Thoughts & Arts
Image

നബി ദർശനത്തിലെ മൂന്നു സൗഭാഗ്യങ്ങൾ

2026-01-02

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





ഇമാം തിർമുദി നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ നബി(സ്വ) തങ്ങൾ പറയുന്നു: 'നിങ്ങളിൽ ഒരാൾ തൻ്റെ ചുറ്റുവട്ടങ്ങളിൽ സുരക്ഷിതനും ശാരീരികമായി ആരോഗ്യവാനും അന്നാന്നത്തെ അന്നം കയ്യിലുള്ളവനും ആണെങ്കിൽ അവനു ഐഹിക ലോകം മുഴുവനും കൈവന്നത് പോലെയാണ്'. ഐഹിക ജീവിതത്തിൻ്റെ സൗഭാഗ്യങ്ങളെ കൃത്യമായി നിർണയിച്ചു തന്നിരിക്കുകയാണ് ഈ തിരുവചനം. ഈ പറഞ്ഞ മൂന്നു കാര്യങ്ങൾക്കുമപ്പുറത്ത് മനുഷ്യ ജീവിതത്തിന് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നത് ശരിയാണ്. ഒന്നുകിൽ അവയെയെല്ലാം ഈ പറഞ്ഞ മൂന്നു കാര്യങ്ങൾ നേരിട്ടോ അല്ലാതെയോ ഉൾക്കൊള്ളുന്നു. അല്ലെങ്കിൽ അത്ര പ്രാധാന്യം മാത്രമേ അവക്കൊക്കെ ഈ ജീവിതത്തിൽ സത്യത്തിൽ ഉള്ളൂ, അതിന് വലുപ്പം നമ്മുടെ ഭാവനയിലും സങ്കല്പത്തിലും മാത്രമേയുള്ളൂ. ഇവ മൂന്നുമാകട്ടെ മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും ചൂഴ്ന്നു നിൽക്കുന്നു എന്ന് ലളിതമായി ചിന്തിച്ചാൽ പോലും നമുക്ക് മനസ്സിലാക്കാൻ കഴിയും. കാരണം ഒന്നാമത്തെ സാമൂഹ്യ സുരക്ഷയാണ്. മനുഷ്യൻ അല്ലാഹുവിൻ്റെ ഖലീഫ പ്രതിനിധി ആണ്. അതുകൊണ്ടുതന്നെ അവനിൽ ചില ഉത്തരവാദിത്തങ്ങൾ വന്നുചേരുന്നുണ്ട്. തൻ്റെ ജീവിത ഇടത്തെ പരിപാലിക്കുക എന്നതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ അത്. ആ ഇടത്തിൽ തന്റെ മണ്ണ്, അതിലെ മരങ്ങൾ, മനുഷ്യേതര ജീവജാലങ്ങൾ, അന്തരീക്ഷം, ജലം, വായു, മറ്റു ജീവിത സ്രോതസ്സുകൾ എന്നിവയെല്ലാം സംരക്ഷിക്കേണ്ട ബാധ്യത ഈ ഉത്തരവാദിത്തങ്ങളിൽ പെട്ടതാണ്. ഈ ഉത്തരവാദിത്വങ്ങളിൽ കൂട്ടായി മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ട്. അതിന് തൻ്റെ ബന്ധങ്ങളെ സജ്ജമാക്കുകയും സമൂഹം തന്നോട് സജ്ജമാകാൻ ആവശ്യപ്പെടുമ്പോൾ സജ്ജമാവുകയും ചെയ്യുക എന്നതും ഈ ഉത്തരവാദിത്വങ്ങളുടെ പരിധിയിൽ വരുന്നു. ഈ കൂട്ടായ്മക്ക് വിവിധ ജീവിത തലങ്ങൾ ഉണ്ട്. ദാമ്പത്യം, കുടുംബം, രക്ഷാകർതൃത്വം, ബന്ധം, അയൽപക്കം തുടങ്ങി അത് നീണ്ടുകിടക്കുന്നു. ഇവയോരോന്നിനും നിർവഹണത്തിന്റെ ഓരോ രീതികളുണ്ട്. സ്നേഹം, സഹായം, സഹകരണം, പങ്കാളിത്തം, പരസ്പര കൈമാറ്റം, പരസ്പര വിശ്വാസം തുടങ്ങി പലതും. ഇതെല്ലാം കൃത്യമായ അളവും ക്രമണികയും പാലിച്ചുകൊണ്ട് ചെയ്യുക എന്ന ഉത്തരവാദിത്വമാണ് അവനെ സൃഷ്ടാവ് ഏൽപ്പിച്ചിരിക്കുന്നതും അവൻ ഏറ്റെടുത്തിരിക്കുന്നതും. മനുഷ്യൻ അല്ലാത്ത ജീവികൾക്ക് ഇക്കാര്യങ്ങളിൽ ഒരു ബാധ്യതയും ഉത്തരവാദിത്വവും ഇല്ല. ഇസ്ലാമിക സാങ്കേതികതയിൽ ഇതിനെ അമാനത്ത് എന്ന് പറയുന്നു. ഈ അമാനത്ത് യഥാവിധി നിർവഹിക്കുവാൻ ആണ് മനുഷ്യ ശരീരത്തിനും ശേഷികൾക്കും ജീവിതത്തിനു തന്നെയും ചില സവിശേഷതകൾ സൃഷ്ടാവ് സൃഷ്ടിപ്പിൽ തന്നെ നൽകിയിരിക്കുന്നത്.


മേൽപ്പറഞ്ഞ ഉത്തരവാദിത്വങ്ങൾ എല്ലാം നിർവഹിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ ഓരോ മനുഷ്യന്റെയും ജീവിത ചുറ്റുവട്ടം സുരക്ഷിതമായിരിക്കും. ഒന്നും ഓർത്ത് വിഷമിക്കേണ്ട സാഹചര്യം ഇല്ലാതിരിക്കുകയും എല്ലാവരുടെയും സന്തോഷങ്ങളും ആനന്ദങ്ങളും കണ്ട് ആനന്ദിക്കുവാൻ സാഹചര്യം ഉണ്ടാവുകയും ഭീതികളും ഭീഷണികളും അകന്നു നിൽക്കുകയും ചെയ്യുന്ന ഒരു സാഹചര്യം സംജാതമായാൽ അത് ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം തന്നെയാണ് എന്ന് ആരും പറയും. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇസ്ലാം ഇതിനെല്ലാം കൃത്യമായി പരിഗണന നൽകുന്ന ജീവിതവ്യവസ്ഥിതിയാണ് എന്നു കാണാം. സാമൂഹ്യ സുരക്ഷിതത്വത്തിന് ഏറ്റവും വലിയ പരിഗണനയാണ് ഇസ്ലാം കൽപ്പിച്ചത്. ന്യായവും അവകാശവും ഭേദിക്കപ്പെടുമ്പോൾ മാത്രമല്ലാതെ ആയുധം എടുക്കരുത് എന്ന് പറയുന്നതു മുതൽ മറ്റൊരാളെ കുറിച്ച് ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും അത് അവനിഷ്ടമില്ലെങ്കിൽ പറയരുത് എന്ന് പറയുന്നത് വരെ ഉള്ള സമീപനങ്ങൾ ഈ അർത്ഥത്തിലുള്ളതാണ്. ജനനിബിഡമായ അങ്ങാടിയിലൂടെ ആയുധവുമായി കടന്നുപോകുമ്പോൾ അതിൻ്റെ മുന പൊത്തി പിടിക്കണമെന്ന് നിർദ്ദേശിക്കുന്നതും മറ്റൊരാളെ കുറിച്ച് പരദൂഷണം പറയുന്നത് അവൻ്റെ പച്ച മാംസം തിന്നുന്നതിന് സമാനമാണ് എന്ന് ഉദാഹരിക്കുന്നതുമെല്ലാം ഈ വിഷയത്തിലുള്ള ഇസ്ലാമിൻ്റെ ജാഗ്രതയാണ്. മതത്തിൻ്റെ കാര്യത്തിൽ ഒരുതരം ബലപ്രയോഗവും പാടില്ല എന്ന കർശന നയം സ്വീകരിക്കുന്നതും മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെ അവമതിക്കരുത് എന്നു പറയുന്നതും എന്തു വില കൊടുത്തും ആർക്ക് നൽകിയ വാക്കും പാലിക്കേണ്ടതാണ് എന്ന് നിഷ്കർഷിക്കുന്നതും എല്ലാം സാമൂഹ്യ സുരക്ഷിതത്തിന് എത്ര വില നൽകിയാലും മതിയാവില്ല എന്നതിലേക്കുള്ള ഇസ്ലാമിന്റെ സൂചനയാണ്.


രണ്ടാമത്തേത്, ശാരീരിക ആരോഗ്യമാണ്. മനുഷ്യന് ഐഹികമായി ലഭിച്ച എല്ലാ അനുഗ്രഹങ്ങളുടെയും അടിസ്ഥാനവും ആകെത്തുകയും ആരോഗ്യമാണ്. കാരണം ആരോഗ്യമില്ലെങ്കിൽ മറ്റൊന്നിനും ഒരു അർത്ഥവും ഉണ്ടാവുകയില്ല. മനുഷ്യന് അല്ലാഹു ഒരുവശത്ത് ഒരുപാട് ഉത്തരവാദിത്വങ്ങളും ബാധ്യതകളും നിശ്ചയിച്ചു വച്ചിരിക്കുന്നു. അവയെല്ലാം നിർവഹിക്കുവാൻ ആവശ്യമായ ശരീരവും ജീവനും ബുദ്ധിയും നൽകുകയും ചെയ്തിരിക്കുന്നു. ജീവനും ബുദ്ധിയും ഉപയോഗിച്ച് തൻ്റെ ബാധ്യതകൾ, കടമകൾ എന്നിവ നിർവഹിക്കണമെങ്കിൽ അതിന് ശാരീരികമായ ആയാസം അനുപേക്ഷണീയമാണ്. ശരീരത്തിലെ അവയവങ്ങളെയും ശേഷികളെയും പരമാവധി ഉപയോഗപ്പെടുത്തി ജീവിതം സഫലമാക്കുവാനുള്ള സൗഭാഗ്യമാണ് ആരോഗ്യം. അതിൻ്റെ പ്രാധാന്യം ഒന്നുകൊണ്ടുമാത്രമാണ് നബി തിരുമേനി തൻ്റെ സമുദായത്തോട് ആരോഗ്യത്തിന് വേണ്ടി തേടുവാൻ ഉപദേശിച്ചത്. നബി തിരുമേനിയുടെ പ്രാർത്ഥനകളിൽ നല്ലൊരു ഭാഗം ആരോഗ്യത്തിന് വേണ്ടി ഉള്ളതായിരുന്നു എന്ന് ഹദീസുകൾ വ്യക്തമാക്കുന്നു. ഇസ്ലാമിക ദൃഷ്ട്യാ ആരോഗ്യം ലഭിക്കുവാനും നിലനിൽക്കുവാനും രണ്ടു കാര്യങ്ങളാണ് പ്രാഥമികമായി വേണ്ടത്. ഒന്നാമത്തേത് പ്രാർത്ഥന തന്നെയാണ്. ആരോഗ്യം എന്നത് മനുഷ്യന് സ്വയം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നത് മാത്രമാണ് എന്ന് ധരിക്കുവാൻ മനുഷ്യജീവിതത്തിനു മുമ്പിൽ ന്യായങ്ങൾ ഒന്നും കാണുന്നില്ല. കാരണം, എല്ലാ ആരോഗ്യ സൂക്ഷ്മതകളും പുലർത്തുകയും ഏതു ചെറിയ താളപ്പിഴ വന്നാലും അതിന് ഫലപ്രദമായി ചികിത്സിക്കുകയും തികഞ്ഞ ശ്രദ്ധയോടെ മാത്രം ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് പോലും അവൻ്റെ ആരോഗ്യം അവൻ പോലും അറിയാത്ത വിധത്തിൽ ചോർന്നു പോകുന്നത് നമ്മുടെ അനുഭവത്തിലുണ്ട്. മറുവശത്ത് ഈ ജാഗ്രത പുലർത്തുവാൻ ആവശ്യമായ സാംസ്കാരിക വളർച്ച ഇല്ലാത്ത എത്രയോ പേർ ഒരുപാട് കാലം നല്ല ആരോഗ്യത്തോടെ ജീവിക്കുന്നതും കാണുന്നുണ്ട്. അതുകൊണ്ട് ഭൗതിക പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളിലും എന്നപോലെ ആരോഗ്യത്തിന്റെ കാര്യത്തിലും സൃഷ്ടാവിന്റെ വലിയ ഭാഗധേയം ഉണ്ട്. അത് തട്ടിയെടുക്കാനോ കട്ടെടുക്കാനോ വശപ്പെടുത്തി സ്വന്തമാക്കാനോ ഒന്നും കഴിയാത്തതാണ്. അത് ലഭിക്കുവാൻ അവനെ പ്രീതിപ്പെടുത്തുന്ന വിധം അവൻ്റെ അധികാരത്തെ അംഗീകരിച്ചുകൊണ്ടും വിനയം പ്രകടിപ്പിച്ചുകൊണ്ട് അവനോട് ചോദിക്കുകയല്ലാതെ മറ്റു വഴികളില്ല. രണ്ടാമത്തേത് ആരോഗ്യം നിലനിൽക്കുവാൻ മനുഷ്യൻ്റെ സഹചാവബോധത്തിൽ ഉയർന്നു വരുന്നതും സൃഷ്ടാവിനാൽ നിഷ്കർഷിക്കപ്പെട്ടിട്ടുള്ളതുമായ ആരോഗ്യ ശീലങ്ങൾ പാലിക്കുക എന്നതാണ്. നിഷിദ്ധമായ ഭക്ഷണങ്ങൾ, പാനീയങ്ങൾ മുതലായവ ഉപേക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിൽ മിതത്വം, കൃത്യത എന്നിവ പാലിക്കുക, വിശ്രമം, വ്യായാമം, ഉറക്കം തുടങ്ങിയ ജീവിത താളങ്ങൾ കൃത്യമായി പരിപാലിക്കുക, വൃത്തി, മാന്യത തുടങ്ങിയ ഉന്നതമായ സാംസ്കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുക തുടങ്ങിയവയെല്ലാം ആണ് ഇസ്ലാം ഇക്കാര്യത്തിൽ മുന്നോട്ടുവെക്കുന്ന പ്രധാന ആരോഗ്യ ശീലങ്ങൾ.


മൂന്നാമത്തെ സൗഭാഗ്യമായി നബി തിരുമേനി(സ്വ) എണ്ണിയിരിക്കുന്നത് അന്നാന്നത്തെ അന്നം കയ്യിൽ ഉണ്ടായിരിക്കുന്നതിനെയാണ്. പ്രവാചകൻ്റെ ഈ പ്രസ്താവന രണ്ട് അർത്ഥങ്ങളെ ദ്യോതിപ്പിക്കുന്നുണ്ട്. അതിലൊന്നാമത്തേത് മിത ഭോജനത്തിന്റെ പ്രാധാന്യമാണ്. അമിത ഭോജനം പല ആരോഗ്യ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്. മനുഷ്യ കുലത്തിൽ അതിവേഗം നിറഞ്ഞുവരുന്ന രോഗങ്ങൾ അതിൻ്റെ പ്രത്യക്ഷ അടയാളമാണ്. അഹിതമായ ഭക്ഷണവും അമിതമായ ഭക്ഷണവും ഏതാണ്ട് എല്ലാവരെയും രോഗികളാക്കി മാറ്റിയിരിക്കുന്നു. രോഗികളെ ഉൽപാദിപ്പിക്കുന്ന ഈ ഭക്ഷണ സംസ്കാരം മറുവശത്ത് മേശയും കസേരയും ഇട്ട് കുഴലും ചെവിയിൽ തിരുകി മനുഷ്യനെ ചികിത്സിക്കുവാൻ ഇരിക്കുന്ന അൽഭുത വിരോധാഭാസമാണ് നാമിന്ന് അനുഭവിക്കുന്നത്. ഔഷധ പ്രയോഗം ഫലപ്രദമാകാത്ത രോഗം ഏതാണെന്ന് കിസ്രാ ചക്രവര്‍ത്തി ഒരു വൈദികനോട് ചോദിച്ചപ്പോള്‍ ഇടവേളകളില്ലാത്ത ഭോജനം തന്നെ എന്നായിരുന്നു മറുപടി എന്ന ഒരു കഥ ദലീലുല്‍ ഫാലിഹീനിൽ കാണാം. ഇസ്ലാമിലേക്കുള്ള തൻ്റെ ക്ഷണത്തിന് മാന്യമായ പ്രതികരണമെന്നോണം ഈജിപ്തിലെ മുഖൗഖിസ് രാജാവ് മദീനയിലേക്കയച്ച ഒരു വൈദ്യനെ നബി(സ്വ) തങ്ങൾ മടക്കി അയച്ച ഒരു ചരിത്രം പലയിടത്തും കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. അതിന് ന്യായമായി നബി തങ്ങൾ പറഞ്ഞത്: 'ഞങ്ങള്‍ വിശക്കുമ്പോള്‍ മാത്രം ആഹരിക്കുന്നവരും വയറു നിറയും മുമ്പേ മതിയാക്കുന്നവരുമാണ്, അതിനാൽ ഞങ്ങൾക്ക് ഒരു വൈദ്യൻ മെനക്കെട്ട് ചികിത്സിക്കാൻ മാത്രമുള്ള രോഗങ്ങൾ ഉണ്ടാകില്ല' എന്നായിരുന്നു. പ്രവാചകൻ(സ)യുടെ ഭക്ഷണശീലങ്ങൾ വളരെ ലളിതമായിരുന്നു. അനസ്(റ) പറയുന്നു, 'എന്റെ അറിവിൽ, പ്രവാചകൻ(സ) വലിയ തളികയിൽ ഭക്ഷണം കഴിച്ചിട്ടില്ല, നന്നായി ചുട്ടെടുത്ത നേർത്ത റൊട്ടി കഴിച്ചിട്ടില്ല, ഒരു ഡൈനിംഗ് ടേബിളിൽ ഭക്ഷണം കഴിച്ചിട്ടുമില്ല' (ബുഖാരി). രണ്ടാമത്തെ അർത്ഥം അന്നത്തെ കുറിച്ചുള്ള ആശങ്ക വേണ്ട എന്നതാണ്. കാരണം ഭക്ഷണം ആവശ്യമുള്ള എല്ലാ ജീവജാലങ്ങൾക്കും വേണ്ട ഭക്ഷണം അല്ലാഹു സ്വന്തം ബാധ്യതയായി ഏറ്റെടുത്തതാണ് (ഹൂദ്: 6). അല്ലാഹുവിൻ്റെ വാഗ്ദാനത്തെ വിശ്വസിക്കാനുള്ള ശക്തിയാണ് സത്യത്തിൽ ഈമാൻ. അവൻ അന്നം തരും എന്നു പറഞ്ഞാൽ അത് ഉറപ്പാണ് എന്ന് ശരിക്കും മനസ്സുകൊണ്ട് ബോധിക്കുക എന്നത് വിശ്വാസത്തിൻ്റെ കരുത്തിനെ സൂചിപ്പിക്കുന്ന കാര്യമാണ്.


മൊത്തത്തിൽ ജീവിത സൗഭാഗ്യത്തെ കുറിച്ചുള്ള സാധാരണ മനുഷ്യന്മാരുടെ ധാരണകളെ തിരുത്തുകയാണ് ഈ തിരുവചനം ചെയ്യുന്നത്. സമ്പത്തും ഐശ്വര്യവും അഴകും സാമൂഹ്യസ്ഥാനവും ഐഹിക വിഭവങ്ങളും മെച്ചപ്പെട്ട ജീവിത സംവിധാനങ്ങളും നേടാവുന്ന അത്ര നേടുന്നതും നേടുവാൻ ശ്രമിക്കുന്നതുമാണ് സൗഭാഗ്യത്തിന്റെ മാനദണ്ഡം എന്നത് സാധാരണക്കാരുടെ ഒരു ധാരണയാണ്. അത് തികച്ചും തെറ്റാണ്. എല്ലാ സൗകര്യങ്ങളോടും സുഖങ്ങളോടും കൂടി കൊട്ടാരസമാനമായ ഭവനത്തിൽ കഴിയുന്ന ഒരു വ്യക്തിക്ക് പുറത്തിറങ്ങാൻ കഴിയുന്ന സാമൂഹ്യ സുരക്ഷ ഇല്ലെങ്കിൽ ആ വീട്ടിനുള്ളിലെ സുഖങ്ങളിൽ അയാൾക്ക് വീർപ്പുമുട്ടലാണ് അനുഭവപ്പെടുക. അതേ വ്യക്തിക്ക് എല്ലാം ഉണ്ടായിട്ടും ഒന്ന് ഇളകി ഇരിക്കുവാനോ പുറത്തിറങ്ങുവാനോ ആരോഗ്യപരമായി കഴിയാത്ത സാഹചര്യമാണ് എങ്കിൽ അയാൾക്ക് ആ ഐശ്വര്യങ്ങളെല്ലാം കടുത്ത നിരാശയായിരിക്കും സമ്മാനിക്കുക. അന്നത്തിനു വേണ്ടിയുള്ള നോട്ടം ഒരു ചെറിയ ബിന്ദുവിലെങ്കിലും എത്തിനിൽക്കുന്നില്ലെങ്കിൽ അത് ഉള്ളിലുണ്ടാക്കുന്ന അസ്വസ്ഥത ഒട്ടും ചെറുതായിരിക്കുകയില്ല. അതിനാൽ ഏറ്റവും അടിസ്ഥാന സുരക്ഷകളെ എടുത്തുപറയുകയും അവ മൂന്നും ഉണ്ടായാൽ അതുതന്നെയാണ് വലിയ സൗഭാഗ്യങ്ങൾ എന്ന് പഠിപ്പിക്കുകയുമാണ് നബി തങ്ങൾ.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso