വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
സമയമായിട്ടും ഊണ് കാലമായിട്ടില്ലെങ്കിൽ അത് മതി ഒരു കുടുംബ കലഹത്തിന്. ജയിലുകളിൽ ഭക്ഷണം വൈകുകയോ നിലവാരമോ അളവോ കുറയുകയോ ചെയ്താൽ സമരങ്ങൾ, പിക്കറ്റിംഗുകൾ, ഖരാവോകൾ തുടങ്ങിയവ ഉണ്ടാവാറുണ്ട് എന്നെ വായിച്ചിട്ടും കേട്ടിട്ടും ഉണ്ട്. തെരുവു കുട്ടികൾ എന്തെങ്കിലും തിന്നാൻ കയ്യിൽ തടഞ്ഞാൽ വലിയ ഊർജ്ജത്തോടു കൂടി വാരിവലിച്ചു കഴിക്കുന്നത് കാണാം. 'വിശന്നിട്ടു കണ്ണു കാണാൻ മേലാ' എന്ന് ഒരു പ്രാദേശിക ചൊല്ല് തന്നെയുണ്ടല്ലോ. പക്ഷേ, ഇത്തരം അനുഭവങ്ങളൊന്നും ഒരു നിഷ്കളങ്കമായ നിരാഹാര സത്യാഗ്രഹത്തിൽ കാണാറില്ല. ആധുനിക കാലത്തെ നിരാഹാരങ്ങളിൽ ചില അഡ്ജസ്റ്റ്മെന്റുകൾ ഒക്കെയുണ്ട് എന്ന് കേൾക്കാറുണ്ട്. പക്ഷേ, മഹാത്മജിയെ പോലുള്ളവർ കിടന്ന നിരാഹാരങ്ങളിൽ ഒന്നും അത്തരം കാപട്യം ഉണ്ടായിരുന്നില്ല. അതെന്തെങ്കിലും ആവട്ടെ, രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നത് ചിന്തിക്കുവാൻ വേണ്ടിയാണ് നാം ഈ രണ്ട് അനുഭവങ്ങൾ പറഞ്ഞത്. വിശപ്പ് വെറും ഭക്ഷണമില്ലാത്തതിനാലോ സമയം വൈകിയതിനാലോ ആകുമ്പോൾ അത് തീവ്രരൂപം പ്രാപിക്കുന്നു. കാരണം അപ്പോൾ അത് വെറും ഒരു ശാരീരിക വികാരമാണ്. അതേസമയം വിശപ്പ് ഒരു ധാർമ്മിക ആദർശത്തിന്റെ ആശയം ഉൾക്കൊള്ളുമ്പോൾ അത് ഒരു സമർപ്പണവും ആരാധനയും പ്രതിരോധവും ശക്തിയും എല്ലാമായി മാറുന്നു. വയറിൻ്റെ വിളി എന്ന കേവല അർത്ഥത്തിൽ നിന്ന് മനസ്സും കാതും ശരീരവും അതിന്റെ പിന്നിലെ കാര്യകാരണങ്ങളുടെ ആശയത്തിലേക്ക് വഴിമാറുന്നു. അതായത്, ആരു പറഞ്ഞിട്ടാണ്, പറയാൻ അവൻ്റെ അർഹത എന്താണ്, എന്തിനുവേണ്ടിയാണ്, എന്ത് അർത്ഥത്തിലാണ് ഈ വിശപ്പ് അനുഭവിക്കുന്നത് എന്നെല്ലാം മനസ്സ് ചിന്തിക്കാൻ തുടങ്ങുന്നു. അതോടെ നോമ്പ് ശരീരത്തിൽ നിന്ന് മനസ്സിലേക്ക് കുടിയേറുന്നു. ഇതാണ് റമദാനിൽ വിശ്വാസികൾ അനുഭവിക്കുന്ന വിശപ്പ് തീവ്രമായ ആത്മീയതയായി പരിവർത്തനം ചെയ്യപ്പെടുന്നതിൻ്റെ രൂപവും രീതിയും. നോമ്പിൻ്റെ ഈ അർത്ഥവും ആശയവും നബി തിരുമേനി(സ്വ) തന്നെ പഠിപ്പിച്ചിട്ടുള്ളതാണ്. ആരെങ്കിലും സത്യസന്ധനായ ഒരു നോമ്പുകാരനെ ചീത്ത പറയുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന പക്ഷം അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് പഠിപ്പിക്കവെയാണ് ഈ ആശയം നമുക്ക് കിട്ടിയത്. 'ഞാൻ നോമ്പുകാരനാണ്..' എന്നു പറയുവാനാണ് നബി തങ്ങൾ പറഞ്ഞത്. ഒരാൾ നമ്മെ ചീത്ത പറയുമ്പോൾ അതിനുള്ള പ്രതികരണമായി 'ഞാൻ ഊണ് കഴിച്ചിട്ടില്ല' എന്ന് പറഞ്ഞാൽ അതൊരു മാന്യമായതോ തത്തുല്യമായത് ആയ മറുപടിയാകുന്നതിലെ സാംഗത്യം ശരിക്കും ചിന്തിച്ചാൽ മേൽപ്പറഞ്ഞതുതന്നെയാണ് എന്ന് കാണാം. ഞാൻ വളരെ ശക്തമായ ഒരു ആത്മീയ ബന്ധത്തിലാണ്, ഞാൻ ശക്തമായ ഒരു പ്രതിരോധത്തിലാണ് തുടങ്ങിയതൊക്കെ ആയിരിക്കും അപ്പോൾ അതിൻ്റെ അർത്ഥം. അതുകൊണ്ട് ശക്തമായ നിയ്യത്ത് കരുതി അല്ലാഹുവിന് വേണ്ടി എന്ന നിലപാടോടു കൂടെ അനുഷ്ഠിക്കുന്ന നോമ്പ് മാനസികമായി വലിയ ഒരു ആത്മീയ വികാരമായി മാറുകയാണ്. അപ്പോൾ അത് ഏറ്റവും വലിയ സമർപ്പണവും ആരാധനയും കൂടി ആയിത്തീരുന്നു.
ഇതു സൂചിപ്പിക്കുന്ന മറ്റൊരു പ്രവാചക പ്രയോഗമാണ് 'ഇത് സഹനത്തിന്റെയും സമസൃഷ്ടി സ്നേഹത്തിന്റെയും മാസമാണ്' എന്നത്. നോമ്പെന്നാൽ 'ഇംസാക്' എന്നാണ്, അഥവാ പിടിച്ചു നിറുത്തൽ. മനുഷ്യന്റെ സർവ്വവിധ വികാരങ്ങളെയും ക്ഷമിച്ച് അടക്കി വെക്കലാണത്. വ്രതമെന്നത് തന്നെ ക്ഷമയുടെ പ്രതീകമായി പരിഗണിക്കപ്പെടുന്നതാണ്. കാരണം യഥാർത്ഥ ക്ഷമയുടെ പ്രയോഗിക തലങ്ങളാണ് റമളാൻ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നത്. റമളാൻ നോമ്പ് കേവലം ഒരു പട്ടിണി കിടക്കലല്ല. അതെല്ലാം കയ്യെത്താവുന്ന ദൂരത്ത് ഉണ്ടായിട്ടും പരമവും പരിശുദ്ധവുമായ ഒരു ലക്ഷ്യത്തിനു വേണ്ടി അതെല്ലാം ത്യജിക്കുന്നതാണ് സാക്ഷാൽ നോമ്പ്. ഭക്ഷണവും പാനീയങ്ങളും കിട്ടാതെ പട്ടിണി കിടക്കുന്നവനും ഇതൊക്കെ ലഭ്യമായിട്ടും അതിനെയെല്ലാം ത്യജിച്ച് നോമ്പെടുക്കുന്നവനും വ്യത്യസ്തനാണ്. രണ്ടാമത്തെ വ്യക്തി യഥാർത്ഥത്തിൽ ക്ഷമയുടെ മഹാവികാരത്തിനു വിധേയനാവുകയാണ്. അല്ലെങ്കിലും ചെയ്യാവുന്ന ഒരു കാര്യം ചെയ്യുന്നതിന് വേണ്ടതിലധികം മനശ്ശക്തി വേണ്ട കാര്യമാണ് അതു ചെയ്യാതിരിക്കുക എന്നതിന്. ഇബ്നു റജബ് ഹംബലി(റ) തൻ്റെ ജാമിഉൽ ഉലൂമി വൽ അഹ്കാമിൽ പറയുന്നുണ്ട്: 'ക്ഷമയുടെ ഏറ്റവും വലിയ ഇനം വ്രതമാണ്, കാരണം അതിൽ അള്ളാഹുവിനെ കൃത്യമായും കണിശമായും വഴിപ്പെടുന്നതിനുള്ള ക്ഷമയുണ്ട്, തെറ്റുകളെ തൊട്ട് ശരീരത്തെ തടഞ്ഞ് നിറുത്തുന്നതിനുള്ള ക്ഷമയുമുണ്ട്. അള്ളാഹു വിന്റെ അടിമ അവന്റെ എല്ലാ വൈകാരികതകളെയും തടഞ്ഞു നിറുത്തുന്ന സമയമാണിത്'. നോമ്പിൻ്റെ ഈ മനസ്ഥിതി സൃഷ്ടാവിൽ സൃഷ്ടി അലിഞ്ഞുചേരുന്ന അനുഭൂതി ജനിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ്
അള്ളാഹു പറയുന്നത്, നോമ്പെനിക്കുള്ളതാണ്, അതിന് പ്രതിഫലം നൽകുന്നത് ഞാനാണ്, കാരണം അടിമ ഭക്ഷണപാനീയങ്ങളും വികാരങ്ങളും ഉടമയായ അല്ലാഹുവിനു വേണ്ടി മാത്രം എന്ന നിനവിൽ ഒഴിവാക്കുകയാണ്. സാധാരണഗതിയിൽ മനുഷ്യന് നിയന്ത്രിക്കാനാവാത്തതാണ് ദേഷ്യം, കോപം, ക്രോധം എന്നിവയൊക്കെ. വൈകാരികത തിളച്ചുയരുന്ന ഇതൊന്നും നിയന്ത്രിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. പക്ഷെ, ഇതു ഒരു വിശ്വാസിക്ക് കഴിഞ്ഞിരിക്കേണ്ടതുണ്ട്. ഇവ പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും അല്ലാഹു നടത്തുന്ന ഒരു പദ്ധതി കൂടിയാണ് വ്രതാനുഷ്ടാനം.
മറ്റൊരു ആശയം മുവാസാത്ത് എന്ന സമസൃഷ്ടി സ്നേഹവും കാരുണ്യവുമാണ്. ഇത് മുവാസാത്തിൻ്റെ മാസമാണ് എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. തനിക്കു സമാനമായി തൻ്റെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെയും കാണുക എന്നതാണ് ഇതിൻ്റെ അർഥം. ഇതിനും മനസ്സിന് വ്യാസവും കരുത്തും വേണം. മറ്റൊരാളെ മാനസികമായി പരിഗണിക്കുക എന്നത് സാധാരണഗതിയിൽ എല്ലാവർക്കും കഴിയുന്ന കാര്യമല്ല. അതേസമയം മനുഷ്യകുലത്തിന്റെ നിലനിൽപ്പിനാവട്ടെ അത് അവശ്യം ആവശ്യവുമാണ്. കാരണം മനുഷ്യജീവിതങ്ങളെ അത്തരം ഒരു ആവശ്യം അനിവാര്യമാകുന്ന തരത്തിലാണ് സൃഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം ഒരു സ്വഭാവം ശാസ്ത്രീയമായും ക്രമപ്രവൃദ്ധമായും പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും വേണ്ടി കൂടിയാണ് അല്ലാഹു ഈ മാസത്തെ നോമ്പ് നിർബന്ധ വൽക്കരിച്ചിരിക്കുന്നത്. മഹിതമായ ഒരു ആശയത്തിന് വേണ്ടി വിശപ്പിനെ മറന്ന് സമ്പൂർണ്ണമായ സമർപ്പണം ചെയ്യുമ്പോൾ അത് മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും ഉള്ള മേൽപ്പറഞ്ഞ മാനസിക വ്യാസവും വ്യാപ്തിയും നേടും. ഇവിടെ സ്നേഹകാരണങ്ങൾ വിശ്വാസിയുടെ മനസ്സിൽ തന്നെ ജനിപ്പിച്ചും മുളപ്പിച്ചും എടുക്കുന്നു എന്ന് പ്രത്യേകതയുണ്ട്. അനിവാര്യമായ ഒരു സാഹചര്യത്തിൽ നിർബന്ധിതനായി ഒരാളെ സഹായിക്കുന്നത് പോലെയല്ല ഇസ്ലാമിൻ്റെ സ്നേഹകാരുണ്യം. അത് ഒരു ബാധ്യതയായി വിശ്വാസിയുടെ മനസ്സ് കാണേണ്ടതുണ്ട് എന്നാണ് ഇസ്ലാമിൻ്റെ താല്പര്യം. അതുണ്ടാവാൻ ആത്മീയതയെ അങ്കുരിപ്പിക്കുന്ന വിശപ്പിന്റെ ഒരു മാസത്തെ നൈരന്തര്യം വഴി കഴിയും എന്നാണ് ഇസ്ലാം കാണുന്നത്. സഹജീവികളോടുള്ള സ്നേഹകാരുണ്യങ്ങൾ സമ്പൂർണ്ണമായിരിക്കണം എന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്. വഴിവക്കിൽ പിച്ച തെണ്ടുന്ന ഒരാൾക്ക് ഒരു നാണയത്തുട്ട് എറിഞ്ഞുകൊടുക്കുന്നത് ഒരാളുടെ ഔദാര്യമാണ് എന്ന് നമുക്ക് പറയാം. പക്ഷേ, അത് അയാളുടെ ഔദാര്യത്തിന്റെ പരിപൂർണ്ണതയാകുന്നില്ല. കാരണം ഈ സ്നേഹ-കാരുണ്യ-ഔദാര്യങ്ങൾക്ക് രണ്ടുവശമുണ്ട്. അത് രണ്ടും നിറഞ്ഞാലേ അത് പരിപൂർണ്ണമാവൂ. ഒന്ന് ഭൗതികമായതും രണ്ട് മാനസികമായതുമാണ്. പണം നൽകുക, ദാനധർമ്മം ചെയ്യുക, സക്കാത്ത് നൽകുക, നോമ്പുകാരെ നോമ്പ് തുറപ്പിക്കുക, ഭൗതിക സഹായങ്ങൾ നൽകുക തുടങ്ങിയവയെല്ലാം ഒന്നാം ഗണത്തിൽ പെടുന്നു.
രണ്ടാം ഗണത്തിൽപ്പെടുന്നത് സാന്ത്വനങ്ങളും സമാശ്വാസ പ്രവർത്തനങ്ങളുമാണ്. വേദനിക്കുന്ന ഒരാളെ സമീപിച്ചു അയാളുടെ വേദന പങ്കിടുന്നതായി അയാളെ അറിയിക്കുക, അയാളെ ആശ്വസിപ്പിക്കുക, വേദനയിൽ പുകഞ്ഞും പുളഞ്ഞും നിൽക്കുന്ന ആളെ ചേർത്തുപിടിക്കുക തുടങ്ങി അതൊരു നീണ്ട പട്ടികയാണ്. പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലുമാവുകയെന്നത് അധിക നന്മകളിലേക്കുള്ള മാര്‍ഗവും അല്ലാഹുവിലേക്ക് അടുക്കാനുള്ള കാരണവുമാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അല്ലാഹു ചിലരെ തിരഞ്ഞെടുക്കും അവരാണ് ഇതിന് തൗഫീഖ് ലഭിക്കുന്നവർ. നബി(സ്വ) പറഞ്ഞു: 'ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതിന് വേണ്ടി പ്രത്യേകാനുഗ്രഹം ലഭിച്ച ചില ദാസന്മാരുണ്ട് അല്ലാഹുവിന്. ആ അനുഗ്രഹങ്ങള്‍ അവര്‍ വിനിയോഗിക്കുന്ന കാലത്തെല്ലാം അതില്‍ അവര്‍ക്ക് സ്ഥിരത ലഭിക്കും. അവരത് തടഞ്ഞ് വെക്കുന്നപക്ഷം അവരില്‍ നിന്ന് അതെടുത്ത് മാറ്റുകയും അര്‍ഹരിലേക്ക് എത്തിക്കുകയും ചെയ്യും. ഇത്തരം ജനസേവകരെ അല്ലാഹു ഏറെ പ്രിയംവെക്കുന്നു. ജനങ്ങള്‍ക്ക് ഏറെ ഉപകാരം ചെയ്യുന്നവനാരോ, അവനാണ് അല്ലാഹു ഏറ്റവും ഇഷ്ടം വെക്കുന്നവന്‍.’ കൂട്ടത്തിൽ ഏറ്റവും വലുത് രോഗികൾക്കുള്ള സാന്ത്വന പ്രവർത്തനങ്ങളാണ്. അതിൻ്റെ പ്രാധാന്യമാണ് പെയ്ൻ ആൻ്റ് പാലിയേറ്റീവുകൾക്ക് നമ്മുടെ നാട്ടുകളിൽ ലഭിച്ച സ്വീകാര്യത. ദാരിദ്യം, വിശപ്പ് തുടങ്ങി സാന്ത്വനമർഹിക്കുന്ന ധാരാളം മേഖലകൾ മനുഷ്യജീവിതത്തിൽ ഉണ്ട് എങ്കിലും അതൊന്നും രോഗത്തോളം വരില്ല. കാരണം, രോഗം ഉണ്ടാക്കുന്ന വേദനയും ഭീതിയും ആധിയും ഏറെ ഗുരുതരമാണ്. ഇത് ഒരു സംസ്കാരമായി തന്നെ വളർത്തിയെടുത്ത മതമാണ് ഇസ്ലാം. രോഗിയെ സന്ദർശിക്കുന്നത് സാമൂഹ്യ നിർബന്ധ ബാധ്യതകളിൽ ഒന്നായി ഇസ്ലാം എണ്ണുന്നു. രോഗിയെ സന്ദർശിക്കുമ്പോഴും സ്വാന്തനപ്പെടുത്തുമ്പോഴും അവിടെ വിശ്വാസിക്ക് റബ്ബിനെ കാണാം എന്നുവരെ നബി തങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്. രോഗികളെ സന്ദർശിക്കൽ ശക്തമായ സുന്നത്താണ്. ഈ നിലപാടിന്റെ വഴി പിടിച്ചാണ് ഇസ്ലാമിക സാമ്രാജ്യത്തിൽ പിൽക്കാലത്ത് ആശുപത്രികൾ വരെ ഉണ്ടായത് എന്നാണ് ചരിത്രം. യൂറോപ്പ് ഈ രംഗത്ത് പിച്ചവെച്ച് തുടങ്ങുന്നതിന് ഒമ്പത് നൂറ്റാണ്ട് മുമ്പേ മുസ്‌ലിം ഭരണകൂടങ്ങള്‍ ആതുര-ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു നടത്തിവന്നു എന്നതാണ് ചരിത്രം.
ഉമവി ഖലീഫ വലീദുബ്‌നു അബ്ദുല്‍ മലികിന്റെ ഭരണകാല (ഹി. 86-96/ക്രി 705-715) ത്താണ് ആദ്യത്തെ മുസ്‌ലിം ആശുപത്രി സ്ഥാപിതമായത്. കുഷ്ഠരോഗ ചികിത്സയായിരുന്നു ഈ ആശുപത്രിയുടെ പ്രത്യേകത. അക്കാലത്ത് ആശുപത്രികള്‍ ‘ബീമാരിസ്ഥാന്‍’ എന്ന പേരിലാണ് അറിയപ്പെട്ടത്. നഗരങ്ങളില്‍ സ്ഥിരമായ ആശുപത്രി സംവിധാനവും ഗ്രാമ-മരുഭൂ മലമ്പ്രദേശങ്ങളില്‍ ചെന്ന് ചികിത്സിക്കാന്‍ സഞ്ചരിക്കുന്ന ആശുപത്രികളും എന്നതായിരുന്നു അന്നത്തെ രീതി. സുല്‍ത്താന്‍ മഹ്മൂദ് സല്‍ജൂകിയുടെ ഭരണകാലത്ത് (ഹി. 511-525/ ക്രി. 1117-1131) നാല്‍പതോളം ഒട്ടകങ്ങളുടെ പുറത്ത് മരുന്നുകളും ഉപകരണങ്ങളും ചുമന്ന് വിദൂര ദിക്കുകളില്‍ ചികിത്സാ സൗകര്യമൊരുക്കുന്ന ചലിക്കുന്ന ആശുപത്രി സംവിധാനങ്ങളുണ്ടായിരുന്നു എന്നു ചരിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ മനസ്സുകൊണ്ട് ഉൾക്കൊള്ളുന്ന ഇത്തരം ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട് ഇസ്ലാമിക സംസ്കൃതിക്ക്.
Thoughts & Arts
വിശപ്പും ആത്മീയതയും
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso