരീസി തന്നെയായിരുന്നു ഖലീഫ മഅ്മൂനിനെ സ്വാധീനിച്ചത്. അതിൽ മഅ്മൂൻ വീണു. അവർ തമ്മിലുള്ള അടുപ്പം നാൾക്കുനാൾ വർദ്ധിച്ചുവന്ന് മുഅ്തസിലീ നേതാവായ തുമാമ ബിൻ അഷ്റസ് ഖലീഫയുടെ ഏറ്റവും അടുത്ത ആളായിത്തീരുകയും അയാളോട് ചോദിക്കാതെ ഖലീഫ മഅ്മൂൻ ഒന്നും തീരുമാനിക്കാത്ത അത്ര അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ തത്വത്തിൽ മുഅ്ത്തസിലീ ചിന്ത അബ്ബാസി ഖിലാഫത്തിന്റെ ഔദ്യോഗിക മതമായി മാറി. ഈ ബന്ധത്തിലാണ് മഅ്മൂൻ അഹ്മദ് ബിൻ അബീ ദാവൂദ് എന്ന മുഅ്തസിലീ ബുദ്ധി കേന്ദ്രവുമായി ബന്ധപ്പെടുന്നതും ആ ബന്ധം വളർന്നു അദ്ദേഹത്തെ അദ്ദേഹം രാജ്യത്തിൻ്റെ ചീഫ് ജസ്റ്റിസ് ആയി ഖലീഫ അവരോധിക്കുന്നതും. രാഷ്ട്രീയ കാര്യങ്ങളിൽ മഅ്മൂൻ ഒരു സമർത്ഥനായ ഭരണാധികാരി ആയിരുന്നു എങ്കിലും കക്ഷി ഒരു വികാര ജീവിയായിരുന്നു. വളരെ പെട്ടെന്ന് അഭിപ്രായങ്ങളിൽ മാറ്റം വരുത്തുകയും അകന്നവരെ അടുപ്പിക്കുകയും അടുപ്പമുള്ളവരെ അകറ്റുകയും ചെയ്യുക അദ്ദേഹത്തിൻ്റെ പതിവായിരുന്നു. തുടക്കത്തിൽ തൻ്റെ മന്ത്രിയായിരുന്ന യസീദ് ബിൻ ഹാറൂൺ, ചീഫ് ജസ്റ്റിസ് ആയിരുന്ന യഹിയ ബിൻ അക്തും തുടങ്ങിയവർ ഖലീഫയെ നിയന്ത്രിച്ചു എങ്കിലും യസീദ് ബിൻ ഹാറൂൺ മരിക്കുകയും ഖാളി സ്ഥാനത്തിൽ നിന്ന് യഹിയ നീക്കംചെയ്യപ്പെടുകയും ചെയ്തതോടെ മുഅ്തസിലികൾക്ക് ഭരണത്തിൽ ഇരുന്നു നിരങ്ങുവാനുള്ള അവസരം കൈവന്നു. അപ്പോഴാണ് ഖുർആൻ സൃഷ്ടി വിവാദം തലപൊക്കിയത്.
സത്യത്തിൽ ഖുർആൻ സൃഷ്ടിയാണ് എന്ന വാദത്തിൽ മുഅ്തസിലികൾ ചെന്നു ചാടുകയായിരുന്നു എന്നാണ് അതിനെ കുറിച്ചുള്ള പശ്ചാത്തല പഠനങ്ങൾ സൂചിപ്പിക്കുന്നത്. പിന്നീട് വീണത് വിദ്യയാക്കാൻ അവർ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുകയായിരുന്നു. അതിന്റെ പശ്ചാത്തലം ഇങ്ങനെയായിരുന്നു. അക്കാലത്ത് ഡമാസ്കസിലെ ബിഷപ്പായിരുന്ന യോഹന്നാൻ്റെ നേതൃത്വത്തിൽ അന്നത്തെ ക്രൈസ്തവ ലോകം ഒരു വാദം ഉന്നയിച്ചു. ഖുർആൻ അല്ലാഹുവിൻ്റെ സൃഷ്ടിയല്ല എന്നും അവൻ്റെ അനാദിയായ ഗുണമാണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു, ഇതേ സമയം യേശുവിനെ കുറിച്ച് ഖുർആൻ പറയുന്നത് യേശു അല്ലാഹുവിൻ്റെ കലാമാണ് എന്നാണ് (3:45), അപ്പോൾ യേശുവും അപ്രകാരം ദൈവത്തിൻ്റെ സൃഷ്ടിയല്ല, അനാദിയായ ഒരു ഗുണം ആണ് എന്നായിരുന്നു അവരുടെ വാദം. ദൈവത്തിൻ്റെ ഗുണമാണ് എന്ന് പറയുമ്പോൾ യേശുവിനെ ആരാധിക്കാം എന്ന് വാദിക്കുകയായിരുന്നു സത്യത്തിൽ അവർ. ഇതിനെ പ്രതിരോധിക്കാനാണ് മുഅ്തസിലികൾ ഈ വിവാദം കത്തിച്ചത്. നിങ്ങൾ പറയും പോലെ തന്നെ വിശുദ്ധ ഖുർആൻ അല്ലാഹുവിൻ്റെ കലാമാണ് എങ്കിലും അത് അവൻ്റെ ഒരു സൃഷ്ടിയാണ്, അനാദിയായ ഗുണമല്ല. യേശുവിൻ്റെ കാര്യവും അപ്രകാരമാണ്. യേശു പിന്നീടുണ്ടായ (അനാദി അല്ലാത്ത) ഒരു സൃഷ്ടി മാത്രമാണ്. അതിനാല് യേശുവിന് ദൈവമാകാനുള്ള അനാദ്യത്വം ഇല്ല എന്നായിരുന്നു മുഅ്തസിലികൾ വാദിച്ചത്. ഇങ്ങനെ വാദിച്ച് ക്രിസ്ത്യാനികളെ തള്ളിക്കളയാൻ കഴിഞ്ഞേക്കാം എങ്കിലും ഈ വാദം അതിഗുരുതരമായ കുറേ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാരണം ഇത് സ്ഥാപിക്കാൻ അവർക്ക് അല്ലാഹുവിൻ്റെ അറിവ്, കേൾവി തുടങ്ങിയ സ്വിഫത്തുകളൊക്കെയും നിഷേധിക്കുവാൻ അവർ നിർബന്ധിതരായി. അല്ലാഹു അരൂപിയാണ് എന്ന തത്വം അവർക്ക് നിഷേധിക്കേണ്ടിവന്നു. അങ്ങനെ അവർ മുജസ്സിമത്തുകൾ കൂടിയായി മാറി. അല്ലാഹുവിനെ പോലെ മറ്റൊന്നുമില്ല എന്ന ഖുർആൻ വചനത്തിൻ്റെ ബാഹ്യാർത്ഥം അവർക്ക് നിഷേധിക്കേണ്ടി വന്നു. അല്ലാഹുവിനെ ആഖിറത്തിൽ വെച്ച് പൗർണ്ണമിയെ പോലെ കാണും എന്ന സ്വഹീഹായ ഹദീസിനെ പോലും അവർക്ക് നിഷേധിക്കേണ്ടതായി വന്നു. വിവാദം കനത്തതോടെ വിഷയം തെരുവിലേക്ക് വലിച്ചിടപ്പെട്ടു. അബ്ബാസി യുഗത്തിലെ ഏറ്റവും അധികം കത്തിക്കയറിയ ഒരു വിഷയമായി ഇതു മാറി. നാടാകെ സംവാദങ്ങളും സംഘട്ടനങ്ങളും അരങ്ങേറി.
മുഖ്യധാരയിലായിരുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅക്കെതിരെ മുഅ്തസിലികൾ മറ്റുള്ളവരുടെ സഹായത്തോടെ പലതും ചെയ്തു. ഇമാം അഹ്മദ് ബിൻ ഹൻബൽ(റ) ആയിരുന്നു സുന്നീ പക്ഷത്തെ സധീരം നയിച്ചത്. ബഗ്ദാദിൽ ഇമാം അഹമദുബ്നു ഹമ്പൽ(റ)വിൻ്റെ ശബ്ദമുയർന്നു. നാടടക്കി പ്രസംഗ പരമ്പരകൾ നടത്തി ജനങ്ങളെ പരമാവധി കയ്യിലെടുക്കാൻ അവർ ശ്രമിച്ചു. അതേസമയം, സുന്നി പക്ഷവും വെറുതെയിരുന്നില്ല. അവർ ശരിക്കും പ്രത്യാക്രമണം നടത്തി. നിരവധി ഖണ്ഡന പ്രസംഗങ്ങൾ നടത്തി. സമുദായത്തിൻ്റെ അകം കണ്ട ഏറ്റവും വലിയ ചിന്താ വിപ്ലവം തന്നെയായിരുന്നു അത്. ക്രമേണ തർക്കം മൂത്ത് പിടിവാശിയായി. ചിലർ വധിക്കപ്പെട്ടു. ഇമാം അഹമദുബ്നു ഹമ്പൽ(റ) ഒട്ടും ഭയപ്പെടാതെ ഖലീഫയുടെ വാദം തെറ്റാണ്, അത് തള്ളിക്കളയുക എന്ന് തുറന്ന് പ്രഖ്യാപിച്ചു. ബഗ്ദാദിലെ ജനങ്ങൾ ഇമാമിൻ്റെ പ്രസ്താവന സ്വീകരിച്ചു, ഖലീഫയുടെ പ്രഖ്യാപനം തള്ളിക്കളഞ്ഞു. അതോടെ ഖലീഫ ഭ്രാന്ത് പിടിച്ചത് പോലെ സുന്നികളെ മുഴുവനും വേട്ടയാടാൻ തുടങ്ങി.
മുഅ്തസിലികൾ ഇമാമിനെ കൽത്തുറങ്കിലടക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇമാമിനെ തൊട്ടാൽ കളി ഗുരുതരമാവും എന്ന് സുന്നീ പക്ഷവും നിലപാടെടുത്തു. അതോടെ ഇമാം അഹ്മദുബ്നു ഹമ്പൽ(റ)വിൻ്റെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും തടസ്സം നേരിട്ടു. ഇമാമിനെ പിന്താങ്ങുന്ന പലരെയും പിടിച്ചു ജയിലിലടച്ചു. അവർക്ക് കഠിനമായ മർദ്ദനങ്ങളേറ്റു. അവസാനം ഖലീഫയുടെ ബഗ്ദാദിലെ ഗവർണരായ ഇസ്ഹാഖുബ്നു ഇബ്രാഹിമിന് ഖലീഫയുടെ കൽപന കിട്ടി, ഖുർആൻ സൃഷ്ടിയാണ് എന്ന വാദത്തെ അംഗീകരിക്കാത്ത ഫുഖഹാക്കളെയും ഹദീസ് പണ്ഡിതന്മാരെയും ചങ്ങലയിൽ ബന്ധിച്ചു എൻ്റെ മുമ്പിൽ ഹാജരാകണമെന്ന്. പണ്ഡിതന്മാരെ സൈന്യം തിരഞ്ഞുപിടിക്കാൻ തുടങ്ങി. ചിലരൊക്കെ ശിക്ഷ ഒഴിവായിക്കിട്ടാൻ വേണ്ടി ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിച്ചു കൊടുത്തു. അവസാനം പ്രമുഖരായ നാല് പണ്ഡിതന്മാരെ അവർ ചങ്ങലയിൽ കുരുക്കി. അവരിൽ ഒരാൾ ഇമാം അഹ്മദുബ്നു ഹമ്പൽ(റ) ആയിരുന്നു. നാലിൽ ഒരാൾ ഖലീഫയുടെ മുമ്പിലെത്തും മുമ്പെ മരണപ്പെട്ടു. രണ്ടു പേർ മരണത്തെപേടിച്ചു ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിച്ചു. പിന്നെയുള്ള ബാക്കി ഇമാം മാത്രം. അഹ്ലുസ്സുന്നത്തിനുവേണ്ടി ഇമാം നിലകൊണ്ടു. ഒറ്റക്കു പൊരുതാൻ അദ്ദേഹം തീരുമാനിച്ചു. തൻ്റെ മുമ്പിൽ വെച്ചും അവർ തങ്ങളുടെ വാദം ഉന്നയിക്കുകയാണെങ്കിൽ നേരിട്ട് അവരെ വധിക്കാനായിരുന്നു ഖലീഫയുടെ തീരുമാനം. അതറിഞ്ഞ ഇബ്നു ഹമ്പൽ(റ) ഖലീഫ മഅ്മൂനിനെ കൊണ്ടുളള ശല്യം തീർക്കണമേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. അതങ്ങനെ തന്നെ സംഭവിച്ചു. മഅ്മൂൻ മരണപ്പെട്ടു. മുഅ്തസിലത്തിനെ എന്തു വില കൊടുത്തും സംരക്ഷിക്കണം എന്ന് വസ്വിയ്യത്ത് ചെയ്തു കൊണ്ടായിരുന്നു മഅ്മൂൻ മരിക്കുന്നത്. അതിനാൽ പിന്നീട് ഖലീഫയായി വന്ന മുഅ്തസ്വിം അതേ ക്രൂരത തുടർന്നു. ഇമാം അഹ്മദ് ബിൻ ഹൻബലിനെ അദ്ദേഹവും ജയിലിട്ട് ക്രൂരമായി വേട്ടയാടി. ഇതിനിടെ മുഅ്തസ്വിമും മരണപ്പെട്ടു. പിന്നീട് ഖലീഫയായി വന്ന വാസിഖും അതേ മനസ്സായിരുന്നു. ഇബ്നു ഹമ്പൽ അടക്കം മഹാ പണ്ഡിതൻമാരെ അയാളും ക്രൂരമായി വേട്ടയാടി. ഇമാം ബുവൈത്വി, അഹ്മദ് ബിൻ നസ്ർ, നുഐം ബിൻ ഹമ്മാദ് തുടങ്ങി പല പണ്ഡിതന്മാർക്കും ഖുർആൻ അല്ലാഹുവിൻ്റെ കലാമാണ് എന്ന് പറഞ്ഞതിൻ്റെ പേരിൽ ജീവൻ നൽകേണ്ടി വരെ വന്നു. പക്ഷെ, വാസിഖിന് ജീവിതാന്ത്യത്തിൽ മനം മാറ്റമുണ്ടായി. അതോടെ മുഅ്തസിലിസത്തിൻ്റെ ഹുങ്കും വീര്യവും കുറയാൻ തുടങ്ങി. പിന്നീട് ഖലീഫയായി വന്ന മുതവക്കിലിൻ്റെ (എ ഡി. 821-861) കാലത്താണ് ഇസ്ലാമിക രാജ്യവും ഖലീഫയും മുഅ്തസിലിസത്തെ സമുദായത്തിൽ നിന്ന് ഇറക്കിവിട്ടത്. ഹിജ്റ 232ൽ ഖലീഫ മുതവക്കിൽ അധികാരമേറ്റെടുക്കുന്നത് വരെ പതിനാല് വർഷം ഭരണരംഗത്ത് മുഅ്തസിലി സ്വാധീനം തുടർന്നു. മുതവക്കിലിന്റെ രംഗപ്രവേശനത്തോടെ അഹ്ലുസ്സുന്നക്ക് സ്വാധീനം ലഭിച്ചു. അദ്ദേഹം ഇമാം അഹ്മദിനെ ആദരിച്ചു. അബ്ബാസികളുടെ കാലം കണ്ട ഏറ്റവും വലിയ ആദർശ പോരാട്ടം ഇതായിരുന്നു.
മുഅ്തസിലികളും ശിയാക്കളും തമ്മിലുള്ള ചങ്ങാത്തം
അബ്ബാസികളുടെ കാലത്ത് തന്നെ ഹിജ്റ 334 ൽ പേർഷ്യൻ പ്രദേശത്ത് അലി ബിൻ ബുവൈഹി എന്ന ഒരാളുടെയും അദ്ദേഹത്തിൻ്റെ രണ്ടു സഹോദരന്മാരുടെയും നേതൃത്വത്തിൽ ബുവൈഹി ഭരണകൂടം സ്ഥാപിതമായി. ഹസൻ ബിൻ അലി അൽ ഉഥ്റൂഷ് എന്ന ഒരാളിൽ നിന്നായിരുന്നു അവർക്ക് ഇസ്ലാം ലഭിച്ചിരുന്നത്. അയാൾ ഷിയാ വിശ്വാസിയായിരുന്നു. അതിനാൽ തുടക്കം മുതലേ അവരുടെ ചിന്തയിലെ മതം ശീഇസം ആയിരുന്നു രാഷ്ട്രീയപരമായി ബുവൈഹികൾ അബ്ബാസികളുമായി സഹകരണത്തിലായിരുന്നു. പക്ഷേ അന്നത്തെ കാലത്ത് മുൻതൂക്കം വികാരങ്ങൾക്കും സൗഖ്യങ്ങൾക്കും ആയിരുന്നു. അതിന് അധികാരം വേണം. അതിനാൽ അധികാരം ഉറപ്പിച്ചു നിർത്തുവാൻ ജനങ്ങളെ വികാരപ്പെടുത്തി ഒപ്പം നിർത്തുക എന്നത് എല്ലാവരുടെയും താല്പര്യമായിരുന്നു. അതിന് ഏത് ആദർശമാണ് വഴിപ്പെടുക എങ്കിൽ അത് സ്വീകരിക്കുന്നതിൽ ആർക്കും മടിയുണ്ടായിരുന്നില്ല. അതിനാൽ ബുവൈഹികൾക്ക് അബ്ബാസികളെയും അബ്ബാസികൾക്ക് ബുവൈഹികളെയും വേണ്ടിയിരുന്നു. അവർ പരസ്പരം അധികം വൈകാതെ ചങ്ങാത്തത്തിലാവുകയും ചെയ്തു. അതിനുവേണ്ടി തങ്ങളുടെ ആശയങ്ങളിൽ മാറ്റം വരുത്തി കൊടുക്കാൻ വരെ രണ്ടു ഭാഗത്തെയും പണ്ഡിതന്മാർ തയ്യാറാവുകയും ചെയ്തു. അതുകൊണ്ട് ആ കാലത്ത് അബൂബക്കർ(റ) അലി(റ)യെക്കാൾ ശ്രേഷ്ഠവാനാണ് എന്നും നേരെ മറിച്ചും ഒരേസമയം തന്നെ ആ കാലത്ത് കേൾക്കുകയുണ്ടായി. എല്ലാ വാദങ്ങളുടെയും അടിസ്ഥാനം ഇതുതന്നെയായിരുന്നുവല്ലോ. ഈ അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവന്നതിന് വ്യക്തമായ തെളിവായിരുന്നു, മുഅ്തസിലികളുടെ നേതാവായിരുന്ന അബ്ദുൽ ജബ്ബാർ അൽ ഹമദാനിയെ ബുവൈഹികൾ റയ്യിലെ ചീഫ് ജസ്റ്റീസാക്കിയത്.
അധികം കഴിയുന്നതിനു മുമ്പ് രണ്ട് ആശയ ധാരകളും പരസ്പരം ലയിച്ചുചേർന്നു. ഏത് ഏതിലാണ് ലയിച്ചത് എന്നത് കൃത്യമായി വേർതിരിക്കാൻ കഴിയുന്നത് ഒരു വിഭാഗത്തിന് സ്വന്തമായി രാജ്യവും അധികാരവും ഉണ്ടായിരുന്നതുകൊണ്ടാണ്. മുഅ്തസിലികൾക്ക് നിലനിൽക്കുവാൻ ഒരു രാജ്യത്തിൻ്റെ പിന്തുണ രാഷ്ട്രീയപരമായി വേണ്ടിയിരുന്നു. അതിനാൽ അവർ കൂടെക്കൂടെ ഷിയാ വിശ്വാസങ്ങളിലേക്ക് ചേക്കേറി. മുഅ്തസിലികളുടെ ബുദ്ധിപരമായ ആശയങ്ങളും ആദർശങ്ങളും പലതും ശിയാക്കൾക്കും വേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ചും അവരുടെ അവസാന ഇമാം തുടങ്ങിയ സങ്കീർണമായ ബൗദ്ധിക വിഷയങ്ങളിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുവാൻ. അതിനാൽ അവർ അതും കടം കൊണ്ടു. അങ്ങനെയാണ് മുഅ്തസിലത്ത് അവസാനിച്ചത്. അപ്രകാരം തന്നെ മറ്റെന്തെങ്കിലും ആശയങ്ങളിലേക്ക് ലയിച്ച് അവസാനിക്കേണ്ട ദുർഗതി തന്നെയാണ് സത്യത്തിൽ ശിയായിസത്തിനും ഉള്ളത്. പക്ഷേ അവർ എപ്പോഴും രാഷ്ട്രവും അധികാരവും കയ്യടക്കി വെക്കുവാൻ ശ്രമിക്കുമായിരുന്നു. അതിൻ്റെ ബലത്തിലാണ് അവർ ചരിത്രത്തിൽ എന്നും പിടിച്ചുനിന്നതും ഇപ്പോഴും പിടിച്ചുനിൽക്കുന്നതും.
റഫറൽ വായനകൾ:
ഉയൂനുൽ അഖ്ബാർ /ഇബ്നു ഖുത്വൈബ
സിയറു അഅ്ലാമിന്നുബലാഅ് / ശംസുദീനു ദ്ദഹബി
അൽ അഖ്ദുൽ ഫരീദ് / ഇബ്നു അബ്ദി റബ്ബിഹി
അൽ മിലലു വന്നിഹൽ / ശഹ്റസ്താനി
അദ്ദൗലത്തുൽ അബ്ബാസിയ്യ / മുഹമ്മദ് ഖള് രി ബക്
ഇസ്ലാമിക സമൂഹം: ചരിത്ര സംഗ്രഹം / സർവത് സൗലത്ത്
The Great Caliphs: The Golden Age of the 'Abbasid Empire / Amira K. Bennison
വിവിധ റഫറൽ വെബ്സൈറ്റുകൾ
Thoughts & Arts
അബ്ബാസീ ഖിലാഫത്ത് : സുന്നി ഇസ്ലാമിൻ്റെ ഉത്ഥാനപതനങ്ങൾ
2025-11-22
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso