ടി എച്ച് ദാരിമി
ഖുർആൻ പഠനം
സൂറത്തുൽ മുൽക് 6-12
മേൽ പറഞ്ഞ സൂക്തങ്ങളിൽ പറഞ്ഞത് അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിക്കുന്ന ദൃഷ്ടാന്തങ്ങളിൽ ചിലതാണ്. ദൃഷ്ടാന്തങ്ങൾ ചിന്തക്കുള്ള വിറകുകളാണ്, ആവേണ്ടതാണ് എന്നാണ് പറയുക. അഥവാ ദൃഷ്ടാന്തങ്ങൾ ലഭിച്ചാൽ അവയെ ചിന്തക്ക് വിഷയമായി ഇട്ടുകൊടുക്കുകയും ആത്മാർത്ഥമായി ചിന്തിച്ച് അതിൻ്റെ ആശയ പാഠങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുകയാണ് അവയോടുള്ള മനുഷ്യൻ്റെ കടമ. അല്ലാഹു നൽകുന്ന ചിന്താവിഷയങ്ങൾ തീർച്ചയായും മനുഷ്യനെ തൻ്റെ റബ്ബിലേക്ക് നയിക്കുന്നത് മാത്രമാണ്. അന്ധമായ വിരോധം പുലർത്തുന്ന ഒരാൾക്കല്ലാതെ അതു മനസ്സിലാവാതെ പോവില്ല. അത്രയും ലളിതമാണ് അവ. ഇതാണ് അല്ലാഹുവിന് ഏത് നിഷേധിയെയും എത്ര കഠിനമായും ശിക്ഷിക്കാനുള്ള ന്യായം. കാരണം അത്തരം നിഷേധികൾ അറിയാതെ അബദ്ധത്തിൽ നിഷേധത്തിലേക്ക് എത്തിച്ചേരുന്നവരല്ല. മറിച്ച്, ചെറിയൊരു താല്പര്യം കാണിച്ചുകൊണ്ട് ചിന്തിക്കുകയാണ് എങ്കിൽ തീർച്ചയായും എത്തിച്ചേരാമെന്നിട്ടും അതിന് ഒട്ടും മെനക്കെടാതെ നിഷേധത്തിൽ വാശി പിടിച്ചു നിൽക്കുന്നവരാണ്. അതുകൊണ്ട് അവർ ശിക്ഷ ശരിക്കും അർഹിക്കുന്നവർ തന്നെയാണ്. അതിനാൽ ഏതാനും ദൃഷ്ടാന്തങ്ങൾ സൂചിപ്പിച്ചതിനു ശേഷം വളരെ വ്യക്തമായ ആ ദൃഷ്ടാന്തങ്ങളെ കാണാതെ, കാണാൻ ശ്രമിക്കാതെ സൃഷ്ടാവിനെ നിഷേധിക്കുന്ന ആൾക്കാർക്ക് വരാനിരിക്കുന്ന ശിക്ഷകൾ ഉണർത്തുകയാണ് അടുത്ത സൂക്തങ്ങളിൽ.
6 തങ്ങളുടെ നാഥനെ അവിശ്വസിച്ചവര്‍ക്ക് നരകശിക്ഷയുണ്ടാകും; ആ മടക്കസ്ഥലം എത്ര ഹീനം!
തുടർന്നുള്ള ആയത്തുകൾ നരകത്തെ കുറിച്ചുള്ള വിവിധ വിവരണങ്ങളാണ്. വിശുദ്ധ ഖുർആനിലും പരിശുദ്ധ ഹദീസിലും നരകത്തെ കുറിച്ചുള്ള വിവിധ ധ്വനിയിലുള്ള വിവരണങ്ങൾ നൽകിയിട്ടുണ്ട്. മനുഷ്യന് സങ്കല്പത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത അത്ര ഗുരുതരമാണ് നരകവും നരക ശിക്ഷയും എന്നതുകൊണ്ട് തന്നെയാണ് ഇത്രയധികം വിവരങ്ങൾ പറഞ്ഞിരിക്കുന്നത് തന്നെ. ചെറിയ ഒരു സൂചനയിൽ നിന്നോ ഉപമയിൽ നിന്നോ ഒന്നും യഥാർഥ നരകത്തെ കുറിച്ചുള്ള സങ്കല്പത്തിലേക്ക് എത്തുവാൻ കഴിയില്ല. അതുകൊണ്ടുതന്നെ
നരകത്തെ അതേപടി കണ്‍മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തുല്യമായ പ്രതിപാദനങ്ങളാണ് ഖുര്‍ആനിലും ഹദീസിലും നടത്തിയിട്ടുള്ളത്. ഈ ജാഗ്രതയുടെ മറ്റൊരു സൂചനയാണ് നരകത്തെക്കുറിച്ച് സദാ ജാഗ്രത പാലിക്കാന്‍ തിരുനബി(സ) നിരന്തരം ഉദ്‌ബോധിപ്പിക്കുമായിരുന്നു എന്നത്. അതത്രയും അസഹനീയമാണ്. നേരിട്ടുള്ള ഉദ്ബോധനങ്ങൾ മാത്രമല്ല സത്യത്തിൽ സൃഷ്ടാവിന്റെ ശാപകോപങ്ങളുടെ ഏറ്റവും വലിയ ഈ ഗേഹത്തിൽ നിന്ന് രക്ഷപ്പെടലും രക്ഷപ്പെടുത്തലുമാണ് ഇസ്ലാമിൻ്റെ മൊത്തത്തിലുളള ആശയ നിലപാട് തന്നെ. 'സ്വന്തത്തേയും കുടുംബത്തേയും നരകത്തില്‍ നിന്ന് രക്ഷിക്കുക'യെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (അത്തഹ്‌രീം: 6). നരകത്തിൽ ഏതുവിധമെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കണം എന്നതിൻ്റെ സൂചനയാണ്, 'നിങ്ങള്‍ ഒരു ചീള് കാരക്ക കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കുക. അത് കിട്ടാത്തവര്‍ ഒരു നല്ല വാക്ക് കൊണ്ടെങ്കിലും..' എന്ന് നബി(സ്വ) പറഞ്ഞത്. (ബുഖാരി, മുസ്‌ലിം).
അതിഭീകരവും ഭയാനകവുമാണ് നരകം. അത് കേവലം ഒരു തീക്കുഴി മാത്രമല്ല. എല്ലാതരം മൂര്‍ത്തമായ ശിക്ഷകളും അതിലുണ്ട്. അതികഠിനമായ തണുപ്പും ചൂടും എരിവും പുകയും വേദനിപ്പിക്കുന്ന മറ്റു അനുഭവങ്ങളും അതിനകത്തുണ്ട്. അഗ്നി കൊണ്ടുള്ള ശിക്ഷ അവയിലൊന്ന് മാത്രമാണ്. ഒരുപക്ഷേ നാം ജീവിക്കുന്ന ഭൗതിക പ്രകൃതിയിൽ ഏറ്റവും മനസ്സിലാക്കാൻ കഴിയുന്ന ഒന്നായതുകൊണ്ട് ആയിരിക്കാം തീ നരകത്തിന്റെ വിവരണങ്ങളിൽ അധികമായി വന്നത്. എഴുപതിനായിരം കടിഞ്ഞാണുകളോടു കൂടിയാണതിനെ പരലോകത്ത് കൊണ്ടുവരിക എന്ന് ഹദീസിൽ വന്നിരിക്കുന്നു. ഓരോ കടിഞ്ഞാണിലും എഴുപതിനായിരും മലക്കുകള്‍ പിടിച്ചിരിക്കുമെന്നും ആ ഹദീസുകളിലുണ്ട്. ഇത് നരകത്തിന്റെ ആകാര വലിപ്പവും തീവ്രതയും ഒരേപോലെ കുറിക്കുന്നുണ്ട്. മനുഷ്യന്‍ കത്തിക്കുന്ന ഭൂമിയിലെ തീയുടെ എഴുപതിനായിരം ഇരട്ടി ചൂടാണ് നരകത്തിലെ തീയിന് എന്നാണ്. കല്ലുകളും മനുഷ്യരുമാണ് അതിലെ ഇന്ധനം. നരകത്തിലെ ശ്വാസോഛാസമാണ് ഭൂമിയിലെ കടുത്ത ചൂടും തണുപ്പുമായി അനുഭവപ്പെടുന്നത് എന്നും നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. നരകത്തിലെ ഏറ്റവും ലഘുവായ ശിക്ഷ കാലുകളില്‍ അഗ്നിചെരുപ്പുകള്‍ ധരിപ്പിക്കലാണ്. അപ്പോൾ ചെമ്പു പാത്രത്തിലെ വെള്ളം തിളക്കുന്നത് പോലെ തലച്ചോറ് തിളച്ചുമറിയുന്നതാണ്. അതിനേക്കാള്‍ വലിയ ശിക്ഷ നരകത്തിലില്ലെന്നാണവര്‍ അപ്പോൾ കരുതുക. എന്നാൽ അത് ഏറ്റവും ചെറിയ ശിക്ഷയാണ് താനും. (ബുഖാരി, മുസ്‌ലിം സംയുക്തമായി നിവേദനം ചെയ്ത ഹദീസുകളുടെ ആശയത്തിൽ നിന്ന്). നരകത്തിൻ്റെ ഏതാനും വിവരണങ്ങൾ കൂടി തുടർന്നുള്ള സൂക്തങ്ങളിൽ പറയുന്നു. ദൃഷ്ടാന്തങ്ങളെ കുറിച്ച് പറഞ്ഞതുപോലെ നരകത്തിന്റെ ഗൗരവം ഒരു മനുഷ്യന്റെയും ശ്രദ്ധയിൽ പെടാതെ പോകാൻ പാടില്ല എന്ന താല്പര്യത്തോടെയാണ് കാരുണ്യവാനായ അല്ലാഹു നരകത്തെ വീണ്ടും വീണ്ടും ഇങ്ങനെ വിവരിക്കുന്നത്.
7 ആ നരകത്തിലവര്‍ തള്ളപ്പെട്ടാല്‍ അതിന്നവര്‍ ഒരലര്‍ച്ച കേള്‍ക്കുന്നതും അത് തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുന്നതുമാകുന്നു.
നരകത്തിന്റെ തീയും അതിൻ്റെ ചൂടും ഭൂമിയിലുള്ളതിനേക്കാൾ എത്രയോ ഇരട്ടിയാണ് എന്ന് നാം മേൽ പറഞ്ഞു. ഇത് ചൂടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാവില്ല. ഇതിൽ നിന്ന് തന്നെ ഭൂമിയിലെ അവസ്ഥയല്ല നരകത്തിലെ തീയിന് ഉള്ളത്. രണ്ടും തമ്മിൽ പ്രകടമായ മാറ്റമുണ്ട്. ഭൂമിയിൽ മനുഷ്യൻ കത്തിക്കുന്നതോ സമാനമായ പ്രക്രിയയ്ക്ക് വിധേയമാകുന്നതിലൂടെ സ്വയം കത്തുന്നതോ ആണ് തീയിൻ്റെ പ്രകൃതം. എന്നാൽ നരകത്തിലെ തീ അങ്ങനെയല്ല. അത് കത്തിക്കുന്നത് അല്ലാഹുവാണ് എന്ന് ആലങ്കാരികമായി പറയുമ്പോഴും മനുഷ്യൻ കത്തിക്കുന്ന വിധത്തിൽ അല്ല അത് കത്തിപ്പിടിക്കുന്നത്. അല്ലാഹു കത്താൻ പറയുമ്പോഴേക്കും അത് കത്തുകയാണ്. കത്തുന്നത് അങ്ങനെ ഞൊടിയിടയിൽ ആണെങ്കിൽ അതിൻ്റെ താപനിലയും സംഹാര ശേഷിയും എല്ലാം വ്യത്യസ്തമായിരിക്കും. പ്രഹര ശേഷിയിലും ആക്രമണ സ്വഭാവത്തിലും സംഹാര ശക്തിയിലും എല്ലാം മാറ്റം ഉണ്ടായിരിക്കും. അത്തരത്തിലുള്ള ഒരു മാറ്റമാണ് ഈ ആയത്തിലും പറയുന്നത്. ഭൂമിയിലെ തീ കത്തുമ്പോൾ അതിലെ ഇന്ധനത്തിനനുസരിച്ചുള്ള ഒരു ശബ്ദം മാത്രമേ അതിനുണ്ടാവൂ. ഉണങ്ങിയ വിറക് ചെറിയ പൊട്ടലുകളോടെ കത്തുമ്പോൾ ഇന്ധനങ്ങൾ വഴിയുണ്ടാകുന്ന അഗ്‌നിബാധക്ക് വലിയ പൊട്ടലും ചീറ്റലും ഒന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലപ്പോൾ പൊട്ടലും ചീറ്റലും കണ്ടുനിൽക്കുന്നവരുടെ മനസ്സിൽ മാത്രമായിരിക്കുകയും ചെയ്യാം. സാഹസപ്പെട്ടാണെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുന്ന ശക്തി മാത്രമേ അതിനുണ്ടാകൂ എന്നതുകൊണ്ടായിരിക്കാം ഇത്. പക്ഷേ നരകത്തിലെ തീ കത്തുമ്പോൾ തന്നെ വലിയ ശബ്ദത്തോടുകൂടി ആയിരിക്കും കത്തുന്നത്. എല്ലാ ദുർമ്മാർഗ്ഗികളെയും പിടിച്ചു വിഴുങ്ങാനുള്ള ഒരു ആവേശവും ആർത്തിയും ഒരു അലർച്ചയായി മുഴങ്ങിക്കൾക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. ആകെ ഇളകി മറിയുന്ന പ്രകൃതത്തിൽ ആയിരിക്കും അപ്പോൾ അത്. ഈ ഇളക്കവും ആ അലർച്ചയും ഒന്നിച്ചുചേരുമ്പോൾ ഒരു ഭീകരാന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെടും. ഒരു ആക്രമണ സ്വഭാവത്തോടെയുള്ള മട്ടും ഭാവവും അതിനുണ്ടായിരിക്കും. ഇത്രയൊക്കെയാണ് ഈ തീയിന്റെ പ്രകൃതത്തെ ഈ സൂക്തത്തിലെ പ്രയോഗങ്ങളിൽ നിന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയുക. അടുത്ത സൂക്തം വീണ്ടും അതുതന്നെ ഒന്നുകൂടി വിശദീകരിക്കുന്നു.
8 രോഷം മൂലം അത് പിളര്‍ന്നു പോകുമാറാകും. ഓരോ സംഘത്തെയും തള്ളപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് താക്കീതുകാരന്‍ വന്നിരുന്നില്ലേ എന്ന് പാറാവുകാര്‍ ചോദിക്കുന്നതാണ്.
മേൽ വിവരണങ്ങളിൽ നിന്ന് ഒരുതരം ഉഗ്രമായ കോപത്തോട് കൂടെ ആയിരിക്കും നരകാഗ്നി കത്തി ഉയരുക എന്നു നാം മനസ്സിലാക്കി. ഈ ആയത്തിൽ അല്ലാഹു ആ കോപത്തിൻ്റെ തീവ്രത സൂചിപ്പിക്കുകയാണ്. ഉഗ്രകോപം നിമിത്തം അത് പൊട്ടിച്ചിതറി വേര്‍പെട്ടു പോകുമാറാകുന്ന പ്രതീതിയാണ് അതിന് അപ്പോൾ ഉണ്ടാവുക. ഈ ആയത്തിലെ അടുത്ത വിവരണം അല്ലാഹുവിൻ്റെ കഠിനമായ കോപത്തിന് വിധേയരായി ശിക്ഷിക്കപ്പെടുന്ന ദുർമ്മാർഗ്ഗികളോട് നരകം കാണിക്കുന്നതുപോലെ തന്നെ നരകത്തിന്റെ പാറാവുകാരായ കാവൽ മലക്കുകളും കോപം പ്രകടിപ്പിക്കും. മലക്കുകൾ അവരെ അടുത്ത ഭാഷയിൽ നിരൂപണം ചെയ്തു കൊണ്ടായിരിക്കും വേദനിപ്പിക്കുക. ഇങ്ങനെയൊക്കെ വരും, സൂക്ഷിക്കണം, എന്ന് ഉപദേശിച്ചു തരാൻ അല്ലാഹുവിൻ്റെ താക്കീതുകാരായ ദൂതന്മാർ നിങ്ങളെ സമീപിച്ചിരുന്നില്ലേ?, അവർ നിങ്ങളെ താക്കീത് ചെയ്തിരുന്നതല്ലേ? എന്നൊക്കെയുള്ള ചോദ്യങ്ങളായിരിക്കും അവരുടേത്. ഈ ചോദ്യങ്ങൾ വെറും അന്വേഷണങ്ങളായി മാത്രമല്ല നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക് ഏൽക്കുക. മറിച്ച് കടുത്ത നിരാശയും കുറ്റബോധവും അവരുടെ തലകളെ താഴ്ത്തിക്കളയും. നരകത്തിലേക്ക് അവിശ്വാസികളെ ഓരോരുത്തരായിട്ടല്ല കൂട്ടം കൂട്ടം ആയിട്ടാണ് തള്ളിയിടുക എന്നത് ഈ സൂക്തത്തിന്റെ അക്ഷരങ്ങൾക്കിടയിൽ നിന്ന് നമുക്ക് വായിക്കാം. അല്ലാഹുവിൻ്റെ വിചാരണ നടക്കുന്ന ഖിയാമത്ത് നാൾ ആകുമ്പോഴേക്കും നരകത്തിലേക്ക് വേണ്ട ആൾക്കാർ കൂടിക്കൂടി വരികയും കൂട്ടംകൂട്ടമായി നരകത്തിലേക്ക് അവരെ വടിച്ചിടുക്കുകയും ചെയ്യുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക എന്ന് ഇതിൽനിന്ന് അനുമാനിക്കാം. അത്രയധികം സംഘങ്ങൾ വന്നാലും നരകം ആ ബാഹുല്യത്തെക്കാളെല്ലാം ബഹുലമായിരിക്കും എന്ന് വിശുദ്ധ ഖുർആനിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം. വേണമെങ്കിൽ മനുഷ്യരാശിയെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കഴിയും വിധം വിശാലമായ രീതിയിലാണ് അള്ളാഹു നരകത്തെസൃഷ്ടിച്ചിട്ടുള്ളത്. അന്ത്യനാളിൽ നരകത്തിനർഹരായവരെ മുഴുവൻ അതിൽ നിറച്ചു കഴിഞ്ഞാലും. നരകം നിറയുകയില്ല. അല്ലാഹു പറയുന്നു: 'നീ. നിറഞ്ഞോ? എന്ന് നരകത്തോട് നാം. ചോദിക്കുന്ന ദിവസം; അത് അപ്പോൾ പറയും: ‘ഇനിയും തരാനുണ്ടോ ?' (ഖാഫ് : 30). ഇതിലേക്ക് ചേർത്ത് വായിക്കേണ്ടുന്ന ഒന്നാണ് നരകത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്ന ഒരു തിരുവചനം. അബൂഹുറൈറ (റ) പറയുന്നു : 'ഞങ്ങളൊരിക്കൽ നബി(സ)യുടെ കൂടെയിരിക്കുമ്പോൾ ഒരു സാധനം വീഴുന്ന ശബ്ദം കേട്ടു, നബി തിരുമേനി ചോദിച്ചു: 'അത് എന്താണെന്നറിയാമോ?, ഞങ്ങൾ പറഞ്ഞു: 'ഇല്ല', നബി തിരുമേനി പറഞ്ഞു: '70 വർഷങ്ങൾക്ക് മുമ്പ്. നരകത്തിലെറിയപ്പെട്ട ഒരു. കല്ല് നരകത്തിൽ വീഴുന്ന ശബ്‌ദമാണത്, ഇതു വരെ അത് താഴേക്ക് ആപതിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴാണത് അടി തൊട്ടത്. അതിൻ്റെ ശബ്ദമാണു നിങ്ങൾ കേട്ടത്' (മുസ് ലിം).
9 അവര്‍ പ്രതികരിക്കും. അതെ, വന്നിരുന്നു, അപ്പോള്‍ ഞങ്ങള്‍ വ്യാജമാക്കുകയും അല്ലാഹു യാതൊന്നും അവതരിപ്പിച്ചിട്ടില്ല, നിങ്ങള്‍ ഗുരുതരമായ ദുര്‍മാര്‍ഗത്തില്‍ മാത്രമാണ് എന്ന് തട്ടിവിടുകയും ചെയ്തു.
ഭൗതിക ജീവിതത്തിൽ എല്ലാം കണ്ണടച്ച് നിഷേധിച്ചിരുന്ന അവർക്ക് ഇനി നിഷേധിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ വന്നു ചേർന്നിട്ടുള്ളത്. പ്രവാചകന്മാരും ഗ്രന്ഥങ്ങളും അവയുടെ വ്യാഖ്യാതാക്കളും പ്രഭാഷണങ്ങളിലും പറച്ചിലുകളിലും പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും അക്ഷരംപ്രതി പുലർന്നതിന്റെ ഞെട്ടലിലേക്ക് ആണ് അവരെ എത്തിച്ചേർന്നിരിക്കുന്നത്. അല്ലാഹുവിൻറെ സന്ദേശങ്ങൾ ലഭിക്കുമ്പോൾ അവർ അതിനെ കളവ് ആഭിചാരം തുടങ്ങിയ മുദ്രകൾ കുത്തി അവഗണിക്കുകയായിരുന്നു ചെയ്തിരുന്നത് അവരിൽ തന്നെ പലരും ഈ അതിർത്തിയും കടന്ന് കായികമായും വാചികമായും പ്രവാചകന്മാരെയും അവരുടെ പ്രതിനിധികളെയും ഭത്സിക്കുവാൻ വരെ മുന്നോട്ടുവരികയും ചെയ്തിരുന്നു. അതെല്ലാം തിരിച്ചറിയുന്ന സമയത്താണ് അവർ പാറാവ് മലക്കുകളുടെ ഈ ചോദ്യത്തെ നേരിടുന്നത്.
10 ഞങ്ങള്‍ ശരിയാംവണ്ണം കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആളിക്കത്തുന്ന ഈ നരകത്തീയിന്റെ ആളുകളില്‍ അകപ്പെടില്ലായിരുന്നു എന്ന് അവര്‍ പരിഭവിക്കും.
11 അങ്ങനെ സ്വന്തം പാപങ്ങള്‍ അവര്‍ ഏറ്റു പറയുന്നതാണ്. നരകാവകാശികള്‍ക്ക് മഹാനാശം!
നരകാവകാശികളുടെ തികച്ചും മാനഹാനി ഉണ്ടാക്കുന്ന തിരിച്ചറിവാണ് തുടർന്നുള്ള രണ്ട് ആയത്തുകളിലും വന്നിരിക്കുന്നത്. ഞങ്ങൾ അന്ന് ചിന്തിക്കുകയും അതിനനുസരിച്ച് നിലപാട് എടുക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇത്തരമൊരു തീയിലേക്ക് ഞങ്ങൾ എറിയപ്പെടില്ലായിരുന്നു എന്ന് അവർ ഏറ്റുപറയും. അതുകൊണ്ടുതന്നെ നരകാവകാശികളെ കാത്തുനിൽക്കുന്നത് കഠിനമായ ഖേദവും നിരാശയും എല്ലാം അടങ്ങുന്ന നഷ്ടങ്ങളാണ് എന്നുകൂടി അല്ലാഹു പറഞ്ഞുവെക്കുന്നു. നരകത്തിന്റെ വിവരണം ഈ രൂപത്തിൽ അവസാനിച്ചു കഴിയുന്നതോടുകൂടി അല്ലാഹു ഇതിൻ്റെ മറുവശം പറയുകയാണ് അടുത്ത സൂക്തത്തിൽ.
12 തങ്ങളുടെ നാഥനെ അഗോചരാവസ്ഥയില്‍ ഭയപ്പെടുന്നവര്‍ക്ക് പാപവിമുക്തിയും മഹത്തായ പ്രതിഫലവുമുണ്ട്.
ഏകാന്തതയിലും അല്ലാത്തപ്പോഴും മനസ്സ് അല്ലാഹുവിന് മാത്രം വിധേയപ്പെടുമ്പോൾ അവൻ്റെ മഹാ പ്രതിഫലങ്ങളിൽ പ്രതീക്ഷ ജനിക്കും എന്നതുപോലെതന്നെ അവൻ്റെ ശിക്ഷകളിൽ ഭയവും ഉണ്ടാവും. തന്റെ ഏതെങ്കിലും പ്രവർത്തനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഐഹികമോ പാരത്രികമോ ആയ അല്ലാഹുവിൻ്റെ ശിക്ഷക്ക് കാരണമായേക്കുമോ എന്ന ഭയം എന്നതാണ് ഇവിടെ പ്രധാന വിവക്ഷ.
ഇത്തരം ഒരു തിരിച്ചറിവ് ഉള്ള സത്യവിശ്വാസികൾ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു സാഹചര്യത്തിലും അല്ലാഹു അല്ലാതെ മറ്റാരും കാണാത്ത സന്ദര്‍ഭങ്ങളിലും തെറ്റായി പ്രവര്‍ത്തിക്കുകയോ അവൻ്റെ കല്‍പനകളില്‍ വീഴ്ച വരുത്തുകയോ ഇല്ല. അങ്ങനെയുള്ള ബോധ്യം നിഷ്കളങ്കതയുടെ ഏറ്റവും വലിയ അടയാളമാണ്. ഈ പ്രപഞ്ചത്തിലെ ജീവിതത്തിൽ സൃഷ്ടാവായ അല്ലാഹു സൃഷ്ടികളായ മനുഷ്യരിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളുടെ ആകെത്തുക നിഷ്കളങ്കതയാണ്. അവൻ ആവശ്യപ്പെടുന്ന ഏറ്റവും പരമമായത് നിർവഹിക്കുമ്പോൾ അതിനെ പ്രതിഫലം എന്നോണം അവൻ ഏറ്റവും പരമമായ പ്രതിഫലം തന്നെ നൽകും. ഐഹിക ജീവിതത്തിലെ സംതൃപ്തിക്ക് പുറമേ നിത്യമായ സുഖാനുഗ്രഹങ്ങളും അവസാനിക്കാത്ത ആസ്വാദനങ്ങളും മനോഹരമായ ഭവനങ്ങളും പ്രൗഢമായ കൊട്ടാരങ്ങളും സുന്ദരികളായ സ്വര്‍ഗസ്ത്രീകളും നിതാന്തരായ സേവകരും ആനന്ദ ദായകരായ കുട്ടികളുമെല്ലാം സ്വര്‍ഗത്തില്‍ അവർക്ക് ലഭിക്കുന്നു. ഇതെല്ലാം പരമകാരുണികനായ അല്ലാഹുവിന്റെ തൃപ്തിയാണ്. ഈ തൃപ്തിയാണ് ഏറ്റവും മഹത്തായത്.
0
Thoughts & Arts
പാരത്രിക ജീവിതത്തിൻ്റെ രണ്ടു പുറങ്ങൾ
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso