വെള്ളി പ്രഭാതം
ടി എച്ച് ദാരിമി
വീണ്ടും നാം റജബില്‍ എത്തിയിരിക്കുകയാണ്. ഹിജ്റ കലണ്ടറിലെ ഏഴാം മാസമായ റജബിന് ചില സവിശേഷതകൾ ഉണ്ട്. അവയുടെ അടിസ്ഥാനം അത് ഇസ്ലാമിക ആദർശത്തിലെ നാലു സമാധാന മാസങ്ങളിൽ ഒന്നാണ് എന്നതാണ്. ആ നാലു മാസങ്ങളിൽ തന്നെ ഈ മാസം ഒറ്റപ്പെട്ടു നിൽക്കുന്നതു കൂടിയാണ്. ഈ നാലു മാസങ്ങളെ പൊതുവേ യുദ്ധം നിഷിദ്ധമായ മാസങ്ങൾ എന്ന് പരിചയപ്പെടുത്താറുണ്ട്. ഇവയിൽ യുദ്ധം നിഷിദ്ധമാണ് എന്നത് ശരി തന്നെ. പക്ഷേ, മാസത്തെ പരിചയപ്പെടുത്തുമ്പോൾ അത്ര പോരാ. കാരണം, സത്യത്തിൽ യുദ്ധമല്ല സമാധാനമാണ് ഈ മാസങ്ങളുടെ കേന്ദ്രവിഷയം. ഒരാൾ പടക്കളത്തിൽ ശത്രുക്കളോട് മാത്രമല്ല തൻ്റെ സ്വന്തം ശരീരത്തോട് പോലും അക്രമം കാണിക്കാൻ പാടില്ലാത്ത മാസങ്ങളാണ് ഇവ. അല്ലാഹു അത് ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: 'അല്ലാഹു ഭുവന-വാനങ്ങളെപ്പടച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അവനിങ്കല്‍ പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം ആദരണീയ മാസങ്ങളാണ്. അതാണ് ഋജുവായ മതം. അതുകൊണ്ട് ആ വിശുദ്ധ മാസങ്ങളില്‍ നിങ്ങള്‍ സ്വന്തത്തോട് അതിക്രമം കാട്ടരുത്. എന്നാല്‍, ബഹുദൈവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കില്‍ അതു പോലെ സംഘടിതരായി അവരോട് നിങ്ങളും പോരാടുക. നിങ്ങളറിയണം, സൂക്ഷ്മാലുക്കളോടൊപ്പമാണ് അല്ലാഹു' (തൗബ: 36). യുദ്ധം ശത്രുപക്ഷത്തിൽ നിന്ന് ഒരു അതിക്രമം ഉണ്ടായാൽ ചിലപ്പോൾ ചെയ്യേണ്ടിവരും എന്നാലും അതിക്രമം ഒരു സാഹചര്യത്തിലും അരുത് എന്നാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. അതിനാൽ ഈ നാലു മാസങ്ങൾ സമാധാനത്തിന്റെ ആദരേണ്യ മാസങ്ങളാകുന്നു. ആദരണീയമായ നാലു മാസങ്ങൾ എന്ന ആശയം ഇസ്ലാമിക ജീവിത സംഹിതയുടെ ഏറ്റവും വലിയ ഒരു സവിശേഷത തന്നെയാണ്. കാരണം ഒരു വർഷത്തെ സംബന്ധിച്ചിടത്തോളം നാലു മാസങ്ങൾ എന്നാൽ അതിൻ്റെ മൂന്നിലൊന്നാണ്. ഒരു വർഷത്തിന്റെ മൂന്നിലൊന്നും യുദ്ധങ്ങളും കലാപങ്ങളും മതവികാരം കൊണ്ട് നിയന്ത്രിക്കുക എന്നത് ഇസ്ലാമിൻ്റെ മാത്രം സവിശേഷതയാണ്. ലോകത്ത് മറ്റൊരു മതവും അങ്ങനെ പറയുന്നില്ല. എന്നാൽ പിന്നെ ഇത് അനുകൂലമല്ല പ്രതികൂലം തന്നെയാണ്, കാരണം നാലു മാസങ്ങൾ യുദ്ധം പാടില്ല എന്ന് പറയുമ്പോൾ മറ്റു എട്ടു മാസങ്ങൾ യുദ്ധം ചെയ്യാൻ സത്യത്തിൽ ഇസ്ലാം അനുവദിക്കുകയല്ലേ ചെയ്യുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. അത് ഇസ്ലാമിനെ കുറിച്ചുള്ള കൃത്യമായ അറിവ് ഇല്ലാത്തതിന്റെ പേരിൽ മാത്രം ഉയരുന്നതാണ്. യുദ്ധത്തെ ഇസ്ലാമിനോളം നിരുത്സാഹപ്പെടുത്തുകയും ജാഗ്രതയോടെ കാണുകയും ചെയ്ത മറ്റൊരു മതവുമില്ല. പക്ഷേ, ഇസ്ലാമിൻ്റെ ഈ സമാധാന സങ്കല്പം ശത്രുക്കളെയും വൈരികളെയും മുസ്ലിങ്ങളുടെ തലയിൽ കയറുവാൻ പ്രേരിപ്പിക്കുന്നതാകുന്നത് ശരിയല്ല. അതുകൊണ്ട് പ്രകോപനം ഉണ്ടാവുകയും അത് ന്യായീകരിക്കാൻ കഴിയാത്ത വിധത്തിലുള്ളതാവുകയും തിരിച്ചടിക്കുകയല്ലാതെ നിലനിൽപ്പ് എന്ന അവകാശം ഉറപ്പിക്കുവാൻ മാർഗ്ഗമില്ലാതെ വരികയും ചെയ്യുമ്പോൾ തിരിച്ചടിക്കാൻ ഇസ്ലാം അനുവദിക്കുന്നു. അവിടെയും ദീർഘമായ 15 വർഷങ്ങൾ പിന്നിട്ടതിനുശേഷം മാത്രമായിരുന്നു ന്യായമായ ഈ തിരിച്ചടിക്ക് തന്നെ അല്ലാഹുവിൽ നിന്ന് അനുവാദം ലഭിച്ചത്.
ഇവയിൽ ദുൽ ഖഅ്ദ, ദുൽ ഹിജ്ജ, മുഹർറം എന്നിവ തുടർച്ചയായി വരുന്നവയായിരിക്കുമ്പോൾ റജബ് കൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. കൂട്ടത്തിൽ വരുന്നതിനും ഒറ്റപ്പെട്ടു നിൽക്കുന്നതിനുമെല്ലാം അതിൻ്റേതായ ന്യായമുണ്ടായിരിക്കും. അതെന്താണെന്ന് കൃത്യമായി അല്ലാഹു പറഞ്ഞു തന്നാലേ നമുക്കറിയൂ. അങ്ങനെ പറഞ്ഞിട്ടില്ലാത്ത നിലക്ക് നമുക്ക് അക്കാര്യത്തിൽ ചില സോദ്ദേശപരമായ അനുമാനങ്ങൾ മാത്രമേ നടത്താൻ കഴിയൂ. അവയിൽ ദുൽഹിജ്ജ ഹജ്ജിന്റെ മാസമാണ്. ഹജ്ജ് മക്കയിലെ കഅ്ബയിലേക്കുള്ളതാണ്. ലോകത്തിൻ്റെ അഷ്ടദിക്കുകളിൽ നിന്നും വിശ്വാസി തീർത്ഥാടകർ ദീർഘമായ യാത്രയിലൂടെയായിരിക്കും എത്തുക. അപ്പോൾ ഏറെ ദൂരം താണ്ടി വരുന്നവരെ പരിഗണിക്കുമ്പോൾ മുമ്പും പിമ്പുമായി 2 മാസങ്ങൾ കൂടി ചേർത്തുവെച്ചാൽ ആ മൂന്ന് മാസങ്ങൾ സുരക്ഷയുടെയും ആദരവിൻ്റെയും മാസങ്ങളായി പരിഗണിക്കുന്നതിന് വേണ്ട ന്യായമായി. അതോടൊപ്പം ഇതേ സമയം തന്നെയായിരുന്നു മക്ക കേന്ദ്രീകരിച്ചുള്ള കച്ചവടങ്ങൾക്കും അറബികൾ അക്കാലത്ത് സമയം കണ്ടിരുന്നത്. ഇവിടെയെല്ലാം സാമൂഹ്യസുരക്ഷ വളരെ പ്രധാനമാണ്. അപ്പോഴും റജബിൻ്റെ കാര്യം വേറിട്ടുനിൽക്കുന്നു. അതിനെ ഈ മാസങ്ങളിൽ പെടുത്തിയതിൻ്റെ ന്യായമായി നമുക്ക് ആദ്യം പരിഗണിക്കുവാൻ കഴിയുക അതിൻ്റെ ശേഷമായി വരുന്നത് റമളാൻ ആണ് എന്നതാണ്. അപ്പോൾ അതിൽ എന്തു ചെയ്യുന്നു എങ്കിൽ അതെല്ലാം റമദാനിനു വേണ്ടിയുള്ള മനസ്സിനെയും ശരീരത്തെയും തേച്ചു മിനുക്കലായി കരുതാവുന്നതാണ്. നബി തിരുമേനി(സ്വ) തങ്ങൾ അതിനെ സംബന്ധിച്ച് കൃത്യമായി എന്തെങ്കിലും പറഞ്ഞതായി പ്രമുഖ ഹദീസ് സമാഹാരങ്ങളിൽ ഒന്നും വന്നിട്ടില്ല. എങ്കിലും തൊട്ടപ്പുറത്ത് വരുന്ന ശഅ്ബാൻ മാസത്തിനെ വിശേഷിപ്പിക്കുന്നതായി ഉസാമ ബിൻ സൈദ്(റ)യിൽ നിന്ന് ഇമാം നസായി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി തങ്ങൾ 'അത് റജബിന്റെയും റമദാനിന്റെയും ഇടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണ്' എന്ന് പറഞ്ഞതായി കാണാം. അതിൽ നിന്നും റമളാനിനെ പോലെ ആദരിക്കപ്പെട്ടിരുന്ന ഒരു മാസമായിരുന്നു റജബ് എന്ന് മനസ്സിലാക്കാം. ആ ആദരവ് എങ്ങനെയെല്ലാമാണ് പ്രകടിപ്പിക്കേണ്ടത് എന്നത് മറ്റൊരു ചർച്ചാവിഷയമാണ്.
പരിശുദ്ധ റമദാനിൻ്റെ മുന്നോടിയായി വരുന്ന ഒറ്റപ്പെട്ട ഒരു ശ്രേഷ്ഠമായ മാസമാണ് റജബ് എന്നതിനാലും അതിൻറെ മറ്റു വിശദാംശങ്ങൾ കൃത്യമായും ഹദീസുകളിൽ വന്നിട്ടില്ല എന്നതിനാലും പലരും അവരുടെ നല്ലതോ അല്ലാത്തതോ ആയ വികാരങ്ങളോടെ പലതും ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. അങ്ങനെ പലതരം വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും റജബിന്റെ പേരിൽ ഉണ്ടായിട്ടുണ്ടാവാം. അതിന് കൃത്യമായ തെളിവ് അവരുടെ കരങ്ങളിൽ ഇല്ലായെങ്കിൽ അവര് അതിനുത്തരവാദികളാണ്. പക്ഷേ, അത് ചൂണ്ടിക്കാണിച്ച് റജബിന് ഒരു സവിശേഷതയും ഇല്ല എന്ന് അടച്ചാക്ഷേപിക്കുന്നത് മതപരമായി മാന്യതയാണ് എന്ന് തോന്നുന്നില്ല. അല്ലാഹുവിനാൽ ആദരവ് കൽപ്പിക്കപ്പെട്ട മാസമാണ് റജബ് എന്നത് അവിതർക്കിതമായി തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നുണ്ട്. ഈ മാസം ബഹുമാനത്തിന് വിധേയമാണ് എന്നതിന് നബി തിരുമേനിയിൽ നിന്ന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുമുണ്ട്. നബി തങ്ങൾ ഈ മാസത്തെ പരിചയപ്പെടുത്തുന്ന വാക്കുകൾക്കിടയിൽ തന്നെ അതുണ്ട്. 'മുളറുകാരുടെ റജബ്' എന്നാണ് നബിയുടെ പരാമർശം. എല്ലാവർക്കും ഉള്ളതായിരുന്നു റജബ് എന്നിട്ടും അങ്ങനെ പറഞ്ഞത് ആ ഗോത്രം ആ മാസത്തെ അമിതമായി ബഹുമാനിച്ചിരുന്നതിന്റെ പേരിലല്ലാതെ മറ്റൊന്നിനാലും അല്ല. അതുകൊണ്ടെല്ലാം അടിസ്ഥാനപരമായി തന്നെ ഈ മാസത്തെ സവിശേഷമായ ഒരു മാസമായി കരുതേണ്ടത് സത്യവിശ്വാസികളുടെ ബാധ്യത തന്നെയാണ്.
ഈ പ്രത്യേക ബഹുമാനങ്ങളെ പരിശുദ്ധ റമളാനിന്റെ മുന്നോടിയായ മാസം എന്ന നിലക്ക് ഉപയോഗപ്പെടുത്തുവാൻ ഏറ്റവും നല്ലത് റമളാനിന്റെ ഒരുക്കങ്ങൾക്ക് വേണ്ടിയായിരിക്കും. കാരണം റമളാനിന് ചില മുന്നൊരുക്കങ്ങൾ വേണ്ടതുണ്ട്. അത്രയും തീക്ഷണവും തീവ്രവുമായ ഒരു ആശയവും ആരാധനയും ആണ് പരിശുദ്ധ റമളാൻ. നേരത്തെ തന്നെ ഒരുങ്ങി നിന്ന് അതിനെ വരവേൽക്കുമ്പോൾ റമളാൻ എന്ന ആശയം കൂടുതൽ ഹൃദ്യമായിത്തീരും. അതിനാൽ കൂടുതൽ സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുക, കൂടുതൽ സമയം വിശുദ്ധ ഖുർആനിലേക്ക് തിരിയുക, ആത്മീയമായ ദിക്റുകളും ഫിക്റുകളും ജീവിതത്തിലേക്ക് ആവാഹിക്കുക, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ ഊഷ്മളമാക്കുക, പാപങ്ങളിൽ നിന്ന് അകന്നുനിൽക്കുവാൻ ശീലിക്കുക, പൊതുവിൽ ഒരു ആത്മീയ സാഹചര്യം സൃഷ്ടിക്കപ്പെടുവാൻ യത്നിക്കുക തുടങ്ങിയതിനെല്ലാം ഈ ദിനങ്ങൾ ഉപയോഗപ്പെടുത്തുന്നത് നല്ലതായിരിക്കും. പല പണ്ഡിതന്മാരും നിർദ്ദേശിച്ചിട്ടുള്ള പല ആരാധനകളും ഈ അർത്ഥങ്ങളുടെ രൂപങ്ങളാണ് എന്ന് മനസ്സിലാക്കാം. ഇത്തരം ഒരു ആത്മീയ ബദ്ധശ്രദ്ധക്ക് സഹായകമാകുന്ന പല സംഭവങ്ങൾക്കും ഈ മാസം വേദിയായിട്ടും ഉണ്ട്. നബി തിരുമേനിയുടെ ഇസ്രാഉം മിഅ്റാജും ചില അഭിപ്രായങ്ങൾക്ക് അനുസരിച്ച് അക്കൂട്ടത്തിൽ പെട്ടതാണ്. പല പണ്ഡിതരും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇസ്രാഉം മിഅ്റാജും വിശ്വാസികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആരാധനയുടെ ഉള്ളുണർത്തുന്ന സംഭവങ്ങൾ ആയിരുന്നു. കാരണം ഫർളു നിസ്കാരം നിർബന്ധമാക്കപ്പെട്ടത് ആ രാത്രിയായിരുന്നുവല്ലോ. ഇങ്ങനെയെല്ലാം ഉള്ള പല ന്യായങ്ങളും പ്രകടമായി കാണുമ്പോൾ ഈ മാസത്തിന്റെ സവിശേഷതകളെ കണ്ണടച്ച് നിഷേധിക്കേണ്ട കാര്യമില്ല. മഹാന്മാരുടെ ജീവിതങ്ങളിൽ ഈ മാസം ഏറെ സ്വാധീനം ചെലുത്തിയിരുന്നു എന്ന് അവരുടെ ജീവചരിത്രങ്ങൾ തെളിയിക്കുമ്പോൾ പ്രത്യേകിച്ചും. ആ ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് അവരിൽ പലരും മുന്നോട്ടുവച്ച അഭിപ്രായങ്ങൾ പ്രധാനമാണ്. അവരിൽ ചിലർ റജബ് മാസത്തെ വിതക്കുവാനും ശഅബാൻ മാസത്തെ വെള്ളവും വളവും നൽകുവാനും റമളാൻ മാസത്തെ കൊയ്തെടുക്കുവാനും ഉള്ള കാലയളവായി അവതരിപ്പിച്ചിരിക്കുന്നത് അത്തരം ഒരു മനോഹര ചിന്തയാണ്. ഏതായിരുന്നാലും സച്ചരിതരായരായ സലഫുസ്സ്വാലിഹീങ്ങളുടെ ജീവിതത്തിൽ റജബ് വെറും ഒരു മാസമായി കടന്നുപോകുമായിരുന്നില്ല.
0
Thoughts & Arts
റജബിൻ്റെ വിശേഷങ്ങൾ
2026-01-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso