തൽസമയം / ടി സെഞ്ചരി
പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9-നും വോട്ടെണ്ണൽ മേയ് 4നും നടക്കുകയാണ്. നമ്മെ നയിക്കുവാനും ഭരിക്കുവാനും കൊള്ളാവുന്നവരെ നാമെല്ലാവരും ചേർന്ന് ഓരോ അഞ്ചു വർഷത്തിലും അടുത്ത അഞ്ചു വർഷത്തേക്കായി തെരഞ്ഞെടുക്കുന്നു എന്ന് ഒറ്റ വാചകത്തിൽ വിചാരിക്കുമ്പോൾ ഏറ്റവും മനോഹരമായ ഒരാശയമാണ് തെരഞ്ഞെടുപ്പ് എന്ന് ആരും പറഞ്ഞു പോകും. ഭരണീയരുടെ ഭൂരിപക്ഷത്തിന്റെയും താൽപര്യം പ്രതിഫലിക്കുന്നു, നിലവിൽ ഇതുവരെ ഭരിച്ചിരുന്നവരെ അവർ ചെയ്ത നന്മകളുടെ പേരിൽ ആവർത്തിച്ച് പിന്തുണക്കാൻ കഴിയുന്നു, ഇതുവരെ ഭരിച്ചിരുന്നവർ ചെയ്ത തിന്മകളുടെ പേരിൽ അവരെ ശിക്ഷിക്കാൻ കഴിയുന്നു, ഭരണക്കസേരയിൽ ചമ്രം പടിഞ്ഞിരിക്കുന്നവർക്ക് താനൊരു നാൾ ഭരണീയരുടെ വിചാരണക്കും വിവേചനാധികാരത്തിനും വിധേയമാകേണ്ടിവരും എന്ന ചിന്ത നൽകുന്നു തുടങ്ങി ഒരുപാട് അർത്ഥങ്ങൾ ഒരേസമയം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കപ്പെടുകയാണ്. വളരെ നല്ല ഒരു ആശയം എന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്നത് കൊണ്ട് ലോകമെമ്പാടും ജനാധിപത്യം വളർന്നു എന്ന് മനസ്സിലാക്കാം. പക്ഷേ, മനുഷ്യനുണ്ടാക്കിയ എല്ലാ സാമൂഹ്യപ്രക്രിയകളും നേരിട്ടത് പോലെ ശക്തമായ ആശയനഷ്ടം തുടക്കകാലം മുതൽ തന്നെ ജനാധിപത്യവും നേരിട്ടിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. ലഭ്യമായതിൽ വെച്ച് ഏറ്റവും പഴയ ജനാധിപത്യ പ്രക്രിയ കാണുന്നത് ബ്രിട്ടനിലെ രാജാക്കന്മാർ വിമ്മിഷ്ടവും വൈമനസ്യവും പ്രതിഷേധവും ഇല്ലാതെ നികുതി ദായകരിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ അവരുടെ തന്നെ പ്രതിനിധികളെ തെരഞ്ഞെടുത്ത ചുമതലപ്പെടുത്തിയ സമ്പ്രദായമാണ്. അത് അന്ന് അവിടെ അവർ കരുതിയ ഗുണം തുടക്കത്തിൽ കാണിക്കുകയും ചെയ്തു. പക്ഷേ പിന്നീട് ഈ തെരഞ്ഞെടുക്കപ്പെട്ടവർ ഒരു സമ്മർദ്ദ ശക്തിയായി മാറുന്ന അനുഭവമാണ് ഉണ്ടായത്. അതോടു കൂടെ രാജാക്കന്മാരും ഈ പ്രതിനിധികളും തമ്മിലുള്ള ബന്ധം വഷളാവുകയും അതു വളർന്ന് ഏറ്റുമുട്ടൽ വരെ എത്തുകയും ചെയ്തു. ജനപ്രതിനിധികളെ പറ്റെ അവഗണിക്കുവാൻ കഴിയാത്തതിനാൽ അവരിൽ നിന്നു തന്നെ പ്രതിരോധത്തിനുള്ള ആൾക്കാരെ കണ്ടെത്തുകയും ചെല്ലും ചെലവും നൽകി ഒപ്പം നിർത്തുകയും ചെയ്തതോടെ ഭരണീയർക്കിടയിൽ ജനാധിപത്യം ഭിന്നിപ്പുണ്ടാക്കി. അവർക്ക് വഴിവിട്ട പലതും ചെയ്തു കൊടുക്കാൻ കൂടി നിർബന്ധിതരായതോടെ പൊതു സമൂഹത്തിനു മുമ്പിൽ ജനാധിപത്യത്തിൻ്റെ ധാർമ്മികത തന്നെ ചോദ്യം ചെയ്യപ്പെട്ടു. അവസാനം കാര്യങ്ങൾ ഒരു വിപ്ലവത്തിലേക്ക് വരെ വളർന്നു. നാം വിചാരിക്കുന്നത് പോലെ അത്ര സുന്ദരമല്ല ജനാധിപത്യം എന്നും പലവിധ കുഴപ്പങ്ങൾ അതുണ്ടായ കാലം മുതലേ തുടങ്ങിയിട്ടുണ്ട് എന്നും സൂപിപ്പിക്കുവാൻ വേണ്ടിയാണ് ചരിത്രത്തിലൂടെ പിന്നോട്ട് തിരിഞ്ഞുനോക്കിയത്.
നാം ഇന്ത്യക്കാർ ജനാധിപത്യം പണ്ടേ അനുഭവിച്ചു വരുന്നവരാണ്. ലോകത്ത് നമ്മുടെ വ്യതിരിക്തതയും വൈശിഷ്ട്യവും ജനാധിപത്യമാണ് എന്ന് കൊട്ടിഘോഷിക്കുന്നവരുമാണ്. പക്ഷേ സാമൂഹ്യ മനസ്സാക്ഷിക്കുള്ളിൽ നാം അടക്കിപ്പിടിക്കുന്ന സങ്കടങ്ങളും ദുര്യോഗങ്ങളും നമുക്കേ അറിയൂ. പകരം വെക്കാൻ ഇല്ലാത്തതുകൊണ്ടാണ് പരമാവധി ഒപ്പിച്ചു പോകാൻ നാം ശ്രമിക്കുന്നത്. ലക്ഷ്യത്തിലും മാർഗത്തിലും ജനാധിപത്യം പിഴക്കുമ്പോഴാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നത്. നമുക്ക് ദേശീയമായും പ്രാദേശികമായും നിരത്തുവാൻ അതിന് ഉദാഹരണം ധാരാളമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ തങ്ങളെ വീണ്ടും തെരഞ്ഞെടുക്കുവാൻ ജനങ്ങളുടെ ഹിതത്തിന് കൃത്യമായും വഴങ്ങുന്നു എന്നു പറയാൻ ഇപ്പോൾ പരിമിതിയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന തോടുകൂടി ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിന്റെ ഏറ്റവും അവസാന ദേശീയ ഉദാഹരണമാണ് കേന്ദ്രത്തിലേക്ക് ഈ അടുത്ത കാലത്തായി നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രക്രിയകൾ. തെരഞ്ഞെടുപ്പിനെ തന്നെ കയ്യിലൊതുക്കുകയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാത്രം തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. തെളിവുസഹിതം ഉന്നയിക്കപ്പെട്ടിട്ടും അതിലൊന്നും ഇടപെടാൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്ക് കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അതിൻ്റെ കാരണം ചുരുക്കിപ്പറഞ്ഞാൽ ജനാധിപത്യത്തിന്റെ പ്രകടഭാവമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഈ പറഞ്ഞതുപോലെ നടത്തിയെടുത്ത് പിറ്റേന്നുതന്നെ തീർച്ചയായും ഭരണത്തിൽ വരുന്നവർ ആ കുപ്പായം മാറ്റി ഏകാധിപത്യത്തിൻ്റെ കുപ്പായം ധരിക്കുന്നു എന്നതാണ്. അതിനുവേണ്ടി അവർ രാജ്യത്തിൻ്റെ മഹാഭൂരിപക്ഷത്തെ ഒപ്പം നിർത്തുക തുടങ്ങിയ വലിയ ശ്രമങ്ങൾ ഒന്നും നടത്തിയിട്ടില്ല. മറിച്ച് അവർ തെരഞ്ഞെടുപ്പ് നടത്തേണ്ടവരെയും എന്തെങ്കിലും ചോദ്യം വന്നാൽ അതിന് ഉത്തരം പറയേണ്ടവരേയും പ്രലോഭിപ്പിച്ചോ പ്രകോപിപ്പിച്ചോ ഒപ്പം നിർത്തുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം സംവിധാനങ്ങളെ പൊതുവേ ഭരണഘടനാ സ്ഥാപനങ്ങൾ, സ്ഥാനങ്ങൾ എന്നൊക്കെയാണ് പറയാറുള്ളത്. ആ പറഞ്ഞതിന്റെ അർത്ഥം ഇത്തരം ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന സ്ഥാപനങ്ങളും സ്ഥാനങ്ങളും ഭരണഘടനയെ മാത്രം ഭയപ്പെടുന്ന അംഗീകരിക്കുന്നവ ആയിരിക്കണം, അവ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന രാഷ്ട്രീയകക്ഷികളുടെ സ്വാധീന വലയത്തിന് തീർത്തും പുറത്തും അകലയും ആയിരിക്കണം എന്നതെല്ലാമാണ്. പക്ഷേ ഏട്ടിൽ അങ്ങനെയാണെങ്കിലും സത്യത്തിൽ നമ്മുടെ ഇന്ത്യയിൽ അങ്ങനെയല്ല എന്നത് എല്ലാവർക്കും അറിയാവുന്ന സത്യമാണ്.
കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടല്ലോ, അതിനാൽ നമ്മുടെ ജനാധിപത്യം സുരക്ഷിതമാണല്ലോ എന്ന് കരുതുന്നവരും പറയുന്നവരും ഉണ്ടാകാം. തെരഞ്ഞെടുപ്പും ജനാധിപത്യവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാത്തതുകൊണ്ടാണ് ഇങ്ങനെ കരുതുന്നതും പറയുന്നതും. ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയ എന്നത് ശരിയാണ്. എന്നാൽ തെരഞ്ഞെടുപ്പ് ഉണ്ടായതുകൊണ്ടു മാത്രം ജനാധിപത്യം ഉണ്ടാവില്ല. ജനാധിപത്യം എന്നത് വോട്ടു ചെല്ലലല്ല, ജനങ്ങൾക്ക് ഭരണക്രമത്തിൽ ന്യായമായ അവകാശം ഉണ്ടായിരിക്കലാണ്. ജനാധിപത്യത്തിൽ പ്രധാനം ജനങ്ങളും അവരുടെ ജീവിതവുമാണ്. അവരാണെങ്കിലോ വിവിധ ആശയക്കാരും ആദർശക്കാരും അഭിപ്രായക്കാരും ആയിരിക്കാം. അവരുടെ അത്തരം വൈചാത്യങ്ങൾ അംഗീകരിച്ചും അവർ രാജ്യത്തെയും ദേശത്തെയും ഒന്നിപ്പിക്കുന്ന മൂലദർശനത്തിന് വിധേയരാണ് എന്ന് ഉറപ്പുവരുത്തിയും അവരെ നയിക്കുകയും അവർ അതിൽ സന്തുഷ്ടരും സംതൃപ്തരും ആയിരിക്കുകയും ചെയ്യുമ്പോഴാണ് അവരുടെ ആധിപത്യം ഉണ്ടാവുക. അധികാരത്തിലിരിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതും അധികാരമില്ലാത്തപ്പോൾ അവർ നടത്തുന്ന പ്രഖ്യാപനങ്ങളും കാണുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ പ്രക്രിയയിൽനിന്ന് ജനാധിപത്യം മങ്ങുകയാണോ എന്ന് തോന്നിപ്പോകും. ഇതിനെല്ലാം ആദ്യം വേണ്ടത് നമ്മുടെ രാഷ്ട്രീയ നേതാക്കൻമാരിൽ ജനാധിപത്യത്തെ കുറിച്ചുള്ള വിശ്വാസവും അവബോധവും ഉണ്ടായിരിക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിച്ചു നിറുത്തിയും അവർക്കു വേണ്ടി ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തും അവരെ രാജ്യത്തോട് ചേർത്തുപിടിക്കുവാനുള്ള ഒരു ഉൾത്വര അവർക്കുണ്ടായിരിക്കണം. ഇപ്പോൾ മത്സര രംഗത്തിറങ്ങുന്നവരുടെ ആധിയും വെപ്രാളവും വീറും കണ്ടാൽ തന്നെ തോന്നും തെരഞ്ഞെടുക്കപ്പെട്ടാൽ തൻ്റെ കാര്യങ്ങളൊക്കെ കൂടുതൽ ഭദ്രമാകും എന്ന കടുത്ത പ്രതീക്ഷയുണ്ട് എന്ന്. ഒരു നിലക്കും ഇനി പരിഗണിക്കേണ്ടതില്ലാത്ത ആൾക്കാർ ഒരു സീറ്റിനു വേണ്ടി കാട്ടിക്കൂടുന്നതും ഒരു ഗുണവുമില്ലാത്ത വൃദ്ധൻമാർ ചായം പൂശി ഗോഥയിൽ കിടന്നു കിണഞ്ഞു ശ്രമിക്കുന്നതും സീറ്റു കിട്ടാത്തതിൻ്റെ പേരിൽ വേലിക്കപ്പുറത്തേക്കല്ല, വേലിയുടെ നേരെ എതിർവശത്തേക്ക് ചാടുന്നതും സീറ്റ് നൽകാത്തതിൻ്റെ പേരിൽ കാലമത്രയും പേറിയ സ്വന്തം പാർട്ടിയെ നാണമില്ലാതെ പ്രതിസന്ധിയിലാക്കുന്നതുമെല്ലാം കാണുമ്പോൾ പലരുടേയും സ്വന്തത്തോടുള്ള ആർത്തി മനസ്സിലാകും. ഇവർക്കൊക്കെ രാജ്യത്തിൻ്റെയോ ജനങ്ങളുടെയോ ക്ഷേമത്തിലല്ല, സ്വന്തം ക്ഷേമത്തിലാണ് കണ്ണ് എന്ന്.
ഇപ്പോൾ നാം എത്തിനിൽക്കുന്ന തെരഞ്ഞെടുപ്പും തത്വത്തിൽ ഇങ്ങനെയൊക്കെയാണ്. മേൽപ്പറഞ്ഞ ഏകാധിപത്യ ത്വര തന്നെയാണ് ഏതാണ്ട് എല്ലാവരുടെയും വിഷയം. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജനാധിപത്യം പ്രസംഗിക്കാനും ഏകാധിപത്യം അല്ലെങ്കിൽ പാർട്ടി ആധിപത്യം പ്രവർത്തിക്കാനും ഉള്ളതായി രണ്ടായി വേർപിരിയുന്നു. നമ്മുടെ നാടിനും സമൂഹത്തിനും വേണ്ടത് എന്താണ് എന്നത് വളരെ വ്യക്തമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഒരേപോലെ ഉൾക്കൊണ്ട് ഒന്നിപ്പിച്ചു നിർത്തി ഒരു ഉൽഗ്രഥിത സമൂഹമായി മുന്നോട്ടു നയിക്കുക എന്നതാണ് അത്. അങ്ങനെയാണ് തങ്ങൾ ചെയ്യുന്നത് എന്ന് വരുത്തിത്തീർക്കാൻ വേണ്ടി മാത്രം എന്തെങ്കിലും ഒക്കെ ചെയ്യും. ഭരണമാണെങ്കിലോ തൻ്റെ പാർട്ടി, തൻ്റെ പ്രവർത്തകർ, തനിക്ക് വേണ്ടപ്പെട്ടവർ, തന്റെ താൽപര്യങ്ങൾ എന്നിവയിലേക്ക് പൊതുവേ ചുരുങ്ങുകയും ചെയ്യും. ഭരണം ലഭിക്കുന്ന പാർട്ടിയുടെ പ്രവർത്തകന്മാർ പിൻവാതിൽ വഴി ജോലിയിൽ പ്രവേശിക്കുന്നതും അവരുടെ ആവശ്യങ്ങൾ പെട്ടെന്ന് പരിഹരിക്കപ്പെടുന്നതും അവരുടെ തടവുപുള്ളികൾക്ക് താൽക്കാലികമോ ശാശ്വതമോ ആയ മോചനമോ പരോളോ ലഭിക്കുന്നതും അവർക്ക് വോട്ടാക്കി മാറ്റുവാൻ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികൾ മാത്രം നടക്കുന്നതും എല്ലാം എല്ലാവരും അറിയുന്നതും അനുഭവിക്കുന്നതും ആയ സത്യങ്ങളാണ്. പ്രകടനപത്രികയിലും പ്രസംഗങ്ങളിലും ആഘോഷ വേളകളിലെ ആശംസകളിലും മെച്ചപ്പെട്ട ആരുടെയെങ്കിലും ആണ്ടറുതികളിലെ സാന്നിദ്ധ്യത്തിലും ഒക്കെ ഒതുങ്ങും. നമുക്ക് വേണ്ടത് ഇതൊന്നുമല്ല എന്ന് തീർത്തു പറയാൻ ഈ തെരഞ്ഞെടുപ്പിന് കഴിയണം. അന്ധമായ കക്ഷിത്വം പേറുന്ന ഒരു തലമുറ കൂടി ഉള്ളതിനാൽ ഇപ്പോഴൊന്നും അതു നടക്കുമെന്ന് തോന്നുന്നില്ല.
എങ്കിലും ആഗ്രഹങ്ങൾക്ക് അതിരുകളും അനുവാദങ്ങളും വേണ്ടല്ലോ. അതിനാൽ കേരളം പോലെ ഒരു സംസ്ഥാനത്തിന് വേണ്ടത് എന്തൊക്കെ എന്ന് നമുക്ക് ഏറ്റവും കുറഞ്ഞത് നമ്മോടെങ്കിലും പറയാം. ഭരണീയരെ മുന്നോട്ടു നയിക്കുന്നതിനെ കുറിച്ച് ഭരണകൂടം ചിന്തിച്ചു തുടങ്ങുകയാണ് ആദ്യം വേണ്ടത്. ഇപ്പോഴുള്ളത് നിലവിലുള്ള അവസ്ഥയെ നിലനിറുത്തുവാനുള്ള ശ്രമങ്ങളാണ്. നമ്മുടെ കാർഷിക മേഖല, വ്യവസായ മേഖല, ഗതാഗതം, എനർജി തുടങ്ങിയ മേഖലകളിലൊന്നും പുതിയതായി എടുത്തു പറയേണ്ട ഒന്നും വന്നിട്ടില്ലാത്തത് അത്തരം ഒരു ചിന്ത ഇല്ലാത്തതു കൊണ്ടാണ്. ഇങ്ങനെ പറഞ്ഞുവരുമ്പോൾ നിലവിലുള്ള ഉണ്ടായിരുന്ന ഭരണത്തെ വെറുതെ പൊക്കിനടക്കുന്നവർ ഈ മേഖലയിലൊക്കെ എന്ത് കുറവാണ് ഇപ്പോൾ ഉള്ളത്?, എല്ലാം ശരിയായി നടക്കുന്നില്ലേ എന്നു ചോദിച്ചേക്കും. അത് കാഴ്ചപ്പാടിൻ്റെ ചെറുപ്പമാണ് കാണിക്കുന്നത്. ഈ മേഖലകളിലെല്ലാം ഇപ്പോഴുള്ളത് ഒരുപക്ഷേ കാര്യക്ഷമമായി നടക്കുന്നുണ്ടായിരിക്കാം. പക്ഷേ അത്ര പോരാ. മറിച്ച് ഈ മേഖലകളിലെല്ലാം പുതിയ ലോകത്തിൻ്റെ പിന്നാലെ അതേ വേഗതയിൽ പോകാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ ഭരണകൂടം നമ്മെ മുന്നോട്ട് നയിക്കുന്നു എന്നു പറയാനാകൂ. കാലവും സങ്കൽപ്പവും മാറിയത് നമ്മുടെ വൃദ്ധ ഭരണകൂടം കാണാതെ പോകുന്നത് ഖേദകരമാണ്. കേരളത്തിൻ്റെ ഒരു സാമൂഹിക അവസ്ഥ പരിശോധിച്ചു നോക്കിയാൽ കേരളത്തിന് ഇനിയും ഏറെയേറെ വേണ്ടത് പുതിയ ലോകത്തിനുവേണ്ടി പുതിയ തലമുറയെ പാകപ്പെടുത്തിയെടുക്കാൻ ആവശ്യമായ വിദ്യാഭ്യാസ സൗകര്യം ആണ്. പഠിക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് നമ്മുടെ കുട്ടികൾ പിന്തള്ളപ്പെട്ടു കൂടാ അതിനാൽ പിന്നോക്ക പ്രദേശങ്ങളിൽ സ്കൂളുകളും കോളേജുകളും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി താല്പര്യപ്പെടുന്ന ഒരു ഭരണകൂടം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. വിദേശങ്ങളിലും ഇന്ത്യയിൽ തന്നെയും ബൗദ്ധിക വിഭവത്തിലും വൈജ്ഞാനിക കാര്യക്ഷമതയിലും ഏറെ മുന്നിൽ നിൽക്കുന്നവർ മലയാളികളാണ്. അവരെ പിന്തുടർന്ന് വളരെ സാധാരണമായ ഒരു തലമുറയ്ക്ക് വളർന്നു വരാൻ വേണ്ട സൗകര്യം നിലവിൽ കേരളത്തിൽ ഇല്ല. തികച്ചും അവികസിതമായ ഒരു പ്രദേശത്ത് ഒരു സ്കൂളോ കോളേജോ ഗവൺമെന്റിന് ബാധ്യതയില്ലാത്ത വിധത്തിലെങ്കിലും അംഗീകരിച്ചു കൊടുത്തതായി ആരും കേട്ടിട്ടില്ല. അത്തരം ഒരു പ്രദേശത്ത് ഒരു കലാലയം സ്ഥാപിക്കാനുള്ള വർഷങ്ങളുടെ നെട്ടോട്ടത്തിന്റെ അനുഭവങ്ങളിൽ നിന്നാണ് ഈ വികാരങ്ങൾ വരുന്നത്. ഇത് ഒരാളുടേത് മാത്രമല്ല, മറിച്ച്, കാര്യങ്ങളെ കാര്യങ്ങളായി കാണാൻ കഴിയുന്ന എല്ലാവരുടേതുമാണ്.
കഴിഞ്ഞ ഒരു ആകെ ഉണ്ടായത് ഒരു ഓപ്പൺ യൂണിവേഴ്സിറ്റി മാത്രമാണ്. അതിൻ്റെ പരിമിതികളും മറ്റും വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് നന്നായി അറിയാം. അതിനിടയിൽ വല്ലാതെ കുട്ടി ഘോഷിച്ച് വിദേശ യൂണിവേഴ്സിറ്റികളും സ്വകാര്യ യൂണിവേഴ്സിറ്റികളും ഒക്കെ വരുന്നു എന്ന വെണ്ടക്ക വാർത്തകൾ വന്നു. നിയമസഭ തളത്തിലെ കൈയ്യടിയുടെ ഘോഷം കഴിഞ്ഞപ്പോൾ അതിനുവേണ്ടി ഒരിക്കലും നടക്കാത്ത നിയമങ്ങൾ ഉണ്ടാക്കി ബുദ്ധിപൂർവ്വം അതേ ഗവൺമെൻറ് തന്നെ പാരവെച്ച അനുഭവമാണ് നമുക്കുള്ളത്. ഇത്തരം അനുഭവങ്ങൾ ചങ്കിൽ കൊള്ളുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ ഉന്നയിക്കുന്ന പല വഷളൻ ന്യായീകരണങ്ങളും ഉണ്ട്. അവയിൽ ഒന്ന് നിലവിലുള്ള അഭ്യസ്തവിദ്യാർക്കു തന്നെ തൊഴിൽ നൽകാൻ നമുക്ക് കഴിയുന്നില്ല എന്നതായിരിക്കാം. അതുമല്ലെങ്കിൽ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്വകാര്യ മാനേജ്മെന്റുകളെ കുറിച്ചുള്ള ആശങ്കയാവാം. അതുമല്ലെങ്കിൽ കുറ്റം കേന്ദ്ര ഗവൺമെന്റിന്റെതാണ്, തങ്ങളുടെതല്ല എന്നും ആവാം. ഇത്തരം ന്യായം എത്ര ഉന്നയിച്ചാലും അവയിലൊന്നും വിദ്യ അർഥിക്കുന്ന കേരളത്തിന്റെ പുതിയ തലമുറയെ കുറിച്ചുള്ള ചിന്ത ഇല്ല എന്നതാണ് കൗതുകം. ഈ അവസ്ഥ മാറേണ്ടതുണ്ട്. അതിന് സാമൂഹ്യ വിദ്യാഭ്യാസവും ലോക കാഴ്ചപ്പാടും മാനസിക വിശാലതയും എല്ലാം ഉള്ള ഒരു ഭരണകൂടം വരേണ്ടത് അനിവാര്യമാണ്. അതിന് ലോകത്തിൻ്റെ ഏത് ആവശ്യത്തിലേക്കും സംഭാവന ചെയ്യാൻ കഴിയുന്ന പുതിയ തലമുറയും അവരുടെ സഹായത്താൽ സാമ്പത്തികമായും സാമൂഹികമായും മേന്മ പ്രാപിക്കുന്ന ജനങ്ങളും ഇതിനെയെല്ലാം അന്വർത്ഥമാക്കുന്ന മികച്ച അടിസ്ഥാന സൗകര്യങ്ങളും എല്ലാം നമുക്ക് വേണമെന്ന് തെരഞ്ഞെടുപ്പിന് വേണ്ടി ഷാൾ തോളിലിട്ട് ഇറങ്ങുന്നവരുടെ മനസ്സിലുണ്ടാവണം.
അവരുടെ മനസ്സിൽ വളരെ ചെറിയ കാര്യങ്ങളാണ് നിലവിൽ ഉള്ളത്. അടിസ്ഥാനപരമോ ഗൗരവതരമോ ആയ ഒരു വിഷയവും ഈ തെരഞ്ഞെടുപ്പിലും ഉന്നയിക്കപ്പെടുന്നതായി കേൾക്കുന്നു പോലുമില്ല എന്നത് തീർച്ചയായും അത്ഭുതകരം തന്നെയാണ്. കാര്യമായ ഒരു വിഷയവും ഒരു ലക്ഷ്യവും ഒരു മുന്നണിയുടെയും കയ്യിലില്ല എന്നാണ് തോന്നുന്നത്. അല്ലെങ്കിൽ രാവേറെ ചെല്ലും വരെ ഇത്രമാത്രം ചർവിതചർവണം ചർച്ചചെയ്ത് വിയർക്കുന്ന കാര്യങ്ങൾ ഇത്ര ചെറുതാകുമായിരുന്നില്ല. ജമാഅത്ത് ബന്ധങ്ങൾ അതിനൊരുദാഹരണമാണ്. എത്രയോ സ്ഥാനാർത്ഥികൾ ജമാഅത്ത് ആരോപണമോ പ്രത്യാരോപണമോ നേരിടുന്നത് കാണുമ്പോൾ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ വലുപ്പം നന്നായി അറിയുന്ന എല്ലാവരും അത്ഭുതപ്പെട്ടു പോവുകയാണ്. സത്യത്തിൽ കേരളത്തിലെ മുസ്ലിം സാമുദായിക ഘടന അനുസരിച്ച് മുസ്ലിം ജനസംഖ്യാനുപാതികമായി ഒരുപക്ഷേ നാലാമതോ അഞ്ചാമതോ അല്ലെങ്കിൽ അതിനും താഴെ മാത്രമോ എണ്ണാൻ കഴിയുന്ന ഒരു സംഘടനയാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമി. ഇത്രയും സ്ഥാനാർത്ഥികളെ സ്വാധീനിക്കാൻ മാത്രം വലിയ ഒരു സാമുദായിക ശക്തിയാണ് ജമാഅത്തെ ഇസ്ലാമി എന്നത് സത്യത്തിൽ ജമാഅത്തെ ഇസ്ലാമിക്കാർ പോലും വിചാരിക്കുന്നുണ്ടാവില്ല. മറ്റൊന്നും പറയാൻ താല്പര്യമില്ലാത്തതുകൊണ്ടോ അറിയാത്തതു കൊണ്ടോ ഓരോരുത്തർ എന്തൊക്കെയോ പറഞ്ഞു നടക്കുന്നു എന്ന് മാത്രം. മേൽപ്പറഞ്ഞതുപോലെയുള്ള അടിസ്ഥാന ചിന്തയും പുരോഗമന കാഴ്ചപ്പാടും ഉണ്ടായിരുന്നുവെങ്കിൽ ഇക്കണ്ട പാർട്ടിക്കാരുടെയും മുന്നണികളുടെയും മനസ്സിൽ കേരളത്തെ എങ്ങനെ മനോഹരമായി വരച്ചെടുക്കാം എന്ന ചിത്രവും ചിന്തയുമായിരുന്നു ഉണ്ടാവേണ്ടിയിരുന്നത്. അതു കാണാത്തത് കൊണ്ട് പറയുന്നതാണ്.
0
Thoughts & Arts
തെരഞ്ഞു തന്നെ തെരഞെടുക്കണം
2026-05-14
2026-05-14
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso