ഖുർആൻ പഠനം
ടി എച്ച് ദാരിമി അൽ അസ്ഹരി
അൽ മുൽക് - 13 - 17
13 നിങ്ങളുടെ സംസാരം രഹസ്യമോ പരസ്യമോ ആക്കിക്കോളൂ- നിശ്ചയം, അല്ലാഹു ഹൃദയങ്ങളിലുള്ളത് സംബന്ധിച്ച് പോലും നന്നായറിയുന്നവനാകുന്നു.
മക്കയിലെ മുശ്രിക്കുകളുടെ ഇസ്ലാമിനും പ്രവാചകനും എതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കം അപവാദങ്ങൾ ചമയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു എന്ന് നാം പറഞ്ഞുവല്ലോ. അതിൽ അവർക്ക് ഒരു അമളി പറ്റി. മറ്റൊന്നുമല്ല അവർ വളരെ നിഗൂഢമായി പറഞ്ഞ കാര്യങ്ങൾ പോലും അതേപടി നബി തങ്ങൾ അറിയാൻ തുടങ്ങി. ആദ്യമാദ്യം ഇങ്ങനെ കണ്ടപ്പോൾ അവർ പരസ്യമായ ഇത്തരം ചർച്ചകളും വർത്തമാനങ്ങളും ഒഴിവാക്കി. പക്ഷേ പിന്നീട് അതീവ രഹസ്യമായി നടന്ന വർത്തമാനങ്ങൾ പോലും നബി അറിയുന്നതായി അവർ മനസ്സിലാക്കി. ജിബ്‌രീൽ വഴിയായിരുന്നു നബി തങ്ങൾക്ക് അല്ലാഹു ആ വിവരങ്ങൾ നൽകിയിരുന്നത്. അവരുടെ ഇത്തരം വർത്തമാനങ്ങൾ അറിയുന്ന രഹസ്യം ഈ ആയത്തിലൂടെ അല്ലാഹു പരസ്യപ്പെടുത്തുന്നത് ഇവിടെ ശ്രദ്ധേയമാണ്. അവരെ ഇതറിയിക്കാതെ പരമാവധി രഹസ്യങ്ങൾ ചൂഷണം ചെയ്യുക എന്നത് വിശുദ്ധ ഖുർആനിൻ്റെ ലക്ഷ്യമല്ല. മറിച്ച് അത്തരം ഗൂഢാലോചനാ സംസ്കാരത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കുക എന്നതാണ് വിശുദ്ധ ഖുർആൻ ലക്ഷ്യമാക്കുന്നത്. ഇത് വിശുദ്ധ ഖുർആനിൻ്റെ ഒരു പൊതു സമീപന സൗന്ദര്യമാണ്. തെറ്റുകളെ ഏതു വിധേനയും തടയുകയാണ് ഖുർആനിൻ്റെ ലക്ഷ്യം. അതിനാൽ തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ അവ തുറന്നുപറഞ്ഞ് ഇങ്ങനെ തുറന്നുപറഞ്ഞേക്കും എന്ന സൂചന കൂടി നൽകുകയാണ് വിശുദ്ധ ഖുർആൻ.
14 പടച്ചുണ്ടാക്കിയവന്‍ എല്ലാം അറിയുകയില്ലേ? അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.
അല്ലാഹുവിൻ്റെ സൃഷ്ടിപ്പാണ് എല്ലാം. ഏതൊരു കാര്യത്തെക്കുറിച്ചും ഏറ്റവും നന്നായി അറിയുക അതിൻ്റെ നിർമാതാവിന് തന്നെയായിരിക്കും എന്നത് ഒരു പൊതുവായ സത്യമാണല്ലോ. ഇവിടെയും ആ തത്വമാണ് പറയുന്നത്. ഇവിടെയുള്ള നിർമാതാവ് മൊത്തത്തിലുള്ള അറിവ് മാത്രമുള്ളവനല്ല, മറിച്ച് ഓരോന്നിന്റെയും എല്ലാ ഉള്ളറകളെ കുറിച്ചും അറിവുള്ള സൂക്ഷ്മ ജ്ഞാനിയാണ്.
15 ഭൂമി നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളില്‍ നിങ്ങള്‍ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവനിങ്കലേക്കു തന്നെയാണ് പുനരുത്ഥാനം.
തൻ്റെ പ്രതിനിധിക്കു വേണ്ടി ഭൂമി എന്ന വാസസ്ഥാനം തയ്യാറാക്കി വെച്ചിരിക്കുന്നതാണ് ഇവിടെ പറയുന്നത്. അത് നമ്മുടെ പ്രപഞ്ചമാണ്. പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവ് സൗരയൂഥം എന്ന സൂര്യനെയും അതിനെ വലം ചെയ്തുനിൽക്കുന്ന ഏതാനും ഗ്രഹങ്ങളെയും ചുറ്റിപ്പറ്റിയുള്ളത് മാത്രമാണ്. സൂര്യനും അതിനെ കേന്ദ്രീകരിച്ച് നിൽക്കുന്ന ഈ ഗ്രഹങ്ങളും ചേർന്നതിനെയാണ് സൗരയൂഥം എന്ന് വിളിക്കുന്നത്. സൗരയൂഥത്തിലും ഗ്രഹങ്ങളിലും എണ്ണമറ്റ നക്ഷത്രങ്ങളുണ്ടെന്നും അനുമാനിക്കപ്പെടുന്നു. ഇവയെല്ലാം ചേർന്നതാവട്ടെ ക്ഷീരപഥം എന്ന മറ്റൊരു അഭൗമ ലോകത്തിൻ്റെ ഭാഗവുമാണ്. ഇതിനെല്ലാം ഉള്ളിലെ ഒരു ചെറിയ ഗ്രഹം മാത്രമാണ് മനുഷ്യന് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന ഭൂമി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമൊന്നുമല്ല മനുഷ്യനുവേണ്ടി അല്ലാഹു തയ്യാറാക്കിവെച്ച ഭൂമി. അപ്രകാരം തന്നെ സൂര്യനോട് കൂട്ടത്തിൽ ഏറ്റവും അടുത്തു നിൽക്കുന്നതോ ഏറ്റവും അകന്നു നിൽക്കുന്നതോ ആയ ഗ്രഹവുമല്ല അത്. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലം 9 കോടി 30 ലക്ഷം മൈല്‍ മാത്രമാണ്. എന്നു പറഞ്ഞാൽ ഗ്രഹങ്ങളുടെ ഇടയിൽ നിൽക്കുന്ന സാധാരണമായ ഒന്നു മാത്രമാണ് ഭൂമി. അതിനാൽ ഭൂമിക്ക് എന്തു സവിശേഷതയുണ്ട് എങ്കിലും അത് സ്വാഭാവികമായി വന്നുചേർന്നതായിരിക്കാം എന്നു വാദിക്കാൻ തരമില്ല. കൂട്ടത്തിൽ ഏതെങ്കിലും ഒന്നിനു മാത്രം ഒരു പ്രത്യേകത കൈവരുന്നുണ്ടെങ്കിൽ അത് പ്രത്യേകമായി നൽകപ്പെട്ടതാണ് എന്നേ ഏത് ബുദ്ധിയും പറയൂ. അകാരണമായ ഒരു പ്രത്യേകത ഒന്നിന് കൈവരുമ്പോൾ അത് അതിൻ്റെ കർത്താവിലേക്ക് വിരൽ ചൂണ്ടുക സ്വാഭാവികമാണ്. അതാണ് മനുഷ്യൻ എന്ന തൻ്റെ പ്രതിനിധിക്ക് വേണ്ടി അല്ലാഹു നടത്തിയ പ്രത്യേക ഇടപെടൽ.
സൗരയൂഥത്തിൽ ഭൂമി എന്ന ഈ ഗ്രഹത്തിനു മാത്രമാണ് സ്വാഭാവികമായ മനുഷ്യവാസത്തിന് അനുഗുണമായ ആവാസ വ്യവസ്ഥ നൽകിയിട്ടുള്ളത് എന്നത് മറ്റൊന്നാണ്. ഉദാഹരണമായി മനുഷ്യനു ജീവിക്കാൻ ജലം അത്യാവശ്യമാണ്. ഖര-വാതക-ദ്രാവക രൂപത്തിൽ ഭൂമിയിൽ കാണപ്പെടുന്ന പോലെ സുലഭമായ ജലം മറ്റൊരു ഗ്രഹത്തിലുമില്ല. തോടും തടാകവും പുഴയും കടലും മറ്റൊരു ഗ്രഹത്തിലുമില്ല. മനുഷ്യന് ജീവിക്കാൻ പറ്റിയ ചൂടും തണുപ്പും ഭൂമിയിലെ ഉള്ളൂ, മറ്റൊരു ഗ്രഹത്തിലുമില്ല. മഴയെന്ന പ്രതിഭാസം നാം ഭൂമിയിൽ മാത്രമാണ് കാണുന്നത്. മനുഷ്യനു വേവിച്ചുതിന്നാൻ പറ്റിയ മൃഗങ്ങളും സസ്യങ്ങളും മത്സ്യങ്ങളും ഭൂമിയിൽ അല്ലാതെ മറ്റൊരു ഗ്രഹത്തിലുമില്ല. മനുഷ്യനു അപകടകരമായ സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ തടഞ്ഞു നിറുത്തുവാൻ ഓസോൺ പാളിയുള്ളത് ഭൂമിക്ക് മുകളിൽ മാത്രമാണ്. ഇങ്ങനെ പ്രത്യേക മായുള്ളതും മറ്റു ഗ്രഹങ്ങൾക്ക് ഇല്ലാത്തതുമായ വിശേഷതകൾ അനവധിയാണ്. ഈ ഗ്രഹത്തിൽ വസിക്കുന്ന മനുഷ്യന് ശാരീരികമായും മാനസികമായും സുഖവും സന്തുഷ്ടിയും ഉണ്ടാകുവാൻ വിവിധ ഘടകങ്ങൾ കൊണ്ട് ഭൂമിയെ പൊതിഞ്ഞുവെച്ചിരിക്കുന്നു. ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് 40,000-60,000 മൈലുകൾ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ കാന്തികമേഖലയാണ് അവയിൽ ഒന്ന്. അതുകഴിഞ്ഞാൽ പിന്നെ അയണുകൾ നിറഞ്ഞ അയണ-മണ്ഡലമാണ്. സ്ട്രാറ്റോസ്ഫിയർ അഥവാ സമതാപമണ്ഡലമാണടുത്തത്. നമ്മുടെ ബാഹ്യാന്തരീക്ഷത്തിന്റെ ഉയർന്ന പാളിയായ അവിടെ താപനില ഏറെക്കുറെ സമാനമായി നിലനില്ക്കുന്നു. അടുത്തത് ട്രോപോസ്ഫിയർ അഥവാ ക്ഷോഭമണ്ഡലമാണ്. ബാഹ്യാന്തരീക്ഷത്തിന്റെ ഈ കീഴ്പാളിയിൽ ഉയരം കൂടുംതോറും താപനില കുറയുന്നു. ഇവിടെ നിന്നാണ് ജീവ മണ്ഡലം അഥവാ ലിത്തോസ്ഫിയർ ആരംഭിക്കുന്നത്. മനുഷ്യന് അധിവസിക്കുവാൻ ഒരുക്കിയ ഭൂമിയിൽ അവൻ്റെ തലക്കു മുകളിൽ സൃഷ്ടാവ് ഏർപ്പെടുത്തിയ സംവിധാനങ്ങളാണ് ഇവയെല്ലാം.
ഭൂമിയെയും മനുഷ്യനെയും അവ രണ്ടിലെയും മൂലകങ്ങളെ പരസ്പരം ഇണക്കി ചേർത്തുകൊണ്ട് സൃഷ്ടാവ് പരസ്പരം ഇണക്കി ചേർത്തിരിക്കുന്നു. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നത് പഞ്ചഭൂതങ്ങളാണ്. വായു, വെള്ളം, തീ, മണ്ണ്, പ്രകാശം(ആകാശം) എന്നിവയാണ് പഞ്ചഭൂതങ്ങൾ. ഇവ മനുഷ്യൻ്റെ ശരീരത്തിലും ഉണ്ട് എന്നതാണ് കൗതുകം. നിരന്തരമായ ചൂടും നിരന്തരമായ തണുപ്പും മനുഷ്യൻ്റെ ജീവിതത്തെ വിരസമാക്കിയെന്നുവരാം. അത് ഒഴിവാക്കാൻ അല്ലാഹു ഭൂമിയിലെ അന്തരീക്ഷത്തിന്റെ ചൂടും തണുപ്പും നിയന്ത്രിച്ചിരിക്കുന്നു. അതിനുവേണ്ടി അല്ലാഹു ചെയ്തിരിക്കുന്നത് ഭൂമിയെ 23 ഡിഗ്രി ചെരിച്ചു വെക്കുക എന്നതാണ്. ഇത്തരത്തിൽ ജീവനും ആ ജീവന് അനുഭവിക്കാൻ കഴിയുന്ന അനവധി നിരവധി കാര്യങ്ങളും ചെയ്തു വെച്ചുകൊണ്ടാണ് ഭൂമിയെ അള്ളാഹു അവന്റെ പ്രതിനിധിക്ക് ഒരുക്കി വെച്ചിരിക്കുന്നത് എന്ന് ചുരുക്കം. അവയെല്ലാം മനുഷ്യൻറെ നിയന്ത്രണത്തിന് ഏകദേശം വിധേയമാണ്. അതാണ് ഭൂമിയെ അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തി തന്നിരിക്കുന്നു എന്ന് പറഞ്ഞതിന്റെ സാരം. തുടർന്ന് പറയുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന്, ഭൂമിയിലൂടെ നിങ്ങൾ സഞ്ചരിക്കുക എന്നത്. ഇത് ഭൂമിയിൽ സൃഷ്ടാവ് ഒരുക്കിവെച്ച മഹാ അത്ഭുതങ്ങൾ മനസ്സിലാക്കാനും അതുവഴി അല്ലാഹുവിനോട് ഉള്ള നല്ല ബന്ധം ശക്തിപ്പെടുത്തി നിലനിർത്തുവാനും വേണ്ടിയാണ്. രണ്ട്, ഭൂമിയിലെ വിഭവങ്ങൾ ഉപയോഗിക്കുക എന്നതാണ്. നേരത്തിന് പാകം ചെയ്ത ഭക്ഷണം എത്തിക്കുന്നതിന് പകരം കാര്യകാരണങ്ങളെ ഒരുക്കിവെച്ച് അവ ഉപയോഗപ്പെടുത്തി സ്വന്തം അധ്വാനം കൂട്ടി കലർത്തി എന്നോണം അന്നം കഴിക്കുവാനാണ് അല്ലാഹു താൽപര്യപ്പെടുന്നത്. അപ്പോൾ അതും അല്ലാഹുവിനെ കുറിച്ചുള്ള ഒരു അവബോധമായി മാറുന്നു. മൂന്നാമത്തെ കാര്യം, അവനിങ്കലേക്കു തന്നെയാണ് പുനരുത്ഥാനം എന്നതാണ്. അത്, ഈ ഭൂമിയിൽ സൃഷ്ടാവായ അല്ലാഹു നൽകിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സന്തോഷത്തോടെ ജീവിക്കുമ്പോൾ അല്ലാഹുവിലേക്ക് കണക്കു പറയാൻ വേണ്ടി മടങ്ങേണ്ടവരാണ് എന്ന അവബോധം ഉണ്ടായിരിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു. അ
16 വാനലോകത്ത് അധികാരമുള്ളവന്‍ നിങ്ങളെ ഭൂമിയിലാഴ്ത്തിക്കളയുന്നതിനെപ്പറ്റി - അപ്പോൾ വലിയ പ്രകമ്പനമുണ്ടാകും- നിങ്ങള്‍ വിശ്വസ്തരായിരിക്കുന്നുവോ?
ഈ ആയത്തിൽ ആകാശത്ത് അധികാരം ഉള്ളവൻ എന്നും തൊട്ടടുത്ത ആയത്തിൽ ആകാശത്ത് അധീശത്വമുള്ളവന്‍ എന്നുമെല്ലാം പറയുന്നതിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. അത് വിശ്വാസ മേഖലയിലുള്ള ഒരു അടിസ്ഥാന അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്നതാണ്. വിശുദ്ധ ഖുർആനിലെ ചില ആയത്തുകളും സൂചനകളും വ്യാഖ്യാനിച്ച് അല്ലാഹുവിന് മനുഷ്യന്റേതിന് സമാനമായ അംഗങ്ങളും അവയവങ്ങളും പ്രത്യേകമായ സ്ഥാനവും എല്ലാം ഉണ്ട് എന്ന് ജല്പിക്കുന്ന ഒരു വിഭാഗത്തിൻ്റെ വിശ്വാസമാണ് അവർ. മുജസ്സിമത്തുകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇക്കാര്യത്തിൽ ഇമാം ഖുർത്വുബി(റ) തൻ്റെ അൽ ജാമിഉ ലി അഹ്കാമിൽ ഖുർആൻ എന്ന പറയുന്നത് ഇങ്ങനെയാണ്. 'ആകാശത്തുള്ള ശക്തിയും അധികാരവും സിംഹാസനവും ആധിപത്യവും ഉള്ളവനെ നീ ഭയപ്പെട്ടോ എന്നാണ് ഈ വാക്യത്തിന്റെ അർത്ഥം. അവന്റെ അധികാരം സാർവത്രികമാണെങ്കിലും, ആകാശത്തെ ഇവിടെ എടുത്തു പറയാനുള്ള കാരണം, ഭൂമിയിൽ ആളുകൾ ആരാധിക്കുന്നവൻ എന്നതിൽ മാത്രം അവൻ്റെ ആധിപത്യം ഒതുങ്ങുന്നതല്ല എന്ന് സ്ഥാപിക്കുക എന്നതാണ്'. അതുപോലെ, ഇമാം നവവി(റ) തന്റെ സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ പറയുന്നു: 'അല്ലാഹു ആകാശത്തിലാണെന്ന് ബാഹ്യമായി സൂചിപ്പിക്കുന്ന സൂറത്തുൽ മുൽക്കിലെ പതിനേഴാം ആയത്ത് പോലെയുള്ള ആയത്തുകളുടെ അർഥമോ ആശയമോ അക്ഷരാർത്ഥത്തിൽ എടുക്കരുത്; മറിച്ച്, അവയെ ആലങ്കാരികമായി വ്യാഖ്യാനിക്കണം.'(ശർഹു സ്വഹീഹ് മുസ്‌ലിം).
മുആവിയ ബിൻ അൽഹകം അസ്സുലമി(റ) എന്ന ഒരു നവാഗത സഹാബി നബി(സ്വ) തങ്ങളോട് ചില സന്ദേഹങ്ങൾ ചോദിക്കുന്ന ദീർഘമായ ഒരു ഹദീസിന്റെ അവസാന ഭാഗത്ത് അദ്ദേഹം അദ്ദേഹത്തിൻ്റെ ഒരു അടിമ പെൺകുട്ടിയെ അടിച്ചതായും അതിൽ പിന്നീട് ഖേദിച്ചതായും പറയുന്നുണ്ട്. അതിന്റെ പ്രായശ്ചിത്തമെന്നോളം ഞാൻ ആ അടിമ പെൺകുട്ടിയെ സ്വതന്ത്രയാക്കിക്കോട്ടെ? എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. അപ്പോൾ നബി (സ്വ) അവളെ ഹാജരാക്കാൻ പറഞ്ഞു. അവൾ വന്നതും അവൾ വിശ്വാസിയാണോ എന്ന് ഉറപ്പുവരുത്താൻ വേണ്ടി നബി തങ്ങൾ അവളോട് ചോദിച്ചു, അല്ലാഹു എവിടെയാണ് എന്ന്. അവൾ അവൻ ആകാശത്തിലാണ് എന്ന് മറുപടി പറഞ്ഞു. തുടർന്ന് ഞാൻ ആരാണ് എന്ന് നബി ചോദിച്ചു. അപ്പോൾ അങ്ങ് അല്ലാഹുവിൻ്റെ റസൂൽ ആണ് എന്നും പറഞ്ഞു. അതോടെ അവൾ വിശ്വാസിനിയാണ് എന്ന് ഉറപ്പു വന്ന നബി തങ്ങൾ അവളെ മോചിപ്പിച്ചേക്കൂ എന്ന് പറയുകയും ചെയ്തു. ഇമാം മുസ്ലിം രിവായത്ത് ചെയ്ത ഈ ഹദീസ് ചിലർ അല്ലാഹുവിനെ സ്ഥാനം ഉണ്ടെന്നും അത് ആകാശമാണെന്നും സ്ഥാപിക്കാൻ ഉപയോഗിക്കുന്നത് കാണാം. പക്ഷേ, മഹാ ഭൂരിപക്ഷം പണ്ഡിതന്മാരും അതിനോട് യോജിക്കുന്നില്ല. കാരണം, ആ ചോദ്യമോ ഉത്തരമോ അത്തരമൊരു തീവ്രമായ കണിശ വിശ്വാസത്തെ വേർതിരിക്കാൻ വേണ്ടി ഉള്ളതായിരുന്നില്ല. മറിച്ച് അത് കേവലം അവൾ വിശ്വാസിനിയാണോ എന്നറിയാൻ വേണ്ടി മാത്രമുള്ളതായിരുന്നു. അവൾ വിശ്വാസിയാണ് എന്ന് ഉറപ്പു വന്നാൽ മാത്രമേ അവളെ മോചിപ്പിക്കുന്നതുകൊണ്ടുള്ള ഫലം ആ സഹാബിക്ക് ലഭിക്കുകയുള്ളൂ. ഈ ഹദീസിൻ്റെ വ്യാഖ്യാനത്തിൽ മുല്ലാ അല്ലിയ്യുൽ ഖാരി തന്റെ മിർഖാത്തുൽ മഫാത്തിഹിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
നിങ്ങളെ അവൻ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ സുരക്ഷിതരാണോ എന്നാണ് ഈ ആയത്ത് ചോദിക്കുന്ന ഒരു ചോദ്യം. വലിയ പ്രകമ്പനത്തോടെ ഭൂമിയിലേക്ക് ജീവനോടെ ആഴ്ത്തിക്കളയുക എന്നത് അല്ലാഹുവിൻ്റെ ഒരു ശിക്ഷാരീതിയാണ്. അത്തരം ഒരു ശിക്ഷ രീതി അല്ലാഹു അവലംബിച്ച ചരിത്രം വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അത് ഖാറൂനിനെ ശിക്ഷിച്ചപ്പോഴായിരുന്നു. മൂസാ നബിയുടെ കാലക്കാരനും ജനതയിൽ പെട്ടവനും ആയിരുന്നു ഖാറൂൻ. മൂസാ നബിയുടെ ബന്ധുവായിരുന്നു എന്നും അഭിപ്രായമുണ്ട്. ജീവിതത്തിൽ സാമ്പത്തിക സൗഭാഗ്യങ്ങൾ കടന്നുവന്നതോടെ അയാൾ അഹങ്കാരത്തിലേക്കും ദൈവനിഷേധത്തിലേക്കും എത്തിച്ചേരുകയായിരുന്നു. നിഷേധം മനസ്സിൽ ഒതുക്കി വെച്ചില്ല എന്നത് ഖാറൂൻ ചെയ്ത ഏറ്റവും വലിയ അപരാധമാണ്. അത് അയാൾ പരിഹാസത്തിൻ്റെയും വെല്ലുവിളിയുടെയും സ്വരത്തിൽ പുറത്തെടുത്തു. ഏറ്റവും അടുത്തവരുടെ ഉപദേശ നിർദ്ദേശങ്ങളെല്ലാം ഖാറൂൻ നിഷിതമായി തള്ളിക്കളഞ്ഞു. ഇതോടെ അയാൾ ഈ ജീവിതത്തിൽ തന്നെ ശിക്ഷിക്കപ്പെടേണ്ട അനിവാര്യത സംജാതമായി. അല്ലാഹു അത് ചെയ്യുകയും ചെയ്തു. ആ കഥ പറയുന്ന അള്ളാഹു അത് ഇങ്ങനെ ഉപസംഹരിക്കുന്നു: 'അങ്ങനെ അവനെയും അവന്‍റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല' (28:81). സംഖ്യാ പുസ്തകം, പുറപ്പാട് തുടങ്ങിയ ബൈബിൾ പുസ്തകങ്ങളിലും ഖാറൂനിന്റെ സമാനമായ കഥ പറയുന്നുണ്ട്.
17 അതോ, ആകാശത്ത് അധീശത്വമുള്ളവന്‍ നിങ്ങള്‍ക്കുമേല്‍ ചരല്‍മാരി വര്‍ഷിക്കുന്നതിനെക്കുറിച്ച് നിര്‍ഭയരാണോ നിങ്ങള്‍? അപ്പോള്‍, എന്റെ മുന്നറിയിപ്പ് എങ്ങനെയുണ്ടെന്ന് വഴിയേ നിങ്ങള്‍ അറിയുന്നതാകുന്നു.
ചരൽ മഴ പെയ്യിച്ചു കൊണ്ടുള്ള ശിക്ഷയും അല്ലാഹുവിന്റെ ശിക്ഷകളിൽ ഒന്നാണ്. മഴ പെയ്യുമ്പോൾ വെള്ളത്തുള്ളികൾ തുരുതുരാ വീഴുന്നതിനു പകരം കല്ലുകൾ ആകാശത്തിൽ നിന്ന് വീഴുന്ന പ്രതിഭാസമാണ് ഇത്. ഇത്തരത്തിലുള്ള ശിക്ഷയും അല്ലാഹു ശിക്ഷിച്ചിട്ടുണ്ട്. അത് ലൂത്വ് നബിയുടെ ജനതയെയാണ്. ഇബ്‌റാഹീം നബി(അ)യുടെ സമകാലികനും സഹോദര പുത്രനുമാണ് ലൂത്വ് നബി (അ). ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സദൂം എന്ന സ്ഥലത്തായിരുന്നു ലൂത്വ് നബി(അ)യും ജനതയും വസിച്ചിരുന്നത്. ദൈവനിഷേധം ധിക്കാരം തുടങ്ങിയവക്കു പുറമെ, പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധത്തിന് തുടക്കം കുറിച്ച സമൂഹം കൂടിയായിരുന്നു അവർ. നിയമാനുസൃതമായ സ്ത്രീ സംസർഗ്ഗത്തിന് ഒട്ടും താത്പര്യം കാണിക്കാതിരുന്ന അവർ സ്വവർഗ്ഗഭോഗത്തിൽ ആനന്ദം കണ്ടെത്തി. ഇതിനെതിരെ യുക്തിയുടെ ഭാഷയിലാണ് ലൂത്വ് നബി സംസാരിച്ച് തുടങ്ങിയത്. പ്രവാചകൻ പറഞ്ഞു: 'നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ' (ശുഅറാ: 61- 66). എന്നാൽ തീർത്തും നിർല്ലജ്ജമായ പ്രതികരണമായിരുന്നു അവരുടേത്. 'ലൂത്തേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും' (ശുഅറാ: 67). എന്നാൽ അവരുടെ ഭീഷണിയിൽ തളരാൻ പ്രവാചകന്റെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹം ഒട്ടും നിരാശനാവാതെ പ്രബോധനം തുടർന്ന് കൊണ്ടേയിരുന്നു. പക്ഷേ ജനങ്ങൾ ആത്മാർത്ഥമായ അദ്ദേഹത്തിൻ്റെ പ്രബോധന സപര്യയെ അവഗണിച്ച് തള്ളി. അത് ആ സമൂഹത്തിന്റെ നാശത്തിലാണത് കലാശിച്ചത്. ഇബ്രാഹിം നബിയെ സന്ദർശിച്ചതിനു ശേഷം ലൂഥ് നബിയുടെ അടുത്തെത്തിയ പുരുഷ രൂപം പൂണ്ട മാലാഖമാരെ കണ്ട ആ ജനത തങ്ങളുടെ ലൈംഗിക താത്പര്യത്തിനായി അവരെയും സമീപിച്ചതാണ് ലൂത്വ് നബിയെ ഏറെ വേദനിപ്പിച്ചത്.
അവിശ്വാസിനിയായിരുന്ന അദ്ദേഹത്തിൻ്റെ ഭാര്യയായാണ് സുന്ദരന്മാരായ ചിലർ ലൂത്വ് നബിയുടെ അടുത്തെത്തിയ കാര്യം മാലോകരെ അറിയിച്ചത്. കാമാസക്തി കയറിയ അവർ പ്രവാചകന്റെ വീട്ടിലേക്ക് ഇരച്ചെത്തി. തന്റെ അതിഥികളെ നീചവൃത്തിക്ക് വിധേയരാക്കി തന്നെ അവഹേളിക്കരുതെന്ന് പ്രവാചകൻ അവരോട് കെഞ്ചി. വേണമെങ്കിൽ തന്റെ പെണ്മക്കളെ നിങ്ങളെടുത്തേക്കൂ എന്ന് വരെ പറയേണ്ടി വന്നു അദ്ദേഹത്തിന്. എന്നാൽ അവർക്കാവശ്യം ആണുങ്ങളെയായിരുന്നു. മാലാഖമാരെ പുല്‍കാന്‍ സര്‍വതും അവഗണിച്ച് വീട്ടിനകത്തേക്ക് കൂട്ടമായി പ്രവേശിച്ച അവർക്കെതിരെ അല്ലാഹുവിൻ്റെ സഹായം വന്നെത്തി.
പിറ്റേന്ന്, നിഷേധികളായ ഈ സമൂഹത്തെ തേടി ദൈവ ശിക്ഷയെത്തി. സൂര്യോദയ സമയത്ത് ഘോരമായ ഒരു അട്ടഹാസം അവരെ പിടികൂടുകയും ആ നാട് ഒന്നടങ്കം കീഴ്മേല്‍ മറിയുകയും ചെയ്തു. ചുട്ടുപഴുത്ത കല്ലുകള്‍ അവര്‍ക്കുമേല്‍ വര്‍ഷിപ്പിച്ച് അല്ലാഹു അവരെ നാമാവശേഷമാക്കി. ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ശിക്ഷക്ക് വിധേയരായ സമൂഹമാണ് സദൂം.
18 ഇവരുടെ മുന്‍ഗാമികളും ദൂതരെ വ്യാജമാക്കിയിട്ടുണ്ട്; അപ്പോള്‍ എന്റെ ക്രോധം എങ്ങനെയുണ്ടായിരുന്നു?
ലോകത്ത് നിരവധി സമൂഹങ്ങൾ കടന്നുപോയിട്ടുണ്ട്. അവരിലേക്ക് എല്ലാം അല്ലാഹു തൻ്റെ സന്ദേശവും വഹിച്ചു കൊണ്ടുള്ള ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. ആ സമൂഹങ്ങളിൽ പലതും അവരുടെ പ്രവാചകന്മാരെ വ്യാജമാക്കുകയും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. മുൻകാല സമൂഹങ്ങളിൽ എല്ലാം ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ അല്ലാഹു അവരെ അപ്പപ്പോൾ തന്നെ ശിക്ഷിക്കുകയും നാമാവശേഷമാക്കുകയും ചെയ്യുകയായിരുന്നു പതിവ്. അത്തരത്തിലുള്ള ഉന്മൂലനാശം എന്ന ശിക്ഷ നമ്മുടെ ഉമ്മത്തിനോടുള്ള കാരുണ്യം എന്ന നിലക്ക് അല്ലാഹു ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഉമ്മത്ത് എത്രമേൽ തെറ്റ് ചെയ്താലും മൊത്തത്തിലുള്ള നശീകരണം ഉണ്ടാക്കുന്ന ഒരു ശിക്ഷക്ക് വിധേയമാകാത്തത്. ഇക്കാര്യം സഅ്ദ് ബിൻ അബീ വഖാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(സ്വ) തങ്ങൾ തന്നെ പ്രസ്താവിച്ചത് കാണാം. നബി(സ്വ) തങ്ങൾ പറഞ്ഞു: 'ഞാൻ എൻ്റെ റബ്ബിനോട് മൂന്നു കാര്യങ്ങൾ ചോദിച്ചു. അവയിൽ രണ്ടു കാര്യങ്ങൾ അവൻ എനിക്ക് നൽകി. ഒന്ന് നൽകിയില്ല. ആദ്യം ഞാൻ ചോദിച്ചത്, എൻ്റെ ഉമ്മത്തിനെ പ്രകൃതിക്ഷോഭം തുടങ്ങിയ ദുരന്തങ്ങൾ വഴി നശിപ്പിക്കരുത് എന്നായിരുന്നു. അത് അവൻ സ്വീകരിച്ചു. രണ്ടാമത്തേത്, എൻ്റെ ഉമ്മത്തിനെ ഫറോവയെ പോലെയും നൂഹ് നബിയുടെ ജനതയെ പോലെയും പ്രളയത്തിൽ നശിപ്പിക്കരുതേ എന്നായിരുന്നു. അതും അവർ എനിക്ക് തന്നു. മൂന്നാമതായി ചോദിച്ചത് എൻ്റെ ഉമ്മത്തിനിടയിൽ പരസ്പരം പോരടിക്കുന്ന ഒരു കക്ഷിത്വം വിധിക്കരുതേ എന്നായിരുന്നു. അത് അവൻ നൽകിയില്ല' (മുസ്ലിം)
0
Thoughts & Arts
അതിരുവിട്ട ആത്മവിശ്വാസങ്ങൾ ആപത്താണ്..
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso