ടി സെഞ്ചരി
ഏതു തെരഞ്ഞെടുപ്പ് വന്നാലും പ്രധാന പ്രതിപക്ഷം, ചിലപ്പോൾ ഭരണപക്ഷം തന്നെയും പറയും ഇത് ഭരണത്തെക്കുറിച്ചുള്ള വിധിയെഴുത്തായിരിക്കും, ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ സെമി ആയിരിക്കും എന്നൊക്കെ. അതൊക്കെ രാഷ്ട്രീയക്കാരുടെ ക്ലീഷേ വർത്തമാനങ്ങൾ ആണ്. അതിനെ അങ്ങനെ വിടാം. പക്ഷേ നിഷ്കളങ്കമായും നിഷ്പക്ഷമായും തെരഞ്ഞെടുപ്പുകളെയും ഫലങ്ങളെയും വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഭരണപക്ഷത്തിന്റെ ഭരണത്തിന്റെയോ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെയോ മികവല്ല മറിച്ച് ഭരണീയരുടെ പ്രബുദ്ധതയുടെ പരിശോധനയാണ്. വിഷയം കേരളത്തിലാകുമ്പോൾ പ്രത്യേകിച്ചും. നാളിതുവരെക്കും കേരളം അതിൻ്റെ രാഷ്ട്രീയ പ്രബുദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഏതെങ്കിലും ഒരു കക്ഷിയെയോ മുന്നണിയെയോ അന്ധമായി പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന പതിവ് കേരളത്തിനില്ല. ഓരോ സമയത്തും അല്ലെങ്കിൽ ഏറെ നീളാതെ ഭരണകക്ഷിയെ അവർ മാറ്റിയെടുക്കാറുണ്ട്. ഭരണകക്ഷിയെ ഇങ്ങനെ മാറ്റിയെടുക്കുക എന്നത് ഒരു നല്ല അരിവാര്യതയാണ് എന്ന് പറയാതിരിക്കാൻ വയ്യ. കാരണം, എത്ര സംശുദ്ധം എന്ന് അവകാശപ്പെട്ടാലും ഭരണത്തിൽ എത്തുകയും ഭരിച്ചു മുന്നോട്ടു പോവുകയും ചെയ്യുമ്പോൾ ചില വീഴ്ചകൾ ഒക്കെ ആർക്കും പറ്റും. വിജയത്തിൽ എത്തുവാൻ വേണ്ടി പറഞ്ഞതോ, ഭരണം തുടങ്ങിയപ്പോൾ കാണിച്ച ഉത്സാഹമോ ഒന്നും തുടർന്നുള്ള നാളുകളിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനാൽ ഏതു ഭരണകക്ഷിക്കും ചെറുതെങ്കിലും ആയ സ്ഖലിതങ്ങൾ പറ്റിപ്പോകും. അപ്പോൾ അതിനുള്ള ശിക്ഷയായോ ശിക്ഷണമായോ ആണ് അവരെ ഒന്ന് താഴെയിറക്കി പ്രതിപക്ഷത്തെ കയറ്റിയിരുത്തുക എന്നത്. ഇത് മിക്കപ്പോഴും ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. ഇക്കുറിയും അതുണ്ടായി.
ഇപ്പോൾ സംസ്ഥാനം നേരിട്ടത് ഒരു തദ്ദേശ തെരഞ്ഞെടുപ്പിനെയാണ്. അത് തീർച്ചയായും ഭരണീയരുടെ പ്രബുദ്ധതയുടെ കൃത്യമായ പരിശോധന തന്നെയാണ്. കാരണം നമ്മുടെ രാഷ്ട്ര സങ്കൽപ്പത്തിലെ ഏറ്റവും ചെറിയ യൂണിറ്റുകളാണ് തദ്ദേശ വാർഡുകൾ എന്ന ഗ്രാമപ്രദേശങ്ങൾ. ഈ ഏറ്റവും ചെറിയ യൂണിറ്റുകളിൽ ആണ് സത്യത്തിൽ പരിശോധന നടക്കുന്നത്. ആ പരിശോധനയുടെ ഫലം സമാഹരിക്കപ്പെടുമ്പോൾ അതിന് ഓരോ രാഷ്ട്രീയ സ്ഥാനങ്ങൾ ഉണ്ടായിത്തീരുകയാണ്. ഈ അർത്ഥത്തിൽ നടന്ന തെരഞ്ഞെടുപ്പിൻ്റെ ഫലം നാം മേൽ പറഞ്ഞുവരുന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ അളവുകോൽ അനുസരിച്ച് സംതൃപ്തം തന്നെയാണ്. കാരണം, ഭരണകക്ഷിയെയും അവരുടെ പിന്തുണയോടെ അധികാരങ്ങളിൽ എത്തിയ അവരുടെ തദ്ദേശ ഭരണങ്ങളെയും ഈ പ്രബുദ്ധത രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റി. തെറ്റുകൾ ഒക്കെ കൃത്യമായി പഠിച്ചു സമ്പൂർണ്ണമായി തീരുത്തി പുതിയ നല്ല കുട്ടികളായി തീർന്നതിനു ശേഷം മാത്രമേ ഇനി അവർക്ക് കേരളത്തിൻ്റെ പ്രബുദ്ധത ഒന്നാം സ്ഥാനം കൊടുക്കൂ. ഒരു മുന്നണി ആയിട്ടാണെങ്കിലും വെറും പാർട്ടി ആയിട്ടാണെങ്കിലും ഒരേ വിഭാഗം തന്നെ ഭരണത്തിൽ ദീർഘകാലം അള്ളി പ്പിടിച്ചിരിക്കുന്നത് രാജ്യത്തിൻ്റെ പൊതുവായ താൽപര്യങ്ങളെ ഹനിക്കുന്ന കാര്യമാണ്. കാരണം അത് ഏകാധിപത്യം ഉണ്ടാക്കും. മാത്രമല്ല, ഇങ്ങനെ ഒരു ഏകാധിപത്യ പ്രവണത ഉണ്ടായാൽ തെരഞ്ഞെടുപ്പ് പ്രതിഫലിക്കുകയോ സ്വാധീനം ചെലുത്തുകയോ ചെയ്യാത്ത രാജ്യത്തിൻ്റെ എക്സിക്യൂട്ടീവിനെയും സമാനം തന്നെയായ ജുഡീഷ്യറിയെയും ഏകാധിപത്യ വൽക്കരിക്കുവാൻ അതു വഴി തുറക്കും. നമ്മുടെ ഇന്ദ്രപ്രസ്ഥം അതിന് മതിയായ തെളിവാണല്ലോ. കേന്ദ്രത്തിൽ ഇനി മറ്റൊരു ഭരണം വരുന്നതിനെ ഏറ്റവും വിദൂരമായ ഒരു സാധ്യതയായി നാം തന്നെ കാണാൻ തുടങ്ങിയിരിക്കുന്നത് ഇക്കാരണത്താലാണ്. കേന്ദ്രഭരണകൂടം രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ പലതിനെയും സ്വന്തം വറുതിയിലാക്കിയിരിക്കുന്നതിൻ്റെ ലക്ഷണങ്ങൾ വളരെ പ്രകടമായി കഴിഞ്ഞു. രാജ്യത്ത് തന്നെ എല്ലാവരും തങ്ങളുടെ വോട്ട് ഒറ്റപ്പെട്ടിയിൽ ഇട്ടാൽ പോലും മറ്റൊരാൾ വിജയിക്കുമോ എന്ന് പറയാനാവാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കാരണം എക്സിക്യൂട്ടീവിലെ പ്രധാന ഭാഗമായ തെരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ചൊൽപ്പടിയിൽ ആയി കഴിഞ്ഞു. ഇത്തരം പ്രവണതകൾ വരാനുള്ള സാധ്യത അടക്കുന്നു എന്നതുകൊണ്ടാണ് കേരളത്തിൻ്റെ ഈ വിഷയത്തിലുള്ള പ്രബുദ്ധതയെ നാം ശ്ലാഖിക്കുന്നത്.
തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്യുമ്പോൾ സംസ്ഥാന ഭരണത്തെ തന്നെയാണ് ആദ്യം വിലയിരുത്തേണ്ടത്. പൊതുജനം രാഷ്ട്രീയ ശ്രദ്ധയിലേക്ക് വരുന്നത് നിലവിലുള്ള ഭരണത്തിൻ്റെ ശരി തെറ്റുകളുടെ ഓരം ചേർന്നാണ്. എല്ലാം ശരിയാക്കാം എന്ന് ഏറ്റ് രണ്ടാമതും അധികാരത്തെത്തിയ നിലവിലെ ഭരണകൂടത്തിന് പറ്റിയ ഏറ്റവും പ്രധാനപ്പെട്ട വീഴ്ച വിവിധ ജനവിഭാഗങ്ങളുമായുള്ള ആരോഗ്യപരമായ സംവാദം കൈവിട്ടതാണ് എന്ന് ഒറ്റവാക്കിൽ പറയാം. എറണാകുളം മുതൽ പത്തനംതിട്ട വരെ വിശാലമായ ക്രിസ്ത്യൻ വോട്ട് മേഖലയിൽ ഇടതുപക്ഷത്തിന് കാര്യമായ പരിക്കാണ് പറ്റിയത്. അതിൻ്റെ വിശദാംശങ്ങളിലേക്കും ശരി തെറ്റുകളിലേക്കും ആഴത്തിൽ ഇറങ്ങുന്നതിനു മുൻപേ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു കാരണമുണ്ട്. ക്രിസ്ത്യൻ സഭാ നേതൃത്വം തികഞ്ഞ നിസ്സംഗതയിലാണ് എന്നതാണത്. അതിനുള്ള കാരണം അവരുടെ പ്രതീക്ഷകൾ ഈ അടുത്തകാലത്തൊന്നും തിളങ്ങിയതായി അവർക്ക് അനുഭവമില്ല എന്നത് തന്നെയാണ്. കേരളത്തിലെ ഒരു പ്രധാന ന്യൂനപക്ഷം എന്ന നിലക്ക് അവരുടെ പൊതുകാര്യങ്ങളെ ഗവൺമെൻറ് കുറച്ചുകൂടി ഗൗരവത്തിൽ എടുക്കേണ്ടതുണ്ടായിരുന്നു. മലപ്പുറം ഒളിച്ചുള്ള മലബാറിന്റെ പ്രതികരണവും നിസ്സംഗമായിരുന്നു. അവിടത്തെ വിവിധ വിഷയങ്ങളോടും ഗവൺമെൻറ് അത്രയ്ക്ക് തന്നെ പ്രതീക്ഷയോടെ പ്രതികരിച്ചിട്ടില്ല. മുസ്ലിം ന്യൂനപക്ഷത്തിനോടും ഗവൺമെന്റിന്റെ സമീപനങ്ങൾ സംശയാസ്പദമായിരുന്നു. അവർ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളെയോ അവർ പ്രകടിപ്പിച്ച വികാരങ്ങളെയും ഗവൺമെൻറ് മുഖവിലക്കെടുത്തതിന് ചൂണ്ടിക്കാണിക്കാവുന്ന തെളിവുകൾ ഒന്നുമില്ല. പൊതു വിഷയങ്ങളിലെ പൗരസ്വരങ്ങളെ ഉൾക്കൊള്ളുന്നതിലും ഗവൺമെൻ് അത്രതന്നെ താൽപര്യം പ്രകടിപ്പിച്ചില്ല. അതേസമയം റോഡുകൾ പാലങ്ങൾ അടിസ്ഥാന വികസനങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ ഗവൺമെൻറ് ഒരുപാട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നിരത്തുകയുണ്ടായിട്ടുണ്ട്. പണ്ടൊക്കെ ഒരു ഇടതുപക്ഷ ഗവൺമെൻറ് ഇക്കാര്യത്തിൽ കാണിക്കുമായിരുന്ന ഭയമോ ആശങ്കയോ ഒട്ടും ഇല്ലാത്ത വിധം തന്നെയാണ് വികസനങ്ങൾ നടന്നത്. ആ വികസനങ്ങൾ പക്ഷേ പണ്ടത്തേതുപോലെ ഇപ്പോൾ വോട്ട് ആവില്ല. കാരണം ജനങ്ങളുടെ ജീവിത നിലവാരം ഏറെ പരിഷ്കരിക്കപ്പെട്ടു കഴിഞ്ഞു. സാധാരണ എന്നു പറയുന്ന വികസനങ്ങൾക്കല്ല, ഭീമൻ എന്നുപറയാവുന്ന വികസനങ്ങൾക്ക് മാത്രമേ അവരുടെ കണ്ണുതുറപ്പിക്കാൻ കഴിയൂ. ഇപ്പോൾ വേണ്ടതും വേണ്ടിയിരുന്നതും ജനങ്ങളുമായുള്ള ഊഷ്മളമായ സംവാദങ്ങൾ ആയിരുന്നു. അക്കാര്യത്തിൽ തന്നെയാണ് ഇടതുപക്ഷ ഗവൺമെൻ്റ് പരാജയപ്പെട്ടതും. ഉണ്ടായ ചില സംവാദങ്ങളാവട്ടെ ന്യായീകരിക്കാനും വെള്ളപൂശാനും വേണ്ടി മാത്രമുള്ളതായിരുന്നു. അതിനിടയിൽ സുപ്രധാനമായ പല വിഷയങ്ങളും ഉണ്ടായി. അതിലൊന്നും പൊതുവികാരത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതികരണങ്ങൾ വന്നതുമില്ല. അതുകൊണ്ടെല്ലാം എല്ലാ അർത്ഥത്തിലും ഒന്ന് മാറുകയോ മാറ്റുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു എന്നു കരുതാം.
ഇന്ത്യയിൽ ഏത് തെരഞ്ഞെടുപ്പിന്റെയും ഫലം അവലോകനം ചെയ്യുമ്പോൾ ജിജ്ഞാസയും ചങ്കിടിപ്പും വർദ്ധിക്കുക കേന്ദ്രം ഭരിക്കുന്ന കക്ഷിയെ എത്രമാത്രം തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി സ്വാധീനിക്കുന്നു എന്ന് പരിശോധിക്കുമ്പോഴാണ്. ആ പരിശോധനയിൽ ആദ്യം കടന്നു വരിക ആശങ്ക തന്നെയാണ്. കാരണം, ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണത്തിൽ എത്തിയിരിക്കുന്നു. ഒരു കോർപ്പറേഷൻ സ്വന്തമായി നേടുവാൻ മാത്രമുള്ള ഒരു രാഷ്ട്രീയ വളർച്ചയായി ഇതിനെ കാണുന്നവർക്കാണ് ഉള്ളിൽ ഭീതിയും ആശങ്കയുമെല്ലാം ഏറെ ഉണ്ടാകുന്നത്. അതേസമയം, തിരുവനന്തപുരം കേരളത്തിലാണ് എന്നു വായിക്കുകയും അവിടത്തെ തെരഞ്ഞെടുപ്പ് ഫലത്തെ വേറിട്ട് കാണാതെ ഈ തെരഞ്ഞെടുപ്പിന്റെ പൊതുവായ ഫലത്തിലേക്ക് ചേർത്തുവെക്കുകയും ചെയ്യുമ്പോൾ ആശങ്കകളൊക്കെ അകലും. കാരണം അപ്പോൾ നേരത്തെ പറഞ്ഞ അതേ കാരണം തന്നെയാണ് തിരുവനന്തപുരം കോർപ്പറേഷനിലും ഉണ്ടായത് എന്ന് കാണാം. പ്രതിഫലിച്ചത് മൊത്തത്തിൽ ഉണ്ടായ ഭരണവിരുദ്ധ വികാരമോ എൻഡിഎയുടെ കാര്യപരിപാടികളോടുള്ള താല്പര്യമോ ഏതാണ് എന്ന് നോക്കുമ്പോൾ മൊത്തത്തിൽ ഉണ്ടായ ഭരണവിരുദ്ധ വികാരം തന്നെയാണ് അവിടെയും പ്രതിഫലിച്ചത് എന്ന് നമുക്ക് കാണാം. കാരണം നിലവിൽ എൽഡിഎഫ് ഭരിച്ചിരുന്ന കോർപ്പറേഷനിൽ ആണ് 50 സീറ്റുകൾ നേടി അവർ ഏറ്റവും വലിയ കക്ഷിയായി തീർന്നിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം 51 സീറ്റുകൾ നേടി അധികാരത്തിലെത്തിയ എൽഡിഎഫിന് തങ്ങളുടെ സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞില്ല. അവർക്ക് 29 സീറ്റുകൾ നേടുവാനേ കഴിഞ്ഞുള്ളൂ. അതേസമയം യുഡിഎഫ് ആവട്ടെ നിലവിലുള്ള അവസ്ഥ മെച്ചപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ മാത്രം ഉണ്ടായിരുന്ന അവർക്ക് ഈ തെരഞ്ഞെടുപ്പിൽ അവരുടെ സീറ്റുകൾ 19 ലേക്ക് ഉയർത്തുവാൻ കഴിഞ്ഞു. അതോടെ കണക്ക് വളരെ കൃത്യമാണ്. ഭരണവിരുദ്ധ വികാരത്തിൽ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട സീറ്റുകളിൽ ഒമ്പതെണ്ണം മാത്രമേ പിടിച്ചെടുക്കാൻ യുഡിഎഫിന് കഴിഞ്ഞുള്ളൂ. ബാക്കിയുള്ളത് പല കാരണങ്ങളാലും പോയത് എൻഡിഎയുടെ തളത്തിലേക്കാണ്. അതുകൊണ്ട് തിരുവനന്തപുരത്തും ഉണ്ടായത് ഭരണ വിരുദ്ധ വികാരം തന്നെയാണ്. അത് രൂപപ്പെട്ടത് ഇങ്ങനെയായി എന്ന് മാത്രം. അതിനെ ചില പ്രധാന ഘടകങ്ങൾ കാരണമായിട്ടുണ്ടാവാം. അത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് ഒരു എംപി വിജയിച്ചത് പോലെ മാത്രം കണ്ടാൽ മതിയാകും. ആ വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ഒരു പ്രഭാവം തെരഞ്ഞെടുപ്പിൽ അന്ന് പ്രതിഫലിക്കുകയായിരുന്നു. അത് ബിജെപിയുടെ യോ എൻഡിഎയുടെയോ കൃത്യവും വ്യക്തവുമായ വളർച്ചയോ വിജയമോ ഒന്നുമായി കാണാൻ കഴിയില്ല.
തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന പാഠങ്ങൾ രാഷ്ട്രീയ രംഗത്തുള്ളവർ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ ഒന്നാമത്തേത് ഭരണം കൈകളിൽ വരുമ്പോൾ ഭരണീയരെ കൈവിടുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്നതാണ്. ഭരണീയരെ വിശ്വാസത്തിലും കണക്കിലും എടുത്ത് അവരുമായുള്ള നിരന്തരമായ സംവാദങ്ങൾ നടന്നുകൊണ്ടിരിക്കേണ്ടതുണ്ട്. കേൾക്കുക എന്നത് തന്നെ ഒരു പരിഗണനയാണ്. മറ്റൊന്ന് എന്തൊക്കെ പറഞ്ഞാലും സാമുദായിക വൈവിധ്യം നമ്മുടെ നാട്ടിലെ ഒരു അടിസ്ഥാന ഘടകമാണ്. അതിനെ അവഗണിച്ചു കൊണ്ടുള്ള ഏതു മുന്നേറ്റവും ഗുണത്തിലേറെ ദോഷമാണ് വരുത്തിവെക്കുക. എല്ലാവരെയും ഉൾക്കൊള്ളുവാൻ കഴിയുന്ന ഹൃദയ വിശാലതയും എല്ലാവരെയും സംതൃപ്തരാക്കുവാൻ കഴിയുന്ന സമീപന വിശുദ്ധിയും രാഷ്ട്രീയത്തിൽ എപ്പോഴും ചേർത്തു പിടിക്കേണ്ടതാണ് എന്നത് മറ്റൊന്ന്.
വിലയിരുത്തൽ ഫലങ്ങൾക്കപ്പുറത്തേക്ക് കടക്കുമ്പോൾ ഏറെ പറയാനുള്ളത് ആഹ്ലാദപ്രകടനങ്ങളെ കുറിച്ചാണ്. ചിലയിടത്തെങ്കിലും അത് അതിരുകൾ കടന്നിട്ടില്ലേ എന്ന് നാം നമ്മോട് തന്നെ ചോദിച്ചുപോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ പറഞ്ഞു തുടങ്ങുമ്പോഴേക്കും അത് മതപരമായ ഇടപെടലോ ബലപ്രയോഗമോ ആയി വ്യാഖ്യാനിച്ച് അസ്വസ്ഥതപ്പെടാൻ ശ്രമിക്കേണ്ട. ഈ ഇടപെടൽ തീർച്ചയായും സാംസ്കാരികം മാത്രമാണ്. വലിയ ആഹ്ലാദ പ്രകടനങ്ങൾക്കാണ് ഈ ദിനങ്ങൾ വേദിയായത്. അത്രമേൽ ആഹ്ലാദിക്കാൻ ഫലം വക നൽകുന്നുണ്ട് എന്നത് ഒരു സത്യം തന്നെയാണ്. പക്ഷേ, അതിന് സഭ്യതയുടെയും മാന്യതയുടെയും അതിരുകൾ ഉണ്ട്, ഉണ്ടാവേണ്ടതുണ്ട്. കൂട്ടത്തിൽ ചില ആഹ്ലാദപ്രകടനങ്ങൾ രംഗങ്ങളിലും സ്വരങ്ങളിലും അതിരുകളെ ഉല്ലംഘിക്കുന്നുണ്ടായിരുന്നു. സാംസ്കാരികമായി ന്യായീകരിക്കാൻ കഴിയാത്ത രീതികളാണ് ചില ചെറുപ്പക്കാർ അവലംബിച്ചത്. ചിലർ ഒട്ടും സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിക്കുന്നതും കേട്ടു. ഇതെല്ലാം പ്രതിയോഗികൾക്ക് ചുട്ട മറുപടിയായി തീരുന്നുണ്ട് എന്ന് തെറ്റിദ്ധാരണയിൽ നിന്നാണ് ഉണ്ടാകുന്നത്. അത്തരം ബഹിർസ്ഫുരണങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നത് ശരിയാണ്. അത് കഴിഞ്ഞു. ഇപ്പോൾ ഓരോ മനുഷ്യനും തൻ്റെ സങ്കേതത്തിൽ തന്റെ സ്വന്തം സുഖങ്ങളിൽ അഭിരമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ അവന് ഇതൊക്കെ സത്യത്തിൽ ശല്യമാണ്. അതോടൊപ്പം സാന്ദ്രത കൂടിയ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും വയോജനങ്ങൾക്കും ഗുരുതരമായ രോഗികൾക്കും എല്ലാം ഇത് ശാരീരികമായ അസ്വസ്ഥതയാണ്. മത രംഗത്തുള്ളവർക്ക് തന്നെ എല്ലാവർക്കും ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം ആ മേഖലയിലെ പകുതിയിലധികം ജനങ്ങളും മുതിർന്നവരായിരിക്കും. ചെറുപ്പക്കാരുടെ ചൊടിയും ചൊടിപ്പും അവർക്ക് അത്ര തന്നെ ബോധിച്ചു കൊള്ളണമെന്നില്ല. ഇങ്ങനെയെല്ലാം പറഞ്ഞു വരുമ്പോൾ ആഘോഷ പ്രകടനങ്ങൾ അതിരുവിടുന്നത് ഒട്ടും ന്യായീകരിക്കപ്പെടാവുന്ന ഒരു കാര്യമല്ല എന്ന് വരും.
ഇതിൻ്റെ ഭാഗമായി തന്നെ അടിവരയിട്ട് ഉണർത്തേണ്ട ഒരു കാര്യം സ്ത്രീകളുടെ അരങ്ങേറ്റമാണ്. സ്ത്രീകൾക്ക് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതി ഏറെക്കുറെ മെച്ചപ്പെട്ട പരിഗണന പാസ്സാക്കിയിട്ടുണ്ട്. അതിൻ്റെ ശരി തെറ്റുകൾ ഇപ്പോൾ ചർച്ച ചെയ്യുന്നതിലർത്ഥമില്ല. രാജ്യം അതിനെ നിയമമായി സ്വീകരിച്ച നിലക്ക് ഇനി അതിനെ എങ്ങനെയാണ് പരമാവധി അപകടമില്ലാതെ കൈകാര്യം ചെയ്യുക എന്നതിനെ കുറിച്ചു ചിന്തിക്കുകയാണ് അഭികാമ്യം. ആ നിലക്ക് സ്ത്രീകളുടെ തെരഞ്ഞെടുപ്പിലെ ഇടപെടൽ നമുക്ക് ഒഴിവാക്കുവാൻ കഴിയില്ല. ഈ പേരിൽ ആ രംഗത്ത് നിന്ന് നമ്മുടെ സ്ത്രീകൾ മാത്രം ഒഴിഞ്ഞു നിന്നാൽ അത് പ്രതികൂലമായ അനന്തരഫലങ്ങളാണ് ഉണ്ടാക്കുക. അതേസമയം നമുക്ക് ഒരു നിയമത്തെയും ഭേദിക്കാതെ ഒപ്പം ഒരു ധാർമികതയെയും ഭജ്ഞിക്കാതെ നിയന്ത്രിക്കാവുന്ന കുറെ മാർഗ്ഗങ്ങളുണ്ട്. അവയിൽ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടന പരിപാടികളിൽ നിന്ന് സഹോദരിമാർ മാന്യമായ അകലം പാലിക്കുക എന്നത്. അവരുടെ സുരക്ഷകൾക്ക് തന്നെ ആശങ്കയും ഭീഷണിയും ഉണ്ടാക്കുന്ന വൈകിയ സമയം വരേക്കും വികാരപ്രകടനത്തിൽ പങ്കെടുക്കുക, വികാരപ്രകടനത്തിനിടയിൽ പരപുരുഷന്മാർക്ക് ധാർമികത ഉല്ലംഘിക്കുവാൻ സൗകര്യം കിട്ടുന്ന വിധത്തിൽ അവരുമായി കൂടിക്കലരുക, അവരുടെ ശബ്ദവും ശരീരവും ആവശ്യത്തിലധികം ഉയർത്തുക തുടങ്ങിയതൊക്കെ നിയന്ത്രിക്കാവുന്നതു തന്നെയാണ്. അത് നിയന്ത്രിക്കുക വഴി എന്തെങ്കിലും നഷ്ടപ്പെടുമെന്ന ഭയം അസ്ഥാനത്താണ്. സത്യത്തിൽ അത്തരം ധാർമികത പുലർത്തുന്നവരോട് നല്ല മനുഷ്യന്മാരുടെ മനസ്സുകളിൽ ഒരു മാന്യതയാണ് വർദ്ധിക്കുക. ഇതെല്ലാം പൊതുരംഗത്ത് ഇസ്ലാം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്ന കാലമാണിത്. പക്ഷേ സത്യത്തിൽ അത് ശരിയല്ല. മുസ്ലിം ആണെങ്കിലും അല്ലെങ്കിലും പെണ്ണ് എന്നത് ഈ ലോകത്തിൻ്റെ ഏറ്റവും വലിയ വികാരവും മോഹവും ആണ് എന്നത് മറക്കരുത്. ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം ആശങ്കയോ ജാഗ്രതയോ അല്ല അവൾ അവളുടെ ഉടലും മറ്റും സുരക്ഷിതമായി സൂക്ഷിക്കണം എന്നത്. മറിച്ച് അത് മഹത്തായ മനുഷ്യസംസ്കാരത്തിന്റെ തന്നെ വികാരമാണ്. അവൾ തൻ്റെ അഴകെല്ലാം ഉപയോഗിക്കേണ്ടത് അവൾക്കുവേണ്ടി നിയോഗിക്കപ്പെടുന്ന ഒരാണിന് വേണ്ടി മാത്രമായിരിക്കണം. അപ്പോഴാണ് അത് ഒരു ആസ്വാദനമായി തീരുക. അത് മാനിക്കാത്ത സാഹചര്യത്തെ ആസ്വാദനം എന്നല്ല അഹങ്കാരം എന്നാണ് പറയുക. എന്നാൽ ഇതൊക്കെ ഇങ്ങനെ പറയുവാൻ ഏറ്റവും ബാധ്യതപ്പെട്ട നേതാക്കന്മാർ ഇതിൻ്റെ ഗൗരവം ഉൾക്കൊള്ളുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു എന്നത് ഒപ്പം തന്നെ എടുത്തു പറയേണ്ട ഒരു കാര്യമാണ്.
നമ്മുടെ ആഹ്ലാദങ്ങൾ നമ്മുടേതാകുന്നത് അത് നമ്മുടെ സംസ്കാരത്തോടൊപ്പം ചേർന്ന് നമ്മെ സ്വാധീനിക്കുമ്പോഴാണ് എന്ന് ഓരോ കൂട്ടത്തിലും മുതിർന്നവർ ഇളംതലമുറകളെ പറഞ്ഞ് ബോധ്യപ്പെടുത്തി പഠിപ്പിക്കുകയാണ് പരിഹാരം.
0
Thoughts & Arts
നമ്മുടെ വിജയങ്ങൾ നമ്മുടേതു തന്നെയായിരിക്കട്ടെ!
2026-01-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso