തത്സമയം
മുഹമ്മദുൽ അസ്ഹരി
നമ്മുടെ ആദർശ ഭൂമികയിലെ ഏറ്റവും വലിയ മത വിദ്യാഭ്യാസ ഏജൻസിയായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പാഠപുസ്തക പരിഷ്കരണം മറ്റൊരു ഘട്ടത്തിലേക്ക് കൂടി വളർന്നു കഴിഞ്ഞു. കഴിഞ്ഞവർഷം പ്രാഥമിക തലത്തിൽ വരുത്തിയ പരിഷ്കരണങ്ങൾ ഇപ്പോൾ അടുത്ത ഒരു ഘട്ടത്തിലേക്ക് കൂടി വികസിച്ചിരിക്കുകയാണ്. അടുത്ത അധ്യയന വർഷത്തോടു കൂടെ മദ്രസാ തല പാഠപുസ്തക പരിഷ്കരണം വിജയകരമായി പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സുചിന്തിതമായ ഒരു പദ്ധതിയായിട്ടാണ് പരിഷ്കരണം ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഭൗതികവും മതപരവുമായ വിദ്യാഭ്യാസ മേഖലകളിലെ വിചക്ഷണന്മാരുടെ അവധാനതയോടു കൂടെയുള്ള പഠനങ്ങൾ, ശില്പശാലകൾ തുടങ്ങിയ പിന്നിട്ട് തികച്ചും ശാസ്ത്രീയമായ ചുവടുകളിലൂടെയാണ് പരിഷ്കരണം നടപ്പിലാക്കിയിട്ടുള്ളത്. പാഠങ്ങളുടെയും പുസ്തകങ്ങളുടെയും ശിശു സൗഹൃദ രൂപകല്പന, ഉള്ളടക്കങ്ങളുടെ പ്രസക്തി തുടങ്ങിയവയെല്ലാം നന്നായി പരിഗണിച്ചിട്ടുണ്ട്. പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ കയ്യിലെത്തും മുമ്പ് അധ്യാപകർക്ക് വിശദമായ പുസ്തക പരിചയപ്പെടുത്തൽ ക്യാമ്പുകൾ സംഘടിപ്പിച്ച് പരിഷ്കാരങ്ങളുടെ ശരിയായ ഫലപ്രാപ്തി പഠനപ്രക്രിയയുടെ അടിത്തട്ടിലേക്ക് കാര്യക്ഷമമായി എത്തിക്കപ്പെട്ടിട്ടുണ്ട്. പുതിയ മാറ്റങ്ങൾക്ക് ഭൗതിക സൗകര്യങ്ങളുമായി സാങ്കേതിക വിദ്യയുമായും അഭേദ്യമായ ബന്ധം ഉള്ളതുകൊണ്ട് മാനേജിങ് കമ്മിറ്റികൾക്ക് വേണ്ട പരിശീലനങ്ങളും ഉദ്ബോധനങ്ങളും നൽകിയിട്ടുണ്ട്. മതപരവും ആദർശ പരവുമായ ഉള്ളടക്കങ്ങളായതിനാൽ അറിവും സൂക്ഷ്മതയും ഒരേപോലെയുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമാഇൻ്റെ പണ്ഡിതന്മാരുടെ അന്തിമ പരിശോധനയും അംഗീകാരവും നേടിയിട്ടുമുണ്ട്. ഈ ഘട്ടങ്ങളെല്ലാം പിന്നിടുന്നതോടു കൂടി പുതിയ പരിഷ്കരണം നമ്മുടെ ആദർശ ലോകത്തിൻ്റെ മൊത്തത്തിലുള്ള പരിഷ്കരണ പ്രക്രിയയായി മാറുന്നു. അതുകൊണ്ട് പരിഷ്കരണത്തിലെ ഒരു വിഷയത്തെ കുറിച്ചും അഭിപ്രായവ്യത്യാസങ്ങൾക്കോ അസ്വാരസ്യങ്ങൾക്കോ ന്യായമില്ല. എന്നിട്ടും ചെറിയ അളവിലെങ്കിലും അങ്ങനെയൊക്കെ കേൾക്കുന്നത് കൊണ്ടാണ് ചില കാര്യങ്ങൾ ഇപ്പോൾ നമുക്ക് പറയേണ്ടിവരുന്നത്. പറയുന്നത് വലിയൊരു മറുപടി എന്ന ധ്വനിയിലൊന്നുമല്ല. മറിച്ച് ചില വിനീതമായ എ ഉണർത്തലുകൾ എന്ന നിലക്ക് മാത്രമാണ്.
പരിഷ്കരണങ്ങളെ പരിഗണിക്കുന്നതിൽ വിമുഖത കാണിക്കുന്ന ചില ആൾക്കാർ സമൂഹത്തിലുണ്ട്. അവർ പൊതുവെ വികസന വിരോധികളായിരിക്കും. എന്തിനെയും അവർ നെഗറ്റീവായി നിരൂപിക്കും. അതായത് ഒരു തരം കുറ്റപ്പെടുത്തൽ. അത്തരം ചില ആൾക്കാർ പുതിയ പരിഷ്കരണങ്ങളോടും മുഖം ചുളിക്കുന്നുണ്ട്. 'പണ്ടൊക്കെ, അതായത് ഞാൻ പഠിച്ച കാലത്തൊക്കെ ഇത്തരം പരിഷ്കാരങ്ങൾ ഉണ്ടായിട്ടായിരുന്നുവോ കാര്യങ്ങൾ നടന്നിരുന്നത്?, ഇതൊന്നും ഇല്ലാതിരുന്നിട്ടും അന്ന് ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഇന്നത്തേതിനേക്കാൾ മൂല്യവത്തായും ഫലവത്തായും മതം പഠിക്കാനും പഠിപ്പിക്കാനും കഴിയുമായിരുന്നുവല്ലോ, ഇതൊക്കെ സത്യത്തിൽ പറഞ്ഞാൽ പരിഷ്കാരത്തിനു പുറകെയുള്ള വെറും ഓട്ടങ്ങൾ മാത്രമാണ്..' എന്നൊക്കെ പറയും മുറുമുറുപ്പോടെ ഇത്തരക്കാർ. ഒരല്പം പ്രായം ചെന്ന ഉസ്താദുമാരിലും കാരണവന്മാരിലും പെട്ട ചിലരാണ് ഇങ്ങനെ പറയുന്നത്. അവർ ഒരിക്കലും ഒരു ഫിത്ന ഉണ്ടാക്കാൻ വേണ്ടി വെറുതെ കള്ളം പറയുന്നതോ മറ്റോ അല്ല. മറിച്ച് അവരുടെ കുട്ടിക്കാലത്തെ കുറിച്ചും അന്ന് മത രംഗത്ത് ഉണ്ടായിരുന്ന സ്വാധീനത്തെ കുറിച്ചും അവർ പറയുന്നത് നിഷ്കളങ്കമായ സത്യങ്ങൾ മാത്രമാണ്. ഇന്നത്തേതിനേക്കാൾ കഠിനമായിരുന്നു അന്നത്തെ പാഠപുസ്തകങ്ങളിലെ അധ്യായങ്ങൾ. പ്രാഥമിക മദ്രസ പാഠങ്ങൾ പഠിച്ചിറങ്ങുമ്പോഴേക്കും കുട്ടികൾ വിവിധ മത വിഷയങ്ങളിൽ ഗ്രാഹ്യത ഉള്ളവരായി മാറിയിരുന്നു. ഒരു പ്രാർത്ഥനാ സദസ്സിനെ നയിക്കുവാൻ മാത്രമുള്ള പ്രാവീണ്യം മദ്രസ കഴിഞ്ഞ് ഇറങ്ങുന്ന ഒരു കുട്ടിക്ക് ഉണ്ടായിരുന്നു. അദബിൻ്റെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ പ്രത്യേകം പറയാനുമില്ല. ഇത് സ്വാഭാവികമാണ്. കാരണം അന്നത്തെ കാലം, പഠനം, സാമുദായിക അന്തരീക്ഷം, സാമൂഹിക അന്തരീക്ഷം തുടങ്ങിയവയെല്ലാം അത്തരത്തിലുള്ളതായിരുന്നു. അതായത് പഠനത്തെ പ്രത്യേകിച്ചും മതപഠനത്തെ മതപരമായ ഒരു ഉത്തരവാദിത്വവും ചുമതലയും ആയി ഗണിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അതിന് പ്രചോദനം നൽകുന്ന തരത്തിലുള്ള സമുദായിക ക്രമമാണ് നിലനിന്നിരുന്നത്. പണ്ഡിതന്മാർ സ്വാലിഹീങ്ങളും അനുധാവനം ചെയ്യപ്പെടാൻ തികച്ചും അർഹതയുള്ള സൂക്ഷ്മ ജീവിതത്തിൻ്റെ നേർപകുതിപ്പുകളും ആയിരുന്നു. ജനങ്ങളും അവരുടെ കുട്ടികളും ആവട്ടെ മതപരമായ മൂല്യങ്ങളെയും ബഹുമാനങ്ങളെയും ചിട്ട വട്ടങ്ങളെയും ആദരവോടെ കാണുന്നവരും അംഗീകരിക്കുന്നവരും ആയിരുന്നു. ആ കാലത്തിനാവട്ടെ വളർച്ചയും വികാസവും എല്ലാം മതപരമായ വികാരവുമായി ബന്ധപ്പെട്ടുള്ളതും ആയിരുന്നു. മൊത്തത്തിൽ മതവികാരത്തിനും സാംസ്കാരിക അസ്ഥിത്വത്തിനും മേൽക്കൈ ഉള്ള ഒരു കാലം. ആ കാലത്തിന് അന്നത്തെ പാഠ്യപദ്ധതിയും പാഠക്രമവും ഉള്ളടക്കവും എല്ലാം അനുയോജ്യമായിരുന്നു. അതിനാൽ അക്കാലത്ത് പഠിച്ചവർക്കും പഠിപ്പിച്ചവർക്കും അന്നത്തെ പാഠ്യക്രമം ഏറ്റവും ഉന്നതവും മഹത്തരവും ആയിരുന്നു.
പക്ഷേ, ഇവിടെ ചില സാമൂഹ്യ സത്യങ്ങൾ ഉണ്ട്. അവകളുടെ സൂചന ഒരുപക്ഷേ ചിലർക്കെങ്കിലും ഈ വിവരണത്തിന്റെ ധ്വനിയിൽ നിന്ന് മനസ്സിലായിട്ടുണ്ടാകും. ആ കാലത്തിന് ആ കാലത്തിൻ്റെ വിദ്യകൾ പാകമായിരുന്നു, അന്നത്തെ വിദ്യകൾക്ക് ആ കാലം മാത്രമേ അനുയോജ്യമാകൂ എന്നതാണത്. കാരണം ഓരോ കാര്യത്തിലും അതാത് കാലം ആവിഷ്കരിക്കുന്ന രീതികൾ ആയിരിക്കും പ്രായോഗികവും പരിഷ്കൃതവും. ഒരു രീതിയുമായി മുന്നോട്ടു പോകുന്നതിനിടയിൽ കാലമോ തലമുറയോ മാറിയാൽ രീതി പഴഞ്ചൻ എന്ന് മുദ്രകുത്തപ്പെടും. മനുഷ്യ ജീവിതത്തിന്റെ ഏതു കാര്യത്തെയും ഇത് സമർഥിക്കുവാൻ വേണ്ടി നമുക്ക് ഉദാഹരിക്കാം. ഒരു ചെറിയ ഉദാഹരണം എന്ന നിലക്ക് നമുക്ക് വസ്ത്രത്തെ എടുക്കാം. കാലത്തിനനുസരിച്ച് മാറ്റം ഭവിക്കുന്ന ഒന്നാണ് വസ്ത്രവും വേഷവും. ഒരു 25 വർഷങ്ങൾക്കു മുമ്പ് ധരിച്ചിരുന്ന രീതിയിലും ഫാഷനിലും ഉള്ള വസ്ത്രം ഒരാൾ ഇപ്പോൾ ധരിക്കുമ്പോൾ അയാൾ പഴഞ്ചനായി പരിഗണിക്കപ്പെടുന്നു. പഴയ രീതി മാറ്റി പുതിയ രീതിയുടെ പുതുമ ഉൾക്കൊള്ളുമ്പോൾ അതൊരു തെറ്റായ കാര്യമായി ആരും കാണില്ല. കാരണം അത് സ്വാഭാവികമാണ്. പഴയ രീതികളും സമീപനങ്ങളും മാറാതിരുന്നാൽ ഉണ്ടാകുന്ന ഏറ്റവും ചെറിയ ഒരു പ്രയാസം സൂചിപ്പിക്കുകയായിരുന്നു ഇതുവരെ. മുമ്പുണ്ടായിരുന്ന പാഠപുസ്തകത്തിന്റെ അവതരണ രീതിയും ഉള്ളടക്കവും ഇന്നത്തെ കാലത്ത് മദ്രസയിൽ മാത്രമല്ല ഏതു പഠന മേഖലയിലും വലിയ മാറ്റങ്ങൾക്ക് വിധേയമായതും വിധേയമായി കൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്.
അത് കാലത്തിനനുസരിച്ച് ഉള്ള ഒരു കോലം കെട്ടൽ അല്ലേ എന്ന് വീണ്ടും ചോദിക്കേണ്ടതില്ല. കാലം മനുഷ്യനിൽ ശക്തമായ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മനുഷ്യൻ മാറിക്കൊണ്ടേയിരിക്കുന്നു എന്നാണല്ലോ നിരീക്ഷണം. ശാരീരികമായി മുമ്പുണ്ടായിരുന്ന സമുദായങ്ങളെ പോലെയല്ല മനുഷ്യൻ ഇപ്പോൾ. സാംസ്കാരികമായും ചിന്താപരമായി പോലും അവർ അനുദിനം മാറിക്കൊണ്ടേയിരിക്കുകയാണ്. ഇത് നമ്മെ തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ കണ്ടെത്താൻ കഴിയുന്ന ഒരു കാര്യമാണ്. ഈ മാറ്റങ്ങളിൽ അധികവും കാലം പഠിപ്പിക്കുന്ന പുതിയ പാഠങ്ങളെ സ്വീകരിക്കുക വഴി ഉണ്ടാകുന്നത് മാത്രമാണ്. അതായത് മാറ്റം കാലത്തിനല്ല മറിച്ച് ഓരോ കാലത്തിലും ഉണ്ടാകുന്ന ചിന്തകൾ, ധാരണകൾ, നിലപാടുകൾ തുടങ്ങിയവക്കാണ്. അനുകൂലമായ ആ മാറ്റങ്ങളെ നമ്മുടെ ജീവിതം സ്വീകരിക്കുന്നത് അതുവഴി നമ്മുടെ ജീവിതം കുറച്ചു കൂടി മെച്ചപ്പെടുന്നുണ്ട് എന്നതുകൊണ്ടാണ്. ജീവിതത്തെ കൂടുതൽ സൗകര്യപ്രദവും സുഖകരവും ആദ്യ മാറ്റാനുള്ള ത്വരയും താല്പര്യവും മനുഷ്യൻ്റെ ഉള്ളടക്കത്തിൽ പെട്ടതാണല്ലോ. അതുകൊണ്ട് ഉണ്ടാകുന്നതാണ് ഈ മാറ്റങ്ങൾ. മാറ്റങ്ങൾ പക്ഷേ ഗുണകരം മാത്രമായിരിക്കും എന്നു പറഞ്ഞു വാദിക്കുന്നില്ല. ഗുണകരം, ഏറ്റവും ഗുണകരം എന്നീ ഗുണങ്ങളിലേക്ക് എത്തിച്ചേരണമെങ്കിൽ തന്നെ അങ്ങനെയുള്ളവയല്ലാത്തവയുമായി ഒരു താരതമ്യം വേണ്ടിവരുമല്ലോ. ഇവിടെയാണ് ചിന്താപരമായും സാംസ്കാരികമായും ഉയർന്നവരും അല്ലാത്തവരും വേർപിരിയുന്നത്. ജീവിത മൂല്യത്തെ അനുകൂലമായി സ്വാധീനിക്കുന്നതെന്ന് മനസ്സ് തിരിച്ചറിയുന്നവയെ മാത്രമേ നല്ല മനുഷ്യന്മാർ സ്വീകരിക്കൂ. അല്ലാത്തവർക്ക് അവരുടെ ഇരുണ്ടതും മലിനവുമായ വഴികളെ സ്വാധീനിക്കുന്ന മാറ്റങ്ങളോടേ താല്പര്യമുണ്ടാകൂ.
ഈ മാറ്റങ്ങളെ നമുക്ക് കാലത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയുള്ള ഫിറ്റ്നസ് നേടുക എന്ന വ്യാഖ്യാനിക്കാം. ഒരുപക്ഷേ ഭൗതിക വിദ്യാഭ്യാസത്തിൻ്റെ പ്രായോഗിക ലക്ഷ്യം തന്നെ അതാണ്. ഉദാഹരണമായി, നമ്മുടെ ഈ തലമുറ കണ്ട ഏറ്റവും വലിയ ഒരു അടിസ്ഥാനവികാസമായ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ എടുക്കാം. കഴിഞ്ഞ തലമുറക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. അത് അനിവാര്യമാക്കുന്ന സാഹചര്യങ്ങൾ സമൂഹത്തിൽ എവിടെയും ഉണ്ടായിരുന്നില്ല. പിന്നീട് മനുഷ്യൻ്റെ ജീവിത മേഖലകൾ വികാസം പ്രാപിച്ചു. ഒരു കടലാസിൽ കൂട്ടിക്കിഴിച്ച് എഴുതിവെക്കാമായിരുന്നതിനേക്കാൾ വലുതും സങ്കീർണവുമായി അവൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. ഉദാഹരണമായി ബിസിനസ് മേഖല വളർന്നു. സമയ ദൈർഘ്യം, അമിതാദ്ധ്വാനം തുടങ്ങിയവ വെല്ലുവിളികളായി തല ഉയർത്തി. അപ്പോൾ അവയെ മറികടക്കുവാൻ മനുഷ്യൻ്റെ ബുദ്ധി വഴി അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ അവൻ കമ്പ്യൂട്ടർ കണ്ടുപിടിച്ചു. അത് നൽകുന്ന സൗകര്യങ്ങൾ തൻ്റെ ജീവിതത്തെ ഒരുപാട് ആയാസരഹിതമാക്കി മാറ്റും എന്ന് അവൻ അനുഭവിച്ചറിഞ്ഞു. അതോടെ ഇപ്പോൾ കമ്പ്യൂട്ടർ പരിജ്ഞാനം സാക്ഷരതയുടെ പോലും അടിസ്ഥാനമായി മാറി. ഇനി, പണ്ടത്തെ കാലത്തെ ജനങ്ങളൊക്കെ കമ്പ്യൂട്ടറുകൾ ഉണ്ടായിട്ടാണോ ഇതിനേക്കാൾ സത്യസന്ധമായും മെച്ചമായും ജീവിച്ചിരുന്നത് എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല.
ഇപ്പോൾ മദ്രസ തലത്തിൽ വരുത്തി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ പരിചയപ്പെടുമ്പോൾ നാം ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അവയിൽ ഒന്ന് പുതിയ തലമുറയുടെ മുമ്പിലെത്തുമ്പോൾ നാം ചില അഭിരുചി പ്രതിസന്ധികളെ നേരിടുന്നുണ്ട് എന്ന വസ്തുതയാണ്. വിദ്യാർത്ഥികൾ അവരുടെ ഭൗതിക പഠന മേഖലകളിൽ പുതിയ കുറേ പരിഷ്കാരങ്ങൾ പരിചയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഭൗതിയ പഠന മേഖലകളിൽ വളരെ വലിയ മാറ്റങ്ങളാണ് സമീപകാലത്ത് വന്നത്. ആ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, വിഷയങ്ങൾ നീട്ടിപ്പറഞ്ഞു സമർഥിച്ചിരുന്ന പഴയകാല നീണ്ട ഉള്ളടക്കങ്ങൾക്ക് പകരം അവർ പ്രത്യേകം ഊന്നൽ നൽകി പഠിച്ചിരിക്കേണ്ട വിഷയം എടുത്ത് ആകർഷക രൂപത്തിൽ ഡയഗ്രാമുകളും ഫ്ലോ ചാർട്ടുകളും ബുള്ളറ്റുകളും എല്ലാമാക്കി മാറ്റി ഏതാണ്ട് ക്യാപ്സ്യൂളുകൾ പോലെ പഠിപ്പിച്ചു ചുട്ടെടുക്കുകയാണ്. ആ ഇത്തിരി വിവരങ്ങൾ സ്കൂളുകാരും ട്യൂഷൻ സെൻറർകാരും കൂടി എങ്ങനെയെങ്കിലും കുട്ടികളുടെ അകത്താക്കും. ഇതാണ് അവസ്ഥ. ഈ അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞ വിദ്യാർത്ഥികൾ മദ്രസയിൽ വരുമ്പോൾ താരതമ്യേന പഴയ നീട്ടി പരത്തുന്ന ശൈലിയും നിറങ്ങളും ചിത്രങ്ങളും ചാർട്ടുകളും ഒന്നുമില്ലാത്ത ഒരു അനുഭവത്തിന്റെ മുമ്പിൽ എത്തുമ്പോൾ സ്വാഭാവികമായും മടിയും മടുപ്പും തോന്നി വിരസരാകും. അതൊന്ന്, ഏതു ഗഹനനമായ വിഷയവും കൃത്യവും ശാസ്ത്രീയവുമായ ക്രമീകരണം വഴി വളരെ സരളമായി പഠിപ്പിക്കാനുള്ള വിദ്യകൾ ഇന്ന് വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് അവലംബിച്ചാൽ വളരെ കുറഞ്ഞ സമയം കൊണ്ട് വിഷയം വിദ്യാർഥികളിൽ ചെലുത്തുവാൻ കഴിയും എന്ന് കാണപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ സമയക്കുറവും താല്പര്യക്കുറവും ദോഷൈകദൃക്കുകളുടെ ഉന്തും തിരക്കും എല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന മതപഠന രംഗത്ത് ഇത്തരം പുതിയ മാറ്റങ്ങൾ വരുന്നതോടുകൂടി അത് കാര്യമായ ഫലം ചെയ്യുകയും പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ അതൊരു മാർഗം ആവുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
ആധുനിക സാങ്കേതിക വിദ്യ അവഗണിക്കാൻ കഴിയുന്നതിനപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു എന്നത് സമ്മതിക്കാതെ വയ്യ. അത് വിദ്യാർത്ഥികളുടെ ദൈനംദിന ജീവിത ഭാഗമായി മാറുകയും ചെയ്തിരിക്കുന്നു. അതിനാൽ അപകടരഹിതവും സഹായകവും ലളിതവുമായ ചില സാങ്കേതിക സൗകര്യങ്ങളിലേക്ക് പുതിയ പാഠങ്ങൾ വഴി തുറക്കുന്നുണ്ട്. പല പാഠങ്ങളുടെയും വിശദീകരണങ്ങൾ ഉൾക്കൊള്ളുന്ന വിവരസാങ്കേതിക ഫയലുകളിലേക്ക് തുറക്കുന്ന ക്യു ആർ കോഡുകൾ ചേർത്തിരിക്കുന്നത് ഒരു ഉദാഹരണം. ഇതുവഴി കൃത്യമായി മക്കളെ ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് അവരെ സഹായിക്കുവാൻ വരെ കഴിയും. അതുവഴി നൽകപ്പെടുന്ന പല വിവരങ്ങളും മാതാപിതാക്കൾക്ക് ഉപകരിക്കുന്ന തർബിയത്തിന്റെ പാഠങ്ങൾ കൂടി ഉൾക്കൊള്ളുന്നുമുണ്ട്. ഇത് ക്ലാസ് സമയം വീണ്ടും ലാഭിക്കാനുള്ള അവസരം ഒരുക്കുന്നു. ഇത്തരം ഒരുപാട് വിഷയങ്ങൾ വളരെ ശ്രദ്ധയോടുകൂടിയും സൂക്ഷ്മതയോടെയും ശാസ്ത്രീയമായും തന്നെ നിർവഹിക്കേണ്ടതുള്ളതുകൊണ്ടാണ് ഈ പരിഷ്കരണ പ്രക്രിയ ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തിലധികം സമയം എടുത്ത് മാത്രം പദ്ധതിവൽക്കരിക്കപ്പെട്ടത് എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാലും ഇനിയും ചില പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം. അത് പഠിക്കുവാനും പരിഹരിക്കുവാനും ബഹുമാനപ്പെട്ട വിദ്യാഭ്യാസ ബോർഡ് നിഷ്കളങ്കമായി തയ്യാറായി നിൽക്കുന്നുമുണ്ട്. അതിനാൽ നമ്മുടെ ദൗത്യം കൂടുതൽ കാര്യക്ഷമമാക്കുവാൻ പുതിയ കാലത്തിനനുസരിച്ച് നാം നമ്മെത്തന്നെ പരിഷ്കരിച്ചിരിക്കുകയാണ് എന്ന് തിരിച്ചറിയുകയും മനസ്സുകൊണ്ടും കർമ്മം കൊണ്ടും അതിനോടൊപ്പം നിൽക്കുകയും ചെയ്യുകയായിരിക്കും ഈ കാലത്തിൻ്റെ നമ്മുടെ ബാധ്യത.
0
Thoughts & Arts
പരിഷ്‌കാരം വേണോ?, അതോ..
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso