Thoughts & Arts
Image

തെരഞ്ഞെടുപ്പ്: വരവ് ചിലവ് കണക്കുകൾ

2026-05-14

തത്സമയം


- ടി സെഞ്ചരി



പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി നടന്നു. തികച്ചും സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മേയ് 4 ന് പ്രസിദ്ധീകരിച്ചു. പൊതുവേ എന്തുനടന്നാലും ഒരു അവലോകനം എല്ലാവരുടെയും അവകാശമാണ്. എല്ലാവരും അത് സഹിഷ്ണുതാപൂർവ്വം അനുവദിച്ചു കൊടുത്തേ പറ്റൂ. കേൾക്കുന്നവരെല്ലാം അത്തരം അവലോകനങ്ങളിലെ കാഴ്ചപ്പാടുകളോട് യോജിച്ചു കൊള്ളണമെന്നില്ല. പക്ഷേ, ഇല്ലെങ്കിലും മാന്യമായി യോജിപ്പ് കാണിക്കുക എന്നത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. എല്ലാവരും വിയോജിച്ചേക്കാം എന്നതുകൊണ്ടല്ല ഇങ്ങനെ ഒരു ആമുഖം പറഞ്ഞുവെക്കുന്നത്. എന്തൊക്കെയാണെങ്കിലും അത് ഒരാളുടെ അഭിപ്രായം മാത്രമാണ്. അതു മനസ്സിലാവാതെ ആരും വെറുതെ ചാടി വീഴേണ്ട എന്നു കരുതിയാണ്. മൂന്നു മുന്നണികളിൽ ആയിട്ടാണ് കേരളം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിൽ 102 സീറ്റുകൾ നേടി ഐക്യ ജനാധിപത്യ മുന്നണി ഒന്നാം സ്ഥാനത്ത് എത്തി. കഴിഞ്ഞ പത്തുവർഷമായി ഭരണത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 35 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. അതേസമയം ചരിത്രത്തിൽ ആദ്യമായി എൻഡിഎ മുന്നണിക്ക് 3 സീറ്റുകൾ നേടാൻ കഴിഞ്ഞു. ഫലത്തിന്റെ 3 ഹെഡ്ഡിങ്ങുകളാണ് ഇത് മൂന്നും. വിലയിരുത്തുന്നതും അവലോകനം ചെയ്യുന്നതും ഈ മൂന്ന് കാര്യങ്ങളെയാണ്. ഇവയിൽ ഒന്നാമത്തേത് യുഡിഎഫ് നേടിയ വൻ വിജയമാണ്. നൂറുകടന്ന ഇത്രയും വലിയ ഒരു വിജയം പ്രതീക്ഷിതമായിരുന്നു എന്ന് ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും പറയുന്ന ആൾക്കാർ യുഡിഎഫിൽ ഉണ്ട്. അതേസമയം മഹാഭൂരിപക്ഷം ആൾക്കാരും കേവല ഭൂരിപക്ഷമായ 70 കടന്ന് മോശമല്ലാത്ത ഒരു വിജയം നേടും എന്ന് ഗണിച്ചവരായിരുന്നു. ഇവിടെ നിന്ന് നാം താത്വിക നിലയിലേക്ക് ഇറങ്ങി നിന്ന് പറഞ്ഞാൽ വലിയ ഭൂരിപക്ഷം കേരളത്തിൻ്റെ സാഹചര്യത്തിന് ഒരു മുന്നണിക്കും അനുകൂലമല്ല എന്നു പറയേണ്ടിവരും. കേവല ഭൂരിപക്ഷത്തെ എപ്പോഴും വേറിട്ട് കാണാൻ കഴിയുന്ന വിധത്തിൽ ഒന്നു മുതൽ പത്തുവരെ സീറ്റുകൾ അധികം മാത്രം കിട്ടുന്നതാണ് ഏതു മുന്നണിക്കും നല്ലത് എന്നത് പല ഘട്ടങ്ങളിൽ നിന്നും കേരളം പഠിച്ച പാഠമാണ്. അതിന് ഉദാഹരണങ്ങൾ നിരവധിയാണ്. അതിൻ്റെ പിന്നിലെ വസ്തുത അമിത ആവേശം, അമിത ആത്മവിശ്വാസം, അമിത സ്നേഹം, അമിത വിരോധം തുടങ്ങിയതെല്ലാം പ്രയാണത്തിൽ അപ്രായോഗികമാണ് എന്നതാണ്. തുടക്കത്തിൽ സന്തോഷവും ആവേശവും അതെല്ലാം ഉണ്ടാക്കിയേക്കാം. പക്ഷേ പ്രയാണത്തിൽ അത് പല പ്രയാസങ്ങളും ഉണ്ടാക്കും എന്നത് ഒരു വസ്തുതയാണ്. മറിച്ചും ആയിക്കൂടെ എന്ന് തിരിച്ചു ചോദിക്കുന്നവർ ഉണ്ടാവാം. അതിനുമാത്രം മനശക്തിയും കാഴ്ചപ്പാടും ഉള്ളവരാണ് നേതാക്കളും അണികളും എങ്കിൽ ആവാം എന്നാണ് അതിനു മറുപടി.


അവലോകനത്തിന്റെ രണ്ടാം ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഏറ്റ അപ്രതീക്ഷിതമായ പരാജയമാണ്. 97 സീറ്റുകളോട് രണ്ടാം ഭരണത്തിന് യോഗ്യത നേടുകയും അത് അടക്കം ദീർഘമായ പത്തുവർഷം ഒരേ മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തിട്ടും പകുതിയോളം പോലും എത്താത്ത ഈ ഒരു ഫലമാണ് ഉണ്ടായത് എങ്കിൽ അതിനെ സ്വാഭാവികം എന്ന് ബുദ്ധിയുള്ളവർക്ക് വിളിക്കാൻ കഴിയില്ല. അത് തികച്ചും അസ്വാഭാവികമാണ്. കാരണങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ തിരിച്ചുവരാൻ കഴിയാത്ത വിധം കാര്യങ്ങൾ കൈവിട്ടു പോകാനുള്ള സാധ്യതയുണ്ട്. കേവലം കുറച്ച് അധികം സീറ്റുകൾ നഷ്ടപ്പെട്ടു എന്ന് ഈ ഫലത്തെ ലഘൂകരിച്ച് വായിക്കാൻ കഴിയില്ല. കാരണം കണ്ണൂർ ആലപ്പുഴ തുടങ്ങിയ പരമ്പരാഗത കോട്ടകൾ പരിപൂർണ്ണമായും അവരെ കൈവിട്ടു. ഏറെ ശ്രദ്ധേയവും പ്രതീക്ഷിതവും ആയിരുന്ന തളിപ്പറമ്പ് അമ്പലപ്പുഴ കൂത്തുപറമ്പ് തുടങ്ങിയ മണ്ഡലങ്ങൾ വരെ നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഏതെങ്കിലും തൊലിപ്പുറത്തെ വിഷയം ആണ് കാരണം എന്ന് പറയാൻ കഴിയില്ല എന്ന് പറയുന്നത്. ഈ കാരണം പെട്ടെന്ന് എന്തെങ്കിലും ഒരു കാരണത്താൽ ഉണ്ടായതാണ് എന്നു പറയാനും പ്രയാസമുണ്ട്. കാരണം പരാജയത്തിന്റെ രുചിയും മണവും തൊട്ടുമുമ്പ് നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വ്യക്തമായും കണ്ടിരുന്നതായിരുന്നു. അന്ന് അവർ ഓരോ ചോദ്യങ്ങൾക്കും ഉത്തരം ചമയ്ക്കുവാനും പാർട്ടി പഠിക്കും എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകുവാനും മാത്രമാണ് ശ്രമിച്ചത്. തിരുത്തലുകൾ വേണ്ടതുണ്ടോ എന്നോ, ഉണ്ടെങ്കിൽ അതെങ്ങനെയായിരിക്കണം എന്നോ ഒന്നും വിഷയമായില്ല. അതോടൊപ്പം തന്നെ ഒരുതരത്തിലുള്ള മുൻവിധിയും ഇല്ലാതെ നിരീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഭരണം അത്ര മോശമായിരുന്നു എന്നു പറയാനും കഴിയില്ല. ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റു സാമൂഹ്യ മേഖലകളിലും പല പരിഷ്കാരങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് ഒരു സത്യമാണ്. ഒപ്പം തന്നെ ഈ മേഖലകളിൽ ന്യൂനപക്ഷങ്ങളിൽ ചിലർക്ക് പ്രത്യേകിച്ചും വേദനയുണ്ടാക്കുന്നതും അവശ വിഭാഗങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതുമായ പല കാര്യങ്ങളും ഉണ്ടായി എന്നത് മറക്കുന്നില്ല. പക്ഷേ വലിയ ഒരു മാർജിനിൽ ഭരണകൂടത്തെ തള്ളി താഴെയിടാൻ മാത്രമുള്ള ഒരു കാരണമായി അതൊന്നും അവതരിപ്പിക്കപ്പെടുമായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ ഒരു ഫലം ഉണ്ടായി എന്നത് തീർച്ചയായും ആലോചിക്കേണ്ടത് തന്നെയാണ്.


അവയിൽ പ്രധാനപ്പെട്ട ഒന്ന് പാർട്ടിയുടെ ഘടനയിൽ ഉണ്ടായ മാറ്റമാണ്. കമ്മ്യൂണിസ്റ്റ് സോഷ്യലിസത്തോട് ചേർന്ന് നിൽക്കുന്ന എല്ലാ പാർട്ടികൾക്കും ഉണ്ടാകുന്നത് തന്നെയാണ് അത്. തൊഴിലാളികൾ എന്ന പേരിൽ അധികാരത്തിൽ എത്തുകയും അധികാരത്തിൽ അള്ളിപ്പിടിച്ച് സാമ്പത്തികവും സാമൂഹികവുമായ സ്വകാര്യത വളർത്തിയെടുക്കുകയും ചെയ്യുന്നതോടെ അടിസ്ഥാന വർഗ്ഗങ്ങളും തൊഴിലാളി വർഗ്ഗങ്ങളും ഒക്കെ അവഗണിക്കപ്പെടുന്ന ഒരു സാഹചര്യം. പിന്നെ ബൂർഷ്വാസികൾക്കെതിരെ അധികാരത്തിൽ വന്നവർ അവരെക്കാൾ വലിയ ബൂർഷാസികൾ ആയി മാറുന്ന കാഴ്ചയുണ്ടാകും. ആശയങ്ങളും ആദർശങ്ങളും എല്ലാം അന്യം നിൽക്കും. ഇത്തരം സുഖങ്ങൾ ഒന്നും അനുഭവിച്ചിട്ടില്ലാത്തവർക്ക് ഇതെല്ലാം ലഭിക്കുമ്പോൾ വല്ലാത്തൊരു അഭിനിവേശം ഏകാധിപത്യത്തോട് തോന്നും. അത് കേരളം കണ്ടതിനേക്കാൾ അധികം ലോകം കണ്ടിട്ടുണ്ട്. സോവിയറ്റ് യൂണിയൻ എന്ന സാമ്രാജ്യം പോലും നിഷ്പ്രഭമായത് അങ്ങനെയാണ്. അങ്ങനെയായിരുന്നു കഴിഞ്ഞ പത്തു വർഷത്തെ ഭരണം എന്ന് വെറുതെ പറയുന്നില്ല എന്നിരുന്നാൽ തന്നെയും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ആൾക്കാർ എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ചിലരും അമിതമായ അധികാര സ്വരവും സ്വഭാവവും കാണിക്കുന്നുണ്ട് എന്ന വർത്തമാനം ഏറെക്കുറെ വ്യാപകമായി ഉണ്ടായിരുന്നു. ഇത് തിരുത്താൻ വേണ്ടി ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്തത് സ്വന്തം പാർട്ടി അംഗങ്ങൾ തന്നെയാണ്. അത് അവരുടെ സന്മനസ്സ് ആയിരുന്നു. തങ്ങളുടെ പാർട്ടിയെ ഇങ്ങനെയാണ് തിരുത്താൻ നല്ലത് എന്ന് അവർ കരുതുകയും സ്വന്തം സ്ഥാനാർഥികൾക്ക് ഒരു വേള വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു എന്നുവേണം കരുതാൻ. വോട്ട് ശതമാനങ്ങളിൽ ഇത് വ്യക്തതയും കൃത്യതയും ഉള്ളതാണ്. രണ്ടാമത്തെ കാരണം സംസ്ഥാനത്തെ ഏറ്റവും വലിയ മതവിഭാഗമായ ഹൈന്ദവ സമൂഹത്തിന്റെ ഉള്ളിൽ അവരെ മതപരമായി വേദനിപ്പിക്കുന്ന ചില ആശംസകൾ പടർന്നു എന്നതാണ്. അത് ശബരിമലയുമായി ബന്ധപ്പെട്ട കേസാണ്. തങ്ങളുടെ കരങ്ങൾ പരിശുദ്ധമാണ് എന്ന് മുഖ്യമന്ത്രിയും പാർട്ടിയും മുന്നണിയും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് എങ്കിലും അവരുടെ ആ മറുപടികളിൽ ആത്മാർത്ഥത ഉണ്ട് എന്ന് തിരിച്ചറിയാൻ സഹായകമായ ഒരു സാഹചര്യവും ഉണ്ടായില്ല. എപ്പോഴും ഈ വിഷയത്തിൽ പാർട്ടിയും ഭരണവും സംശയത്തിന്റെ നിഴലിൽ ആയിരുന്നു. പൊതുസമൂഹത്തിന്റെ മനസ്സിൽ ഒരു സന്ദേഹം കടന്നുകൂടിയാൽ അത് എല്ലാവരും കരുതുന്ന അത്ര ലാഘവത്തോടെ തിരുത്താൻ കഴിയില്ല. അതുകൊണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അഥവാ സംഭവിച്ചാൽ രണ്ട് കൈകളും ഉയർത്തി ഒരു സന്ദേഹവും ഇല്ലാത്ത വിധം അതിനു മറുപടി പറയാൻ കഴിയേണ്ടതുണ്ട്. ദൗർഭാഗ്യവശാൽ അതൊന്നും വേണ്ട അളവിൽ ഉണ്ടായില്ല. ഈ രണ്ടു കാരണങ്ങൾ പ്രധാനമാണ്. ഒന്നാമത്തെ കാരണത്തിന് വേണ്ടി സ്വന്തം കോട്ടകളിൽ സൂക്ഷിച്ചുവന്ന അടിസ്ഥാന വോട്ടർമാരുടെ വിശ്വാസം അവർക്ക് നഷ്ടപ്പെട്ടു. രണ്ടാമത്തെ കാരണം വഴി ഹൈന്ദവ സമൂഹത്തിൻ്റെ വിശ്വാസവും നഷ്ടപ്പെട്ടു. ഇതുരണ്ടും മുഴുവനായും നഷ്ടപ്പെട്ടു എന്നല്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ മുഴുവൻ നഷ്ടപ്പെടേണ്ടതില്ല. പകുതി നഷ്ടപ്പെട്ടാൽ മാത്രം മതിയാകും. ജനാധിപത്യം അങ്ങനെയാണ്.


ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട ചെറിയ ചെറിയ പ്രശ്നങ്ങൾ ആണ് അമിതമായ ആത്മവിശ്വാസം, ഗവൺമെൻറ് പദ്ധതികളും പരിപാടികളും ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ വന്ന അലംഭാവം, മുഖ്യമന്ത്രിയുടെ ചില പെരുമാറ്റങ്ങളുടെ ന്യൂനതകൾ, പി ആർ വർക്കുകളിൽ വന്ന ചെറുതെങ്കിലും ആയ പിഴവുകൾ തുടങ്ങിയവ. എത്ര നല്ല ഭരണമാണെങ്കിലും എത്ര നല്ല ഭരണാധികാരി ആണെങ്കിലും തലമുറ മാറ്റം ഇന്നത്തെ കാലത്ത് എല്ലാ വിഷയങ്ങളിലും ഗൗരവമായി പരിഗണിക്കേണ്ട ഒരു കാര്യമാണ്. മുഖ്യമന്ത്രിയിൽ നിന്നുണ്ടായ ചില സമീപനങ്ങളും വാക്ക് പ്രയോഗങ്ങളും പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അത് പറയുമ്പോൾ നാം ഒരു രാഷ്ട്രീയം പറയുകയല്ല. മറിച്ച് മനശാസ്ത്രം പറയുകയാണ്. ഒരു തൊഴിലാളി വർഗ്ഗ നേതാവ് പുലർത്തേണ്ട ശരീര ഭാഷ തന്നെയാണ് ശ്രീ പിണറായി വിജയൻ പുലർത്തിയത് എന്ന് പറയുന്നതിൽ സ്വന്തം അണികൾക്ക് പോലും വിമ്മിഷ്ടമുണ്ട്. പി ആര്‍ വർക്കുകളിൽ ഇത് അവസാനമായി പ്രതിഫലിച്ചത് 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ..' എന്ന ചോദ്യം ഉയർത്തുന്ന കേരളം മുഴുവൻ കണ്ട വലിയ ഫ്ലക്സ് തന്നെയാണ്. അതിൽ ചിലരെങ്കിലും സഹപ്രവർത്തകരെയോ വികസന പ്രവർത്തനങ്ങളെയോ അടുത്തു നിറുത്താവുന്നതായിരുന്നു എന്ന് നിഷ്പക്ഷ മീഡിയകൾ പോലും വിലയിരുത്തിയതാണ്. നാം തമിഴ്നാട്ടിലെ ആന്ധ്രയിലോ അല്ല എന്നെങ്കിലും മനസ്സിലാക്കേണ്ടത് ഉണ്ടായിരുന്നു.


യുഡിഎഫ് ഒട്ടും വിചാരിക്കാത്ത വൻഭൂരിപക്ഷമാണ് നേടിയത്. ഇടതുപക്ഷത്തോടുള്ള കലിപ്പാണ് ഏറ്റവും പ്രധാനമായി ഈ ഫലത്തിൽ പ്രതിഫലിച്ചത് എന്നു പറയാം. ശരാശരി വിജയിച്ചു എന്നതിലപ്പുറം മൃഗീയമായ ഭൂരിപക്ഷം നേടി വലിയ അംഗീകാരത്തോടെ തന്നെ യുഡിഎഫ് വിജയിച്ചു എന്ന് വേണം സമ്മതിക്കുവാൻ. ഓരോ ഘടകകക്ഷികൾക്കും വൻവിജയം നേടാനായി. ഇത്രയും വലിയ വിജയം നേടിയെങ്കിലും അതിൻ്റെ ടെമ്പോ വീഴാതെ താഴാതെ കാത്തുസൂക്ഷിക്കുന്നതിൽ മൊത്തം യുഡിഎഫിന് പരാജയം സംഭവിച്ചു എന്ന് നിഷ്പക്ഷമായ ഒരു അവലോകനത്തിൽ പറയാതെ വയ്യ. ഒരുപക്ഷേ ഈ പറഞ്ഞുവരുന്ന വിഷയവും പ്രതിസന്ധിയും താൽക്കാലികം മാത്രമാ യിരുന്നു എന്നു വരാം. അതിനെ അതിവേഗം അവർ മറികടന്നു എന്നും വരാം. എന്നിരുന്നാൽ തന്നെയും ഇതിൻ്റെ പേരിൽ ഉണ്ടായ വൈകാരികത ഒരാശങ്കയായി എന്നും രാഷ്ട്രീയ ഭൂപടത്തിൽ കിടക്കും എന്ന് വേണം കരുതാൻ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് അവരുടെ നിയമസഭ കക്ഷി നേതാവിനെ 11 ദിവസമായിട്ടും തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് പറഞ്ഞുവരുന്നത്. വ്യാഖ്യാനത്തിനും ന്യായീകരണത്തിനും താത്വികതലത്തിൽ നേരിടാൻ കഴിയാത്ത ഒരു സ്വത്വ പ്രതിസന്ധി തന്നെയാണ് ഇത്. ഏറ്റവും നല്ല മൂന്നു പേരായിരുന്നു മുൻപന്തിയിൽ അവകാശവാദവുമായി നിന്നത് എന്നതാണ് ഏറെ ചിന്തനീയം. മൂന്നു പേർക്കും മുഖ്യമന്ത്രി ആകുവാൻ യോഗ്യത ഉണ്ട്. പക്ഷേ, ഒരേസമയം മൂന്നുപേർക്കും കൂടി അതാവാൻ കഴിയില്ലല്ലോ എന്ന് ആ മൂന്നു പേർ തിരിച്ചറിയേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ അതുണ്ടായില്ല. ഹൈ കമാൻഡ്, പാർട്ടി നേതൃത്വം എന്നിവരൊക്കെയാണ് ഈ പ്രശ്നത്തിന് സുചിന്തിതമായ ഒരു പരിഹാരം കണ്ടെത്തേണ്ടത് എന്നത് ശരിയാണ്. പക്ഷേ, അവരും മനുഷ്യരാണല്ലോ, അതിനാൽ അവർക്ക് ശരിയായ തീരുമാനത്തിലേക്ക് എത്താൻ വേണ്ട വഴി തുറന്നു കൊടുക്കേണ്ടതും കാണിച്ചു കൊടുക്കേണ്ടതും സഹായിക്കേണ്ടത് ഈ സംസ്ഥാനതല സീനിയർ നേതാക്കന്മാരാണല്ലോ. അവർ ആരും അതിനെ തയ്യാറായില്ല ദീർഘമായ 11 ദിവസവും എന്നത് മറക്കാനും പൊറുക്കാനും കഴിയാത്ത വിഷമം തന്നെയാണ്. ഒറ്റ പത്രസമ്മേളനത്തിലൂടെ ഒരുപക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് വരാം. ആ പരിഹാരം വികാരവിജ്രംബിതരായ ഒരു ജനതയെ മാത്രമേ സ്വാധീനിക്കുകയുള്ളൂ എന്നതാണ് സത്യം. താത്വികമായി ചിന്തിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നവർ ഈ തീരുമാനങ്ങളിൽ നിന്നല്ല മറിച്ച് ഈ തീരുമാനം ഇത്രയും വൈകിയതിൽ നിന്നാണ് അടിസ്ഥാന കാര്യങ്ങൾ കണ്ടെത്തുക.


അവലോകനത്തിന്റെ മൂന്നാം ഖണ്ഡം എൻഡിഎ നേടിയ വിജയത്തിലാണ്. നേരത്തെയും അവർക്ക് കേരള നിയമസഭയിൽ തങ്ങളുടെ ഒരു പ്രതിനിധിയെ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം അത് മൂന്നായി വളർന്നിരിക്കുന്നു. അത് തീർച്ചയായും ഇത്തരം വിശകലനത്തിൽ ആശങ്ക തന്നെയാണ്. അതിലേറെ ഈ തെരഞ്ഞെടുപ്പ് അവലോകനത്തിൽ നാം കാണേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുതയുണ്ട്. അത് ഈ മൂന്നു പേർ വിജയിച്ച ഗോദയിൽ നിന്നുള്ളതു തന്നെയാണ്. അത് മറ്റൊന്നുമല്ല, ഈ തെരഞ്ഞെടുപ്പ് കേരളം മതേതരത്വത്തോടൊപ്പം ഉറച്ചു നിൽക്കും എന്ന് പ്രഖ്യാപിച്ചു എന്നതാണ്. ഈ അടുത്തായി കേരളത്തിൽ പല ഉഗ്ര വിഷമുള്ള സർപ്പങ്ങളും തലപൊക്കാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇതെല്ലാം ഒരു ടീച്ചറിൽ മാത്രം ഒതുങ്ങുന്നതായിരുന്നു. ആ ടീച്ചർ എന്തുപറഞ്ഞാലും അത് എന്തായിരിക്കും എന്നത് മനസ്സിലാവാൻ മാത്രം മതേതരകേരളം വളർന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ നേരെ ചൊവ്വേ ടീച്ചറുടെ പാർട്ടി അല്ലാതെ ടീച്ചറുടെ സ്വരത്തിൽ സംസാരിക്കുന്ന കുറേ ആളുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. ആരുടെ ബുദ്ധിയാണ് എന്നറിയില്ല, അത്തരം സ്വരങ്ങളെ കനപ്പിക്കുവാനും പ്രമാണവൽക്കരിക്കുവാനും താത്വിക വൽക്കരിക്കുവാനും എല്ലാമുള്ള ശ്രമം മാധ്യമ പി ആർ വർക്കുകാർ ആവേശത്തോടെ ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കണിച്ചുകുളങ്ങര എന്ന ഒരു കേവല ഗ്രാമത്തിൽ സ്വന്തം വീടിൻ്റെ സിറ്റൗട്ടിൽ ഇരുന്ന് എന്തൊക്കെയോ പറയുന്ന ഒരാളെ കേൾക്കുവാനും അയാളെ ലോകത്തിന്റെ മുൻപിലേക്ക് ഏയറിൽ കയറ്റി വിടുവാനും മാധ്യമപ്രവർത്തകന്മാർ കാണിച്ചിരുന്ന ആവേശം. വിദ്വേഷം എന്ന ഒരു വിശേഷണത്തിന്റെ അപ്പുറത്തേക്ക് കേരളത്തിലെ ജനങ്ങൾക്കോ രാഷ്ട്രീയത്തിന് ഇന്ത്യക്ക് തന്നെയോ ഉപകാരപ്രദമാകുന്ന ഒരു വർത്തമാനം പോലും സമീപകാലത്ത് പറയുന്നില്ലാത്ത ഈ നേതാവിനെ ലോകം ഉറ്റുനോക്കുന്ന ഒരു നേതാവാക്കിയത് സത്യത്തിൽ ഈ മാധ്യമങ്ങളാണ്. കേരളത്തിലെ മതേതര മനസ്സ് തളരണം, തകരണം എന്ന് ആഗ്രഹിക്കുന്നവരാണ് ഉള്ളിന്റെ ഉള്ളിൽ അവരെല്ലാം. നിലവിലെ ഭരണകൂടത്തിൽ നിന്ന് ചില ഒത്താശകൾ കൂടി കിട്ടി എന്നത് കാണാതിരിക്കുന്നില്ല. ഇതിനിടയിലാണ് അവരുടെ ഏക ശത്രുവായ മുസ്ലിംകൾ അധികമുള്ള മുസ്ലിം ലീഗ് വലിയ വിജയം നേടി അധികാരത്തിലേക്ക് എത്തിയത്. അതോടെ ഇവർ അകത്തും പുറത്തും ഇരുന്ന് മുസ്ലിം ലീഗുകാരൻ ഇന്ത്യയിൽ എന്തൊക്കെയാകാം എന്നിവരെ ഉള്ള ചർച്ചകൾക്ക് തീ കൊളുത്തിയിട്ട് എറിഞ്ഞു നോക്കിയത്. പക്ഷേ ആരും അത് ഗൗനിച്ചില്ല. ഇത്രയും പറഞ്ഞത് കേരളത്തിൽ മതേതരത്വത്തെ കശാപ്പ് ചെയ്തു വർഗീയമായ ധ്രുവീകരണം നടക്കണം, നടത്തണം എന്ന് ആഗ്രഹിക്കുന്ന ത്വര കേരളത്തിൽ ചെറുതായി തലയുയർത്തുകയും വളരാൻ തുടങ്ങുകയും ചെയ്യുന്ന ഒരു സമയത്ത് ആയിരുന്നു ഈ തെരഞ്ഞെടുപ്പ് വന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പ് ഫലം ആ മോഹങ്ങൾക്കെതിരെ ഒരു കൊടുങ്കാറ്റായി മാറി എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും വലിയ സന്തോഷം. നമ്മുടെ രാജ്യം ബഹുമത - ബഹുമുഖമായതിനാൽ ഇവിടെ മതേതരത്വം എന്നതല്ലാതെ മറ്റൊന്നും വിജയിക്കില്ല എന്ന് ഉറപ്പാണ്. അതുകൊണ്ട് രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ആഗ്രഹിക്കുക മതേതരത്വം നിലനിൽക്കണം, ശക്തിപ്പെടണം എന്നൊക്കെയായിരിക്കും. കേരളീയ മതേതരത്വത്തിന് കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.


അതിനു നമുക്ക് എടുത്തു കാണിക്കാൻ 3 ഉദാഹരണങ്ങളുണ്ട്. ഒന്ന് കൊച്ചി മണ്ഡലത്തിൽ നിന്നാണ്. കൊച്ചി കേരളത്തിലെ അതിപ്രധാനമായ മണ്ഡലങ്ങളിൽ ഒന്നാണ്. മതം തിരിച്ചുള്ള കണക്കുകളിൽ സ്വാഭാവികമായും ഒന്നാം സ്ഥാനത്ത് ക്രൈസ്തവരും രണ്ടാംസ്ഥാനത്ത് ഹൈന്ദവരും ആണ് വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവിടെ വിജയിച്ചത് എൽഡിഎഫിലെ കെ ജെ മാക്സി ആയിരുന്നു. അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഈ പ്രാവശ്യം മത്സരിച്ചത് ഡിസിസി പ്രസിഡണ്ട് കൂടിയായ മുഹമ്മദ് ഷിയാസ് ആണ്. കൊച്ചി പോലെ ഒരു മണ്ഡലത്തിൽ എന്തിൻ്റെ പേരിലാണെങ്കിലും ഒരു മുസ്ലിം സ്ഥാനാർത്ഥി വിജയിക്കുക എന്നത് അതി വിദൂരമാണ് എന്ന് എല്ലാ ഭാഗങ്ങളിലും നടന്ന കണക്കുകൂട്ടലുകൾ തീർത്തു പറഞ്ഞതാണ്. അത്തരത്തിലുള്ള പ്രചരണങ്ങളും അതീവ രഹസ്യമായി അവിടെ നടന്നിട്ടുണ്ട്. എന്നിട്ടും മുഹമ്മദ് ഷിയാസ് 8,188 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അവിടെ വിജയിച്ചു. സിറ്റിംഗ് എംഎൽഎയെ തന്നെയാണ് ഷിയാസ് പരാജയപ്പെടുത്തിയത് എന്നത് കൂടി നോക്കേണ്ടതുണ്ട്. രണ്ടാമത്തെ ഉദാഹരണം ക്രൈസ്തവ മഹാഭൂരിപക്ഷ മണ്ഡലമായ തിരുവമ്പാടിയിലാണ്. അവിടെ ഒരു ക്രൈസ്തവൻ അല്ലാതെ വിജയിക്കില്ല എന്ന കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. ഏതെങ്കിലും പേരിൽ ഒരു ക്രൈസ്തവനെ രംഗത്തിറക്കാൻ മുസ്ലിം ലീഗിന് കഴിയുമായിരുന്നു. പക്ഷേ ലീഗ് അങ്ങനെയൊന്നും വർഗീയമായി ചിന്തിച്ചില്ല. അവിടെ പാർട്ടി സി കെ കാസിമിനെ സ്ഥാനാർത്ഥിയാക്കി. സിപിഎമ്മിലെ ലിന്റോ ജോസഫ്‌ നെ 49.23% വോട്ടുകള്‍ക്കാണ് കാസിം പരാജയപ്പെടുത്തിയത്. മൂന്നാമത്തെ ഉദാഹരണം തവനൂരിലാണ്. അവിടെ രണ്ടുപ്രാവശ്യം ആവേശപൂർവ്വം വിജയിച്ച മുൻ മന്ത്രി കൂടിയായ എൽഡിഎഫിലെ കെ ടി ജലീൽ ആണ് മത്സരിച്ചിരുന്നത്. കെ ടി ജലീലിനെതിരെ യുഡിഎഫ് മത്സരത്തിനിറക്കിയത് വി എസ് ജോയിയെയാണ്. രണ്ട് ശതമാനം പോലും ക്രൈസ്തവ വോട്ടില്ലാത്ത തവനൂരിൽ ഇത്രയും അതികായനായ എതിർ സ്ഥാനാർത്ഥിയെ 14,647 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോയി മറികടന്നത്. മതേതരത്വം വിജയിച്ചതിന്റെ ഉദാഹരണങ്ങളായി പ്രകടമായി നിൽക്കുന്ന മൂന്നെണ്ണമാണ് നാം ഈ പറഞ്ഞത്. സൂക്ഷ്മമായ വിശകലനത്തിൽ കേരളം മതേതരത്വത്തോട് ആഭിമുഖ്യം ആവർത്തിച്ച് പ്രഖ്യാപിച്ചതിന്റെ തെളിവുകൾ നമുക്ക് കണ്ടെത്താൻ കഴിയും.


ഇതെല്ലാം താത്വികമായ യാഥാർത്ഥ്യങ്ങളാണ്. ഇതെല്ലാം കണ്ടും കേട്ടും മനസ്സിൽ വച്ചുകൊണ്ട് ആയിരിക്കേണ്ടതുണ്ട് ഇനി ഭരിക്കുന്നവർ ഭരിക്കേണ്ടത്. അല്ലെങ്കിൽ ചരിത്രത്തിൻ്റെ ചവറ്റുകൊട്ടകളിലേക്ക് തന്നെയായിരിക്കും അവരും വാതിൽ തുറക്കുന്നത്. ഏറ്റവും ഭയം മതേതരത്വം തകരുന്നത് തന്നെയാണ്. അത് സുരക്ഷിതം ആണെങ്കിൽ രാജ്യം സുരക്ഷിതമായിരിക്കും.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso