Thoughts & Arts
Image

മനുഷ്യനും വന്ന വഴിയും

2026-05-14

ഇഅ്ജാസ്


ടി എച്ച് ദാരിമി അസ്ഹരി





മനുഷ്യൻ്റെ ജനനത്തെ കുറിച്ചുള്ള ധാരണ പല ഘട്ടങ്ങളിലൂടെയാണ് പോന്നിയിട്ടുള്ളതും വികസിച്ചിട്ടുള്ളതും. മനുഷ്യന് ഒരു അറിവിനെയും നിർദ്ധരിച്ചോ വേർതിരിച്ചോ എടുക്കാൻ കഴിയാത്ത ഒരു പ്രാചീനകാലം ഉണ്ടായിരുന്നു. അന്ന് ആണും പെണ്ണും ഇണ ചേരുന്നത് അവർക്കറിയാമായിരുന്നു. പെണ്ണ് നിശ്ചിത കാലത്ത് പ്രസവിക്കുന്നതും അവർ അനുഭവിക്കുമായിരുന്നു. പക്ഷേ, ജനിക്കുന്ന കുഞ്ഞ് രൂപപ്പെടുന്ന ഘട്ടങ്ങളെ കുറിച്ചോ ഒന്നും അവർക്ക് ധാരണ ഇല്ലായിരുന്നു. അതറിയാനുള്ള മാർഗ്ഗങ്ങളും ഇല്ലായിരുന്നു. അതിനു നിദാനമാകുന്ന പ്രവർത്തനങ്ങളെ കുറിച്ചോ പ്രതിപ്രവർത്തനങ്ങളെക്കുറിച്ചോ ആഴത്തിൽ അറിയുവാൻ അവനു മുമ്പിൽ ഒരു തരം ശാസ്ത്രവും വികാസം പ്രാപിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ അവൻ എക്കാലത്തും ജിജ്ഞാസുമായിരുന്നു. മുമ്പിൽ നടക്കുന്ന ഓരോ കാര്യങ്ങളും എന്തുകൊണ്ട്, എങ്ങനെ എന്നൊക്കെ ആരായുന്ന ജിജ്ഞാസ അവൻ്റെ മനസ്സിൽ ചൂടുപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അവൻ അനുമാനങ്ങളിൽ എത്തിച്ചേർന്നത്. കൃത്യമായ ഉത്തരം കിട്ടാതിരിക്കുമ്പോൾ ഏതൊരു മനുഷ്യനും ഇങ്ങനെ അനുമാനങ്ങളിൽ അഭയം തേടിയെന്നുവരും. വളരെ പ്രാചീനമായ കാലത്ത് ജനങ്ങൾ അതിനെ കുറിച്ച് എന്താണ് അനുമാനിച്ചിരുന്നത് എന്നത് ഇതുവരെയും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചില കഥകളിലോ മറ്റോ എഴുത്തുകാർ പുലർത്തിയ ചിത്രീകരണങ്ങളിൽ മാത്രമാണ് അതിനെപ്പറ്റിയുള്ള കേട്ടുകേൾവി. ആധികാരികമായി അത്തരം കാര്യങ്ങൾ അക്കാലങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യന്മാർ എഴുതിവെക്കുകയോ മറ്റോ ചെയ്തിട്ടില്ല. അതിൻ്റെ കാരണം രണ്ടായിരിക്കാം. ഒന്നാമതായി, എഴുത്ത്, വായന തുടങ്ങിയവ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു സംസ്കാരം അക്കാലത്ത് രൂപപ്പെട്ടി ട്ടുണ്ടായിരിക്കില്ല. രണ്ടാമതായി, അത്തരം സ്വകാര്യവും ലൈംഗികവുമായ കാര്യങ്ങൾ എഴുതുന്നതിനുള്ള മടി ഇന്നത്തേതിനേക്കാൾ കൂടുതലുള്ള ഒരു ജനതയായിരിക്കാം അന്നുണ്ടായിരുന്നത്.


ആധുനിക കാലം പിന്നോട്ട് നോക്കി മനനം ചെയ്തും പഠനങ്ങൾ നടത്തിയും കണ്ടെത്തിയ ഈ വിഷയത്തിലുള്ള ധാരണകളിൽ ഏറ്റവും പഴയത്, പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നതാണ്. അന്നത്തെ ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാട് പ്രീഫോർമേഷൻ എന്ന ഈ സിദ്ധാന്തമായിരുന്നു. അത് കുഞ്ഞിൻ്റെ ജനനത്തിന് പ്രത്യക്ഷത്തിൽ കാരണമാകുന്ന ആണിനെയും പെണ്ണിനേയും കേന്ദ്രീകരിച്ചുള്ളതായിരുന്നു. അഥവാ പുരുഷൻ്റെ ശുക്ലത്തിനകത്ത് ഉള്ള ബീജത്തിൽ ഒരു വളരെ ചെറിയ സൂക്ഷ്മമായ അവസ്ഥയിൽ ഒരു കുഞ്ഞു ശിശു ഉണ്ട്; അത് ലൈംഗിക ബന്ധത്തിലൂടെ ഗർഭാശയത്തിനകത്ത്‌ എത്തുകയും അവിടെ കിടന്നു വളർന്നു വലുതാവുകയുമാണ്. അങ്ങനെ അത് ജനിക്കാൻ പാകത്തിലുള്ള ഒരു കുട്ടിയായി മാറുന്നു. ഈ കുട്ടിയെ വളർത്താൻ ആവശ്യമായ ഒരു മാധ്യമവും പേടകവുമാണ് സ്ത്രീയുടെ ഗർഭാശയം എന്നാണ് അവർ വിചാരിച്ചിരുന്നത്. അഥവാ കുട്ടി ഉണ്ടാകുന്നത് പൂർണ്ണമായും പുരുഷ ബീജത്തിനകത്ത് ഉള്ള ഈ ഒരു ഹൊമൻകുലസ്‌ വളർന്നാണ്. അതിന് ആവശ്യമായ ഒരു സാഹചര്യമൊരുക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ ഗർഭപാത്രത്തിന്റെ റോൾ. ഇത് ആ കാലത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശാസ്ത്രീയമായ ഒരു സിദ്ധാന്തമായിരുന്നു. എന്നാൽ ഈ സിദ്ധാന്തം രൂപപ്പെടുന്നതിനു മുമ്പ് ഉണ്ടായിരുന്നത് പ്രസവിക്കുന്ന സ്ത്രീയെ ആധാരമാക്കുന്ന മറ്റൊരു സിദ്ധാന്തമായിരുന്നു. അത്, സ്ത്രീയുടെ ആർത്തവത്തിലൂടെ നിർഗളിക്കുന്ന രക്തത്തിൽ ചെറിയ സൂക്ഷ്മമായ ഒരു മനുഷ്യക്കുഞ്ഞ് ഉണ്ട്, അത് പുറത്തേക്ക് പോവാതെ അകത്ത് ഗർഭാശയത്തിൽ തന്നെ അള്ളിപ്പിടിച്ചു നിൽക്കുന്നു, തുടർന്ന് അവിടെ കിടന്നു അതു വളരുന്നു എന്നതായിരുന്നു. വളരുവാൻ തുടങ്ങുന്നതോടുകൂടെ അതിന് വളരാനുള്ള സാഹചര്യം ഒരുക്കുക എന്ന നിലക്കാണ് ഗർഭിണികളായ സ്ത്രീകളുടെ മാസമുറ നിലയ്ക്കുന്നത്. ആർത്തവം നിലക്കുന്നതാണ് ഈ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന ന്യായവും തെളിവുമെല്ലാം.


ഇതിനപ്പുറത്തേക്ക് വളരുവാൻ തുടക്കത്തിൽ വലിയ സാങ്കേതിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. ഗർഭപാത്രത്തിൽ എന്താണ് നടക്കുന്നത് എന്നറിയാൻ മാർഗ്ഗമില്ലാത്തതു കൊണ്ടായിരുന്നു അത്. ഗർഭത്തിൻ്റെ ആദ്യ നാളുകളിൽ പ്രത്യേകിച്ചും വളരെ ചെറിയ എന്തോ ഒന്നാണ് ഗർഭാശയത്തിൽ വളരുന്നത്. അത് പരിശോധനയ്ക്ക് വിധേയമാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് അത് പുറത്തേക്കെടുത്ത് പരിശോധിക്കാൻ കഴിയണം. അതിനുള്ള സർജിക്കൽ ശാസ്ത്രങ്ങളൊക്കെ ഈയടുത്തകാലത്ത് മാത്രമാണ് ധൈര്യപൂർവ്വം വളർന്നത്. അതിനിടയിൽ ശാസ്ത്ര ലോകത്ത് ഒരു വലിയ മുന്നേറ്റം ഉണ്ടായി. എല്ലാ ശാസ്ത്രങ്ങളെയും ഒരുപാട് സഹായിക്കുകയും പ്രതീക്ഷപ്പെടുത്തുകയും ചെയ്ത ഒരു മുന്നേറ്റം ആയിരുന്നു. ബാക്ടീരിയകൾ വൈറസുകൾ തുടങ്ങിയ അതി സൂക്ഷ്മ ജീവികളെയും വസ്തുക്കളെയും നിരീക്ഷിക്കാനുള്ള സൂക്ഷ്മദർശിനിയുടെ കണ്ടുപിടുത്തമായിരുന്നു അത്. വസ്തുക്കളെ വലുതായി കാണാൻ സഹായകമാകുന്ന സൂക്ഷ്മ ദർശിനി പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടായിരുന്നു. 1590-കളിൽ നെതർലാൻഡിലെ കണ്ണട നിർമ്മാതാക്കളായ ഹാൻസ് ജാൻസൺ (Hans Janssen), മകൻ സക്കറിയാസ് ജാൻസൺ (Zacharias Janssen) എന്നിവർ ചേർന്നാണ് ആദ്യത്തെ കോമ്പൗണ്ട് മൈക്രോസ്കോപ്പ് വികസിപ്പിച്ചെടുത്തതെന്നാണ് കരുതപ്പെടുന്നത്. കണ്ണട ഉപയോഗിക്കുന്നവർക്ക് വസ്തുക്കൾ കുറച്ചുകൂടി അടുത്തായി കാണാൻ ഒരു ചില്ലിന് മുകളിൽ മറ്റൊരു ചില്ല് വെച്ചാൽ മതിയാകും എന്ന ഒരു വെറും പ്രാഥമികമായ കണ്ടുപിടുത്തം ആയിരുന്നു അത്. പക്ഷേ ആ കാഴ്ചപ്പാട് വളരുകയും പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് സൂക്ഷ്മമായ ബാക്ടീരിയകളെയും വൈറസുകളെയും നിരീക്ഷിക്കാൻ സഹായകമാകുന്ന അതി സൂക്ഷ്മ മൈക്രോസ്കോപ്പ് കണ്ടെത്തുകയുമുണ്ടായി. നിലവിലുള്ള സിദ്ധാന്തത്തിന്റെ ഒരു വികാസം മാത്രമായിരുന്നു അത്.


1677 ൽ ആന്റണീ വാൻ ലീവൻഹുക്കും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ നികോളാസ്‌ ഹാർറ്റ്സീകറും ചേർന്നാണ് ഇത് കണ്ടെത്തി വികസിപ്പിച്ചത്. ഇതോടുകൂടി നമ്മൾ സംസാരിക്കുന്ന ഗർഭസ്ഥ ശിശുവിൻ്റെ വളർച്ചകളെ നിരീക്ഷിക്കാനുള്ള ഒരു മാർഗ്ഗം തെളിഞ്ഞുവന്നു. ഗർഭസ്ഥ ശിശുവിൻ്റെ രൂപീകരണവും വളർച്ചയും കണ്ടെത്താൻ അതിനെ പുറത്തെടുത്ത് പരിശോധിക്കാൻ കഴിയില്ലെങ്കിലും ഇനി മൈക്രോസ്കോപ്പിന്റെ സഹായത്തോടു കൂടെ ചിലതെല്ലാം ഈ വിഷയത്തിൽ കണ്ടെത്താം എന്നതായിരുന്നു ആ മാർഗ്ഗം. ഇന്നത്തേത് പോലെ ശരീരത്തിന് അകത്തേക്ക് ക്യാമറ പ്രവേശിപ്പിച്ചു നിരീക്ഷിക്കാനുള്ള മാർഗം അന്നുണ്ടായിരുന്നില്ല. അതിനാൽ ഗർഭാശയത്തിന് അകത്തു നടക്കുന്ന വളർച്ചയും രൂപീകരണവും കണ്ടെത്താൻ നേരിട്ടുള്ള മാർഗം ഉണ്ടായിരുന്നില്ല. ഏറെ താമസിയാതെ ഈ മേഖലയിലെ അന്വേഷണങ്ങൾ പുതിയ വഴി കണ്ടെത്തി. അത് ഗർഭം അബോർഷൻ ആകുന്ന സ്ത്രീകളുടെ പുറത്തേക്ക് വരുന്ന ദ്രവ്യം പരിശോധിച്ചു അതിലടങ്ങിയ ഘടകങ്ങൾ വിലയിരുത്തുക എന്നതായിരുന്നു. അങ്ങനെ വിലയിരുത്തിയപ്പോൾ ആണ് ലോകത്താദ്യമായി ശുക്ല പരിശോധനയിലൂടെ പുരുഷബീജം കണ്ടെത്തിയത്. അവർ കരുതിയിരുന്നത് ഒരു ബീജത്തിന് അകത്ത് ഒരു ചെറിയ രൂപത്തിലുള്ള ഒരു മനുഷ്യ കുട്ടിയുണ്ട് എന്നാണല്ലോ. അതിനെ അവർ ഹോമൻകുലസ്‌ homunculus എന്നായിരുന്നു വിളിച്ചിരുന്നത്. ബീജത്തിനകത്തുള്ള ഈ ഒരു ഹോമൻകുലസ്‌ എന്ന ചെറിയ മനുഷ്യക്കുട്ടി അത് ഗർഭാശയത്തിൽ അകത്തെത്തുമ്പോൾ അവിടെനിന്ന് വികാസം പ്രാപിക്കുകയും വലിയൊരു കുട്ടിയായി മാറുകയും ചെയ്യുന്നു എന്നായിരുന്നു നിലവിലുണ്ടായിരുന്ന ധാരണ. മൈക്രോസ്കോപ്പിന്റെ സഹായത്തോടു കൂടെ നടത്തിയ പരീക്ഷണങ്ങൾ പ്രാചീനകാലത്ത് മുതൽ ജനങ്ങൾ കരുതി പോന്നിരുന്ന ബീജത്തിലെ സൂക്ഷ്മമായ ചെറിയ കുഞ്ഞ് വളർന്ന് ശിശുവായി തീരുന്നു എന്ന അബദ്ധത്തെ തന്നെ അടിവരയിടുകയായിരുന്നു ഫലം. പുതുതായി മറ്റൊന്നും ഈ പുതിയ രീതി കൊണ്ടും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് ചുരുക്കം. ലീവൻഹുക്കിനൊപ്പം ആദ്യമായി മനുഷ്യബീജം മൈക്രോസ്കോപ്പിലൂടെ ദർശിച്ച നിക്കോളാസ് ഹാർട്ട്സീക്കർ 1695 ൽ വരച്ച ഹോമൻകുലസിന്റെ ചിത്രം അതിനു തെളിവാണ്. ഒരു പുരുഷ ബീജത്തിന് ഉള്ളിൽ ഒളിച്ചിരിക്കുന്ന ഒരു ചെറിയ കുട്ടിയുടെ രൂപമായിരുന്നു അദ്ദേഹം വരച്ചത്.


ആദ്യത്തെ ശ്രമം പഴയ സിദ്ധാന്തത്തെ തന്നെ അരക്കിട്ടുറപ്പിക്കുകയായിരുന്നു ചെയ്തത് എങ്കിലും ശാസ്ത്രജ്ഞന്മാർക്ക് ചിന്തിക്കുവാനും പഠിക്കുവാനുമുള്ള ധാരാളം വിഷയങ്ങൾ ലഭിക്കുകയുണ്ടായി. അതാണ് ഇന്നുവരെ ഭ്രൂണശാസ്ത്രത്തിന്റെ വളർച്ചയുടെ നിദാനം. അതു പിന്നീട് വളർന്ന് ബീജം, അണ്ഡം, സിക്താണ്ഡം തുടങ്ങിയവയുടെ രൂപീകരണ ഘട്ടങ്ങൾ അവ പിന്നിട്ട് ശിശുവിൻ്റെ വളർച്ചയുടെ കൃത്യമായ പുരോഗതി എന്നിവയെല്ലാം വേറെ വേറെ പഠിക്കുവാനും നിരീക്ഷിച്ച് അറിയുവാനുമുള്ള സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. ഇവയിൽ ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തം അണ്ഡത്തിൻ്റെ കണ്ടുപിടുത്തമായിരുന്നു. പുരുഷൻ്റെ ബീജത്തിന് മാത്രമാണ് ഒരു കുഞ്ഞിൻ്റെ ജനനത്തിൽ സ്വാധീനം ഉള്ളത് എന്ന അത്രയും കാലം നിലനിന്ന ധാരണയെ അത് തിരുത്തുകയുണ്ടായി. പുരുഷൻ്റെ ബീജം കണ്ടെത്തി ഏതാണ്ട് രണ്ട് നൂറ്റാണ്ടോളം കാലം ഒരു കുഞ്ഞിൻ്റെ ജനനത്തിൽ സ്ത്രീയുടെ പങ്കാളിത്തം സ്ഥാപിക്കുവാൻ പിന്നെയും വേണ്ടിവന്നു എന്നത് നിരീക്ഷിക്കേണ്ട മറ്റൊരു കാര്യം. ജർമ്മൻ ജീവശാസ്ത്രജ്ഞനായ കാൾ ഏണസ്റ്റ് വോൺ ബെയർ (Karl Ernst von Baer) ആണ് സസ്തനികളുടെ (മനുഷ്യരുടേത് ഉൾപ്പെടെ) അണ്ഡം കണ്ടെത്തിയത്. 1827-ൽ ആണ് അദ്ദേഹം ഇത് ആദ്യമായി കണ്ടെത്തിയത്. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ഇടപെടുന്ന ഒരു അണ്ഡകോശമാണ് അണ്ഡം (Ovum). ഇതിൻ്റെ കണ്ടെത്തലിലേക്ക് നയിച്ചത് ജനിക്കുന്ന കുഞ്ഞിൽ മാതാവിന്റെയും പിതാവിൻ്റെയും സ്വഭാവ ഗുണങ്ങൾ എങ്ങനെ വരുന്നു എന്ന ചോദ്യമാണ്. പുരാതന കാലം മുതൽ തന്നെ സ്വഭാവവിശേഷങ്ങൾ പാരമ്പര്യമായി ലഭിക്കാമെന്ന ധാരണയാണ് ഉണ്ടായിരുന്നത്. പാരമ്പര്യ സ്വഭാവവിശേഷങ്ങൾ രക്തത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് അരിസ്റ്റോട്ടിലും (ബിസി 384-322) മറ്റ് ഗ്രീക്ക് തത്ത്വചിന്തകരും വിശ്വസിച്ചിരുന്നു. എന്നാൽ പാരമ്പര്യം യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആരും വിവരിച്ചിട്ടില്ലായിരുന്നു. ഇതിൽ സ്ത്രീയുടെ പങ്കാളിത്തം ആരും ചിന്തിച്ചിട്ടില്ലായിരുന്നു. ഒരു പുതിയ ജീവിയുടെ 'വിത്ത്' സംഭാവന ചെയ്യുന്നത് പുരുഷനാണെന്നും, അത് വളരുമ്പോൾ അതിനെ വളർത്തിയെടുക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ പങ്ക് എന്നുമായിരുന്നു പൊതുവായ കാഴ്ചപ്പാട്. അങ്ങനെയിരിക്കുകയാണ് സ്ത്രീയുടെ അണ്ഡം കണ്ടുപിടിക്കുന്നത്. സാധാരണയായി 28 ദിവസത്തെ ആർത്തവ ചക്രത്തിന്റെ മധ്യത്തിൽ (ഏകദേശം 14-ാം ദിവസം) ഒരു പൂർണ്ണവളർച്ചയെത്തിയ അണ്ഡം പുറത്തുവരുന്നു. ഇതിനെ അണ്ഡവിസർജനം (Ovulation) എന്ന് വിളിക്കുന്നു. പുറത്തുവരുന്ന അണ്ഡം 12-24 മണിക്കൂർ വരെ ജീവിച്ചിരിക്കുകയും ബീജസങ്കലനത്തിന് (Fertilization) തയ്യാറാവുകയും ചെയ്യുന്നു.


ഇത്തരം ഒരു ആമുഖം വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നതോടെയാണ് ഈ വിഷയമായി വിശുദ്ധ ഖുർആൻ നടത്തിയിട്ടുള്ള പരാമർശങ്ങൾ പരിശോധിക്കുവാൻ നമുക്ക് അവസരം കൈവരുന്നത്. അത് കാണുമ്പോൾ നൂറ്റാണ്ടുകളായി ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങൾ മുതൽ വികാസങ്ങൾ വരെയുള്ള എല്ലാം വിശുദ്ധ ഖുർആനിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്, വിശുദ്ധ ഖുർആൻ പറഞ്ഞുവെച്ചിട്ടുള്ളതാണ് എന്നെല്ലാം നമുക്ക് കണ്ടെത്താൻ കഴിയും. ആധുനികലോകം വരെ എത്തിച്ചേർന്ന ഭ്രൂണശാസ്ത്രത്തിലെ സ്ഥാപിത സത്യങ്ങൾ വിശുദ്ധ ഖുർആൻ ഏഴാം നൂറ്റാണ്ടിൽ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് എന്ന് നാം ഇങ്ങനെ കണ്ടുപിടിക്കുമ്പോൾ പിന്നെ ഇത്തരം സൂക്ഷ്മമായ ശാസ്ത്രീയ വിഷയങ്ങൾ അറേബ്യയിലെ മണൽപരപ്പുകൾ ഭേദിച്ച് നബി തിരുമേനി(സ്വ)യുടെ അടുത്തെത്താൻ ഉണ്ടായിരുന്ന മാർഗ്ഗങ്ങളെ കുറിച്ച് നമുക്ക് ആലോചിക്കാം. അത് ആലോചിക്കുമ്പോൾ കരയിലൂടെയോ കടലിലൂടെയോ അത്തരം പിൽക്കാലത്ത് മാത്രം കണ്ടെത്തിയ വിഷയങ്ങൾ എത്താനുള്ള ഒരു സാധ്യതയും ഇല്ല എന്ന് നമ്മുടെ മനസ്സ് പറയുമ്പോൾ നമ്മുടെ കണ്ണുകൾ ഉയരുക ആകാശത്തിലേക്കാണ്. ആകാശത്തിൽ നിന്ന് ഇറങ്ങി വന്ന വഹിയുകളാണ് ആ വിവരങ്ങളുടെയെല്ലാം സ്രോതസ്സ്.
-തുടരും-
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso