Thoughts & Arts
Image

ഗോവണി കയറിയാൽ വാതിലുകളുള്ള ആകാശം

2026-01-02

അൽ ഇഅ്ജാസ്
ടി എച്ച് ദാരിമി





ഇന്നത്തെ നമ്മുടെ ചിന്താവിഷയം വിശുദ്ധ ഖുർആനിലെ താഴെ പറയുന്ന സൂക്തമാണ്. അതിൽ അല്ലാഹു പറയുന്നു: 'ആകാശത്തുനിന്നു അവര്‍ക്കു നാമൊരു വാതില്‍ തുറന്നുകൊടുക്കുകയും അതിലൂടെ അവര്‍ കയറിക്കൊണ്ടിരിക്കുകയും ചെയ്താലും അവര്‍ തട്ടിവിടും: ഞങ്ങളുടെ ദൃഷ്ടികള്‍ക്കു മത്തുപിടിച്ചിരിക്കുന്നു; അല്ല, ആഭിചാരവിധേയരായ ആളുകളാണ് ഞങ്ങള്‍!' (അൽ ഹിജ്ർ: 14,15). വിശ്വാസത്തിലേക്ക് വഴി കാണിക്കുകയോ ക്ഷണിക്കുകയോ ചെയ്യുമ്പോൾ അതിലേക്ക് എത്തിച്ചേരുവാൻ തൗഫീഖ് ഇല്ലാത്ത അവിശ്വാസികളായ ആൾക്കാരുടെ സമീപന രീതിയാണ് ഈ സൂക്തത്തിന്റെ പ്രമേയം. അഹങ്കാരവം നിഷേധവും സമം ചേർന്നതാണ് അവരുടെ സമീപനം. കാലാകാലങ്ങളിലും അവിശ്വാസികളുടെ രീതി ഇതു തന്നെയായിരുന്നു. അല്ലാഹുവിനെയും ദൂതരെയും നിഷേധിക്കുക, വേദങ്ങളെ വ്യാജമാക്കുക, ദുര്‍വാശിയും ധിക്കാരവും കൈമുതലാക്കി വിനാശകാരികളായി നടക്കുക എന്നിവയെല്ലാം. മക്കയിലെ മുശ്‌രിക്കുകള്‍ സ്വീകരിച്ച നിലപാടും അതുതന്നെയായിരുന്നു. സമാനമായ നിലപാടുകൾ സ്വീകരിച്ചവർക്ക് നൽകേണ്ടി വന്ന വിലയും അവർക്ക് വന്ന ദുരന്തങ്ങളും ഒന്നിൽ നിന്നും അവർ ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. അത്യദ്ഭുകരമായ അമാനുഷ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്താൽ പോലും അവർ അഹങ്കരിച്ച് പലതും പറഞ്ഞ് ഒഴിവാകും. അക്കാര്യത്തിലുള്ള അവരുടെ പാരമ്യം കുറിക്കാൻ വേണ്ടി ഒരു ഉദാഹരണ രംഗം ചിത്രീകരിച്ചേക്കുകയാണ് ഈ ആയത്തിൽ. അത് ഇങ്ങനെയാണ്: ആകാശത്തേക്ക് കയറിപ്പോകാന്‍ ഒരു ഗോവണിയും കവാടവും അവർക്ക് ഒരുക്കിക്കൊടുത്തുവെന്നു തന്നെ സങ്കല്‍പിക്കുക, ആ സമയത്ത് അവർ തികച്ചും അചിന്തനീയമായ ഒരു അത്ഭുതത്തിന് വിധേയരായിരിക്കുകയായിരിക്കുമല്ലോ. സാധാരണഗതിയിൽ ഒരിക്കലും സാധ്യമാകാത്തത് എന്ന് ഏതു മനുഷ്യന്റെയും മനസ്സ് സമ്മതിക്കുന്ന ഒരു കാര്യമാണ് ഇത്. ഒന്നാമത്തേത് കയറുന്നത് ആകാശത്തിലേക്കാണ്. കയറുക എന്ന പ്രവർത്തനത്തിന് വേണ്ട ചുവടുകൾ വയ്ക്കുവാൻ വേണ്ട ഒരു ഭൗതിക ദ്രവ്യവും കാഴ്ചയിലോ ദൃഷ്ടിയിലോ പെടാത്ത ഒന്നാണ് ആകാശം എന്ന പേരിൽ കൺമുമ്പിൽ നിറഞ്ഞു കിടക്കുന്നത്. അതിലൂടെ കയറുവാൻ വേണ്ടിയാണെങ്കിലോ ഒരു അത്ഭുതകരമായ ഗോവണിയും ആ ഗോവണിയുടെ അറ്റത്തായി വാതിലും ഉണ്ട് താനും. അതോടെ അവിശ്വസനീയതയും അത്ഭുതവും ഇരട്ടിക്കുകയാണ്. ഇത്രയും വലിയ ഒരു അത്ഭുതത്തിന് വിധേയമാകുമ്പോൾ പോലും നമ്മൾ ഇതുവരെ ദൈവത്തെക്കുറിച്ച് കരുതിയതും നിഷേധിച്ചതും തെറ്റായിരിക്കാനുള്ള സാധ്യതയുണ്ട്, ഇതൊക്കെ ചെയ്യാൻ മാത്രം ശക്തനായ ഒരു വിധാതാവ് ഇതിൻ്റെ പിന്നിലുണ്ട് എന്ന് ചിന്തിക്കാൻ മുതിരാതെ ഇതെന്തോ മാരണമോ കൺകെട്ടോ ആണ് എന്ന് പറഞ്ഞ് അതിൽ നിന്ന് തലയുരാൻ ശ്രമിക്കുകയാകും അവർ ചെയ്യുക എന്നാണ് അവരെ ചിത്രീകരിച്ചിരിക്കുന്നത്.


പ്രവാചകത്വം അവകാശപ്പെടുന്ന പ്രവാചകന്മാർക്ക് ആവശ്യമെങ്കിൽ അത് തെളിയിക്കാൻ വേണ്ടി അല്ലാഹു പ്രത്യേകമായി സൃഷ്ടിച്ചു കൊടുക്കുന്ന അത്ഭുത പ്രവർത്തികളെയാണ് മുഅ്ജിസത്തുകൾ എന്ന് പറയുന്നത്. പക്ഷേ ഇത്തരം ഒരു സാഹചര്യത്തിലല്ലാതെ വ്യാപകമായി ഒരു പ്രവാചകൻ തൻ്റെ പ്രബോധന ദൗത്യം മുഴുവനും ഇത്തരം അമാനുഷിക കഴിവിനെ ആശ്രയിച്ചുകൊണ്ട് നിർവഹിക്കുക എന്നത് ശരിയല്ല. കാരണം, അവിശ്വാസികൾ അതിനെ കാര്യത്തിലെടുക്കില്ല. മേൽ സൂക്തത്തിൽ പറഞ്ഞതുപോലെ അവർ അതിനെ തള്ളിക്കളയുവാനും പരിഹസിക്കുവാനും ആണ് മുതിരുക. വിശ്വാസികളുടെ മനസ്സുകൾക്ക് ശക്തി പകരുവാൻ ഇത്തരം അമാനുഷിക പ്രവർത്തനങ്ങൾ കൊണ്ട് കഴിയും എന്നത് ഉറപ്പാണ്. പക്ഷേ പ്രബോധനം അവിശ്വാസികളോടാണല്ലോ, അവരുടെ കാര്യത്തിൽ അതിന് അനുകൂലമായ ഫലം ഉണ്ടായിക്കൊള്ളണമെന്നില്ല. അതിന് ഏറ്റവും വലിയ തെളിവും ഉദാഹരണവും ആണ് നബി(സ്വ)യുടെ കാലത്ത് നടന്ന ചന്ദ്രൻ പിളർന്ന സംഭവം. അവർ നബി തങ്ങളോട് തൻ്റെ പ്രവാചകത്വത്തിന്റെ തെളിവായി അത് ആവശ്യപ്പെട്ടതായിരുന്നു. ചന്ദ്രനെ പിളർത്തിക്കാണിച്ചാൽ നിങ്ങൾ സത്യമതം സ്വീകരിക്കുമോ എന്ന് തന്നെ സമീപിച്ച ശത്രുക്കളോട് തിരുനബി(സ്വ) ചോദിച്ചിരുന്നു. സ്വീകരിക്കാമെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തു. ചന്ദ്രനെ പിളർത്തിയ ശേഷം തിരുനബി(സ്വ) തന്റെ കൂടെയുണ്ടായിരുന്ന മുസ്‌ലിംകളോടും മറ്റും സംഭവത്തിന്റെ സാക്ഷികളാകാൻ ആവശ്യപ്പെടുകയുണ്ടായി. ചന്ദ്രൻ പൂർണമായി ഉദിക്കുന്ന പതിനാലാം രാവിലായിരുന്നു പ്രസ്തുത മുഅ്ജിസത്ത്. തന്നിമിത്തം ലോകം മുഴുവൻ അത് ദൃശ്യമായി. അവരുടെ കാലത്തും തലമുറയിലും തീർത്തും അവിശ്വസനീയമായ ഒരു അനുഭവത്തിനായിരുന്നു അവർ സാക്ഷ്യം വഹിച്ചത്. തൽസമയം തന്നെ മക്കായിലെ എല്ലാ ജനങ്ങളും ഈ പ്രവാചകൻ്റെ പ്രവാചകത്വം അംഗീകരിക്കേണ്ടതാ യിരുന്നു. പക്ഷേ, അവരിൽ ഒരാളും ഒട്ടും വിശ്വസിച്ചില്ല. മുഹമ്മദ് മാരണം ചെയ്തതാണെന്ന് പറഞ്ഞ് ശത്രുക്കൾ ജാള്യം മറക്കാൻ ശ്രമിച്ചപ്പോൾ അവരിൽ നിന്ന് തന്നെ ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുവാൻ ശ്രമിച്ച ഒരാൾ പറഞ്ഞു: 'ലോകത്താകമാനമുള്ള ജനങ്ങളെ മാരണത്തിലൂടെ കീഴ്‌പ്പെടുത്തി ചന്ദ്രൻ പിളർന്നതായി തോന്നിപ്പിക്കാൻ കഴിയില്ല', അതിനാൽ ഇതിൻ്റെ സത്യാവസ്ഥയറിയാൻ വിദൂര ദിക്കുകളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്നവരോട് ഇതിനെ കുറിച്ച് ചോദിച്ചറിയണം. അങ്ങനെ അന്വേഷിച്ചപ്പോൾ അവരുടെ നാടുകളിലെല്ലാം ചന്ദ്രൻ പിളർന്നത് ദൃശ്യമായിട്ടുണ്ടെന്നായിരുന്നു കിട്ടിയ മറുപടി.


അതോടെ വീണ്ടും അവർ ശരിക്കും വെട്ടിലായി. എന്നാൽ പിന്നെ അതിൻ്റെ പിന്നിൽ ഏത് ശക്തിയാണ് എന്നതിനെക്കുറിച്ച് ആലോചിക്കാം എന്ന് പക്ഷേ അവർ അപ്പോഴും വിചാരിച്ചില്ല. അവരുടെ ധിക്കാരവും പിടിവാശിയും അതിന് അവരെ അനുവദിച്ചില്ല. അപ്പോൾ അവരുടെ തല തൊട്ടപ്പനായ അബൂജഹൽ പറഞ്ഞത് ‘എങ്കിൽ ഇത് അത്തരത്തിലുള്ള ഒരു അപൂർവ ഇനം മാരണമാണ്’ എന്നായിരുന്നു. സത്യത്തിൽ ആ സംഭവത്തിന് ലോകത്തിൻറെ പല ഭാഗങ്ങളും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്‌ലാമിക വ്യാപനത്തിന് പിന്നിൽ ചന്ദ്രൻ പിളർന്ന സംഭവത്തിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ചേരമാൻ രാജകുടുംബ ചരിത്രമെഴുതിയ അമുസ്‌ലിം ചരിത്രകാരന്മാർ പോലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അത്രയും പ്രാചീനമായതിനാൽ ആ കാലഘട്ടത്തിന് ന്യായമായി അംഗീകരിക്കാവുന്ന വിധത്തിലുള്ള മതിയായ ചരിത്രരേഖകൾ അവർക്ക് അവലംബമായിട്ടുമുണ്ട്. അവിടെയും ഈ നിലപാട് അടക്കം ഉണർത്തിക്കൊണ്ട് ആ സംഭവം വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: ‘ചന്ദ്രൻ പിളർന്നു. അവർ ഏതൊരു ദൃഷ്ടാന്തം ദർശിച്ചാലും അതിനെ പാടെ അവഗണിക്കുകയും തുടർന്നും നിലനിൽക്കുന്ന മാരണമെന്ന് വിശേഷിപ്പിക്കുകയും ചെയ്യും. അവർ വിശ്വസിക്കുകയില്ല. അവർ അവരുടെ ഇച്ഛകൾക്ക് കീഴടങ്ങുകയാണ് ചെയ്തത്’ (അൽ ഖമർ: 1-3).


ഇവിടെ നമ്മുടെ പ്രധാന ചർച്ച അതല്ല. മറിച്ച് ഉദ്ധൃത സൂക്തത്തിൽ സൂചിപ്പിച്ച ഗോവണിയും വാതിലുമാണ്. വിശുദ്ധ ഖുർആൻ്റെ ഈ പ്രയോഗം നമ്മുടെ ചിന്തകളെ നമ്മുടെ ശൂന്യാകാശം ശരിക്കും ശൂന്യമാണോ എന്ന ചോദ്യത്തിലേക്ക് തിരിച്ചുവിടുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കിടയിലുള്ള സ്ഥലം വെറും ശൂന്യമാണ് എങ്കിൽ അവിടെ വാതിൽ എന്ന സങ്കല്പം എങ്ങനെയാണ് കൊണ്ടുവരാൻ കഴിയുക? എന്ന ചോദ്യം ഈ ആയത്തിൽ നിന്ന് ഉയരുന്നുണ്ട്. അതിനാൽ ആകാശത്തിന്റെ വാതിലുകൾ എന്ന പ്രയോഗം വാതിൽ സ്ഥാപിക്കാൻ ആവശ്യമായ വിധത്തിലുള്ള ഏതൊക്കെയോ ദ്രവ്യങ്ങളാണ് ഈ ശൂന്യതയിൽ ഉള്ളത് എന്ന ചിന്തയിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഈ വഴിക്കാണ് ശാസ്ത്രലോകവും ഇപ്പോൾ സഞ്ചരിക്കുന്നത്. ശാസ്ത്രലോകത്തിന് ഏതാണ്ട് ഏതാനും പതിറ്റാണ്ടുകളായി അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ധാരണ ഉറപ്പിക്കേണ്ട സാഹചര്യമാണ് കൈവന്നിരിക്കുന്നത്. അതായത് ഗാലക്സികൾക്കിടയിൽ ഉള്ള ഒഴിവ് സ്ഥലങ്ങളെല്ലാം വെറുതെ ശൂന്യമായി കിടക്കുകയാണ് എന്ന് നൂറ്റാണ്ടുകളായി വെച്ചുപുലർത്തിയിരുന്ന ധാരണക്ക് ഇളക്കം പറ്റുകയും എന്തൊക്കെയോ ഈ ശൂന്യതയെ ശൂന്യമാക്കുന്നില്ലേ എന്ന് അവർ ചിന്തിച്ചു തുടങ്ങുകയും ചെയ്തിരുന്നു. ഓരോ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴും അത് ശരിയാണ് എന്ന് വന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. അതായത് നാം ശൂന്യാകാശം എന്നു പറയുന്നതിലെ ശൂന്യത വെറും ഒരു തെറ്റിദ്ധാരണയാണ്, സത്യത്തിൽ ഈ പ്രപഞ്ചത്തിൽ ശൂന്യതയേ ഇല്ല, എല്ലാം എന്തൊക്കെയോ ദ്രവ്യങ്ങളാൽ നിറഞ്ഞുകിടക്കുകയാണ് എന്ന തിരുത്തിലേക്ക് ശാസ്ത്രം വളർന്നുവരികയാണ്. ശൂന്യാകാശം ശൂന്യത തന്നെയാണ് എന്ന് വളരെ പണ്ട് പറഞ്ഞിരുന്നു. പക്ഷേ സൂര്യനിൽ നിന്നും ഭൂമിയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും പ്രകാശം വരുന്നു എന്നത് ഒരു സത്യമാണ്. പ്രകാശത്തിന് സഞ്ചരിക്കണമെങ്കിൽ ഒരു മാധ്യമം ആവശ്യമാണ്. ശൂന്യതയിലൂടെ അതിനു സഞ്ചരിക്കാൻ കഴിയില്ല എന്ന് പിന്നീട് പ്രകാശ തരംഗങ്ങളുടെ സഞ്ചാര രീതിയെ കുറിച്ചുള്ള പഠനങ്ങളിൽ വന്നതോടെ അന്തരീക്ഷം ശൂന്യമാണ് എന്ന വാദത്തിൽ വിള്ളൽ വീണു. ന്യൂട്ടന്റെ പിന്‍ഗാമി ആയിരുന്ന ക്രിസ്ത്യന്‍ ഹൈജന്‍സ് ആവിഷ്‌കരിച്ച പ്രകാശത്തിന്റെ തരംഗസിദ്ധാന്തമാണ് എങ്ങനെ ചിന്തിക്കാൻ പ്രേരകമായത്. അതായത്, പ്രകാശമെന്നാല്‍ അത് തരംഗ രൂപിയാണ്, പ്രകാശ പ്രതിഭാസങ്ങളെല്ലാം തരംഗങ്ങളുടേതുമാണ്. പക്ഷേ അവിടെ വലിയൊരു പ്രശ്‌നമുണ്ട്. തരംഗങ്ങള്‍ക്ക് ശൂന്യതയില്‍ സഞ്ചരിക്കാനാവില്ല. ഒരു മാധ്യമത്തിന്റെ ചലനങ്ങളാണ് തരംഗം എന്ന് പറയുന്നത് തന്നെ. ആ ചലനങ്ങളിലൂടെയുള്ള ഊര്‍ജ്ജത്തിന്റെ പ്രവാഹമാണ് തരംഗചലനം. ഉദാഹരണത്തിന് വായുവില്ലെങ്കില്‍ നമുക്ക് ശബ്ദം കേള്‍ക്കാന്‍ കഴിയില്ല. കാരണം വായുതന്മാത്രകളുടെ ചലനത്തിലൂടെയാണ് ശബ്ദം സഞ്ചരിക്കുന്നത്. അപ്പോള്‍ കോടാനുകോടി കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന സൂര്യനില്‍ നിന്നും, നക്ഷത്രങ്ങളില്‍ നിന്നും തരംഗരൂപിയായ പ്രകാശം എങ്ങനെ ഭൂമിയില്‍ എത്തുന്നു? ഇതിനിടയില്‍ പ്രകാശത്തിനു സഞ്ചരിക്കാന്‍ ഒരു മാധ്യമം ഉണ്ടാകണമല്ലോ.


അങ്ങനെയാണ് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു അദൃശ്യ മാധ്യമത്തിലൂടെയാണ് പ്രകാശം സഞ്ചരിക്കുന്നത് എന്നു പറഞ്ഞ അവർ ആ മാധ്യമത്തിന് ഈഥര്‍ എന്ന് പേരിട്ടത്. പിന്നെയുള്ള ഒന്നൊന്നര നൂറ്റാണ്ട് ഈ ഈഥറിലുള്ള വിശ്വാസത്തിലായിരുന്നു ശാസ്ത്രലോകം. പക്ഷെ, ഈഥറാണ് പ്രപഞ്ചത്തിന്റെ ശൂന്യത മുഴുവനും നിറഞ്ഞു കിടക്കുന്നത് എന്ന വാദത്തിന് ആയുസ്സുണ്ടായില്ല. കാരണം ഒരു മാധ്യമത്തിലൂടെ തരംഗം സഞ്ചരിക്കുമ്പോള്‍ ചില പ്രതികരണങ്ങള്‍ ഉണ്ടാകുമല്ലോ. വെള്ളത്തിലൂടെ തോണി പോകുമ്പോഴുണ്ടാകുന്ന ഓളവും ശബ്ദവും പോലെ. അതനുസരിച്ച് പ്രകാശതരംഗങ്ങൾ ഈഥറിനെ ഭേദിച്ച് കടക്കുമ്പോൾ ഈഥര്‍ തരംഗങ്ങള്‍ ഉണ്ടാകണമല്ലോ. നിരന്തരമായ പരീക്ഷണങ്ങൾ നടത്തിയിട്ട് പോലും അതു കണ്ടെത്താനായില്ല. അതിനുവേണ്ടി നടത്തിയ പരീക്ഷണങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടു. അതിനുവേണ്ടി നടത്തിയ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈക്കല്‍സണ്‍, മോര്‍ലി എന്നിവര്‍ ചേര്‍ന്നു നടത്തിയത്. ശാസ്ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരീക്ഷണം തന്നെയായിരുന്നു അത്. അതിനുപയോഗിച്ച സ്‌പെക്ട്രോസ്‌കോപ്പ് കൊണ്ട് ഒരു ചെടിക്ക് ഒരു സെക്കന്റിലുണ്ടാകുന്ന വളര്‍ച്ച പോലും കണ്ടെത്താന്‍ കഴിയുമായിരുന്നു. ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളില്‍ ഒന്നായ ഈ ദൗത്യവും പരാജയപ്പെട്ടു. ഒടുവില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ ക്ലര്‍ക്ക് മാക്‌സ്‌വെല്‍ പ്രകാശം ഒരു വൈദ്യുത കാന്തിക തരംഗമാണ്, വൈദ്യത കാന്തിക തരംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ മാധ്യമത്തിന്റെ ആവശ്യമില്ല എന്ന് സിദ്ധാന്തിച്ചതോടെയാണ് ഈഥര്‍ എന്ന ധാരണ ശാസ്ത്രലോകം കൈയൊഴിഞ്ഞത്.


ഈ പ്രപഞ്ചത്തെ വലയം ചെയ്തു കിടക്കുന്ന ഒന്നുമില്ല എന്ന് നമുക്ക് തോന്നിപ്പോകുന്ന ഇടങ്ങളിൽ എന്തെങ്കിലുമുണ്ടോ എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അവസാനിക്കാതെ തുടരുകയാണ്. അതേസമയം ലഭ്യമായ സൂചനകളും അനുമാനങ്ങളും അനുസരിച്ച് നമ്മുടെ ഈ ഭൂമിയെയും സൗരയൂഥത്തെയും ഗാലക്സികളെയും എല്ലാം വലയം ചെയ്തു കിടക്കുന്നത് അന്തരീക്ഷം എന്ന ഒരു പുതപ്പാണ്. അന്തരീക്ഷം വായുവാൻ നിറഞ്ഞു കിടക്കുകയാണ് എന്ന് നമുക്കറിയാം. അതും കടന്നാൽ നാം ബഹിരാകാശത്താണ് എത്തിച്ചേരുക. ഈ ബഹിരാകാശത്തെയാണ് നാം ശൂന്യാകാശം എന്ന് വിളിക്കുന്നത്. ഈ ഇടം ശരിക്കും ശൂന്യം തന്നെയാണോ എന്നതാണ് നമ്മുടെ ചോദ്യം. ആവാനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് ഒറ്റവാക്കിൽ നമുക്ക് പറയാനുള്ള മറുപടി. ഭൂമിയുടെ വായുമണ്ഡലം ഏകദേശം പതിനായിരം കിലോമീറ്റർ അളവിലാണ് കിടക്കുന്നത്. പക്ഷേ ഈ പതിനായിരം കിലോമീറ്റർ കടന്നാൽ നാം ഒരു ശൂന്യതയിലേക്ക് പെട്ടെന്ന് എടുത്തിട്ടത് പോലെ എത്തിച്ചേരുകയല്ല ചെയ്യുന്നത്. മറിച്ച് അതുവരെ ഉണ്ടായിരുന്നതിൽ നിന്നും സാന്ദ്രത കുറഞ്ഞ ഒരുതരം വായുവിലേക്ക് തന്നെയാണ് എത്തുന്നത്. ആ സാന്ദ്രത കുറഞ്ഞ വായു പാളി പിന്നിട്ടാൽ പിന്നെ നമുക്ക് ശൂന്യതയിൽ എത്താൻ കഴിയുമോ എന്ന് ചോദ്യത്തിന് കഴിയില്ല എന്ന് തന്നെയാണ് ശാസ്ത്രം നൽകുന്ന മറുപടി. ഇക്കാര്യത്തിൽ പല സാധ്യതകളും ഉണ്ട് അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും അനിഷേധ്യമായതും ആയ ഒന്നാണ്, നമ്മുടെ പ്രപഞ്ചം കേന്ദ്രീകരിച്ചിരിക്കുന്ന സൂര്യനിൽ നടക്കുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ. അവ അധികവും സ്ഫോടന ഭാവത്തിലുള്ളതാണ്. ആ സ്ഫോടനങ്ങളെ തുടർന്ന് ധാരാളം പ്രകാശ അഗ്നി ബന്ദിയായ കാര്യങ്ങൾ പുറത്ത് വായു മണ്ഡലത്തിലേക്ക് വമിക്കുന്നുണ്ട്. ഇങ്ങനെ പുറത്തേക്ക് വച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളിൽ വലിയൊരു ശതമാനവും ചാർജ് ഉള്ള കണികകളാണ്. ഇവയെയാണ് സോളാർ വിൻഡുകൾ, സോളാർ ഫ്ലെയറുകൾ എന്നെല്ലാം ശാസ്ത്രം വിളിക്കുന്നത്. അതിനുപുറമേ ഹൈഡ്രജൻ മോളിക്യൂളുകളും ഈ ഇടങ്ങളിൽ കിടക്കുന്നുണ്ട്. അതുകൊണ്ട് സൗരയൂഥത്തിന്റെ ഏരിയ മൊത്തത്തിൽ ശൂന്യമാണ് എന്ന് പറയാൻ നമുക്ക് കഴിയാതെ വരുന്നു. ഇനി സൗരയൂഥത്തിന്റെ പുറത്തുള്ള മേഖലകളുടെ അവസ്ഥ പരിശോധിക്കാം. ഉദാഹരണമായി ഗാലക്സികളുടെ ഏതെങ്കിലും വിജനമായ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ അവിടെയും പരിപൂർണ്ണമായ ഒരു ശൂന്യത നമുക്ക് കാണാൻ കഴിയില്ല. അവിടെ ഒഴിഞ്ഞതെന്ന് നമുക്ക് തോന്നുന്ന പ്രദേശങ്ങൾ മുഴുവനും ഡാർക്ക് മാറ്റർ നിറഞ്ഞു കിടക്കുകയാണ് എന്നാണ് ശാസ്ത്രം തന്നെ പറയുന്നത്. നമുക്ക് കാണാൻ കഴിയാത്ത മാറ്ററിനെയാണ് ഡാർക്ക് മാറ്റർ എന്ന് പറയുന്നത്. എന്നാൽ അങ്ങനെ ഒന്നുമില്ല എന്നു പറയാൻ നമുക്ക് കഴിയുകയുമില്ല. കാരണം ഗുരുത്വാകർഷണബലത്തിന്റെ സ്വാധീനം ആ മാറ്ററിൽ ഉണ്ട്. ഇനി ഈ ഗാലക്സികളെയും വിട്ട് അതിനപ്പുറത്തേക്ക് നാം പോകുമ്പോൾ അവിടെ ഗാലക്സികളുടെ ക്ലസ്റ്ററുകളെയാണ് നമുക്ക് കാണാൻ കഴിയുക. അവിടെ ശൂന്യതയുണ്ടോ എന്ന് ചോദിച്ചാൽ അവിടെയും ശൂന്യതയില്ല കാരണം, അവിടെയും ദൃഷ്ടി ഗോചരമല്ലാത്ത ഡാർക്ക് മാറ്ററിൻ്റെ സാന്നിധ്യം ഉണ്ട് എന്നാണ് ശാസ്ത്രം തന്നെ നൽകുന്ന മറുപടി. കാരണം വിസിബിൾ മാറ്റർ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം നോൺ വിസിബിൾ മാറ്റർ ആയ ഡാർക്ക് മാറ്ററിൻ്റെ സാന്നിധ്യം ഉണ്ടായിരിക്കും എന്നാണ്. പിന്നെ ഒരു സാധ്യത ഡാർക്ക് മാറ്റർ പോലുമില്ലാത്ത പ്രപഞ്ചത്തിലെ ചില സ്ഥലങ്ങളാണ്. അത്തരം സ്ഥലങ്ങളും സത്യത്തിൽ ശൂന്യമല്ല. അത്തരം സ്ഥലങ്ങളെ കോസ്മിക വോയിഡുകൾ എന്നാണ് ശാസ്ത്രം വിളിക്കുന്നത്. അത്തരം സ്ഥലങ്ങളിൽ തന്നെ പ്രകാശത്തിന്റെ നൂലുകൾ പോലുള്ള അംശങ്ങൾ ചേർന്ന് കിടക്കുന്ന സ്ഥലങ്ങളുണ്ട്. അത്തരം സ്ഥലങ്ങളിലും പക്ഷേ ശൂന്യത ഇല്ലെന്നാണ്. അവിടെ ഒരുപക്ഷേ ഡാർക്ക് മാറ്റർ ഇല്ലെങ്കിൽ തന്നെ മറ്റൊന്നുണ്ട്. അതിനെ ശാസ്ത്രം ന്യൂട്രിനോകൾ എന്നാണ് വിളിക്കുന്നത്. നക്ഷത്രങ്ങളിലും മറ്റും നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ഷനുകളിലൂടെ ആണ് ന്യൂട്രിനോകൾ രൂപപ്പെടുന്നത് എന്നാണ് വിശദീകരണം. ഇങ്ങനെ ഇങ്ങനെ വിശദീകരിച്ചു പോകുമ്പോൾ നമുക്ക് മനസ്സിലാകും, ശൂന്യമായ ശൂന്യാകാശം ഒരു മിത്ത് മാത്രമാണ്. ഒട്ടും യാഥാർത്ഥ്യമല്ല എന്ന്.


ഇതെല്ലാം കുറിക്കുന്നത് വാതിലുകൾ സ്ഥാപിക്കാൻ പര്യാപ്തമായ ഏതൊക്കെയോ ദ്രവ്യങ്ങൾ പ്രപഞ്ചത്തിലെ ശൂന്യതയിൽ നിറഞ്ഞു കിടക്കുന്നുണ്ട് എന്ന് തന്നെയാണ്. മനുഷ്യനും അവൻറെ ശാസ്ത്രവും ഇവിടേക്ക് കയറിയും ഇറങ്ങിയും നടന്നും ഉരുണ്ടും ഒരുനാൾ എത്തിച്ചേരുക തന്നെ ചെയ്യും. കാരണം അല്ലാഹു അവൻ്റെ കലാമില്‍ അങ്ങനെ സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:
'ആകാശം തുറക്കപ്പെടുകയും ചെയ്യും; എന്നിട്ടതു പല വാതിലുകളായിത്തീരും' (അന്നബഅ്: 19). 'വന്‍ശേഷി കൊണ്ടാണ് നാം ആകാശം സൃഷ്ടിച്ചത്; നാമത് വികസിപ്പിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും'. (അദ്ദാരിയാത്ത്: 47)


“We are just an advanced breed of monkeys on a minor planet of a very average star. But we can understand the Universe. That makes us something very special.”
― Stephen Hawking


അധിക വായനക്ക്:
https://www.space.com/is-the-vacuum-of-space-truly-empty
https://sahapadionline.blogspot.com
https://www.islamweb.net/ar/article/
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso