മുഹമ്മദ് ടി എച്ച് ദാരിമി
അദ്ദേഹം സാംസ്കാരിക മണ്ഡലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ആളാണ്. ആഴമുള്ള വായനയും മൂർച്ചയുള്ള എഴുത്തും എല്ലാമുണ്ട്. ഓരോ കാര്യങ്ങളെക്കുറിച്ചും മനസ്സിനകത്ത് ഒരു ധാരണ പഠിച്ച് പടുത്തു ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം ആവാം അദ്ദേഹത്തെ സ്വതന്ത്രനാക്കുന്നത്. തനിക്ക് ഒരു ദൈവവും ഒരു ദൈവത്തിൻ്റെ നിയമവും വേണ്ടതില്ല, ബാധകവുമല്ല എന്നൊക്കെ അയാൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്. അയാളുടെ ഏറ്റവും അടുത്ത സുഹൃത്തിൻ്റെ പിതാവ് മരണപ്പെട്ടു. ജീവിതകാലം മുഴുവനും ഒപ്പം നടന്നു കളിച്ചും രസിച്ചും വിളക്കിയെടുത്തതായിരുന്നു അവർ രണ്ടുപേരുടെയും സൗഹൃദബന്ധം. പരസ്പരം പങ്കുവെക്കാത്ത ഒരു സ്വകാര്യവും രണ്ടു പേർക്കുമില്ല. അവരുടെ ബന്ധം അവരുടെ കുടുംബത്തിലേക്കും പകരുകയും പടരുകയും ചെയ്തിരുന്നു. അതുകൊണ്ട് മരിച്ച ആളും തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആള് തന്നെയാണ്. കക്ഷി മരണവീട്ടിലെത്തി. മതപരമായ ചടങ്ങുകൾ നടക്കുന്നുണ്ട്. വരുന്നവർ പലരും അതിന്റെ ഭാഗമായി തീരുന്നു. ചിലർ സുഹൃത്തിൻ്റെ കൈപിടിച്ച് പ്രാർത്ഥിക്കുന്നു. മറ്റു ചിലർ മയ്യിത്തിന്റെ മുമ്പിലും പ്രാർത്ഥിച്ചു നിൽക്കുന്നുണ്ട്. അയാൾ ആ കാഴ്ചകൾക്ക് മുമ്പിൽ വിമ്മിഷ്ടപ്പെട്ടു. പ്രാർത്ഥനകളിൽ താൻ വിശ്വസിക്കുന്നില്ല. മരണമെന്ന ജൈവിക പ്രക്രിയയോട് സങ്കടം കൊണ്ട് പോലും അനുതാപം കാണിക്കുവാൻ അയാളുടെ മനസ്സ് സമ്മതിക്കുന്നില്ല. ഏറ്റവും കുറഞ്ഞത് സുഹൃത്തിൻ്റെ കൈയ്യും പിടിച്ച് എന്തെങ്കിലുമൊന്ന് പറയണം എന്ന് അയാൾക്കുണ്ട്. പക്ഷേ എന്തു പറയും?. അവസാനം ഒന്നും പറയാതെ, ഒന്നും പറയാനില്ലാതെ അയാൾ ഒരു മൂലയിൽ ഒരു കസേരയിൽ കുറച്ചുനേരം ഇരുന്ന് താൻ വന്നു എന്ന് വരുത്തി തൽക്കാലം രംഗം വിട്ടു. ഇത് ഉണ്ടായ കഥ തന്നെയാണ്. സ്വകാര്യതയ്ക്ക് വേണ്ടി പേരും രംഗവും മറച്ചു വച്ചിരിക്കുകയാണ്. ഒരു ആശയം കൈപിടിച്ച് മുന്നിൽ നടക്കാനില്ലാത്ത ഏതൊരാളും ജീവിതത്തിൻ്റെ ചില പ്രധാന മുഹൂർത്തങ്ങളിൽ ഇത്തരം ഒരു നിസ്സംഗത അഭിമുഖീകരിക്കേണ്ടതായി വരും. അവിടെ അവർ തൻ്റെ നാസ്തികതയെ ശപിക്കുകയായിരിക്കും ചെയ്യുക. മനുഷ്യനെ കേവലം ജൈവികമായി നിർവചിക്കുകയും വികാരവിചാരങ്ങൾക്ക് ജീവിതത്തിൽ ഒരു സ്ഥാനവുമില്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരെല്ലാം ഇത്തരം ഒരു വേദനാജനകമായ ശൂന്യത അനുഭവിക്കുന്നുണ്ട്.
ഇവിടെയാണ് നാം മനസ്സ് എന്ന മനുഷ്യ സത്തയെ പഠിച്ചു തുടങ്ങുന്നത്. മനുഷ്യന് മറ്റു ജീവികളിൽ നിന്ന് ഒരുപാട് വ്യത്യാസമുണ്ട്. അവന്റെ ശരീരം, ശേഷികൾ, തലച്ചോറിന്റെ പ്രത്യേകതകൾ, ജീവിത അഭിരുചികൾ തുടങ്ങിയവയെല്ലാം എല്ലാ ജീവികളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ്. ഈ വ്യത്യാസം ഈ ജീവിക്കു മാത്രം നൽകപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ് എന്നിടത്തുനിന്നാണ് നാം പഠനം തുടങ്ങേണ്ടത്. അത് തീർച്ചയായും ഈ പ്രപഞ്ചത്തെ പരിചരിക്കാൻ വേണ്ടിയുള്ളതാണ്. ഈ പ്രപഞ്ചം ആണെങ്കിലോ പരിചരണം ആവശ്യമുള്ള ഒന്നാണ്. കാരണം അല്ലാഹു എല്ലാം സൃഷ്ടിച്ചുവെച്ചിട്ടുണ്ട് എങ്കിലും സൃഷ്ടിച്ചു വെച്ചതെല്ലാം അടിസ്ഥാന ഘടകങ്ങളും മൂലകങ്ങളും മാത്രമാണ്. അതിനെ തൻ്റെ ആവശ്യത്തിന് അനുഗുണമാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കേണ്ടത് മനുഷ്യൻ്റെ ചുമതലയാണ്. ഉദാഹരണമായി, കുടിക്കാൻ ചായയോ കാപ്പിയോ വേണ്ടിവരുന്ന മനുഷ്യന് സൃഷ്ടാവ് ഒരുക്കി വെച്ചിരിക്കുന്നത് വെള്ളവും തേയില ചെടിയും ഒക്കെ മാത്രമാണ്. അവയെല്ലാം കൃത്യമായ അളവിൽ ചേർത്ത് ചായ ഉണ്ടാക്കേണ്ടത് മനുഷ്യന്റെ കടമയാണ്. അപ്രകാരം തന്നെ ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെ പരസ്പര ആശ്രിതമായ വിധത്തിൽ എന്നാണ് പലതുമായും സൃഷ്ടാവ് ബന്ധിപ്പിച്ചു വെച്ചിരിക്കുന്നു. അവയെല്ലാം പരിചരിച്ച് നിലനിർത്തേണ്ടതും അവൻ തന്നെയാണ്. അതിനുവേണ്ടി നൽകിയതാണ് മനുഷ്യന് അവൻ്റെ ബുദ്ധിയും ശാരീരിക ശേഷികളുമെല്ലാം. സൃഷ്ടാവ് മനുഷ്യനെ ചുമതലപ്പെടുത്തിയതാണ് ഈ ചുമതലകളെല്ലാം. അത് അവൻ സ്വമനസ്സാ ഏറ്റെടുത്ത കാര്യങ്ങളുമാണ്. അമാനത്ത് എന്നാണ് ഇത് മതത്തിൻ്റെ സാങ്കേതികതയിൽ വ്യവഹരിക്കപ്പെടുന്നത്. ഇവയിൽ വ്യക്തിയുടെ നിലനിൽപ്പിന് ആധാരമായവയും സമുദായത്തിന്റെ നിലനിൽപ്പിന് ആധാരമായവയും സമൂഹത്തിന്റെ നിലനിൽപ്പിന് ആധാരമായ വയും ഉണ്ട്. ഈ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണെന്നും അതെങ്ങനെയെല്ലാമാണ് നിർവഹിക്കേണ്ടത് എന്നുമെല്ലാം സൃഷ്ടാവ് തന്നെ മനുഷ്യന് വിവരിച്ചു നൽകിയിട്ടുണ്ട്. പ്രവാചകന്മാരിലൂടെയും കിത്താബുകളിലൂടെയും ഓരോ മനുഷ്യനിലും നിക്ഷേപിച്ചിരിക്കുന്ന സഹജാവ ബോധത്തിലൂടെയും ആണ് അത് നൽകിയിട്ടുള്ളത്. ഇവകളെല്ലാം അന്ത്യ ഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ സമഗ്രമായി സംഗ്രഹിച്ച് വെച്ചിരിക്കുന്നു.
ഇവയെല്ലാം ഒരർത്ഥത്തിൽ പറഞ്ഞാൽ ഉത്തരവാദിത്വങ്ങളാണ്. ഉത്തരവാദിത്വങ്ങൾ നിർബന്ധമാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും അവയിൽ വരുന്ന ഏതൊരു വീഴ്ചയും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. അതിനാൽ തന്നെ തന്റെ ദൗത്യം എന്ന ബോധത്തോടെ ഒരാൾ തൻ്റെ ഉത്തരവാദിത്വം നിർവഹിക്കുവാൻ തയ്യാറാകുമ്പോൾ അവന് രണ്ടു പരിഗണനകൾ സൃഷ്ടാവ് നൽകുന്നുണ്ട്. ഒന്ന് അതിന് പരമമായ പ്രതിഫലം അവൻ നൽകും. രണ്ടാമത്തേത്, ഓരോ വ്യക്തിക്കും തൻ്റെ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുവാൻ ആവശ്യമായ ഏറ്റവും സുരക്ഷിതവും ഏറ്റവും ശരിയുമായ വഴി അവൻ കാണിക്കുന്നു. കാരണം ഓരോ ഉത്തരവാദിത്വവും മറ്റു പലരുമായി ബന്ധമുള്ളതായിരിക്കും. അവരിൽ നിന്നുള്ള പ്രതികരണം, അവരിലേക്ക് കടന്നുചെല്ലാനുള്ള ശരിയായ രീതികൾ, അനുകൂലവും പ്രതികൂലവുമായേക്കാവുന്ന ഫലങ്ങൾ തുടങ്ങി പലതും മനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഒരു സാഹചര്യത്തിലും അമാനത്ത് നിർവഹിക്കുന്ന ഒരാൾക്ക് മാനസികമായ ഒരു വേദനയും വിഷമവും ഉണ്ടാവാൻ പാടില്ല എന്ന സൃഷ്ടാവിന് നിർബന്ധമുള്ളതിനാൽ അതിനു വേണ്ട വിജയപ്രദവും ശാസ്ത്രീയവുമായ രീതികൾ അവൻ വിശുദ്ധ ഖുർആനിലൂടെ പറഞ്ഞുതന്നിട്ടുണ്ട്. അവയെ നമുക്ക് വിശുദ്ധ ഖുർആനിൻ്റെ മനശാസ്ത്രവും മാനസിക സമീപനവും എല്ലാമായി കാണാം.
ഈ സമീപനങ്ങളിൽ ഒന്നാമത്തേത് നിർമ്മാണാത്മകതയാണ്. അതായത് തൻ്റെ ദൗത്യം ചെയ്യുവാനുള്ള മാനസികമായ സന്നദ്ധത. ഒന്നും ചെയ്യാതെ മടി പിടിച്ച് ഇരിക്കുന്നതിനെ ഖുർആൻ ഒട്ടും പിന്തുണയ്ക്കുന്നില്ല. വിശുദ്ധ ഖുർആൻ നബി തിരുമേനിയോട് ഉപദേശിക്കുന്നു: 'അതുകൊണ്ട് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവായാല്‍ താങ്കള്‍ ആരാധനാ നിരതനാവുക' (ശർഹ്: 7). ഇത്തരത്തിൽ ഒരാൾ തന്റെ ദൗത്യം നിർവഹിക്കുവാൻ സർവ്വാത്മനാ തയ്യാറാകുമ്പോൾ അതിലേക്ക് അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത് അല്ലാഹുവിലുള്ള വിശ്വാസമായിരിക്കണം എന്ന് വിശുദ്ധ ഖുർആൻ പറയുന്നു. മാത്രമല്ല, ചെയ്യുന്നത് ചെയ്തു പൂർത്തീകരിക്കുവാൻ വേണ്ട ശക്തി അല്ലാഹു എന്ന സ്രോതസ്സിൽ നിന്നു തന്നെ വരും, വരണം എന്നൊക്കെയുള്ള ബോധവും ബോധ്യവും അവനിൽ ഉണ്ടായിരിക്കണം. അല്ലാഹു പറയുന്നു: ‘അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു’ (ആലു ഇംറാന്‍:159). ഈ ബോധ്യം മനുഷ്യൻ്റെ മനസ്സിനെ രണ്ടു നിലക്ക് സ്വാധീനിക്കുന്നുണ്ട്. ഒന്നാമതായി, അല്ലാഹുവിൻ്റെ അചിന്തനീയമായ പ്രതിഫലത്തിലുള്ള പ്രതീക്ഷ മനസ്സിൽ ഉണരുന്നു. അത് ഏതു കർമ്മത്തിന്റെയും പ്രധാനപ്പെട്ട ഇന്ധനമാണ്. രണ്ടാമതായി അല്ലാഹുവിനെ ഏൽപ്പിച്ചാൽ അല്ലാഹു അത് പൂർത്തിയാക്കി തരും എന്ന വിശ്വാസം മനസ്സിന് കൈവരുന്നു. അത്തരം ഒരു വിശ്വാസം കർമ്മവുമായി മുന്നോട്ടു പോകുവാൻ വലിയൊരു പ്രചോദനമാണ്.
മനുഷ്യൻ്റെ ഏതു പ്രവർത്തനവും ഒന്നുകിൽ വിജയത്തിൽ അല്ലെങ്കിൽ താൽക്കാലിക പരാജയത്തിൽ ആയിരിക്കും കലാശിക്കുക. ഈ ഫലം ആത്യന്തികമായി നിശ്ചയിക്കുന്നത് അല്ലാഹുവാണ് എന്ന ബോധ്യം കൂടി അല്ലാഹുവിൽ ഭരമേല്പിച്ചുകൊണ്ട് ഒരു കാര്യം ചെയ്യുമ്പോൾ മനസ്സിൽ ഉണ്ടാകുന്നു. അതുകൊണ്ട് പരാജയം സംഭവിച്ചാൽ അതിൻ്റെ ആഘാതത്തെ ലഘൂകരിക്കാൻ കഴിയും. തനിക്ക് അത് അല്ലാഹു വിധിക്കാത്തത് കൊണ്ടാണെന്നും തനിക്കു വേണ്ട ഗുണമോ ഉപകാരമോ അതിൽ ഇല്ലാത്തതുകൊണ്ടാണ് വിധിക്കാത്തത് എന്നുമെല്ലാം ആ സന്ദർഭത്തിൽ കരുതാൻ മനസ്സിനു കഴിഞ്ഞാൽ അത് വലിയ ഒരു സാന്ത്വനവും ആശ്വാസവും ആയി തീരും. മറിച്ച് വിജയത്തിലാണ് കലാശിച്ചത് എങ്കിൽ മനുഷ്യ മനസ്സിൻ്റെ പ്രകൃതം പെട്ടെന്ന് ആ ഫലത്തിന്റെ ഗുണങ്ങളിലേക്കും സുഖങ്ങളിലേക്കും ചുരുങ്ങുകയും അതിലേക്ക് എത്തിച്ച വഴികളെ മറന്നു പോവുകയും ചെയ്യുക എന്നതാണ്. അതുകൊണ്ടാണ് സുഖങ്ങളും നേട്ടങ്ങളും പലപ്പോഴും അല്ലാഹുവിനെ മറക്കാൻ കാരണമാകുന്നു എന്നു പറയുന്നത്. അല്ലാഹു പറയുന്നു: 'ഭൂമിയിലോ നിങ്ങളുടെ സ്വന്തത്തില്‍ തന്നെയോ ഏല്‍ക്കുന്ന ഏതൊരു വിപത്തും, അതു സൃഷ്ടിക്കും മുമ്പ് തന്നെ ഒരു ഗ്രന്ഥത്തില്‍ ഉണ്ടായേ തീരൂ; അല്ലാഹുവിന്നത് സുഗമമാണ്. നിങ്ങള്‍, നഷ്ടപ്പെട്ടവയുടെ പേരില്‍ ദുഃഖിക്കാതെയും കിട്ടിയതിന്റെ പേരില്‍ ആഹ്ലാദിക്കാതെയുമിരിക്കാനാണത് ' (ഹദീദ്: 22,23). അല്ലാഹുവിന്റെ വിധിയും നിര്‍ണയവുമനുസരിച്ചേ ഏതു കാര്യവും സംഭവിക്കൂ. അവയത്രയും ലൗഹുല്‍ മഹ്ഫൂളില്‍ ഉല്ലേഖിതമാണ്. ഇത് നിങ്ങളെ അറിയിക്കുന്നത്, അത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍ പരിധി വിട്ട് ദുഃഖിക്കുകയോ അഹന്തയുടെയും തന്‍പോരിമയുടെയും ലക്ഷണമായ അത്യാഹ്ലാദമുണ്ടാവുകയോ ചെയ്യരുത് എന്നതു കൊണ്ടാണ്. ദുഃഖകരമായ സംഭവങ്ങളുണ്ടാകുമ്പോള്‍ ക്ഷമിക്കുകയും സന്തോഷകരമായവയുണ്ടാകുമ്പോള്‍ കൃതജ്ഞത രേഖപ്പെടുത്തുകയുമാണ് വേണ്ടത്. ഈ രണ്ടു ലക്ഷണങ്ങള്‍ വിശ്വാസിക്ക് മാത്രമുള്ളതും അവന്നത് ഉത്തമവുമാകുന്നു എന്ന് തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം).
മനുഷ്യൻ്റെ കർമ്മനിരതതയെ പ്രതികൂലമായി ബാധിക്കുന്ന ഓരോ ഘടകത്തെയും വിശുദ്ധ ഖുർആൻ തടയുന്നുണ്ട്. അത് ഖുർആൻ നടത്തുന്ന മനശാസ്ത്രപരമായ ഇടപെടലാണ്. കർമ്മനിരതതയെ തടയുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് ദൗത്യം നിർവഹിക്കുമ്പോൾ നേരിടുന്ന പ്രയാസങ്ങൾ. പ്രയാസങ്ങളിൽ തട്ടി പദ്ധതി, കർമ്മം എന്നിവ ഉപേക്ഷിക്കപ്പെടരുത് എന്നതുകൊണ്ട് ഖുർആൻ ഒരു മഹാതത്വം മനുഷ്യനെ പഠിപ്പിക്കുന്നു. ഖുർആൻ അത് ഇങ്ങനെയാണ് പറയുന്നത്: 'ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും' (ശർഹ്: 5). ഞെരുക്കത്തെ മറികടക്കാനുള്ള ഊർജ്ജമാണ് വരാനിരിക്കുന്നത് എളുപ്പമാണ് എന്ന പ്രതീക്ഷ. സൂറത്ത് ശർഹിൽ ഇതേ സൂക്തം ആവർത്തിക്കുന്നുണ്ട്. അതിൻറെ ഭാഷാപരമായ വിശദീകരണത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത്, ഇവിടെ ആവർത്തിക്കപ്പെട്ട ഞെരുക്കം രണ്ടും ഒന്നുതന്നെയാണെന്നും എന്നാൽ എളുപ്പം രണ്ടും രണ്ടാണ് എന്നുമാണ്. അതോടെ ഈ ആശയം വീണ്ടും വികാസം പ്രാപിക്കുന്നു. അതായത് ഒരേ ഞെരുക്കത്തിന് രണ്ടു എളുപ്പങ്ങൾ വരാനിരിക്കുന്നുണ്ട് എന്ന വികാസം. അപ്രകാരം തന്നെ കർമ്മനിരതതയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന മറ്റൊരു കാര്യമാണ് ഭീതിയും ഭയവും. അസ്പഷ്ടമായ ഭീതിയും ഭയവും മനുഷ്യൻ്റെ മനസ്സിൽ ആശങ്കകൾ ജനിപ്പിക്കും അത് തൻ്റെ ദൗത്യത്തിലേക്ക് മുന്നിടുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്തേക്കും. അവിടെ അല്ലാഹു കൂടെയുണ്ട് എന്ന ബോധ്യം പകർന്നു നൽകി കൊണ്ടാണ് വിശുദ്ധ ഖുർആൻ മനുഷ്യൻ്റെ മനസ്സിനെ ഇത്തരം ഭീതികളിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. അതിനുവേണ്ടി വിശുദ്ധ ഖുർആൻ കേവലം ഒരു പ്രസ്താവന എന്നതിലുപരി ഒരു രംഗം തന്നെ ചിത്രീകരിച്ചു വെച്ചിരിക്കുകയാണ്. മഹാനായ നബി തിരുമേനി(സ്വ) ഹിജ്റ പോകുന്ന രംഗമാണ് അത്. അബൂബക്കർ(റ)വിനോടൊപ്പം തൗർ ഗുഹയിൽ എത്തിച്ചേരുകയും അവരെ പിടികൂടാൻ വേണ്ടി മക്കയിലെ ശത്രുക്കൾ ഗുഹാമുഖം വരെ വരികയും അവരുടെ കാലുകൾ നേരിട്ട് ശ്രദ്ധയിൽ പെടുകയും ചെയ്തപ്പോൾ അബൂബക്കർ(റ)വിൻ്റെ മനസ്സിൽ ഈ ഭീതിയും ഭയവും പുറത്തുചാടിയ രംഗമായിരുന്നു അത്. അപ്പോൾ നബി തങ്ങൾ അദ്ദേഹത്തെ ഇങ്ങനെ പറഞ്ഞു ആശ്വസിപ്പിച്ചു: 'വിഷമിക്കേണ്ട അല്ലാഹു നമ്മോടൊപ്പം ഉണ്ട്'. ഈ പ്രയോഗത്തെ വിശുദ്ധ ഖുർആൻ അതേപടി പ്രയോഗിക്കുകയായിരുന്നു. അത് പ്രയോഗിച്ചത് അന്ത്യനാളോളം ആ രംഗം ഒരു തത്വമായി നിലനിൽക്കുവാൻ വേണ്ടി തന്നെയാണ്.
തന്നിൽ നിക്ഷിപ്തമായ അമാനത്ത് നിറവേറ്റുന്നതിൽ മനുഷ്യൻ്റെ മനസ്സിന് അനുഭവപ്പെടുന്ന മറ്റൊരു വിമ്മിഷ്ടം ജയപരാജയങ്ങളെ കുറിച്ചുള്ള ആശങ്കയാണ്. ഇത്തരം ഒരു ആശങ്ക വരുന്നതോടുകൂടെ മനുഷ്യൻ്റെ മനസ്സ് വിറയ്ക്കുവാന്‍ തുടങ്ങും. അത് ചഞ്ചലമായിത്തീരും. മനസ്സിൻ്റെ ചഞ്ചലത പ്രവർത്തനത്തിന്റെ സമ്പൂർണ്ണതയെ തീർച്ചയായും ബാധിക്കും. അങ്ങനെ പറ്റാതിരിക്കാൻ വിശുദ്ധ ഖുർആൻ മറ്റൊരു തത്വം പഠിപ്പിക്കുന്നു. ഖുർആൻ പറയുന്നു: 'അറിയുക, ദൈവസ്മരണകൊണ്ടു മാത്രമേ ഹൃദയങ്ങള്‍ക്കു പ്രശാന്തി കൈവരൂ' (റഅദ്: 28). അമാനത്ത് ദൗത്യം നിർവഹിക്കുന്നതിൽ നിന്ന് മനുഷ്യനെ പിന്നോട്ട് വലിക്കുന്ന മറ്റൊരു കാര്യം സംബോധിതരുടെ പ്രതികരണമാണ്. ആ പ്രതികരണം പ്രതികൂലമായി തീർന്നാൽ ഏതൊരാളുടെയും മനസ്സ് തകർന്നുപോകും. ഇവിടെ വിശുദ്ധ ഖുർആൻ ഉപദേശിക്കുന്നത് ക്ഷമയെയാണ്. പ്രബോധന രംഗത്ത് ഉണ്ടാകുന്ന പ്രതികൂലതകളിലുള്ള ക്ഷമ, അവഗണനയോട് പുലർത്തുന്ന ക്ഷമ, ആരാധനകളും കർമ്മങ്ങളും ചെയ്യുവാൻ മനസ്സിനെ പാകപ്പെടുത്തുവാനുള്ള ക്ഷമ, തിന്മകളും വൈകാരികതകളും വേണ്ടെന്ന് വെക്കുവാനുള്ള ക്ഷമ, സഹകരിക്കേണ്ടവരിൽ നിന്ന് ഉണ്ടാകുന്ന നിസ്സഹകരണങ്ങൾ ഉണ്ടാക്കുന്ന വേദനകളിൽ ഉള്ള ക്ഷമ, അനുകൂല ഫലത്തിനുവേണ്ടി കാത്തിരിക്കാനുള്ള ക്ഷമ തുടങ്ങി ക്ഷമയുടെ പട്ടിക നീണ്ടുകിടക്കുന്നതാണ്. ഈ ഇനങ്ങളിൽ ഓരോന്നിനെയും നേരിട്ടോ അല്ലാതെയോ വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട് എന്നതാണ് ശരി.
പ്രയാസങ്ങളും പ്രതികൂലകതകളും വരുമ്പോൾ അതിനെ മറികടക്കാനുള്ള മാർഗങ്ങൾ മാത്രമല്ല വിശുദ്ധ ഖുർആനിന്റെ ഇടപെടൽ. മറിച്ച് അത്തരത്തിൽ പ്രതികൂലമായ പ്രതികരണങ്ങൾ സംഭവിക്കാതിരിക്കുവാൻ സംബോധിതരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യം കൂടി വിശുദ്ധ ഖുർആൻ പരിഗണിക്കുന്നു. ഈ ഗണത്തിൽ ഏറ്റവും പ്രധാനം ബന്ധങ്ങളെ ക്രൂരമായി ഹനിക്കുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുക എന്നതാണ്. കളവു പറയുക, ഏഷണി പറയുക, ഭീഷണിപ്പെടുത്തുക, പരിഹസിക്കുക, കുത്തുവാക്കുകൾ പറയുക തുടങ്ങിയവയെല്ലാം വിശുദ്ധ ഖുർആൻ വളരെ ശക്തമായി നേരിടുന്നു. ഇത്തരം സമീപനങ്ങൾ ശക്തമായ പ്രതികൂലാവസ്ഥകളെയാണ് സൃഷ്ടിക്കുക. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെ വിശുദ്ധ ഖുർആൻ അൽ ഹുജറാത്ത് അധ്യായത്തിലെ 11, 12 വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു: 'സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്; അവര്‍ ഇവരെക്കാള്‍ ശ്രേഷ്ഠരായേക്കാം. ഒരു വനിതാവിഭാഗം മറ്റൊരു വനിതാവിഭാഗത്തെയും കളിയാക്കരുത്; അവര്‍ ഇവരെക്കാള്‍ ഉദാത്തരായേക്കാം. നിങ്ങള്‍ പരസ്പരം കുത്തുവാക്കുകള്‍ പറയാനും പരിഹാസപ്പേരുകള്‍ വിളിച്ച് അപമാനിക്കാനും പാടില്ല. വിശ്വാസം വരിച്ചതില്‍ പിന്നെ ചീത്തപ്പേര് വിളി ഹീനം തന്നെ. ഇങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കാത്തവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു. വിശ്വാസികളേ, മിക്ക ഊഹങ്ങളും നിങ്ങള്‍ വര്‍ജിക്കണം; നിശ്ചയം, അവയില്‍ ചിലത് കുറ്റകരമാകുന്നു. നിങ്ങള്‍ ചാരപ്പണി നടത്തുകയോ പരദൂഷണം പറയുകയോ അരുത്. സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? അത് നിങ്ങള്‍ വെറുക്കുകയാണുണ്ടാവുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയം, പശ്ചാത്താപ സ്വീകര്‍ത്താവും കരുണാമയനുമാണവന്‍'. സാമൂഹ്യ ബന്ധങ്ങളെ അവതാളപ്പെടുത്തുന്ന എല്ലാ തരം ദൂഷ്യങ്ങളെയും ഈ സൂക്തങ്ങൾ സൂചിപ്പിക്കുന്നു.
മനുഷ്യന് വിശുദ്ധ ഖുർആൻ നൽകുന്ന ഏറ്റവും വലിയ മാനസിക ഊർജ്ജവും പിന്തുണയും പ്രതീക്ഷയുടേതാണ്. മനശാസ്ത്രവും പറയുന്ന ഏറ്റവും വലിയ ഊർജ്ജം പ്രതീക്ഷ തന്നെയാണ്. പ്രതീക്ഷ കൈവിടാതിരിക്കുവാൻ വിശുദ്ധ ഖുർആൻ ആവശ്യപ്പെടുന്നു. അല്ലാഹു പറയുന്നു: 'അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ചു ആശയറ്റുപോകരുത്. നിഷേധികളായ ജനങ്ങള്‍ മാത്രമേ അവന്റെയനുഗ്രഹത്തെപ്പറ്റി ഭഗ്നാശരാകൂ' (യൂസുഫ്: 87). ഈ പരാമർശം വന്നിരിക്കുന്നത് യൂസുഫ് സൂറത്തിലാണ് എന്നതും അതിലെ കൗതുകകരവും അതിശയകരവുമായ ചരിത്രത്തിൻ്റെ ഭാഗമായിക്കൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്. നിരാശകളുടെ നൈരന്തര്യമായിരുന്നു ആ കഥയിൽ മുഴുവനും. നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടുക എന്ന പ്രതീക്ഷ ഏത് സ്വഭാവിക മനസ്സിലും നഷ്ടപ്പെട്ടു പോകുന്ന സംഭവങ്ങളുടെ പരമ്പരയാണ് ഉണ്ടായത്. മകനെ ചെന്നായ തിന്നുപോയി എന്ന വാക്ക് ഈ നിരാശയുടെ തുടക്കമായിരുന്നു. പിന്നെ കാലങ്ങളുടെ ഒഴുക്ക്, സമൂഹങ്ങളുടെ ഒഴുക്ക് തുടങ്ങിയവയെല്ലാം ആ നിരാശയെ കട്ടികൂട്ടി. പിന്നെ തികച്ചും അവിശ്വസനീയമായ കാരണങ്ങൾ പറഞ്ഞു മറ്റൊരു മകനും കൈവിട്ടു പോയി. ഏതൊരാൾക്കും നഷ്ടപ്പെട്ട മക്കളെ തിരിച്ചു കിട്ടുക എന്ന പ്രതീക്ഷ മനസ്സിൽ നിന്ന് എടുത്തു വെക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നിട്ടൊന്നും യഅ്ക്കൂബ് നബി പ്രതീക്ഷ കൈവിട്ടില്ല. പ്രതീക്ഷ കൈവിടാൻ അല്ലാഹു ഒരിക്കലും അദ്ദേഹത്തെ തോന്നിപ്പിച്ചില്ല. അവസാനം ആ മകനെ പ്രതീക്ഷിച്ചതിലും അന്തസ്സോടെ തിരിച്ചു കിട്ടുകയാണ് ചെയ്യുന്നത്. ഇതിനു സമാനമായ സംഭവം തന്നെയാണ് നബി(സ്വ) തങ്ങളുടെ ജീവിതത്തിലും ഉണ്ടായത്. പ്രവാചകത്വത്തിനുശേഷം ഏറ്റവും കുറഞ്ഞത് പത്തുവർഷക്കാലം പ്രബോധനം ഒരർത്ഥത്തിലും വിജയിച്ചു എന്ന് പറയാൻ കഴിയാത്ത വിഷമകരമായ സാഹചര്യമാണ് ഉണ്ടായത്. പക്ഷേ അപ്പോഴൊന്നും നബി(സ്വ) തങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. ചരിത്ര പ്രധാനമായ തായിഫ് ദൗത്യത്തിൽ പരീക്ഷിണിതനും പരിക്കേറ്റവനുമായി തിരിച്ചു വരുമ്പോൾ അല്ലാഹു തൻ്റെ മലക്കുകളെ വിട്ട് വേണമെങ്കിൽ അവരെ മുച്ചൂടും നശിപ്പിക്കാം എന്ന് പറയുന്നുണ്ട്. പക്ഷേ അപ്പോഴും നബി തങ്ങൾ അത് വേണ്ട എന്ന് വെക്കുന്നത് ആ ജനതയുടെ പിൻതലമുറയിൽ പ്രതീക്ഷ അർപ്പിച്ചു കൊണ്ടാണ്. അതിനുമുമ്പ് സങ്കടങ്ങളുടെ വർഷം എന്ന് ചരിത്രം വിളിച്ച് അബൂതാലിബിന്റെയും പത്നി ഖദീജ ബീവിയുടെയും വേർപാടു ഉണ്ടായി. അതും ഇതും എല്ലാം ചേർന്നപ്പോൾ നബിയുടെ മനസ്സിനെ നിരാശ പിടികൂടിയേക്കുമോ എന്ന് ആർക്കും ആശങ്കപ്പെടാവുള്ള ഒരു സാഹചര്യം സംജാതമായി. ആ സമയത്ത് അവിശ്വസനീയമായ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിലേക്ക് നബിയുടെ മനസ്സിനെയും ശരീരത്തെയും അല്ലാഹു കൂട്ടിക്കൊണ്ടുപോയി. അത് രാപ്രയാണവും ആകാശാരോഹണവും ആയിരുന്നു. അതോടെ നബിയുടെ മനസ്സിൽ വീണ്ടും പൂർവാധികം ശക്തിയോടെയും തിളക്കത്തോടെയും പ്രതീക്ഷ തിളങ്ങാൻ തുടങ്ങിയത് ചരിത്രത്തിൽ നമുക്ക് കാണാം.
0
Thoughts & Arts
മനോവ്യാപാരങ്ങളിലെ ഖുർആനിക സ്പർശം
2026-01-31
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso