Thoughts & Arts
Image

ഹിദായത്തിലേക്ക്, ഹിദായത്ത് നഗറിലേക്ക്..

2026-01-02

മുഹമ്മദ് ടി എച്ച് ദാരിമി





ഐഹിക ജീവിതത്തിൽ അല്ലാഹു ഒരു മനുഷ്യന് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹം ഏതാണ് എന്നത് ചിന്തിക്കുമ്പോൾ ഓരോരുത്തർക്കും ഓരോ ഉത്തരമാണ് ലഭിക്കുക. ചിലർക്ക് അത് ആരോഗ്യമായിരിക്കാം. ചിലർക്ക് സമ്പത്തോ സന്താനങ്ങളോ ആയിരിക്കാം. അത് സാമൂഹ്യ സ്ഥാനങ്ങളും വിദ്യാഭ്യാസ യോഗ്യതകളും അവയിൽ നിന്നുണ്ടാകുന്ന പേരും പെരുമയുമെല്ലാം ആണ് എന്ന് കരുതുന്നവരും ഉണ്ടായിരിക്കാം. ഓരോരുത്തരും ഓരോ നിലക്കാണ് ദുനിയാവിനെ അളക്കുന്നതും വിലയിരുത്തുന്നതും എന്നതുകൊണ്ടാണ് ഇങ്ങനെ ഉത്തരങ്ങൾ വ്യത്യസ്തമാക്കുന്നത്. ഈ പറഞ്ഞതെല്ലാം വളരെ പ്രധാനം തന്നെയാണ്. ഉദാഹരണമായി ആരോഗ്യം എടുക്കാം. ആരോഗ്യം ഇല്ലെങ്കിൽ നമ്മുടെ ജീവിതത്തിന് ഒരു കഴിവും വിലയും നിലയും ഉണ്ടാവില്ല. പക്ഷേ അതു കരുതി ആരോഗ്യം ഒരു മനുഷ്യൻ നേടുന്ന ഏറ്റവും വലിയ നേട്ടമാകുന്നില്ല. കാരണം അവന് സ്വയമായി ആരോഗ്യം ഉണ്ടാക്കുവാനോ അതിനെ പരിരക്ഷിക്കുവാനോ ആത്യന്തികമായി കഴിയില്ല. അതിനുവേണ്ടി അവൻ മരുന്നുകളോ വ്യായാമമുറകളോ ഉപയോഗിക്കുന്നുണ്ടാകാം. പക്ഷേ അതുകൊണ്ട് അവൻ്റെ ആരോഗ്യത്തിന് ഒരു കുഴപ്പവും പറ്റുകയില്ല, സുരക്ഷിതമാണ് എന്ന് തീർത്തു പറയാൻ അയാൾക്കെന്നല്ല, ആർക്കും കഴിയില്ല. കാരണം, ആരോഗ്യത്തിന് പരമമായ ഒരു ദാതാവും സംരക്ഷകനും ഉണ്ട്. അത് അല്ലാഹുവാണ്. അവൻ നൽകുന്നവർക്ക് മാത്രമേ അത് ഉണ്ടാവുന്നുള്ളൂ. അവൻ ആരോഗ്യം നൽകാത്തവർക്ക് അതുണ്ടാക്കുവാനോ തിരിച്ചു പിടിക്കുവാനോ കഴിയുന്നില്ല എന്നത് നമ്മുടെ അനുഭവമാണ്. ഇപ്രകാരം തന്നെയാണ് മേൽപ്പറഞ്ഞ എല്ലാ അനുഗ്രഹങ്ങളും. അവയൊന്നും പരമമല്ല. പരമമായത് എല്ലാം അല്ലാഹു തന്നതാണ് എന്ന് വിശ്വസിക്കുവാനും അതിൻ്റെ പേരിൽ അവൻ്റെ അടിമത്വം സ്വീകരിക്കുവാനും കഴിയുക എന്നതാണ്. അതാണ് ഹിദായത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു ഇഹലോകത്ത് ഒരു മനുഷ്യന് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹം ഹിദായത്ത് ആണ്. അല്ലാഹുവിനെ മനസ്സിലാക്കുവാനും അവൻ്റെ വിനീത ദാസനായി മാറി സദാ ആരാധനയിൽ മുഴുകുവാനും കഴിയുന്ന ഒരു സാഹചര്യം നമ്മുടെ ജീവിതത്തിൽ ലഭിച്ചത് അല്ലാഹു തന്ന ഒരു മഹാഭാഗ്യം തന്നെയാണ്.


ഹിദായത്ത് അല്ലാഹു അവൻ ഇച്ഛിക്കുന്നവർക്ക് വെറുതെ നൽകുന്നതാണ്. അവനല്ലാതെ മറ്റാർക്കും ആരെയും ഹിദായത്തിലേക്ക് എത്തിക്കാൻ കഴിയില്ല. അങ്ങനെ കഴിയുമായിരുന്നുവെങ്കിൽ അതിനുവേണ്ടി നബി(സ്വ) തങ്ങൾ നടത്തിയ ശ്രമം വിജയിക്കേണ്ടതായിരുന്നു. നബി തങ്ങളുടെ ആദ്യകാല ജീവിതത്തിൽ താങ്ങും തണലുമായി നിന്ന ഒരു അധികാരനായിരുന്നു ഖുറൈശികളുടെ മൂത്ത കാരണവർ കൂടിയായിരുന്ന അബൂത്വാലിബ്. അദ്ദേഹത്തിന് നബി തങ്ങളോടും വലിയ സ്നേഹമായിരുന്നു. നീണ്ട പത്തുവർഷം പിന്നിട്ടിട്ടും അബൂതാലിബിന് ഇസ്ലാമിൽ എത്താൻ ഇടയുണ്ടായില്ല. അവസാനം അദ്ദേഹം മരണ കടകയിൽ കിടക്കുമ്പോൾ നബി തങ്ങൾ ഒരു അവസാന ശ്രമം നടത്തി നോക്കി. അതും വിജയിച്ചില്ല. അതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്: 'നബിയേ, താങ്കള്‍ ആഗ്രഹിക്കുന്നവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ താങ്കള്‍ക്ക് കഴിയില്ല. എന്നാല്‍ താനുദ്ദേശിക്കുന്നവരെ അല്ലാഹു സന്മാര്‍ഗ ദര്‍ശനം ചെയ്യുന്നു' (ഖസ്വസ്: 56). അല്ലാഹു അവനിഷ്ടപ്പെട്ടവർക്ക് നൽകുന്നതാണ് ഹിദായത്ത്. അവൻ അത് നൽകിയാൽ ആർക്കും അത് എടുത്തു കളയാൻ കഴിയില്ല. അവൻ തന്നില്ലെങ്കിൽ മറ്റേതെങ്കിലും വഴിയിലൂടെ അത് നേടുവാനും കഴിയില്ല. അതിനാൽ ഹിദായത്തിന്റെ തണലിൽ എത്തിച്ചേർന്ന ഓരോ വിശ്വാസിയും ആത്മാഭിമാനത്തോടെ വിശ്വസിക്കേണ്ടതും തിരിച്ചറിയേണ്ടതും അല്ലാഹു തന്നെ ഇഷ്ടപ്പെടുന്നു എന്നും അതുകൊണ്ട് അവൻ തന്നെ ഹിദായത്തിൽ ആക്കിയിരിക്കുന്നു എന്നുമാണ്.


അല്ലാഹു നൽകിയ ഏത് അനുഗ്രഹങ്ങളുടെയും മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആശങ്ക അത് നഷ്ടപ്പെടുന്നത് തന്നെയാണ്. അത് നഷ്ടപ്പെടാനുള്ള സാധ്യത തീർച്ചയായും ഉണ്ട്. രണ്ടു കാരണത്താലാണ് അത് നഷ്ടപ്പെടുക. ഒന്നാമതായി, അടിമ ഗുരുതരവും അഹങ്കാരപൂർവ്വമായ തെറ്റ് ചെയ്യുകയും അതിൽ പശ്ചാത്താപം ഇല്ലാതിരിക്കുകയും അതിനാൽ അല്ലാഹുവിന് ഈ അടിമയോട് കോപം ഉണ്ടാക്കുകയും ചെയ്യുമ്പോൾ. ഇത് വലിയ ദുരന്തമാണ്. കാരണം, അല്ലാഹു നൽകിയ ഏത് അനുഗ്രഹം അവൻ തിരിച്ചെടുത്താലും അത് കനത്ത നഷ്ടവും പരാജയവുമാണ് ഉണ്ടാക്കുക. രണ്ടാമതായി മനുഷ്യൻ സ്വയം അവനു കിട്ടിയ അനുഗ്രഹം മുഴുവനുമോ ഭാഗികമായോ നഷ്ടപ്പെടുത്തിക്കളയുമ്പോൾ. കാരണം അല്ലാഹു വിശുദ്ധ ഖുർആനിൽ അങ്ങനെ പറഞ്ഞിട്ടുണ്ട്. അവൻ പറയുന്നു: 'ഏതൊരു ജനപഥവും സ്വന്തം നിലപാടുകള്‍ പരിവര്‍ത്തന വിധേയമാക്കുന്നതുവരെയും അല്ലാഹു അതില്‍ മാറ്റംവരുത്തില്ല തന്നെ' (റഅദ്: 11). ഇത്തരം കാരണങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ് എന്നതുകൊണ്ടാണ് ഹിദായത്ത് നഷ്ടപ്പെട്ടേക്കുമോ എന്ന് സത്യവിശ്വാസികൾ ഈ കാലത്ത് ഭയപ്പെടുന്നത്. കാരണം നമ്മുടെ ലോകം അനുനിമിഷം വികാസം പ്രാപിച്ചു കൊണ്ടേയിരിക്കുകയാണ്. മനുഷ്യൻ ഇന്ന് ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളിലേക്കാണ് നാളെ എത്തിച്ചേരുന്നത് എന്ന അവസ്ഥയാണ്. എല്ലാം മനുഷ്യൻ്റെ മുമ്പിലേക്ക് നീട്ടുന്നത് പരിഷ്കാരത്തിന്റെയും ആഡംബരത്തിന്റെയും കൈകളാണ്. പരിഷ്കാരങ്ങളും ആഡംബരങ്ങളും മനുഷ്യനെ വികാരപ്പെടുത്തുന്നവയാണ്. വികാരം അമിതമാകുമ്പോൾ സത്യങ്ങളും യാഥാർത്ഥ്യങ്ങളും തത്വങ്ങളും പ്രമാണങ്ങളും എല്ലാം മറന്നു പോവുക എന്നത് മനുഷ്യൻ്റെ ഒരു പ്രകൃതമാണ്. അതുകൊണ്ട് ഐഹിക ലോകം വികാസം പ്രാപിക്കുമ്പോൾ ഉണ്ടാകുന്ന വികാരത്തള്ളിച്ചയിൽ സത്യവിശ്വാസികൾക്ക് ഹിദായത്ത് നഷ്ടപ്പെടുമോ എന്ന ഭീതി ശക്തമായിക്കൊണ്ടിരിക്കുകയാണ്.


ഇതിൽനിന്ന് രക്ഷപ്പെടുവാനും അല്ലാഹു തന്ന ഹിദായത്ത് നഷ്ടപ്പെടാതെ സൂക്ഷിക്കുവാനും ഇസ്ലാം എന്ന ആദർശത്തെ വിശ്വാസികൾ ഒരു വികാരമായി സ്വീകരിക്കുകയും ജീവിതത്തിൻ്റെ എല്ലാ മേഖലയിലും ആ വികാരത്തോടു കൂടെ ജീവിക്കുകയും ചെയ്യുക എന്നതാണ് വേണ്ടത്. അതിന് ഓരോ മനുഷ്യനെയും സഹായിക്കുന്ന ക്രമത്തിലാണ് ആരാധനകൾ അല്ലാഹു ക്രമീകരിച്ചിരിക്കുന്നത്. ആരാധനകൾ രണ്ടു തരത്തിലുള്ള ഭാവങ്ങളിൽ ഉണ്ടാകാറുണ്ട്. ഒന്ന് ആത്മാർത്ഥമായി ചെയ്യുന്നത്. രണ്ട് കേവലം അഭിനയിക്കുന്നത്. ഇവയിൽ രണ്ടാമത്തേതു കൊണ്ട് ഒരു കാര്യവുമില്ല. എന്നല്ല, അല്ലാഹുവിനെയും അവൻ തന്ന ആദർശത്തെയും കളിയാക്കിയതിന്റെ ശിക്ഷ ഏറ്റു വാങ്ങേണ്ടതായും വരും. ഒന്നാമത്തേത് ആയിത്തീരണമെന്നുണ്ടെങ്കിൽ മനസ്സറിഞ്ഞും മനസ്സുകൊണ്ട് അലിഞ്ഞു ചേർന്നും ആരാധനയിൽ ലയിക്കാൻ കഴിയണം. ഇത് എല്ലാവർക്കും സ്വമേധയാ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതല്ല. കാരണം മനുഷ്യൻ്റെ മനസ്സ് അത്തരം ഒരു ശക്തിയും ലോകവുമാണ്. അതിനെ വറുതിയിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മേൽപ്പറഞ്ഞ രീതിയിൽ ആരാധനകളിൽ ആത്മീയമായി അലിഞ്ഞുചേരാതിരിക്കാൻ പാടില്ല. കാരണം അല്ലാഹുവിൻ്റെ ദൂതൻ പഠിപ്പിച്ച ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നീ മൂന്നു അടിസ്ഥാന തത്വങ്ങളിലെ ഇഹ്സാനിൻ്റെ അർത്ഥമാണ് അത്. അല്ലാഹു കാണുന്നുണ്ട് എന്ന ഭാവത്തിൽ ആരാധനകൾ ചെയ്യുന്നതാണ് ഇഹ്സാൻ എന്നാണല്ലോ നബി(സ്വ) പഠിപ്പിച്ചത്. ഇതിനു സാധിക്കണമെങ്കിൽ ഓരോരുത്തരും പ്രത്യേക പരിശീലനം തന്നെ നേടേണ്ടതുണ്ട്. ആത്മീയമായ ഇത്തരം പരിശീലനം നൽകുവാൻ കഴിയുക ആത്മീയ ഗുരുക്കളായ മശാഇഖുമാർക്കാണ്. അവരുടെ പരിശീലനത്തെ ഇസ്ലാമിക സാങ്കേതിക ഭാഷയിൽ തർബിയത്ത് എന്ന് പറയുന്നു. ഈ തർബിയത്ത് ലഭിക്കുവാൻ നാം ഒരു മുറബ്ബിയായ ശൈഖിനെ സ്വീകരിക്കേണ്ടതുണ്ട്. അത് സ്വീകരിക്കുന്നതോടുകൂടി നാം മഹാനായ നബി(സ്വ) തങ്ങളുടെ യഥാർത്ഥ ആത്മീയ പിൻഗാമികളുടെ സരണിയിൽ എത്തിച്ചേരുകയാണ്.


ആത്മീയമായ വിചാരവും ബോധവും ആത്മീയ നായകന്മാരിലൂടെ വന്നുചേരുമ്പോൾ നമ്മുടെ ആരാധനകൾക്ക് മാധുര്യം വർദ്ധിക്കും. അല്ലാഹുവിനെ കാണുന്നുണ്ട് എന്ന ഭാവത്തിൽ തന്നെ നിസ്കരിക്കാനും നോമ്പ് നോൽക്കാനും കഴിയും. നമ്മുടെ വിശ്വാസത്തിന് ബലം കൂടും. അതോടെ ആരാധനകളോടുള്ള വിരക്തി ഇല്ലാതെയായിത്തീരും. സ്വഭാവങ്ങളും ശീലങ്ങളും നിർമ്മലമായിത്തീരും. മറ്റുള്ളവരുടെ മനസ്സിൽ സ്നേഹവും സ്വീകാര്യതയും അംഗീകാരവും വർദ്ധിക്കും. അല്ലാഹു തൻ്റെ അടിമയെ സ്നേഹിച്ചിരിക്കുന്നു എന്നതിൻ്റെ അടയാളമാണ് അത് എന്ന് നബി(സ്വ) തങ്ങൾ പറഞ്ഞിട്ടുണ്ട്. അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെടാൻ തുടങ്ങിയാൽ അത് ആദ്യം ജിബ്‌രീൽ(അ)നോട് വെളിപ്പെടുത്തും എന്നും പിന്നീട് ആകാശത്തിലും ഭൂവിതാനത്തിലും ആ സ്നേഹം പരക്കും എന്നും അതിനു വിധേയനാകുന്ന വ്യക്തിക്ക് അങ്ങനെ സ്വീകാര്യത കൈവരുമെന്നും സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. ആത്മീയത കൊണ്ടും ആത്മീയ തർബിയത്ത് കൊണ്ടും ഓരോ വ്യക്തിയും നേടുന്ന നേട്ടങ്ങൾ ഇങ്ങനെ എണ്ണമറ്റതാണ്.


മഹാനായ ശൈഖുനാ അവർകളുടെ ഖാൻഖാഹായ ഹിദായത്ത് നഗറിൽ അതിൻ്റെ മഹാസംസ്ഥാപനത്തിന്റെ രണ്ടാം വാർഷികത്തിന് കൊടി ഉയരുമ്പോൾ ഇങ്ങനെ ഓർമ്മപ്പെടുത്തുന്നത് ഈ മഹത്തായ മജ്ലിസിന്റെ പ്രാധാന്യവും പ്രാമാണികതയും വിശ്വാസികളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്. ആധുനികതയുടെ പരിഷ്കാരങ്ങളിൽ പെട്ട് ആത്മീയത അപകടം നേരിട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരം ആത്മീയ ഗുരുക്കന്മാർക്കും കേന്ദ്രങ്ങൾക്കും മാത്രമേ ശരിയായ ആശ്വാസവും സമാധാനവും നൽകാൻ കഴിയൂ. കാലത്തിൻ്റെ കുത്തൊഴുക്കിൽ പെട്ട് ഒരു സമുദായവും അവരുടെ ആദർശവും കലങ്ങിപ്പോകാതിരിക്കുവാൻ വേണ്ട കരുതലും കാവലുമാണ് ഈ മഹാകേന്ദ്രത്തിന്റെ കാര്യപരിപാടി.
0




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso