വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
മക്കൾക്ക് വീണ്ടും ഒരു അവധിക്കാലം. അവധിക്കാലം അവർക്ക് തികച്ചും ആസ്വാദ്യകരമായ ഒരു അനുഭവമാണ്. എല്ലാം മറന്ന് ആഹ്ലാദിക്കുന്ന കാലം. ഇതുവരെ അവർക്ക് പട്ടികയും സമയവും നിശ്ചയിക്കപ്പെട്ടു നിയന്ത്രിക്കപ്പെട്ട പഠനപ്രക്രിയയായിരുന്നു. അതവരുടെ ശോഭനമായ ഭാവിക്കുവേണ്ടിയാണ് എങ്കിലും അത് മുതിർന്നവരെ പോലെ ഉൾക്കൊള്ളുവാൻ അവരുടെ കൊച്ചു മനസ്സുകൾ വികാസം പ്രാപിച്ചിട്ടുണ്ടാവില്ല. അതുകൊണ്ട് അവധിക്കാലം വരുന്നതോടെ എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞെന്ന പോലെ അവർ നാലുപാടും ചിതറിയോടും. വേലിക്കകത്തും പുറത്തും അവരുടെ പ്രകടനങ്ങൾ അരങ്ങേറും. വിവിധ വേഷങ്ങൾ അവർ കെട്ടിയാടും. വിരുന്നുകളും വിനോദ യാത്രകളും അവധിക്കാല ദിനങ്ങളെ കയ്യടക്കും. ഇതൊക്കെ പണ്ടത്തെ കഥയല്ലേ, എന്നു ചിന്തിക്കേണ്ട. ഇപ്പോഴും അതങ്ങനെ തന്നെയാണ്. വേലിയും വിനോദവുമെല്ലാം കൈവെള്ളയിലെ സ്‌ക്രീനിൽ തന്നെയാണ് എന്നുമാത്രം. വിനോദയാത്രകൾ അതേ സ്‌ക്രീനിൽ തെളിയുന്ന ഗൈമിംഗ് ഊടുവഴികളിലൂടെയുമാണ്. പണ്ടത്തെ അവരുടെ കളിക്കും വിനോദത്തിനുമുണ്ടായിരുന്ന സമയം പോരാ പുതിയ കാല വിനോദങ്ങൾക്ക് എന്ന പ്രത്യേകത അധികമായിയുണ്ടുതാനും. ഇപ്പോൾ അവർക്ക് അടിച്ചുപൊളിക്കാൻ കൂടുതൽ സമയം വേണം. പണ്ട് മത്സരത്തിലുള്ള കളിയാണെങ്കിൽ അതു കഴിയുമ്പോഴും, അല്ലെങ്കിൽ കളിച്ചു കുഴങ്ങുമ്പോഴും, ഭക്ഷണത്തിനായി മാതാവിൻ്റെ അവസാന താക്കീതുയരുമ്പോഴുമെല്ലാം കളി അവസാനിക്കുമായിരുന്നു. കളിച്ച കളിയുടെ ക്ഷീണം ഇറങ്ങുന്നതുവരെ അവർ വിശ്രമിക്കുമായിരുന്നു. ഇപ്പോൾ സോഫയിൽ കിടന്ന് തന്നെ അവർ കളിയിലും വിനോദത്തിലും ലയിക്കുകയാണ്. അഥവാ അവരിൽ ഇടപെടാൻ ആരെങ്കിലും ശ്രമിച്ചാൽ ഒരു നോട്ടമാണ്. ആരും പേടിച്ച് ഉരുകിപ്പോകും. അതിനാൽ പുതിയ അവധിക്കാലം പണ്ടത്തേതിനേക്കാൾ ഭീതിതമായിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് നമുക്ക് ചിലതെല്ലാം ഈ വിഷയത്തിൽ പറയേണ്ടിവന്നിരിക്കുന്നത്.
കുട്ടികളോട് പറയും മുമ്പ് ഒരു പൊതുകാര്യം പറയാം. നബി(സ്വ) തിരുമേനി പറഞ്ഞു: 'രണ്ട് അനുഗ്രഹങ്ങളുണ്ട്. അവയുടെ കാര്യത്തിൽ മനുഷ്യരിൽ അധികപേരും വഞ്ചിക്കപ്പെട്ടിരിക്കുന്നു (നഷ്ടത്തിലാകുന്നു): ആരോഗ്യവും ഒഴിവുസമയവും' (മുസ്ലിം). ഒരു പക്ഷെ, നബി തിരുമേനി ഈ ജീവിതത്തെ ഒരു കച്ചവടത്തോട് ഉപമിച്ചതായി തോന്നാം. അത് അർഥപൂർണ്ണം തന്നെയാണ്. അങ്ങനെ വരുമ്പോൾ ജീവിതമാകുന്ന കച്ചവടത്തിൻ്റെ മൂലധനമായി ആരോഗ്യത്തെയും ഒഴിവു സമയത്തെയും അവതരിപ്പിക്കുകയാണ് നബി. അതോടെ ഈ തിരുവചനത്തിന്, ആരെങ്കിലും തൻ്റെ ജീവിത മൂലധനം നല്ല രൂപത്തിൽ പ്രയോജനപ്പെടുത്തിയാൽ അവർ ലാഭം നേടുന്നതാണ്, ആരെങ്കിലും അത് പാഴാക്കിക്കളഞ്ഞാൽ അത്തരക്കാർ നഷ്ടത്തിലും ഖേദത്തിലും ആപതിക്കുകയും ചെയ്യുന്നതാണ് എന്ന ആശയം കൈവരുന്നു. തിരിച്ചുപിടിക്കാൻ കഴിയാത്ത ഈ അനുഗ്രഹങ്ങളിൽ വരുന്ന ഒന്നാണ് ഒഴിവുകാലം. അതിനെ ഇങ്ങനെ ഗൗരവത്തിൽ കാണേണ്ടിവരുന്നത് രണ്ടു കാരണങ്ങളാലാണ്. ഒന്നാമതായി, ജീവിതത്തിൽ കിട്ടുന്ന ഒഴിവുസമയങ്ങൾ ഉപായാഗപ്പെടുത്താതെ വിട്ടാൽ അത്രയും സമയം അഥവാ അത്രയും ജീവിതം പാഴാകുന്നു. രണ്ടാമതായി, വെറുതെ ആ സമയം പാഴാകുക മാത്രമല്ല, നേരത്തെ കിട്ടിയതു പലതും നഷ്പ്പെടുക കൂടി ചെയ്യുന്നു. ഇത് ഉദ്‌ബോധിപ്പിക്കുന്ന രണ്ട് മഹദ്വചനങ്ങളുണ്ട്. ഒന്ന് ഇമാം ഹസനുൽ ബസ്വരിയുടെതാണ്. അദ്ദേഹം പറഞ്ഞു: 'മനുഷ്യാ നീ ഏതാനും ദിനങ്ങൾ മാത്രമാകുന്നു. ഒരു ദിനം കടന്നുപോകുമ്പോൾ നിൻ്റെ ഒരു ഭാഗം കടന്നുപോകുന്നു'. രണ്ട് ഇമാം ശാഫിഈയുടെതാണ്. അദ്ദേഹം പറഞ്ഞു: സമയം വാൾ പോലെയാകുന്നു. നീ അതിനെ മുറിച്ചെടുത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ അത് നിന്നെ ഉപയോഗിക്കും'. അതുകൊണ്ട് ജീവിതത്തെ ഗൗരവപൂർവ്വം സമീപിക്കുന്ന വിശ്വാസികൾ ജീവിതത്തിൻ്റെ ഒരു ഭാഗത്തെയും വെറുതെ കളയാനുള്ള ഒഴിവുകാലമായി തള്ളിക്കളഞ്ഞു കൂടാ.
ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ബാധകമാണ്. കുട്ടികളുടെ ഈ ബാധ്യതയിലേക്ക് തിരിച്ചുവിടേണ്ട ബാധ്യത കൂടി മുതിർന്നവർക്കുണ്ട്. എല്ലാ കാര്യത്തിലും അതങ്ങനെയാണല്ലോ. അവർക്ക് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയാൽ മാത്രം പോരാ, അവരെ അതു കഴിപ്പിക്കുക കൂടി ചെയ്യേണ്ടതുണ്ട് മുതിർന്നവരായ രക്ഷിതാക്കൾ എന്നു പറയുന്നതു പോലെ. അവധി വിദ്യാഭ്യാസ പ്രക്രിയക്കല്ല, വിദ്യാഭ്യാസ സ്ഥാപനത്തിന് മാത്രമുള്ളതാണ്, പഠനം എന്നാൽ കേവലം സ്‌കൂൾ ടൈംടേബിളിൻ്റെ നാലു കള്ളിയിൽ ഒതുങ്ങുന്നതല്ല, ജീവിതത്തിൽ മുഴവൻ വ്യാപരിച്ചു കിടക്കുന്നതാണ് എന്ന് രക്ഷാകർത്താക്കൾ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതോടെപ്പം ഒരു കുട്ടിയുടെ വിദ്യാഭ്യാസം പൂർത്തിയാകുവാൻ ജീവിതപരിസരത്തുനിന്ന് കൂടി ചിലതെല്ലാം പഠിച്ചെടുക്കാനുണ്ട്, അതിനു വേണ്ടി നീക്കിവെക്കാനുളള സമയമാണ് അവധികാലം എന്നു കൂടി അവർ മനസ്സിലാക്കണം. ഇത് ഒരു തിരിച്ചറിവ് തന്നെയായിരിക്കണം. ഇതില്ലാതെ കുട്ടികളുടെ അവധിക്കാലത്തെ നയിക്കുന്നവർ പൊതുവെ എല്ലാവരും ചെയ്യുന്നതൊക്കെ അന്ധമായി അനുകരിക്കുക മാത്രമായിരിക്കും. അതു കൊണ്ട് കുട്ടിയുടെ ജീവിതത്തിലേക്കു വേണ്ട നീക്കിയിരിപ്പൊന്നും കിട്ടില്ല. അതിവേഗം പടിയിറങ്ങുന്ന കുറേ നൈമിഷിക രസങ്ങൾ അനുഭവിച്ചു എന്നു മാത്രമേ വരൂ. കുട്ടികൾക്ക് കേവലം വാതിൽ ഉറന്നു കൊടുക്കുവാനുള്ള ആളല്ല രക്ഷിതാവ്. മറിച്ച് എങ്ങോട്ടു തുറക്കുന്ന വാതിലാണ് എന്നും അതു തൻ്റെ കുട്ടിയുടെ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നതു തന്നെയാണ് എന്നും തിരിച്ചറിഞ്ഞ് അവരുടെ കൈപിടിച്ച് ഒപ്പം പടികടന്നിറങ്ങുന്നവനാണ് ശരിയായ രക്ഷിതാവ്.
അവധിക്കാലത്തെ മേൽപ്പറഞ്ഞ വികാരങ്ങളോടെ ഉപയോഗപ്പെടുത്തുവാൻ ഇന്ന് വിവിധ ശരിയായ മാർഗ്ഗങ്ങളുണ്ട്. മത-സാംസ്കാരിക രംഗങ്ങളിൽ അതിന് പദ്ധതികളും പാക്കേജുകളുമുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കേണ്ടതില്ല. അതേ സമയം അവ ഉപയോഗപ്പെടുത്തുന്നവരും അല്ലാത്തവരും തിരിച്ചറിയേണ്ട ഒരു പുതിയ വിഷയമുണ്ട്. അതു നാം പറയേണ്ടതു തന്നെയാണ്. നമ്മുടെ മക്കൾക്കു മുമ്പിൽ ഒരു വലിയ ആപത്ത് അവരുടെ ജീവിത ഭാവിയെ തന്നെ വിഴുങ്ങാൻ പാകത്തിൽ നിൽക്കുന്നു എന്നതാണത്. ജാഗ്രമായ രക്ഷകർതൃത്വം നിർവ്വഹിക്കുന്നവർ പോലും ഒരു വേള ഗൗരമായി എടുക്കാത്ത, കണ്ടാലും കണ്ടില്ലെന്ന് കരുതിപ്പോകുന്ന, വളരെ ഉദാസീനമായി ന്യായീകരിക്കുന്ന, എന്നാൽ അതിൽ പെട്ടുപോയാൽ സരളമായി ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത ഒരു വിപത്ത്. അത് സ്‌ക്രീൻ അഡിക്ഷൻ എന്ന വിപത്താണ്. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ സ്‌ക്രീനുകളോട് കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന അമിതമായ ആസക്തിയാണ് സ്‌ക്രീൻ അഡിക്ഷൻ. ഇത് എല്ലാവരെ കവരുന്നു എങ്കിലും കുട്ടികളുടെ കാര്യത്തിൽ അത് വലിയ ദുരന്തം വിതക്കുന്നു. ശാരീരിക അസ്വസ്ഥതകൾ, പഠനത്തിൽ പിന്നോക്കാവസ്ഥ, സ്വഭാവ വ്യത്യാസങ്ങൾ, ഉറക്കക്കുറവ്, വിഷാദം, ക്രമേണ മാനസിക നിയന്ത്രണം തുടങ്ങിയവയ്ക്ക് ഇത് കാരണമാകുന്നു. കുട്ടികളിൽ അപകടകരമാം വിധം അമിതവണ്ണത്തിനും, ടൈപ്പ് 2 പ്രമേഹത്തിനും വഴിതെളിക്കുന്നു എന്ന് ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (NIMHANS) നടത്തിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യം മനസ്സിലാക്കുവാൻ പഠനങ്ങളേക്കാൾ അനുഭവങ്ങൾ തന്നെ മതി എന്ന നില വന്നിരിക്കുന്നു ഇപ്പോൾ. ഇത് പഠന കാലത്തേക്കാൾ വളരുക ഒഴിവു കാലത്താണ് എന്നതു കൊണ്ടാണ് ഇപ്പോൾ ഇത്ര കണിശമായി നാം ഇതു പറയേണ്ടി വരുന്നത്.
അനുദിനം വികസിക്കുന്ന ആധുനിക ടെക്‌നോളജി പടച്ചുവിടുന്ന ഈ ത്വരയെ പിടിച്ചുകെട്ടാനോ നിയന്ത്രിക്കാൻ പോലുമോ മുതിർന്നവരടക്കമുള്ള ലോകത്തിന് ഇനി എത്ര കഴിയുമെന്ന് പറയാൻ പോയിട്ട് അനുമാനിക്കാൻ പോലും കഴിയില്ല എന്നതു നേരാണ്. അത്രക്കും ലഹരിപിടിപ്പിക്കുന്ന വികാരങ്ങളാണ് സ്‌ക്രീൻ വഴി ഒലിച്ചുവരുന്നത്. വിചാരവും വികാരവും തമ്മിലുളള ഈ എറ്റുമുട്ടലിൽ വിചാരത്തിന് മേൽക്കൈ കിട്ടുക പ്രയാസം തന്നെ. പക്ഷെ, കുറച്ചെങ്കിലും അതു കിട്ടിയില്ലെങ്കിൽ നാം കരുതുന്നതിനും നേരത്തെയാവും നമ്മുടെ നാശം. അതിനാൽ ചെയ്യാനുളളത് ചെയ്‌തേ പറ്റൂ. ഈ വിഷയത്തിൽ പുതിയ ലോകത്തിന് പലതും പറയാനുണ്ട്. പക്ഷെ, അതിനൊക്കെ ചെറിയ ഫലമേ ഉള്ളൂ. പലപ്പോഴും വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും. ഉദാഹരണമായി, രക്ഷിതാക്കൾക്ക് ഓട്ടോമാറ്റിക്കായി അവർ കരുതുന്ന സമയത്ത് കുട്ടിയുടെ കയ്യിലെ ഫോൺ ഓഫാക്കാൻ സോഫ്റ്റ് വെയറുണ്ട്. പക്ഷെ, കുട്ടി ആസ്വാദന മൂർച്ചയിൽ നിൽക്കുമ്പോൾ പെട്ടന്ന് സ്ക്രീൻ ഓഫായാൽ അതൊരു പൊട്ടിത്തെറിയാണുണ്ടാക്കുക. കുറച്ചെങ്കിലും ഫലപ്പെടുക, ബുദ്ധി പൂർവ്വം അവരിലേക്ക് കടന്നുചെന്ന് പിടിച്ചുപിടിച്ചു കൈപ്പിടിയിൽ ഒതുക്കി നിയന്ത്രിക്കുക എന്നതാണ്. അത് പ്രായോഗികമാണ്. പക്ഷെ, രക്ഷിതാക്കൾ സ്‌ക്രീൻ കൺട്രോൾ ഉള്ളവരായിരിക്കണം. രക്ഷാകർതൃത്വത്തെ സൃഷ്ടാവ് ചുമതലപ്പെടുത്തിയ ഒരു ധാർമ്മിക ചുമതലയായി കാണുന്നവരുമായിരിക്കണം.
0
Thoughts & Arts
ആസ്വാദ്യകരമാവട്ടെ അവധിക്കാലം
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso