ഇഅ്ജാസ്
ടി എച്ച് ദാരിമി അൽ അസ്ഹരി
വിശുദ്ധ ഖുർആനിലെ ഭ്രൂണശാസ്ത്ര സംബന്ധിയായ വിവരണങ്ങൾ പ്രത്യേകിച്ചും ഭ്രൂണ വളർച്ചയുടെ ഘട്ടങ്ങൾ പ്രധാനമായും ഉൾക്കൊളളുന്നത് അൽ മുഅ്മിനൂൻ അദ്ധ്യായത്തിൻ്റെ 12 മുതൽ 14 വരെ ആയ ആയത്തുകളിലാണ്. ഈ സൂക്തത്തിൽ അല്ലാഹു പറയുന്നു: 'തീർച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ടമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ടത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു'. ഈ ഘട്ടങ്ങൾ തുടങ്ങുന്നത്, മനുഷ്യനെ നാം മണ്ണിൻ്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു എന്ന പ്രസ്താവനയോടെയാണ്. ഇത് കേൾവിക്കാർക്കും പഠിതാക്കൾക്കും തീർത്തും അജ്ഞാതമായ ഒരു ഘട്ടം തന്നെയാണ്. ലൈംഗിക ബന്ധമാണ് പ്രജനത്തിന്റെ ബാഹ്യമായ പ്രഥമഘട്ടം എന്നറിയാവുന്ന മനുഷ്യൻ അവിടെ മണ്ണിൻ്റെ അംഗമോ സ്വാധീനമോ കാണുന്നില്ല. അതിനാൽ ഇതെങ്ങനെ എന്ന ഒരു ചോദ്യം പ്രാഥമികമായി തന്നെ ചിന്തിക്കുന്ന മനുഷ്യൻ്റെ മനസ്സിൽ കടന്നുകൂടി അസ്വസ്ഥത ഉണ്ടാകും. ഈ പറയുന്നത് ആദ്യ മനുഷ്യൻ്റെ സൃഷ്ടിപ്പിന്റെ തുടക്കം ആണ്. ഈ വിഷയത്തിൽ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ട ഒന്നാണ്. അതിലേക്ക് നമ്മുടെ വർത്തമാനം എത്തിച്ചേരും. അതിനു മുമ്പായി ഇവിടെ പരിഗണിക്കേണ്ട മറ്റൊരു വിഷയമുണ്ട്. അത് അല്പം അപകടകരമായതിനാൽ അത് ആദ്യം പറയാം. അതു മറ്റൊന്നുമല്ല, വിശുദ്ധ ഖുർആൻ മനുഷ്യൻ എന്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്നതിൽ അവ്യക്തതയോ വൈരുദ്ധ്യമോ ഉണ്ട് എന്ന വാദവും അതിനാൽ വിശുദ്ധ ഖുർആൻ ദൈവികമാണ് എന്ന് പറയാവതല്ല എന്ന നിലപാടും ആണ്. ഖുർആനിന്റെ ശത്രുക്കളാണ് ഇതു പറഞ്ഞു നടക്കുന്നതും പരത്തുന്നതും. അതിലെ വസ്തുത ആദ്യം പരിശോധിക്കാം.
അന്ധമായ വിരോധം കാരണം ഇത്തരം അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നവർ വിവരിക്കുന്നത് വിശുദ്ധ ഖുർആനിൽ ഒരിടത്ത് പറയുന്നത് മനുഷ്യനെ സൃഷ്ടിച്ചത് രക്തപിണ്ഡത്തിൽ നിന്നാണ് എന്നാണ്. അതു ശരിയാണ്. സൂറത്തുൽ അലഖിന്റെ രണ്ടാം വചനത്തിൽ (96:2) അതുണ്ട്. മറ്റു പലയിടത്തും പറയുന്നത് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വെള്ളത്തിൽ നിന്നാണ് എന്ന് അവർ ചൂണ്ടി കാണിക്കുന്നു. അമ്പിയാഅ് : 30, അന്നൂർ: 45, അൽ ഫുർഖാൻ: 54 എന്നീ ആയത്തുകളിലെ പരാമർശം അവർ ഉദാഹരണമായി എടുത്തു കാണിക്കുന്നു. അവൻ പടക്കപ്പെട്ടത് മണ്ണിൽ നിന്നാണെന്ന് ആണ് മറ്റു ചിലയിടങ്ങളിൽ പറയുന്നത് എന്ന് അവർ തെളിവ് സഹിതം സമർഥിക്കുന്നു. ആലു ഇംറാൻ :59, അൽ റൂം:20, ഫാത്വിർ:11 മുതലായ സൂക്തങ്ങളാണ് അവർ ഇതിനു തെളിവായി പറയുന്നത്. അതുതന്നെ മുട്ടിയാൽ ശബ്ദമുണ്ടാകുന്ന കളിമണ്ണിൽ നിന്നാണെന്നാണ് സൂറ അൽ ഹിജ്റിലെ 26-ാം സൂക്തം പറയുന്നത് എന്നും അവർ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല, ഹൂദ്: 61 ൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ഭൂമിയിൽ നിന്നാണെന്നും നഹ്ല്:4, ഖിയാമ: 37 മുതലായ ആയത്തുകളിൽ ശുക്ലത്തിൽ നിന്നാണെന്നുമെല്ലാമാണ് പറയുന്നത് എന്ന് പറഞ്ഞ് ആഴത്തിൽ ചിന്തിക്കാൻ കഴിവില്ലാത്തവരെ പരമാവധി വട്ടം കറക്കുവാൻ ഇത്തരക്കാർ ശ്രമിക്കുന്നു. ഇത് പക്ഷേ ഖുർആനിനെ കുറിച്ചും അതിൻ്റെ ദൈവികമായ ശൈലിയെ കുറിച്ചും അതിൻ്റെ പരമമായ ലക്ഷ്യത്തെക്കുറിച്ചും അറിവില്ലാത്തതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്. ഇവയിൽ ആദ്യം മനസ്സിലാക്കേണ്ടത് വിശുദ്ധ ഖുർആനിന്റെ ആത്യന്തിക ലക്ഷ്യമാണ്. അത് ഏതെങ്കിലും ഒരു ശാസ്ത്രത്തെയോ പ്രക്രിയയോ അതിൻ്റെ ക്രമമനുസരിച്ച് പഠിപ്പിക്കുക എന്നതല്ല. മനുഷ്യനെ ശരിയായ സംസ്‌കാരത്തിലേക്കും മാർഗ്ഗത്തിലേക്കും നയിക്കുവാൻ ആവശ്യമാകുന്ന ഉദ്ബോധനം നൽകുക എന്നതാണ്. ഇത് നൽകുവാൻ ഏറ്റവും പ്രധാനമായി വിശുദ്ധ ഖുർആൻ അവലംബിക്കുന്ന മാർഗം അവനെ ചിന്തിപ്പിക്കുക എന്നതാണ്. പ്രപഞ്ചത്തിൽ അവൻ്റെ കണ്ണിന്റെയും ജീവിതത്തിന്റെയും മുമ്പിൽ നിറഞ്ഞുനിൽക്കുന്ന, ആവർത്തിച്ചുവരുന്ന അനവധി നിരവധി പ്രാപഞ്ചികവും അല്ലാത്തതുമായ അത്ഭുതങ്ങൾ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും അവയുടെ എല്ലാം വിധാതാവും സൃഷ്ടാവും ആരാണ് എന്ന് ചിന്തിക്കുവാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധ ഖുർആനിൻ്റെ രീതി. അങ്ങനെ പറയുമ്പോൾ ഒരു ക്രമണിക കൃത്യമായി പറഞ്ഞു കൊള്ളണമെന്നില്ല. ചിന്തിക്കുവാൻ ശൃംഖലയിലെ ഏതെങ്കിലും ഒരു കണ്ണി മാത്രം മതിയാകും. അപ്പോൾ അതുമാത്രമാകും ഒരിടത്ത് പറയുക. ശൃംഖലയിലെ മറ്റൊരു കണ്ണിയായിരിക്കാം മറ്റൊരിടത്ത് പറയുന്നത്. ശൃംഖലകളെ മനുഷ്യൻ്റെ ബുദ്ധിയും അറിവും നിരീക്ഷണപാഠവും എല്ലാം ചേർത്ത് ക്രമീകരിക്കുമ്പോഴാണ് ശാസ്ത്രങ്ങൾ കണ്ടെത്തിയ വഴിയിലേക്ക് അവരെത്തുക. മനുഷ്യ സൃഷ്ടിപ്പിന്റെ ക്രമണികയിലും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. മണ്ണ് കുഴച്ചെടുത്ത് മുട്ടിയാൽ ശബ്ദം ഉണ്ടാകാവുന്ന വിധത്തിൽ ഉണക്കിയെടുത്ത് അതിൽ നിന്നാണ് ആദിമ മനുഷ്യൻ്റെ സൃഷ്ടിപ്പ്. അപ്പോൾ തന്നെ അവിടെ ഖുർആനിൻ്റെ രീതി അനുസരിച്ച് മണ്ണിൽ നിന്ന്, വെള്ളത്തിൽ നിന്ന്, മണ്ണിൻ്റെ സത്തയിൽ നിന്ന്, മുട്ടിയാൽ ശബ്ദമുണ്ടാകുന്ന മണ്ണിൽ നിന്ന് എന്നൊക്കെ ഖുർആൻ പറഞ്ഞേക്കാം. ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. അത്ര ആശ്വാസത്തോടെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു മനസ്ഥിതി ഇല്ലാത്തതുകൊണ്ടാണ് അബദ്ധം പിണഞ്ഞിരിക്കുന്നത്.
ആദം നബിയുടെ സന്തതികളുടെ പ്രജനന പ്രത്യുൽപാദന മാർഗം പരിശോധിച്ചാൽ മനുഷ്യജന്മം ബീജത്തിൽ നിന്ന്, ശുക്ലത്തിൽ നിന്ന്, ഭ്രൂണത്തിൽ നിന്ന്, പല ഘട്ടങ്ങളിലൂടെയായി, രക്തപിണ്ഡത്തിൽ നിന്ന് എന്നൊക്കെ പറയാവതാണ്. അതെല്ലാം ആത്യന്തികമായ ഒന്നാണ് എന്ന് ധരിച്ചേടത്താണ് അബദ്ധം പിണഞ്ഞിരിക്കുന്നത്. ചുരുക്കത്തിൽ മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവനകളില്‍ വൈവിധ്യം കാണപ്പെടുന്നുവെന്നത് ഒരു നേരാണ് എങ്കിലും ഈ വൈവിധ്യങ്ങള്‍ ഒരിക്കലും വൈരുധ്യങ്ങളല്ല. അതുകൊണ്ടാണ് മനുഷ്യ സൃഷ്ടിയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട വസ്തുതകളെല്ലാം ശരിയാണെന്ന് പിൽക്കാലത്ത് വന്ന പഠനങ്ങള്‍ വ്യക്തമാക്കിയത്. ആ പഠനങ്ങൾ പലതും ഡിഎൻഎ വരെ എത്തുന്ന പഠനങ്ങളാണ്. അത്ര വലിയ ആഴങ്ങളിലേക്ക് ഇപ്പോൾ നാം പ്രവേശിക്കുന്നില്ല. എങ്കിലും സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് മനസ്സിലാക്കുവാൻ ഏറ്റവും നല്ല ഒരു തെളിവ് ഉണ്ട്. അത് മണ്ണിലുള്ള ധാതുലവണങ്ങളുടെയും മനുഷ്യ ശരീരത്തിലുള്ള മൂലകങ്ങളുടെയും സമാനതയാണ്. ശാസ്ത്രം വിവരിക്കുന്നത നുസരിച്ച് സാധാരണ മണ്ണിൽ 45% ധാതുലവണങ്ങളും 25% വായുവും 5% ജൈവാവശിഷ്ടങ്ങളുമാണ്. എന്നാൽ മനുഷ്യശരീരത്തിലുള്ള മൂലകങ്ങലെല്ലാം കളിമണ്ണിലുള്ളവയാണ്. 65% ഓക്‌സിജൻ, 18.5% കാർബൺ, 9.5% ഹൈഡ്രജൻ, 3.2% നൈട്രജൻ, 1.5% കാത്സ്യം, 1% ഫോസ്ഫറസ്, 0.4% പൊട്ടാസ്യം, 0.3% സൾഫർ, 0.2% സോഡിയം, 0.2% ക്ലോറിൻ, 0.1% മഗ്‌നീഷ്യം എന്നിവയാണ് മനുഷ്യശരീരത്തിലെ പ്രധാന മൂലകങ്ങൾ. ബോറോൺ, ക്രോമിയം, കൊബാൾട്ട്, കോപ്പർ, ഫ്‌ളൂറിൻ, അയഡിൻ, അയേൺ, മാംഗനീസ്, സിലിക്കോൺ, മോളിബ്ഡനം, സെലിനിയം, ടിൻ, വനേഡിയം, സിങ്ക് എന്നീ മൂലകങ്ങളും നേരിയ അളവിൽ ഉണ്ട്. സാമ്യത ചിന്തിക്കുന്ന ഒരു മനുഷ്യൻ്റെ ചിന്തയെ സ്വാധീനിക്കാൻ മാത്രം പോകുന്നത് തന്നെയാണ്.
ഇനി അതിലും ലളിതമായ മറ്റൊരു സാമ്യതയുണ്ട്. അത് മനുഷ്യൻ്റെ പ്രകൃതത്തിലും മണ്ണിൻ്റെ പ്രകൃതത്തിലും കാണപ്പെടുന്ന വൈവിധ്യമാണ്. ജൈവപരമായി തന്നെ രണ്ടിലും ഒരുതരം വൈവിധ്യമുണ്ട്. എല്ലാ ഭൂമികളും ഒരേപോലെ ഫലഭൂയിഷ്ടമോ തരിശോ അല്ല. ഏതെങ്കിലും ഒരു നിറമോ ഗുണമോ മാത്രമുള്ളതല്ല. ഓരോ നാട്ടിലും ഓരോ മേഖലയിലും ഓരോ തരം മണ്ണാണ്. വ്യത്യസ്ത കൃഷികൾ വിളവുകൾ തുടങ്ങിയവ വളർത്തിയെടുക്കാൻ അനുകൂലമായ വിധത്തിലാണ് ഈ വൈവിധ്യം നൽകപ്പെട്ടിരിക്കുന്നത്. അപ്രകാരം തന്നെയുള്ള വൈവിധ്യം മനുഷ്യൻ്റെ ശരീരഘടനയിലും ഉണ്ട്. ഓരോ ഭൂഖണ്ഡത്തിലെയും ജനങ്ങളുടെ നിറവും കായികക്ഷമതയും വ്യത്യസ്തമാണ്. പ്രതിരോധശേഷി ധൈര്യം ആയുർദൈർഘ്യം തുടങ്ങിയ ഓരോന്നും വ്യത്യാസപ്പെട്ട് കിടക്കുന്നു. ഉയരത്തിലും നിറത്തിലും ശക്തിയിലും ഈ വൈവിധ്യങ്ങൾ പ്രകടമായി കാണുന്നു. ഇത് മഹാനായ നബി തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. നബി (സ്വ) പറഞ്ഞു: 'ഭൂമിയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി എടുക്കപ്പെട്ട ഒരുപിടി മണ്ണിൽ നിന്നാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ആദം സന്തതികൾ വ്യത്യസ്ത തരക്കാരായി. ചുവപ്പും, വെളുപ്പും, കറുപ്പും, അതിനിടയിലുള്ള നിറങ്ങളിലും , മെലിഞ്ഞതും, തടിച്ചതും, വൃത്തിഹീനനും വൃത്തിയുള്ളവനും എല്ലാം' (തുർമുദി). ഈ വൈവിധ്യം തുടരുക കൂടി ചെയ്യുന്നു എന്നത് മറ്റൊരു അത്ഭുതമാണ്. ആദം നബിയുടെ മക്കൾ കാലാകാലങ്ങളിൽ ശാരീരങ്ങളിൽ വ്യത്യസ്തത പുലർത്തി വന്നിട്ടുണ്ട്. സൃഷ്ടിക്കപ്പെടുമ്പോൾ ആദം നബിയുടെ വലുപ്പം 60 മുഴമായിരുന്നു എന്ന് ഹദീസിൽ കാണാം. ഒരു മുഴം എന്നാൽ 45 സെൻറീമീറ്റർ ആണ്. അപ്പോൾ അദ്ദേഹത്തിൻ്റെ ഉയരം 27.43 മീറ്റർ ആയിരുന്നു എന്ന് മനസ്സിലാക്കാം. ആധുനിക മനുഷ്യൻറെ 16 ഇരട്ടിയോളം വരും ഇത്. ആദിമ മനുഷ്യർ വലിയ ഉയരം ഉള്ളവരായിരുന്നു എന്നും പിന്നീട് പടിപടിയായി ഉയരം കുറയുകയും ഇന്നത്തെ ഉയരത്തിൽ എത്തുകയും ചെയ്തതാണ് എന്ന് ഹദീസിൽ കാണാം. (സ്വഹീഹ് മുസ്ലിം). ഇതനുസരിച്ച് ആദിമ മനുഷ്യർ എന്ന് ശാസ്ത്രം കരുതുന്ന ഹോമോ ഇറക്ടസ് , ക്രോമാഗ്നൻ , നിയാണ്ടർത്താൻ തുടങ്ങിയ പല വിഭാഗങ്ങളും ആദം സന്തതികളായ മനുഷ്യരിൽ പെട്ട വ്യത്യസ്ത ആദിമമനുഷ്യ വിഭാഗക്കാർ മാത്രം ആയിരിക്കാനാണ് സാധ്യത. 60 മുഴം നീളമുള്ള വലിയ ഫോസിലുകൾ ഒന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. 60 മുഴം നീളമുള്ള ആയിരത്തിലധികം വർഷങ്ങൾ ആയുസ്സുള്ള അവസ്ഥയിൽനിന്നും ആദിമമനുഷ്യർ പരിണമിച്ച് ഉയരം വെറും നാലു മുഴവും ആയുസ്സ് 70 വയസ്സ് പ്രായവുമൊക്കെ ആയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ മാറ്റം സത്യമാണ് എന്നും . മനുഷ്യ വർഗ്ഗത്തിന് പരിണാമം സംഭവിച്ചിട്ടുണ്ട് എന്നും വരും. ബൈബിളും മനുഷ്യൻ മണ്ണിൽ നിന്ന് പടക്കപ്പെട്ടവനാണ് എന്ന് പറയുന്നുണ്ട്. സൃഷ്ടിപ്പിൻ്റെ വിവരണമായ ഉല്പത്തി പുസ്തകത്തിൻറെ 2:7 ൽ പറയുന്നു: 'യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും അവൻ്റെ മൂക്കിൽ ജീവശ്വാസം ഊതുകയും ചെയ്തു; അങ്ങനെ മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു'. മരണാനന്തര അവസ്ഥ വിവരിക്കുന്ന ഉല്പത്തി 3:19 ൽ മനുഷ്യൻ്റെ മരണത്തെക്കുറിച്ച് പറയുമ്പോൾ, 'നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങും' എന്ന് ദൈവം പറയുന്നത് കാണാം.
O
മണ്ണിൽനിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് പറഞ്ഞു. പിന്നീട് പുരുഷബീജവും സ്ത്രീഅണ്ഡവും സംയോജിച്ച് ഗർഭപാത്രത്തിൽവച്ച് പല ഘട്ടങ്ങളിലൂടെ വളർന്നു കുഞ്ഞായിത്തീരുന്നു. ഇതിന്റെ വിശദാംശങ്ങൾ നോക്കാം:
പുരുഷബീജം ഉണ്ടാകുന്നത് പുരുഷന്റെ വൃഷണങ്ങളിലാണ്. പ്രായപൂർത്തിയെത്തുന്നതോടെ ബീജോൽപാദനം തുടങ്ങും. ശരാശരി 4 സെന്റി മീറ്റർ നീളവും രണ്ടേമുക്കാൽ സെന്റി മീറ്റർ വീതിയും പയർ മണിയുടെ ആകൃതിയുമുള്ള രണ്ട് ഗ്രന്ഥികളാണ് വൃഷണങ്ങൾ. പുരുഷ ഹോർമോണുകൾ ഉണ്ടാക്കുകയാണ് പ്രായപൂർത്തിയെത്തുംവരെ അവയുടെ ധർമം. വൃഷണസഞ്ചി എന്ന് വിളിക്കപ്പെടുന്ന തുകൽസഞ്ചിയിലാണ് ഹോർമോണും ബീജവും ഉൽപാദിപ്പിക്കുക. വൃഷണത്തിലെ അതിസൂക്ഷ്മമായ സ്‌പെർമാറ്റഗോനിയ എന്ന കോശനിരയിൽനിന്ന് പുരുഷബീജങ്ങളുണ്ടാകുന്നു. സ്‌പെർമാറ്റഗോനിയ വിഭജിക്കപ്പെട്ട് പ്രൈമറി സ്‌പെർമാറ്റോസെറ്റുകൾ എന്ന കോശങ്ങളുണ്ടാകും. ഇവ അതിവേഗം പൂർണവളർച്ചയെത്തി കോശവിഭജനത്തിനു വിധേയമാകുന്നു. ഊനഭംഗം (MEIOSIS) എന്ന് പറയപ്പെടുന്ന ഈ കോശവിഭജനത്തി ലൂടെ 46 ക്രോമസോമുകളുള്ള ഈ സ്‌പെർമാറ്റോസെറ്റ് 23 ക്രോമസോമുകൾ മാത്രമുള്ള കോശങ്ങളായി മാറുന്നു. നാനൂറോളം അറകളായി വിഭജിക്കപ്പെട്ടിരിക്കുന്ന വൃഷണങ്ങളിലെ വളഞ്ഞുപിരിഞ്ഞു കിടക്കുന്ന നീണ്ട നളികകളിൽ (സൂക്ഷ്മ കുഴൽ) ബീജോൽപാദനം നടക്കുന്നു. ഈ നളികകളുടെ വളവുകൾ തീർത്ത് കൂട്ടിച്ചേർത്താൽ 800 അടിയോളം നീളമുണ്ടാകും. ഈ നളികകളിൽവച്ച് ഉൽപാദിപ്പിക്കപ്പെടുന്ന ബീജങ്ങൾ വൃഷണത്തോട് അടുത്ത് കിടക്കുന്ന അധിവൃഷണിക(EPIDIDYMIS)യിൽ ശേഖരിക്കപ്പെടുകയും അവിടെവച്ച് അവ പ്രായപൂർത്തിയാവുകയും ചലനശേഷിയാർജിക്കുകയും ചെയ്യുന്നു. അധിവൃഷണികയോട് ബന്ധപ്പെട്ടു കിടക്കുന്ന നീണ്ട കുഴലായ ബീജനാളിയിലൂടെയാണ് ബീജങ്ങൾ മൂത്രനാളത്തിൽ എത്തുന്നത്. അവിടെനിന്നാണ് അവ പുറത്തുപോകുന്നത്. ശുക്ലമെന്ന ദ്രവപദാർഥത്തിൽ മുങ്ങിക്കിടന്ന് ഇടകലർന്നു ബീജങ്ങൾ സഞ്ചരിക്കുന്നു. വഴുവഴുപ്പും കൊഴുപ്പുമുള്ള വെളുത്ത ഈ പദാർഥത്തിന്റെ അധികഭാഗവും മൂത്രാശയത്തിനടിയിലുള്ള രണ്ട് ശുക്ലസഞ്ചി(SEMINAL VESICLES)കളിൽ നിന്നാണ്. ഒരു തവണ വിസർജിക്കുന്ന ശുക്ലത്തിന് മൂന്നുമുതൽ അഞ്ചുവരെ മില്ലി ലിറ്റർ വ്യാപ്തമുണ്ടാകും. രണ്ട് മില്ലി ലിറ്റർ ശുക്ലമെങ്കിലും ഉൽപാദനക്ഷമതയ്ക്കാവശ്യമാണ്.
ശരീരത്തിന്റെ താപനിലയെക്കാൾ വൃഷണസഞ്ചിയിൽ 3-4 ഡിഗ്രി ഫാരൻഹീറ്റ് ചൂട് കുറവാണ്. ഈ താപനിലയിലേ പുരുഷബീജങ്ങളുടെ ഉൽപാദനം നടക്കൂ. ഈ താപനില മാറ്റം കൂടാതെ നിലനിൽക്കുന്നതിന് കാരണം വൃഷണസഞ്ചിയുടെ ബാഹ്യഭാഗത്തുള്ള ചുളിവുകളാണ്. ഇതിനകത്തുള്ള ബീജധമനി (SPERMATIC ARTERY) ചൂട് ക്രമീകരിക്കുന്നു. തണുപ്പ് കൂടുമ്പോൾ വൃഷണങ്ങൾ ഉയർന്ന് ചുരുളുകളായി കിടക്കുന്ന ഈ രക്തക്കുഴലിന്റെ നീളം കുറക്കുകയും വൃഷ്ണസഞ്ചി സങ്കോചിക്കുകയും ചെയ്യുന്നു. അപ്പോൾ കൂടുതൽ ചൂടുള്ള ഉദരപേശികളുമായി സമ്പർക്കത്തിലായി വൃഷണങ്ങൾ തണുപ്പ് കാലത്ത് താപനില ക്രമീകരിക്കുകയും ചെയ്യും. ചൂടുകാലമാകുമ്പോൾ വൃഷണസഞ്ചിയിലെ ചുളിവുകൾ നിവരുകയും വൃഷണങ്ങൾ താഴോട്ടിറങ്ങുകയും അങ്ങനെ താപനില കുറയ്ക്കുവാൻ കഴിയുകയും ചെയ്യുന്നു. ‘പിന്നീട് ബീജമായിക്കൊണ്ട് ഭദ്രമായ ഒരു സ്ഥാനത്ത് അവനെ നാം വച്ചു’ എന്ന് ക്വുർആൻ 23:13ൽ പ്രസ്താവിച്ചതായി കാണാം.
സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ രണ്ടുമുതൽ അഞ്ചു ശതമാനംവരെയാണ് ബീജങ്ങളുണ്ടാകുക. ബാക്കി മറ്റു സ്രവങ്ങളാണ്. അമിനോ ആസിഡുകൾ, സിട്രെറ്റ്, എൻസൈമുകൾ, ഫ്‌ളാവിനുകൾ, ഫ്രക്‌റ്റോസ്, ഫോസ്‌ഫോറിൻ കോളിൻ, പ്രോസ്റ്റാ ഗ്ലാൻഡിനുകൾ, പ്രോട്ടീനുകൾ, വിറ്റാമിൻ സി തുടങ്ങിയവയാണ് ഈ സ്രവങ്ങളിൽ. ശുക്ലാണുക്കൾക്ക് നിലനിൽക്കാനും സഞ്ചരിക്കാനുമുള്ള ഊർജവും മറ്റു വസ്തുക്കളിൽ നിന്നുള്ള പ്രതിരോധവും നൽകുന്നത് ഈ സ്രവങ്ങളാണ്. പ്രോസ്റ്റെറ്റി (PROSTATE)ൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ് ഫോസ്ഫറേറ്റ്, സിട്രിക് ആസിഡ്, ഫൈബ്രിനോലിസിൻ, പ്രോസ്റ്റെറ്റ് സ്‌പെസിഫിക് ആന്റിജൻ, പ്രോട്ടിയോലിറ്റിക്ക് എൻസൈമുകൾ, സിങ്ക് തുടങ്ങിയവയാണ് ശുക്ലത്തിൽ സ്രവങ്ങൾക്ക് പുറമെ ഉണ്ടാകുക. ബൾബോയുറിത്ത്‌റൽ അഥവാ കൗപേഴ്‌സ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഗാലട്രോസ്, സിയാലിക് ആസിഡ് എന്നിവ കൂടിച്ചേർന്നാലാണ് ശുക്ലമാകുക. വൃഷണത്തിൽ ഏകദേശം 64 ദിവസങ്ങളെടുത്താണ് ഓരോ ബീജാണുവും വളർന്ന് പൂർണമാകുന്നത്. സ്‌പെർമേറ്റോഗോണിയം (SPERMETOGONIYAM) എന്ന് വിളിക്കപ്പെടുന്ന കോശം വൃഷണത്തിൽവച്ച് ഊനഭംഗത്തിലൂടെ വിഭജിക്കപ്പെട്ട് സ്‌പെർമേറ്റോസൈറ്റുകളായും (SPERMETO CYTES) അവ വളർന്ന് സ്‌പേർമാറ്റിഡുകളായും (SPERMATIDS) അവയ്ക്ക് വാല് കിളിർത്തുവരികയും ചലനശേഷി കൈവരിക്കുകയും ചെയ്ത് ബീജാണുക്കളായി മാറുകയും ചെയ്യുന്നു. ഒരുതവണ സ്ഖലിക്കുമ്പോൾ ചുരുങ്ങിയത് നാല് കോടി ബീജാണുക്കളെങ്കിലും ഉണ്ടെങ്കിൽ മാത്രമെ അതിനെ സ്വാഭാവിക ബീജസംഖ്യ (NORMAL SPERM COUNT) ആയി കണക്കാക്കാൻ കഴിയുകയുള്ളൂ. ആരോഗ്യവാനായ ഒരു പുരുഷന്റെ ഒരു തവണത്തെ സ്ഖലനത്തിൽ ഇരുപത് കോടിയെങ്കിലും ബീജങ്ങളുണ്ടായിരിക്കും. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷമുള്ള സ്ഖലനമാണെങ്കിൽ അമ്പത് കോടിവരെയാകാം. ഇങ്ങനെ സ്ഖലിക്കപ്പെടുന്ന ബീജങ്ങളിലൊന്ന് അണ്ഡവുമായി ചേർന്ന് സിക്താണ്ഡമായിത്തീരുകയും അത് കുഞ്ഞായി വളരുകയും ചെയ്യും (ഒരു മി.ലിറ്ററിൽ രണ്ട് കോടിയിൽ കുറവാണെങ്കിൽ ബീജസങ്കലനം നടക്കില്ല, കാരണം അറിയില്ല!).
മനുഷ്യരിലും സസ്യങ്ങളിലും മൃഗങ്ങളിലുമെല്ലാമുള്ള സ്ത്രീവർഗങ്ങളിലെ പ്രത്യുല്പാദന കോശങ്ങൾക്ക് പൊതുവായുള്ള പേരാണ് അണ്ഡം (OVUM). മനുഷ്യശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ കോശമായ അണ്ഡത്തിന് ഒരു ഇഞ്ചിന്റെ ഇരുന്നൂറിലൊന്ന് വലിപ്പമുണ്ട്. ഗോളാകൃതിയുള്ള അണ്ഡത്തിന് ജനിതക വസ്തുക്കൾ ഉൾകൊള്ളുന്ന ഒരു കേന്ദ്ര(ന്യൂക്ലിയസ്)മുണ്ട്. ബീജസങ്കലനത്തിന് ശേഷം ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിലേക്കാവശ്യമായ ഭക്ഷണം അണ്ഡത്തിൽ സംഭരിച്ചിട്ടുണ്ട്.
ഗർഭാശയത്തിന്റെ താഴ്ഭാഗത്ത് ഇരുവശങ്ങളിലായുള്ള അണ്ഡാശയങ്ങളാണ് (OVARY) അണ്ഡം ഉൽപാദിപ്പിക്കുന്നത്. രണ്ട് അണ്ഡാശയങ്ങളുണ്ട്. 3.5 സെ.മീ. നീളവും 2 സെ.മീ. കനവും 48 ഗ്രാം തൂക്കവുമുള്ള ഇതിന് ബദാംപരിപ്പിന്റെ രൂപമാണുള്ളത്. പെൺകുഞ്ഞിന്റെ ഭ്രൂണദശയിൽതന്നെ അണ്ഡാശയങ്ങളിൽ എഴുപത് ലക്ഷം അണ്ഡങ്ങളുണ്ടായിരിക്കും. കുഞ്ഞ് ജനിക്കുന്നതോടെ അവയിൽ ഭൂരിഭാഗവും നശിച്ചിരിക്കും. ഏകദേശം 20 ലക്ഷം അണ്ഡങ്ങളോടുകൂടിയാണ് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. പ്രായപൂർത്തിയാകുന്നതോടെ വീണ്ടും കുറെ അണ്ഡകോശങ്ങൾ നശിക്കുകയും ഏകദേശം 3 ലക്ഷം കോശങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്യും.
പെൺകുഞ്ഞിന് 8 വയസ്സാകുമ്പോൾ മസ്തിഷ്‌കത്തിലെ ഹൈപ്പോത്തലാമസിൽ നിന്നും നാഡിയ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുകയും അത് താഴെയുള്ള പിറ്റിയുട്ടറി ഗ്രന്ധിക്ക് അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കാനുള്ള ആജ്ഞ നൽകുകയും ചെയ്യുന്നു. ഉത്തെജിതമാകുന്ന അണ്ഡാശയങ്ങൾ പ്രധാനപ്പെട്ട സ്‌ത്രൈണ ഹോർമോണായ എസ്ട്രജൻ ഉൽപാദിപ്പിക്കാനാരംഭിക്കുന്നു. ഇതിന്റെ പ്രവർത്തന ഫലമായി സാവകാശം അവൾ കുമാരിയായിത്തീരുകയും ചെയ്യുന്നു. പിറ്റിയൂട്ടറിയുടെ ഉത്തേജനഫലമായി അണ്ഡാശായങ്ങളിലെ അതിസൂക്ഷ്മങ്ങളായ അണ്ഡകോശങ്ങൾ വികസിച്ച് ഫോളിക്കിൾ (FOLLICLE) എന്ന പേരിലറിയപ്പെടുന്ന ചെറിയ കുമിളകൾ പോലെയുള്ള വസ്തുവായിത്തീരുന്നു. ഏകദേശം ഇരുപത് ഫോളിക്കിളുകൾ വളരാൻ തുടങ്ങുന്നുവെങ്കിലും അഞ്ചെട്ടു ദിവസം കഴിയുമ്പോൾ ഒന്നുമാത്രം പെട്ടെന്ന് വളരുകയും മറ്റുള്ളവയെല്ലാം വളർച്ച മുരടിച്ച് നാമാവശേഷമാവുകയും ചെയ്യുന്നു. ബാക്കിയായ ഒരു ഫോളിക്കിൾ വളർച്ച തുടരുകയും പിന്നീട് പൊട്ടിപ്പിളരുകയും അതിൽനിന്ന് അണ്ഡം പുറത്തുവരികയും ചെയ്യും. ഇതിനെ അണ്ഡോത്സർജനം (OVULATION) എന്ന് പറയുന്നു.
(തുടരും) നേർ
ഖുർആൻ ഇരുപത്തിമൂന്നാം അദ്ധ്യായമായ സൂറത്തുൽ മു'മിനൂനിലെ 12 മുതൽ 14 വരെയുള്ള വചനങ്ങളിലൂടെ മനുഷ്യഭ്രൂണത്തിന്റെ പടിപടിയായുള്ള വളർച്ചയെ വശ്യവും എന്നാൽ സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നു.
നുത്വുഫ: ആദ്യ ഘട്ടം: ഖുര്‍ആന്‍ എന്ത് പറയുന്നു?
ثم جعلناه نطفة
" പിന്നീട് നാം അവനെ ഒരു ദ്രാവകതുള്ളിയായി നിക്ഷേപിച്ചു."
മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടമായി ഖുർആൻ "നുത്വുഫ"യെ പരിചയപ്പെടുത്തുന്നു.
എന്താണ് "നുത്വുഫ"?
*അറബി ഭാഷ പ്രകാരം ഇറ്റിറ്റ് വീഴുന്ന തുള്ളികൾക്കും അതല്ലെങ്കിൽ ബീജതിനുമാണ് നുത്വുഫ എന്ന് പറയുക. പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുൽ അറബ് നുത്വുഫക്ക് നൽകിയ അർഥം " ഒരു കാലി പാത്രത്തിൽ ബാക്കിയായ ഏക ജലകണം" എന്നാണ്.
*ഒരു വലിയ കൂട്ടത്തിൽ നിന്നുള്ള ഒരു കണം എന്ന അർഥം ഖുർആനിൽ നിന്ന് തന്നെ നമ്മുക്ക് ലഭിക്കുന്നു.എഴുപത്തിയഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഖിയാമയിലെ മുപ്പത്തേഴാം വചനം ഇങ്ങനെയാണ്,
" അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരു കണമായിരുന്നില്ലേ? "
ഇവിടെ ശ്രദ്ധേയമായ കാര്യം ഖുർആൻ ഈ വചനത്തില്‍ ബീജത്തിന് ഉപയോഗിച്ച പദം 'മനിയ്യ് ' എന്നതും കണത്തിനു "നുത്വുഫ" എന്നതുമാകുന്നു.
*സ്വഹീഹ് മുസ്ലിമിലെ ഒരു പ്രവാചക വചനത്തിൽ നുത്വുഫയെ മുഹമ്മദ് നബി (സ ) പരിചയപ്പെടുത്തിയത് സ്ത്രീ പുരുഷ പ്രത്യുത്പാദന ദ്രാവകങ്ങളുടെ മിശ്രിതമായാണ്.
ഈ വീക്ഷണങ്ങളിൽ നിന്ന് "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ബീജമല്ല എന്നും മറിച്ചു ബീജത്തിൽ നിന്നുള്ള ഒരു കോശത്തെയാണെന്നും മനസ്സിലാകാം. പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കഥീർ നൽകിയ വിവരണവും ഇപ്രകാരം തന്നെ.
*ഖുറാനിലെ തന്നെ മറ്റൊരു വചനത്തിൽ കാണാം
" പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ (സുലാല ) നിന്ന് അവൻ ഉണ്ടാക്കി " (32:8).
ഇവിടെയും ഖുർആൻ പ്രയോഗിച്ചത് "സുലാല " എന്നാണ്. "സുലാല" എന്നാൽ "സത്ത" (extract) എന്നാണ് അർഥം എന്ന് നാം മുൻപ് മനസ്സിലാക്കിയല്ലോ.
മുകളിൽ പറഞ്ഞ അർഥങ്ങളും വിശദീകരണങ്ങളും "നുത്വുഫ" എന്നത് ബീജത്തിന്റെ പര്യായപദമല്ല എന്നും മറിച്ചു ശുക്ലത്തിന്റെയോ അണ്ഡത്തിന്റെയോ സത്തയിൽ നിന്ന് ഒരു ഭാഗത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തം. ബീജം എന്നതിന് ഖുർആനിലും പ്രവാചക വചനങ്ങളിലും ഉപയോഗിക്കപ്പെട്ട പദം "നുത്വുഫ" അല്ല , മറിച്ച് "മനിയ്യ് " എന്നും ആണെന്ന് നമുക്ക് മനസ്സിലാകാം
ഇതിനു കൂടെ തന്നെ സൂറത്തുൽ ഇന്‍സാനിൽ ഖുർആൻ പറയുന്നു
" തീർച്ചയായും നാം കൂടിക്കലർന്നുണ്ടായ ( അംഷാജ്) "നുത്വുഫ"യിൽ നിന്ന് മനുഷ്യനെ സൃഷ്ട്ടിചിരിക്കുന്നു" (75:2)
"അംഷാജ്" (കൂടിച്ചേർന്ന ) എന്നത് ഭാഷാവ്യാകരണ പ്രകാരം ഒരു ബഹുവചന വിശേഷണമാണ് ( plural adjective). അതിനാൽ വ്യാകരണ പ്രകാരം "നുത്വുഫ" എന്നത് വിവിധ വസ്തുക്കൾ കൂടിച്ചേർന്ന ഒരു ദ്രാവകത്തിന്റെ തുള്ളിയാണ് എന്ന് മനസ്സിലാകാം. അപ്പോൾ നുത്വുഫ എന്നത് പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ബീജത്തിന്റെയും അണ്ഡത്തിന്റെയും മിശ്രിതത്തിൽ നിന്നുള്ള ഒരു ചെറിയ തുള്ളിയാകുന്നു.
എത്ര അത്ഭുതകരം! വിശുദ്ധ ഖുർആനിൽ പ്രയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും പ്രയോഗം വരെ എത്ര സൂക്ഷ്മമാണ് എന്ന് ഒരൊറ്റ വചനത്തിന്റെ വിശകലനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
നുത്വുഫ-ശാസ്ത്രീയ വിശകലനം
ഖുർആനും പ്രവാചക വചനങ്ങളും "നുത്വുഫ"യുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന അർഥതലങ്ങൾ ആധുനിക ഭ്രൂണശാസ്ത്രവുമായി കൃത്യമായി യോജിക്കുന്നു . "നുത്വുഫ" എന്ന ഘട്ടം പുരുഷ ബീജത്തിന്റെയും സ്ത്രീ അണ്ഡത്തിന്റെയും "കൂടിച്ചേരൽ "(അംശാജ് ) നടക്കുന്ന ബീജസംയോഗ പ്രക്രിയയെ (Fertilisation) ധ്വനിപ്പിക്കുന്നതാണ് . ഇത് "സിക്താണ്ഡം"(zygote) എന്ന ഏക കോശമായി മാറുന്നു. ഇവ്വിഷയകമായി ഭ്രൂണശാസ്ത്രജ്ഞരായ ജോണ്‍ അലൻ, ബെവര്‍ലി ക്രാമർ എന്നിവർ ഇപ്രകാരം പറയുന്നു
"പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ഓരോ കോശങ്ങളുടെ സംയോജനത്തിൽ നിന്നാണ് മനുഷ്യഘടനയുടെ ഉത്ഭവം.ഈ കോശങ്ങളെ "ഗാമേറ്റ്സ്" (Gametes) എന്ന് വിളിക്കുന്നു .ഈ രണ്ട് കോശങ്ങളും യോജിച്ച് സിക്താണ്ഡം (zygote) എന്ന ഏക കോശമായി മാറുന്നു."
ശാരീരിക ശാസ്ത്ര പ്രകാരം ബീജ സംയോജനം നടക്കണമെങ്കിൽ ഈ രണ്ട് കോശങ്ങളും ദ്രാവകങ്ങളിലായിട്ടാണ് വേണ്ടത്. പുരുഷബീജം (spermatozoon) ശുക്ലത്താലും (semen), സ്ത്രീഅണ്ഡം (oocyte) ഫോളിക്കുലാർ ദ്രാവകതിലുമാണുള്ളത്. ഈ ദ്രാവകങ്ങൾ പ്രത്യുത്പാദനതിന് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഖുർആൻ ഉപയോഗിച്ച "നുത്വുഫ" എന്ന പദത്തിന്റെ അർത്ഥവ്യാപ്തി നാം മുമ്പ് പരിശോധിച്ചല്ലോ. ഈ വിവരണവുമായി "നുത്വുഫ" എന്ന ഖുർആൻ വിവരിച്ച ഘട്ടം അക്ഷരാർത്ഥത്തിൽ ഒത്തു പോകുന്നതായി കാണാം. ചുരുക്കത്തിൽ "നുത്വുഫ" എന്ന ഘട്ടം സ്ത്രീ - പുരുഷ ദ്രാവകങ്ങൾ കൂടിക്കലർന്നു അവയിലെ രണ്ട് കോശങ്ങൾ ചേർന്ന് ഏക കോശമായ സിക്താണ്ഡമായി മാറുന്നതിനെ സൂചിപ്പിക്കുന്നു.
ഭദ്രമായ സ്ഥാനം
ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ
"പിന്നീട് നാം അവനെ നുത്വുഫ ആക്കിക്കൊണ്ട് ഭദ്രമായ സ്ഥാനത്ത് വെച്ചു ( ഖറാറിൻ മകീൻ )"
മനുഷ്യ വികാസത്തിന്റെ അടുത്ത ഘട്ടമാണ് "ഖാറാറിൻ മകീൻ" (ഭദ്രമായ സ്ഥാനം ). " ഖറാറിൻ" എന്ന വാക്കിന്റെ ഭാഷാർത്ഥം നിശ്ചലമാക്കുക , ഉറപ്പിക്കുക, നിർണയിക്കുക, വ്യവസ്ഥ ചെയ്യുക എന്നെല്ലാമാണ്. " മകീൻ" എന്നാ വാക്കിന് സ്ഥാപിക്കുക, ഉറപ്പിച്ചു വെക്കുക എന്നീ അർത്ഥങ്ങളുമാണുള്ളത് . ഈ രണ്ടു വാക്കുകളുടെ സമ്മിശ്രണം നമുക്ക് നൽകുന്ന അർഥങ്ങൾ ഭദ്രമായ സ്ഥാനം , ഒരു സ്ഥലത്ത് ഉറപ്പിച്ചു വെക്കുക, അടിയുറച്ച നിശ്ചലസ്ഥാനം തുടങ്ങിയവയാകുന്നു .
ശാസ്ത്രീയ വിശകലനം:
ഭ്രൂണശാസ്ത്ര പഠനങ്ങൾ പ്രകാരം സിക്താണ്ഡം വിഭജിച് കോശങ്ങളുടെ ഒരു ഗോളമാകുന്നു. ഇതിനെ നാം ബ്ലാസ്ടോസൈറ്റ് (Blastocyte) എന്ന് വിളിക്കുന്നു. ബീജസംയോജനത്തിന്റെ ആറാം ദിവസം "ബ്ലാസ്ടോസൈറ്റ്" സ്വയം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ സ്ഥാനം ഉറപ്പിക്കുന്നു ! 10 മുതൽ 12 വരെ ദിവസങ്ങൾക്കുള്ളിൽ ബ്ലാസ്ടോസൈറ്റ് എൻഡോമെട്ട്രിയത്താൽ (Endometrium) പൂർണമായി പരിരക്ഷിക്കപ്പെട്ട അവസ്ഥയിലാകുന്നു.എത്ര സുരക്ഷിതമായ സ്ഥാനം! ഖുർആനിന്റെ പ്രയോഗവും ആധുനിക ശാസ്ത്രവും തമ്മിൽ യാതൊരു വൈരുധ്യങ്ങളുമില്ല തന്നെ!
Thoughts & Arts
മനുഷ്യാ നീ മണ്ണാകുന്നു!
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso