മുഹമ്മദ് തയ്യിൽ സെഞ്ചരി
സമസ്തയുടെ നൂറ്റാണ്ടിൻ്റെ ഒരു പ്രത്യേകത അത് പുതിയ കാലത്തേക്കുള്ള മനുഷ്യൻ്റെ വളർച്ചയോടൊപ്പമാണ് വളർന്നത് എന്നതാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ശതകങ്ങൾക്ക് പരിമിതമായ വികാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യൻ്റെ അധിവാസ മേഖലക്ക് സ്വന്തം ഗ്രാമവും അതിനോട് ചേർന്ന് കിടക്കുന്ന പരമാവധി ഒരു ഗ്രാമവും വരെ മാത്രമേ വ്യാപ്തി ഉണ്ടായിരുന്നുള്ളൂ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കേണ്ടി വന്ന സാഹചര്യങ്ങൾ ഒരു വിദേശ അറബി രാജ്യമായ ഈജിപ്തിൽ നിന്നൊക്കെയുള്ള നവീന മത ചിന്താഗതികളാൽ സ്വാധീനിക്കപ്പെട്ട ചിലരുടെ ഇടപെടലുകൾ ആയിരുന്നു എന്ന് നമ്മുടെ അനുഭവങ്ങളും ചരിത്രവും പറയുന്നത് വെച്ച് ഈ പറഞ്ഞത് ശരിയാണോ എന്ന് ശങ്കിക്കുന്നവർ ഉണ്ടായിരിക്കാം. അത് ഒരു അപൂർവത മാത്രമായിരുന്നു എന്നാണ് അതിൻ്റെ പ്രാഥമിക മറുപടി. വ്യാപകമായിരുന്നില്ല എന്നർത്ഥം. അത്ര വരെ തന്നെ എത്തിനോക്കാൻ കഴിഞ്ഞത് നാം ബ്രിട്ടന്റെ കോളനി ആയിരുന്നതുകൊണ്ടാണ്. ബ്രിട്ടൻ പങ്കാളിത്തം വഹിച്ച ഒന്നും രണ്ടും ലോക യുദ്ധങ്ങൾ പുറം ലോകവുമായി നമ്മുടെ രാജ്യത്തെയും ബന്ധിപ്പിച്ചു എന്നതാണ് ശരി. അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല എങ്കിൽ ആഫ്രിക്കൻ ഗ്രാമങ്ങളെപ്പോലെ പുറം വെളിച്ചം കാണാത്ത ഒരു നാട് തന്നെയാകുമായിരുന്നു നമ്മുടെ രാജ്യവും. എന്നാൽ മൂന്നും നാലും ശതകങ്ങളിലേക്ക് എത്തിയപ്പോൾ ലോകത്തിൻ്റെ വികാസം ഗ്രാമങ്ങളിൽ വരെ അനുഭവപ്പെടാൻ തുടങ്ങി. ഇതിന് ആക്കം കൂട്ടിയ ഒരു ഘടകം റേഡിയോയുടെ വികാസവും വ്യാപനവും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ഒന്നാം ശതകത്തിൽ വ്യാപനം തുടങ്ങിയ റേഡിയോകൾ മൂന്നും നാലും ശതകങ്ങൾ ആയപ്പോഴേക്കും ഗ്രാമങ്ങളിലൊക്കെ എത്തിത്തുടങ്ങി. മറുഭാഗത്ത് പ്രാദേശികമായി പത്രങ്ങളും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. രാജ്യങ്ങളും ഗവൺമെന്റുകളും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഇതെല്ലാം ജനതയിൽ സാമൂഹ്യവും സാംസ്കാരികവുമായ വളർച്ചകൾക്ക് കാരണമായി.
ഒപ്പം തന്നെ അടിമത്വം, ജന്മിത്വം, കോളനിവൽക്കരണം തുടങ്ങിയ അടിച്ചമർത്തലുകൾക്കെതിരെ ജനതകൾ പ്രതികരിക്കാൻ തുടങ്ങി. അത് രാഷ്ട്രീയപരമായ ചിന്തകളെ വളർത്തി. ലോക തലത്തിലുള്ള വിഷയങ്ങൾ പ്രത്യേകിച്ചും രണ്ടാം ലോക യുദ്ധത്തിനുശേഷം രാജ്യങ്ങളിൽ ചർച്ചാവിഷയമായി. അതോടെ സ്വാതന്ത്ര്യവാജ്ഞ കൂടി വരികയും നമ്മുടെ രാജ്യം പോലെ പല രാജ്യങ്ങളും സ്വയംഭരണത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതി രണ്ടാം പകുതിയിൽ ഉണ്ടായ കുതിപ്പിന് വേണ്ട ഊർജ്ജം സംഭരിച്ചു എന്ന് നമുക്ക് ഇങ്ങനെ വിലയിരുത്താം. ആ ഊർജ്ജത്തെ ആസ്പദമാക്കി രണ്ടാം പകുതി ലോകവ്യാപകമായ കുതിപ്പുകൾക്ക് തുടക്കം കുറിക്കുകയും അധികം വൈകാതെ തന്നെ ആക്കം വർദ്ധിപ്പിക്കുകയും ചെയ്തു. ഇതെല്ലാം പൊതുവായ അവലോകനമാണ്. നാം നമ്മുടെ സ്വന്തം തട്ടകത്തിലേക്ക് വരുമ്പോൾ സമസ്തയുടെ പ്രവർത്തനങ്ങൾ ഒരു ആദർശ സാന്നിധ്യത്തിൻ്റെ പ്രാതിനിധ്യം മാത്രമായിരുന്നു തുടക്കത്തിൽ. സമസ്ത സ്ഥാപിതമായി ഏതാണ്ട് രാജ്യം സ്വാതന്ത്ര്യം നേടുന്നത് വരെയുള്ള കാലത്ത് കാര്യമായി നടന്നിരുന്നത് വാർഷിക സമ്മേളനങ്ങൾ മാത്രമായിരുന്നു. അതു സൂചിപ്പിക്കുന്നത്, ചില ബിദഈ ചിന്തകൾ തുടങ്ങുന്നുണ്ടായിരുന്നു എങ്കിലും അവയൊന്നും വിശ്വാസികളുടെയും അവരുടെ ഗ്രാമങ്ങളെയും കാര്യമായി സ്വാധീനിച്ചിരുന്നില്ല എന്നതാണ്. അതിനാൽ തന്നെ പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുന്ന കുറേ പണ്ഡിതന്മാർ സംഘടിതരായി നിലനിൽക്കുന്നുണ്ട് എന്ന സന്ദേശം തന്നെ മതിയാകുമായിരുന്നു അവരുടെ നീക്കങ്ങളെ പ്രതിരോധിക്കുവാൻ. ഒരു സംവാദം നടത്താനോ മറ്റോ ആ കാലത്തെ ബിദഇകൾ ശ്രമിച്ചില്ല എന്നത് അവർക്ക് അതിനുമാത്രമുള്ള ശക്തിയും പിന്തുണയും ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണ്. സംവാദങ്ങളൊക്കെയും നടന്നിട്ടുള്ളത് നൂറ്റാണ്ടിന്റെ അവസാനക്ഷതങ്ങളിൽ മാത്രമാണ്. പിന്നെ അവർ വാർഷിക സമ്മേളനങ്ങളെ മാത്രമായിരുന്നു തങ്ങളുടെ പൊതുവായ ആദർശ പ്രചരണത്തിന് ആശ്രയിച്ചിരുന്നത്. അതിനാൽ തന്നെ സമസ്തക്കും അതിനെ മാത്രം ആശ്രയിച്ചാൽ മതിയായിരുന്നു. നാടുനീളയുള്ള പള്ളികളും ഓത്തുപള്ളികളും മതപരമായ ആഘോഷ ചടങ്ങുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം തികച്ചും പരമ്പരാഗതമായ രീതിയിൽ മാത്രം സജീവമായി നടന്നിരുന്നതിനാൽ വേറെ ആദർശ പ്രചരണ പരിപാടികൾ ഒന്നും അക്കാലത്ത് കാര്യമായി വേണ്ടിവന്നിരുന്നില്ല.
എന്നാൽ ബിദഇകൾ അടങ്ങിയിരിക്കുന്നുണ്ടായിരുന്നില്ല. അവർക്ക് തങ്ങളുടെ ശ്രമം വേണ്ടവിധം വിജയിപ്പിക്കുവാൻ കഴിഞ്ഞില്ലെങ്കിലും സമസ്ത വളരുന്നതോടൊപ്പം തന്നെ അവരും വളരുന്നുണ്ടായിരുന്നു. പിന്നീട് വിദ്യാഭ്യാസ ബോർഡും സുന്നി യുവജന സംഘവും വന്നതോടെ സമസ്തയുടെ സമുദായത്തിലുള്ള സമസ്തയുടെ സാന്നിധ്യം ശക്തിപ്പെട്ടു. ഈ നീക്കങ്ങളിലൂടെ സമസ്തയുടെ സാന്നിധ്യം ഒരു സാമൂഹ്യ ശക്തിയായി പരിവർത്തനം ചെയ്യപ്പെട്ടുവരികയായിരുന്നു. ഇത്തരം ഒരു പശ്ചാത്തലത്തിൽ ബിദഇകൾ നടത്തിയിരുന്ന എതിർപ്പുകൾ സമസ്തയുടെ ആശയ ലോകത്തെ സത്യത്തിൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കാരണം, ഒരു ഭാഗത്ത് അവർ ഉന്നയിക്കുന്ന വാദങ്ങൾ തികഞ്ഞ യുക്തിവാദമാണ് എന്നത് എല്ലാവർക്കും തിരിച്ചറിയാൻ പാകത്തിലുള്ളവയായിരുന്നു. മറുഭാഗത്ത്, അവരുടെ ആശയങ്ങളെ പ്രാമാണികമായി സമസ്തയുടെ ആദർശ വേദിയിൽ എക്കാലവും സമർത്ഥരായ പണ്ഡിതന്മാർ ഉണ്ടായിരുന്നു. അവരുടെ മറുപടികളും വിശദീകരണങ്ങളും ഏതു നിഷ്കളങ്ക ചിന്തയുള്ളവനെയും സ്വാധീനിക്കുന്നതായിരുന്നു. അതിനാൽ അവരുടെ ചോദ്യങ്ങളുടെ നിരർത്ഥകതയും അതിൻ്റെ ഉത്തരങ്ങളുടെ പ്രാമാണികതയും സമസ്തയുടെ ആദർശ ബന്ധുക്കൾക്ക് പെട്ടെന്ന് മനസ്സിൽ ഉറക്കുമായിരുന്നു. ഉത്തരം ഭാഗങ്ങളെ പൊതു സംസാരങ്ങളിലൂടെ പോലും ഖണ്ണിക്കുവാൻ എല്ലാവർക്കും കഴിയുമായിരുന്നു. മാത്രമല്ല, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസ-കർമ്മ ധാരയുടെ സത്യസന്ധതയും ആധികാരികതയും അപ്പപ്പോൾ തന്നെ താരതമ്യം ചെയ്തു മനസ്സിലാക്കാൻ ഇത് സമസ്തയുടെ ആദർശ ലോകത്തിന് സഹായവുമായി. അതിനാൽ എതിർപ്പുകളുടെയും സംവാദങ്ങളുടെയും മുമ്പിൽ ഇവിടെ വളർന്നുവന്നത് ആദർശപരമായ ആരോഗ്യമുള്ള ഒരു പ്രാസ്ഥാനികലോകം തന്നെയായിരുന്നു. അവർ കേവലം മറുപടികൾ പഠിക്കുക മാത്രം ചെയ്യുകയായിരുന്നില്ല. തങ്ങളുടെ ജീവിതത്തെ തന്നെ ആ ആദർശത്തിലേക്ക് പരിവർത്തനം ചെയ്തു വളരുകയായിരുന്നു. ആർക്കും പിടിച്ചു മാറ്റാൻ കഴിയാത്ത ഒരു നിലപാട് ഉറപ്പിച്ചെടുക്കുവാൻ ഇങ്ങനെ സമസ്തക്ക് കഴിഞ്ഞു.
ഈ സമയത്താണ് കേരളത്തിലെ പ്രവാസം ശക്തിപ്പെടുന്നത്. പ്രവാസത്തെ കുറിച്ചുള്ള ചർച്ചകളിൽ ദാരിദ്രം, സമ്പാദ്യം, തൊഴിൽ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ മാത്രമാണ് പലപ്പോഴും വരാറുള്ളത്. പക്ഷേ, അതിനപ്പുറം അതിന്റെ ഒരു സാംസ്കാരികമായ മേഖലയുണ്ട്. അതൊരു വലിയ സാംസ്കാരിക ശാസ്ത്രം തന്നെയാണ്. ഡയസ്പോറ എന്നാണ് അത് അറിയപ്പെടുന്നത്. ഡയസ്‌പോറ (Diaspora) എന്നാൽ ഒരു പ്രത്യേക സാംസ്കാരമോ വംശീയതയോ ഉള്ള ജനവിഭാഗം അവരുടെ ജന്മദേശത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പല കാരണങ്ങളാലും മാറി താമസിക്കുന്ന അവസ്ഥയാണ്. ഗ്രീക്ക് പദമായ 'ചിതറിക്കിടക്കുക' (Dispersion) എന്നതിൽ നിന്ന് വന്നതാണ് ഈ വാക്ക്. പ്രധാനമായും യഹൂദരുടെ പുരാതനകാലത്തെ പ്രവാസത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. സാമൂഹ്യവും രാഷ്ട്രീയപരവുമായ കാരണങ്ങളാൽ ജീവിക്കുന്ന നാടുകളിൽ നിന്നെല്ലാം ആട്ടിയോടിക്കപ്പെട്ട, അതിനെ തുടർന്ന് പല രാജ്യങ്ങളിലും പല സമൂഹങ്ങളിലുമായി അലയേണ്ടി വന്ന ഒരു ജനതയായിരുന്നു ജൂതന്മാർ. അങ്ങനെ അവർ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ തങ്ങളുടെ സ്വന്തം മതപരവും സാംസ്കാരികവുമായ അസ്തിത്വം കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുന്നതാണ് ഇതുകൊണ്ട് മൊത്തത്തിൽ ഉദ്ദേശിക്കുന്നത്. എന്നാൽ ഇപ്പോൾ അത് പൊതുവായിട്ടാണ് വ്യവഹരിക്കപ്പെടുന്നത്. അതായത് ഒരു ജനത മറ്റൊരു സംസ്കാരത്തിന്റെയും ജീവിത പരിസരത്തിന്റെയും മുമ്പിൽ എത്തുമ്പോഴും തങ്ങളുടെതായ വിശ്വാസങ്ങൾ, ആചാരങ്ങൾ അനുഷ്ഠാനങ്ങൾ തുടങ്ങിയവ കാത്തു സംരക്ഷിക്കുന്ന ഒരു വികാരം. അതിനെയാണ് ഇപ്പോൾ ഡെയസ്പോറ എന്ന് വിളിക്കുന്നത്. ഈ വികാരം പക്ഷേ എല്ലാവരിലും ഉണ്ടായിക്കൊള്ളണമെന്നില്ല. മനുഷ്യനിലെ സാംസ്കാരികമായ വളർച്ചയാണ് ഡയസ്പോറയുടെ അടിസ്ഥാനം. അഥവാ മറ്റൊരു രാജ്യത്തോ സംസ്കാരിക മേഖലയിലോ എത്തിപ്പെടുമ്പോഴും തൻ്റെ സ്വന്തം സംസ്കാരവും മറ്റും വേറിട്ട് കാത്തുസൂക്ഷിക്കാനുള്ള ത്വര അത്തരത്തിലുള്ള ഒരു സാംസ്കാരിക അവബോധം ഉള്ളവർക്ക് മാത്രമേ കഴിയുകയുള്ളൂ. സമസ്തയുടെ ആദർശ ലോകം സക്രിയവും ചടുലവും ആയിരുന്നതിനാൽ ഈ ആദർശത്തിന്റെ വികാരങ്ങൾ സ്വാംശീകരിച്ച വ്യക്തികൾ ഗൾഫ് നാടുകളിലോ വിദേശ നാടുകളിലോ എത്തിച്ചേരുമ്പോഴും അവരത് കാത്തുസൂക്ഷിക്കുകയും പ്രകടിപ്പിക്കുകയും എല്ലാം ചെയ്തു എന്നാണ് നാം ഇത്തരത്തിൽ പറഞ്ഞു വരുന്നത്. നമ്മുടെ രാജ്യത്തിൻ്റെ തന്നെ സമസ്തയുടെ സ്വാധീന ഭൂമികയുടെ പുറത്തുനിന്നുള്ള, പ്രവാസങ്ങളിലേക്ക് എടുത്തറിയപ്പെട്ടവരിൽ ഈ സ്വഭാവം കുറവായിരുന്നു എന്നോ തീരെ ഇല്ലായിരുന്നു എന്നോ നമുക്ക് കാണാൻ കഴിയും എന്നത് നമ്മുടെ വാദത്തിന് ശക്തി പകരുന്ന കാര്യമാണ്. അവരിൽ പലരും അവരെത്തിച്ചേർന്ന സംസ്കാരത്തിൽ വിലയം പ്രാപിക്കുവാനാണ് ശ്രമിക്കാറുള്ളത്.
ഈ വൈകാരികതയുടെ ഏറ്റവും ചെറിയ ദൃശ്യമാണ് ഗൾഫ് നാടുകളിലും പുതിയ നൂറ്റാണ്ടിന്റെ ആദ്യത്തിൽ തുടക്കം കുറിച്ച യൂറോപ്യൻ നാടുകളിലും കാണുന്ന നമ്മുടെ സംഘടനാ കീഴ് ഘടകങ്ങൾ. എഴുപതുകളില്‍ ശക്തിപ്പെട്ട ഗള്‍ഫ് പ്രവാസം പുറംമണ്ണില്‍ ഒരുപാട് കൂട്ടായ്മകള്‍ക്കും ജീവന്‍ പകര്‍ന്നു. പറിച്ചുനടപ്പെട്ട മണ്ണിലെ ഒറ്റപ്പെടല്‍ മറികടക്കാനുള്ള തിടുക്കമായിരുന്നു പല കൂട്ടായ്മകള്‍ക്കും പിന്നില്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും എണ്‍പതുകളോടെ സംഘടനാ ബാഹുല്യം ഗണ്യമായി ഉയര്‍ന്നു. മലയാളികള്‍ കൂടുതലായി ചേക്കേറിയ പ്രദേശങ്ങളിലാണ് സംഘടനകള്‍ ആദ്യം പിറന്നത്. നാടുമായുള്ള ബന്ധം നിലനിര്‍ത്താനും നാട്ടുകാരു മായുള്ള ചങ്ങാത്തം രൂപപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു കൂട്ടായ്മകളുടെ തുടക്കം. പിന്നീട് കുറേക്കൂടി വികസിച്ച ലക്ഷ്യത്തിലേക്ക് കൂട്ടായ്മകള്‍ വഴിമാറി. ഔദ്യോഗിക അംഗീകാരമുള്ള അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍, രാഷ്ട്രീയ പോഷക സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, മതാത്മക സംഘടനകള്‍ എന്നിങ്ങനെ പല തലങ്ങളിലാണ് ഇവ പ്രവാസ ലോകത്ത് വേരു പടര്‍ത്തിയത്. പ്രാദേശിക കൂട്ടായ്മകളാണ് ഇന്നും എണ്ണത്തില്‍ മുന്നില്‍. മറ്റൊരു രാജ്യക്കാര്‍ക്കും ഇല്ലാത്ത വിധം എണ്ണമറ്റ സംഘടനകളാണ് മലയാളികള്‍ക്കുള്ളത്. പ്രാദേശിക കൂട്ടായ്മകള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ വരെ സജീവം. ഗൃഹാതുര സ്മരണകളുമായി ഒത്തുചേരുന്ന അലുംനി കൂട്ടായ്മകളും നാട്ടുകൂട്ടായ്മകളും ധാരാളം. മലയാളിയുടെ സംഘബോധം മറ്റു ദേശക്കാരെ ഇന്നും അതിശയിപ്പിക്കുന്ന ഘടകമാണ്. ഇത്തരത്തിലുള്ള സംഘാടനത്തിന്റെ ആദ്യകാരെ തിരയുമ്പോൾ തീർച്ചയായും സമസ്തയുടെ പ്രവർത്തകന്മാരെ ആദ്യനിരയിൽ തന്നെ കണ്ടുമുട്ടാൻ കഴിയും. വളരെ ശാസ്ത്രീയമായി അവർ തങ്ങളുള്ള പ്രദേശങ്ങളിലും രാജ്യങ്ങളിലും എല്ലാം പ്രസ്ഥാനത്തിൻ്റെ ഘടകങ്ങൾ സ്ഥാപിച്ച പ്രവർത്തിച്ചുവരുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങളുടെ ഫലവും ശാസ്ത്രീയതയും പരിഗണിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അത്തരം ഘടകങ്ങളെ അതിൻ്റെ ഔദ്യോഗിക കീഴ് ഘടകങ്ങളായി അംഗീകരിക്കുന്ന സാഹചര്യം വരെ ഉണ്ടായി. സമസ്തയുടെ ഐതിഹാസികമായ നൂറാം വാർഷികത്തിന് പ്രചരണ പ്രവർത്തനങ്ങളുടെ തുടക്കത്തിന് പോലും ഇത്തരത്തിലുള്ള ഒരു വിദേശ രാജ്യം സാക്ഷിയായി എന്ന് പറയുമ്പോൾ ആ പ്രദേശങ്ങളിലും ഒക്കെയും സമസ്തയുടെ ആദർശലോകം ഉണ്ടാക്കിയ നനവ് നമുക്ക് ഗണിച്ച് എടുക്കാൻ കഴിയും. നബിദിനം, ജീലാനി ദിനം തുടങ്ങിയവയും ദിക്റുകൾ, സ്വലാത്തുകൾ, മജ്‌ലിസുന്നൂർ, മരിച്ചവർക്ക് വേണ്ടിയുള്ള മയ്യത്ത് നിസ്കാരം അടക്കമുള്ള പ്രാർത്ഥനകൾ തുടങ്ങിയ വിവിധ വേദികളും പരിപാടികളും ഒരർത്ഥത്തിൽ നാട്ടിലുള്ളതിനേക്കാൾ വിദേശങ്ങളിൽ സജീവമാണ്. അവിടെ അതെല്ലാം കാര്യക്ഷമമായി പരിചരിക്കപ്പെടുന്നത് ആ പ്രദേശങ്ങളിലെ ഇത്തരം കാര്യങ്ങൾക്കുള്ള മതപരമായ വിലക്ക് മറികടന്നു കൊണ്ട് കൂടിയാണ് എന്ന് കാണുമ്പോഴാണ് ഈ ഡയസ്പോറ എത്ര കാര്യക്ഷമമാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുക.
ഈ സാംസ്കാരികത വളർന്നുവളർന്ന കേവലം സ്വകാര്യമായ അനുഷ്ഠാന ആചരണ ചടങ്ങുകൾക്കപ്പുറത്ത് ഔദ്യോഗിക ഭാവത്തിലുള്ള മതപഠന സ്ഥാപനങ്ങൾ വരെ സ്ഥാപിക്കുവാൻ സമസ്തയുടെ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ഇത്തരം മദ്രസകൾ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ഈ കാര്യത്തോട് ചേർത്ത് വായിക്കേണ്ട മറ്റൊരു വിഷയമാണ് സമസ്ത ഈയിടെയായി, പ്രത്യേകിച്ചും കോവിഡ് മഹാമാരിക്ക് ശേഷം ചിന്തിക്കുകയും ദീർഘമായ പഠനങ്ങൾക്ക് ശേഷം ആവിഷ്കരിക്കുകയും ചെയ്ത ഇ-ലേണിംഗ് പദ്ധതി. സമസ്ത ഇ-ലേണിംഗ് എന്നത് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ഒരു ആഗോള ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ്. ഇത് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് പരമ്പരാഗത ഇസ്‌ലാമിക ധാർമ്മിക മൂല്യങ്ങൾ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പഠിക്കാൻ അവസരം നൽകുന്നു. ഇതിൽ ഓൺലൈൻ മദ്‌റസ (ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്ടുവരെ), മുതിർന്നവർക്കുള്ള പഠന പരിപാടികൾ, ഡിജിറ്റൽ ഉള്ളടക്കം എന്നിവ ഉൾപ്പെടുന്നു. കൂടാതെ അംഗീകൃത മദ്‌റസകളില്ലാത്ത സ്ഥലങ്ങളിൽ പോലും ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വളരെ കുറഞ്ഞ കാലം കൊണ്ട് നന്നായി വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് ഇ-ലേണിങ് പദ്ധതി. അതിലെ വിദ്യാർത്ഥികളുടെയോ ട്യൂട്ടർമാരുടെയോ എണ്ണമോ അതിലെ അധ്യാപനത്തിന്റെ കാര്യക്ഷമതയോ ഇതിനകം ഈ പദ്ധതിക്ക് നേടാൻ കഴിഞ്ഞ സ്വീകാര്യതയോ ചർച്ചക്കെടുക്കും മുമ്പ് പരിഗണിക്കേണ്ട ഒരു വലിയ ചിന്തയാണ് ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് വരുവാൻ സമസ്തക്ക് ധൈര്യമുണ്ടായി എന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്താൻ മാത്രം കേരളേതര സംസ്ഥാനങ്ങൾ, ഗൾഫ് നാടുകൾ, യൂറോപ്പ് തുടങ്ങിയ മേഖലകളിൽ മദ്രസാ പ്രായത്തിലുള്ള കുട്ടികൾ അടങ്ങുന്ന കുടുംബങ്ങൾ കൈയും മനസ്സും നീട്ടി കാത്തിരിക്കുന്നുണ്ട് എന്ന ബോധ്യമാണ് അതിൻ്റെ ഉൾക്കരുത്ത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥിനികളാണ് ഈ പദ്ധതി വഴി പരമ്പരാഗത ഇസ്ലാം മത വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.
ഇതേ വികാരം തങ്ങളുടെ സ്വന്തം മണ്ണുകളിലേക്ക് ജീവകാരുണ്യമായി പെയ്തിറങ്ങുന്നതും എടുത്തു പറയേണ്ടതു തന്നെയാണ്. ഒരു പ്രയാസവുമില്ലാതെ പ്രാസ്ഥാനിക-ആദർശ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി തന്നെ നടത്തുവാൻ വേണ്ട സാമ്പത്തികമായ ശേഷികൾ ഓരോ ഘടകവും ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് നിലവാരമുള്ള പ്രോഗ്രാമുകൾ ആവിഷ്കരിച്ച് നടത്തുവാൻ അവർക്ക് കഴിയുന്നത്. അതോടൊപ്പം തന്നെ അവർ നാട്ടിലെ തങ്ങളുടെ സ്വന്തം സഹജീവികളുടെ സഹായത്തിന് കരങ്ങൾ നീട്ടുകയും ചെയ്യുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഔദ്യോഗികമായി നടത്തുന്ന ഓരോ ഫണ്ട് സമാഹരണവും വിജയിപ്പിക്കുന്നതിൽ വലിയ പങ്കാളിത്തം വഹിക്കുന്നതോടൊപ്പം സ്വന്തം പ്രദേശത്ത് ഉണ്ടാകുന്ന സാമ്പത്തികമായ ആവശ്യങ്ങളിൽ ജീവകാരുണ്യപരമായി സഹായിക്കാൻ ഓരോ പ്രവാസിക്കും കഴിയുന്നുണ്ട്. ഇതും പ്രവാസികൾക്കിടയിൽ മലയാളികളും സമസ്തയുടെ ആദർശ ബന്ധുക്കളുമായ ആൾക്കാർക്കിടയിൽ മാത്രം കാണുന്ന ഒരു സവിശേഷതയാണ്. പരസ്പരം തോളോട് തോൾ ചേർന്ന് നിന്ന് ഇത്തരം സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതി പൊതുവേ മറ്റു ജനതകളിൽ കുറവാണ്. അതേസമയം സമസ്തയുടെ പ്രവർത്തകന്മാർ എത്ര കോടിയുടെ ബാധ്യതയും നിഷ്കളങ്കമായി ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നത് പതിവാണ്. ഇതെല്ലാം സമസ്ത കേവലം ഒരു കൂട്ടായ്മയും പതാകയുടെ അനുയായികളും മാത്രമല്ല മറിച്ച് ഒരാശയലോകമാണ് എന്ന് തെളിയിക്കുന്ന വസ്തുതകളാണ്. ഇത് കേരളത്തിൽ തന്നെ സമസ്തയോളം ഇങ്ങനെ അഭിമാനപൂർവ്വം എടുത്തുപറയാൻ കഴിയുന്നവർ അപൂർവമാണ്. അതുകൊണ്ട് കൂടി നൂറാം വാർഷികം അക്ഷരാർത്ഥത്തിൽ ഒരു സാമൂഹ്യ- സാംസ്കാരിക വിപ്ലവത്തിൻ്റെ ആഘോഷം കൂടി ആയി മാറുകയാണ്.
0
Thoughts & Arts
സമസ്തയും വൃഷ്ടിപ്രദേശങ്ങളും
2026-01-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso