ഇഅ്ജാസ്
ടി എച്ച് ദാരിമി
ഈ കൗതുകങ്ങളിലേക്ക് നാം നോക്കുന്നതും ശ്രദ്ധിക്കുന്നതും ഒരു തഫ്സീർ എന്ന നിലക്കോ വ്യാഖ്യാനം എന്ന നിലക്കോ അല്ല. സ്ഥാപിതമായ ഒരു ശാസ്ത്രം എന്ന നിലക്കുമല്ല. തീർത്തും ശരിയും കൃത്യവുമായ ഒരു അറിവ് എന്ന നിലക്കും അല്ല. മറിച്ച് ഒരു യാദൃശ്ചികമായ കൗതുകം എന്ന നിലക്ക് മാത്രമാണ്. ഒരു പക്ഷേ, അത് ശരിയായിരിക്കാം. അല്ലെങ്കിൽ അത്തരത്തിൽ കൂടി ഈ ഗ്രന്ഥത്തിലേക്ക് മനുഷ്യൻ്റെ ശ്രദ്ധ തിരിയാനുള്ള മാർഗ്ഗമായേക്കാം. ചിലപ്പോൾ ലോകത്തിൻ്റെ വൈജ്ഞാനിക വികാസങ്ങളെ അതാത് കാലഘട്ടങ്ങളിൽ ഉൾക്കൊള്ളാൻ വേണ്ടിയെന്നോണം സൃഷ്ടാവായ അല്ലാഹു വെച്ചതുമായിരിക്കാം. അങ്ങനെയുമുണ്ട് ചില ഖുർആനിക കൗതുകങ്ങൾ. ഉദാഹരണമായി വിശുദ്ധ ഖുർആനിലെ ഉദയാസ്തമയ സ്ഥാനങ്ങളെ കുറിച്ചുള്ള പരാമർശം പരിശോധിക്കാം. ഉദയ അസ്തമയ കേന്ദ്രങ്ങൾക്ക് പ്രയോഗിക്കുന്ന മശ്‌രിഖ്, മഗ്‌രിബ് എന്നീ പ്രയോഗങ്ങൾ ഖുർആനിൽ മൂന്നു നിലക്ക് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് ഏകവചനമായും മറ്റൊന്ന് ദ്വിവചനമായും മറ്റൊന്ന് ബഹുവചനമായും. അല്ലാഹു പറയുന്നു: 'മശ് രിഖും മഗ്‌രിബും അല്ലാഹുവിന്നുള്ളതാണ്. അതു കൊണ്ട് നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും അവിടെ ദൈവസാന്നിധ്യമുണ്ട്. അല്ലാഹു വിശാലനും സര്‍വജ്ഞനും തന്നെയാണ്'. (അൽ ബഖറ: 115). ഇതേപോലെ ഏകവചനമായി അൽ ബഖറ 142, 177, ശുഅറാ 28, മുസമ്മിൽ ഒമ്പത് തുടങ്ങിയ സൂക്തങ്ങളിലും വന്നിട്ടുണ്ട്. സൂറത്തുൽ റഹ്മാനിന്റെ പതിനേഴാം ഇങ്ങനെ പറയുന്നു: 'രണ്ട് വീതം ഉദയസ്ഥാനങ്ങളുടെയും അസ്തമനസ്ഥാനങ്ങളുടെയും രക്ഷിതാവാണവന്‍'. ഇവിടെ ഉദയ അസ്തമയ കേന്ദ്രങ്ങൾ രണ്ടു വീതമായി പ്രസ്താവിച്ചിരിക്കുന്നു. വീണ്ടും അല്ലാഹു പറയുന്നു: 'എന്നാല്‍, അവരെക്കാള്‍ ശ്രേഷ്ഠരെ പകരം കൊണ്ടുവരാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യുമെന്നും ആരാലും നാം പരാജയപ്പെടുത്തപ്പെടില്ലെന്നും ഉദായസ്തമന സ്ഥലങ്ങളുടെ നാഥനെ പിടിച്ച് ഞാനിതാ ശപഥം ചെയ്യുന്നു' (മആരിജ്: 40) ഇവിടെ ബഹുവചനം ആയിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ മൂന്നു നിലയ്ക്ക് ഉള്ള പരാമർശം വരാനുള്ള ന്യായവും യുക്തിയും ശാസ്ത്രവും കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവർ പറയുന്നത്, ഏക വചനം പ്രയോഗിച്ച് പറയുന്നത് എല്ലാ മനുഷ്യന്റെയും ദൃഷ്ടിയിലും സങ്കൽപ്പത്തിലും ഉള്ള ഉദിക്കുന്ന കിഴക്കും അസ്തമിക്കുന്ന പടിഞ്ഞാറും എന്ന ആശയത്തിലാണ്. അത് പ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ച് വെറും പ്രാഥമികമായ അറിവ് മാത്രമുള്ള സാധാരണക്കാരിൽ സാധാരണക്കാരായ വിശ്വാസികളോട് പറയുന്നതാണ്. അവർക്ക് അങ്ങനെ പറയുമ്പോഴാണ് അത് ഗ്രാഹ്യമാവുക. അതേസമയം ദ്വിവചനമായി പ്രയോഗിക്കുമ്പോൾ അവിടെ ലക്ഷ്യം വെക്കുന്നത് ശാസ്ത്രീയമായ പ്രാഥമികമായ അറിവ് ഉള്ളവരെ ആണ്. കാരണം രണ്ട് ഉദയ അസ്തമയ കേന്ദ്രങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂഗോളത്തിന്റെ രണ്ടു ഭാഗങ്ങളിൽ ഒരേസമയമെന്നോണം സംഭവിക്കുന്ന ഉദയ അസ്തമയങ്ങളിൽ ഓരോന്നിനെയാണ്. ഒരു ചക്രവാളത്തിൽ സൂര്യൻ ഉദിക്കുമ്പോൾ അത് തൊട്ടുമുമ്പുള്ള ചക്രവാളത്തിലെ സൂര്യൻ്റെ അസ്തമയമായി തീരുന്നു. ഇങ്ങനെയാണ് രണ്ടു വീതം ഉദയ അസ്തമയ കേന്ദ്രങ്ങൾ ഉണ്ടാകുന്നത്. അല്ലെങ്കിൽ വേനൽക്കാലത്തേയും വർഷക്കാലത്തെയും ഏറെ വ്യത്യാസമുള്ള സമയമാറ്റമുള്ള രണ്ട് ഉദയ അസ്തമയ കേന്ദ്രങ്ങളെയും ആയിരിക്കാം ഉദ്ദേശിക്കുന്നത്. രണ്ടായാലും കുറച്ചുകൂടി ഭൂമിയുടെ ഘടനയെ കുറിച്ചുള്ള കാഴ്ചപ്പാടുള്ളവർക്ക് മാത്രമാണ് ഇത് ഗ്രാഹ്യമാകുന്നത്.
അതേസമയം ഉദയത്തിന്റെയും അസ്തമയത്തിന്റെയും കേന്ദ്രങ്ങൾ എന്നു പറഞ്ഞുകൊണ്ട് ബഹുവചനമായി നടത്തിയിട്ടുള്ള ഖുർആനിക പരാമർശം കുറച്ചുകൂടി ഗോളശാസ്ത്രം അറിയുന്നവർക്കും അതിൽ നൈപുണ്യമുള്ളവർക്കും വേണ്ടി ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. ഭാവിയിൽ ഉണ്ടായിത്തീരുന്ന ശാസ്ത്രീയമായ പുരോഗതിയിലൂടെ ലോകം ഉദയ അസ്തമയങ്ങളുടെ കൃത്യമായ ബിന്ദുക്കൾ നിർണയിക്കാൻ വരെയുള്ള ശക്തികൾ നേടുന്ന സാഹചര്യത്തിലേക്ക് മനുഷ്യൻ വളരും എന്നത് അല്ലാഹുവിന് നേരത്തെ അറിയാവുന്ന കാര്യമാണ്. സത്യത്തിൽ ഓരോ ദിവസവും സൂര്യൻ ഉദിക്കുന്നത് ഓരോ ബിന്ദുവിൽ നിന്നാണ്, ഒരേ ബിന്ദുവിൽ നിന്നല്ല. അസ്തമിക്കുന്നതും തഥൈവ. അപ്പോൾ സത്യത്തിൽ ഓരോ ദിവസത്തിനും ഒന്ന് വീതം എന്ന അനുപാതത്തിൽ ഒരുപാട് ഉദയ സ്ഥാനങ്ങളും അസ്തമയ സ്ഥാനങ്ങളും നമ്മുടെ ഭൂമിക്ക് ഉണ്ട്. ഇങ്ങനെ എല്ലാ തരം മനുഷ്യരെയും അവരുടെ എല്ലാവിധ കാലങ്ങളെയും പരിഗണിക്കുന്നു എന്നതും ഓരോ കാലത്തെയും വിസ്മയിപ്പിക്കുന്ന തലത്തിലേക്കും തരത്തിലേക്കും ഖുർആനിക വിജ്ഞാനീയങ്ങൾ അമാനുഷികമായി വളരുന്നു എന്നതും അല്ലാഹുവിൻ്റെ കലാമായ വിശുദ്ധ ഖുർആനിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. സർവ്വകാലികമായ ഒരാശയ ഗ്രന്ഥത്തിന് ഇത് അനിവാര്യവുമാണ്. അത്തരത്തിലുള്ളത ല്ലെങ്കിലും ഏതാണ്ട് അതുപോലെയുള്ള, മനുഷ്യ ചിന്തയെ കൗതുകപ്പെടുത്തുകയും ഉണർത്തുകയും ചെയ്യുന്ന ഒരു വിഷയമാണ് വിശുദ്ധ ഖുർആനിലെ സംഖ്യാ അതിശയങ്ങൾ. അത് കാണുകയും കേൾക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോൾ ഈ ഗ്രന്ഥത്തിലെ സംഖ്യാബന്ധിയായ പരാമർശങ്ങൾക്ക് എന്തോ ചില അമാനുഷികമായ വ്യാഖ്യാനങ്ങളോ അർഥങ്ങളോ ഉണ്ട് എന്ന് തോന്നിപ്പോകും.
ഉദാഹരണമായി നമുക്ക് സൂറത്തുൽ മുനാഫിഖൂനിലെ അവസാനത്തെ ആയത്ത് എടുക്കാം. തന്റെ അവധി എത്തിക്കഴിഞ്ഞാല്‍ ഒരൊറ്റ മനുഷ്യനെയും അല്ലാഹു പിന്തിച്ചിടുകയില്ല എന്നാണ് ഈ സൂക്തം പറയുന്നത്. ഒരാളെയും പിന്തിക്കുകയില്ല എന്ന് പറഞ്ഞാൽ അതുകൊണ്ട് എത്ര വലിയ മിത്രത്തെയും പിന്തിക്കുകയില്ല എന്നും എത്ര വലിയ ശത്രുവിനെയും ചിന്തിക്കുകയില്ല എന്നും ഒരേപോലെ ഉദ്ദേശിക്കാവുന്നതാണ്. പക്ഷേ മരണത്തിൽ നിന്ന് പിന്തിക്കുക എന്ന വിഷയത്തിൽ ശത്രുവിനെ പിന്തിക്കുന്നതുപോലെയല്ല മിത്രത്തെ പിന്തിക്കുന്നത്. ശത്രുവിനോട് ശത്രുത മനോഭാവം ഉള്ളതുകൊണ്ട് പിന്തിക്കുന്നതിൽ മാനസികമായ പ്രയാസങ്ങൾ ഒന്നുമില്ല. എന്നാൽ മിത്രത്തിൻ്റെ കാര്യം അങ്ങനെയല്ല. മിത്രത്തോടു നിറഞ്ഞ താല്പര്യമാണ് ഉള്ളത് എന്നിരിക്കെ മിത്രത്തെ പിടിക്കുക എന്ന് പറഞ്ഞാൽ അത് വൈകാരികമായി കാഠിന്യം കൂടുതലുള്ളത് തന്നെയാണ്. അതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് അല്ലാഹുവിൻ്റെ ഏറ്റവും സമീപസ്ഥനായ മിത്രമായ നബി തിരുമേനിയുടെ കാര്യമാണ് എന്ത് ചില ചിന്തകൾ പങ്കുവെക്കുന്നു. അതായത് ഇത് നബി തിരുമേനിയുടെ വഫാത്തിനെയാണ് സൂചിപ്പിക്കുന്നത് എന്നർത്ഥം. അങ്ങനെ ചിന്തിക്കാൻ ഇടയാക്കുന്നത് ഈ സൂക്തം പരിശുദ്ധ ഖുര്‍ആനിലെ 63-ാം അദ്ധ്യായത്തിന്റെ അവസാന സൂക്തമാണ് എന്നതാണ്. 63 -ാം വയസ്സിന്റെ അവസാനത്തിൽ ആയിരുന്നുവല്ലോ നബി തങ്ങളുടെ വഫാത്ത്. മറ്റൊരു സൂചനയുടെ ഇതിന് ഉഭോൽബലകമായി വരുന്നുണ്ട്. അത് ഈ സൂറത്തിന്റെ തൊട്ടുപിന്നില്‍ വരുന്നത്, 'അത്തഗാബുന്‍' എന്താ സൂറത്താണ്. തഗാബുന്‍ എന്ന അറബി ശബ്ദത്തിന്റെ അർത്ഥം നഷ്ടം വെളിപ്പെടുക എന്നാണല്ലോ. നബി തിരുമേനിയുടെ വിയോഗം അസഹ്യമായ നഷ്ടം തന്നെയാണല്ലോ. ഇതുപോലെ ഖുർആനിലെ കൗതുകങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന ചിലർ കണ്ട മറ്റൊരു കൗതുകമാണ് മര്‍യം സൂറത്തില്‍ ഈസാനബിയുടെ ഒരു പ്രസ്താവ്യം. അത് ഇങ്ങനെയാണ്: 'ശിശു പ്രസ്താവിച്ചു: ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ എനിക്ക് വേദം തരികയും പ്രവാചകത്വമേകുകയും എവിടെയാണെങ്കിലും എന്നെ അനുഗൃഹീതനാക്കുകയും ചെയ്തിരിക്കുന്നു; ജീവിച്ചിരിക്കുന്നിടത്തോളം കാലം നമസ്‌കാരവും സകാത്തും അനുഷ്ഠിക്കാന്‍ എന്നോടവന്‍ കല്‍പിച്ചിട്ടുമുണ്ട്. അവനെന്നെ സ്വന്തം മാതാവിനോട് ഉദാത്ത സമീപനക്കാരനുമാക്കി; ക്രൂരനോ ഭാഗ്യശൂന്യനോ ആക്കിയിട്ടില്ല. ജനന-മരണ നാളുകളിലും പുനരുത്ഥാന ദിനവും എനിക്ക് ശാന്തിയുണ്ടായിരിക്കുന്നതാണ്'. ഈ സൂക്തങ്ങളിൽ 'ഇന്നീ' എന്ന വാക്ക് മുതൽ 'ഞാൻ പുനർ ജനിക്കപ്പെടും വരെ' എന്ന അർത്ഥം വരുന്ന വാചകം അവസാനിക്കുന്ന 'ഹയ്യാ' എന്ന വാക്കു വരെ (30-33) ഉള്ള ഈ പ്രസ്താവത്തിലെ ആകെ പദങ്ങളുടെ എണ്ണം 33 ആണ്. ഈ പ്രസ്താവന ആണെങ്കിലോ അവസാനിക്കുന്നത് 33-ാം സൂക്തത്തിലും ആണ്. രണ്ടുനിലക്കും 33 ൽ എന്നും മുട്ടുന്ന 33 എന്ന സംഖ്യ തന്നെയാണ് ഈസാ നബി(അ) ഈ ഭൂമുഖത്തുണ്ടായിരുന്ന കാലവും. ഇതെല്ലാം ഇങ്ങനെ ചേർന്നുനിൽക്കുമ്പോൾ എന്തോ ഒരു കൗതുകം അതിൽ നിന്ന് ഉണ്ടാകുന്നു.
ഈ കൗതുകങ്ങൾക്ക് പിന്നാലെ ചിന്തയുമായി സഞ്ചരിക്കുന്നത് ഹരമായി കാണുന്ന പല പണ്ഡിതന്മാരും ഇപ്പോൾ ഉണ്ട്. അത്തരം പണ്ഡിതന്മാരാണ് ഈ കാര്യങ്ങൾ ഈ വിധത്തിൽ പ്രധാനമായും അനുമാനിക്കുന്നത്. അതിനെ ഒരു വികാരമായി എടുത്തതു കൊണ്ടായിരിക്കാം ചിലപ്പോൾ അവർ സ്വന്തം വിഷയങ്ങളിലേക്ക് വരെ ആ കണക്കുകളുമായി കടന്നുവന്നേക്കാം. അത്തരം ഒരു കാര്യം ഈജിപ്ഷ്യന്‍ ചരിത്രകാരന്‍ യൂസുഫ്ബ്‌നു തഗ്‌രിബാദി തന്റെ 'അന്നുജൂമുസ്സാഹിറ ഫീ താരീഖി മിസ്‌റ വല്‍ ഖാഹിറ' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അത് ഇങ്ങനെയാണ്. ഹി. 702-ാം ആണ്ടില്‍ ഈജിപ്തില്‍ വലിയൊരു ഭൂകമ്പമുണ്ടായി. അനേകം നാശനഷ്ടങ്ങള്‍ വിതറിയ ദുരന്തമായിരുന്നു അത്. ഇതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഈ ഭൂകമ്പവും ചില ഈജിപ്തുകാര്‍ ഖുര്‍ആനില്‍ നിന് കണ്ടുപിടിച്ചു കളഞ്ഞു എന്നാണ് അദ്ദേഹം ഒരുതരം അതിശയോക്തിയോടു കൂടെ പറയുന്നത്. അവർ അത് ഭൂമിയുടെ പ്രകമ്പനത്തെ കുറിച്ച് പരാമർശിച്ചു തുടങ്ങുന്ന സൂറത്തുസ്സല്‍സലയുടെ വെളിച്ചത്തിലാണ് സമർത്ഥിക്കുന്നത്. അതിന്റെ ആദ്യപദം അതവാ പ്രകമ്പനം എന്നതിനുതൊട്ടുമുമ്പുള്ള പദം 'ഇദാ' എന്നതാണ്. ഈ വാക്കിൽ ഉള്ളത് രണ്ടു അലിഫുകളും ഒരു പുള്ളിയുള്ള ദാലുമാണ്. അബ്ജദ് എന്ന അറബീ സംഖ്യാ ശാസ്ത്രമനുസരിച്ച് അലിഫിന്റെ മൂല്യം ഒന്ന് ആണ്. അപ്പോൾ രണ്ടലിഫിന് രണ്ട്. പുള്ളിയുള്ള ദാലിന്റെ മൂല്യമാകട്ടെ എഴുന്നൂറാണ്. അപ്പോള്‍ ആകെ കൂട്ടിയാൽ എഴുന്നൂറ്റി രണ്ട് ലഭിക്കും. അങ്ങനെയാണ് എഴുന്നൂറ്റിരണ്ടാമാണ്ടിലെ ഈജിപ്തിലുണ്ടായ ഭൂകമ്പം ഖുര്‍ആനില്‍ നിന്നു കണ്ടുപിടിക്കപ്പെട്ടത് എന്ന് അദ്ദേഹം ഒരല്പം തമാശ ചേർത്ത് പറയുന്നു. ഇത്തരം കണക്കുകളെ ഉൾക്കൊള്ളുവാൻ അതിന്റേതായ പ്രയാസമുണ്ട്. അതേസമയം വിശുദ്ധ ഖുർആനിലെ സംഖ്യകൾക്കും കണക്കുകൾക്കും ചില അത്ഭുതങ്ങളും കൗതുകങ്ങളും കാണിക്കാനുണ്ട് എന്നത് അവിതർക്കിതമാണ്.
ഉദാഹരണമായി വിശുദ്ധ ഖുർആനിൽ
ഹയാത്ത് (ജീവിതം) എന്ന പദവും അതിന്റെ വിപരീതമായ മൌത്ത് (മരണം) എന്ന പദവും കൃത്യം 145 തവണയാണ് ഖുര്‍ആനില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. അത്പോലെ തന്നെ അദ്ദുന്‍യാ (ഇഹലോകം) എന്ന പദവും അല്‍ ആഖിറ (പരലോകം) എന്ന പദവും ഇപ്രകാരം തന്നെ എണ്ണത്തിൽ ഒരു കൃത്യത പുലർത്തുന്നു. രണ്ടും 88 തവണയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. അല്‍ മലാഇക്ക (മലക്കുകള്‍) എന്ന പദത്തിന് നേരെ എതിർ ദിശയിലെ ആശ്ശയാത്വീൻ (പിശാച്) എന്ന പദത്തിനും ഇതേപോലെ രണ്ടും കൃത്യം 88 തവണ വീതം ആവര്‍ത്തിച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. റജുല്‍ (പുരുഷന്‍) എന്ന പദവും നേരെ എതിർലിംഗത്തെ കുറിക്കുന്ന അല്‍ മര്‍അ (സ്ത്രീ) എന്ന പദവും ഇപ്രകാരം തുല്യ തവണതന്നെയായാണ് വന്നിരിക്കുന്നത്.
ദിവസം എന്നര്‍ത്ഥം വരുന്ന അല്‍യൗം എന്ന പദം ഒരു വര്‍ഷത്തെ ആകെ ദിവസങ്ങളുടെ എണ്ണമായ 365 തവണയും മാസം എന്നര്‍ത്ഥം വരുന്ന അശ്ശഹര്‍ ഒരു വര്‍ഷത്തിലെ ആകെ മാസങ്ങളുടെ എണ്ണമായ 12 തവണയും ആവർത്തിച്ചിരിക്കുന്നു എന്നത് കേൾക്കുമ്പോൾ ഈ തവണകളുടെ തുകകൾ എന്തൊക്കെയോ അത്ഭുതങ്ങളെ കുറിക്കുന്നുണ്ട് എന്ന് നാം തന്നെ അറിയാതെ പറഞ്ഞു പോകും. ഇത്തരം വിശുദ്ധ ഖുർആനിന്റെ അമാനുഷികതകൾ ചികയുന്ന ഒരു ആധുനിക അന്വേഷകനാണ് ഡോക്ടർ അബ്ദുൽ ദാഇം അൽ കഹേൽ. കൗതുകകരമായ ഇത്തരം ഒരുപാട് കാര്യങ്ങൾ അദ്ദേഹം പങ്കുവെക്കാറുണ്ട്. ഈയിടെ അദ്ദേഹം വിശുദ്ധ ഖുർആനിലെ 'വസ്വത്ത്' എന്ന വാക്കിനെ കുറിച്ച് കൗതുകകരമായ ഒരു കണക്ക് അവതരിപ്പിക്കുകയുണ്ടായി. മധ്യമം എന്നാണ് ഈ വാക്കിൻ്റെ അർത്ഥം. ഈ വാക്ക് പരിശുദ്ധ ഖുർആനിൽ ആകെ ഒരു പ്രാവശ്യമാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അത് സൂറത്തുൽ ബഖറയിൽ ആണ്. അത് പ്രയോഗിച്ചിരിക്കുന്ന ആയത്തിന്റെ നമ്പറാണ് അദ്ദേഹം ഉയർത്തി കാണിക്കുന്നത്. ഈ വാക്ക് 143 -ാം സൂക്തത്തിലാണ് വന്നിരിക്കുന്നത്. ഈ ആയത്തിന്റെ നമ്പർ സൂറത്തുൽ ബഖറയുടെ ആകെ ആയത്തുകളുടെ കൃത്യം പകുതിയാണ് എന്നതാണ് കൗതുകം. സൂറത്തുൽ ബഖറയിൽ ആകെ 286 ആയത്തുകൾ ആണല്ലോ ഉള്ളത്. മനുഷ്യൻ്റെ സാമൂഹ്യ ജീവിതത്തെ ക്രമപ്പെടുത്തുന്ന സൂക്തങ്ങളാണ് സൂറത്തുൽ ബഖറയുടെ ഇതിവൃത്തം എന്നത് കൂടി ചേർത്ത് പറയുമ്പോൾ ആ കൗതുകം വർദ്ധിക്കുന്നത് കാണാം.
അദ്ദേഹം തന്നെ പങ്കുവെക്കുന്ന മറ്റൊരു
ഉദാഹരണത്തിൽ, സൂറ അൽ-നംലിലെ ഒരു കൗതുകം കാണാം. ഖുർആനിലെ 27-ാം അധ്യായമാണ് ഇത്. ഈ സൂറത്തിൽ ആവട്ടെ ആകെ ഉള്ളത് 93 ആയത്തുകൾ ആണ്. ഈ രണ്ടു സംഖ്യകളും സൂക്ഷിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഈ സൂക്തം തുടങ്ങുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അത് അങ്ങനെ തന്നെയാണ് എന്ന് അദ്ദേഹത്തിൻ്റെ വിവരണം കേൾക്കുമ്പോൾ നമുക്ക് തോന്നുകയും ചെയ്യും. ആ വിവരണം ഇങ്ങനെയാണ്. ഈ സൂറത്ത് ആരംഭിക്കുന്നത് ത്വാ, സീൻ എന്നീ രണ്ട് അക്ഷരങ്ങൾ കൊണ്ടാണ്. ഇങ്ങനെ ഒറ്റ അക്ഷരങ്ങൾ ഒറ്റക്കോ ചേർന്നോ പല സുഹൃത്തുക്കളുടെയും ആദ്യങ്ങളിൽ വരുന്നുണ്ട്. ഈ സൂറത്തിൽ വന്നിരിക്കുന്ന 'ത്വാ' എന്ന അക്ഷരം എണ്ണി നോക്കുമ്പോഴാണ് ഒരു അത്ഭുതം തെളിയുന്നത്. അത് കൃത്യം 27 പ്രാവശ്യമാണ്. ഇത് 27-ാമത്തെ സൂറത്താണ് എന്ന് മേൽപ്പറഞ്ഞുവല്ലോ. അപ്പോൾ സൂറത്തിൻ്റെ ക്രമ നമ്പറിലേക്ക് ഈ സംഗതി വിരൽ ചൂണ്ടുന്നു. ഇതേ പ്രകാരം തന്നെ 'സീൻ' എന്ന അക്ഷരത്തെ എണ്ണുകയാണെങ്കിൽ അതും അത്ഭുതമായി വരുന്നു. അത് 93 തവണയാണ്. 93 എന്ന സംഖ്യയാവട്ടെ ഈ സൂറത്തിലെ ആകെ ആയത്തുകളുടെ തുകയുമാണ്. ഇങ്ങനെ ഒന്ന് സൂറത്തു നൂഹിലും ഉണ്ട് എന്ന് ഇങ്ങനെ ചിന്തിക്കുന്ന ചിലർ പറയുന്നുണ്ട്. സൂറത്തു നൂഹ് ഖുർആനിലെ 71-ാം അധ്യായമാണ്. ഈ അധ്യായത്തിലെ ആയത്തുകളുടെ എണ്ണം 28 ആണ്. ഇത് ഈ രണ്ട് സംഖ്യകളും തമ്മിലുള്ള വ്യത്യാസം 43 ആണ്. (71 - 28 = 43). ഈ പറഞ്ഞതിനുള്ള കൗതുകം മറ്റൊരിടത്താണ്. അഥവാ നൂഹ്(അ) എന്ന പേര് ഖുർആനിൽ കൃത്യമായി 43 തവണയാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത് എന്നിടത്ത്. ഇതിനുപുറമെ, സൂറത്തു നൂഹിനു ശേഷം പിന്നെ ആകെ ഖുർആനിൽ ഉള്ളത് 43 അധ്യായങ്ങളാണ്. ഈ 43 അധ്യായങ്ങളിൽ എവിടെ നൂഹ് എന്ന പേര് പരാമർശിക്കുന്നില്ല. മാത്രമല്ല സൂറത്തു നൂഹിന് മുമ്പുള്ള 43 അധ്യായങ്ങളിലും നൂഹ് നബിയെക്കുറിച്ച് പരാമർശമില്ല. മാത്രമല്ല, നൂഹ് നബിയെ പരാമർശിക്കുന്ന ഖുർആനിലെ അധ്യായങ്ങളുടെ എണ്ണം 28 ആണ്, അതാണെങ്കിലോ സൂറത്തു നൂഹിലെ ആയത്തുകളുടെ കൃത്യമായ എണ്ണവുമാണ്. ഈ നിരീക്ഷണങ്ങളെ വളരെ ഗൗരവതരമായ ചിന്തകളിലേക്ക് കൊണ്ടുപോകുന്നതും ഇങ്ങനെ ചിന്തിക്കുന്നവരുടെ പതിവാണ് അതിനൊരു ഉദാഹരണമാണ് വിശുദ്ധ ഖുർആനിലെ സമുദ്രവും കരയും. വിശുദ്ധ ഖുർആനിൽ അല്‍ ബഹര്‍ (സമുദ്രം) എന്ന വാക്ക് 32 തവണയും അല്‍ബർറ് (കര) എന്ന വാക്ക് 13 തവണയുമാണ് വന്നിരിക്കുന്നത്. ഈ രണ്ടു സംഖ്യകളെ ചിന്തയിലേക്ക് എടുക്കുമ്പോൾ ചില അത്ഭുതങ്ങൾ കാണാൻ കഴിയും. 32 നെയും 13 നെയും കൂട്ടുമ്പോള്‍ 45 കിട്ടുന്നു. ഈ 45 നെ ശതമാനമാക്കി 32 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യ 71.111 ആണ് അതാവട്ടെ ഭൂമിയിലെ വെള്ളത്തിന്റെ ശതമാനവുമാണ്. ഇപ്രകാരം തന്നെ 45 നെ ശതമാനമാക്കി 13 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന തുക 28.888 ആണ്. ഇതാവട്ടെ, ഭൂഗോളത്തിലെ കരയുടെ ശതമാനവുമാണ്.
മൊത്തത്തിൽ കൗതുകം ജനിപ്പിക്കുന്ന ഒരുപാട് ചിന്തിപ്പിക്കുന്ന കണക്കുകൾ. ഇത് വ്യാപകമാണ്. അതിനാൽ ഇതിനെയൊക്കെ വെറും യാദൃശ്ചികം എന്നു പറഞ്ഞ് മാറി നിൽക്കുവാനും തോന്നുന്നില്ല.
0
Thoughts & Arts
വിശുദ്ധ ഖുർആനിലെ അക്കക്കൗതുകങ്ങൾ
2025-11-22
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso