വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഹിജാബ് വിവാദം താൽക്കാലം അടങ്ങിയ മട്ടാണ്. മതവും സംസ്കാരവും അതിൻ്റെ അന്തസ്സോടെ കയ്യാളാനും കൊണ്ടുനടക്കാനും ഒരൽപ്പം ഹൃദയ വിശാലത വേണം. അതില്ലാത്തവരിൽ നിന്നാണ് ഇടക്കിടെ അക്ഷരത്തെറ്റുകൾ സംഭവിക്കുന്നത്. അതിനാൽ അവരെ മാത്രമേ വിഷയത്തിൽ പ്രതിചേർക്കേണ്ടതുള്ളൂ. അവരുടെ മതം, സമൂഹം തുടങ്ങിയവയൊന്നും ഒരർഥത്തിലും അതിൽ കുറ്റക്കാരല്ല. പക്ഷെ, ഈ പറഞ്ഞ കൃത്യതയും കണിശതയും പാലിക്കുവാൻ എല്ലാവർക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. മതപരമായോ സാമൂഹ്യപരമായോ രാഷ്ട്രീയമായോ തങ്ങളുമായി ബന്ധമുള്ളവരിൽ നിന്നാണ് ഇത്തരം തെറ്റ് പറ്റിയിരിക്കുന്നത് എങ്കിൽ തത്വമൊന്നും നോക്കാതെ അതിനൊപ്പം കൂടുകയും ഇഷ്ടത്തിനൊത്ത് സംഗതി വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും. അങ്ങനെയാണ് വിവാദങ്ങൾ വലുതാവുന്നതും വഷളാവുന്നതും. വിവാദങ്ങളുടെ കാര്യത്തിൽ ഏറെ ഭയപ്പെടാനുള്ളതും ഇതിനെയാണ്. ഈ ഒരു സാധ്യത ഉള്ളതുകൊണ്ടു മാത്രമാണ് ചില കാര്യങ്ങൾ ഇവിടെ ഉണർത്തുന്നത്. അത് സഹിഷ്ണുതയുടെ കാര്യമാണ്. ഈ ചെറിയ കാര്യങ്ങളേക്കാൾ എത്രയോ അർഥവത്തും ഉന്നതവുമാണ് നാം ഉയർത്തിയ സഹിഷ്ണുതയുടെ ഗോപുരങ്ങൾ. അതു തകരാൻ വേണ്ടത്ര ഹൃദയ വിശാലതയില്ലാത്ത ചിലരിൽ നിന്നുണ്ടായ അക്ഷരത്തെറ്റുകൾ കാരണമാവരുത് എന്നതാണ് ഈ സന്ദേശത്തിൻ്റെ പൊതുധ്വനി. മതങ്ങൾക്കും കൂട്ടത്തിൽ ഇസ്ലാമിനും ക്രിസ്ത്യാനിറ്റിക്കും കേരളീയ സംസ്കൃതിക്കും ഒരു പ്രയാസവുമില്ലാതെ വഹിക്കാൻ കഴിഞ്ഞിട്ടുള്ളതും കഴിയുന്നതുമാണ് പരസ്പര സഹിഷ്ണുത എന്ന് നാം മറക്കരുത്.
ആദ്യം ഇസ്ലാമിൻ്റെ സഹിഷ്ണുതയുടെ കാര്യങ്ങൾ നോക്കാം. സമൂഹത്തില്‍ നില നിന്നിരുന്ന വ്യത്യസ്തമായ സാമൂഹികാചാരങ്ങളില്‍ നിന്ന് തങ്ങള്‍ പ്രബോധനം ചെയ്യുന്ന ദര്‍ശനത്തോടിടയാത്ത സമ്പ്രദായങ്ങളെ സ്വാംശീകരിക്കാന്‍ പ്രവാചകൻ(സ്വ) മടി കാണിച്ചിരുന്നില്ല. ഒരു സാര്‍വ്വലൗകിക ജീവിതക്രമമായും പ്രത്യയശാസ്ത്രമായും ഇസ്‌ലാം ഉയര്‍ന്നു നില്‍ക്കുന്നത് ബഹുസ്വരങ്ങളെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള അതിന്റെ കഴിവു കൊണ്ടു തന്നെയാണ്. ഒന്നാം പ്രമാണമായ വിശുദ്ധ ഖുർആൻ ഇക്കാര്യത്തിലുള്ള സഹിഷ്ണുതാപരമായ ഉദാരത തുറന്നുപറയുന്നുണ്ട്. അല്ലാഹു പറയുന്നു: ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ (അല്‍ബഖറ: 256). മറ്റു മതവിഭാഗങ്ങളോടുള്ള അസഹിഷ്ണുത അതിൻ്റെ കാർക്കശ്യത്തിൽ എത്തുക അവരുടെ ആരാധന-വിശ്വാസ കാര്യങ്ങളിൽ സ്പർശിക്കുമ്പോഴായിരിക്കുമല്ലോ. അവിടെ അതിനൊരു ഇടയും ഉണ്ടാവാതിരിക്കാൻ വിശുദ്ധ ഖുർആൻ ജാഗ്രത പുലർത്തുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും' (അല്‍ അന്‍ആം: 108). മദീനയില്‍ എത്തിയ നബി തിരുമേനി യഹൂദികളുമായി കരാറുണ്ടാക്കിയതും ക്രൈസ്തവ രാജാവിനു കത്തെഴുതിയതുമെല്ലാം ഇസ്ലാമിൻ്റെ സഹിഷ്ണുതയുടെ നല്ല ഉദാഹരണങ്ങളാണ്. മാത്രമല്ല, തിരുമേനി ചുറ്റുമുള്ള സമൂഹങ്ങളും ഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം വിഭാവന ചെയ്യുന്നുണ്ട്. മുസ്‌ലിംകള്‍ക്കുണ്ടായിരുന്നതു പോലെയുള്ള അവകാശങ്ങളും ആനുകുല്യങ്ങളും മറ്റുള്ളവര്‍ക്കും വകവെച്ചു നല്‍കുന്നതായിരുന്നു ആ കരാറുകൾ. മദീനക്കു ചുറ്റുമുള്ള നാടുകളിലെ ഭരണാധികാരികള്‍ക്ക് അവിടുന്ന് എഴുതിയ കത്തുകളിൽ ഇസ്‌ലാമിക സന്ദേശം സ്വീകരിക്കുന്നില്ലെങ്കില്‍ സൈനികാക്രമണം നടത്തുമെന്ന് നബി തങ്ങൾ ഭീഷണിപ്പെടിത്തിയിരുന്നില്ല. ‘ഞാന്‍ സന്ദേശം എത്തിച്ചു കഴിഞ്ഞു. അത് സ്വീകരിക്കുന്നത് താങ്കളുടെ ഇഷ്ടം. സന്മാര്‍ഗം അനുധാവനം ചെയ്യുന്നവര്‍ക്ക് സമാധാനം!’ എന്നു പറഞ്ഞായിരുന്നു ആ കത്തുകൾ അവസാനിച്ചിരുന്നത്.
ഇത് പ്രവാചക യുഗത്തിനു ശേഷവും ഒരു ശീലവും സ്വഭാവവുമായി മുസ്ലിംകൾ എന്നും കൊണ്ടുനടന്നിട്ടുള്ളതാണ്. അവർ അധികാരത്തിന്റെയും അറിവിൻ്റെയും ഉത്തുംഗതയിൽ എത്തുമ്പോൾ പോലും സഹ സമൂഹങ്ങളെ മറന്നിട്ടില്ല. പ്രമുഖ പണ്ഡിതനായ ഡോക്ടര്‍ മുസ്തഫാ സിബാഈ പറയുന്നു: അമവി കാലം തൊട്ട് കൃസ്ത്യാനികള്‍ തങ്ങളുടെ ചടങ്ങുകളും ഉത്സവങ്ങളും നടത്തിയിരുന്നത് പൊതു നിരത്തുകളില്‍ വെച്ചായിരുന്നു. കുരിശ് ചുമന്ന് ഘോഷയാത്രകള്‍ നടത്തുന്നത് അവര്‍ പതിവാക്കിയിരുന്നു. മത നേതാക്കന്മാര്‍ അതില്‍ സംബന്ധിച്ചിരുന്നത് മത വസ്ത്രങ്ങളണിഞ്ഞായിരുന്നു. ഹാറൂണ്‍ റഷീദിന്‍റെ കാലത്ത് ഇസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കൃസ്ത്യാനികള്‍ വലിയ കുരിശ് ചുമന്ന് വമ്പിച്ച പ്രകടനം നടത്തിയിരുന്നു. റോമൻ ഭരണാധികാരികളുടെ കാലത്ത് അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്ത സ്വാതന്ത്ര്യമാണ് സ്വദേശികളായ കൃസ്ത്യാനികള്‍ക്ക് മുസ്ലിങ്ങളില്‍ നിന്ന് ലഭിച്ചത്( (ഇസ്ലാമിക നാഗരികത; ചില ശോഭന ചിത്രങ്ങള്‍). മറ്റു സമൂഹങ്ങളോട് ഇസ്ലാം അസഹിഷ്ണുത പുലർത്തിയിട്ടുണ്ടെങ്കിൽ അത് ഏറെ പ്രകടമാക്കുക ഇസ്ലാമിക പ്രബോധനത്തിന്റെ വഴിയിൽ ആയിരിക്കുമല്ലോ. പക്ഷേ, അവിടെ പോലും മുസ്ലിംകൾ അങ്ങനെ ചെയ്തതായി ആരും ആരോപിക്കുന്നില്ല. ലോകത്തുടനീളമുള്ള ഇസ്ലാമിക വ്യാപനത്തെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം ഗ്രന്ഥമെഴുതിയ ഡോക്ടര്‍ തോമസ് ആര്‍നോള്‍ഡ് പറയുന്നത്, ക്രൈസ്തവരോട് മുസ്ലിം ഭരണത്തിന്‍റെ ആദ്യ കാലത്ത് കാണിച്ച സഹിഷ്ണുതയുടെ വെളിച്ചത്തില്‍ വാളാണ് മത പരിവര്‍ത്തനത്തിന്‍റെ മുഖ്യ ഉപകരണം എന്ന വാദം ഒട്ടും തൃപ്തികരമല്ലാത്തതാകുന്നു. പീഢനത്തിന്‍റെയും ബലാല്‍കാരത്തിന്‍റെയും യാതൊരു ലാഞ്ജനയും എവിടെയും നമുക്ക് കാണാനാകുന്നില്ല (ഇസ്ലാം; പ്രബോധനവും പ്രചാരവും). ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ ആദ്യത്തെ ഖലീഫ സിദ്ദീഖ്(റ) ഹീറാ നിവാസികളോടുണ്ടാക്കിയ സന്ധിയിൽ 'അവരുടെ ആരാധനാലയങ്ങളും ശത്രുക്കളില്‍ നിന്നും രക്ഷ നേടുവാൻ അവർ ആശ്രയിക്കുന്ന കോട്ടകളും പൊളിക്കപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല'. ഖലീഫ ഉമര്‍(റ) ഈലിയാ വാസികളുമായുണ്ടാക്കിയ കാരാർ വ്യവസ്ഥകളിലും ഇപ്രകാരം കാണാം. (താരീഖു ത്വബരി). 'സുരക്ഷാ കരാറിൽ ഇരിക്കുന്ന അന്യമതസ്ഥനെ (ദിമ്മി) ഉപദ്രവിക്കുകയോ അവനുമേൽ അമിതമായ നികുതി ചുമത്തുകയോ ചെയ്യുന്നവനെതിരെ അന്ത്യദിനത്തില്‍ ഞാന്‍ വാദിക്കുന്നതാണെന്ന് നബി(സ്വ) തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. (കിതാബുല്‍ ഖറാജ്).
കേരളം ഈ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും കാര്യത്തിൽ ഏതൊരാളെയും ഏതുകാലത്തെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു ഭൂപ്രദേശമാണ്. കേവല ഒത്തുകൂടലുകൾക്കും സൗഹൃദ സ്ഥാപനങ്ങൾക്കും അപ്പുറത്ത് അവരുടെ പരസ്പര ബന്ധങ്ങൾക്ക് ആഴമുള്ള വേരുകൾ തന്നെയുണ്ട്. അത് അവരുടെ സംസ്കാരത്തെ തന്നെ സ്വാധീനിച്ചതിന്റെ മനോഹരമായ ചിത്രങ്ങൾ ഏറെയാണ്. അവയിൽ ഒന്നാണ് ഭാഷയുടേത്. കേരള മുസ്‌ലിംകളുടെ സാമൂഹിക സമ്പര്‍ക്കവും സംസ്‌കാരവും സമന്വയത്തിന്റെ മാതൃകകളായാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. മലയാളം, അറബി, പാര്‍സി ഭാഷകളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു മാപ്പിള വാമൊഴി മുസ്‌ലിം സമൂഹം രൂപപ്പെടുത്തിയെടുത്തു. ഇതില്‍ നിന്നുള്ള സംഭാവനകള്‍ മലയാളിയുടെ പൊതു ഭാഷയിലും ധാരാളമായി ഉണ്ടായിട്ടുണ്ട്. കച്ചവടവും വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് മലയാളത്തിലുപയോഗിക്കുന്ന പല പദങ്ങളും ഈ മാപ്പിള വാമൊഴിയുടെ സംഭാവനകളാണ്. ബസാര്‍, നിരക്ക്, സുമാര്‍, രൊക്കം, ബാക്കി, ഖജാന, താരിഫ്, ഗുദാം, അസ്സല്‍, നക്കല്‍ തുടങ്ങിയവ ഉദാഹരണം. അതു പോലെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് മുന്‍സിഫ്, വക്കീല്‍, ജപ്തി തുടങ്ങിയ പദങ്ങള്‍. മൊഞ്ച്, മൊഞ്ചത്തി, വര്‍ക്കത്ത് തുടങ്ങിയ ചില പൈങ്കിളിപ്പദങ്ങളും മലയാള ഭാഷയ്ക്ക് മുസ്ലിംകളുടെ സംഭാവനയാണ്. ആചാരസമ്പ്രദായങ്ങളിലും കേരളത്തിലെ മുസ്‌ലിം സമൂഹവും മറ്റ് സമൂഹങ്ങളും തമ്മില്‍ കൊള്ളക്കൊടുക്കകളുണ്ടായിട്ടുണ്ട് എന്ന് തെളിയിക്കുന്ന പല ചരിത്രഘട്ടങ്ങളും പൊതു ചരിത്രവായനകളിൽ കാണാം. ഓണാഘോഷത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളിലൊന്ന് ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം ആശ്ലേഷിച്ച് മക്കയിലേക്കു കപ്പല്‍ കയറിയതിന്റെ സ്മരണയായാണ് ഓണാഘോഷം നിലവില്‍ വന്നതെന്നതാണ്. സർ വില്യം ലോഗൻ തൻ്റെ മലബാര്‍ മാന്വലിലും മറ്റും ഈ അനുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂതിരി രാജാവിന്റെ കൂടെ മുസ്ലിംകളായ സേനാനികൾ ധാരാളം ഉണ്ടായിരുന്നു. അറബി ഭാഷയിലുള്ള കത്തുകളാണ് സാമൂതിരിക്ക് പലപ്പോഴും വിദേശങ്ങളിൽ നിന്ന് ലഭിച്ചിരുന്നത്. അത് വായിക്കാൻ അവിടെ അറബി പഠിച്ച മുസ്ലിം പണ്ഡിതന്മാരെ നിയോഗിച്ചിരുന്നു.
ഈ സാംസ്കാരിക വിനിമയം വളർന്നുവളർന്ന് ഒരു ജുമാമസ്ജിദിന്റെ പ്രസിഡണ്ടായി ഒരു ഹൈന്ദവ വിശ്വാസി ദീർഘകാലം അവരോധിതനാകുന്ന സാഹചര്യം വരെ നാം കണ്ടു. വയനാട് ജില്ലയിലെ മുട്ടിൽ ജുമാ മസ്ജിദിന്റെ ആദ്യകാല പ്രസിഡണ്ടും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന രാധാ ഗോപി മേനോന്റെ മകൻ കളത്തിൽ ദിവാകരൻ മരണപ്പെട്ടു എന്ന വാർത്ത ഈ അർത്ഥങ്ങളിലേക്ക് എല്ലാം നമ്മെ കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചയും മുട്ടിൽ ജുമാ മസ്ജിദിൽ എത്തുന്ന രാധാ ഗോപി മേനോൻ പള്ളിമുറ്റത്ത് ഒരു മേശ ഇട്ട് വരിസംഖ്യ പിരിക്കുമായിരുന്നു എന്നും ബാക്കി വരുന്നതെല്ലാം തന്റെ സമ്പാദ്യത്തിൽ നിന്നാണ് അദ്ദേഹം ചെലവഴിക്കുമായിരുന്നു എന്നും ആ വാർത്തയുടെ അനുബന്ധത്തിൽ കേൾക്കുമ്പോൾ നാം കേരളത്തിൽ ഉയർത്തിയ മതസഹിഷ്ണുതയുടെ ഗോപുരം എത്ര ഉത്തുംഗമാണ് എന്ന് തിരിച്ചറിയുന്നു. അത് തകർക്കാൻ നാം പ്രബുദ്ധ കേരളം അനുവദിക്കില്ല.
0
Thoughts & Arts
സഹിഷ്ണുത കൈവിടാതിരിക്കാം
2025-11-22
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso