Thoughts & Arts
Image

ആത്മീയാരവങ്ങളുമായി വീണ്ടും ഹജ്ജുകാലം

2026-05-14

വെള്ളിത്തെളിച്ചം


ടി എച്ച് ദാരിമി





വീണ്ടും നാം മറ്റൊരു ഹജ്ജുകാലത്തിലേക്ക് കടക്കുകയാണ്. മുസ്ലിം ലോകത്തിൻ്റെ അഷ്‌ട ദിക്കുകളിൽ ഹജ്ജ് യാത്രയുടെ തിരയനക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. തീർത്ഥാടകരെയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങളും കപ്പലുകളും ജിദ്ദ, മദീന താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക വേഷവും പ്രത്യേക മന്ത്രവുമായി ഒരു പ്രത്യേക ആരാധനയ്ക്ക് വേണ്ടി മൂന്നു മില്യൺ സത്യവിശ്വാസികൾ എത്തിച്ചേരുകയാണ്. ലോകത്തെ ഒരു വേറിട്ട കാഴ്ചയും അനുഭവമാണ് ഇത്. കെട്ടിലും മട്ടിലും കർമ്മങ്ങളുടെ ഘടനയിലും മാത്രമല്ല ഈ വ്യതിരക്തത. മറിച്ച് അതിൻ്റെ ആശയത്തിലും ഹജ്ജ് വേറിട്ട് നിൽക്കുന്നു. വിശ്വാസികളുടെ സമ്പൂർണ്ണമായ ഒരു സമർപ്പണമാണ് ഹജ്ജ്. ആ സമർപ്പണത്തിനു വേണ്ടി കർമ്മങ്ങളുടെ ഒരു ശ്രേണി തന്നെ ചെയ്യുവാൻ ഉണ്ട്. അവ ഓരോന്നും ചെയ്യുവാൻ നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലും സ്ഥാനങ്ങളിലും എത്തിച്ചേരുകയും അവിടെ നിർവഹിക്കാനുള്ള കർമ്മം നിർവഹിക്കുകയും ചെയ്താൽ മാത്രം പോരാ ഹജ്ജ് പൂർണ്ണമാകുവാൻ എന്നാണ്. മറിച്ച്, ഓരോ ഘട്ടത്തിലും തന്നെയും തൻ്റെ ജീവിതത്തെയും താല്പര്യങ്ങളെയുമെല്ലാം സൃഷ്ടാവിനു മുമ്പിൽ സബഹുമാനം സമർപ്പിക്കുന്നു എന്ന പ്രാർത്ഥനാർദ്രമായ ഒരു വികാരം ഒപ്പമുണ്ടാവുക കൂടി വേണം. അതോടെ ഹജ്ജ് സമർപ്പണവും പ്രാർത്ഥനയും ആയി മാറുന്നു. പക്ഷേ ഹജ്ജിൽ അവ രണ്ടും രണ്ടല്ല. ഹജ്ജിലെ സമർപ്പണം പ്രാർത്ഥനയാണ്, പ്രാർത്ഥന സമർപ്പണവുമാണ്. ആ പ്രാർത്ഥനക്ക് വേണ്ടി മനസ്സുകളെ സദാ ഉണർത്തിക്കൊണ്ടിരിക്കുന്ന സമയങ്ങളും സ്ഥലങ്ങളും കർമ്മങ്ങളുമാണ് ഹജ്ജിലുടനീളം ഉള്ളത്.


ഹജ്ജിൽ ഓരോ തീർത്ഥാടകനും പോകാനും ചിലവഴിക്കാനുമുള്ള സ്ഥലങ്ങളും സമയങ്ങളും ഏറെ പരിപാവനങ്ങളാണ്. പരിപാവനത്വം എന്നത് പ്രാർത്ഥനയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതീക്ഷയാണ്. പരിപാവനമായ സ്ഥലങ്ങൾ, സമയങ്ങൾ എന്നിവയിൽ എത്തിച്ചേരുമ്പോൾ വിശ്വാസിയുടെ മനസ്സിൽ ഒരു ആത്മീയ വികാരം ഉടലെടുക്കുന്നു. ആ വികാരമാണ്, ആയിരിക്കേണ്ടതാണ് പ്രാർത്ഥനകളുടെ പശ്ചാത്തലം. അതുകൊണ്ടുതന്നെ ഹാജിയെ കാത്തിരിക്കുന്ന ശ്രേഷ്ടമായ ഓരോ സ്ഥലങ്ങളിലും സമയങ്ങളിലും പ്രാർത്ഥനകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഹാജി ആദ്യം എത്തിച്ചേരുന്നത് പരിശുദ്ധ മസ്ജിദുൽ ഹറാമിലാണ്. ഈ പുണ്യ പള്ളിയുടെ അകത്തേക്ക് കടക്കുന്നതോടെ കൂടെ ആദ്യം ദൃഷ്ടിയിൽ പതിയുക പരിശുദ്ധ കഅ്ബാലയമാണ്. കഅ്ബാലയം കണ്ണിൽ പതിയുന്ന സാഹചര്യം തന്നെയാണ് പ്രാർത്ഥനക്ക് ഏറ്റവും ഉത്തമമായ അവസരങ്ങളിൽ ഒന്ന്. അബൂ ഉമാമ(റ)യെ തൊട്ട് ബൈഹഖി, ത്വബറാനി എന്നിവർ ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നത് ഇങ്ങനെയാണ്: 'നാലു സ്ഥാനങ്ങളിൽ ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുകയും ചെയ്യും. യുദ്ധമുന്നണിയിൽ ചേർന്നു നിൽക്കുമ്പോഴും മഴ വർഷിക്കുമ്പോഴും നിസ്കാരത്തിനു വേണ്ടി ഇഖാമത്ത് കൊടുക്കപ്പെടുമ്പോഴും കഅ്ബയെ കാണുമ്പോഴും എന്ന് നബി തിരുമേനി(സ്വ) പറഞ്ഞിട്ടുണ്ട്' കഅ്ബാലയത്തെ ആത്മവികാരത്തോടെ നോക്കി നിൽക്കുന്നതു തന്നെ ഒരു ആരാധനയായി പല മഹാത്മാക്കളും വിവരിക്കുന്നുണ്ട്.


അത് കഴിഞ്ഞാൽ മസ്ജിദുൽ ഹറാമിൽ തന്നെ പതിനഞ്ചോളം പ്രത്യേക സ്ഥലങ്ങളുണ്ട്. പ്രാർത്ഥനയ്ക്ക് ഉത്തരം പ്രതീക്ഷിക്കുന്ന സ്ഥലങ്ങളാണ് ഇവ എന്ന് ഇമാം ഹസനുൽ ബസ്വരി(റ) തന്റെ 'രിസാല'യിൽ പറയുന്നുണ്ട്. എണ്ണത്തിലും എണ്ണിയതിലും ചില മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും മറ്റുപല ആത്മീയ പണ്ഡിതന്മാരും ഇക്കാര്യം പറയുന്നുണ്ട്. എല്ലാവരും പറയുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുൽതസം എന്ന സ്ഥലമാണ്. വിശുദ്ധ കഅ്ബയുടെ കിഴക്കുഭാഗത്ത് വാതിലിന്റെയും ഹജറുൽ അസ് വദിന്റെയും ഇടയിലുള്ള ചെറിയ ഒരു സ്ഥലമാണ് ഇത്. ഇപ്പോഴത്തെ കാലത്തെ തിരക്കിനിടയിൽ ഈ സ്ഥലം ശാന്തവും ഏകാന്തവുമായ ഒരു പ്രാർത്ഥനക്കായി എത്രകണ്ട് ഉപയോഗിക്കാൻ കഴിയും എന്നതിലൊക്കെ ആശങ്കയുണ്ട് എങ്കിലും നബി(സ്വ)യും സ്വഹാബികളും അടക്കം സച്ചരിതർ ഈ സ്ഥാനത്തിന് അതീവ പ്രാധാന്യം കൽപ്പിച്ചിരുന്നതായി കാണാം. റുക്നുല്‍ യമാനി, കഅ്ബയുടെ മുകളിൽ നിന്ന് വെള്ളം വീഴുന്ന വെള്ളപ്പാത്തിയുടെ നേർ കീഴെ, മഖാം ഇബ്രാഹിം, കഅ്ബാലയത്തിന്റെ അകം തുടങ്ങിയ സ്ഥാനങ്ങളൊക്കെ പ്രാർത്ഥനയ്ക്ക് ഉത്തരമുള്ള സ്ഥലങ്ങളാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. വിശുദ്ധ കഅ്ബാലയത്തിന്റെ തെക്കേ മൂലയാണ് റുക്നുൽ യമാനി. യമനിന്റെ നേരെയുള്ള ദിശയിൽ ആയതിനാലാണ് ഈ പേര് വന്നത് എന്നതാണ് വ്യാഖ്യാനം. തവാഫ് ചെയ്യുന്നവർ ഈ മൂലയെ തൊട്ട് മുത്തുന്നത് സുന്നത്താണ്. നബി തിരുമേനി(സ്വ) അങ്ങനെ ചെയ്യുമായിരുന്നു എന്ന് ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഉണ്ട് (ഹാകിം). ഹജറുൽ അസ് വദിനെയും റുക്നൽ യമാനിയെയും തൊട്ടുമുത്തുക വഴി പാപങ്ങൾ പൊളിച്ചിടപ്പെടും എന്ന് ഹദീസിൽ വന്നിരിക്കുന്നു (അഹ്മദ്).


കഅ്ബയുടെ മുകളിൽ നിന്ന് വെള്ളം താഴേക്ക് വീഴുന്ന പാത്തിയാണ് മീസാബ്. വടക്കേ ചുമരിന് മുകളിലുള്ള ഈ പാത്തിയിലൂടെ വെള്ളം വീഴുന്നത് ഹിജ്ർ ഇസ്മായീലിലേക്കാണ്. അതുകൊണ്ടായിരിക്കണം ഇതൊരു പ്രത്യേക സ്ഥാനമാണ് എന്ന് പറയപ്പെട്ടത്. കഅ്ബാലയത്തിന്റെ നിർമ്മാണത്തിൽ ഭിത്തി കെട്ടുവാനായി ഇബ്രാഹിം നബി(അ) കയറിനിന്ന കല്ലാണ് മഖാമു ഇബ്രാഹിം. അത് കഅ്ബയുള്ള കാലം നിലനിൽക്കുകയും ഒരു ചരിത്ര അവബോധം പകരുകയും ചെയ്യണം എന്ന താല്പര്യത്തിലായിരിക്കണം, ആ കല്ലിൽ അല്ലാഹു അദ്ദേഹത്തിൻ്റെ കാലുകൾ പതിപ്പിക്കുകയായിരുന്നു. കഅ്ബാലയത്തോട് ചേർന്ന് തന്നെയായിരുന്നു ആദ്യം അതിൻ്റെ സ്ഥാനം. പിന്നെ രണ്ടാം ഖലീഫ ഉമർ(റ)വിൻ്റെ കാലത്ത് അതിനെ ചില സൗകര്യങ്ങൾക്ക് വേണ്ടി ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. പ്രാർത്ഥനയ്ക്ക് ഏറ്റവും നല്ല ദിക്കും ദിശയും പരിഗണിക്കുന്നത് ഇസ്ലാമികമായി പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്. അങ്ങനെ വരുമ്പോൾ ഏറ്റവും ശ്രേഷ്ഠമായ ഭാഗം കഅ്ബയുടെ കിഴക്കുവശമാണ്. വാതിൽ, ഹജറുൽ അസ് വദ്, മുൽതസം, സംസം കിണർ തുടങ്ങിയവയെല്ലാം ആ ഭാഗത്താണല്ലോ.


പിന്നെ പ്രാർത്ഥനക്ക് ഏറ്റവും പ്രതീക്ഷയുള്ള സ്ഥലം സ്വഫ, മർവ്വ എന്നീ കുന്നുകളും അവയ്ക്കിടയിലുള്ള നടപ്പാതയുമാണ്. ഈ പാത മസ്ആ എന്ന് അറിയപ്പെടുന്നു. മേൽ സൂചിപ്പിച്ചതുപോലെ ഈ സ്ഥലങ്ങൾക്കെല്ലാം പരിശുദ്ധി കൽപ്പിക്കപ്പെടുന്നത് അവിടങ്ങൾ ഉൾക്കൊള്ളുന്ന ചരിത്രങ്ങൾ വിശ്വാസികളുടെ മനസ്സിലേക്ക് പകരുന്ന അനുഭവങ്ങളാണ്. ഏകാകിനിയായിരുന്ന ഹാജർ(റ) തന്റെ കുരുന്നു മകന് ഒരല്പം വെള്ളം നൽകുവാൻ വേണ്ടി ആധിയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കയറിയ കുന്നുകളാണ് ഇവ രണ്ടും. ആ ഓട്ടം ചെന്നുനിന്നത് അല്ലാഹുവിൻ്റെ ഏറ്റവും വലിയ കടാക്ഷമായ സംസം എന്ന ഈ ഭൂമിയിലെ ഏറ്റവും അത്ഭുതകരമായ ജലസ്രോതസ്സിൽ ആയിരുന്നു. അതോടുകൂടെ ഈ ചരിത്ര സ്ഥാനം പ്രാർത്ഥനയുടെയും ഉത്തരത്തിന്റെയും സ്ഥാനമായി മാറി. അതുതന്നെയാണ് തീർത്ഥാടകരുടെ പ്രാർത്ഥനയ്ക്ക് സവിശേഷമായ ഒരു സ്ഥാനമായി ഇവയെ കാണുന്നതും. ഇതേ ചരിത്രം തന്നെയാണ് സംസം കിണറിന്റെ അടുത്തേക്കും ശ്രേഷ്ഠതയെ എത്തിക്കുന്നത്. സംസം കിണറിന്റെ സമീപവും സംസം വെള്ളം കുടിച്ച ഉടനെയും പ്രാർത്ഥനക്ക് ഉത്തരം ഉണ്ട് എന്നും മഹാന്മാരുടെ വാക്കുകളിൽ കാണാം. ഈ ലോകത്ത് ഇന്നും അമാനുഷികത വിളംബരം ചെയ്തുകൊണ്ടേയിരിക്കുന്ന ജലധാരയാണ് സംസം കിണർ. അല്ലാഹുവിൻ്റെ സ്പർശമല്ലാതെ മറ്റൊന്നുമല്ല ഈ പ്രത്യേകതക്കു പിന്നിൽ.


പ്രത്യേക സ്ഥലങ്ങളെയും സമയങ്ങളെയും പ്രാർത്ഥന കൊണ്ട് ഉപയോഗപ്പെടുത്തുക എന്നത് തൽപരനായ ഒരു വിശ്വാസി ഹജ്ജിലല്ലെങ്കിലും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രത്യേക വേഷവും മന്ത്രവും മനസ്സും ഉള്ള ഹജ്ജ് തീർത്ഥാടകർ ചെയ്യുന്ന പ്രാർത്ഥനകൾ പ്രത്യേകിച്ചും പ്രതീക്ഷയുള്ളതാണ്. കാരണം ഹജ്ജിന് ഇഹ്റാം ചെയ്യുന്നതോടുകൂടി അവർ ഒരു പ്രത്യേക വേഷത്തിൽ മാത്രമല്ല ഒരു സ്ഥാനത്തു കൂടി എത്തിച്ചേരുകയാണ്. ആ മാനസികാവസ്ഥയാവട്ടെ പ്രാർത്ഥനക്ക് ഏറെ പ്രചോദനം നൽകുന്നതുമാണ്. നബി(സ്വ) പറഞ്ഞു: 'ഹജ്ജ്, ഉംറ തീർത്ഥാടകർ അല്ലാഹുവിൻ്റെ അതിഥികളാണ്, അവർ അവനോട് ചോദിച്ചാൽ അവൻ ഉത്തരം ചെയ്യും. അവർ അവനോട് പാപമോചനം തേടിയാൽ അവൻ പൊറുത്തുകൊടുക്കും' (ഇബ്‌നുമാജ). അതുകൊണ്ടുതന്നെ ഹജ്ജിനോ ഉംറക്കോ പുറപ്പെടുന്ന തീർത്ഥാടകരോട് തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെടുന്നതും പ്രധാനമാണ്. ഉമർ(റ) ഉംറ തീർത്ഥാടനത്തിനുവേണ്ടി പോകുവാൻ തീരുമാനിക്കുകയും നബി തിരുമേനി(സ)യോട് അതിന് അനുമതിക്കായി സമീപിക്കുകയും ചെയ്ത ഒരു സംഭവം ഇമാം അബു ദാവൂദ്, തിർമുദി എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്. അതിന് അനുമതി നൽകിയ നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: 'എൻ്റെ സഹോദരാ, താങ്കളുടെ പ്രാർത്ഥനകളിൽ ഞങ്ങളെ മറക്കരുത്' എന്ന്. ഉമർ(റ)വിന് വലിയ സന്തോഷം ലഭിച്ച ഒരു സന്ദർഭമായിരുന്നു ഇത്. ഈ പ്രപഞ്ചത്തിലുള്ള എന്ത് കിട്ടുന്നതിനേക്കാളും എന്നെ സന്തോഷിപ്പിക്കുന്ന ഒരു വാചകമായിരുന്നു ഇത് എന്ന് അദ്ദേഹം പറഞ്ഞതായി കാണാം.
0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso