ഇഅ്ജാസ്
ടി എച്ച് ദാരിമി
സൂറത്തുൽ അൻകബൂത്തിന്റെ 41-ാം വചനത്തിൽ അല്ലാഹു അവനല്ലാത്തവരുടെ സങ്കേതവും സഹായവും തേടുന്ന അവിശ്വാസികളെ വളരെ നിസ്സാരമായ ഒരു ഉദാഹരണം വഴി ഇങ്ങനെ ഖണ്ഡിക്കുന്നുണ്ട്: 'അല്ലാഹുവിനെ വിട്ട് മറ്റു പല സംരക്ഷകരെയും വരിച്ചവരുടെ ഉപമ വല നെയ്ത് ഗേഹമുണ്ടാക്കിയ എട്ടുകാലിയുടേതാണ്. ഏറ്റം ദുര്‍ബലസദനം എട്ടുകാലിയുടേത് തന്നെ. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നുവെങ്കില്‍..! തന്നെ വിട്ട് അവര്‍ ആരാധിക്കുന്ന ഏതൊരു വസ്തുവിനെയും അല്ലാഹു അറിയുക തന്നെ ചെയ്യുന്നുണ്ട്. പ്രതാപശാലിയും യുക്തിമാനും അവനത്രേ' (അൻകബൂത്ത്: 41). ഉപമകൾക്ക് അനുകൂലവും പ്രതികൂലവുമായ സ്വാധീനങ്ങൾ ഉണ്ട്. ഒരു വസ്തുത വസ്തുതയായി പറഞ്ഞുവെക്കുക മാത്രം ചെയ്യുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ സ്വാധീനം ഉണ്ടായിരിക്കും അത് ഒരു ഉദാഹരണത്തിൻ്റെ വെളിച്ചത്തിൽ പറയുമ്പോൾ. ആ ഉപമ വളരെ നിസ്സാരമായ ആർക്കും അതിവേഗം ഗ്രാഹ്യമാകുന്നതും കൂടിയാണെങ്കിൽ ആ സ്വാധീനം വീണ്ടും വർദ്ധിക്കും. മേൽപ്പറഞ്ഞ സൂക്തത്തിൽ വിശ്വാസികളുടെ സങ്കേതങ്ങളെ വെറും നിസ്സാരമായ എട്ടുകാലി വലയോട് ഉപമിച്ചതോടുകൂടി അത് അവരെ വല്ലാതെ കടന്നാക്രമിക്കുന്ന ഒന്നായി മാറി. അത് കടിച്ചമർത്തി നിൽക്കുന്നതിന് ഇടയിലാണ് അൽഹജ്ജ് അധ്യായത്തിലെ 73-ാം അവതരിക്കുന്നത്. അതിൽ അല്ലാഹു അവരെ അതിലും നിസ്സാരമായ മറ്റൊരു ഉദാഹരണം വഴി കുടയുകയായിരുന്നു. അതിൽ അല്ലാഹു പറഞ്ഞു: 'ഹേ മനുഷ്യരേ, ഇതാ ഒരു ഉപമാവതരണം, സശ്രദ്ധം ശ്രവിക്കുക: അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്നവ - എല്ലാം സംഘടിച്ചാല്‍ തന്നെ - ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല തീര്‍ച്ച; അവയില്‍ നിന്ന് ഈച്ച എന്തെങ്കിലും തട്ടിയെടുത്താല്‍ അത് വീണ്ടെടുക്കാന്‍ പോലും അവക്കാവില്ല. സഹായം അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെട്ടവയും ദുര്‍ബലര്‍! ഇക്കൂട്ടര്‍ യഥായോഗ്യം അല്ലാഹുവിനെ ആദരിച്ചില്ല. അതീവ ശക്തനും പ്രതാപശാലിയും തന്നെയത്രേ അവന്‍' (ഹജ്ജ്: 73). എട്ടുകാലി എന്ന ഉദാഹരണത്തേക്കാൾ കുത്തിനോവിക്കുന്നതാണ് ഈച്ചയുടെ ഉദാഹരണം. ഈച്ചയുടെ ജീവചക്രം മൊത്തത്തിൽ കറങ്ങുന്നത് അങ്ങനെയല്ലെങ്കിലും പൊതുവേ മാലിന്യങ്ങളിൽ നിന്ന് മാലിന്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു ജീവിതമാണ് അതിൻ്റേത്. അതിനാൽ ഈ ഉദാഹരണം അവരെ മാനസികമായി എട്ടുകാലിയെക്കാൾ വേദനിപ്പിച്ചു.
ശരിയായ വിശ്വാസവും തദനുസൃതമായ സാംസ്കാരികതയും ഇല്ലാത്തവരുടെ ജീവിതത്തിന് മൊത്തത്തിൽ ഒരു നിലവാരം ഉണ്ടാവില്ല. അവരുടെ സമീപനങ്ങളിലും പ്രതികരണങ്ങളിലും എല്ലാം ഈ നിലവാര തകർച്ച കാണാം. അതുകൊണ്ട് അവർ അന്ധമായി കോപിക്കുകയും പറഞ്ഞ വിഷയത്തെ പരിഗണിക്കാതെ പറഞ്ഞതിനെ പരിഹസിക്കുകയും ചെയ്യാൻ തുടങ്ങും. ഇവിടെയും അങ്ങനെയാണ് ഉണ്ടായത്. ഇതു ദൈവ വചനമാണെങ്കില്‍ എങ്ങനെ ഈച്ചയും കൊതുകും ഒക്കെ അതിൽ കടന്നു കയറും എന്നവര്‍ ചോദിച്ചു പരിഹസിച്ചു. വിശുദ്ധ ഖുർആനിനെതിരെ വിറളി പിടിച്ച് എന്തൊക്കെയോ ചെയ്യുന്നതിൽ മുശ്രിക്കുകൾ വ്യാപൃതരായിരുന്നു മക്ക കാലഘട്ടമായിരുന്നു അൽ അൻകബൂത്ത് അദ്ധ്യായം ഇറങ്ങിയ കാലം. വിശുദ്ധ ഖുർആൻ പൊതുജനങ്ങൾ കേൾക്കാൻ ഇട വരാതിരിക്കുവാൻ വേണ്ടി കർക്കശമായ ജാഗ്രത പുലർത്തിയിരുന്ന കാലം. തങ്ങളുടെ ആദർശ സങ്കേതത്തെ നിസ്സാരമായ എട്ടുകാലി വലയോട് ഉപമിച്ച വിശുദ്ധ ഖുർആനിന്റെ ശൈലിയിലുള്ള മുറുമുറുപ്പ് പിന്നീട് മദീനയിൽ വെച്ച് അൽ ഹജ്ജ് അധ്യായം ഇറങ്ങുകയും അതിൽ ഈച്ചയോട് അവരുടെ ആരാധ്യ വസ്തുക്കളെ ഉപമിക്കുകയും ചെയ്തതോടെ കൂടെ വളർന്നു. അപ്പോഴാണ് അവർ ദൈവവചനത്തിൽ എട്ടുകാലിയും ഈച്ചയുമെല്ലാം കടന്നു വരുന്നതിൻ്റെ സാംഗത്യത്തെ പരിഹാസാത്മകമായി ചോദ്യംചെയ്ത് രംഗത്ത് വന്നത്. അല്ലാഹു അപ്പോൾ അവർക്ക് സമാനമായതോ അതിനേക്കാൾ നിസ്സാരമായതോ ആയ മറ്റൊരു ഉദാഹരണം വഴി മറുപടി നൽകി. അല്ലാഹു പറഞ്ഞു: 'ഏതൊരു വസ്തുവെയും-അതൊരു കൊതുകോ അതിലും നിസ്സാരമോ ആകട്ടെ-ഉപമയാക്കുന്നതില്‍ അല്ലാഹുവിന്നു ലജ്ജയില്ല. അതു തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണ് എന്നു വിശ്വാസികള്‍ക്കറിയാം. എന്നാല്‍ ഈ ഉപമവഴി അല്ലാഹു എന്താണുദ്ദേശിച്ചത് എന്ന് അവഹേളിക്കയാണ് നിഷേധികള്‍ ചെയ്യുക. ഇങ്ങനെ അതുവഴി പലരെയും അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും പലരെയും സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. എന്നാല്‍, അല്ലാഹുവുമായുള്ള പ്രതിജ്ഞ ദൃഢീകരിച്ച ശേഷം അതു ലംഘിക്കുകയും അവന്‍ ബന്ധിപ്പിക്കാന്‍ കല്‍പിച്ചതിനെ വിച്ഛേദിക്കുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന അധര്‍മകാരികളെ മാത്രമേ അതുമൂലം അവൻ ദുര്‍മാര്‍ഗത്തിലാക്കുന്നുള്ളൂ. അവര്‍ തന്നെയാണു പരാജിതര്‍' (അൽ ബഖറ: 26).
ഈ ഖുർആനിക ഉപമയും നമ്മെ ഒരുപാട് ചിന്തകളുടെ അകലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. കേവലം കൊതുകിനെ പറഞ്ഞു എന്നതിൽ മാത്രം അത് ഒതുങ്ങി നിൽക്കുന്നില്ല. കാരണം എത്രയോ സൂക്ഷ്മവും നിസ്സാരവുമായ ധാരാളം ജീവികൾ വേറെയും ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൊതുകിനെ മാത്രം ഖുർആൻ എടുത്തു പറഞ്ഞു എന്ന ചോദ്യം എപ്പോഴും അവശേഷിക്കുന്നു. കൊതുകിലേക്ക് കടക്കുന്നതിന് മുമ്പ് വിശുദ്ധ ഖുർആനിൽ പറയുന്ന കൊതുക് എന്തുകൊണ്ട് പെൺ കൊതുകായി എന്നത് സവിശേഷമായ ഒരു ചിന്തയാണ്. പ്രാണിവര്‍ഗങ്ങളില്‍ എന്നല്ല, ജീവികളില്‍ തന്നെ മനുഷ്യന് ഏറ്റവും ഉപദ്രവകാരിയായ ഒന്നാണ് കൊതുക്. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന അതി സൂക്ഷ്മമായ വൈറസുകളെയും ബാക്ടീരിയകളെയും മനുഷ്യ ശരീരത്തിലേക്ക് കടത്തിവിടുന്നു എന്നതാണ് കൊതുകുകൾ പൊതുവേ ചെയ്യുന്നത്. അതില്‍ രോഗം പരത്തുന്നത് പെണ്‍കൊതുകുകളാണ് എന്ന് ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് വിശുദ്ധ ഖുർആനിന്റെ 'ബഊളത്ത്' എന്ന പെൺ പദം ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ ഇവിടെ ഉപമ എന്ന അർത്ഥത്തിൽ കൊതുകുകൾ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്ന് അർത്ഥമില്ല. ഉപമാലങ്കാരം എന്ന നിലക്ക് എല്ലാ ലിംഗങ്ങളെയും ഖുർആൻ പരിഗണിക്കുന്നുണ്ട്. മറ്റൊരു കാര്യം വിശുദ്ധ ഖുർആൻ ഇത്തരം ഒരു പരാമർശം നടത്തി എന്ന നിലക്ക് മനുഷ്യനുള്ള കാലത്തോളം ഈ ജീവി പ്രാണി മനുഷ്യൻ്റെ ശ്രദ്ധ ആകർഷിക്കുന്നു എന്നതാണ്. കാരണം, വിശുദ്ധ ഖുർആൻ അന്ത്യനാളോളം നിലനിൽക്കുന്ന അല്ലാഹുവിൻ്റെ വചനങ്ങളുടെ സമാഹാരമാണ്. മാത്രമല്ല, മഹത്തായ ആശയങ്ങള്‍ പറയുന്ന ഖുര്‍ആനില്‍ വളരെ ചെറുതായ ഈ പ്രാണി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്നതിൽനിന്ന് അതിന്റെ സ്രഷ്ടാവ് എന്തെങ്കിലും രഹസ്യങ്ങള്‍ അതില്‍ ഒളിപ്പിച്ചുവെച്ചിരിക്കും എന്ന് മനസ്സിലാക്കാം. സത്യത്തിൽ കൊതുകിന്റെ ശാരീരികതയും ശേഷികളും ജീവിത ഘടനയും എല്ലാം ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.
വളരെ സങ്കീർണമാണ് കൊതുകിന്റെ സൃഷ്ടിപ്പ് തന്നെ. വളരെ ചെറുതും തൂക്കം കുറഞ്ഞതുമായ ഒരു പ്രാണിയായിട്ടും ഒരു പാടാളുകളെ രോഗ ബാധിതരാക്കാനുള്ള രോഗാണുക്കള്‍ ഉണ്ടെന്നറിയുമ്പോള്‍ നാം അദ്ഭുതപ്പെട്ടുപോകും. കൊറോണയും നിപ്പയും തുടങ്ങി മനുഷ്യ കുലത്തെ തന്നെ വെല്ലുവിളിച്ച മഹാമാരികൾ കടന്നുവന്ന ആധുനിക മനുഷ്യന് കൊതുക് ഉണർത്തുന്ന ചിന്തകളിലേക്ക് എത്തുവാൻ ഒരുപാട് പ്രയാസപ്പെടേണ്ടി വരില്ല എന്നതാണ് വസ്തുത. രക്തം വലിച്ചെടുക്കുക എന്നതാണ് കൊതുകുകളുടെ പ്രധാന പണി. അതിൽ തന്നെ ഉണ്ട് വലിയ ചിന്തകൾ. കാരണം താൻ രക്തം ഊറ്റുന്നത് അറിയാതിരിക്കുവാനും കരുതിയത് പോലെ ആശ്വാസത്തോടെ വേണ്ടത് വലിച്ചെടുക്കാനും വേണ്ട ചില പ്രാകോഷനുകൾ ആദ്യമേ സ്വീകരിച്ചാണ് അത് പണി തുടങ്ങുന്നത്. കൊതുക് മനുഷ്യനെ കടിക്കുന്നതിനുമുമ്പ് അതിന്റെ ഉമിനീര്‍ സ്രവം മനുഷ്യ ശരീരത്തില്‍ ലേപനം ചെയ്യുന്നു. വിധേയന്‍ അറിയാതിരിക്കാനും അനുഭവപ്പെടും മുമ്പ് തൻ്റെ ജോലി പൂർത്തിയാക്കുവാൻ വേണ്ടി രക്തം വേഗം വലിച്ചെടുക്കാനും ഒക്കെ വേണ്ടിയായിരിക്കാം ഒരുപക്ഷേ, ഈ ലേപന പരിപാടി. ഏറ്റവും ഗുരുതരം ഈ ലേപനത്തിലൂടെ തന്നെ കൊതുകുകൾ മനുഷ്യശരീരത്തിലേക്ക് രോഗാണുക്കൾ കടത്തിവിടുന്നു എന്നതാണ്. ഇവിടെ ഒരു ധാർമിക പാഠം കൂടി ഉണ്ട്. ഉപകാരത്തെ ഉപദ്രവം കൊണ്ട് നേരിടുന്ന ഹീനമായ ധർമ്മരാഹിത്യത്തിൻ്റെ പാഠം. തനിക്ക് വേണ്ട അന്നവും ഊർജ്ജവുമായ രക്തം തന്നതിനുള്ള നന്ദിയും പകരവുമായി അങ്ങോട്ട് മാരകമായ വൈറസുകളും മറ്റും നൽകുകയാണ് ഈ പ്രാണികൾ. ഈ ലേപനം വഴി രോഗാണുക്കൾ നേരിട്ട് രക്തത്തിൽ എത്തുന്നു. അത് നിമിഷാർദ്ധത്തിൽ ശരീരമാസകലം വ്യാപിക്കുന്നു. കോശങ്ങളിലും മറ്റു സ്ഥൂലമോ സൂക്ഷ്മമോ ആയ അന്തർഭാഗങ്ങളിലും വൈറസുകൾ എത്തിച്ചേരുകയും അവിടെ കിടന്നു വളർന്ന് മനുഷ്യൻ്റെ ജീവനെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ചികിത്സയും പ്രതിരോധവും എല്ലാം പലപ്പോഴും പരാജയപ്പെടുന്നത് വൈറസുകളുടെ ശക്തിയും വ്യാപനവും കാരണമാണ്. അതുകൊണ്ട് ശാസ്ത്രവും മനുഷ്യനും ഇത്രമേൽ പുരോഗതി പ്രാപിച്ച ഈ കാലത്തും കൊതുക് മനുഷ്യന്റെ ആരോഗ്യത്തെ വിറപ്പിച്ച് വെല്ലുവിളിക്കുകയാണ്. മലേറിയ ഒരു എല്ലാവർക്കും അറിയാവുന്ന ഉദാഹരണം. മലേറിയ പരത്തുന്ന അനോഫിലിസ് പെണ്‍കൊതുകുകള്‍ അതിമാരകമായ രോഗാണുക്കളെയാണ് കടത്തിവിടുന്നത് എന്ന് ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. വര്‍ഷംപ്രതി ഒരുലക്ഷം മനുഷ്യര്‍ മലേറിയ മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും മരിച്ചുവീഴുന്നുണ്ട് എന്നാണ് കണക്ക്. ഇതില്‍ തന്നെ ആഫ്രിക്കയിലെ ശിശുക്കളെയാണ് ഈ അസുഖം അധികവും ബാധിക്കുന്നത്.
മനുഷ്യശരീരത്തിലെത്തിപ്പെടുന്ന മലേറിയയുടെ അണുക്കള്‍ നേരെ കരളിലേക്കാണെത്തിപ്പെടുന്നത് എന്നതുകൊണ്ടാണ് കൊതുകുകൾ ഉയർത്തുന്ന വെല്ലുവിളി ഇത്ര തീവ്രമാകുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവവും പ്രധാനപ്പെട്ട ഗ്രന്ഥിയുമാണ് കരൾ. ദഹനം, പോഷകസംരക്ഷണം, വിഷാംശം പുറന്തള്ളൽ (detoxification) എന്നിവയുൾപ്പെടെ അഞ്ഞൂറിലധികം ജീവൽ പ്രവർത്തനങ്ങൾ ഇത് നിർവ്വഹിക്കുന്നു. വയറിന്റെ വലതുഭാഗത്ത് വാരിയെല്ലുകൾക്ക് താഴെയായി സ്ഥിതിചെയ്യുന്ന കരൾ, പിത്തരസം (bile) ഉൽപ്പാദിപ്പിക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത്രയേറെ ദൗത്യങ്ങൾ നിർവഹിക്കുന്നതിനാൽ എന്തെങ്കിലും തരത്തിലുള്ള ബാധ ഉണ്ടായാൽ അത് ശരീരത്തിൻ്റെ പ്രവർത്തനങ്ങളെയും താളത്തെയും പെട്ടെന്ന് തെറ്റിച്ചു കളയും. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യമാണ് കൊതുകുകൾ കയറ്റി വിടുന്ന അണുക്കളുടെ അസാധാരണമായ പ്രജനന പ്രത്യുൽപാദനശേഷി. മലേറിയാ അണുക്കളില്‍ ഒന്നിന് 4,000 പുതിയ അണുക്കളെ ഉത്പാദിപ്പിക്കുവാൻ കഴിവുണ്ട്. അങ്ങനെ കരളിലെത്തുന്ന അണുക്കള്‍ രണ്ടാഴ്ച കൊണ്ട് പെരുകുന്നു. കരളിനോ മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിനോ ഇവയെ നേരിടാനുള്ള ശക്തി ലഭിക്കുന്നില്ല. ആ അണുക്കള്‍ രക്തകോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുകയും ശ്വാസകോശം, പേശികള്‍ എന്നിവയിലെ കോശങ്ങളെ നശിപ്പിക്കുകയും അവസാനഘട്ടത്തില്‍ തലച്ചോറിലെത്തുകയും തലച്ചോറിന്റെ കോശങ്ങളെ തകര്‍ത്ത് രോഗിയെ 'കോമ'യിലാക്കുകയും ചെയ്യുന്നു. രോഗിക്ക് ക്രമേണ ജീവന്‍ നഷ്ടപ്പെടുന്നു.
ഈ ജീവിക്ക് മനുഷ്യശരീരത്തില്‍നിന്ന് വളരെവേഗം രക്തം വലിച്ചെടുക്കാനുള്ള രണ്ട് കുഴലുകളുണ്ട്. മറ്റൊരു രസകരമായ കാര്യം മനുഷ്യ ശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിനിലുള്ള പ്രോട്ടീനുകളുപയോഗിച്ചാണ് പെണ്‍കൊതുകുകള്‍ അണ്ഡങ്ങളെ പോഷിപ്പിക്കുന്നത് എന്നതാണ്. അതായത്, ഇവയുടെ പ്രത്യുല്‍പ്പാദനശേഷി മനുഷ്യ രക്തത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നര്‍ഥം. മറ്റൊരു അത്ഭുതകരമായ കാര്യം, ഇരുട്ടിൽ തനിക്ക് വേണ്ട ശരീരവും രക്തക്കുഴലും കണ്ടുപിടിക്കാനുള്ള ശേഷിയാണ്. ഇതിന് രണ്ടു വഴികളാണ് അവയെ തുണക്കുന്നത്. ഒന്ന് ഗന്ധം വഴിയാണ്. അവയുടെ ഗന്ധമറിയാനുള്ള കഴിവ് അപാരമാണ്. അപ്രകാരം തന്നെ ഗന്ധം മനസ്സിലാക്കിയ ദിശയിലേക്ക് വളരെ വേഗത്തില്‍ കുതിച്ചെത്തി കൃത്യം നിര്‍വഹിച്ച് മടങ്ങാനുള്ള കഴിവും അപാരമാണ്. മറ്റൊന്ന് അതിശക്തമായ കാഴ്ച ശക്തി മുഖേനയാണ്. മനുഷ്യ ശരീരത്തില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികളുടെ സഹായത്താൽ കൊതുകിന് പ്രത്യേക കാഴ്ച സാധ്യമാകുന്നതായി ശാസ്ത്രം പറയുന്നുണ്ട്. വിവിധ ദൗത്യങ്ങൾക്കും വിവിധ കൃത്യങ്ങൾക്കുമായി കൊതുകുകൾക്ക് വ്യത്യസ്തമായ ധാരാളം ഇനങ്ങൾ ഉണ്ട് എന്നതാണ്. ലോകത്ത് രണ്ടായിരത്തിലധികം കൊതുകിന്റെ ഇനങ്ങള്‍ വ്യാപിച്ചുകിടക്കുന്നുണ്ട് എന്നാണ് നിഗമനം. എന്നാൽ അവയുടെ ഓരോന്നിന്റെയും ജീവചക്രമോ ജീവിത ക്രമമോ കൃത്യമായി ഇനിയും പഠിക്കപ്പെട്ടിട്ടില്ല. കൊതുകുകളുടെ സാമ്രാജ്യം എന്നറിയപ്പെടുന്ന ഇന്ത്യ, ചൈന, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളില്‍ ധാരാളമായി വളരുന്ന കൊതുകുകളെക്കുറിച്ച് കഴിഞ്ഞ ദശകത്തിലാണ് കാര്യമായ പഠനങ്ങൾ നടന്നത്. പ്രത്യേകിച്ച്, മാലിന്യ കൂമ്പാരങ്ങളായ ചേരി പ്രദേശങ്ങളിൽ. ചൈനീസ് ശാസ്ത്രജ്ഞരായിരുന്നു ഇതിനു പിന്നിൽ. ഇത്തരം പഠനങ്ങൾ കൂടുതൽ അത്ഭുതകരമായ നിരീക്ഷണങ്ങളിലേക്ക് വരെ പലപ്പോഴും കടക്കാറുണ്ട്. ഉദാഹരണമായി 2013 ആഗസ്ത് 10ന് ചൈനയിലെ ഹൈനാനില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ കൊതുകിന്റെ ദേഹത്തിരുന്നു ചോര കുടിക്കുന്ന ചെറുപ്രാണികളെ അവര്‍ കണ്ടെത്തുകയുണ്ടായി. ഇത് നമ്മുടെ ചിന്തയെ കൊതുക് കുടിക്കുന്ന ചോര വേറെയാർക്കോ കൂടി വേണ്ടിയുള്ളതാണ് എന്ന പുതിയ ചിന്തയിലേക്ക് തിരിച്ചുവിടുന്നു. അതോടെ വീണ്ടും വിഷയം സങ്കീർണ്ണമാവുകയാണ്. അതു ശാസ്ത്രത്തിന്റെ കാര്യം. പക്ഷെ, വിശുദ്ധ ഖുർആനിന്റെ അമാനുഷികതയെ കുറിച്ച് സംസാരിച്ചുവരുന്ന നമ്മെ ഈ വിഷയത്തിൽ തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. അത് മേൽപ്പറഞ്ഞ ആയത്തിലെ 'ഫമാ ഫൗഖഹാ' എന്ന പ്രയോഗമാണ്. പരമ്പരാഗത ഖുർആൻ വ്യാഖ്യാനങ്ങൾ ഈ വാക്കിനെ വ്യാഖ്യാനിക്കുന്നത് കൊതുകും കൊതുകിനെക്കാൾ നിസ്സാരമായ ജീവികളും എന്ന നിലക്കാണ്. കൊതുകിനേക്കാൾ നിസ്സാരമായ പ്രാണികൾ നമ്മുടെ ലോകത്ത് ഉണ്ടല്ലോ. അവയാകാം ഉദ്ദേശം എന്നാണ് അവർ പറയുന്നത്. അതേസമയം 'ഫൗഖ' എന്ന അറബി വാക്കിന് മുകൾ ഭാഗത്ത് എന്ന അർത്ഥമുണ്ട്. അത് ആ വാക്കിൻ്റെ നേരിട്ടുള്ള അർത്ഥം തന്നെയാണ്. ആലങ്കാരിക അർത്ഥം അപ്പോൾ ചൈനീസ് ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണത്തിൽപ്പെട്ട കൊതുകിന്റെ തല മുകളിൽ ഇരിക്കുന്ന അതിസൂക്ഷ്മമായ ജീവി ആണ് ഈ പ്രയോഗത്തിന്റെ വ്യാഖ്യാനം എന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയാണ്. കൊതുകിന്റെ ശരീരത്തിലെ, പുതുതായി കണ്ടെത്തിയ പരാദജീവിയായ കുലികോയ്ഡ്‌സ് അനോഫലിസ് എന്ന സൂക്ഷ്മ പ്രാണികളിലേക്കും ആ പ്രാണികളില്‍ കുടികൊള്ളുന്ന പരശ്ശതം വൈറസുകളിലേക്കും നമ്മള്‍ പരീക്ഷണാര്‍ഥം കൊതുകുകളില്‍ സന്നിവേശിപ്പിക്കുന്ന വോല്‍ബാച്ചിയ പോലുള്ള ബാക്ടീരിയയിലേക്കും ഈ ഖുര്‍ആന്‍ വചനം സൂചന തരുന്നുണ്ട് എന്നു ചുരുക്കം. 1400 വർഷങ്ങൾക്കുശേഷം മനുഷ്യന്റെ വികാസത്തോടൊപ്പം വിശുദ്ധ ഖുർആനിലെ പദപ്രയോഗങ്ങളും സാങ്കേതിക വാക്കുകളും എല്ലാം വളരുകയും വികസിക്കുകയും ചെയ്യുന്നു എന്നത് വിശുദ്ധ ഖുർആനിൻറെ മാനുഷികതയുടെ മറ്റൊരു അടയാളവും സൂചനയുമാണ്.
0
https://www.islamicity.org
ഡോ. റാത്തിബ് നാബുൽസി /https://shamela.ws/book/1444
ഡോ. മുസ്തഫാ ഇബ്രാഹിം / https://azhar.eg
o
Thoughts & Arts
കൊതുകുകൾ മൂളുന്ന ചിന്തകൾ
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso