Thoughts & Arts
Image

ചെറിയ ജീവി പകരുന്ന വലിയ ചിന്തകൾ

2026-05-14

ഇഅ്ജാസ്


ടി എച്ച് ദാരിമി





അല്ലാഹു പറയുന്നു: 'ഹേ മനുഷ്യരേ, ഇതാ ഒരു ഉപമാവതരണം, സശ്രദ്ധം ശ്രവിക്കുക: അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്നവ - എല്ലാം സംഘടിച്ചാല്‍ തന്നെ - ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല തീര്‍ച്ച; അവയില്‍ നിന്ന് ഈച്ച എന്തെങ്കിലും തട്ടിയെടുത്താല്‍ അത് വീണ്ടെടുക്കാന്‍ പോലും അവക്കാവില്ല. സഹായം അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെട്ടവയും ദുര്‍ബലര്‍! ഇക്കൂട്ടര്‍ യഥായോഗ്യം അല്ലാഹുവിനെ ആദരിച്ചില്ല. അതീവ ശക്തനും പ്രതാപശാലിയും തന്നെയത്രേ അവന്‍'. (ഹജ്ജ്: 73). അഹങ്കാരവും അശ്രദ്ധയും കാരണം പരമമായ സത്യത്തെ കാണാതെ പോകുന്ന മനുഷ്യനോട് സൃഷ്ടാവായ അല്ലാഹു പറയുന്ന ഏറ്റവും വ്യക്തവും ശക്തവും ആയ ഒരു നിരൂപണമാണ് ഈ സൂക്തത്തിന്റെ ഉള്ളടക്കം. സൃഷ്ടാവിനെ കണ്ടെത്തുക, തിരിച്ചറിയുക, അവനെ പിന്തുടരുക എന്നിവയാണ് പരമമായ സത്യങ്ങൾ. ഇതിൽ വീഴ്ച വരുന്നതോടു കൂടെയാണ് മനുഷ്യൻ പലവഴിക്കും തിരിഞ്ഞുപോകുന്നത്. വഴിതെറ്റി തിരിഞ്ഞുപോകുന്നവൻ താൻ വഴിമാറി സഞ്ചരിക്കുകയാണ് എന്ന് തിരിച്ചറിയുന്നുണ്ടാവില്ല. കാരണം അവനെ അപ്പോൾ നയിക്കുന്നത് അവൻ്റെ തൊട്ടുമുമ്പിലുള്ള ഏതാനും വികാരങ്ങളും പ്രചോദനങ്ങളും ആയിരിക്കും. വികാരങ്ങൾ മനുഷ്യനെ പെട്ടെന്ന് സ്വാധീനിക്കുന്ന കാര്യങ്ങളാണ്. വൈകാരികതകൾ സ്വാധീകരിക്കുന്നതോടുകൂടി മനുഷ്യനിലെ ചിന്താശേഷി മങ്ങുകയോ മുരടിക്കുകയോ ചെയ്യുന്നു. പിന്നെ അവൻ അവന്റെ നിയന്ത്രണത്തിൽ നിന്ന് വികാരങ്ങളുടെ നിയന്ത്രണത്തിലേക്ക് അറിയാതെ മാറിപ്പോകുന്നു. അതേസമയം വികാരങ്ങളെ വിവേകപൂർവ്വം മാത്രം ഉൾക്കൊള്ളുകയാണ് എങ്കിൽ ബുദ്ധിയും ആലോചനാശേഷിയും വികാരങ്ങൾക്ക് മുമ്പിലേക്ക് കയറി നിൽക്കുകയും മനുഷ്യനെ ശരിയായ രീതിയിൽ നയിക്കുകയും ചെയ്യും. ഇതുകൊണ്ടാണ് യഥാർത്ഥ സൃഷ്ടാവിലേക്ക് എത്തിച്ചേരുവാൻ ഒരു സൃഷ്ടി തൻ്റെ സ്വന്തം ബുദ്ധിശക്തിയെയും ചിന്താ ശേഷിയെയും ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ മാത്രം മതി എന്നു പറയുന്നത്. വിശുദ്ധ ഖുർആനിലൂടെ സൃഷ്ടാവ് തന്നെക്കുറിച്ചുള്ള വസ്തുതകൾ പ്രസ്താവനാ രൂപത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ സൃഷ്ടിയോട് അവൻ്റെ ജീവിത പരിസരത്ത് നിറഞ്ഞുകിടക്കുന്ന വിഷയങ്ങളിൽ മനസ്സ് സമർപ്പിച്ചുകൊണ്ട് ചിന്തിക്കാൻ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്. മനുഷ്യൻ്റെ പ്രപഞ്ചത്തിലെ ഓരോ കണികയെയും സൃഷ്ടാവ് സംവിധാനിച്ചിരിക്കുന്നത് അതിൽനിന്ന് സൃഷ്ടാവിലേക്ക് സരളമായി കടന്നുപോകുവാനും എത്തിച്ചേരുവാനും കഴിയുന്ന വിധത്തിലാണ്.


ജീവിത പരിസരത്തിലെ ഏതു ബിന്ദുവിൽ നിന്നും ചിന്തിച്ച് സൃഷ്ടാവിലേക്ക് എത്തിച്ചേരാൻ കഴിയും എന്നതാണ് വസ്തുത. എന്നാൽ, ജീവിത പരിസരം നിറഞ്ഞുകിടക്കുന്ന ഇത്തരം ബിന്ദുക്കൾ എഴുതിയോ പറഞ്ഞോ ക്ലിപ്തപ്പെടുത്താൻ കഴിയാത്ത അത്ര എണ്ണമറ്റതാണ്. അതുകൊണ്ട് വിശുദ്ധ ഖുർആൻ അവയിൽ ചിലത് മാത്രം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഖുർആനിൽ പറഞ്ഞ ഈച്ചയും തേനീച്ചയും ഒട്ടകവും ആകാശവും ഭൂമിയും നക്ഷത്രങ്ങളും സൂര്യചന്ദ്രാദികളും മാത്രമല്ല മറിച്ച് മനുഷ്യ ചിന്തക്ക് വഴങ്ങുന്ന, ഇന്ദ്രിയങ്ങളിൽ ഗോചരീഭവിക്കുന്ന ഏതു കാര്യവും സൃഷ്ടാവിനെ കണ്ടെത്താൻ ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യത്തിൽ ഖുർആൻ പറഞ്ഞിട്ടുള്ള ചിന്താ ബിന്ദുക്കളുടെ സവിശേഷത അവ ഏതു സാധാരണക്കാരനും പ്രാപ്യമാകുന്ന വിധത്തിലുള്ള വിഷയങ്ങളാണ് എന്നതാണ്. ഒരു പ്രയാസവുമില്ലാതെ കണ്ടോ കേട്ടോ അനുഭവിച്ചോ സാധാരണക്കാർക്ക് പോലും മനസ്സിലാക്കാവുന്നതും ചിന്തിക്കാവുന്നതും ആയ വിഷയങ്ങളാണ് ചിന്തയ്ക്കുള്ള വിഷയങ്ങളായി നൽകപ്പെട്ടിട്ടുള്ളത്. അത്തരം സരളമായ ഒരു ചിന്തയാണ് മേൽ സൂചിപ്പിച്ച സൂക്തത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഈച്ച. മേൽപ്പറഞ്ഞതുപോലെ ചിന്താപരമായി വഴിതെറ്റിയതിന്റെ പേരിൽ പല ദൈവങ്ങളിലും എത്തിച്ചേർന്ന മനുഷ്യരോട് അള്ളാഹു അവരുടെ ദുർബലത എത്രമേൽ നിന്ദ്യമാണ് എന്നു പറയുകയാണ് ചെയ്യുന്നത്. നിങ്ങൾ എല്ലാ ശക്തിയുടെയും സ്രോതസ്സാണ് എന്ന് കരുതുന്നതിന്റെ പേരിൽ ആരാധിക്കുന്ന ആരാധ്യന്മാരായ എല്ലാ ദൈവങ്ങളും ഒന്നിച്ചുചേർന്നാൽ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുവാൻ നിങ്ങൾക്ക് കഴിയില്ല എന്നാണ് പറയുന്നത്. ഈ പറഞ്ഞതിലുള്ള വെല്ലുവിളി സൃഷ്ടിപ്പ് എന്ന ഏറെ ശ്രമകരമായ ഒരു ഭാരിച്ച കർമ്മത്തെ കുറിച്ചാണ് എന്നു പറഞ്ഞ് കൈ കഴുകാൻ തരമില്ല. കാരണം, തുടർന്നു പറയുന്നത് ആ ആരാധ്യരിൽ നിന്ന് ഒരു ഈച്ച എന്തെങ്കിലും തട്ടിയെടുത്താല്‍ അത് തിരിച്ചുപിടിക്കാന്‍ പോലും അവക്കാവില്ല എന്നാണ്. അതായത്, ഉദാഹരണമായി വിഗ്രഹത്തിന്റെ വായയിൽ വെച്ചുകൊടുത്ത ഭക്ഷ്യം ഉണങ്ങിയോ മറ്റോ നിലത്തേക്ക് വീണാൽ അത് എടുത്ത് വീണ്ടും വായയിലേക്ക് വെക്കാൻ പോലും നിങ്ങളുടെ ദൈവങ്ങൾക്ക് കഴിയില്ല എന്നാണ് പറയുന്നത്. ഇങ്ങനെ പറയുന്നതോടെ വെല്ലുവിളി ഏറെ ഗുരുതരമായി മാറുന്നു. മാത്രമല്ല, ഇത്രയും ഗൗരവതരവും എന്നാൽ സരളവുമായ ഒരു വെല്ലുവിളി പോലും ഏറ്റെടുക്കുവാൻ കഴിയാത്തവയാണ് തങ്ങളുടെ ദൈവങ്ങൾ എന്ന് പെട്ടെന്ന് തിരിച്ചറിയുവാൻ ഇത് അവസരം സൃഷ്ടിക്കുന്നു.


മനുഷ്യൻ്റെ ജീവിത പരിസരത്ത് ഏറ്റവും സാധാരണമായി കാണുന്ന ഒരു പ്രാണിയാണ് ഈച്ച. അതിനെ പോലും നിങ്ങളുടെ ദൈവങ്ങൾക്ക് പടക്കാൻ കഴിയില്ല എന്ന് പറയുമ്പോൾ ഈച്ച എന്ന ഈ പ്രാണി ഇത്രമാത്രം സങ്കീർണമായ സൃഷ്ടിപ്പുള്ള ഒരു ജീവിയാണോ, അത്തരം ഒരു ജീവിയെ പടക്കാൻ ഒരു സർവ്വശക്തനായ സൃഷ്ടാവിനു മാത്രമേ കഴിയൂ എന്നാണോ എന്നൊക്കെ മനുഷ്യൻ ചിന്തിച്ചേക്കും. പ്രത്യേകിച്ചും ആധുനിക സാങ്കേതിക വിദ്യകളുടെ വെളിച്ചത്തിൽ ജീവിക്കുന്നവർ. ആധുനിക സാങ്കേതികവിദ്യ പകരുന്ന അഹങ്കാരത്തോടെ ഇതു പരിശോധിക്കുവാൻ ചിലരെങ്കിലും മുന്നോട്ടുവരികയും ചെയ്തേക്കും. അങ്ങനെ വരുന്നതിൽ ഇസ്ലാം ഒരിക്കലും ഭയപ്പെടുകയോ അസഹിഷ്ണുത കാണിക്കുകയോ ചെയ്യുന്നില്ല. എന്നല്ല അതിനെ സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നത്. കാരണം ഇത്രയും സാങ്കേതികവിദ്യകൾ വികസിച്ചിട്ടില്ലാത്ത 14 നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ജനതയോട് ആണ് വിശുദ്ധ ഖുർആൻ ഇങ്ങനെ ഈച്ചയെ കുറിച്ചൊക്കെ പറഞ്ഞത്. അന്നത്തെ കാലത്തിന് ഒരുപക്ഷേ അത് കേട്ട് അത്ഭുതപ്പെടാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഇന്ന് അങ്ങനെയല്ല. എന്താണ് അങ്ങനെ പറയാൻ?, അങ്ങനെ പറഞ്ഞതിൽ വല്ല കഴമ്പുമുണ്ടോ? എന്നൊക്കെ മുടിനാരിഴ കീറി പരിശോധിക്കുവാൻ സാങ്കേതികവിദ്യയും അതിന് അപ്രമാദിത്വം കൽപ്പിക്കുന്ന അഹങ്കാരികളായ ഒരു കൂട്ടം മനുഷ്യന്മാരും ഉണ്ട്. അവർ ഈ കാര്യങ്ങൾ തെല്ലു വാശിയോടെ ശാസ്ത്രീയമായി തന്നെ അപഗ്രഥനം ചെയ്ത് പഠിക്കുവാൻ സാധ്യതയുമുണ്ട്. പക്ഷേ, ഇപ്പോഴല്ല എപ്പോൾ പഠിച്ചാലും, ആരെല്ലാം പഠിച്ചാലും പരിശോധിച്ചാലും അല്ലാഹു പറഞ്ഞ ഉദാഹരണത്തിൻ്റെ ശാസ്ത്രീയമായ സാംഗത്യം അവരെയും അത്ഭുതപ്പെടുത്തി അവിടെയുണ്ടാകും എന്നതാണ് വസ്തുത. പുതിയ കാലത്തിൻ്റെ ശാസ്ത്രീയ മേശപ്പുറങ്ങളിൽ ഇതിനകം തന്നെ കണ്ടെത്തപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്ത വസ്തുതകൾ നിരത്തിവെച്ചാൽ തന്നെ ഈ നിസ്സാര പ്രാണിയെ പടയ്ക്കുവാൻ ഏറ്റവും ശക്തനായ ഒരു സൃഷ്ടാവിനല്ലാതെ കഴിയില്ല എന്ന് ആരും തല കുലുക്കി സമ്മതിക്കേണ്ടി വരും എന്നതാണ് വസ്തുത. ചില വായനകളിലൂടെ കണ്ണോടിച്ചാൽ അത് നമുക്ക് പെട്ടെന്ന് മനസ്സിലാക്കി എടുക്കാവുന്നതാണ്.


കാഴ്ചയിലും വസ്തുതയിലും വളരെ ചെറിയ ജീവികളാണ് ഈച്ചകൾ. സാധാരണ പ്രായപൂർത്തിയായ ഈച്ചകൾക്ക് പരമാവധി 6–9 mm വരെ നീളം മാത്രമാണ് ഉണ്ടാവുക. എന്നാൽ ഈ ചെറിയ ഉടലിൽ തന്നെ സാധാരണ ഒരു ജീവിക്ക് വേണ്ട കൈകളും കാലുകളും ശരീരഭാഗങ്ങളും പേശി നിർമ്മിതമായി തന്നെയുണ്ട്. അവയുടെ ശാരീരിക സവിശേഷതകൾ ഒറ്റനോട്ടത്തിൽ വീക്ഷിക്കുമ്പോൾ തലയിൽ നിന്ന് തന്നെ തുടങ്ങേണ്ടിവരും. ഈച്ചയുടെ തലക്ക് (Musca domestica)
അർധഗോളാകൃതിയാണുള്ളത്. തലയുടെ ഇരുവശത്തും ഓരോ സങ്കീർണ ചുവപ്പ് നേത്രമുണ്ട്. ഉടലിനോടു താരതമ്യപ്പെടുത്തുമ്പോൾ ഈച്ചയുടെ നേത്രങ്ങൾ വളരെയധികം വലിപ്പമേറിയതാണ്. ഇത് ഈച്ചയുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. തലയുടെ മുന്നറ്റത്തായി ഒരു ജോഡി ആൻ്റിനകൾ കാണപ്പെടുന്നു. മൂന്നു വീതം ഖണ്ഡങ്ങൾ ചേർന്നാണ് ഇവ രൂപമെടുത്തിരിക്കുന്നത്. ഇതിൽ അഗ്രഭാഗത്തായുള്ള ഖണ്ഡത്തിൽ സൂക്ഷ്മരോമങ്ങളുണ്ട്. ദ്രവരൂപത്തിലുള്ള ആഹാരസാധനങ്ങളെ വലിച്ചെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതു വഴി ആഹാരസാധനങ്ങളെ സ്വന്തം ഉമിനീരിൽ അലിയിച്ചശേഷമാണ് വലിച്ചെടുക്കുന്നത്. ഈച്ചകളുടെ ഉടലിന് അണ്ഡാകൃതിയാണുള്ളത്. അവക്ക് മൂന്നു ജോഡി കാലുകളും കാലിന്റെ അഗ്രഭാഗത്തായി ചെറിയ നഖങ്ങൾ പോലെയുള്ള അവയവവും ഉണ്ട്. ഓരോകാലിലും ഇത്തരം ഒരു ജോഡി ചെറിയ നഖങ്ങൾ വീതമുണ്ട്. നഖങ്ങൾക്കിടയിൽ സൂക്ഷ്മരോമങ്ങൾ കാണപ്പെടുന്നു. ഇവയിലാണ് രോഗകാരികളായ വൈറസുകളെയും മറ്റും ഈച്ചകൾ വഹിച്ചു നടക്കുന്നത്. ഈ സൂക്ഷ്മരോമങ്ങൾക്ക് എപ്പോഴും നനവുണ്ടായിരിക്കും. ഒരു പ്രത്യേക ദ്രാവകത്തിന്റെ സാന്നിധ്യമാണ് ഇതിനു കാരണം. മിനുസമുള്ള പ്രതലങ്ങളിലൂടെയുള്ള ഈച്ചയുടെ ചലനങ്ങൾക്ക് സഹായകമാകുന്നത് ഈ ദ്രാവകമാണ്. ഉടലിന്റെ രണ്ടാം ഖണ്ഡത്തിൽ നിന്നാണ് ഒരു ജോഡി ചിറകുകൾ ഉദ്ഭവിക്കുന്നത്. ചിറകുകൾ ഏതാണ്ടു ത്രികോണാകൃതിയിലാണ്. അവ കട്ടികുറഞ്ഞതും സുതാര്യവുമാണ്. ചിറകുകൾക്ക് പിന്നിലായി ഒരു ജോഡി സ്പർശിനികൾ (halters)ഉണ്ട്. ഇവയാണ് പറക്കുമ്പോൾ അവയുടെ ശരീരത്തിൻ്റെ ബാലൻസ് കാത്തുസൂക്ഷിക്കുന്നത്. ഈ പ്രത്യേകതകൾ കാരണം ഇവക്ക് വളരെ വേഗത്തിൽ പറക്കാൻ കഴിയുന്നു. ഒരു സെക്കൻഡിൽ അത് നാനൂറിലേറെ പ്രാവശ്യം ചിറകടിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. പറക്കുമ്പോൾ ഈച്ചകൾ ഉണ്ടാക്കുന്ന ശബ്ദം അവയുടെ ചിറകുകൾ അതിവേഗത്തിൽ വീശുന്നതുകൊണ്ടാണ്. ഈച്ചകൾക്ക് വളരെ വേഗത്തിൽ കാര്യങ്ങൾ കാണാൻ കഴിയും. അവയുടെ വലിയ കണ്ണുകൾ ഒരേസമയം പല ദിശകളിലേക്കും കറങ്ങി ദൃശ്യങ്ങൾ പകർത്തി തലച്ചോറിലെത്തിക്കുന്നു. ഈച്ചകൾക്ക് ഭക്ഷണത്തിന്റെ രുചി അറിയാൻ സാധിക്കുന്നത് അവയുടെ കാലുകൾ കൊണ്ടാണ്. അവ ഒരു ഭക്ഷണത്തിൽ ഇരിക്കുമ്പോൾ തന്നെ അത് നല്ലതാണോ എന്ന് തിരിച്ചറിയുന്നു. സാധാരണ പ്രാണികളിൽ നിന്ന് വ്യത്യസ്തമായി, ഈച്ചകൾക്ക് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും വളരെ വേഗത്തിൽ പറക്കാൻ സാധിക്കും. ഇങ്ങനെ പറഞ്ഞു വരുമ്പോൾ നിരവധി കൗതുകങ്ങൾ ഉള്ള ഒരു ജീവിയാണ് ഈച്ച എന്ന് കാണാം.


എല്ലാ ജീവികളും മനുഷ്യരെപ്പോലെ തന്നെ ഓരോ സമുദായങ്ങളാണ് എന്ന വിശുദ്ധ ഖുർആൻ പ്രസ്താവം (അൻആം: 38) സൂചിപ്പിക്കുന്നത് പോലെ തന്നെ ഈച്ചകളിൽ ആണും പെണ്ണും അവ തമ്മിലുള്ള പ്രജനന പ്രക്രിയകളും ഉണ്ട്. അവയുടെ ഉദരത്തിലെ ഘടകങ്ങളുടെ എണ്ണത്തിന് വിധേയമായിട്ടാണ് മനുഷ്യർ ഈച്ചകളുടെ ലിംഗം നിർണയിക്കുന്നത്.
ആണീച്ചകൾക്ക് എട്ടും പെണ്ണീച്ചകൾക്ക് ഒൻപതും ഖണ്ഡങ്ങൾ ഉണ്ടായിരിക്കും. പ്രജനനത്തിന്റെ ഭാഗമായി വളർച്ചയെത്തിയ ഒരു പെൺ ഈച്ച 500 മുതൽ 2000 വരെ മുട്ടകളിടുന്നു. മനുഷ്യന്റെയും ജന്തുക്കളുടെയും വിസർജ്യങ്ങൾ, സസ്യങ്ങളുടെയും ജീവികളുടെയും അഴുകിയ അവശിഷ്ടങ്ങൾ, ചപ്പു ചവറു കൂമ്പാരങ്ങൾ മുതലായവയിലാണ് ഈച്ച സാധാരണയായി മുട്ടയിടുന്നത്. ഇത്രയും ചെറുതും നിസ്സാരവുമായ ഈ പ്രാണി പക്ഷേ അതിനേക്കാൾ എത്രയോ കരുത്തനും ശക്തനുമായ മനുഷ്യനെ വിറവിറപ്പിക്കുവാൻ പോകുന്ന ജീവിയാണ്. കാരണം, ആരോഗ്യത്തെ താറുമാറാക്കുന്ന വിവിധ ഇനം രോഗങ്ങൾ മനുഷ്യനിലേക്ക് കുത്തിവെക്കുന്നത് ഇവയാണ്. വെള്ളത്തിലൂടെയും ആഹാര പദാർത്ഥങ്ങളിലൂടെയും പകരുന്ന വിവിധയിനം രോഗങ്ങളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് ഈച്ചകൾക്കുണ്ട്. വയറിളക്കം, പിള്ളവാതം, ടൈഫോയ്ഡ്, അതിസാരം, കോളറ, വയറുകടി, മഞ്ഞപ്പിത്തം, ആന്ത്രാക്സ്, ക്ഷയം, മുതലായവയുടെ രോഗാണുക്കൾ ഈച്ചകൾ വഴിയാണ് വ്യാപിക്കുന്നത്. നിരുപദ്രവകാരികളെന്ന് ഒരു കാലത്ത് കണക്കാക്കിയിരുന്ന ഈച്ചകൾക്ക് രോഗം പകർത്തുന്നതിൽ പങ്കുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞത് സൂക്ഷ്മദർശിയുടെ ആവിർഭാവത്തോടെയാണ്. അതിന്റെ ശാരീരിക ഘടനയും സവിശേഷതയും അടുത്തറിയാനും ഇതോടെയാണ് കഴിഞ്ഞത്. ഒരുപക്ഷേ അവയുടെ ശാരീരിക ചെറുപ്പത്തെ വെല്ലുന്ന ശാരീരക സവിശേഷതകളേക്കാൾ സൂക്ഷ്മദർശിനികൾ വഴി മനുഷ്യൻ എത്തിയ ശാസ്ത്രീയ ശേഷികൾ അവനെ ബോധിപ്പിച്ചത് ഈച്ചകൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ ഗുരുതരാവസ്ഥ ആയിരിക്കും. രോഗകാരികളെ വഹിക്കാനുള്ള ഒരു പ്രത്യേക ശേഷിയോടെയാണ് ഈച്ചകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈച്ചയുടെ ശരീരവും കാലുകളും പൊതുവെ സൂക്ഷ്മ രോമാവൃതമാണ്. കാലിന്റെ അഗ്രത്തുള്ള ഉരുണ്ട മൃദുവസ്തുവും (pulvillus) അതിനു നടുവിലുള്ള പൊള്ളയായ ഭാഗവും (empodium) അതിനോടു ബന്ധപ്പെട്ടുകാണുന്ന ഒട്ടുന്ന ഒരു ദ്രാവകവും രോഗാണുക്കളെ പരത്താൻ സഹായിക്കുന്നു. ഈച്ച ആഹാരസാധനങ്ങളിൽ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ അവിടെ നിക്ഷേപിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്ന രോഗാണുക്കൾ ദ്രുതഗതിയിൽ ഇരട്ടിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഒരു സംഘം ഗവേഷകർ എട്ട് ഈച്ചകളെ പിടിച്ച് അവയിൽ രോഗാണുക്കളെ പ്രവേശിപ്പിച്ച ശേഷം രോഗാണു വിമുക്തമായ ആഹാരപദാർഥത്തിലേക്കു വിട്ട് 15 മിന്നിറ്റിനുള്ളിൽ 7000 രോഗാണുക്കൾ ആഹാരപദാർഥത്തിൽ നിന്നും ലഭ്യമായതായി കണ്ടെത്തുകയുണ്ടായി. അഞ്ചുമണിക്കൂറു കഴിഞ്ഞപ്പോൾ ഈ സംഖ്യ 35 ലക്ഷമായി ഉയർന്നു. മനുഷ്യന് അവൻ്റെ സൃഷ്ടാവ് കൽപ്പിച്ച ബഹുമാനത്തിന്റെ ഭാഗമായി നൽകപ്പെട്ട കനത്ത പ്രതിരോധശേഷി ഇല്ലായിരുന്നുവെങ്കിൽ ഈ ചെറിയ പ്രാണികൾ മനുഷ്യൻ്റെ ഏറ്റവും വലിയ ഭീതിയായി മാറുമായിരുന്നു.


സൂറത്തുൽ ഹജ്ജിലെ ഈച്ചയെ കുറിച്ചുള്ള പ്രയോഗം സമാനമായ മറ്റൊരു ചിന്തയിലേക്ക് നയിച്ചു എന്നത് ചേർത്ത് വായിക്കേണ്ട മറ്റൊരു കൗതുകമാണ്. മുഹമ്മദ് നബി(സ) അവതരിപ്പിക്കുന്ന പുതിയ ആദർശത്തിന്റെ മൂല പ്രമാണമായ വിശുദ്ധ ഖുർആൻ പങ്കുവെക്കുന്ന വലിയ വലിയ ചിന്തകൾക്കിടയിൽ ഈ ചെറിയ ഈച്ചക്കാര്യം വന്നത് അക്കാലത്തെ ഖുർആൻ വിരോധികൾ ഒരു പരിഹാസമായി എടുത്തു കാണിച്ചു. അതിന് അല്ലാഹു മറുപടി നൽകിയത് സമാനമായതും അതിനേക്കാൾ ചെറുതുമായ മാറ്റൊരു ഉദാഹരണം നൽകിക്കൊണ്ടായിരുന്നു. അത് അൽബഖറ അധ്യായത്തിലെ 26-ാം ആയത്തിലൂടെ ആയിരുന്നു. അതും ഇപ്രകാരം തന്നെ സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന ഒരു ചിന്തയാണ്.
0


വായനകൾ:
-ഡോ.ഷീബ വാസു
ശാസ്ത്രകേരളം / 2018 ആഗസ്റ്റ് ലക്കം
-രാജീവൻ കാഞ്ഞങ്ങാട്
ചിത്രത്തിനുപിന്നിലെ ചരിത്രം

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso