വെള്ളിപ്രഭാതം
ടി സെഞ്ചരി
ഇസ്ലാമിക ദർശനം മനുഷ്യജീവിതത്തിന്റെ സുരക്ഷിതത്വവും സമാധാനവും സാമൂഹ്യമായി ഉറപ്പുവരുത്താൻ വേണ്ടിയുള്ള നയപരമായ ഒരു നീക്കം നടത്തുന്നുണ്ട്. ഇസ്ലാം അവൻ്റെ ഒരു വർഷത്തിലെ നാലുമാസം അവനും അവൻ്റെ സമൂഹവും നിർബന്ധിത അച്ചടക്കം പാലിക്കുകയും ആ അച്ചടക്കത്തെ ആത്മീയമായി സംരക്ഷിക്കുകയും ചെയ്യണം എന്ന നയമാണത്. ഒരു വർഷത്തിലെ നാലുമാസം എന്നാൽ അത് അതിൻ്റെ മൂന്നിലൊന്നാണ്. ഈ കാലയളവിൽ അവൻ്റെ തലയിലേക്ക് ഇരച്ചു കയറി വരുന്ന ആക്രമണങ്ങളെ സ്വരക്ഷ എന്ന പേരിൽ മാത്രം അവനു പ്രതിരോധിക്കാം. പക്ഷേ തിരിച്ച് ആക്രമിക്കുന്നതിന്റെയോ പ്രതികാരം ചെയ്യുന്നതിന്റെയോ ചിന്തകളിലേക്ക് അവൻ്റെ മനസ്സ് കടക്കാൻ പാടില്ല. അപ്പോൾ അവനിൽ കലാപ ചിന്ത ഉണ്ടാകും. നിർബന്ധിതമായ ഈ സമാധാനത്തിന്റെ മൂന്നിലൊന്ന് അതിനാൽ തന്നെ മതത്തിൻ്റെ നയമാണ്. നയം ഒരു ആശയത്തിന്റെ രൂപവും പ്രത്യേകതയും നിശ്ചയിക്കാനുള്ള ഒരു പ്രധാന ഘടകമാണ്. അതിനാൽ തന്നെ നമുക്ക് അതിനെ മതത്തിൻ്റെ ചിഹ്നം എന്ന് വിളിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാം. ആഴ്ചയിൽ ഒരു ദിവസം ഒരിടത്ത് ഒരുമിച്ചുകൂടി ജുമുഅ നടത്തുക, പുരുഷന്മാർ ഓരോ നിസ്കാരവും ജമാഅത്തായി നിർവഹിക്കുക തുടങ്ങിയതെല്ലാം ഈ വിധത്തിലുള്ള ഇസ്ലാമിന്റെ നയങ്ങൾ തന്നെയാണല്ലോ. അവയെ നാം ഇസ്ലാമിൻ്റെ ചിഹ്നമായിട്ടാണല്ലോ പരിഗണിക്കുന്നത്. അതുകൊണ്ട്, ഈ നാലു മാസങ്ങളെ ബഹുമാനിക്കേണ്ടത് തഖ് വായുള്ള വിശ്വാസികളുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു: 'ആരെങ്കിലും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയിൽ നിന്നുണ്ടാകുന്നതത്രെ' (അൽ ഹജ്ജ്: 32). ഈ നാലു മാസങ്ങളിൽ ഒന്നായ റജബ് മാസത്തെ ബഹുമാനത്തോടെ പരിഗണിക്കുവാൻ ഒരു വിശ്വാസിക്ക് ഇതുതന്നെ മതി തെളിവ്. ഈ മാസങ്ങളിൽ യുദ്ധം ചെയ്യാൻ പാടില്ല എന്ന് മാത്രം കേവലം ധരിച്ചവരാണ് പൊതുവായി ജനങ്ങൾ. സത്യത്തിൽ യുദ്ധം ചെയ്യരുത് എന്ന് പറയുന്നത് യുദ്ധം എന്ന അപരനോടുള്ള പോരിൽ നിന്ന് മുക്തനായി പകരം സാഹോദര്യം ആത്മീയ ബന്ധങ്ങൾ തുടങ്ങിയവ തൽസ്ഥാനത്ത് സ്ഥാപിക്കുക കൂടി ചെയ്യുമ്പോൾ മാത്രമേ ആ ആശയം പൂർത്തിയാകൂ. ഇതിൻ്റെ ഭാഗം തന്നെയാണ് ഈ മാസത്തിൽ ചെയ്യുന്ന തെറ്റുകൾ ഏറെ ഗൗരവമുള്ളതായി തീരുന്നത്. അല്ലാഹു പറയുന്നു: വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. (അൽ ബഖറ: 217). വലിയ തെറ്റുകൾക്ക് സാധാരണയിൽ അധികം ഗൗരവമുള്ള ശിക്ഷ ഉണ്ടാകുന്നു എങ്കിൽ ആ സമയത്ത് നന്മകൾ ചെയ്യുന്നതിന് സാധാരണയിൽ അധികം പ്രതിഫലവും ഉണ്ടാകും എന്ന് പണ്ഡിതന്മാർ പറയുന്നുണ്ട്. ഖതാദ (റ) പറയുന്നു: അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ സൽകർമ്മങ്ങൾക്ക് വമ്പിച്ച പ്രതിഫലമുണ്ട് (ഖുർത്വുബി).
നബി(സ്വ) തങ്ങൾ ഈ മാസത്തെ വിവരിച്ചപ്പോൾ പ്രയോഗിച്ച 'മുളറുകാരുടെ റജബ്' എന്ന പ്രയോഗവും ഈ മാസത്തിന്റെ പ്രത്യേകതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അങ്ങനെ വിവരിച്ചത് ആ മാസത്തെ കേവലം വേറിട്ട് അടയാളപ്പെടുത്താൻ ആണ് എന്ന് കരുതുന്നതിനേക്കാൾ ഒന്നുകൂടി നല്ലത് അവർ ഈ മാസത്തോട് കാണിച്ചിരുന്ന ബഹുമാനത്തെ അടയാളപ്പെടുത്തുവാൻ ആണ് എന്ന് കരുതുന്നതാണ്. ആ ഗോത്രക്കാർ ഈ മാസത്തോട് പുലർത്തിയിരുന്ന ബഹുമാനം നബി (സ്വ) മനസ്സാ അംഗീകരിച്ചിരുന്നത് കൊണ്ടാണ് അത് എടുത്തു പറഞ്ഞത് എന്നു കരുതാം. ബഹുമാനമുള്ളയാണ് ബഹുമാനിക്കേണ്ടത്. മതപരമായ ബഹുമാനങ്ങൾ നിർവഹിക്കേണ്ടതാണെങ്കിലോ മതപരമായ ആരാധനകൾ കൊണ്ടും സമീപനം കൊണ്ടുമാണ്. ഈ തരത്തിൽ എല്ലാം വന്നുചേരുന്ന സവിശേഷതകൾ കൊണ്ടുതന്നെയാണ് മുൻഗാമികളായ മഹത്തുക്കൾ ഈ മാസത്തിന് പ്രത്യേകത കൽപ്പിച്ചത്. ഈ മാസത്തിലെ പ്രത്യേകം ചെയ്യുവാനുള്ള പ്രാർത്ഥനകളും ദിക്റുകളും പലയിടങ്ങളിലായി കാണാം. അതെല്ലാം ഇങ്ങനെ വന്നതാണ്. മറ്റൊരു സൂചന ഈ മാസത്തിന്റെ ക്രമപരമായ സ്ഥാനമാണ്. വിശുദ്ധ റമളാൻ മാസത്തിന്റെ കൃത്യം രണ്ടുമാസം മുമ്പാണ് റജബ് വരുന്നത്. അതുകൊണ്ട് മഹാന്മാരായ പല ഇമാമുകളും പറഞ്ഞതുപോലെ റമദാൻ മാസത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ തുടക്കമാണ് റജബ് മാസം. ഈ മുന്നൊരുക്കങ്ങളുടെ സാംഗത്യം മനസ്സിലാക്കുവാൻ റമദാൻ എന്താണ് എന്ന് ആദ്യം മനസ്സിലാക്കണം. കാരുണ്യവാനായ അള്ളാഹു തൻെറ വിനീതരായ ദാസന്മാർക്കുമേൽ അവന്റെ എല്ലാ കാരുണ്യവും തുറന്നിടുന്ന പുണ്യങ്ങളുടെ പൂക്കാലമാണ് പരിശുദ്ധമായ റമദാൻ. ആ മാസത്തിൽ അവൻ ഇച്ഛിക്കുന്ന പോലെ ഒരാൾ അത് ഉപയോഗപ്പെടുത്തിയാൽ ആത്മീയമായും ശാരീരികമായും സാമൂഹികമായും ഭൗതികമായും അവൻ രക്ഷയുടെ പാരമ്യത്തിൽ എത്തിച്ചേരും.
ഇതു പക്ഷേ, റമദാൻ ഒന്നിന് മാത്രം ആരംഭിക്കുന്ന ഒരാൾക്ക് പരിപൂർണ്ണമായ അർത്ഥത്തിൽ ആസ്വാദ്യവും അനുഭവവും ആയിക്കൊള്ളണമെന്നില്ല. കാരണം റമദാനിൽ ചെയ്യാനുള്ള പ്രത്യേക ആരാധന വ്രതമാണ്. കേവലം അന്നപാനാദികളെയും വികാരത്തെയും നിയന്ത്രിക്കുന്നതിനല്ല വിശാലാർത്ഥത്തിൽ വൃതം എന്നു പറയുന്നത്. മറിച്ച് ശരീരത്തിലേക്കും ജീവിതചക്രത്തിലേക്കും കടന്നു വരികയും സ്ഥാപിക്കപ്പെടുകയും ചെയ്തതിനുശേഷം മാത്രം ഏറ്റവും വലിയ വികാരങ്ങളായ അന്നപാനങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതാണ് ഇസ്ലാമിലെ വൃതം. നോമ്പ് എടുത്തു കൊണ്ടിരിക്കെ മറ്റൊരാൾ ചീത്ത പറഞ്ഞാൽ അതിന് പ്രതികരിക്കേണ്ടത് 'ഞാൻ നോമ്പുകാരനാണ്' എന്ന് പറഞ്ഞുകൊണ്ടാണ് എന്ന് നബി തിരുമേനി(സ) പഠിപ്പിച്ചിട്ടുണ്ട്. വികാരം തിളച്ചുവരുന്ന ഇത്തരം ഒരു സാഹചര്യത്തെ ഇങ്ങനെ സരളമായി നേരിടാൻ കഴിയണമെന്നുണ്ടെങ്കിൽ അതിന് റമദാൻ കർമ്മങ്ങൾ മാത്രം പോരാ, അതിന്റെ ആശയം കൂടി മനസ്സിൽ സ്ഥാപിതമാകേണ്ടതുണ്ട്. അതിന് ദീർഘവും ശക്തവുമായ മുന്നൊരുക്കം വേണ്ടിവരും. ആ മുന്നൊരുക്കത്തിന്റെ തുടക്കം റജബിലാണ്. റജബ് മുഴുവനും ആത്മാവിനെ പാകപ്പെടുത്തിയെടുത്ത് ശുദ്ധീകരിക്കുവാനും തുടർന്നുവരുന്ന ശഅ്ബാൻ മുഴുവനും ശരീരത്തെ കൂടി ആ ശുദ്ധിയിലേക്ക് ആവാഹിച്ചെടുക്കാനും ഉള്ളതാണ് എന്ന് മഹാന്മാർ പറഞ്ഞതു കാണാം. റജബ് വിത്തിടാനും ശഅ്ബാൻ നനക്കാനും റമദാൻ കൊയ്തെടുക്കാനും ഉള്ളതാണ് എന്ന് ആത്മീയ രംഗത്തെ മഹാന്മാർ പറഞ്ഞതു കാണാം. അതിനാൽ റജബിനെ നമുക്ക് റമദാൻ ആത്മീയ ത്രൈമാസ ക്യാമ്പയിനിന്റെ തുടക്കമായും കാണാം. ആ അർത്ഥത്തിലും ഈ മാസം ഏറെ സവിശേഷമാണ്.
ഈ മാസത്തിന്റെ മറ്റൊരു ആത്മീയ പ്രാധാന്യം, ലോക മുസ്ലിങ്ങളിൽ മഹാഭൂരിപക്ഷവും ഈ മാസത്തിലെ 27-ാം രാവിലാണ് ഇസ്റാഅ്, മിഅ്റാജ് എന്നിവ ഉണ്ടായത് എന്ന് വിശ്വസിക്കുന്നു എന്നതാണ്. മഹാനായ നബി തിരുമേനിയുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ അത്ഭുതവും വഴിത്തിരിവും എല്ലാമാണ് ഇസ്രാഉം മിഅ്റാജും. അതിൻ്റെ ഏറ്റവും വലിയ സവിശേഷത ആ യാത്രയിലാണ് അല്ലാഹു നബി തങ്ങളെ തൻ്റെ ഉപരി ലോകത്തേക്ക് വിളിച്ചുവരുത്തി ഫർള് നിസ്കാരങ്ങൾ നൽകിയത് എന്നതാണ്. ഇതുണ്ടായ ദിവസത്തെ കുറിച്ച് ചരിത്രങ്ങളിലും പ്രമാണങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. പക്ഷേ, വലിയ ധാരാളം പണ്ഡിതന്മാരുടെ അഭിപ്രായവും ജനങ്ങൾ പണ്ടുമുതലേ ആചരിച്ചു പോരുന്ന കീഴ്വഴക്കവും റജബ് മാസം 27നാണ് അവ ഉണ്ടായത് എന്നതാണ്. ഇമാം സർഖാനി തൻ്റെ മവാഹിബുല്ലദുന്നിയ്യ, ഇമാം ഗസ്സാലി തന്റെ ഇഹയാ ഉലൂമുദ്ദീൻ, ഇബ്നുൽ ജൗസി തൻ്റെ അൽ വഫാ, ഇമാം ബുൽഖൈനി തൻ്റെ മഹാസിനുൽ ഇസ്ലാഹ് മുതലായവയിലും ഏറെ പ്രധാനമായി ഇമാം നവവി, ഇമാം റാഫിഈ, ഇമാം സുയൂഥി തുടങ്ങിയവർ തങ്ങളുടെ കൂടുതൽ പ്രാമാണികമായ അഭിപ്രായങ്ങളിലും ഇതിനെയാണ് പിന്തുണക്കുന്നത്. അതിനാൽ റജബ് ആത്മീയതയുടെ ഉന്നതമായ വികാരങ്ങൾ വിശ്വാസികളുടെ മനസ്സിൽ ഉയർന്നെഴുന്നേൽക്കുന്ന ഒരു കാലം തന്നെയാണ്.
പ്രത്യേകമായ പുണ്യങ്ങളും പരിഗണനകളും കണ്ണടച്ച് നിഷേധിക്കുന്ന ചിലർ നമ്മുടെ സമുദായത്തിൽ ഉണ്ട്. അവർ ഒരു വിധം എല്ലാ പുണ്യകരമായ പ്രത്യേകതകളും നിഷേധിക്കുന്നവരാണ്. അതുകൊണ്ടുതന്നെ റജബിന് ഒരു പ്രത്യേകതയുമില്ല എന്ന് പറയുന്നതിനെ നാം കാര്യമായി എടുക്കേണ്ടതില്ല. കാരണം അവർ തന്നെയാണല്ലോ അങ്ങനെയും പറയുന്നത്. പ്രത്യേകതകളെ മനസ്സുകൊണ്ട് അനുവദിച്ചു കൊടുക്കുവാനുള്ള അവരുടെ അഹങ്കാരത്മകമായ അനിഷ്ടമാണ് അടിസ്ഥാന കാരണം. അതേസമയം പുണ്യവും പ്രത്യേകതയും കുടികൊള്ളുന്നിടത്തു നിന്നെല്ലാം സ്വയം ചമച്ച ചില ആത്മീയ വികാരങ്ങൾ പ്രത്യേക ആചാരങ്ങളായി കടന്നുവന്നിട്ടുണ്ട് എന്നത് സത്യമാണ്. അത് കൃത്യമായ അറിവില്ലാത്തതുകൊണ്ടും അതാതു കാലത്തെ പണ്ഡിതന്മാരുടെ ഇടപെടൽ സജീവമല്ലാത്തതുകൊണ്ടും ഉണ്ടായതാണ്. അതിൻ്റെ പേരും പറഞ്ഞ് കാടടച്ച് വെടിവെക്കുന്ന ക്രമത്തിൽ എല്ലാ പുണ്യവും നിഷേധിക്കുന്നത് അതിരുകടന്ന ധാർഷ്ട്യമാണ്. നമുക്കു മുമ്പിൽ സവിശേഷമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന അല്ലാഹുവിൻ്റെ കിത്താബ് ഉണ്ട്. അതിൻ്റെ വ്യാഖ്യാനവും വിശദീകരണവുമായി ജീവിച്ച നബി(സ്വ) തങ്ങളുടെ ജീവിത പാഠങ്ങളാകുന്ന ഹദീസുകളും സുരക്ഷിതമായി നമ്മുടെ മുമ്പിൽ ഉണ്ട്. ഈമാനിലും തഖ് വയിലും ഈ ഉമ്മത്തിന്റെ ഏറ്റവും മുമ്പിൽ നിൽക്കുന്ന സ്വഹാബിമാരും താബിഉകളും ഇമാമുമാരും സാഹിദുകളും ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വിശ്വാസികൾക്ക് വേണ്ട ശരിയായ ജീവിത സരണി ആവിഷ്കരിച്ച് അവതരിപ്പിച്ചിട്ടുമുണ്ട്. ഈ അതിരുകൾക്കുള്ളിൽ നിർബന്ധമായും ഒതുങ്ങി നിന്നുകൊണ്ടാണ് മുത്തഖീങ്ങളാകുവാൻ ആഗ്രഹിക്കുന്ന സത്യവിശ്വാസികൾ ജീവിക്കേണ്ടത്. അതിനു വിഘാതമാകുന്ന ഒന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല. ഈ അതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് ആശയത്തെയും ആദർശത്തെയും ആരാധനയേയും അനുസരണയെയും വിധേയത്വത്തെയും ശക്തിപ്പെടുത്തുകയും കൂടുതൽ തെളിച്ചപ്പെടുത്തുകയും ചെയ്യുന്നതെല്ലാം നമുക്ക് ചെയ്യാവുന്നതാണ്, ചെയ്യേണ്ടതാണ്. ഇതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്ന യഥാർത്ഥ ഇസ്‌ലാമിൻ്റെ നിലപാട്. അടിസ്ഥാനപരമായ ഈ വ്യാഖ്യാനത്തിൽ വന്ന പിഴവാണ് പുണ്യങ്ങളെയും പ്രത്യേകതകളെയും എല്ലാം നിരാകരിക്കുന്നവർക്ക് പറ്റിയ തെറ്റ്. അത് മുത്തീങ്ങൾക്ക് പറ്റിക്കൂടാ.
0
Thoughts & Arts
പുണ്യങ്ങളുടെ റജബുകാലം
2026-01-31
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso