Thoughts & Arts
Image

അവഗണനയും ഒരു പരിഗണനയാണ്

2026-05-14

വെള്ളിത്തെളിച്ചം


ടി എച്ച് ദാരിമി അൽ അസ്ഹരി





സ്വന്തം സംസ്കാരം പോലും മറന്നു ഒരു വിഭാഗത്തോട് അന്ധമായ വിദ്വേഷവും വിരോധവും പുലർത്തുന്ന ചിലരുണ്ട്. അവരുടെ ഏതെങ്കിലും വിദ്വേഷ പ്രവർത്തനങ്ങളോ നീക്കങ്ങളോ എവിടെയെങ്കിലും വിജയിച്ചതിന് തെളിവില്ല. അത് വിജയിക്കുക എന്നത് അവരുടെ ഏറ്റവും വലിയ ഒരു ലക്ഷ്യവുമല്ല. വിദ്വേഷവും വിരോധവും നേരിട്ടും അല്ലാതെയും നേരർഥത്തിലും അല്ലാതെയും പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ വാക്കുകൾ കൊണ്ടോ പ്രതികരണങ്ങൾ കൊണ്ടോ ഒരു നേട്ടവും ലഭിച്ചില്ല, അത് ജനം തള്ളിക്കളഞ്ഞു എന്നു കണ്ടാൽ പോലും ആ സ്വഭാവത്തിൽ നിന്ന് പിന്മാറുകയില്ല. മറ്റൊരു രൂപത്തിൽ അതുതന്നെ വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കും. അത്തരം ആൾക്കാർ ഏറെ താല്പര്യത്തോടെ മുതലെടുക്കുന്ന സമയങ്ങളിൽ ഒന്നാണ് പൊതു തെരഞ്ഞെടുപ്പ് കാലം. കാരണം തെരഞ്ഞെടുപ്പ് സമൂഹത്തിൻ്റെ എല്ലാ ഭാഗങ്ങളെയും ചലിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. പൊതുവേ നിയന്ത്രണങ്ങൾ കുറഞ്ഞ കാലവുമാണ്. മാന്യമാണ് എന്ന് വ്യാഖ്യാനിക്കാനെങ്കിലും കഴിയുമെങ്കിൽ ആർക്കും എന്തും പറയാവുന്ന കാലം. ഈ കാലത്ത് ഇത്തരക്കാർ ചർച്ചകളിലും കമന്റുകളിലും തങ്ങളുടെ ഈ കാമം തീർക്കാൻ കരഞ്ഞു കൊണ്ടേയിരിക്കും. മറ്റൊരു പൊതു തിരഞ്ഞെടുപ്പ് കാലം കൂടി വിജയകരമായി കടന്ന പ്രബുദ്ധ കേരളം ഇപ്രാവശ്യവും അത് കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്തു. മുസ്ലിം സമുദായത്തിന് എന്തെങ്കിലും രാഷ്ട്രീയ മേൽകൈ ലഭിക്കുമോ എന്ന അസ്വസ്ഥത പ്രകടമാകുന്ന വാക്കുകളും ആരോപണങ്ങളും ഉയർത്തുകയുണ്ടായി പലരും. പക്ഷേ, തെരഞ്ഞെടുപ്പിന്റെ പ്രക്രിയകൾ പൂർത്തിയാകുന്നത് വരേക്കും നിരൂപണത്തിനു വേണ്ടി പോലും അത് മാന്യന്മാരാരും വിഷയമായി എടുത്തില്ല. തദ്ഫലമായി അത് വോട്ടായി മാറുകയോ തെരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാക്കുകയോ ഒന്നും ഒട്ടും ചെയ്തില്ല. അതിൻ്റെ ഒരു പ്രധാന കാരണം ഉത്തരവാദിത്തപ്പെട്ടവരുടെ പ്രതികരണത്തിന്റെ സ്വഭാവമാണ്. ഉത്തരവാദിത്തപ്പെട്ടവർ അത്തരം ഒളിയമ്പുകൾക്കു നേരെ പുലർത്തിയ സമീപനം ഏറെ ശ്ലാഘനീയമാണ്. അവർ അത് വലിയ ഒരു പോരായി പരിഗണിച്ചില്ല. നിലവാരമുള്ള ഒരു പ്രസ്താവനയായോ വിഷയമായോ കണ്ടില്ല. മറുപടിക്ക് പരിഗണിക്കുവാൻ പോലും അത്തരം പറച്ചിലുകൾക്ക് വിലയില്ല എന്ന് അവർ വരുത്തി. അതിനാൽ അതു ഒട്ടും വിജയിച്ചില്ല. ആരും അതിനൊപ്പം കാര്യമായി കൂടിയില്ല. കൂടിയവർക്കൊക്കെ നല്ല തിരിച്ചടി കിട്ടുകയും ചെയ്തു. അതോടെ അന്ധമായ ഈ വിരോധങ്ങൾ നേരിടുന്ന വിഷയത്തിൽ ഒരു പുതിയ പാഠമായി ഈ അനുഭവം മാറുകയാണ്. സ്വന്തം ബുദ്ധിയെയോ വിചാരത്തെയോ പരിഗണിക്കാത്ത ഈ വിദ്വേഷ നിലപാടുകളോടും നിലപാടുകാരോടും ഉള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കുക എന്ന പാഠം. അതോടെ അതിൻ്റെ എല്ലാം കാറ്റൊഴിയും.


ഇത്തരം വിദ്വേഷങ്ങൾ പുലർത്തുന്നവരോട് പ്രസംഗിച്ചോ എഴുതിയോ പ്രതികരിച്ചോ നാം പൊട്ടിത്തെറിച്ചിട്ട് കാര്യമില്ല. അത് പ്രതികൂലമായ ഫലമായിരിക്കും അധികവും ഉണ്ടാക്കുക. അവർ അത് ഉയർത്തി കാണിച്ച് 'കണ്ടില്ലേ കാര്യം പറഞ്ഞപ്പോൾ അവർക്ക് നൊന്തത്'എന്ന് പറയും. അപ്പോൾ ചിലരെങ്കിലും ഒപ്പം കൂടാൻ ഉണ്ടാകും. അങ്ങനെ പ്രതികരണം ഫലപ്പെടുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സംവിധാനമായ ഐക്യരാഷ്ട്രസഭ 2019 മുതൽ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയക്കെതിരെയുള്ള പ്രവർത്തനങ്ങൾ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതായിരുന്നു. എല്ലാ രാജ്യത്തു നിന്നും സമൂഹത്തിൽ നിന്നും ഇസ്ലാമോഫോബിയ എന്ന വിപത്തിനെ നമുക്ക് തുടച്ചുനീക്കാം എന്ന യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ പ്രഖ്യാപനത്തോടെ തുടങ്ങിയ ആ ക്യാമ്പയിനിൽ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഇസ്ലാമിക സഹകരണ സംഘടനയിലെ (OIC) 60 അംഗരാജ്യങ്ങൾ പിന്തുണച്ച ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. മാർച്ച് 15 അന്താരാഷ്ട്ര ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ദിനമായി പ്രഖ്യാപിച്ചു. ഭീകരതയും അക്രമാസക്തമായ തീവ്രവാദവും ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, നാഗരികതയുമായോ, വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്താൻ കഴിയില്ലെന്നും പാടില്ലെന്നും യു എൻ രേഖ തീർത്ത് ഊന്നിപ്പറയുന്നുമുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും ഈ ഫോബിയ ഒരു വസ്തുതയായി തന്നെ നിൽക്കുന്നുണ്ട്. ഉന്നത സ്ഥാനങ്ങളിലേക്ക് മുസ്ലീങ്ങൾ കടന്നുവരുന്നതിനെ തികഞ്ഞ അസഹിഷ്ണുതയോടെയാണ് ഈ പുരോഗതി പ്രാപിച്ച കാലത്തും പലരും കാണുന്നത്. മുസ്ലിംകൾ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുന്നതും ജനായത്ത പ്രക്രിയയുടെ ഭാഗമായി പ്രധാന സ്ഥാനങ്ങളിൽ എത്തുന്നതും ഇത്തരക്കാരെ ഏറെ അസ്വസ്ഥതപ്പെടുത്തുന്നു. അതിനെതിരെ ഒരു പൊതു വികാരം വളർത്തിക്കൊണ്ടു വരുവാൻ ഇത്തരക്കാർ ചാനൽ ചർച്ചകളിൽ പെടാപ്പാടുപെടുന്നു. എന്തു സംഭവമുണ്ടായാലും അതിൽ മുസ്ലിംകൾ കക്ഷിയാണെങ്കിൽ അത് മതപരമായി വായിക്കുന്നു. അവർ പരസ്യമായും രഹസ്യമായും സ്വീകരിക്കുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു. പ്രബുദ്ധത കൈവിടാത്തത് കൊണ്ട് മാത്രം മലയാളി ഇതിനെയെല്ലാം മറികടക്കുകയായിരുന്നു.


ഇത്തരം അസ്കിതകൾ പ്രകടിപ്പിച്ച ഒന്നിലധികം ആൾക്കാരെ കേരളം ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടു. മുസ്ലിംകൾ സ്വകാര്യമായി വളരുകയാണ്, ഇങ്ങനെ പോയാൽ അവർ സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായമായി മാറും, നിലവിൽ സാമ്പത്തിക രംഗവും ഉദ്യോഗ പദവികളും ആ സമുദായക്കാരാണ് അടക്കിവാഴുന്നത് എന്നൊക്കെ പല കൊട്ടക്കണക്കുകളും അവതരിപ്പിച്ച് ഈ നേതാവ് സമർഥിക്കുകയുണ്ടായി. അയാളുടെ വാക്കുകൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു അയാളുടെ ഉദ്ദേശശുദ്ധിയെ പ്രതികൂലമായി ബാധിക്കുന്ന ലക്ഷണങ്ങൾ. അതിനാൽ ആരും തുടക്കത്തിൽ ഏറ്റുപിടിച്ചില്ല. അതോടെ കോപാന്ധനായി മാറിയ അദ്ദേഹം തരംതാഴ്ന്ന് സംസാരിക്കുവാൻ വരെ തുടങ്ങി. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് സിറ്റിയിലെ മലിനജലമൊഴുകുന്ന ഓടയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ അപകടത്തിൽ പെട്ടുപോയ അന്യസംസ്ഥാന തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്താൻ ജീവൻ ബലിനൽകിയ നൗഷാദ് എന്ന മുസ്‌ലിം യുവാവിനെ കുറിച്ചുള്ള ഇയാൾ നടത്തിയ പരാമർശങ്ങൾ ഒരു ഉദാഹരണം. മനസാക്ഷിയുള്ള ഒരാൾക്കും പറയാൻ കഴിയാത്തതാണ് അന്ധമായ എതിർപ്പിന്റെ പേരിൽ ഇദ്ദേഹം പറഞ്ഞുനടന്നത്. മറ്റൊരാൾ, ഒരു മതവിഭാഗത്തിന്റെ പ്രധാനപ്പെട്ട ഒരു തീർത്ഥാടന ആരാധന കേന്ദ്രം സ്ഥിതി ചെയ്യുന്നു എന്ന പേരും പറഞ്ഞ് അവിടെ മുസ്ലിം പേരുള്ള ഒരാൾ മത്സരിക്കുന്നതിൽ ഉള്ള അനൗചിത്യമാണ് ഉന്നയിച്ചത്. അതിന് അയാൾക്കുള്ള ന്യായം വത്തിക്കാനിൽ ഒരു ഹിന്ദുവിന് സെനറ്റർ ആകുവാനോ മക്കയിൽ ഒരു ഹിന്ദുവിന് ജനപ്രതിനിധി ആകുവാനോ കഴിയുമോ എന്ന ചോദ്യം മാത്രമായിരുന്നു. പറഞ്ഞും പറയാതെയും ഇതേ മനസ്ഥിതി പുലർത്തിയ ധാരാളം പേരെ ഉദാഹരിക്കുവാൻ ഇനിയുമുണ്ട്. വെറുതെ പട്ടിക നീട്ടേണ്ട ആവശ്യമില്ല. ഇവരുടെ ഈ ന്യായങ്ങൾ ഒന്നും ആരും ഏറ്റെടുത്തില്ല. പ്രീണനം എന്ന പേരിൽ ഏറ്റെടുത്തു എന്നു കാണിക്കാതെ ഏറ്റെടുത്തവർക്ക് കനത്ത വിലയും കൊടുക്കേണ്ടി വന്നു. അതൊക്കെയും രാഷ്ട്രീയമായിരിക്കാം. പക്ഷേ, നമുക്ക് ഇവിടെ പറയാനുള്ളത് മതം പഠിപ്പിക്കുന്ന മാന്യതയുടെ പ്രതികരണ രീതിയാണ്. പ്രബുദ്ധ കേരളത്തോടൊപ്പം മുസ്ലിം നേതൃത്വവും ഇത്തരം വിലയും നിലവാരവും ഇല്ലാത്ത വിദ്വേഷങ്ങളെ അവഗണനയിലൂടെ ആയിരുന്നു പരിഗണിച്ചത്. കാലം പക്ഷേ വേലി കെട്ടാൻ കഴിയാത്ത വിധം മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സോഷ്യൽ മീഡിയ എന്ന പുതിയ പ്രതലത്തിൽ ജീവിക്കുന്ന അപക്വമതികളിൽ ചിലർ എന്തൊക്കെയോ എഴുതി പ്രതികരിക്കുകയുണ്ടായി. ആ പ്രതികരണങ്ങൾക്ക് തിരിച്ചുള്ള പ്രതികരണങ്ങളും ഉണ്ടായി. അതുകൊണ്ട് ചെറിയൊരു തിരയനക്കം ആ വിഷയത്തിൽ ഉണ്ടായി. അതും കൂടി ഉണ്ടായിരുന്നില്ലെങ്കിൽ വഷളന്മാർ ഇതിലും മുമ്പേ വഷളായി പോകുമായിരുന്നു.


മുസ്ലിംകളുടെ രോഷത്തെ മുതലെടുക്കുക എന്നതാണ് എല്ലാ ഇസ്ലാം നിരോധനങ്ങളുടെയും ആത്യന്തിക ലക്ഷ്യം. റുഷ്‌ദിയും തസ്ലീമയും തുടങ്ങി പലരും ഇത്രയൊക്കെ തരംതാഴ്ന്ന് എഴുതുന്നത് മുസ്ലിംകളെ വിറളി പിടിപ്പിക്കുവാൻ മാത്രമാണ്. ഇതുകണ്ട് അവർ പ്രതിഷേധിക്കുമ്പോൾ പ്രതിപക്ഷത്ത് പ്രതിരോധം ഉയരും. പ്രതിഷേധവും പ്രതിരോധവും രണ്ടുഭാഗത്ത് നിൽക്കുമ്പോൾ വിഷയം കെടാതെ ആറാതെ നിലനിന്നുകിട്ടും. അതാണ് അവർ മുതൽ ഇവർ വരെയുള്ള എല്ലാവരുടെയും ലക്ഷ്യം. അവിടെയാണ് നമ്മുടെ സമചിത്തത ഫലപ്പെടുന്നത്. അങ്ങനെ പറഞ്ഞു വരുമ്പോൾ ഇസ്ലാം ജിഹാദാണ് എന്നും എല്ലാവരും ചെയ്യുന്നത് സഹിക്കേണ്ടവരാണ് മുസ്ലിങ്ങൾ എന്നും പറഞ്ഞ് ആളാകാൻ ആരും നോക്കേണ്ടതില്ല. ശത്രുവിന്റെ ലക്ഷ്യങ്ങളെ കുറിച്ചുള്ള ബോധവും ബോധ്യവുമാണ് പ്രതിരോധത്തിന്റെയും പ്രതികരണത്തിന്റെയും രീതി തീരുമാനിക്കുന്നത്. വിശുദ്ധ ഖുർആൻ അത് വ്യക്തമായി പറഞ്ഞിരിക്കുന്നു. അല്ലാഹു പറയുന്നു: 'നല്ലതും ചീത്തയും തുല്യമാകില്ല; അത്യുത്തമമായതുകൊണ്ട് തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശാത്രവമുണ്ടോ അവന്‍ ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ; മഹാ സൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല' (ഫുസ്സിലത്ത്: 34, 35). ഇവിടെ അത്യുത്തമമായതുകൊണ്ട് തിന്മയെ തടയുക എന്ന പ്രയോഗം ശ്രദ്ധേയമാണ്. സാഹചര്യം വെളിപ്പെടുത്തുന്ന പ്രായോഗികത പ്രതിരോധത്തിൽ പരിഗണിക്കപ്പെടണം എന്ന അല്ലാഹുവിൻ്റെ നിലപാടാണ് അത്. മഹാനായ പ്രവാചകൻ്റെ സമീപനം ഈ ആശയത്തെ അന്വർത്ഥമാക്കുന്നതാണ്. സമാനമെന്ന് പറഞ്ഞുകൂടാ എങ്കിലും ധാരാളം എതിർപ്പും വിദ്വേഷവും നബി തിരുമേനി നേരിട്ടിട്ടുണ്ട്. അപ്പോഴൊക്കെയും നബിയുടെ സമീപനം അവിവേകികൾക്ക് മാപ്പ് കൊടുക്കുകയും ഉപദേശിക്കുകയും അവഗണിക്കേണ്ടവരെ അവഗണിക്കുകയും ചെയ്യുക എന്നതായിരുന്നു. അല്ലാഹു അങ്ങനെ ചെയ്യുവാനാണ് നബിയോട് പറഞ്ഞത്. അല്ലാഹു പറഞ്ഞു: ‘താങ്കൾ മാപ്പ് നല്‍കുകയും നന്മ കല്‍പിക്കുകയും അവിവേകികളെ അവഗണിക്കുകയും ചെയ്യുക’ (അൽ അഅ്റാഫ്: 199)


അവരില്‍ നിന്നുണ്ടായേക്കുന്ന എതിര്‍പ്പുകളെയും ഉപദ്രവങ്ങളെയും സഹിക്കുക, മാന്യമല്ലാത്ത വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രതികാരത്തിനു മുതിരാതിരിക്കുക, അനാവശ്യങ്ങളില്‍ അവരോടു സഹകരിക്കാതെ അവയില്‍ നിന്നു അകന്നു നില്‍ക്കുക, അനിഷ്‌ടകരമായ പെരുമാറ്റം കണ്ടാല്‍ കണ്ണടക്കുക മുതലായതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പല മഹാന്‍മാരും ചൂണ്ടിക്കാട്ടിയതുപോലെ, സത്യവിശ്വാസികളില്‍ ഉണ്ടായിരിക്കേണ്ടുന്ന ഉല്‍കൃഷ്‌ട സ്വഭാവങ്ങള്‍ ഈ മൂന്നു വാക്യങ്ങളില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഉമർ(റ) ഈ ആയത്തിനെ 'ഖുർആനിലെ ഏറ്റവും മികച്ച സ്വഭാവ മര്യാദ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഈ ഉപദേശങ്ങള്‍ മൂന്നും പ്രത്യക്ഷത്തില്‍ നബി (സ്വ) യെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണെങ്കിലും, എല്ലാ ഒരോ സത്യവിശ്വാസിയോടുമുള്ള കല്‍പനയാണിതെന്നുള്ളതില്‍ സംശയമില്ല. ഇതുകൊണ്ടാണ് അവഗണനയും ഒരു പരിഗണനയും പരിഹാരവുമാണ് എന്ന് നാം പറയുന്നത്.
O

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso