ഇഅ്ജാസ്
ടി എച്ച് ദാരിമി
അബ്ബാസി ഭരണകൂടത്തിലെ അഞ്ചാമത്തെ ഭരണാധികാരിയായിരുന്നു ഖലീഫ ഹാറൂൺ റഷീദ്. എ ഡി 786 (ഹിജ്റ 170) മുതൽ എഡി 890 (ഹിജ്റ 197) വരെ ആയിരുന്നു അദ്ദേഹത്തിൻ്റെ ഭരണ കാലം. അബ്ബാസി ഭരണാധികാരികളിൽ ചരിത്രം ഏറെ ഓമനത്തോടുകൂടിയും അഭിമാനത്തോടുകൂടിയും ഓർക്കുന്ന ഒരു ഖലീഫയാണ് അദ്ദേഹം. ഭരണ സാമർത്ഥ്യം, പ്രജാക്ഷേമം, മതബോധം, നീതി തുടങ്ങിയവയെല്ലാം അദ്ദേഹത്തിൻ്റെ ജീവിതത്തിലും ഭരണത്തിലും നിറഞ്ഞു നിന്നിരുന്നു. പൊതുവേ അബ്ബാസികളുടെ കാലം ഇസ്ലാമിക കലയുടെയും സംസ്കാരത്തിന്റെയും വളർച്ചയുടെയും പുരോഗതിയുടെയും കാലമായിരുന്നു. അറിവ് എല്ലായിടത്തും വ്യവഹരിക്കപ്പെട്ടു. അറിവിൻ്റെ വ്യാപാരം കൊട്ടാരത്തിൽ കുടികെട്ടിയ കാലമായിരുന്നു ഹാറൂൺ റഷീദിന്റേത്. അദ്ദേഹം അറിവിനെയും അറിവുള്ളവരെയും ബഹുമാനിക്കുന്ന ഒരാളായിരുന്നു. അറിവ് തേടുന്നതും ലഭിച്ച അറിവിനെ വളർത്തി വലുതാക്കുന്നതും അദ്ദേഹത്തിൻ്റെ ത്വരയായിരുന്നു. അദ്ദേഹത്തിൻ്റെ കൊട്ടാരത്തിൽ മിക്ക ദിവസങ്ങളിലും പണ്ഡിത സദസ്സുകൾ ചേരുമായിരുന്നു. രാജ്യത്തെ പ്രമുഖ പണ്ഡിതന്മാരെ അന്നേദിവസം ദർബാറിൽ വിളിച്ചുവരുത്തുകയും വളരെ ആഴത്തിലുള്ള പഠനങ്ങളും ചർച്ചകളും നടക്കുകയും ചെയ്യുമായിരുന്നു. ഓരോ ദിവസങ്ങളിൽ ഓരോ വിഷയങ്ങളും ആ വിഷയങ്ങളിലെ പ്രതിഭകളും ആയിരുന്നു ഒരുമിച്ചു കൂടുമായിരുന്നത്. ആ ക്രമത്തിൽ ഒരു ദിവസം അറബി ഭാഷയുടെ ചർച്ചയും അവതരണവും എല്ലാം നടക്കുകയാണ്. അറബി ഭാഷാ ചർച്ചകൾക്കായി നേതൃത്വം നൽകുവാൻ ക്ഷണിക്കപ്പെട്ടിരിക്കുന്നത് ഇമാം അസ്മഇയെയാണ്. അബ്ദുൽ മലിക് എന്ന് പേരുള്ള ഇമാം അസ്മഈ ആ കാലത്ത് ബസ്വറയിൽ താമസിച്ചിരുന്ന ഒരു വലിയ ഭാഷാ പണ്ഡിതനായിരുന്നു. ധാരാളം പേർ ദർബാറിൽ ഒരുമിച്ചു കൂടിയിട്ടുണ്ട്. ഖലീഫ രംഗത്ത് തന്നെയുണ്ട്. ജ്ഞാന കുതികളായ പലരും പുതിയ അറിവുകൾ തേടി ആർത്തിയോടെ വന്നിരിക്കുകയാണ്. വിഷയത്തിൽ അത്ര അറിവൊന്നും ഇല്ലാത്ത ചിലർ വന്നിരിക്കുന്നത് ഇടയ്ക്കിടെ ഉണ്ടാകുന്ന സംവാദങ്ങളുടെയും വാഗ്വാദങ്ങളുടെയും ചൂട് ആസ്വദിക്കുവാനാണ്. ഇമാമവർകൾ ഉണ്ട് എന്ന് അറിഞ്ഞതിന്റെ പേരിൽ മാത്രം വന്നവരും ധാരാളമുണ്ട്.
ഇമാം അസ്മഈ ആ സദസ്സിൽ പറയാൻ ഉദ്ദേശിക്കുന്ന ഒരു ഭാഷാപരമായ വസ്തുത ചൂണ്ടിക്കാണിക്കുവാൻ വേണ്ടി ഉപയോഗപ്പെടുത്തിയത് വിശുദ്ധ ഖുർആനിനെയായിരുന്നു. അറബി ഭാഷയിൽ ഭാഷാപരമായ നിയമങ്ങളുടെ കാര്യത്തിൽ ഒരു സന്ദേഹമോ ഒരു ന്യൂനതയോ ഇല്ലാത്ത വിധം ഉദ്ധരിക്കാവുന്ന ഒന്നുണ്ടെങ്കിൽ അത് വിശുദ്ധ ഖുർആൻ മാത്രമാണ് എന്നത് അവിതർക്കിതമാണ്. ഇമാം അസ്മഈ തങ്ങൾ ഓതിയത് അൽ മാഇദ അധ്യായത്തിലെ 38-ാമത്തെ സൂക്തമായിരുന്നു. 'വസ്സാരിഖു വസ്സാരിഖത്തു' എന്നാരംഭിക്കുന്ന ആ ആയത്തിൽ അല്ലാഹു പറയുന്നത് 'മോഷണം നടത്തിയ പുരുഷന്റെയും സ്ത്രീയുടെയും കൈകള്‍ അവരനുവര്‍ത്തിച്ച ദുഷ്‌ചെയ്തിക്ക് പ്രതിഫലമായി നിങ്ങള്‍ വിച്ഛേദിച്ചുകളയുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയാണിത്. അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു' എന്നാണ്. മോഷണത്തിൻ്റെ ഇസ്ലാമിക ശിക്ഷയെ കുറിച്ചാണ് ആയത്ത് പറയുന്നത്. ഈ ആയത്തിൽ അതിൻ്റെ തുടക്കത്തിൽ മറ്റൊരു കൗതുകം കൂടിയുണ്ട് എന്നത് സാന്ദർഭികമായി നമുക്ക് ഓർക്കാം. അത്, മോഷണം എന്ന കുറ്റത്തിൻ്റെ ശിക്ഷ പറയുകയാണ് എങ്കിലും, അത് ചെയ്യുന്നത് ആണായാലും പെണ്ണായാലും തത്വത്തിൽ വ്യത്യാസമൊന്നും കുറ്റത്തിലും ശിക്ഷയിലും ഇല്ല എങ്കിലും, അല്ലാഹു ആയത്തിൽ മോഷ്ടിക്കുന്നവൻ, മോഷ്ടിക്കുന്നവൾ എന്നിങ്ങനെ പ്രത്യേകം വേർതിരിച്ചു പറഞ്ഞിരിക്കുന്നു എന്നതാണ്. ഇതെന്തിനാണ് അങ്ങനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത് എന്നത് ഒരാലോചന തന്നെയാണ്. അതിൻ്റെ ഉത്തരം, ആണിനെ ആദ്യവും പെണ്ണിനെ രണ്ടാമതായി പറഞ്ഞിരിക്കുന്നു എന്ന് വരുത്തുവാൻ വേണ്ടിയായിരിക്കും എന്നതാണ്. അതല്ലാതെ മറ്റൊരു സാധ്യതയും ഇന്നത്തെ കാലത്ത് നമ്മുടെ സാമൂഹികത നമുക്ക് അനുമാനിക്കാൻ ഇല്ല. അങ്ങനെ ആണിനെയും പെണ്ണിനേയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നത് മോഷണം എന്ന കുറ്റം അധികവും പുരുഷന്മാരിൽ നിന്നാണ് സംഭവിക്കാറുള്ളത് എന്നത് സൂചിപ്പിക്കുവാൻ വേണ്ടി ആയിരിക്കാം. കാരണം, സാമ്പത്തികമായി ശക്തി നേടുക, പണം സമ്പാദിക്കുക തുടങ്ങിയ പ്രധാന നേരിട്ടുള്ള ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള മോഷണം അധികവും പുരുഷന്മാരാണ് ചെയ്യുക, ചെയ്യുന്നത് എന്നത് നമ്മുടെ അനുഭവമാണ്. സ്ത്രീകൾ മോഷ്ടിക്കാറില്ല എന്ന് ഇതിനർത്ഥമില്ല. പക്ഷെ, സ്ത്രീകളിലെ മോഷണം പലപ്പോഴും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയായാണ് ഉണ്ടാവുന്നത് എന്നാണ് മനശാസ്ത്ര പഠനങ്ങൾ പറയുന്നത്. ഇത് ക്ലെപ്‌റ്റോമാനിയ (Cleptomania) എന്ന മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണ് എന്ന് ആ മേഖലയിലുള്ളവർ പറയുന്നു. ഇതൊരു മാനസിക വൈകല്യമാണ്. ആവശ്യമില്ലാത്ത സാധനങ്ങൾ മോഷ്ടിക്കാൻ തോന്നുന്ന അമിതമായ ആഗ്രഹമാണ് ഇതിന്റെ ലക്ഷണം. അതുകൊണ്ടെല്ലാം മോഷണത്തെക്കുറിച്ച് പറയുമ്പോൾ ആണുങ്ങളെ ഒന്ന് ആദ്യമായി എടുത്തു പറയേണ്ടതുണ്ട് എന്ന നിലക്കാണ് അങ്ങനെ പറഞ്ഞിരിക്കുന്നത് എന്നതാണ് ആ കൗതുകം.
ഇമാം അസ്മഈ തങ്ങൾ മേൽപ്പറഞ്ഞ ആയത്ത് ഓതി അവസാനിപ്പിച്ചത് പക്ഷേ ആയത്തിൽ ഉള്ള 'അസീസുൻ ഹകീം' (അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു) എന്നതിനുപകരം ശ്രദ്ധയില്ലാതെ 'ഗഫൂറുൻ റഹീം' (പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു) എന്നായിരുന്നു. ഇത് സദസ്സിൽ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. പ്രധാനിയായ ഒരാൾ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ ശ്രദ്ധ അദ്ദേഹം പറയുന്നതിലേക്ക് പതിയുന്നതിന് പകരം അദ്ദേഹത്തിൽ ഉടക്കി നിൽക്കുന്നത് പൊതുവെ ഉണ്ടാകാറുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. പക്ഷെ, സദസ്സിൽ ഒരാൾ ഒച്ചയനക്കി. സദസ്സ് അങ്ങോട്ട് നോക്കുമ്പോൾ അതൊരു അഅ്റാബിയാണ്. നാഗരിക-സാംസ്കാരിക വളർച്ചകൾ നേടുന്ന സാഹചര്യങ്ങളിൽ നിന്ന് അകന്ന് ജീവിക്കുന്ന വ്യക്തിയാണ് അഅ്റാബി. അദ്ദേഹം തൻ്റെ പരുഷ സ്വരത്തിൽ ഉറക്കെ പറഞ്ഞു: 'ആരുടെ വർത്തമാനമാണ് താങ്കൾ ഇപ്പോൾ പറഞ്ഞത്?' സദസ്സും ഇമാം അസ്മഈയും ഒന്നിച്ച് ഞെട്ടി. 'ഇത് അല്ലാഹുവിൻ്റെ കലാമല്ലേ.., 'പിന്നെ എന്താണ് ഇങ്ങനെ ചോദിക്കുന്നത്?'. അഅ്റാബി കൂസലൊന്നും ഇല്ലാതെ പറഞ്ഞു: 'ഇത് അല്ലാഹുവിൻ്റെ കലാമാകുവാൻ യാതൊരു സാധ്യതയുമില്ല, അല്ലാഹു ഒരിക്കലും ഇങ്ങനെ പറയില്ല..' ഇത് കേട്ടതും സദസ്യർക്ക് വല്ലാത്ത ഒരു അരോചക അസ്വസ്ഥത അനുഭവപ്പെട്ടു. അവർ ഏറെ അംഗീകരിക്കുന്ന ഒരു വലിയ പണ്ഡിതനെ ഒരു അഅ്റാബി ഇങ്ങനെ നിരൂപണം ചെയ്തത് അവർക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ജനങ്ങൾ അതുവച്ച് ഇടപെടുന്നതിന് മുമ്പ് ഇമാമവർകൾ അദ്ദേഹത്തോട് പറഞ്ഞു: 'സഹോദരാ, ഞാൻ പരിശുദ്ധ ഖുർആനിലെ അൽ മാഇദ അധ്യായത്തിലെ 38 -ാം വചനമാണ് പാരായണം ചെയ്തത്'. അപ്പോഴും അയാൾ പറഞ്ഞു: 'പക്ഷേ താങ്കൾ പാരായണം ചെയ്തത് പോലെ വരാനുള്ള ഒരു സാധ്യതയും ഞാൻ കാണുന്നില്ല'. ഇമാം അവർകൾക്കും ചെറിയ ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടു. അദ്ദേഹം ചോദിച്ചു: 'താങ്കൾ വിശുദ്ധ ഖുർആൻ മനപ്പാഠമുള്ള ഒരാളാണോ, അല്ലെങ്കിൽ അൽ മാഇദ എന്ന അധ്യായം മനപ്പാഠമുള്ള ആളാണോ' എന്ന്. അഅ്റാബി അല്ലെന്ന് തലയാട്ടി. അതോടെ ഇമാം അവർകൾ താൻ പാരായണം ചെയ്ത ആയത്ത് നേരിൽ കാണിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു. മുസ്ഹഫ് കൊണ്ടുവരുവാൻ ഒരാളെ പറഞ്ഞയച്ചു. അയാൾ കൊണ്ടുവന്ന മുസ്ഹഫിൽ പ്രസ്തുത ആയത്തെടുത്തു. എന്നിട്ട് അതിലൂടെ വിരലോടിച്ചുകൊണ്ട് പാരായണം ചെയ്യാൻ തുടങ്ങി. അപ്പോഴാണ് അദ്ദേഹത്തിന് തനിക്കു പിണഞ്ഞ അബദ്ധം മനസ്സിലായത്. അദ്ദേഹം ഓതിയത് പോലെ 'ഗഫൂറുൻ റഹീം' എന്നല്ല 'അസീസുൻ ഹക്കീം' എന്നായിരുന്നു അവസാനം.
ഇമാം അസ്മഇയും സദസ്സും ഒരേപോലെ ഞെട്ടിപ്പോയി. തികച്ചും നിരക്ഷരനായ ഈ ഗ്രാമവാസിക്ക് എങ്ങനെയാണ് ഇത് ഈ വിധത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞത് എന്നതായി അവരുടെ അത്ഭുതം. ഇമാം അത് നേരിട്ട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'താങ്കൾ പാരായണം ചെയ്ത സൂക്തത്തിൻ്റെ ആശയം മോഷണത്തിനുള്ള ശിക്ഷയാണ്. മോഷണവും അതിനുള്ള ശിക്ഷയും ഗുരുതരമാണ്. ഗുരുതരമായ ഒരു കാര്യം പറയുമ്പോൾ അള്ളാഹു അത് അവസാനിപ്പിക്കാറുള്ളത്, ഗൗരവ ഭാവവും അർത്ഥവുമുള്ള അവൻ്റെ ഗുണഗണങ്ങൾ പറഞ്ഞു കൊണ്ടായിരിക്കും. താങ്കൾ ആദ്യം പാരായണം ചെയ്ത 'ഗഫൂറുൻ റഹീം' എന്നതിൽ അതില്ല. ആ രണ്ട് വിശേഷണങ്ങളിലും ഉള്ളത് അവൻ്റെ കാരുണ്യം ആണ്. അതേസമയം അവിടെ 'അസീസുൻ ഹകീം' എന്നാകുമ്പോൾ മാത്രമേ ആശയ ഗൗരവവും അല്ലാഹുവിൻ്റെ നിയമാധിപത്യ സ്വഭാവവും പ്രകടമാകൂ. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്'. അത് കേട്ട ഇമാം അസ്മഈ 'അല്ലാഹുവാണ്, എനിക്ക് അറബി ഭാഷ ഇനിയും വശപ്പെട്ടിട്ടില്ല' എന്നു പറയുകയുണ്ടായി.
ഈ സംഭവം വിശുദ്ധ ഖുർആനിൻ്റെ വലിയ ഒരു അമാനുഷികതയിലേക്ക് നമ്മെ കൊണ്ടുപോകുന്നു. അത് ആശയവും പ്രയോഗവും തമ്മിലുള്ള ബന്ധമാണ്. വിശുദ്ധ ഖുർആനിലെ ആയത്തുകൾ അധികവും അവസാനിക്കുന്നത് അല്ലാഹുവിൻ്റെ ഗുണഗണങ്ങൾ പറഞ്ഞു കൊണ്ടാണ്. അല്ലാഹുവിൻ്റെ ഗുണഗണങ്ങൾ തീർച്ചയായും മനുഷ്യരെ പഠിപ്പിക്കേണ്ടത് തന്നെയാണ്. കാരണം അദൃശ്യനും അരൂപനുമായ അല്ലാഹുവിനെ മനസ്സ് ഉൾക്കൊണ്ടുകൊണ്ട് ആരാധിക്കണമെന്നുണ്ടെങ്കിൽ വിശ്വാസിയുടെ മനസ്സിൽ ചെറിയ ഒരു രൂപത്തിൽ എങ്കിലും അവനെ സങ്കൽപ്പിക്കാൻ കഴിയണം. പക്ഷേ, അതിനായി കുറേയധികം ആയത്തുകൾ ഉപയോഗപ്പെടുത്തുന്നില്ല. മറിച്ച് ഓരോ ആശയവും പറയുമ്പോൾ അതിന്റെ അവസാനത്തിൽ ഇത്തരം നാമങ്ങളും വിശേഷണങ്ങളും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അത് ആകട്ടെ ആ വിഷയത്തോട് പൊതുവായി ബന്ധപ്പെട്ട് കിടക്കുന്ന ആശയം ഉൾക്കൊള്ളുന്ന നാമമോ വിശേഷണമോ ആയിരിക്കും. ഇത് പരിശുദ്ധ ഖുർആനിൽ പൊതുവായി കാണപ്പെടുന്ന ഒരു സംഗതിയാണ്. മറ്റൊരു ഉദാഹരണം പറഞ്ഞാൽ അത് സൂറത്തു ന്നൂറിൽ നിന്നുള്ളതാണ്. അതിൽ അള്ളാഹു പറയുന്നു: ഓ നബിയേ, തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവര്‍ക്കേറ്റം പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെക്കുറിച്ചു സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. (നൂർ: 30). ഈ സൂക്തം അവസാനിക്കുന്നത് അള്ളാഹു നിങ്ങളുടെ ചെയ്തിയെ കുറിച്ച് സൂക്ഷ്മ ജ്ഞാനിയാണ് എന്ന് പറഞ്ഞു കൊണ്ടാണ്. സൂക്തത്തിൻ്റെ പ്രമേയമാണെങ്കിൽ ദൃഷ്ടികൾ താഴ്ത്തുക, ഗുഹ്യഭാഗങ്ങൾ സംരക്ഷിക്കുക എന്നിവയാണ്. ദൃഷ്ടികൾ താഴ്ത്തുന്നതിലും ഗുഹ്യഭാഗങ്ങൾ സൂക്ഷിക്കുന്നതിലും വൈകാരികതയുടെ സ്പർശം ഉള്ളതിനാൽ ചില രഹസ്യമായ വിട്ടുവീഴ്ചകളോ വീഴ്ചകളോ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിക്കുകയാണ് എങ്കിൽ അത് മനസ്സിൻ്റെ ലൈംഗിക ത്വര കൊണ്ടുണ്ടാകുന്നതുമാണ്. അതുകൊണ്ടാണ് നിങ്ങൾ ആരും കാണാതെ ഈ ഗുരുതരമായ വീഴ്ചകൾ വരുത്തുകയാണ് എങ്കിൽ അത് അല്ലാഹുവിൻ്റെ കണ്ണിൽ പെടുക തന്നെ ചെയ്യും എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് ആയത്ത് അവരുടെ ചെയ്തികളെക്കുറിച്ചു സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു എന്നു പറഞ്ഞ് അവസാനിക്കുന്നത്. തരത്തിലുള്ള ധാരാളം അമാനുഷികതയുടെ അടയാളങ്ങൾ വിശുദ്ധ ഖുർആനിൻ്റെ പ്രമേയങ്ങളിൽ മാത്രമല്ല, പ്രയോഗങ്ങളിലും ശൈലികളിലും വരെ ഉണ്ട് എന്ന് ചുരുക്കം.
0
Thoughts & Arts
ആശയം ഉള്ളടങ്ങുന്ന അവസാനങ്ങൾ
2026-01-31
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso