വെള്ളിപ്രഭാതം
മുഹമ്മദ് ടി സെഞ്ചരി
ഇതെഴുതുമ്പോഴും കോഴിക്കോട് മൂഴിക്കലിലെ രണ്ട് കൗമാരപ്രായക്കാരുടെ ദാരുണ മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ അവലോകനം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടില്ല. ഇവിടെ നാം അത് അവലോകനം ചെയ്യുവാൻ ശ്രമിക്കുന്നുമില്ല. പക്ഷേ, സംഭവം പ്രാദേശികമായിട്ടെങ്കിലും സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ട് എന്നത് അവിതർക്കിതമാണ്. വേദനാജനകമെങ്കിലും ഞെട്ടലുളവാക്കുന്ന ഇത്തരം സംഭവങ്ങൾ സമൂഹത്തിന് ലഭിക്കേണ്ട ഉണർത്തലുകളും സൂചനകളും പാഠങ്ങളും കൂടിയാണ്. അതിനാലാണ് വിഷയത്തിലേക്ക് കടക്കുവാൻ ഈ സംഭവത്തെ ഒരു നിമിത്തമായി കാണുന്നത്. സംഭവത്തിന്റെ വിശദാംശങ്ങൾ പറയാനാകുന്നില്ലെങ്കിലും പ്രത്യക്ഷ വായനയിൽ സംഭവത്തിൽ ഒരു അമിത സ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും വലിയ സ്പർശമുണ്ട്. ഇവിടെ അമിത സ്വാതന്ത്ര്യം നൽകിയത് ബന്ധുക്കളാണ്, നേടിയതും അനുഭവിച്ചതും ബന്ധുക്കൾ തന്നെയാണ് എന്നിടത്തേക്കാണ് നമ്മുടെ സവിശേഷമായ ശ്രദ്ധ ആദ്യം തിരിയേണ്ടത്. ബന്ധുക്കൾ ആണെങ്കിൽ പോലും അനുവദിച്ചു നൽകുന്ന സ്വാതന്ത്ര്യത്തിന് അളവുണ്ടായിരിക്കേണ്ടതുണ്ട് എന്നതാണ് ഇതിലെ ഒന്നാമത്തെ പാഠം. ഇതു പറയുമ്പോൾ നമുക്ക് ഇസ്ലാമിൻ്റെ ചില മനോഹരങ്ങളായ നിലപാടുകൾ ഓർമ്മ വരും. അവയിൽ ഒന്നാമത്തേത്, ഉഖ്ബ ബിൻ ആമിർ(റ)വിൽ നിന്നും ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്ന ഒരു തിരുവചനത്തിൽ നബി (സ്വ) പറയുകയുണ്ടായി: 'നിങ്ങൾ (വീടിനുള്ളിലെ) സ്ത്രീകളുടെ അടുക്കലേക്ക് പ്രവേശിക്കുന്നത് സൂക്ഷിക്കുക'. അപ്പോൾ അൻസാരികളിൽ പെട്ട ഒരാൾ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരെ, 'ഹമുകളെ'ക്കുറിച്ച് അങ്ങെന്താണ് പറയുന്നത്?' നബി (സ്വ) മറുപടി നൽകി: ഹമുകൾ മരണം തന്നെയാണ്'. ഭാര്യയുടെ അടുത്ത ബന്ധുക്കൾക്കാണ് അറബി ഭാഷയിൽ ഹമുകൾ എന്നു പറയുന്നത്.
ഈ ഹദീസ് വീടിനുള്ളിൽ അമിത സ്വാതന്ത്ര്യം നൽകപ്പെടുന്നതിലെ അപകടം ഉണർത്തുകയാണ്. പുറത്തുള്ള അന്യ പുരുഷന്മാരുടെ പ്രവേശനം തടഞ്ഞു കൊണ്ടല്ല അതു ചെയ്യുന്നത്. മറിച്ച്, വീട്ടിലേക്ക് അനസ്യൂതം അധികാര ഭാവത്തിൽ കടന്നുവരാൻ സാധ്യതയുള്ളവരെ തന്നെ അതിൽ നിന്നും വിലക്കിക്കൊണ്ടാണ്. അതോടെ അതിൻ്റെ ധ്വനി ഏറെ ഗൗരവമുള്ളതായി മാറുന്നു. ഭർത്താവിന്റെ സഹോദരൻ, ഭർത്താവിന്റെ സഹോദരന്റെ മകൻ, അമ്മാവന്റെ മകൻ, പിതൃസഹോദരൻ തുടങ്ങിയ ഭർത്താവിന്റെ അടുത്ത ബന്ധുക്കളെ കുറിച്ചാണ് ഹദീസിൻ്റെ പരമാർശം. ഇവർക്ക് ബന്ധുക്കൾ എന്ന നിലക്ക് വീട്ടിലേക്ക് തടസ്സമില്ലാതെ വരാനും സ്ത്രീകളുമായി സംസാരിക്കാനും അവസരമുണ്ട്. അന്യപുരുഷന്മാരോട് മാറിനിൽക്കാൻ പറയുന്നതുപോലെ ഇവരോട് പറയാൻ പൊതുവെ സാധിക്കില്ല. ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തപ്പെടുവാൻ സാധ്യത കൂടുതലാണ്. അതൊക്കെ ചില ഞരമ്പുരോഗികളുടെ സ്വഭാവം മാത്രമല്ലേ എന്നു ചോദിച്ച് സംഗതിയെ ചുരുക്കി കാണിക്കാൻ ശ്രമിക്കരുത്. ആണും പെണ്ണും കേവലം കണ്ടുമുട്ടുന്നതിനെ അല്ല ഇസ്ലാം പൊതുവേ ഭയപ്പെടുന്നത്. മറിച്ച്, ആ സമാഗമം ഒരു ഭയരഹിത സ്വകാര്യതയിൽ വെച്ച് ആകുമ്പോൾ രണ്ടുപേരുടെയും മനസ്സിലോ അല്ലെങ്കിൽ കൂട്ടത്തിൽ ഒരാളുടെ മനസ്സിലോ ഉണ്ടാകുന്ന ചില ചാപല്യ ചിന്തകൾ സടകുടഞ്ഞ് എഴുന്നേൽക്കാനുള്ള സാധ്യതയെയാണ്. അപ്പോഴാണ് അരുതായ്മകൾ എല്ലാം സംഭവിക്കുന്നത്. അത്തരം സാഹചര്യത്തിൽ ഒരാൾക്ക് തന്റെ മനസ്സിനെയും സാംസ്കാരിക ബോധത്തെയും നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് അത്തരം സാധ്യതകളെയെല്ലാം കൊട്ടിയടച്ചുകൊണ്ട് സാമൂഹ്യ അപകടങ്ങളെ പ്രതിരോധിക്കുകയാണ് ഇസ്ലാം. സംസ്കാരത്തിൻ്റെ നാശത്തിലേക്കും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും നയിക്കും എന്നതിനാൽ ഇത് മരണം പോലെ പേടിക്കേണ്ടതാണ് എന്നാണ് പ്രവാചകൻ (സ്വ) മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ഭർത്താവിന്റെ പിതാവ്, മറ്റു ഭാര്യയിൽ ഉണ്ടായ മകൻ എന്നിവർക്ക് ഈ വിലക്ക് ബാധകമല്ല. കാരണം അവർ മഹ്റമുകൾ ആണ്. വിവാഹം, ലൈംഗികത തുടങ്ങിയ ചിന്തകൾ ഉണർത്താത്ത വിധം ഉന്നതമായ വ്യക്തി ബന്ധങ്ങളിൽ പെട്ടവരാണ് അവർ.
മറ്റൊന്ന്, വീടകത്തിലെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുവാനുള്ള വിശുദ്ധ ഖുർആനിൻ്റെ നിർദ്ദേശമാണ്. വീട് എന്നത് ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ഇടമാണ്. അത് തീർത്തും സ്വകാര്യ ഇടമായി തന്നെ സംരക്ഷിക്കപ്പെടണം എന്നാണ് ഇസ്ലാമിൻ്റെ താല്പര്യം. അതിനുവേണ്ടി വിശുദ്ധ ഖുർആൻ പ്രധാനമായും രണ്ടു നിർദ്ദേശങ്ങൾ മനുഷ്യനു മുമ്പിൽ വെക്കുന്നുണ്ട്. ഒന്ന് അകത്തുള്ളവരുടെ വാക്കാൽ സമ്മതം ലഭിച്ചാൽ മാത്രമേ ഒരു വീട്ടിലേക്ക് കടക്കാൻ പാടുള്ളൂ എന്നതാണ്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, അനുമതിയാവശ്യപ്പെടുകയും സലാം പറയുകയും ചെയ്തല്ലാതെ സ്വന്തമല്ലാത്ത അന്യവീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. ഈ രീതിയാണ് ഉത്തമം-നിങ്ങള്‍ ചിന്തിച്ചുഗ്രഹിക്കുന്നുവെങ്കില്‍. ഇനി, ഒരാളെയുമവിടെ കണ്ടില്ലെങ്കില്‍, അനുമതി ലഭിക്കുന്നതുവരെ നിങ്ങളങ്ങോട്ട് കടക്കരുത്. തിരിച്ചുപോയ്‌ക്കൊള്ളൂ എന്നു നിര്‍ദേശിക്കപ്പെടുകയാണെങ്കില്‍ മടങ്ങിപ്പോകണം-അതാണ് നിങ്ങള്‍ക്ക് ഉദാത്തം. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് നന്നായി അറിയുന്നവനാണ് അല്ലാഹു. (അന്നൂർ: 27, 28). രണ്ടാമത്തേത്, വീട്ടിനുള്ളിൽ തന്നെ സ്വൈരവിഹാരം നടത്തുന്ന വീട്ടിലെ അംഗങ്ങൾ തന്നെയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, സ്വന്തം അടിമകളും അടിയാത്തികളും എന്നിവര്‍ മുതിർന്നവരായ വീട്ടുകാർ തങ്ങളുടെ പ്രത്യേക സ്വകാര്യത അനുഭവിക്കുവാൻ സാധ്യതയുള്ള ചില സമയങ്ങളിൽ പ്രത്യേക അനുമതി വാങ്ങിയിട്ടേ അകത്ത് പ്രവേശിക്കാവൂ എന്നതാണ്. മറ്റുള്ളവര്‍ എപ്പോഴും സമ്മതം വാങ്ങണം എന്നത് വിസ്മരിച്ചുകൂടാ. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങളുടെ അടിമകളും പ്രായപൂര്‍ത്തിയാകാത്തവരും മൂന്ന് അവസരങ്ങളില്‍ പ്രവേശനാനുമതി വാങ്ങണം. സുബ്ഹ് നമസ്‌കാരത്തിനു മുമ്പും ഉച്ചയുറക്കത്തിന് വേണ്ടി വസ്ത്രം മാറിയിരിക്കുമ്പോഴും ഇശാ നമസ്‌കാരാനന്തരവും. നിങ്ങളുടെ മൂന്നു സ്വകാര്യതകളാണപ്പോള്‍. ഇവയല്ലാത്ത മറ്റു നേരങ്ങളില്‍ കൂടിക്കലർന്നു ജീവിക്കുന്നതിന് കുഴപ്പമില്ല; നിങ്ങള്‍ പരസ്പരം ചുറ്റിപ്പറ്റി നടക്കുന്നവരാണല്ലോ. ഇപ്രകാരം നിങ്ങള്‍ക്ക് അല്ലാഹു തെളിവുകള്‍ പ്രതിപാദിച്ചുതരുന്നു; അവന്‍ സര്‍വജ്ഞനും യുക്തിമാനുമത്രേ'. (അന്നൂർ: 58)
ഇത്തരം ജാഗ്രതയുടെയും ശ്രദ്ധയുടെയും പ്രസക്തി അനുദിനം കൂടിവരികയാണ്. എല്ലാ നിയന്ത്രണങ്ങളും അപ്രസക്തമാക്കിക്കൊണ്ട് കൗമാരക്കാർ സ്വന്തം സ്വന്തം തട്ടകങ്ങളിൽ കൂട്ടുകൂടി വിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൂട്ടുകൂടലുകൾ കൊണ്ട് എന്താണ് അപകടം എന്ന് പലരും ചോദിച്ചേക്കും. ചൂണ്ടിക്കാണിച്ചു തരാൻ ഒരുപക്ഷേ എല്ലായിടത്തും അപകടങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, ഇവർക്കിടയിൽ ഒരു വൈകാരികത വളരുന്നുണ്ട് എന്നത് കാണാതെ വയ്യ. ഈ വൈകാരികതയുടെ പ്രശ്നം അതു വളർന്ന് വളർന്ന് ഉഗ്രരൂപിയാകുമ്പോൾ അത് ഒരു ഭീഷണി ഉയർത്തുന്നുണ്ട് എന്നതാണ്. എന്തെങ്കിലും ചെറിയ ഒരു പ്രശ്നമുണ്ടായാൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും അപരിഹാര്യമായ അപകടങ്ങൾ വരുത്തിവെക്കുകയും ചെയ്യും എന്നതാണത്. നാം കേൾക്കുന്നതും അനുഭവിക്കുന്നതുമായ സമാന സംഭവങ്ങളുടെ എല്ലാം ആകെത്തുക പറഞ്ഞു വരുമ്പോൾ ഇതായിരിക്കും.
ഇത്രയും പറഞ്ഞ നിലക്ക് ഇതിൻ്റെ പരിഹാരം കൂടി പറയേണ്ടതുണ്ട്. അത് അല്ലാഹുവിന്റെ സൃഷ്ടി സംവിധാനത്തെ കാര്യക്ഷമമായി പരിരക്ഷിക്കുക എന്നതാണ്. മനുഷ്യന്മാർക്കിടയിലുള്ള സ്നേഹം, ബഹുമാനം, സാംസ്കാരിക അംഗീകാരങ്ങൾ, ആധിപത്യം, വിധേയത്വം തുടങ്ങി എല്ലാം കൃത്യമായി പരിരക്ഷിക്കപ്പെടുവാൻ വേണ്ടിയാണ് കുടുംബം എന്ന സ്വത്വത്തിന് പ്രകൃതിജന്യമായ രൂപം നൽകപ്പെട്ടിരിക്കുന്നത്. കൗമാരത്തിൽ എത്തുന്ന സ്വന്തം മക്കളുടെ കാര്യത്തിൽ അതിനു മുമ്പേ തന്നെ ശരിയായ തലത്തിലേക്കും താളത്തിലേക്കും അവരുടെ ജീവിതത്തെ ഒതുക്കി നിർത്തി മുന്നോട്ടു കൊണ്ടു പോകാൻ മാതാപിതാക്കൾ ജാഗ്രത കാണിക്കണം. മക്കൾ വലുതാകുന്നതോടു കൂടെ അവർക്കു മേലിലുള്ള നിയന്ത്രണം കുറഞ്ഞുവരികയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് സൂക്ഷിക്കണം. അതിനർത്ഥം കൊച്ചു കുട്ടികളായിരുന്നപ്പോൾ ചെയ്തിരുന്നത് എല്ലാം മുതിർന്നവരാകുമ്പോഴും അഭംഗുരം ചെയ്യണമെന്നല്ല. അവരുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് അനുസരിച്ച് അവരോടുള്ള വാക്കിലും സമീപനത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പക്ഷേ അപ്പോഴല്ലൊം അവരുടെ മേലിലുള്ള ശ്രദ്ധയും ജാഗ്രതയും കുറയുകയോ കൈമോശം വരികയോ ചെയ്യാതെ സൂക്ഷിക്കണം. കൗമാരത്തെ കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ അടച്ചാക്ഷേപിക്കുകയോ ഒന്നും ചെയ്യുകയല്ല ഇവിടെ. മറിച്ച്, വ്യക്തിത്വത്തിന്റെ ചവിട്ടുപടികളായ കൗമാരം കാര്യഗൗരവമായിരിക്കണം എന്ന് താല്പര്യപ്പെടുന്നു മാത്രമാണ്.
O
Thoughts & Arts
അമിത സ്വാതന്ത്രത്തിൻ്റെ അപകടങ്ങൾ
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso