വെള്ളിപ്രഭാതം
മുഹമ്മദ് തയ്യിൽ അസ്ഹരി
ലോകത്ത് ഏറ്റവും അധികം ആചരിക്കപ്പെടുന്ന ദിനങ്ങളിൽ ഒന്നാം സ്ഥാനത്ത് ഗ്രിഗോറിയൻ കലണ്ടറിന്റെ പുതുവർഷ ദിനമായിരിക്കുമെങ്കിൽ തൊട്ടടുത്ത സ്ഥാനത്ത് നിൽക്കുന്നത് മെയ് ഒന്നിലെ ലോക തൊഴിലാളി ദിനമായിരിക്കും എന്നത് അംഗീകരിക്കാവുന്ന ഒരു അനുമാനമാണ്. ജോലി സമയം എട്ടു മണിക്കൂറിൽ പരിമിതപ്പെടുത്തണമെന്ന് ശക്തമായി വാദിക്കുകയും സമരം ചെയ്തു നേടിയെടുക്കുകയും ചെയ്തതിന്റെ ഓർമ്മയാണ് പിന്നീട് ലോക തൊഴിലാളി ദിനമായി വളർന്നത്. അതിൽ നിന്ന് തൊഴിലാളികളോട് തൊഴിലുടമകൾക്ക് അന്നുണ്ടായിരുന്ന മനോഭാവം വായിച്ചെടുക്കാം. തൊഴിലുടമകളായ മുതലാളിമാരെ അത്തരം മനോഭാവത്തിലേക്ക് വളർത്തിയത് 18, 19 നൂറ്റാണ്ടുകളില്‍, കൃത്യമായി പറഞ്ഞാല്‍ 1750 മുതല്‍ 1850 വരെയുള്ള കാലത്ത് ലോകം സാധിപ്പിച്ച വ്യവസായ വിപ്ലവമാണ്. വ്യവസായങ്ങളിലൂടെ സാമ്പത്തികമായി വളർന്ന തൊഴിലുടമകളുടെ മനസ്സിൽ മലയോളം വളർന്ന ആർത്തിയാണ് എന്നത് ചരിത്രപാഠം. ഏതായാലും തൊഴിൽ സമയം കുറക്കുവാൻ ഇത്രയും വലിയ ഒരു സമരം തന്നെ അക്കാലത്ത്, അഥവാ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ വേണ്ടിവന്നു. അങ്ങനെ മെയ് ഒന്ന് ലോക തൊഴിലാളി ദിനമായി മാറി. അക്കാലത്തെ തൊഴിലാളികളുടെ നേതൃത്വം ഈ ദിനത്തെ ഒരു വൈകാരിക ആചരണ ദിനമായി കൽപ്പിച്ചത് നന്നായി. നേടിയ അവകാശങ്ങൾ പിന്നീട് ഒരിക്കൽ നഷ്ടപ്പെടാതിരിക്കാൻ ഈ ബുദ്ധി ഉപകാരപ്പെട്ടു. ഇതോടുകൂടെയാണ് വർഷത്തിൽ ഒരിക്കലെങ്കിലും പാവപ്പെട്ട തൊഴിലാളി സജീവമായ ചിന്തയുടെ ഭാഗമായി വളർന്നത്. തൊഴിൽ തൊഴിലാളി തൊഴിൽ സുരക്ഷകൾ തൊഴിലാളികളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ സാമൂഹ്യ മണ്ഡലത്തിലേക്ക് എടുത്തുയർത്തുവാൻ ഈ ദിനാചരണം ഇപ്പോഴും ഒരു നിമിത്തമാണ്. ഈ ആമുഖത്തിൽ നിൽക്കുമ്പോൾ തൊഴിലാളിയെ ഇതിലും വലിയ വികാരത്തോടെ പരിഗണിച്ച ചിന്തകൾ ചിന്തിക്കുന്നവർക്ക് ഓർമ്മ വരും. അത് മതങ്ങൾ പറഞ്ഞ ചിന്തകളാണ്. ആകാശത്തുനിന്നും അവതീർണമായ എല്ലാ മതങ്ങളും തൊഴിലാളിയോടൊപ്പം നിൽക്കുന്ന മനസ്ഥിതി ഉള്ളവയാണ്. അവരുടെ അവകാശങ്ങൾ എപ്പോഴും സംരക്ഷിതമായിരിക്കുവാൻ വേണ്ട നയങ്ങളും നിയമങ്ങളും ഉപദേശങ്ങളും എല്ലാ മതങ്ങളിലും കാണാം. പ്രത്യേകിച്ചും ഇസ്ലാമിൽ.
ഇസ്ലാമിൻ്റെ തൊഴിലാളികളോടുള്ള സമീപനം ആരംഭിക്കുന്നത് തൊഴിലിനോടുള്ള സമീപനത്തിൽ നിന്നാണ്. തൊഴിൽ എടുക്കേണ്ടിവരുന്ന സാഹചര്യത്തെ പഴിക്കാതെ, ശാപമായി കരുതാതെ തൊഴിലിനെ ഇസ്ലാം മഹത്വവൽക്കരിക്കുകയായിരുന്നു. മിഖ്ദാം ബിൻ മഅ്ദീ കരിബ(റ)വിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന തിരു വചനത്തിൽ നബി തിരുമേനി പറയുന്നു: 'ഏറ്റവും ശുദ്ധമായ ഭക്ഷണം സ്വന്തം കൈകൊണ്ട് അധ്വാനിച്ച് സമ്പാദിക്കുന്നതാണ്, വാസ്തവത്തിൽ, പ്രവാചകൻ ദാവൂദ് (അ) തന്റെ കൈകൾ കൊണ്ട് അധ്വാനിച്ച് ഉപജീവനം കഴിച്ചിരുന്നു.' (ബുഖാരി). മറ്റൊരു തിരുവചനം തൊഴിലിന്റെ നൈതികത ഇങ്ങനെ ഓർമിപ്പിക്കുന്നു: 'ഏറ്റവും നല്ല സമ്പാദ്യം സ്വന്തം കൈകൊണ്ട് അധ്വാനിച്ച് സമ്പാദിക്കുന്നതാണ്' (അഹ്മദ്). ഇങ്ങനെ ധാരാളം പ്രമാണങ്ങളിൽ തൊഴിലിന്റെ മഹത്വവൽക്കരണം പ്രഘോഷിച്ച ഇസ്ലാം തുടർന്ന് അവർക്ക് ലഭിച്ചിരിക്കേണ്ട ന്യായമായ വേതനത്തിന്റെ സംരക്ഷണത്തിലേക്ക് കടക്കുന്നു. തൊഴിലാളി സമൂഹത്തിലെ ദുർബലനായിരിക്കും എന്ന മനോഗതിയിൽ നിന്ന് അവൻ്റെ വേതനത്തിനു നേരെ ചില മുതലാളിമാരുടെ കയ്യേറ്റങ്ങൾ ഉണ്ടായേക്കാം എന്ന് ഇസ്ലാം ഭയപ്പെടുന്നുണ്ട്. അതിനാലാണ് അക്കാര്യത്തിൽ ഇസ്ലാം വ്യക്തമായി ഇടപെടുന്നത്. അബ്ദുല്ലാഹിബ്‌നു ഉമർ(റ) യിൽ നിന്ന് ഇമാം ഇബ്നു മാജ ഉദ്ധരിക്കുന്ന തിരുവചനത്തിൽ അല്ലാഹുവിന്റെ ദൂതൻ(സ്വ) പറഞ്ഞു: 'തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിന് മുമ്പ് അവരുടെ കൂലി നൽകുക' (സുനൻ ഇബ്നു മാജ). ഇക്കാര്യം കേവലം ഒരു നിർദ്ദേശമോ ഉപദേശമോ ആയി ചുരുങ്ങിക്കൂടാ എന്ന ഇസ്ലാമിനു താല്പര്യമുണ്ട. അതുകൊണ്ട് അതിൽ വിഘ്നം സംഭവിക്കുന്നത് വലിയ ശിക്ഷാർഹം തന്നെയായിരിക്കും എന്ന് നബി തങ്ങൾ പറയുകയുണ്ടായി. അന്ത്യനാളിൽ ഞാൻ മൂന്ന് വിഭാഗം ആളുകൾക്ക് എതിരായിരിക്കും. എന്നു അല്ലാഹു പറഞ്ഞതിനെ അതേ അർത്ഥത്തിൽ എടുത്ത് ഉദ്ധരിച്ചു കൊണ്ടായിരുന്നു നബി തങ്ങൾ ഈ വിഷയം സമർത്ഥിച്ചത്. എന്റെ പേരിൽ ഒരു കരാർ ഉണ്ടാക്കുകയും എന്നിട്ട് അത് ലംഘിക്കുകയും ചെയ്യുന്നവൻ, ഒരു സ്വതന്ത്രനായ മനുഷ്യനെ അടിമയാക്കി വിറ്റ് ആ വില അന്നമായി കഴിക്കുന്നവൻ, ഒരു തൊഴിലാളിയെ ജോലിക്കെടുക്കുകയും അവനെ പരിപൂർണ്ണമായും ഉപയോഗിക്കുകയും ചെയ്തതിനു ശേഷം അവന്റെ അദ്ധ്വാനത്തിൻ്റെ പണം നൽകാതിരിക്കുകയും ചെയ്യുന്നവൻ എന്നിവരാണ് ആ മൂന്നു പേർ എന്ന് നബി തങ്ങൾ വിശദീകരിക്കുകയുണ്ടായി. തൊഴിലാളിയുടെ വേതനം തടഞ്ഞു വെക്കുന്നതും അന്യായമായി കുറക്കുന്നതുമെല്ലാം പരലോക ശിക്ഷയുള്ള പാപങ്ങളിൽ പെടുന്നു.
അതുകഴിഞ്ഞ് ഇസ്ലാം കടക്കുന്ന ഘട്ടം തൊഴിലാളിയോട് തൊഴിൽ സമയത്തു തൊഴിലുടമ അനുവർത്തിച്ചിരിക്കേണ്ട മാന്യതയിലേക്കാണ്. അത് തികഞ്ഞ സാഹോദര്യത്തിന്റേതായിരിക്കണം എന്ന് ഇസ്ലാം പറഞ്ഞു. നബിയുടെ കാലത്ത് തൊഴിലാളി പൊതുവേ അടിമയായിരുന്നു. വേതനമില്ലാതെ പണിയെടുക്കേണ്ടവരാണ് അടിമകൾ. അവർ തങ്ങളുടെ അടിമകളാണല്ലോ എന്ന് കരുതി അവർക്ക് താങ്ങാനാവാത്ത ജോലികൾ ചെയ്യാൻ കൽപ്പിക്കുന്ന സമീപനം ചിലരെങ്കിലും പുലർത്തിയിരുന്നു. അതിൽ നബി തങ്ങൾ ഏറെ ഗൗരവത്തോടുകൂടിയാണ് ഇടപെട്ടത്. നബി തങ്ങൾ പറഞ്ഞു: 'നിങ്ങളുടെ അടിമകൾ അല്ലാഹു നിങ്ങൾക്ക് അധികാരം നൽകിയിട്ടുള്ള നിങ്ങളുടെ സഹോദരന്മാരാണ്. അതിനാൽ, ആ സഹോദരങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമ്പോൾ, നിങ്ങൾ കഴിക്കുന്നതിന് തുല്യമായത് അവർക്കും നൽകുകയും നിങ്ങൾ ധരിക്കുന്നതിന് തുല്യമായത് അവർക്കും നൽകുകയും വേണം. അവർക്ക് താങ്ങാൻ കഴിയാത്തത് നിങ്ങൾ അവരുടെ മേൽ ചുമത്തരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ കൂടി അവരെ സഹായിക്കുക'.(ബുഖാരി, മുസ്ലിം). നബി തങ്ങൾ ഇങ്ങനെ ഒരു കർശന നിർദേശം നടത്തിയ സാഹചര്യം കൂടി ഇതിലേക്ക് ചേർത്ത് വായിക്കേണ്ടതുണ്ട്. അത് അബൂദർ അൽ ഗിഫാരി(റ) തൻ്റെ അടിമയായ തൊഴിലാളിയെ അവൻ്റെ മാതാവിനെ അധിക്ഷേപിച്ചു വിളിച്ചുകൊണ്ട് ശാസിച്ചതായിരുന്നു. ആ തൊഴിലാളിയുടെ പരാതി കേട്ട നബി തങ്ങൾ നടത്തിയതായിരുന്നു ആ പ്രഖ്യാപനം. മാത്രമല്ല അതു തിരിച്ചറിഞ്ഞ ആ ഉടമ അടിമയോടുള്ള തൻ്റെ സമീപനം സാഹോദര്യത്തിൽ അധിഷ്ഠിതമായിരിക്കുവാൻ അടിമയുടെ സമാനമായ വസ്ത്രം വേഷമായി സ്വീകരിക്കുകയുണ്ടായി എന്ന് അൽ-മഅ്‌റൂർ ബിൻ സുവൈദ്(റ) പറയുന്നുമുണ്ട്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള സാമ്പത്തികമായ ഏറ്റവ്യത്യാസം സ്വാഭാവികം തന്നെയാണ്. അതു ദൈവ കൽപിതവുമാണ്. അതിനാൽ അവിടെ സമത്വം വരുത്തുക സാധ്യമല്ല. അത് പ്രപഞ്ചത്തിന്റെ മൊത്തം ഘടനയാണ്. എന്നാൽ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളുടെ വേദനയും ആഘാതവും നല്ല സമീപനങ്ങൾ വഴി കുറക്കാൻ കഴിയും എന്ന വസ്തുതയാണ് സത്യത്തിൽ ഇസ്ലാം ഈ സമീപനങ്ങളിലൂടെ പുലർത്തുന്നത്.
തൊഴിൽ, വേതനം, അവയിലെ നൈതികതയും മാന്യതയും തുടങ്ങിയ വിഷയങ്ങളെല്ലാം സമൂഹത്തിൽ എപ്പോഴും ഒരു അവബോധമായി അവശേഷിക്കണം എന്നത് വിശുദ്ധ ഖുർആനിൻ്റെ താല്പര്യമാണ്. അതുകൊണ്ട് മനുഷ്യകുലം നിലനിൽക്കുന്ന കാലത്തോളം നിലനിൽക്കുന്ന, നിലനിൽക്കേണ്ട, വിശുദ്ധ ഖുർആൻ വേറിട്ട ഒരു രീതിയിലൂടെ അക്കാര്യങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. അതിനുവേണ്ടി ഖുർആൻ ആശ്രയിച്ചിരിക്കുന്നത് ഒരു കഥനത്തെയാണ്. മൂസാ നബിയുടെയും ശുഐബ് നബിയുടെയും കഥയാണ് പശ്ചാതലം. അബദ്ധത്തിൽ ഒരു കോപ്റ്റിക്കിനെ വധിച്ച മൂസാ നബി ഈജിപ്തിൽ നിന്ന് ഇറാഖിലെ മദീനയിലേക്ക് നാടുകടക്കുകയാണ്. അവിടെ എത്തിയതും ഒരിടത്ത് അദ്ദേഹം വിശ്രമിക്കുകയായിരുന്നു. അതിനടുത്തായി ഇടയന്മാർ കന്നുകാലികൾക്ക് വെള്ളം കൊടുക്കുന്ന ഒരു കിണർ ഉണ്ടായിരുന്നു. അവിടെ പുരുഷന്മാരുടെ തിരക്കിൽ നിന്ന് മാറി തങ്ങളുടെ ഊഴം കാത്തുനിൽക്കുന്ന രണ്ട് സ്ത്രീകളെ അദ്ദേഹം ശ്രദ്ധിച്ചു. അവരുടെ പിതാവ് ഒരു വൃദ്ധനാണെന്നും വീട്ടിൽ മറ്റൊരാണുങ്ങളില്ലെന്നും മനസ്സിലാക്കിയപ്പോൾ അവർക്ക് വെള്ളം കോരി കൊടുക്കാൻ അദ്ദേഹം തയ്യാറായി. ആ അനുഭവവുമായി വീട്ടിലെത്തിയ പെൺമക്കൾ പിതാവിനെ ഉണ്ടായ വിഷയങ്ങളെല്ലാം ധരിപ്പിച്ചു. നമുക്ക് അദ്ദേഹം ഒരു നല്ല തൊഴിലാളി ആയിരിക്കും എന്നവർ അഭിപ്രായപ്പെടുകയും ചെയ്തു. അതനുസരിച്ച് പെൺമക്കളെ വിട്ടു അദ്ദേഹത്തെ വിളിച്ചുവരുത്തി കഥകൾ എല്ലാം കേട്ട ശുഐബ് നബി താങ്കൾ ഇവിടെ സുരക്ഷിതനായിരിക്കും എന്ന് വാക്ക് നൽകി. പിന്നെ അദ്ദേഹം ശുഐബ് നബിയുടെ മക്കളെ വിവാഹം ചെയ്യുകയും അവിടെ എട്ടു വർഷം ഇടയനായി ജോലി ചെയ്യുകയും ചെയ്തു. ആ കാലത്തെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തിൻ്റെ വൈകാരികതകൾ എല്ലാം ഈ ചരിത്രത്തിൽ കാണാം. തൊഴിലുടമ തൊഴിലാളിക്ക് പറഞ്ഞതിലധികം പ്രതിഫലം നൽകിയതും തൊഴിലാളി ആവശ്യപ്പെട്ടതിൽ അധികം അധ്വാനം തൊഴിലുടമക്ക് വേണ്ടി ചെയ്തതും ആ ഇടപാട് ഒരു ഹൃദയബന്ധമായി വളർന്നതും എല്ലാം ഈ ചരിത്രത്തിൻ്റെ പാഠങ്ങളാണ്. അൽ ഖസ്വസ് അദ്ധ്യായം 15 മുതൽ 29 വരെ വചനങ്ങളിലാണ് വിശുദ്ധ ഖുർആൻ ഈ ചരിത്രം പറയുന്നത്.
'ഒരു ജീവനക്കാരൻ തന്റെ തൊഴിലുടമയുടെ ക്ഷേമം നോക്കുകയും അല്ലാഹുവിനെ ആരാധിക്കുകയും ചെയ്താൽ, അയാൾക്ക് രണ്ട് പ്രതിഫലങ്ങളുണ്ട്' (മുസ്ലിം). 'ഒരു തൊഴിലാളി ജോലി ചെയ്യുകയും ശരിയായത് സ്വീകരിക്കുകയും ശരിയായത് നൽകുകയും ചെയ്താൽ അയാൾ വീട്ടിലേക്ക് മടങ്ങുന്നതുവരെ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന ഒരു മുജാഹിദിനെ പോലെയാണ്' (ത്വബ്‌റാനി). മഹാനായ നബി തിരുമേനിയുടെ മഹത്തായ തൊഴിലാളി ദർശനങ്ങൾ ഇത്തരം ഒരുപാട് ഹദീസുകളിൽ നിറഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ ഓരോ മെയ് ദിനവും ഓർമ്മപ്പെടുത്തുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി നിലനിന്ന നേതാക്കന്മാരുടെ മുൻനിരയിൽ തന്നെ ഇസ്ലാമിൻ്റെ മഹാനായ പ്രവാചകനും ഉണ്ടായിരിക്കും.
O
Thoughts & Arts
മെയ്ദിനാനുബന്ധ ചിന്തകൾ
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso