ഇഅ്ജാസ്
ടി എച്ച് ദാരിമി
'ഇഞ്ചിനീര്‍ മിശ്രിതമായ സല്‍സബീല്‍ ഉറവയിലെ ദ്രാവകക്കോപ്പകള്‍ അവര്‍ക്കവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്' (അൽ ഇൻസാൻ: 17). സ്വർഗ്ഗാവകാശികളെ അല്ലാഹു സ്വർഗ്ഗത്തിൽ സ്വീകരിക്കുന്ന രീതികൾ വിവരിക്കുന്നതിനിടെ നടത്തുന്ന ഒരു പ്രയോഗമാണ് മേൽ പറഞ്ഞ സൂക്തത്തിൻ്റെ ആശയം. സത്യവിശ്വാസികൾക്ക് സ്വർഗ്ഗത്തിൽനിന്നു ലഭിക്കുന്ന സ്വീകരണം അല്ല നമ്മുടെ ഇന്നത്തെ വിഷയം. അതിൻറെ ഭാഗമായി നൽകപ്പെടുന്ന ദ്രാവകമാണ്. ആ ദ്രാവകത്തിൽ മിശ്രണം ചെയ്തിരിക്കുന്ന ഇഞ്ചി എന്ന ചേരുവയാണ്. സ്വർഗ്ഗത്തിലെ പാനീയം അല്ലാഹു നേരിട്ട് തയ്യാറാക്കുന്നതാണ്. അതിനാൽ അതിലെ ചേരുവകൾ അവൻ്റെ പരമമായ തീരുമാനവും നിശ്ചയവുമാണ്. അല്ലാഹുവിൻ്റെ ഏത് തീരുമാനവും നിശ്ചയവും മനുഷ്യൻ്റെ ചിന്താവിഷയമായിരിക്കും. ചിന്തിക്കാൻ മാത്രമുള്ള വിഷയങ്ങൾ അതിൽ അള്ളാഹു വെച്ചിട്ടുണ്ടാകും എന്നതുകൊണ്ടാണ് അത്. ഇവിടെ നാം അക്കൂട്ടത്തിൽ ലളിതമായ ഒരു വിഷയം ചിന്തയിലേക്ക് എടുക്കുകയാണ്. എന്തുകൊണ്ട് ഈ മഹത്തായ പാനീയത്തിലെ ചേരുവകളിൽ ഇഞ്ചി അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു എന്നതാണ് അത്. നമ്മുടെ മണ്ണിലെ സുഗന്ധവിളകളെ കുറിച്ച് ആലോചിക്കുമ്പോൾ അവയുടെ കൂട്ടത്തിൽ ഒരുപാട് സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു ചെടിയാണ് ഇഞ്ചി എന്ന് നമുക്ക് കണ്ടെത്താൻ കഴിയും. ആദ്യം നമുക്ക് ഇഞ്ചിയെ പരിചയപ്പെടാം. ഏകദേശം ഒരടിവരെ ഉയരത്തില്‍ കാലവ്യത്യാസമന്യേ വളരുന്ന സസ്യമാണ് ഇഞ്ചി. ഇഞ്ചി ഒരു പ്രത്യേകരീതിയില്‍ ഉണക്കിയാല്‍ ചുക്കാകുന്നു. സിഞ്ചിബറോസി എന്ന സസ്യ കുടുംബത്തില്‍ ജനിച്ച ഇതിന്റെ ശാസ്ത്രനാമം സിഞ്ചിബെര്‍ ഒഫീസിനേല്‍ റോക്‌സ് എന്നാണ്. ആയുര്‍വേദ ഔഷധ നിര്‍മാണത്തിനെന്നപോലെ, അലോപ്പതി, യൂനാനി, ഹോമിയോ മരുന്നുണ്ടാക്കാന്‍പോലും ഇഞ്ചി ഉപയോഗിച്ചു വരുന്നുണ്ട്. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ തടയുണ്ടാക്കി അതിലാണ് ഇഞ്ചി കൃഷിചെയ്യുന്നത്. കടുരസവും തീക്ഷ്ണ- രൂക്ഷ ഗുണവും ഊഷ്ണവീര്യവും മധുരവിപാകവുമാണ് ഇഞ്ചി. ദഹനപ്രക്രിയയെയാണ് പ്രധാനമായും ഇഞ്ചി സ്വാധീനിക്കുന്നത്. കേവലം ആഹാരങ്ങളെ ദഹിപ്പിക്കുക എന്നതിലപ്പുറം ഇതിൻറെ ഔഷധ ഫലങ്ങൾ വിവിധ കാര്യങ്ങൾക്ക് വേണ്ടി ശരീരത്തിന്റെ വ്യത്യസ്ത ഘടകങ്ങളിലേക്ക് എത്തുന്നത് വരേയും സജീവമായി ഈ സസ്യത്തിന്റെ ഗുണം നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. പാരമ്പര്യമായി കൃഷിചെയ്തുവരുന്നതിനു പുറമെ അത്യുല്‍പാദനശേഷിയുള്ള വരദ, രജത, മഹിമ, ആതിര, കാര്‍ത്തിക തുടങ്ങിയ ഇനങ്ങൾ കാർഷിക വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.
ഇഞ്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളുടെ പട്ടിക തന്നെ ദീർഘമാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ ഭക്ഷണക്രമവും പോഷകാഹാരവും എന്ന പുസ്തകത്തിൽ പ്രമുഖ ഡയറ്റീഷൻ രേണു ജെയിൻ ഇങ്ങനെ വിവരിക്കുന്നു. ഒന്നാമതായി ഇഞ്ചി ദഹനം മെച്ചപ്പെടുത്തുന്നു. കാരണം, ഇഞ്ചി ദഹനരസങ്ങളെ ഉത്തേജിപ്പിക്കുന്നതോടൊപ്പം ദഹനസമയത്തും പോഷകങ്ങൾ ആഗിരണം ചെയ്യുമ്പോഴും ആന്തരിക അവയവങ്ങൾക്ക് ആശ്വാസം നൽകുന്നു. അത്തരം ഗുണങ്ങൾ കാരണം, കനത്തതോ അമിതമോ ആയ ഭക്ഷണത്തിന് ശേഷം ഇത് മികച്ച ഒരു ആശ്വാസമായി വർത്തിക്കുന്നു. മറ്റൊന്ന് ചില പ്രധാന പ്രഭാത അസ്കിതകൾക്ക് ഇഞ്ചി ഒറ്റമൂലിയായി വർത്തിക്കുന്നു എന്നതാണ്. ഗർഭത്തിൻ്റെ ആദ്യകാലത്തും ചിലതരം ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടും ദഹനക്കേടും കാരണം ഉണ്ടാകുന്ന ഓക്കാനം, ഛർദ്ദി എന്നിവ കുറയ്ക്കുവാൻ മെന്ന് കണ്ടെത്തിയിട്ടുണ്ട്. കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഓക്കാനം കുറയ്ക്കാനും ഇത് സഹായിക്കും എന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. മറ്റൊന്ന് ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ്. ജിഞ്ചറോളുകൾ പോലെയുള്ള വളരെ ശക്തമായ വിരുദ്ധ ബാഹ്യാവിഷ്ക്കാര സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഗവേഷണമനുസരിച്ച്, ഇഞ്ചി സപ്ലിമെൻ്റുകൾ കഴിക്കുന്നത് ശരീരത്തിനുള്ളിലെ കോശജ്വലന മാർക്കറുകൾ കാര്യക്ഷമമായി കുറയ്ക്കും. സന്ധിവാതം പോലുള്ള കോശജ്വലന രോഗങ്ങളുടെ ലക്ഷണങ്ങളും ഇഞ്ചി സപ്ലിമെൻ്റുകൾ കുറയ്ക്കുന്നു.
ഇഞ്ചി മനുഷ്യ ശരീരത്തിൻ്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു എന്നതാണ് മറ്റൊരു ഗുണം. ഇഞ്ചിയുടെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. കാരണം ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് ചെറുക്കാൻ സഹായകമാണ്.
അപ്രകാരം തന്നെ ഇഞ്ചി ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇഞ്ചിയിൽ ഒരു വാസോഡിലേറ്റർ പ്രോപ്പർട്ടി ഉണ്ട്, ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. അതിനാൽ, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ടിഷ്യൂകളിലേക്കുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്താനും സഹായിക്കും. ഇഞ്ചിയുടെ മറ്റൊരു ഗുണം അതു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു എന്നതാണ്. ടൈപ്പ് 2 പ്രമേഹം ഉള്ള ആളുകൾ ഇഞ്ചി അടങ്ങിയ സപ്ലിമെൻ്റുകൾ കഴിക്കുന്നത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
സ്ത്രീകൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന വേദനയും അസ്വസ്ഥതയും ഒഴിവാക്കുവാൻ ഇഞ്ചി സഹായിക്കുന്നു. അതിനാൽ ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ഇഞ്ചി ഒരു പ്രകൃതിദത്ത പ്രതിവിധിയാണ്. വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻസിൻ്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇത് ഇക്കാര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത്. ആർത്തവത്തിൻ്റെ ആദ്യ മൂന്നോ നാലോ ദിവസങ്ങളിൽ ഇഞ്ചി കഴിക്കുന്നത് ഡിസ്മനോറിയയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഡിസ്മനോറിയ (Dysmenorrhea) എന്നാൽ ആർത്തവസമയത്ത് അനുഭവപ്പെടുന്ന കഠിനമായ വേദനയാണ് (ആർത്തവ മലബന്ധം), ഇത് സാധാരണ ആർത്തവ വേദനയെക്കാൾ വളരെ കൂടുതലാണ്. ഇതിന് പ്രൈമറി (ജൈവ കാരണങ്ങളില്ലാത്തത്) എന്നും സെക്കണ്ടറി (എൻഡോമെട്രിയോസിസ് പോലുള്ള അടിസ്ഥാന രോഗങ്ങൾ കാരണം) എന്നും രണ്ട് പ്രധാന തരം ഉണ്ട്, ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുകയും ജോലി, പഠനം എന്നിവയെ തടസ്സപ്പെടുത്തുകയും ചെയ്യാം. പേശി വേദന കുറയ്ക്കുവാൻ ഏറ്റവും ഗുണപ്രദമായ ഒരു ഔഷധമായും ഇഞ്ചി വർതത്തിക്കുന്നു. ഇഞ്ചിയിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കഠിനമായ വ്യായാമത്തിന് ശേഷം പതിവായി അനുഭവപ്പെടുന്ന പേശികളുടെ വേദനയും ഇറുക്കവും ലഘൂകരിക്കാൻ സഹായിക്കുന്നു. ദിവസേന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നവർക്ക് ഹൃദ്രോഗത്തിൻ്റെ ഭാഗമായ ഉയർന്ന രക്തസമ്മർദ്ദവും കൊറോണറി ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിരവധി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും സമീകൃതാഹാരം കഴിക്കുന്നതിനും പുറമെ ഹൃദ്രോഗം തടയാനും ഇഞ്ചിയുടെ ഉപയോഗം സഹായിക്കും.
ഓസ്റ്റിയോ ആർത്രൈറ്റിസ് വേദന ഇഞ്ചി കഴിക്കുന്നതിലൂടെ നിയന്ത്രിക്കാം എന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) എന്നത് സന്ധികളിലെ സംരക്ഷിത തരുണാസ്ഥി കാലക്രമേണ തേഞ്ഞുപോകുമ്പോൾ സംഭവിക്കുന്ന ഒരു സാധാരണ സന്ധി രോഗമാണ്. ഇത് കൈകൾ, കാൽമുട്ടുകൾ, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ സന്ധികളെ ബാധിക്കുന്നു. വേദന, വീക്കം, കാഠിന്യം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക, മരുന്നുകൾ ഉപയോഗിക്കുക എന്നിവയിലൂടെ രോഗം നിയന്ത്രിക്കാൻ സാധിക്കും, എന്നാൽ തരുണാസ്ഥിക്ക് സംഭവിച്ച നാശനഷ്ടം പൂർണ്ണമായി മാറ്റാൻ കഴിയില്ല. ഇഞ്ചി ഇക്കാര്യത്തിൽ തൽക്ഷണ ആശ്വാസം നൽകണമെന്നില്ല. എന്നിരുന്നാലും, കാലക്രമേണ, ഇഞ്ചി പോലുള്ള കോശജ്വലന രോഗങ്ങളുമായി ബന്ധപ്പെട്ട വേദനയും കാഠിന്യവും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അപ്രകാരം തന്നെ ഇഞ്ചി അണുബാധകളെ ചെറുക്കുന്നു. ഇഞ്ചിയുടെ ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ രോഗങ്ങളുടെ ചികിത്സയിൽ സഹായിക്കുന്നു. പ്രത്യേകിച്ചും, പനി, ജലദോഷം തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഇന്നത്തെ കാലത്ത് പൊണ്ണത്തടി വലിയ ഒരു ആരോഗ്യ പ്രശ്നമായി ഉയർന്നുവന്നിരിക്കുന്നു. ശരീരഭാരം കുറക്കാൻ വേണ്ടി പലരും പലതും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. എന്നാൽ ഇഞ്ചിയുടെ വിവിധ രീതികളിലുള്ള ഉപയോഗം
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതിനു കാരണം ഇഞ്ചിയിൽ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കലോറി എരിച്ച് കളയുകയും ചെയ്യുന്ന തെർമോജെനിക് ഗുണങ്ങളുണ്ട് എന്നതാണ്. മനുഷ്യൻ്റെ ഏറ്റവും വലിയ അവയവമായ ചർമ്മത്തിനും ഒരുപാട് ഗുണങ്ങൾ ഇഞ്ചി നൽകുന്നുണ്ട് എന്നാണ്. ചർമ്മത്തിലെ കൊളാജൻ നിലനിർത്താൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഉള്ളതിനാൽ ഇഞ്ചി ഒരു മികച്ച ആൻ്റി-ഏജിംഗ് ഘടകമാണ്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതലുള്ളതുമായ പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമ്മം, എല്ലുകൾ, പേശികൾ, സന്ധികൾ, ടെൻഡനുകൾ എന്നിവയെ ഒരുമിപ്പിച്ചു നിർത്താനും അവയ്ക്ക് ഉറപ്പും വഴക്കവും നൽകാനും സഹായിക്കുന്ന ഘടകമാണ്.
ക്യാൻസർ വ്യാപകമായി വരുന്ന പുതിയ കാലത്തോട് ഇഞ്ചിയുടെ ചില ഗുണങ്ങൾ എടുത്തു പറയേണ്ടതുണ്ട്. അത് ചുരുക്കത്തിൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നു എന്നതാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഇഞ്ചിയിലെ സജീവമായ സംയുക്തങ്ങൾ ചില കാൻസറുകളെ തടയാൻ സഹായിക്കുമെന്നാണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, നാര്, കാത്സ്യം, ഫോസ്ഫറസ് ലോഹം എന്നിവയെല്ലാം ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി പണ്ടുമുതലേ ഒരു വീട്ടുവൈദ്യനായി പരിഗണിക്കപ്പെട്ട് പോരുന്നതാണ്. ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ ശമിക്കുന്നതാണ്. ചുക്ക് പൊടിച്ചതും, അതിന്നിരട്ടി വറുത്ത എള്ളും, അതിന്റെ രണ്ടിരട്ടി ശര്‍ക്കരയും ഇടിച്ചു ചേര്‍ത്തു ചെറിയ ഉരുളകളാക്കി ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ സാധിക്കും. ഇത് പ്രായഭേദമന്യേ പല പ്രാവശ്യമായി കഴിക്കുന്നത് ചുമക്കും വിശപ്പില്ലായ്മക്കും കഫദോഷങ്ങള്‍ക്കും നല്ലതാണ്. ആടലോടകവേര്, ചുക്ക്, കുരുമുളക്, തിപ്പലി ഇവ ചേര്‍ത്തുണ്ടാക്കുന്ന കഷായവും ചുമസംഹാരിയാണ്. വാതരോഗങ്ങള്‍ക്കും ചുക്ക് വിശേഷ ഔഷധമാണ്. ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാനമായ താലിസപത്രാദിപൊടി, തലീസപത്രവടകം, ദശമൂല രസായനം, ദശമുകടുത്രയംകഷായം, ഷഡംഗം, നാകരാദി ആവിത്തോലാദി, മുസ്താദി, മുസ്താദിഗണം, ഭൃങ്ങ്യാദി, കണ്ടകാര്‍യ്യാദി, ദാരുരാഗരാദി, രാസ്താഗുണ്ടാദി ഇങ്ങനെതുടങ്ങി മിക്ക കഷായങ്ങളിലും കങ്കായനം ഗുണിക, ചുക്കുംതിപ്പല്യാദി, ധാന്വന്തരം ഗുളിക, വില്വാദിഗുളിക, വെട്ടുമാറന്‍ ഗുളിക, കൈശ്രാരഗുല്‍ ഗുലുഗുളിക തുടങ്ങി അനേകം ഗുളികകളിലും അവിപത്തിചൂര്‍ണം, അശ്വഗന്ധാദിചൂര്‍ണം, കര്‍പ്പൂരാദിചൂര്‍ണം, ദീവ്യാകാദി ചൂര്‍ണം, എന്നിങ്ങനെയുള്ള ഒട്ടുമിക്ക ചൂര്‍ണങ്ങളിലും കഷാണ്ഡരസായനം, ദശമൂലരസായനം, തുടങ്ങി നിരവധിലേഹ്യങ്ങളിലും ഇഞ്ചി പ്രധാന ചേരുവ ആണ്. ഈ പറഞ്ഞതെല്ലാം കൃത്യമായി ചേർത്തുവച്ച് പരിശോധിച്ചാൽ ഇഞ്ചി ഒരു സര്‍വരോഗ സംഹാരിയാണെന്നു പറഞ്ഞാല്‍ അധികമാകില്ല.
നബി തിരുമേനി(സ)ക്കും ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്നു ഇഞ്ചി എന്ന് ഹദീസുകളിൽ കാണാം. നബി തങ്ങൾക്ക് രാജാക്കന്മാർ സമ്മാനമായി പോലും ഇഞ്ചി കൊടുത്തേക്കുകയും അങ്ങനെ ലഭിക്കുന്ന സമ്മാനം വളരെ സ്നേഹപൂർവ്വം സ്വീകരിച്ച് തന്റെ സമീപത്തുള്ള അനുയായികൾക്ക് വിലപ്പെട്ടതായി വിതരണം ചെയ്യുന്നതും ഹദീസുകളിൽ കാണാം. ഇതിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. ഒരു റോമൻ രാജാവായിരുന്നു അത് സമ്മാനിച്ചത് എന്നതാണ് അവയിൽ ഒന്ന്. അബൂസഈദ് അൽ ഖുദ്‌രി(റ)യിൽ നിന്നാണ് ഈ രണ്ട് ഹദീസുകളും വന്നിരിക്കുന്നത്. റോമൻ രാജാവിൻ്റെ സമ്മാനമായിരുന്നു അത് എന്ന് ഹദീസ് രിവായത്ത് ചെയ്തിരിക്കുന്നത് ഇമാം ത്വബ്റാനിയാണ്. ഇത് സമ്മാനിച്ചത് ഒരു ഇന്ത്യൻ രാജാവായിരുന്നു എന്ന് പറയുന്ന ഹദീസ് ഇമാം ഹാക്കിം എന്നവരാണ് തന്റെ മുസ്തദ്റക്കിൽ ഉദ്ധരിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് എങ്ങനെ സമ്മാനം കൊടുത്തയച്ച രാജാവ് ചേരമാൻ പെരുമാൾ ആയിരുന്നു എന്നും പെരുമാളിന്റെ ഇസ്ലാമിക വിശ്വാസം ഉണ്ടായത് ഇതിനെ തുടർന്നാണ് എന്നുമെല്ലാം അതിൻ്റെ ഉപകഥകളുടെ ഭാഗമായി വിവിധ വായനങ്ങളിൽ കാണാം. ഏതായിരുന്നാലും ഇത്തരം ഒരു സമ്മാനം ലഭിച്ചു എന്നത് ഉറപ്പാണ്. അപ്രകാരം തന്നെ അതുതന്നെ അനുയായികളിൽ ഓരോരുത്തർക്കും നബി വിതരണം ചെയ്തു എന്നതും. അതോടെ ഇത് ഖുർആനിൽ പരാമർശിക്കപ്പെട്ടു എന്നതിലേക്ക് ചേർത്തു വായിക്കാവുന്ന ഒരു മഹാത്മ്യമായി ഇത് മാറുകയാണ്.
0
ഡോ. അബ്ദുദ്ദാഇം അൽ കഹീൽ / മുഅ്ജിസത്തുൻ ലികുല്ലി യൗം
Thoughts & Arts
ഇഞ്ചി ചേർത്ത സ്വർഗ്ഗ ദ്രാവകം
2026-01-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso